Prabodhanm Weekly

Pages

Search

2012 ജൂലൈ 14

എന്റെ റമദാന്‍ സ്മൃതികള്‍

ഡോ. യൂസുഫുല്‍ ഖറദാവി

ലോക ഇസ്‌ലാമിക പണ്ഡിത സഭയുടെ അധ്യക്ഷനാണ് ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി. സമാദരണീയമായ ആ പദവി അലങ്കരിക്കാന്‍ സമകാലീന ഇസ്‌ലാമിക ലോകത്ത് അദ്ദേഹത്തോളം യോഗ്യനായ മറ്റൊരു വ്യക്തിത്വത്തെ ചൂണ്ടിക്കാണിക്കാനില്ല. പാണ്ഡിത്യത്തിന്റെ പക്വത കൊണ്ടും വ്യക്തിത്വത്തിന്റെ പ്രഭാവം കൊണ്ടും ഇടപെടലുകളുടെ സത്യസന്ധത കൊണ്ടും ആഗോള ഇസ്‌ലാമിക സമൂഹത്തിന്റെ ഊര്‍ജപ്രസരണ കേന്ദ്രമായി ഖറദാവി നിലകൊള്ളുന്നു. ഈജിപ്തില്‍ വിപ്ലവ വിജയഭേരി മുഴക്കാന്‍ കയ്‌റോയിലെ പ്രക്ഷുബ്ധ അറബ് യൗവ്വനം തഹ്‌രീര്‍ സ്‌ക്വയറിലേക്ക് ഖറദാവിയെ ക്ഷണിച്ചുകൊണ്ടുവന്നപ്പോള്‍ അദ്ദേഹത്തിന്റെ ജനറേഷന്‍ ഗ്യാപില്ലാത്ത സമാദരണീയതക്ക് ലോകം സാക്ഷ്യം വഹിച്ചതാണ്. ഇസ്‌ലാമിക നവോത്ഥാനത്തിന് വേണ്ടി സര്‍വ സമര്‍പ്പിതമാണ് ഖറദാവിയുടെ ജീവിതം. സംഭവബഹുലമായ തന്റെ ജീവിതത്തിലെ സവിശേഷമായ ഒരധ്യായം തുറന്നു വായിക്കുകയാണ് തന്റെ റമദാന്‍ ഓര്‍മയിലൂടെ വിപ്ലവകാരിയായ ഈ വിശ്വപണ്ഡിതന്‍.

ഗ്രാമത്തിലെ നോമ്പ്
നാലാം വയസ്സ് മുതലുള്ള സംഭവങ്ങള്‍ മനുഷ്യന് ഓര്‍ക്കാന്‍ കഴിയും. എന്റെ കുട്ടിക്കാലത്ത്, ജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികള്‍ റമദാന്‍ മാസത്തെ വരേവറ്റിരുന്നത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. നോമ്പും നോമ്പുതുറയുമൊക്കെ എന്താണെന്ന് അറിയുന്നതിന് മുമ്പുതന്നെ 'മഗ്‌രിബി'നുവേണ്ടി തക്ബീറും തഹ്‌ലീലും ചൊല്ലിക്കൊണ്ട് ഞങ്ങള്‍ കാത്തിരിക്കുമായിരുന്നു. 'ളുഹര്‍' നമസ്‌കാരത്തിന് ശേഷം മഗ്‌രിബ് വരെ ഭക്ഷണം കഴിക്കാന്‍ ഞങ്ങളെ അനുവദിച്ചിരുന്നില്ല. ഏഴു വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ നോമ്പെടുത്തത്. ശൈത്യകാലമായിരുന്നതുകൊണ്ട് പകല്‍ ഹ്രസ്വവും ഉഷ്ണം കുറവുമായിരുന്നു. അതുകൊണ്ട് പ്രയാസം കൂടാതെ നോമ്പ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കുട്ടികള്‍ വീടിന് പുറത്ത് വെച്ചാണ് നോമ്പ് തുറക്കുക. ഓരോരുത്തരും ഓരോ പാത്രത്തില്‍ ഭക്ഷണവുമായി വരും. എന്നിട്ട് എല്ലാവരും കൂടി അവ പങ്കിട്ടു കഴിക്കും. ഗ്രാമത്തില്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ഒരു സമ്പ്രദായമായിരുന്നു അത്. അഗതികള്‍ക്കും യാത്രക്കാര്‍ക്കുമൊക്കെ മറ്റുള്ളവരുടെ വാതിലില്‍ ചെന്ന് മുട്ടിവിളിക്കാതെ നോമ്പുതറക്കാന്‍ ഈ ഗ്രാമീണ സമ്പ്രദായം മൂലം സാധിച്ചിരുന്നു.
