അറബിക്കവിതകളിലെ നോമ്പുകാല വിഭവങ്ങള്‍
കവിത അറബികള്‍ക്ക് മുഖ്യമായും, അവര്‍ സാക്ഷിയായ സംഭവങ്ങളുടെയും വിവിധ സാമൂഹിക സാഹചര്യങ്ങളോട് അവര്‍ സ്വീകരിച്ച മനോഭാവങ്ങളുടെയും വൃത്തപ്രാസനിബദ്ധമായ അവതരണവും സമാഹരണവുമാണ്. അറബികളുടെ ശ്രദ്ധയാകര്‍ഷിച്ച ഒരു സംഭവവും കവിതയായി പിറക്കാതിരുന്നിട്ടില്ല. ആക്ഷേപം, ശൃംഗാരം, ആത്മപ്രശംസ, പരപ്രശംസ, വിലാപം, സാരോപദേശം, സാമൂഹിക വിമര്‍ശം തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തി വിരചിതമായ അറബിക്കവിതകളെല്ലാം ആത്യന്തികമായി നിര്‍വഹിച്ചത് ഈ ദൌത്യമായിരുന്നു. അറബിഭാഷ പക്വത പ്രാപിച്ച ശേഷം അത് സാക്ഷിയായ മിക്ക സംഭവങ്ങളുടെയും നേര്‍ചിത്രങ്ങളും വിപര്യയങ്ങളും ആ കവിതകളില്‍ നമുക്കു കാണാം. ഇസ്ലാമികചരിത്രത്തിലെ മഹാസംഭവമായ ബദ്ര്‍ യുദ്ധം പ്രകീര്‍ത്തിക്കപ്പെട്ടതിന്റെയും അതിലെ രക്തസാക്ഷികള്‍ പ്രശംസിക്കപ്പെട്ടതിന്റെയും ഇസ്ലാംപക്ഷ കവിതാകാഴ്ചകള്‍ അറബിയില്‍ ധാരാളമുണ്ട്. അതേസമയം, ഉമയ്യതു ബ്നു അബിസ്സ്വല്‍തിനെപ്പോലുള്ള ക്രൈസ്തവ കവികള്‍ ബദ്റില്‍ വധിക്കപ്പെട്ട ഖുറൈശിപ്രമാണിമാര്‍ക്ക് വിലാപകാവ്യം രചിക്കുകയും മുസ്ലിംകളോട് പ്രതികാരം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളുമുണ്ട്. ഒരു കവിതാശകലത്തിന്റെ സാരമിങ്ങനെ:
"പ്രശംസാനിമിത്തങ്ങള്‍ ധാരാളമുള്ള മാന്യരുടെ സന്താനങ്ങളായ മാന്യരെയോര്‍ത്ത് നീ വിലപിക്കാത്തതെന്ത്?ചാഞ്ഞുനില്‍ക്കുന്ന മരക്കൊമ്പിലിരുന്ന് കുറുകിക്കരയുന്ന മാടപ്രാവിന്റെ വിലാപം. അവരെയോര്‍ത്ത് വിലപിക്കുന്നവര്‍ ദുഃഖത്താല്‍തന്നെയാണ് വിലപിക്കുന്നത്. അവരെ സംബന്ധിച്ച മുഴുപ്രശംസയും വസ്തുനിഷ്ടമാകുന്നു.''
പാശ്ചാത്യ-അമേരിക്കന്‍ അധിനിവേശത്തിനെതിരെ പടഹധ്വനി മുഴക്കുന്ന അറബിക്കവികള്‍ ഒരു വശത്തുള്ളപ്പോള്‍ തന്നെ പാശ്ചാത്യ അധിനിവേശത്തിന് ബീജാവാപം ചെയ്ത ക്രിസ്റഫര്‍ കൊളംബസിനെ പ്രകീര്‍ത്തിച്ച് കവനം ചെയ്ത ഇബ്റാഹീം യാസജിയെപ്പോലുള്ള അറബിക്കവികളെയും കാണാം. അദ്ദേഹത്തിന്റെ വരികളുടെ സാരമിതാണ്:
"അനശ്വര കീര്‍ത്തി ശേഷിപ്പിച്ച് പ്രശസ്തനായ കൊളംബസ് യാത്രയായി. സ്ഥൈര്യം ഒന്നുകൊണ്ടുമാത്രമാണ് നാടുകള്‍ അദ്ദേഹം കീഴ്പ്പെടുത്തിയത്. മഹാലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വലിയൊരു സൈന്യം അദ്ദേഹത്തെ അനുഗമിച്ചു. ഈ ഭൂമിയുടെ അത്രതന്നെ വലിപ്പമുള്ള മറ്റൊരു ഭൂമിയെ അദ്ദേഹം അതിനോടു ചേര്‍ത്തുവെച്ചു. അവിടെ സൂക്ഷിക്കപ്പെട്ട നിധികളെല്ലാം അദ്ദേഹത്തിന്റെ കൈകളില്‍ സമര്‍പ്പിതമായി. അവിടെ, അതീന്ദ്രിയലോകത്തുനിന്നെന്ന പോലെ അപരിചിത മനുഷ്യവര്‍ഗം അദ്ദേഹത്തിനു പ്രത്യക്ഷമായി. അന്നേരം, ഭൂമിയിലിറങ്ങിയ ആദമിന്റെ അവസ്ഥയിലായിരുന്നു അദ്ദേഹം. ആ ദേശം അദ്ദേഹത്തിനു സുപരിചിതമായ പറുദീസ പോലെയും.''
