Prabodhanm Weekly

Pages

Search

2012 സെപ്റ്റംബര്‍ 8

തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ്?

മുഹമ്മദ് റോഷന്‍ പറവൂര്‍

''യോഗം അവസാനിക്കുന്നതിന് മുമ്പ് സെക്രട്ടറി യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയാവശ്യപ്പെട്ടുകൊണ്ട് വായിക്കുകയാണ്. വൈസ് പ്രസിഡന്റ് അപ്പോഴും വിഷാദനായി ഗൗരവത്തില്‍ എന്തോ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. സംഘടനയുടെ ശോഭനമായ ഭാവി മുന്നില്‍ കണ്ടുകൊണ്ട് താന്‍ നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ചയില്‍ വേണ്ടത്ര പരിഗണിക്കപ്പെട്ടില്ല. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി ചര്‍ച്ച ചെയ്താല്‍ മാത്രമല്ലേ താന്‍ നിര്‍ദേശിച്ച കാര്യങ്ങളുടെ ഗുണങ്ങള്‍ മറ്റുള്ളവര്‍ക്ക് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുക. പതിവുപോലെ അന്നും കമ്മറ്റി അംഗങ്ങളുടെ പരമ്പരാഗതമായ രീതിയിലുള്ള ചര്‍ച്ചയുടെ ഫലമായി യോഗത്തില്‍ സ്ഥിരം അഭിപ്രായം പറയുന്ന വ്യക്തികളുടെ നിര്‍ദ്ദേശങ്ങള്‍ മാത്രം പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ തീരുമാനങ്ങള്‍ ഒന്നും എടുക്കാതെ യോഗം പിരിയുകയാണ്.'' സംഘടനകളുടെ കൂടിയാലോചനാ യോഗങ്ങളില്‍ സര്‍വസാധാരണയായി കേള്‍ക്കുന്ന ഒരു പരാതിയാണിത്.
മനുഷ്യന്‍ വിവിധ സന്ദര്‍ഭങ്ങളില്‍ വ്യക്തി, കുടുംബ, സംഘടനാ തലത്തില്‍ അവന്റെ ഉത്തരവാദിത്വത്തിനനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കുന്നു. ഓരോ തീരുമാനമെടുക്കാനും അവനെ സഹായിക്കുന്നത് അവന്റെ അറിവ്, പരിചയം, മനോഭാവം, ദീര്‍ഘവീക്ഷണം, ദൃഢനിശ്ചയം എന്നീ കഴിവുകളുടെ കൃത്യമായ സംയോജനമാണ്. ഈ കഴിവുകളിലുള്ള ഏറ്റക്കുറച്ചിലുകള്‍ തീരുമാനമെടുക്കുന്നതില്‍ നിന്ന് വ്യക്തിയെ പിന്തിരിപ്പിച്ചില്ലെന്ന് വരാം. എങ്കിലും എടുത്ത തീരുമാനങ്ങളുടെ വിജയസാധ്യതയെ അത് ബാധിക്കുന്നു. അത്‌കൊണ്ടാണ് സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടെ ചില തീരുമാനങ്ങള്‍ നമ്മളറിയുമ്പോള്‍ പലപ്പോഴും അത് വിവേകമില്ലാത്ത തീരുമാനമായിപ്പോയി എന്ന് നമുക്ക് ആശ്ചര്യത്തോടെ തോന്നുന്നത്.
വ്യക്തിത്വത്തെ സ്വഭാവവിശേഷണങ്ങളുടെ അടിസ്ഥാനത്തില്‍ പലതായി തരംതിരിക്കാവുന്നതാണ്. ആദര്‍ശത്തിലും ലക്ഷ്യത്തിലും ഒരേ ചിന്താഗതിക്കാരായവരില്‍ പോലും വ്യക്തിത്വം വ്യത്യസ്തമായി കാണാം. അതുകൊണ്ടാണ് ആധുനിക നവോത്ഥാന/വിപ്ലവപ്രസ്ഥാനങ്ങളില്‍ പോലും ആദര്‍ശവും ലക്ഷ്യവും ഒന്നായിരിക്കെ അതിന്റെ നേതാക്കളിലും അനുയായികളിലും യാഥാസ്ഥിക, പുരോഗമന, ക്രിയാത്മക ചിന്താഗതിക്കാരായ ആളുകളെ കണ്ടുവരുന്നത്.