പരിശുദ്ധ റമദാന്‍, പരിശുദ്ധ ഖുര്‍ആന്റെ മാസം കൂടിയാണല്ലോ. സമ്പന്നരായ ചില വീട്ടുകാര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ ഓത്തുകാരെ കൊണ്ടുവരുമായിരുന്നു. അവര്‍ തറാവീഹ് നമസ്‌കാരത്തിനു ശേഷം ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യും. ചിലപ്പോള്‍ പണ്ഡിതന്മാരെയും കൊണ്ടുവരും. അയാള്‍ 'ഖാരിഅ്' ഓതിയ ഭാഗം അര്‍ഥം പറഞ്ഞു വിശദീകരിക്കും. അത് ശ്രവിക്കാന്‍ ധാരാളം ആളുകള്‍ ഒരുമിച്ചുകൂടും. അതോടൊപ്പം പ്രത്യേകമായ പഠനക്ലാസ്സുകളും സംഘടിപ്പിക്കാറുണ്ട്. അത്തരം സദസ്സുകളില്‍ ഇരിക്കുന്നതും ക്ലാസ്സുകള്‍ ശ്രദ്ധിക്കുന്നതും വളരെ ഇഷ്ടമായിരുന്നു എനിക്ക്. എളുപ്പം മനസ്സിലാക്കാനും വേഗത്തില്‍ ഹൃദിസ്ഥമാക്കാനും അല്ലാഹു എനിക്ക് സവിശേഷ കഴിവുതന്ന് അനുഗ്രഹിച്ചിരുന്നു.
സഫ്തുത്തുറാബ് എന്നാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ പേര്. അവിടെയാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. താരതമ്യേന വലിയൊരു ഗ്രാമമാണത്. ഖുര്‍ആന്‍ മനഃപാഠം പരിശീലിപ്പിക്കുന്ന നാലു 'കുത്താബുകള്‍'ക്ക് പുറമെ ഒരു സര്‍ക്കാര്‍ സ്‌കൂളും അവിടെ ഉണ്ടായിരുന്നു. ഈജിപ്തില്‍ അവസാനമായി മരണം വരിച്ച പ്രവാചക ശിഷ്യനായ അബ്ദുല്ലാഹിബ്‌നു ഹാരിസുസ്സുബൈദിയുടെ മഖ്ബറ ഈ ഗ്രാമത്തിലാണ്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയ ധാരാളം ആളുകള്‍ സഫ്തുത്തുറാബിലുണ്ട്. 'സഫ്താവികള്‍ ഇല്ലാതെ ഖുര്‍ആനില്ല' എന്നു പോലും ആളുകള്‍ പറയാറുണ്ടായിരുന്നു.
ലളിതവും അകൃത്രിമവുമായിരുന്നു അക്കാലത്തെ ഗ്രാമീണ ജീവിതം. ദുഃഖത്തിലും സന്തോഷത്തിലും ജനങ്ങള്‍ പരസ്പരം അകമഴിഞ്ഞു സഹകരിച്ചിരുന്നു. ഒരു കുടുംബത്തിന് ദുഃഖമോ ദുരിതമോ ഉണ്ടായാല്‍ മറ്റുള്ളവരെല്ലാം അവരെ സഹായിക്കാന്‍ ഓടിയെത്തും. ജനങ്ങളില്‍ അധികപേരും കൃഷിക്കാരായിരുന്നു. പിന്നീട് തൊട്ടടുത്ത നഗരമായ മുഹല്ലയില്‍ ഒരു നെയ്ത്തു കമ്പനി ആരംഭിച്ചപ്പോള്‍ കുറേ പേര്‍ തൊഴില്‍ തേടി കമ്പനിയില്‍ ചേര്‍ന്നു. ഈജിപ്തിലെ ഏറ്റവും വലിയ നെയ്ത്ത് കമ്പനിയായിരുന്നു അത്.