വിശുദ്ധ റമദാനിനെ അറബിക്കവിത പരിചരിച്ച വിധം അന്വേഷിച്ചു ചെല്ലുമ്പോഴും ഈ രണ്ടു ചിത്രങ്ങളും നമ്മുടെ മുന്നില്‍ വന്നുപെടും. ഇസ്ലാമിന്റെയും ഖുര്‍ആനിന്റെയും ചൈതന്യമുള്‍ക്കൊണ്ട അവതരണവും നോമ്പിനോടുള്ള നിഷേധമനോഭാവം നിറഞ്ഞ സമീപനവും നമുക്കവിടെ കാണാം. റമദാനിനെ പ്രകീര്‍ത്തിക്കുകയും അതിന്റെ പുണ്യങ്ങള്‍ വിളംബരപ്പെടുത്തുകയും ചെയ്യുന്ന കവിതാശകലങ്ങളാണ് ഇവിടെ ആദ്യം പരാമര്‍ശിക്കുന്നത്. സൃഷ്ടിപരമോ സംഹാരപരമോ ആയ വിമര്‍ശസ്വരങ്ങള്‍ പിന്നീടും.
മാസം കാണുന്നു
അന്ദുലുസീ കവിയായ ഇബ്നുറുശ്ദ് ഖസ്ത്വലി (938-1030) ശഅ്ബാന്‍ മാസത്തെ യാത്രയാക്കിയും റമദാനിന് സ്വാഗതമോതിയും പറയുന്നതു കാണുക:
വലഇന്‍ ഗനിംത ഹുനാക അംഥാലദ്ദുമാ
ഫഹുനാ ബുയൂതുല്‍ മിസ്കി ഫഗ്നം വന്‍തഹിബ്
തുഹഫന്‍ ലിശഅ്ബാന ജലാ ലക വജ്ഹുഹു
ഇവദന്‍ മിനല്‍ വര്‍ദില്ലദീ അഹ്ദാ റജബ്
ഫഖ്ബല്‍ ഹദിയ്യതഹു ഫഖദ് വാഫാ ബിഹാ
ഖദ്റന്‍ ഇലാ അമദിസ്സ്വിയാമി ഇദാ വജബ്
വസ്തൌഫി ബഹ്ജതഹാ വത്വീബ നസീമിഹാ
ഫഇദാ ദനാ റമദാനു ഫസ്ജുദ് വഖ്തരിബ്.
(നിനക്കവിടെ ലഭിച്ചത് പാവസമാനമായ ഉപഹാരങ്ങളാണെങ്കില്‍, കസ്തൂരിഗൃഹങ്ങ ളാണിവിടെയുള്ളത്. റജബ് സമ്മാനിച്ച പനിനീര്‍ പൂക്കള്‍ക്കു പകരം, നിനക്കു ദര്‍ശനമനുവദിച്ച ശഅ്ബാനിന്റെ ഉപഹാരങ്ങള്‍ നീ സ്വീകരിക്കുക. പിന്നീട് വിധി നിന്നെ നോമ്പുകാലത്തേക്ക് എത്തിക്കുന്നു. അന്നേരം, നീ അതിന്റെ ശോഭയും സുഗന്ധവും ഒന്നൊഴിയാതെ കൈക്കലാക്കുക. റമദാനില്‍ സുജൂദുകളിലൂടെ ദൈവസാമീപ്യം കരഗതമാക്കുക).
റമദാനിന് സ്വാഗതമോതിയ മറ്റൊരു കവി പ്രശസ്ത ഈജിപ്ഷ്യന്‍ സാഹിത്യകാരനായ മുസ്ത്വഫാ സ്വാദിഖുര്‍റാഫിഈയാണ്:
ഫദയ്തുക സാഇറന്‍ ഫീ കുല്ലി ആമി
തഹ്യാ ബിസ്സലാമതി വസ്സലാമി
വ തുഖ്ബിലു കല്‍ഗമാമി യഫീദു ഹീനന്‍
വ യബ്ഖാ ബഅ്ദഹു അഥറുല്‍ ഗമാമി
വ കം ഫിന്നാസി മിന്‍ കലിഫിന്‍ മശൂഖിന്‍
ഇലയ്ക വ കം ശജിയ്യിന്‍ മുസ്തഹാമി
(എല്ലാ വര്‍ഷവും സന്ദര്‍ശകനായെത്തുന്ന നിനക്കു ഞാന്‍ ബലി. നീ ശാന്തിയിലും സമാധാനത്തിലും ദീര്‍ഘായുസ്സായിരിക്കട്ടെ. വെള്ളം കരകവിയുന്ന കാര്‍മേഘംപോലെ ചില വേളകളില്‍ നീ സമാഗതനാകും. അപ്പോള്‍ മഴപ്പെയ്ത്തിനു ശേഷവും കാര്‍മേഘത്തിന്റെ അടയാളങ്ങള്‍ ബാക്കിയാകുന്നു. താല്‍പര്യപൂര്‍വം നിന്നെ പ്രതീക്ഷിക്കുന്ന എത്ര അനുരാഗികള്‍ ജനക്കൂട്ടത്തിലുണ്ടെന്നോ! നിന്റെ വരവില്‍ അസ്വസ്ഥരായ ദുഃഖാകുലര്‍ അക്കൂട്ടത്തിലെ ത്രയാണെന്നോ!)