സംഘടനകളുടെ കൂടിയാലോചനകളില്‍ പലപ്പോഴും കാര്യങ്ങള്‍ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിവുള്ള വ്യക്തിയുടെ അഭിപ്രായങ്ങളായിരിക്കും തീരുമാനമായി അംഗീകരിക്കപ്പെടുന്നത്. ഈ തീരുമാനത്തിന് ഒരു പക്ഷേ, വസ്തുതകളുടെ പിന്‍ബലമോ കൃത്യമായ ന്യായീകരണമോ ഉണ്ടായിക്കൊള്ളണമെന്നില്ല. അഥവാ വസ്തുതകളുടെയും ന്യായീകരണത്തിന്റെയും അടിസ്ഥാനത്തില്‍ കമ്മിറ്റിയംഗങ്ങളില്‍ ആര്‍ക്കെങ്കിലും അവരുടെ വീക്ഷണം പങ്കുവെക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍പോലും, അഭിപ്രായ സുബദ്ധതയോടെ അവതരിപ്പിക്കാന്‍ കഴിയാത്തതിനാലും അതിനുള്ള അവസരം കിട്ടാത്തതിനാലും അവര്‍ നിശ്ശബ്ദത പാലിക്കും.
ഇങ്ങനെ തത്ത്വത്തില്‍ കൂടിയാലോചിച്ച് എന്നാല്‍ പ്രയോഗത്തില്‍ ഒന്നോ രണ്ടോ വ്യക്തികളുടെ അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തി എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് പ്രത്യക്ഷമായോ പരോക്ഷമായോ തടസ്സങ്ങള്‍ സൃഷ്ടിക്കാറുണ്ട്.
ഇവിടെയാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പണ്ഡിതനും ചിന്തകനുമായ എഡ്‌വേഡ് ഡി ബോണോ (Edward de Bono) ലോകത്തിന് പരിചയപ്പെടുത്തിയ സിക്‌സ് തിങ്കിംഗ് ഹാറ്റ്‌സ് (Six Thinking Hats) എന്ന ചിന്താക്രമം (Tool) പ്രസക്തമാകുന്നത്. ഒരു പ്രശ്‌നത്തിന് പരിഹാരം കാണുമ്പോള്‍ വ്യക്തികള്‍ സാധാരണയായി ചിന്തിക്കുന്ന രീതിയില്‍ നിന്നു വ്യത്യസ്തമായി അതിന്റെ എല്ലാ വശങ്ങളെയും കുറിച്ച് ബോധപൂര്‍വം ആഴത്തില്‍ ചിന്തിക്കാനുള്ള ഒരു ടൂള്‍ ആയിട്ടാണ് ഇത് ഉപയോഗിക്കുന്നത്. ആറ് കളറുകളിലുള്ള ഹാറ്റുകള്‍ ആറ് തലത്തിലുള്ള ചിന്തകളെ പ്രതിനിധാനം ചെയ്യുന്നു. ആഗോള തലത്തില്‍ പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലെ വിവിധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സിക്‌സ് തിങ്കിംഗ് ഹാറ്റ്‌സ് ടൂള്‍ ഉപയോഗിച്ച് വളരെ ക്രിയാത്മകവും പുതുമയാര്‍ന്നതുമായ തീരുമാനങ്ങള്‍ എടുത്ത് ഉന്നത വിജയങ്ങള്‍ നേടുവാന്‍ കഴിഞ്ഞിട്ടുണ്ട്.