ഗ്രാമത്തിലെ സാഹചര്യമാണ് ചെറുപ്പത്തില്‍ തന്നെ മതപഠനരംഗത്തേക്ക് എന്റെ ശ്രദ്ധ തിരിച്ചത്. റമദാന്‍ കാലങ്ങളില്‍ ക്ലാസുകള്‍ എടുക്കാന്‍ പണ്ഡിതന്മാര്‍ ഗ്രാമത്തില്‍ വരികയും അവരുടെ ക്ലാസ്സുകളില്‍ ഞാന്‍ താല്‍പര്യപൂര്‍വം ചെന്നിരിക്കുകയും ചെയ്തിരുന്ന കാലത്ത് തന്നെ ഈ ഒരഭിനിവേശം എന്റെ മനസ്സില്‍ ഉടലെടുത്തിരുന്നു. അവരെപ്പോലെ ഒരു മതപണ്ഡിതനായിത്തീരാന്‍ ഞാനും ആഗ്രഹിച്ചു. പണ്ഡിതന്മാര്‍ക്ക് അക്കാലത്ത് ലഭിച്ചിരുന്ന ബഹുമാനാദരങ്ങളും സ്ഥാനമാനങ്ങളുമായിരിക്കും അത്തരമൊരു താല്‍പര്യം മനസ്സില്‍ ഉടലെടുക്കാന്‍ കാരണമായത്.
അനാഥനായിട്ടാണ് ഞാന്‍ വളര്‍ന്നത്. എനിക്ക് രണ്ട് വയസ്സുള്ളപ്പോള്‍ പിതാവ് മരണപ്പെട്ടിരുന്നു. പിതൃസഹോദരന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്. സ്വന്തം മകനെപ്പോലെയാണ് അദ്ദേഹം എന്നെ വളര്‍ത്തിയത്. 'ബാപ്പാ' എന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. വീട്ടുകാരുടെയും അയല്‍വാസികളുടെയുമൊക്കെ സ്‌നേഹം ഒരുപാട് എനിക്ക് ലഭിച്ചു. ഒമ്പത് വയസ്സുള്ളപ്പോള്‍തന്നെ ഞാന്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കിയിരുന്നു. പത്ത് വയസ്സുള്ളപ്പോള്‍ മുതല്‍ ഗ്രാമവാസികള്‍ എന്നെ നമസ്‌കാരത്തില്‍ ഇമാമാക്കാന്‍ തുടങ്ങി. ഖുര്‍ആന്‍ ഭംഗിയായും ഭക്തിയോടു കൂടിയും പാരായണം ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. എന്റെ ഓത്ത് എല്ലാവര്‍ക്കും വലിയ ഇഷ്ടമായിരുന്നു. റമദാനില്‍ അധികവും സുബ്ഹി നമസ്‌കാരത്തിനാണ് ഞാന്‍ നേതൃത്വം നല്‍കാറുണ്ടായിരുന്നത്. സൂറത്തുസ്സജദയും സൂറത്തു ഇന്‍സാനും ആണ് ഞാന്‍ ഓതുക. അത് കേട്ട് ജനങ്ങള്‍ കരയും. 'ശൈഖ് യൂസുഫ്' എന്നാണ് സ്‌നേഹത്തോടും ബഹുമാനത്തോടും കൂടി ജനങ്ങള്‍ എന്നെ വിളിച്ചിരുന്നത്. അങ്ങനെ, കളിച്ചും രസിച്ചും നടക്കേണ്ട പ്രായത്തില്‍ തന്നെ അവരെന്നെ 'ശൈഖ്' ആക്കി. അതുകൊണ്ട് മറ്റു കുട്ടികളെപ്പോലെ കളിയും വിനോദവുമൊക്കെ എന്റെ കുട്ടിക്കാലത്തിന് അന്യമായിത്തീര്‍ന്നു. 'ശൈഖ്' ആയതുകൊണ്ട് അതിന്റെ ഒരു കാര്യഗൗരവം ജീവിതത്തില്‍ എനിക്ക് പാലിക്കേണ്ടിവന്നു. എങ്കിലും അതിന്റെ പേരില്‍ ഒരിക്കലും ഞാന്‍ ദുഃഖിച്ചിട്ടില്ല. പക്ഷേ, മറ്റൊരു നഷ്ടത്തെക്കുറിച്ച് ഇന്നും ഞാന്‍ ഓര്‍ത്ത് ദുഃഖിക്കാറുണ്ട്. നടേ പറഞ്ഞതുപോലെ ഒമ്പതാം വയസ്സില്‍ ഞാന്‍ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയിരുന്നു. എങ്കിലും ത്വന്‍ത്വായിലെ ദീനീ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരാന്‍ പതിനാലാം വയസ്സ് വരെ എനിക്ക് കാത്തുനില്‍ക്കേണ്ടിവന്നു. അതിനാല്‍, അഞ്ചു വര്‍ഷത്തോളം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ വെറുതെ ഇരിക്കേണ്ടിവന്നു. അത്രയും കാലം ഭാഷാ പഠനത്തിനോ മറ്റോ നീക്കിവെച്ചിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്. പക്ഷേ, ശരിയായ ദിശയിലേക്ക് മാര്‍ഗദര്‍ശനം ചെയ്യാന്‍ ആരും എനിക്കുണ്ടായിരുന്നില്ല.