അല്ലാഹു ഓരോ മാസങ്ങളിലും വിശ്വാസികള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന പുണ്യാവസരങ്ങളെയാണ് വിവിധയിനം സമ്മാനങ്ങളായും സുഗന്ധങ്ങളായും പുഷ്പങ്ങളായും ഖസ്ത്വലി ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം, അനുഗ്രഹവര്‍ഷമായി ഓരോ വര്‍ഷവും വിരുന്നെത്തുന്ന റമദാനിനെ മഴപ്പെയ്ത്തായി ചിത്രീകരിക്കുമ്പോള്‍ മഴയ്ക്കുവേണ്ടി കേഴുന്ന ജനവിഭാഗത്തെയും മഴയെ പ്രാകുന്ന ആളുകളെയും കവി മുന്നില്‍ കാണുന്നു.
സിസിലിയന്‍ കവി ഇബ്നു ഹംദീസ് (1053 1133 ഇഋ) ഉപമാലങ്കാരസഹിതം മാസപ്പിറവിയെ വര്‍ണിക്കുന്നതിങ്ങനെ:
ഖുല്തു വന്നാസു യര്‍ഖുബൂന ഹിലാലന്‍
യുശ്ബിഹുസ്സ്വബ്ബ മിന്‍ നഹാഫതി ജിസ്മിഹി
മന്‍ യകു സ്വാഇമന്‍ ഫദാ റമദാനു
ഖത്ത്വ ബിന്നൂരി ലില്‍ വറാ അവ്വലസ്മിഹി
(ജനങ്ങള്‍ അമ്പിളിപ്പിറ നിരീക്ഷിച്ചുകൊണ്ടിരിക്കെ ഞാന്‍ പറഞ്ഞു: പ്രേമവൈവശ്യത്താല്‍ ശരീരം മെലിഞ്ഞൊട്ടിയവനെപ്പോലെയുണ്ടാ ചന്ദ്രക്കല. വ്രതശീലര്‍ അറിയുക: മാലോകര്‍ കാണുംവിധം റമദാന്‍ സ്വന്തം നാമത്തിന്റെ ആദ്യാക്ഷരം പ്രകാശത്താല്‍ കുറിച്ചിട്ടിരിക്കുന്നു.)
പ്രണയിനിയെ സംബന്ധിച്ച സ്മരണയില്‍ സ്വന്തം ശരീരം ഹോമിച്ച അനുരാഗിയെപ്പോലെ മെലിഞ്ഞു വളഞ്ഞുപോയിരിക്കുകയാണ് റമദാനമ്പിളിയെന്ന് ആദ്യ കവിതാശകലത്തില്‍ പറഞ്ഞുവെച്ച കവി, രണ്ടാം ശകലത്തില്‍ റമദാന്‍ എന്ന അറബിപദത്തിലെ ആദ്യാക്ഷരമായ റാഅ്(ഝ) പോലെയാണ് ചന്ദ്രക്കലയെന്ന് ഭാവനയില്‍ കാണുന്നു. കവനകലയുടെ സ്വാതന്ത്യ്രവും സൌന്ദര്യവും ഒത്തുചേര്‍ന്നതാണീ ഇരു പ്രയോഗങ്ങളും.
ഈജിപ്ഷ്യന്‍ കവിയായ മഹ്മൂദ് ഹസന്‍ ഇസ്മാഈലിന്റെ(19101977ഇഋ) റമദാനിനെ സ്വാഗതം ചെയ്യുന്ന വരികള്‍ ഇബ്നുര്‍റൂമിയുടെ രചനാശൈലിയോട് ചേര്‍ന്നു നിന്ന് അനുവാചകര്‍ക്ക് കവനകലയിലെ മധ്യകാലസ്പര്‍ശം പകര്‍ന്നു നല്‍കുന്നു:
അദയ്ഫുന്‍ അന്‍ത ഹല്ല അലല്‍ അനാമി
വ അഖ്സമ അന്‍ യഹ്യാ ബിസ്സ്വിയാമി
ഖത്വഅ്ത ദ്ദഹ്റ ജവ്വാബന്‍ വഫിയ്യന്‍
യഊദു മസാറഹു ഫീ കുല്ലി ആമി
തഖയ്യം ലാ യുഹിദ്ദു ഹിമാക റുക്നുന്‍
ഫകുല്ലുല്‍ അര്‍ദി മഹ്ദുന്‍ ലില്‍ഖിയാമി
ഫസഖ്ത ശആഇറദ്ദീഫാനി ലമ്മാ
ഖനിഅ്ത മിനദ്ദിയാഫതി ബില്‍ മുഖാമി
(മാനവകുലത്തിനു സമാഗതനായ അതിഥിയാണോ നീ? വ്രതംകൊണ്ടേ ജീവിക്കൂ എന്നു നീ ശപഥം ചെയ്തിരിക്കുന്നുവല്ലോ. വാക്കുതെറ്റിക്കാത്ത സഞ്ചാരിയായി യുഗങ്ങളായി നീ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും സന്ദര്‍ശനസ്ഥലങ്ങളിലെല്ലാം നീ മടങ്ങിയെത്തുന്നു. നീ തമ്പടിച്ചുകൊള്ളുക. നിന്റെ സംരക്ഷിതമേഖലയ്ക്ക് ഒരു ഭൂപ്രദേശവും അതിരിടാന്‍ വരില്ല. ഭൂമി മുഴുക്കെ നിന്റെ കൂടാരങ്ങള്‍ക്കു പാകം. അതിഥിമര്യാദയുടെ ചിട്ടവട്ടങ്ങളെല്ലാം നീ ദുര്‍ബലപ്പെടുത്തി. ആതിഥേയഭവനത്തില്‍ തലചായ്ക്കാനൊരിടം നേടിയതില്‍ നീ തൃപ്തിയടഞ്ഞല്ലോ.)