വൈറ്റ് ഹാറ്റ് തിങ്കിംഗ് (Facts & Information)
തീരുമാനങ്ങള്‍ എടുക്കുന്നതിനായി ഓരോ അംഗത്തിന്റെയും അഭിപ്രായ പ്രകടനങ്ങള്‍ക്ക് മുമ്പ്തന്നെ വിഷയവുമായി ബന്ധപ്പെട്ട വസ്തുതകളും (Facts) വിവരങ്ങളും (Information) ഓരോ അംഗവും മനസ്സിലാക്കുക എന്നതാണ് വൈറ്റ് ഹാറ്റ് തിങ്കിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതൊരു ന്യൂട്രാലിറ്റി (Neutrality) അവസ്ഥയാണ്. അതായത് വാദപ്രതിവാദങ്ങള്‍ക്ക് മുമ്പ് വസ്തുതകള്‍ മനസ്സിലാക്കല്‍.
യോഗം നിയന്ത്രിക്കുന്ന അദ്ധ്യക്ഷന് ഓരോ വിഷയവും ചര്‍ച്ചക്ക് വരുന്നതിന് മുമ്പ് അതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആമുഖം എന്ന നിലയില്‍ അവതരിപ്പിക്കാവുന്നതാണ്. പക്ഷേ ഇതിന് വേണ്ട തയാറെടുപ്പുകള്‍ യോഗത്തിന് മുമ്പ് നടത്തേണ്ടതുണ്ട്. ഇങ്ങനെ ഇന്‍ഫര്‍മേഷനോടു കൂടിയ ആമുഖം അല്ലെങ്കില്‍ വസ്തുതാ ശേഖരങ്ങള്‍ (Data) അടങ്ങിയ ഡോക്യുമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്താല്‍ വസ്തുതകള്‍ അറിയാതെ ചര്‍ച്ച കാടുകയറുന്നതില്‍ നിന്ന് അംഗങ്ങളെ തടയാം. ധാരാളം സമയം ലാഭിക്കുകയും ചെയ്യാം. കൂടുതല്‍ വ്യക്തതക്കു വേണ്ടി അംഗങ്ങള്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കുവാനുള്ള അവസരവും ലഭിക്കുന്നു.
ഉദാഹരണത്തിന് സംഘടന ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്നിരിക്കട്ടെ. എങ്കില്‍ അതുകൊണ്ടുള്ള ഉദ്ദേശ്യലക്ഷ്യങ്ങള്‍, പ്രൊജക്ടിന് ആവശ്യമായ ഇന്‍വെസ്റ്റ്‌മെന്റ്, സമാന സംരംഭങ്ങള്‍ നടത്തിയതിന്റെ അനുഭവങ്ങള്‍ തുടങ്ങിയ സംഗതികളാണ് ചര്‍ച്ച കൃത്യമായി പുരോഗമിക്കാന്‍ വേണ്ടി വൈറ്റ് ഹാറ്റില്‍ ചര്‍ച്ചക്ക് വരേണ്ടത്.
റെഡ് ഹാറ്റ് തിങ്കിംഗ് (Feelings & Emotions)
തീരുമാനമെടുക്കേണ്ട വിഷയത്തില്‍ അംഗങ്ങളുടെ വികാരങ്ങള്‍ (Feelings) കണക്കിലെടുത്ത് അപ്പോള്‍ മനസ്സില്‍ ഉത്ഭവിക്കുന്ന കാര്യങ്ങള്‍ പങ്കുവെക്കുക എന്നതാണ് റെഡ് ഹാറ്റ് തിങ്കിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന് ഒരു ന്യായീകരണവും ആവശ്യമില്ല. അംഗങ്ങളെ കൊണ്ട് അവരുടെ ആശയങ്ങള്‍ പറയിപ്പിക്കുക എന്നുള്ളതാണ് ഇതിന്റെ പ്രധാന ഉദ്ദേശ്യം. സാധാരണ കൂടിയാലോചനായോഗത്തില്‍ നിശബ്ദനായിരിക്കുന്ന ഒരാളുടെ ഒരു ചെറിയ ആശയം മറ്റുള്ളവരുടെ പങ്കാളിത്തത്തോട് കൂടി വലിയ വിജയ സാധ്യതയുള്ള ഒരു ആശയമായി മാറിയേക്കാം. എല്ലാവര്‍ക്കും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നു എന്ന ഗുണം കൂടി ഇതിനുണ്ട്.