റമദാന്‍ പുണ്യങ്ങളുടെ പൂക്കാലമാണ്. സാധാരണ ദിവസങ്ങളില്‍ നമസ്‌കരിക്കാത്ത ആളുകള്‍ വരെ റമദാനിലെ ദിനരാത്രങ്ങളില്‍ നമസ്‌കാരത്തിലും മറ്റു ആരാധനാ കര്‍മങ്ങളിലും ഉത്സാഹം കാണിക്കുമായിരുന്നു. റമദാന്‍ മാസത്തോട് മുസ്‌ലിംകളുടെ മനസ്സിലുള്ള ബഹുമാനവും ആദരവും വളരെ വലുതാണ്. പിന്നിട്ട ഒരു വര്‍ഷത്തിനിടക്ക് ചെയ്തുപോയ തെറ്റുകുറ്റങ്ങളില്‍ പശ്ചാത്തപിക്കാനും പാപമോചനത്തിനു വേണ്ടി പടച്ച റബ്ബിനോട് പ്രാര്‍ഥിക്കാനും ഈ ദിവസങ്ങളില്‍ അവര്‍ തയാറാവുന്നു. നമസ്‌കാരം ഉപേക്ഷിച്ചും തോന്നിയപടി ജീവിച്ചും ജീവിതം തുലച്ചവര്‍ പോലും റമദാനിലെ നോമ്പ് ഉപേക്ഷിക്കുമായിരുന്നില്ല. സ്ത്രീകളില്‍ പലരും റമദാനിലെ മുപ്പത് ദിവസവും നോമ്പെടുക്കുന്നവരായിരുന്നു. ആര്‍ത്തവ ദിവസങ്ങളില്‍ നോമ്പ് നിഷിദ്ധമാണെന്ന കാര്യം അവര്‍ക്ക് അജ്ഞാതമായിരുന്നതാണ് അതിനു കാരണം.

ആദ്യത്തെ റമദാന്‍ പ്രഭാഷണം
അക്കാലത്ത് ഗ്രാമത്തിലെ പള്ളിയില്‍ ഒരു പ്രഭാഷണം നടത്തേണ്ടിവന്ന സംഭവം ഓര്‍ക്കുന്നു. വേനലവധിയും റമദാനും ഒരുമിച്ചായിരുന്നു അക്കൊല്ലം. റമദാനോടനുബന്ധിച്ച് പള്ളികളില്‍ പതിവായി പ്രഭാഷണങ്ങള്‍ ഉണ്ടാവും. അസര്‍ നമസ്‌കാരത്തിനു ശേഷമോ മഗ്‌രിബിന് ശേഷമോ ആയിരിക്കും അതുണ്ടാവുക. മസ്ജിദ് മുതവല്ലിയാണ് ഞങ്ങളുടെ ഗ്രാമത്തിലെ പള്ളി. അതൊരു വലിയ പള്ളിയാണ്. അവിടെ ക്ലാസ്സെടുക്കുന്നത് ശൈഖ് അബ്ദുല്‍ മുത്ത്വലിബ് അല്‍ ബത്ത എന്ന ഒരു പണ്ഡിതനാണ്. അസര്‍ നമസ്‌കാരത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ ക്ലാസ്. വിജ്ഞാനതല്‍പരരും ദീനീ തല്‍പരരുമായ വലിയൊരു സദസ്സ് അദ്ദേഹത്തിന്റെ ക്ലാസ്സുകള്‍ കേള്‍ക്കാന്‍ പതിവായി സമ്മേളിക്കാറുണ്ട്.