വര്‍ഷത്തിലൊരിക്കല്‍ ഓരോ ഗൃഹത്തിലും അതിഥിയായി വന്നെത്തുന്ന റമദാന്‍ ലോകത്തിലേറ്റവും ചെലവു ചുരുക്കിയ അതിഥിയാണെന്ന് കവി പറയുന്നു. ഒരുമാസക്കാലം മാന്യമായി തങ്ങാനൊരിടം അനുവദിക്കുന്നതോടെ ആതിഥേയബാധ്യത തീരുന്നു. റമദാനിലെ യഥാര്‍ഥ അതിഥിയായ റമദാനുവേണ്ടിയല്ല ഇന്നു വിഭവങ്ങള്‍ തയ്യാറാക്കപ്പെടുന്നത്. അതിഥിയെ സല്‍ക്കരിക്കാനെന്ന ഭാവത്തില്‍ ആതിഥേയര്‍ തന്നെ അവ തിന്നുതീര്‍ക്കുന്നു.
ചൈതന്യമുള്ള നോമ്പ്
ആഹാര-പാനീയങ്ങളുടെ വര്‍ജനത്തിനുപരിയായി റമദാന്‍വ്രതത്തിന്റെ യഥാര്‍ഥ ചൈതന്യം ഉള്‍ക്കൊണ്ട് അത് നിര്‍വഹിക്കാന്‍ ആഹ്വാനം ചെയ്യുന്ന കവിതാശകലങ്ങള്‍ നിരവധിയാണ്. ഈജിപ്തിലെ കാവ്യകുലപതി അഹ്മദ് ശൌഖി പറയുന്നതു നോക്കൂ:
യാ മുദീമസ്സ്വൌമി ഫിശ്ശഹ്രില്‍ കരീമി
സ്വും അനില്‍ ഗീബതി യൌമന്‍ വന്നമീമി
(വിശുദ്ധമാസം മുഴുക്കെ വ്രതം പതിവാക്കിയവനേ, അതില്‍ ഒരു ദിവസമെങ്കിലും ഏഷണിയും പരദൂഷണങ്ങളും വര്‍ജിക്കുന്ന വ്രതമായിരിക്കട്ടെ)
സുഊദി കവി അബ്ദുല്ലാഹ് മുഹമ്മദ് ഖഹ്ത്വാനി (19351980ഇഋ)യുടെ വരികള്‍:
ഹസ്സ്വിന്‍ സ്വിയാമക ബിസ്സുകൂതി അനില്‍ ഖനാ
അത്വ്ബിഖ് അലാ അയ്നയ്ക ബില്‍ അജ്ഫാനി
ലാ തംശി ദാ വജ്ഹയ്നി മിന്‍ ബയ്നില്‍ വറാ
ശര്‍റുല്‍ ബരിയ്യതി മന്‍ ലഹു വജ്ഹാനി
(അശ്ളീലങ്ങളില്‍ നിന്ന് മൌനം പാലിച്ചുകൊണ്ട് വ്രതത്തെ നീ സുരക്ഷിതമാക്കുക. കണ്ണുകള്‍ക്കു മീതെ പോളകള്‍ ഇറുക്കിയടക്കുക. ജനങ്ങള്‍ക്കിടയിലൂടെ ഇരുമുഖിയായി നടക്കാതിരിക്കുക. ഇരുമുഖികളോളം നീചനായ മറ്റൊരു സൃഷ്ടിയില്ല.)