വിഷയവുമായി ബന്ധപ്പെട്ട അംഗങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ ചര്‍ച്ചയില്‍ പങ്കുവെക്കാവുന്നതാണ്. പ്രോജക്ടിനുള്ള ഇന്‍വെസ്റ്റ്‌മെന്റ്, സ്ഥലം എന്നിവ കണ്ടെത്തുന്നതിനുള്ള എളുപ്പ മാര്‍ഗങ്ങളും വഴിമധ്യേ ഉണ്ടാകാവുന്ന പ്രയാസങ്ങളുമൊക്കെ അംഗങ്ങള്‍ക്ക് അവരുടെ മനസ്സില്‍ തോന്നുംവിധം ചര്‍ച്ച ചെയ്യാവുന്നതാണ്.
ബ്ലാക് ഹാറ്റ് തിങ്കിംഗ് (Critical Judgement-Negative)
വളരെ സൂക്ഷ്മതയോടെ, ഗൗരവത്തോടെ വിഷയത്തേയും അതുവരെ നിര്‍ദേശിക്കപ്പെട്ട അഭിപ്രായങ്ങളേയും ന്യായങ്ങള്‍ നിരത്തി വിലയിരുത്തലാണ് ബ്ലാക് ഹാറ്റ് തിങ്കിംഗ്. പ്രത്യക്ഷത്തില്‍ ഈ ചര്‍ച്ചക്ക് ഒരു നെഗറ്റീവ് സ്വഭാവം തോന്നിയേക്കാം. പക്ഷേ വസ്തുതകളും മുന്‍ അനുഭവങ്ങളും കണക്കിലെടുത്ത് അഭിപ്രായങ്ങളുടെ ചേര്‍ച്ച (Fitness) എല്ലാവരും ചേര്‍ന്ന് പരിശോധിക്കുന്നു. വിഷയത്തെക്കുറിച്ച സാമാന്യമായ അറിവ് കുറച്ച് അംഗങ്ങള്‍ക്കെങ്കിലും ഉണ്ടെങ്കിലേ ക്രിട്ടിക്കല്‍ ജഡ്ജ്‌മെന്റ് ഫലവത്തായി നടത്തുവാന്‍ കഴിയൂ.
ഉദാഹരണത്തിന്, വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നത് നിലവിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഗുണമേന്മയേറിയ വിദ്യാഭ്യാസം നല്‍കാനാണെങ്കില്‍ എങ്ങനെ അത് നിര്‍വഹിക്കപ്പെടും, ആവശ്യമായ റിസോഴ്‌സുകള്‍, മുന്നിലുള്ള മാര്‍ഗ തടസങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുക. ഇങ്ങനെ ഓരോ സംഗതിയും ഉദ്ദേശ്യപൂര്‍വം ചോദ്യം ചെയ്തുകൊണ്ട് ചര്‍ച്ച ചെയ്യുന്നതിലൂടെ പ്രോജക്ട് സംഘടനക്ക് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ സാധിക്കുന്നു.
യെല്ലൊ ഹാറ്റ് തിങ്കിംഗ് (Positive Judgment)
വിഷയത്തിന്റെയും നിര്‍ദേശിക്കപ്പെടുന്ന അഭിപ്രായങ്ങളുടെയും ക്രിയാത്മകമായ വശങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യലാണ് യെല്ലൊ ഹാറ്റ് തിങ്കിംഗില്‍ നടക്കുന്നത്. ഒരു തീരുമാനം എടുക്കുകയാണെങ്കില്‍ അതിന്റെ ഫലം എങ്ങനെയായിരിക്കും, അത് സംഘടനക്കും സമൂഹത്തിനും എങ്ങനെയാണ് ഉപകാരപ്പെടുക തുടങ്ങിയവ വസ്തുതകളുടെയും ന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടുന്നു. തീരുമാനങ്ങളുടെ പോസിറ്റീവായ അനന്തര ഫലങ്ങളെ ദീര്‍ഘ വീക്ഷണത്തോട് കൂടി അംഗങ്ങള്‍ക്ക് ഭാവനയില്‍ കാണുവാന്‍ ഇത് സഹായിക്കുന്നു. അതോടൊപ്പം എടുത്ത തീരുമാനങ്ങളുടെ ഫലപ്രാപ്തി ഭാവിയില്‍ വിലയിരുത്താനും ഇതില്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഗതികള്‍ സഹായകമാകുന്നു.