ഒരു ദിവസം ശൈഖ് അബ്ദുല്‍ മുത്ത്വലിബിന് എത്താന്‍ കഴിഞ്ഞില്ല. വലിയൊരു ജനാവലി അദ്ദേഹത്തെ കാത്തു നില്‍ക്കുന്നുണ്ട്. കുറേ നേരം കാത്ത് മടുത്തപ്പോള്‍ ആളുകള്‍ എന്റെയടുക്കല്‍ വന്നിട്ട് പറഞ്ഞു: ''ശൈഖ് യൂസുഫ്! ഇന്നിനി ശൈഖ് അബ്ദുല്‍ മുത്ത്വലിബ് വരുമെന്ന് തോന്നുന്നില്ല. താങ്കള്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിരുന്ന് ക്ലാസ് എടുക്കുക. താങ്കള്‍ അല്‍ അസ്ഹറില്‍ നിന്ന് പഠിച്ചത് പറഞ്ഞാല്‍ മതി.''
അവരുടെ അഭ്യര്‍ഥന മാനിച്ച് അന്നത്തെ ക്ലാസ് ഞാനെടുത്തു. തൗബ(പശ്ചാത്താപം)യെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. സ്വാഭാവികമായും പെട്ടെന്നുള്ള ഒരു പ്രഭാഷണമായിരുന്നു അത്. ഖുര്‍ആനും ഹദീസും ധാരാളമായി ഉദ്ധരിച്ചുകൊണ്ടാണ് ഞാന്‍ സംസാരിച്ചത്. ഇമാം ഗസാലിയുടെ ഇഹ്‌യാ ഉലൂമുദ്ദീനില്‍നിന്നും മിന്‍ഹാജില്‍നിന്നും തൗബയെക്കുറിച്ച് ഞാന്‍ വായിച്ചിരുന്നു. അതിനാല്‍ വിഷയത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണ എനിക്ക് ഉണ്ടായിരുന്നു. അല്‍ അസ്ഹറില്‍ നിന്ന് പഠിച്ചതായിരുന്നില്ല അത്. അവിടെ നിന്ന് ഈ വിഷയം ഞാന്‍ പഠിച്ചിരുന്നില്ല.
ക്ലാസ് കഴിഞ്ഞാല്‍ സദസ്സില്‍നിന്ന് ചോദ്യങ്ങളും സംശയങ്ങളും ഉണ്ടാവും. അത് പതിവായിരുന്നു. ഇത്തരം ക്ലാസുകളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ളതുകൊണ്ട് അവയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളുടെ സ്വഭാവത്തെക്കുറിച്ചും അവക്ക് മറുപടി നല്‍കേണ്ട രീതിയെക്കുറിച്ചും എനിക്ക് ധാരണയുണ്ടായിരുന്നു. അതിനാല്‍ ക്ലാസ്സും ചോദ്യോത്തര വേളയുമെല്ലാം തൃപ്തികരമായി പര്യവസാനിച്ചു. ശ്രോതാക്കളില്‍നിന്ന് പ്രശംസയും അഭിനന്ദനവും ലഭിച്ചു. പിന്നീട് ഈ വിവരം ശൈഖ് അബ്ദുല്‍ മുത്ത്വലിബ് അല്‍ബത്തയുടെ അടുത്തുമെത്തി. അദ്ദേഹവും എന്നെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പിന്നീട് അതൊരു പതിവായിത്തീരുകയും ചെയ്തു. ശൈഖ് അബ്ദുല്‍ മുത്ത്വലിബ് എത്താത്ത ദിവസങ്ങളിലെല്ലാം അദ്ദേഹത്തിനു പകരം ഞാന്‍ ക്ലാസ്സെടുത്തു.