അന്ദുലുസി കവിയായ അബൂ ബക്ര്‍ അത്വിയ്യഃ (10881146 ഇഋ)യുടെ വരികള്‍ ശ്രദ്ധിക്കൂ:
ഇദാ ലം യകുന്‍ ഫിസ്സംഇ മിന്നീ തസ്വാമുമുന്‍
വഫീ മുഖ്ലതീ ഗദ്ദുന്‍ വഫീ മന്‍ത്വിഖീ സ്വുംതു
ഫ ഹള്ളീ ഇദന്‍ മിന്‍ സ്വൌമിയല്‍ ജൂഉ വള്ളിമാ
വ ഇന്‍ ഖുല്‍തു ഇന്നീ സ്വുംതു യൌമന്‍ ഫമാ സ്വുംതു
(എന്റെ കാതുകള്‍ ബധിരത നടിക്കുന്നില്ലെങ്കില്‍, എന്റെ കണ്ണുകള്‍ക്ക് മൂടി വീണില്ലെങ്കില്‍, എന്റെ നാവ് മൌനം ഭജിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ വ്രതത്തില്‍നിന്ന് എനിക്കുള്ള വിഹിതം വിശപ്പും ദാഹവും മാത്രം. ഞാന്‍ നോമ്പെടുത്തിരിക്കുന്നു വെന്നു പറഞ്ഞാലും ഒറ്റ ദിവസംപോലും ഞാന്‍ യഥാര്‍ഥത്തില്‍ നോമ്പെടുത്തിട്ടില്ല.''
വ്രതവേളയില്‍ സായാഹ്നമാകുമ്പോഴേക്ക് നോമ്പുകാരന്റെ വായയില്‍നിന്ന് ബഹിര്‍ഗമിക്കുന്ന ഗന്ധം കസ്തൂരിമണത്തേക്കാള്‍ അല്ലാഹുവിന് പ്രിയങ്കരമാണെന്ന് തിരുവചനങ്ങളില്‍ വന്നിട്ടുണ്ട്. സുഊദി കവി മുഹമ്മദ് ഹസന്‍ ഫഖീ (19142004 ഇഋ) വിശുദ്ധ റമദാനിന് സ്വാഗതമോതി രചിച്ച ബൃഹത്കാവ്യത്തിലെ ചില വരികള്‍ ആ വിഷയം പ്രശ്നവല്‍ക്കരിക്കുന്നു:
റമദാനു ഫീ ഖല്‍ബീ ഹമാഹിമു നശ്വതിന്‍
മിന്‍ ഖബ്ലി റുഅ്യതി വജ്ഹികല്‍ വദ്ദാഇ
വ അലാ ഫമീ ത്വുഅ്മുന്‍ ഉഹിസ്സു ബിഅന്നഹു
മിന്‍ ത്വുഅ്മി തില്‍കല്‍ ജന്നത്തില്‍ ഖദ്റാഇ
ലാ ത്വുഅ്മ ദുന്‍യാനാ ഫ ലൈസ ബിവുസ്ഇഹാ
തഖ്ദീമു ഹാദ ത്ത്വുഅ്മി ലില്‍ ഖുലഫാഇ
മാ ദുഖ്തു ഖത്ത്വു വലാ ശഅര്‍തു ബിമിഥ്ലിഹി
അന്‍ലാ അകൂന ബിഹി മിനസ്സുഅദാഇ
(എന്റെ ഹൃദയത്തില്‍ ലഹരിയുടെ ഞരക്കമായിരുന്നു നിന്റെ പ്രഭാപൂരിതവദനം ദര്‍ശിക്കും മുമ്പ് റമദാന്‍. എന്റെ വായില്‍ ഒരു രുചിയുണ്ട്. അത് ആ ഹരിതാഭ സ്വര്‍ഗത്തിന്റെ രുചിയാണെന്ന് എനിക്കു തോന്നുന്നു. അത് ഐഹികലോകത്തുള്ള സ്വാദല്ല. അതിനാല്‍ ഖലീഫമാര്‍ക്കു കാഴ്ചവെക്കാനുമാവില്ല. അതോ അതിനു സമാനമായതോ ആയ ഒരു സ്വാദ് നാളിതുവരെ ഞാനനുഭവിച്ചിട്ടില്ല. അതിനാല്‍ ആ സ്വാദ് അനുഭവിച്ചറിഞ്ഞ ഞാന്‍ എന്തുമാത്രം ഭാഗ്യശാലിയല്ല?)
എന്നാല്‍, ഈജിപ്ഷ്യന്‍ കവി മുസ്ത്വഫാ ഹമ്മാം (19061964 ഇഋ) റമദാന്‍വ്രതത്തെ സമീപിക്കുന്നത് മറ്റൊരു രീതിയിലാണ്. അദ്ദേഹത്തിന്റെ വരികളുടെ സാരമിതാണ്:
"വ്രതത്തിലെ ബന്ധനസുഖം ഞങ്ങളോടു പറയൂ. വിലക്കെന്ന അനുഗ്രഹത്തെപ്പറ്റി പറയൂ. അടിച്ചമര്‍ത്താതെ ഭരിക്കുന്ന സര്‍വാധികാരിയാകുന്നു റമദാന്‍. അധികാരം കൈയടക്കാത്ത അവരുടെ സുല്‍ത്വാനാണത്. അത് പറഞ്ഞു: പകല്‍വേളയില്‍ വിശപ്പനുഭവിക്കൂ. ഭക്തിയോടെ അവര്‍ അനുസരിച്ചു. നന്ദിയും പറഞ്ഞു. നിന്റെ 30 ദിനങ്ങള്‍ നിദ്രാധീനന്റെ സുന്ദരസ്വപ്നങ്ങള്‍ കണക്കെ കടന്നുപോകുന്നു. നിന്റെ ആഗമനം എന്നെ ആനന്ദിപ്പിക്കുമ്പോഴും വേര്‍പാടിന്റെ മുന്നറിയിപ്പ് എന്നെ വ്യസനിപ്പിക്കുന്നു.''