വിദ്യാഭ്യാസ സ്ഥാപനമാണ് തുടങ്ങുന്നതെങ്കില്‍ മൂല്യവത്തായ വിദ്യാഭ്യാസം സമൂഹത്തിന് പരിചയപ്പെടുത്തുവാന്‍ കഴിയുന്നു, മാതൃകാപരമായ പുതിയ ഒരു തലമുറയെ സൃഷ്ടിക്കുവാന്‍ സാധിക്കുന്നു, സംഘടനക്ക് സമൂഹത്തില്‍ ലഭിക്കുന്ന അംഗീകാരം തുടങ്ങിയവയാണ് ഈ ഹാറ്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുക.
ഗ്രീന്‍ ഹാറ്റ് തിങ്കിംഗ് (Creative Thinking)
ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയത്തില്‍ ക്രിയാത്മകമായിട്ടുള്ളതും ബദലായിട്ടുള്ളതുമായ ആശയങ്ങള്‍ നിര്‍ദേശിക്കുക എന്നതാണ് ഗ്രീന്‍ ഹാറ്റ് തിങ്കിംഗില്‍ നടക്കുന്നത്. ഇവിടെ അംഗങ്ങള്‍ പരമ്പരാഗതമായ ആശയങ്ങളില്‍ നിന്നു വ്യത്യസ്തമായി പുതുമയാര്‍ന്ന സമീപനങ്ങളും ബദല്‍ നിര്‍ദേശങ്ങളും ഉദ്ദേശ്യപൂര്‍വം മുന്നോട്ട് വെക്കുന്നു. ഇതുമൂലം എല്ലാ അംഗങ്ങള്‍ക്കും ക്രിയാത്മകമായി ആലോചിക്കുവാനും അവരുടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള അവസരം ലഭിക്കുന്നു. മാത്രമല്ല, തീരുമാനങ്ങളുടെ കാര്യത്തില്‍ ഒപ്ഷനുകളും സാധ്യമാകുന്നു. ഇതുമൂലം ഒരു തീരുമാനം പ്രായോഗികമാക്കുന്നതില്‍ എന്തെങ്കിലും പ്രയാസം നേരിട്ടാല്‍ ബദല്‍ ഒപ്ഷനുകളില്‍ നിന്ന് അനുയോജ്യമായവ നടപ്പില്‍ വരുത്താന്‍ കഴിയും. തീരുമാന നടപടിക്രമത്തില്‍ ഏറ്റവും കൂടുതല്‍ സമയമെടുക്കുക ഗ്രീന്‍ ഹാറ്റ് തിങ്കിംഗില്‍ ആയിരിക്കും.
ഉദാഹരണത്തിന്, നിലവിലുള്ള സിലബസ് രീതി തുര്‍ന്നുകൊണ്ട് തന്നെ മൂല്യവത്തായ വിദ്യാഭ്യാസം നല്‍കുന്നതിന് പകരം വിദ്യാര്‍ഥികളെ കൂടുതല്‍ സ്വയം പര്യാപ്തമാക്കുന്ന രീതിയിലുള്ള സിലബസാണോ അനുവര്‍ത്തിക്കേണ്ടത്, അതോ സ്വന്തം സ്ഥാപനം തുടങ്ങുന്നതിന് പകരമായി നിലവില്‍ സ്വാധീനമുള്ള മാനേജ്‌മെന്റുകളെ സമീപിച്ച് തങ്ങള്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ അവിടെ നടപ്പിലാക്കുവാന്‍ ശ്രമിക്കുകയാണോ വേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഈ ഹാറ്റില്‍ പ്രധാനമായും ചര്‍ച്ച ചെയ്യുക. സ്ഥാപനം തുടങ്ങേണ്ടതില്ല എന്നൊരു തീരുമാനത്തിലാണ് അവസാനം യോഗം എത്തുന്നതെങ്കില്‍ പോലും പകരം എന്ത് ചെയ്യാന്‍ കഴിയും എന്നൊരു തീരുമാനത്തില്‍ എത്തുവാന്‍ ഇത്മൂലം കഴിയുന്നു.