ഒരു ഖുത്വ്ബയുടെ ഓര്‍മ
മറക്കാനാവാത്ത മറ്റൊരു സംഭവം കൂടിയുണ്ട്. വേനല്‍ അവധിക്ക് നാട്ടില്‍ വന്ന് താസമിക്കുന്ന കാലത്താണ് അതും സംഭവിച്ചത്. മറ്റൊരു റമദാനില്‍. ത്വന്‍ത്വായിലെ ഒരു ഇഖ്‌വാന്‍ പ്രവര്‍ത്തകനില്‍നിന്ന് എനിക്കൊരു സന്ദേശം ലഭിച്ചു: കഫ്‌റുശ്ശൈഖിനടുത്തുള്ള ഒരു ഗ്രാമത്തിലെ പള്ളിയില്‍ ഞാന്‍ ജുമുഅ ഖുത്വ്ബ നിര്‍വഹിക്കണം. മുഹല്ലയിലെ ബസ്സ്റ്റാന്റില്‍ ഒരു സഹോദരന്‍ കാത്തുനില്‍ക്കും. അദ്ദേഹം കഫ്‌റുശ്ശൈഖിലേക്ക് എന്നെ അനുഗമിക്കും.
രാവിലെ നേരത്തെ എഴുന്നേറ്റ് ഞാന്‍ മുഹല്ലയിലേക്ക് പുറപ്പെട്ടു. സുഹൃത്ത് പറഞ്ഞത് പോലെ അവിടെ ഒരാള്‍ എന്നെ കാത്തുനില്‍പുണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം കഫ്‌റുശ്ശൈഖിലേക്ക് പോകുന്ന ബസ്സില്‍ കയറി. സഖാ എന്ന സ്ഥലത്താണ് ബസ്സിറങ്ങിയത്. കഠിന ചൂടുള്ള ദിവസമായിരുന്നു. ദേഹം മുഴുവന്‍ വിയര്‍ത്തൊലിക്കുന്നുണ്ട്. പക്ഷേ, ചോര തിളക്കുന്ന യൗവ്വന പ്രായത്തില്‍ അതൊന്നും ഒരു പ്രയാസമായി അനുഭവപ്പെട്ടില്ല. പള്ളിയില്‍ എത്തി ഖുത്വ്ബ നിര്‍വഹിച്ചു. നമസ്‌കാരത്തിനു ശേഷം മറ്റൊരു പ്രഭാഷണവും കൂടി നടത്തി. അതിനു ശേഷം ഞാന്‍ മടക്കയാത്രക്ക് അനുമതി ചോദിച്ചു. നോമ്പുകാലമായതുകൊണ്ട് എന്നെ സല്‍ക്കരിക്കാന്‍ കഴിയാത്തതില്‍ ഗ്രാമവാസികള്‍ക്ക് മനഃപ്രയാസമുണ്ടായിരുന്നു. നോമ്പ് തുറന്നിട്ട് പോകാമെന്ന് അവര്‍ നിര്‍ബന്ധിച്ചു. അവരുടെ ആതിഥ്യം സ്വീകരിക്കാന്‍ എനിക്ക് നിവൃത്തിയുണ്ടായിരുന്നില്ല. നാട്ടില്‍ ഒരു സുപ്രധാന യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിനാല്‍ നന്ദിപൂര്‍വം അവരുടെ ക്ഷണം നിരസിച്ചുകൊണ്ട് ഞാന്‍ യാത്ര പറഞ്ഞിറങ്ങി.
എന്നെ അനുഗമിച്ചിരുന്ന സഹോദരന്‍ പറഞ്ഞു: 'താങ്കള്‍ക്ക് വേണമെങ്കില്‍ കഫ്‌റുശ്ശൈഖില്‍ ചെന്ന് മുഹല്ലയിലേക്ക് ബസ്സില്‍ പോകാം. അല്ലെങ്കില്‍ സഖായില്‍ നിന്ന് ഡല്‍റ്റയിലേക്ക് പോകുന്ന തീവണ്ടിയില്‍ നേരിട്ട് മുഹല്ലയില്‍ ചെന്നിറങ്ങാം.' തീവണ്ടി മാര്‍ഗം പോവുകയാണെങ്കില്‍ മുഹല്ലയിലേക്ക് ടിക്കറ്റ് ചാര്‍ജ് എത്ര വരുമെന്ന് ഞാന്‍ ചോദിച്ചു. ആറ് ഖിര്‍ശ് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്റെ കീശയില്‍ ആറര ഖിര്‍ശുണ്ട്. അതുകൊണ്ട് മുഹല്ലയില്‍ സുഖമായെത്താം. പക്ഷേ, ബാക്കിയുള്ള അര ഖിര്‍ശ് നാട്ടിലെത്താന്‍ മതിയാവുകയില്ല. വഴിമധ്യേ നോമ്പുതുറക്കുകയും വേണം. ഈ ലോകത്ത് എന്റെ കൈവശമുള്ള മൊത്തം സമ്പാദ്യമാണ് ആ ആറര ഖിര്‍ശ്. ഞാന്‍ ഉദ്യോഗസ്ഥനല്ല. വെറുമൊരു വിദ്യാര്‍ഥിയാണ്. എന്റെ യാത്രാകൂലി ത്വന്‍ത്വയിലെ പ്രവര്‍ത്തകര്‍ കഫ്‌റുശ്ശൈഖിലെ പ്രവര്‍ത്തകരെയും അവര്‍ ഞാന്‍ ഖുത്വ്ബ നിര്‍വഹിച്ച ഗ്രാമത്തിലെ സഹ പ്രവര്‍ത്തകരെയും ഏല്‍പിക്കുമെന്നായിരുന്നു നിശ്ചയം. പക്ഷേ, എന്റെ സഹായിയായി വന്ന സഹോദരന് ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും അറിവോ ധാരണയോ ഉണ്ടായിരുന്നില്ല. സഹജമായ ലജ്ജാശീലം കൊണ്ട് അതേപ്പറ്റി ചോദിക്കാന്‍ എനിക്ക് ധൈര്യവുമുണ്ടായില്ല. എന്തായാലും തീവണ്ടി മാര്‍ഗം മുഹല്ലയിലേക്ക് പോകാം. അവിടെ എത്തിയ ശേഷം അല്ലാഹു എന്ത് ഉദ്ദേശിക്കുന്നുവോ അത് സംഭവിക്കട്ടെ എന്ന് കരുതി ഞാന്‍ തീവണ്ടിയാപ്പീസിലേക്ക് നടന്നു.
ചെറിയ ഒരു തീവണ്ടിയായിരുന്നു അത്. വളരെ പതുക്കെയാണ് അത് ഓടിക്കൊണ്ടിരുന്നത്. മഗ്‌രിബിന്റെ തൊട്ടു മുമ്പാണ് മുഹല്ലയില്‍ എത്തിയത്. അവിടെ എനിക്കൊരു ബന്ധുവുമുണ്ട്. അദ്ദേഹത്തിന്റെ വീട്ടില്‍ നോമ്പു തുറക്കാം. നാട്ടിലേക്കുള്ള യാത്രാക്കൂലിയും വാങ്ങാം. പക്ഷേ, അതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് ആ വീട്ടില്‍ ഞാന്‍ പോയിട്ടുള്ളത്. മസ്ജിദുത്തൗബയുടെ അടുത്താണ് അതെന്ന അറിവ് മാത്രമേ എനിക്കുള്ളൂ. വീടിന്റെ മറ്റു അടയാളങ്ങളൊന്നും ഓര്‍മയിലില്ല.
മസ്ജിദുത്തൗബ കണ്ടുപിടിക്കാന്‍ എളുപ്പം സാധിച്ചു. എന്നാല്‍, വീട് കണ്ടെത്താന്‍ കഴിഞ്ഞില്ല. കുറേ അങ്ങോട്ടുമിങ്ങോട്ടും നടന്നു. അപ്പോഴേക്കും മഗ്‌രിബ് ബാങ്ക് വിളിച്ചു. പള്ളിയില്‍ കയറി വെള്ളം കൊണ്ട് നോമ്പ് തുറന്ന് മഗ്‌രിബ് നമസ്‌കരിച്ചു പുറത്തിറങ്ങി.
മുഹല്ലയിലെ ഇഖ്‌വാന്‍ പ്രവര്‍ത്തകരുടെ ആസ്ഥാനത്തേക്കാണ് പിന്നീട് പോയത്. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. അല്‍പം നേരം കാത്തിരുന്നപ്പോള്‍ ഏതാനും പ്രവര്‍ത്തകര്‍ വന്നു. അവര്‍ എന്നെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു. കുടിക്കാന്‍ 'കാസൂറ' തന്നു. പക്ഷേ, പാനീയമായിരുന്നില്ല എനിക്കപ്പോള്‍ ആവശ്യം. എന്റെ വയറ് കാലിയാണ്. നല്ല വിശപ്പും ക്ഷീണവുമുണ്ട്. നോമ്പ് തുറന്നിട്ടില്ലെന്ന് അവരോട് പറഞ്ഞാലോ എന്നാലോചിച്ചു. പക്ഷേ, ലജ്ജ എന്നെ തടഞ്ഞു. എനിക്ക് ജന്മനാ ലഭിച്ചതാണീ ലജ്ജാശീലം. കഫ്‌റുശ്ശൈഖില്‍ നിന്ന് യാത്രാക്കൂലി ചോദിച്ചു വാങ്ങാതിരുന്നതും അതുകൊണ്ടാണ്. പൊതു പ്രഭാഷണങ്ങള്‍ക്കോ ഖുത്വ്ബകള്‍ക്കോ പോകുമ്പോള്‍ യാത്രാക്കൂലി കൊടുക്കലും വാങ്ങലുമൊക്കെ പതിവുള്ളതാണ്. അതില്‍ തെറ്റൊന്നുമില്ല.