ഇസ്ലാം അതിന്റെ വിശ്വാസികള്‍ക്കു കടമയാക്കിയ റമദാന്‍വ്രതം പോലെ കഠിനമായ ഒരു അനുഷ്ഠാനകര്‍മം മറ്റൊരു വിശ്വാസസംഹിതയിലും ഇന്ന് നിലവിലില്ല. റമദാന്‍വ്രതം പോലെ കണിശമായും വ്യവസ്ഥാപിതമായും നിര്‍വഹിക്കപ്പെടുന്ന മറ്റൊരു കര്‍മവും നമുക്കു കാണാന്‍ കഴിയില്ല. അങ്ങനെ വിലയിരുത്തുമ്പോള്‍ അനുഷ്ഠാനകര്‍മങ്ങളുടെ ചരിത്രത്തിലെ മഹാത്ഭുതമാണ് റമദാന്‍വ്രതം. ഈയൊരു കാര്യത്തിലേക്കാണ് കവിവചനം സൂചന നല്‍കുന്നത്.
റമദാന്‍ വിടപറയുമ്പോള്‍
നോമ്പുകാലം വിടവാങ്ങുന്നതിലെ വിഷമം ചര്‍ച്ച ചെയ്യുന്ന കവിതകള്‍ നിരവധിയുണ്ടെങ്കിലും ദൈര്‍ഘ്യഭയം നിമിത്തം ഒരു കവിതാശകലം മാത്രം ഇവിടെ ഉദ്ധരിക്കുന്നു. അവലംബകൃതികളില്‍ പേരു പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഒരു കവിയുടെ വരികള്‍ നോക്കൂ:
അയ്യു ശഹ്രിന്‍ ഖദ് തവല്ലാ
യാ ഇബാദല്ലാഹി അന്നാ
ഹഖ്ഖുന്‍ അന്‍ നബ്കീ അലയ്ഹി
ബി ദിമാഇന്‍ ലൌ അഖില്‍നാ
കൈഫ ലാ നബ്കീ ലി ശഹ്രിന്‍
മര്‍റ ബില്‍ ഗഫ്ലതി അന്നാ
ഥുമ്മ ലാ നഅ്ലമു അന്നാ
ഖദ് ഖുബില്‍നാ അം ഹുരിംനാ
ലയ്ത ശിഅ്രീ മന്‍ ഹുവല്‍
മഹ്റൂമു വല്‍ മത്വ്റൂദു മിന്നാ
(ദൈവദാസന്മാരേ, ഏതു മാസമാണ് നമ്മോടു വിട പറഞ്ഞത്? ചിന്തിക്കുകയാണെങ്കില്‍ രക്തക്കണ്ണീരൊഴുക്കി നമ്മള്‍ കരയും. നമ്മള്‍ അശ്രദ്ധയിലായിരിക്കെ കടന്നുപോയ മാസത്തെ കുറിച്ചോര്‍ത്ത് എങ്ങനെ നാം വിലപിക്കാതിരിക്കും? നമ്മള്‍ സ്വീകരിക്കപ്പെട്ടോ നിരാകരിക്കപ്പെട്ടോ എന്നൊന്നും നമുക്കറിയില്ലല്ലോ. നമ്മിലെ തിരസ്കൃതരും വിലക്കപ്പെട്ടവരും ആരെന്ന് ഇന്നേ അറിഞ്ഞിരുന്നെങ്കില്‍!)
ക്രിയാത്മക വിമര്‍ശനങ്ങള്‍
റമദാന്‍ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ക്രിയാത്മകങ്ങളാകുന്നത് ദിവ്യവരദാനമായ വിശുദ്ധമാസത്തെ ഉന്നമാക്കുന്നതിനു പകരം, ആ മാസത്തിനുമേല്‍ മുസ്ലിംസമൂഹം കെട്ടിവെച്ചിരിക്കുന്ന മാമൂലുകളുടെയും ആര്‍ഭാടങ്ങളുടെയും അത്യാചാരങ്ങളുടെയും നേരെ ഒരു കവി അവന്റെ പടവാളായ തൂലിക ചലിപ്പിക്കുമ്പോഴാണ്. അത്തരം കവികളില്‍ മുമ്പില്‍ നില്‍ക്കുന്നത് പ്രസിദ്ധ ഇറാഖീ കവി മഅ്റൂഫു റുസ്വാഫിയാണ്. അദ്ദേഹത്തിന്റെ ചില വരികളുടെ ആശയമിങ്ങനെ:
"തീറ്റപ്രിയനായ യുവാവാണ് ലോകത്തിലെ ഏറ്റവും വലിയ മൂഢന്‍. അവന്റെ നിറവയറിനു മുമ്പില്‍ ധിഷണ തോറ്റുപോകുന്നു. കാലാകാലം വ്രതാനുഷ്ഠാനം സാധിക്കുമെങ്കില്‍ ഞാനതൊരു ശീലമാക്കുമായിരുന്നു. പക്ഷേ, നോമ്പുതുറ വിഭവങ്ങള്‍ പെരുപ്പിക്കുന്ന കൂട്ടരെപ്പോലെ ഞാന്‍ നോമ്പെടുക്കില്ല. പകലോന്‍ തെളിഞ്ഞുവരുമ്പോള്‍ ജഠരാഗ്നി അകത്തൊതുക്കി അവര്‍ തീരുമാനിച്ചുറപ്പിച്ചു പറയും: പകല്‍ സമയമേ, നീ ഞങ്ങളെ പട്ടിണിക്കിട്ടിട്ടുണ്ടെങ്കില്‍ രാത്രിവേളയില്‍ നിന്നോട് പ്രതികാരം ചെയ്യാനിരിക്കുകയാണ് ഞങ്ങള്‍. അങ്ങനെ നിറവയറോടെ അജീര്‍ണം ബാധിച്ച് അവര്‍ കിടന്നുറങ്ങുന്നു. നിദ്രാവേളയില്‍ ഇടയ്ക്കിടെ അവര്‍ ഏമ്പക്കം വിടുന്നു. നോമ്പുകാരോടു പറയുക: ഇങ്ങനെയല്ല വ്രതാനുഷ്ഠാന ബാധ്യത നിറവേറ്റേണ്ടത്.''