ബ്ലൂ ഹാറ്റ് തിങ്കിംഗ് (Process Control-Thinking about Thinking)
ബ്ലൂ ഹാറ്റ് ആണ് ചര്‍ച്ചയെ ഏതു രീതിയില്‍ നിയന്ത്രിച്ച് കൊണ്ട് മുന്നോട്ട് പോകണമെന്നത് തീരുമാനിക്കുന്നത്. അത് വരെ നിര്‍ദ്ദേശിക്കപ്പെട്ട അഭിപ്രായങ്ങള്‍ അവലോകനം ചെയ്തുകൊണ്ട് ഒരാവര്‍ത്തി കൂടി ആവശ്യമെങ്കില്‍ ഗ്രീന്‍ ഹാറ്റിലേക്ക് തിരിച്ചു പോകുകയും വീണ്ടും കൂടുതല്‍ പരിഹാരങ്ങള്‍ ആരായുകയും ചെയ്യാം. അന്തിമമായി ഏറ്റവും അനുയോജ്യമായ ഒരു തീരുമാനത്തിലെത്താന്‍ ഇത് സഹായകമാകും. ഇവിടെ ചര്‍ച്ച നിയന്ത്രിക്കുന്ന അദ്ധ്യക്ഷന്‍ സുപ്രധാന പങ്ക് വഹിക്കുന്നു. ബ്ലൂ ഹാറ്റിന് വിഷയത്തിന്റെ ഗൗരവം അനുസരിച്ച് മറ്റ് ഹാറ്റുകളുടെ ക്രമം നിശ്ചയിക്കാവുന്നതാണ്.
വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദാഹരണം എടുക്കുക. ഓരോ ഹാറ്റിലും ചര്‍ച്ച ചെയ്യപ്പെട്ട സംഗതികള്‍ അവലോകനം ചെയ്ത ശേഷം ആവശ്യമെങ്കില്‍ നിര്‍ണായക സംഗതികള്‍ക്ക് വെയിറ്റേജ്/സ്‌കോര്‍ നല്‍കികൊണ്ട് സ്ഥാപനം വേണോ, വേണ്ടേ എന്ന തീരുമാനത്തില്‍ എത്താവുന്നതാണ്. ഉറച്ച ഒരു തീരുമാനമെടുക്കാന്‍ സഹായകമാകുംവിധം സംഗതികള്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ വീണ്ടും ഏത് ഹാറ്റിലേക്കാണോ മടങ്ങേണ്ടത് എന്ന മനസ്സിലാക്കി അതനുസരിച്ച് ചര്‍ച്ച തുടരാം.
ഉദാഹരണത്തില്‍ സൂചിപ്പിച്ച പോലുളള സംഗതികള്‍ സാധാരണ കൂടിയാലോചനകളില്‍ ചര്‍ച്ച ചെയ്യാറുള്ളതല്ലേ എന്ന് നമുക്ക് സ്വാഭാവികമായും തോന്നിയേക്കാം. പക്ഷേ അത് ഒരു ക്രമത്തില്‍ അല്ല സംഭവിക്കുന്നത് എന്നതാണ് വസ്തുത. അംഗങ്ങള്‍ തോന്നുന്നത് പോലെ അവസരത്തിലും അനവസരത്തിലും അഭിപ്രായങ്ങള്‍ പറയുന്നതിനാല്‍ ചര്‍ച്ച യഥാര്‍ഥ ദിശയില്‍ നയിക്കാന്‍ അധ്യക്ഷന്‍ പ്രയാസപ്പെടുന്നു.