വിശുദ്ധ റമദാന്‍ സമാഗതമായാല്‍ നമ്മുടെ പത്രമാധ്യമങ്ങള്‍ക്കും ചാനലുകള്‍ക്കും പറയാനുള്ളത് നോമ്പുതുറക്കു സജ്ജമാക്കപ്പെടുന്ന വൈവിധ്യമാര്‍ന്ന പലഹാരങ്ങളെ സംബന്ധിച്ചു മാത്രമാണ്. ഈ വിഭവസജ്ജീകരണമാകട്ടെ, ഒരു പുതിയ പ്രവണതയല്ലതാനും. പകല്‍സമയം നോമ്പനുഷ്ഠിച്ച് സന്ധ്യാസമയത്ത് മൃഷ്ടാന്നഭോജനത്തിനിരി ക്കുന്നതുപോലെത്തന്നെ, ശവ്വാലമ്പിളി പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ദൃശ്യമാകുന്നതോടെ ആമാശയത്തിന് അവധി കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്ന പ്രവണതയും അറബിക്കവിതയ്ക്കു വിഷയീഭവിച്ചതായിക്കാണാം. മധ്യകാല ഇറാഖീകവി ഇബ്നുര്‍റൂമി (221283 അഒ)യുടെ വരികള്‍:
വ ലമ്മന്‍ഖദാ ശഹ്റുസ്സ്വിയാമി ബി ഫദ്ലിഹി തഹല്ലാ ഹിലാലുല്‍ ഈദി മിന്‍ ജാനിബില്‍ ഗര്‍ബി
കഹാജിബി ശൈഖിന്‍ ശാബ മിന്‍ ത്വൂലി ഉംരിഹി
യുശീറു ലനാ ബിര്‍റംസി ലില്‍അക്ലി വശ്ശുര്‍ബി
(അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ വ്രത മാസം തീര്‍ന്നുപോയപ്പോള്‍ പടിഞ്ഞാറന്‍ മാനത്ത് പെരുന്നാളിന്റെ ചന്ദ്രക്കല കാണാനായി. പ്രായാധിക്യത്താല്‍ മുച്ചൂടും നരച്ച വയോധികന്റെ പുരികം പോലിരിക്കുന്നു അത്. പാന-ഭോജനങ്ങള്‍ ശക്തമായി പുനരാരംഭിക്കാന്‍ ആംഗ്യം കാണിക്കുകയാണയാള്‍.)
കണിശമായ ഉപമാലങ്കാരങ്ങളുടെ പ്രയോഗത്തില്‍ ഇബ്നുര്‍റൂമി, പ്രാചീനരും അര്‍വാചീനരുമായ അറബിക്കവികളുടെ മുന്‍നിരയില്‍ നില്‍ക്കുന്നു. വെള്ളിവര്‍ണത്തില്‍ മാനത്ത് പ്രത്യക്ഷപ്പെട്ട വക്രരൂപത്തിലുള്ള ശവ്വാലമ്പിളിയും അന്നിമിഷം തൊട്ട് ജനങ്ങള്‍ ആഹാര-പാനീയങ്ങളോടു കാണിക്കുന്ന ആര്‍ത്തിയും കണ്ട ഇബ്നുര്‍റൂമിയുടെ കവിമനസ്സ് അവ രണ്ടിനെയും പരസ്പരം ബന്ധിച്ചാണ് ഈ ഉപമയ്ക്കു രൂപം നല്‍കിയിരിക്കുന്നതെന്നു കാണാം. ഭക്ഷണമേശയ്ക്കു ചുറ്റുമിരിക്കുന്ന പുതുതലമുറയോട് വൃദ്ധജനങ്ങള്‍ പുരികം വളച്ച്, വെട്ടിവിഴുങ്ങാന്‍ ആംഗ്യം കാണിക്കുന്നതിന്റെ പ്രതീകമായി അവരുടെ നരച്ച പുരികത്തെക്കണ്ട് അതിനെ വെള്ളിച്ചന്ദ്രക്കലയോട് കവി സമീകരിച്ചിരിക്കുകയാണിവിടെ. ഇബ്നുര്‍റൂമിയുടെ കവിത്വവും നര്‍മബോധവും ആശയപ്രകാശനത്തിലെ കൃത്യതയും മേല്‍വരികള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു.
ഇബ്നുര്‍റൂമിയുടെ നര്‍മരസം തുളുമ്പുന്ന മറ്റൊരു കവിതാശകലം ഇതോടൊന്നിച്ചു പറയാവുന്നതാണ്:
ശഹ്റുസ്സ്വിയാമി മുബാറകുന്‍
മാലം യകുന്‍ ഫീ ശഹ്രി ആബ്
ഖിഫ്തുല്‍ അദാബ ഫസ്വുംതുഹു
ഫ വഖഅ്തു ഫീ നഫ്സില്‍ അദാബ്
(വ്രതമാസം അനുഗ്രഹീതം തന്നെ, പക്ഷേ അത് -അത്യുഷ്ണം നിറഞ്ഞ-ആഗസ്റ് മാസത്തില്‍ വരരുത്. നരകശിക്ഷ ഭയന്ന് ഞാന്‍ നോമ്പനുഷ്ഠിച്ചു. അങ്ങനെ, ഭയന്ന ശിക്ഷ -ഈ ലോകത്തുതന്നെ- ഞാനനുഭവിച്ചു.)
അന്ദുലുസീ കവിയായ ഇബ്നുല്‍ മുഅ്തസ്സ്(861909 അഒ), ഈദുല്‍ഫിത്വ്റിനെ വിളംബരം ചെയ്യുന്ന അമ്പിളിപ്പിറയെ ചിത്രീകരിക്കുന്നത് വ്യത്യസ്തമായൊരു ഉപമയിലൂടെയാണ്:
അഹ്ലന്‍ ബി ഫിത്വ്രിന്‍ ഖദ് അതാക ഹിലാലുഹു
ഫല്‍ആന ഫഗ്ദു ഇലസ്സുറൂറി വ ബക്കിരി
ഫ കഅന്നമാ ഹുവ സൌറഖുന്‍ മിന്‍ ഫിദ്ദതിന്‍
ഖദ് അഥ്ഖലത്ഹു ഹമൂലതുന്‍ മിന്‍ അമ്പരി
(ഈദുല്‍ഫിത്വ്റിന്നു സ്വാഗതം. അതിന്റെ അമ്പിളിയാണല്ലോ നിന്നെ സമീപിച്ചിരിക്കുന്നത്. അതിനാല്‍, പുലര്‍വേളയില്‍തന്നെ സന്തോഷങ്ങളിലേക്ക് പുറപ്പെട്ടു ചെല്ലുക. ആ പെരുന്നാളമ്പിളി അമ്പര്‍ സുഗന്ധത്തിന്റെ ചുമടിനാല്‍ ഭാരിച്ച് വളഞ്ഞുപോയ വെള്ളിത്തോണി പോലുണ്ട്.)
ുലൃാ ംവമഹല എന്ന തിമിംഗിലവര്‍ഗത്തിന്റെ ശരീരത്തില്‍ നിന്നെടുക്കുന്ന അമ്പര്‍ സുഗന്ധത്തിന്റെ ഭാരിച്ച കാര്‍ഗോ നിമിത്തം നടുവളഞ്ഞുപോയ വെള്ളിത്തോണിയോട് ചന്ദ്രക്കലയെ ഉപമിച്ച കവി, അല്ലാഹുവിന്റെ അടിമകള്‍ അനുഷ്ഠിച്ച സുകൃതങ്ങളെയാണ് വിലപിടിച്ച അമ്പര്‍ സുഗന്ധത്തോട് ഉപമിച്ചിരിക്കുന്നത്. റമദാന്‍ വിടപറയുന്നതോടെ സുകൃത സുഗന്ധങ്ങളും പേറി അല്ലാഹുവിലേക്ക് യാത്രയാകുന്ന വെള്ളിത്തോണിയാണു ശവ്വാലമ്പിളിയെന്നും അതിന്റെ മധ്യഭാഗത്തു കാണുന്ന വക്രത ആ ചുമടുകള്‍ കയറ്റിവെച്ചതു മൂലമാണെന്നും കവി പറയുന്നു. ആ വെള്ളിത്തോണിയില്‍ വെക്കാന്‍ അര്‍ഹമായ സുകൃതങ്ങള്‍ ചെയ്തവരോടാണ് പെരുന്നാള്‍ സന്തോഷത്തിലേക്ക് പുറപ്പെട്ടുചെല്ലാന്‍ കവി ആഹ്വാനം ചെയ്യുന്നത്. റമദാനിനെ യഥാവിധി പരിഗണിക്കുകയും മാനിക്കുകയും ചെയ്തവര്‍ക്കേ ശവ്വാലിനെയും ഈദുല്‍ഫിത്വ്റിനെയും സ്വീകരിക്കാനും ആഘോഷിക്കാനും അര്‍ഹതയുള്ളൂവെന്നിവിടെ അനുക്തസിദ്ധം.
Comments