ഈ ടൂള്‍ പ്രയോഗവല്‍ക്കരിക്കുമ്പോള്‍ ഹാറ്റുകള്‍ ഇവിടെ സൂചിപ്പിച്ച ക്രമത്തില്‍ തന്നെ ഉപയോഗിക്കണമെന്നില്ല. എന്നിരുന്നാലും വൈറ്റ് ഹാറ്റ് വെച്ച് തുടങ്ങുന്നതാണ് ഏറ്റവും ഉത്തമം. ഓരോ ഹാറ്റ് എടുക്കുമ്പോഴും എല്ലാ അംഗങ്ങളും അതേ ഹാറ്റില്‍ നിന്ന് തന്നെ ചിന്തിക്കേണ്ടതുണ്ട്. ഒരേ സമയത്ത് ഒരംഗം യെല്ലൊ ഹാറ്റും മറ്റേ അംഗം ബ്ലാക് ഹാറ്റും ഉപയോഗിക്കാന്‍ പാടുള്ളതല്ല. അത് ചര്‍ച്ചയുടെ ഫോക്കസിനെ ബാധിക്കും. വേണ്ടതിനേക്കാള്‍ കൂടുതല്‍ സമയമെടുക്കും. വളരെ സെന്‍സിറ്റീവായ വിഷയമാണെങ്കില്‍ റെഡ് ഹാറ്റ് തുടക്കത്തില്‍ ഉപയോഗിക്കാതെ ആവശ്യമെങ്കില്‍ മാത്രം യെല്ലൊ ഹാറ്റ്, ബ്ലാക് ഹാറ്റ് ചിന്തകള്‍ക്ക് ശേഷം ഉപയോഗിക്കാവുന്നതാണ്. സാധാരണ ഈ ടൂള്‍ ഉപയോഗിക്കുന്നത് വളരെ ഗൗരവമേറിയ തീരുമാനമെടുക്കേണ്ട വിഷയങ്ങളിലാണ്. എന്നിരുന്നാലും വ്യക്തികള്‍ക്കും കുടുംബത്തിനുമൊക്കെ തീരുമാനപ്രക്രിയയില്‍ ആവശ്യമുള്ള ഹാറ്റുകള്‍ ഉപയോഗപ്പെടുത്താം.
പരമ്പരാഗതമായി നമ്മള്‍ കൂടിയാലോചനകള്‍ നടത്തുന്ന രീതിയില്‍ നിന്നു വ്യത്യസ്തമായി ഒരു ടേബിളിന് ചുറ്റും എല്ലാവര്‍ക്കും മുഖത്തോട് മുഖം കാണുവാന്‍ പാകത്തില്‍ സീറ്റിംഗ് സജ്ജീകരിക്കേണ്ടതുണ്ട്. ഒരു വൈറ്റ് ബോര്‍ഡ് അല്ലെങ്കില്‍ ഫ്‌ളിപ് ചാര്‍ട്ട് ഉപയോഗിച്ച് അംഗങ്ങളുടെ അഭിപ്രായങ്ങള്‍ വേര്‍തിരിച്ച് എഴുതിയാല്‍ അധ്യക്ഷന് നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് അവലോകനം ചെയ്ത് അന്തിമ തീരുമാനത്തിലെത്താന്‍ എളുപ്പമാകും. മാത്രമല്ല അംഗങ്ങള്‍ക്ക് അവരുടെ ആശയങ്ങള്‍ ബോര്‍ഡില്‍ എഴുതിയോ വരച്ചോ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും സാധിക്കും.
തീരുമാനങ്ങളെടുക്കുന്നതിന് പ്രായോഗികമായി തെളിയിക്കപ്പെട്ട ആധുനികവും ലളിതവുമായ ഒരു നല്ല രീതിയാണിത്. വ്യക്തി തലത്തിലും കുടുംബം, സംഘടന, സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ തലങ്ങളിലും ക്രിയാത്മകമായി തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്നതോടൊപ്പം, എല്ലാവരുടെയും ചിന്തകളെയും അഭിപ്രായങ്ങളെയും പരിഗണിക്കുന്നതിനാല്‍ ഇതിന്റെ വിജയ സാധ്യതയും കൂടുതലാണ്.
[email protected]

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