അര ഖിര്‍ശ് എന്റെ കൈവശമുണ്ട്. രണ്ട് ഖിര്‍ശ് കൂടി കിട്ടിയാല്‍ എന്റെ ഗ്രാമമായ സഫത്തിലെത്താം. ഈ സഹോദരങ്ങളോട് ചോദിച്ചാല്‍ സന്തോഷപൂര്‍വം അവരത് തരും. പക്ഷേ, എങ്ങനെ ചോദിക്കും? എന്റെ ലജ്ജാബോധം ആവശ്യബോധത്തെ നിര്‍വീര്യമാക്കിയിരിക്കുകയാണ്.
അവരോട് യാത്ര പറഞ്ഞ് ഞാന്‍ റോഡിലേക്കിറങ്ങി. മുഹല്ലയില്‍ നിന്ന് സഫ്തിലേക്ക് പതിനൊന്ന് കിലോമീറ്റര്‍ ദൂരമുണ്ട്. അത്രയും ദൂരം കാല്‍നടയായി പോകാം എന്ന് തീരുമാനിച്ചു. അല്‍പദൂരം നടന്ന് 'അശ്ശൂന്‍' എന്ന ഭാഗത്തെത്തിയപ്പോള്‍ ഏതാനും ടാക്‌സികള്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. അതിലൊന്ന് പിടിച്ച് നാട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. തറാവീഹ് കഴിഞ്ഞാണ് യോഗം. വാഹനത്തില്‍ പോയാലേ സമയത്ത് എത്തിച്ചേരാനാവൂ. രണ്ട് ടാക്‌സിക്കാരോട് അപേക്ഷിച്ചു നോക്കി. രണ്ടു പേരും പോകാന്‍ സന്നദ്ധമായില്ല. അങ്ങനെ നിരാശപ്പെട്ട് തിരിച്ചുപോരുമ്പോള്‍ ഒരു മനുഷ്യന്‍ അടുത്ത് വന്നിട്ട് ചോദിച്ചു: ''എന്താ ടാക്‌സിയില്‍ കയറാത്തത്?'' എന്റെ തൊപ്പിയും ജുബ്ബയും കണ്ടിട്ട് അയാള്‍ക്ക് എന്നോട് സ്‌നേഹമോ ബഹുമാനമോ തോന്നിക്കാണണം. ഞാന്‍ തുറന്നു പറഞ്ഞു. ''ടാക്‌സിക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ പണമില്ല.'' അയാള്‍ ചോദിച്ചു: ''എത്രയാണ് വേണ്ടത്?'' ഞാന്‍ പറഞ്ഞു: ''രണ്ട് ഖിര്‍ശ്.'' ഉടനെത്തന്നെ അയാള്‍ രണ്ട് ഖിര്‍ശ് എടുത്തുതന്നു. ഞാന്‍ പറഞ്ഞു: 'അല്ലാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ. എന്റെ വിഷമം താങ്കള്‍ അകറ്റിത്തന്നിരിക്കുന്നു.'
അങ്ങനെ ഞാന്‍ നാട്ടിലെത്തി. വീട്ടില്‍ ചെന്ന് ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്തത്. യോഗത്തില്‍ സംബന്ധിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ക്ഷീണവും തളര്‍ച്ചയും വകവെക്കാതെ പള്ളിയിലേക്ക് പുറപ്പെട്ടു. സഫ്തില്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ ഒരു ഘടകം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള യോഗമായിരുന്നു അത്. ചില സാഹചര്യങ്ങളാല്‍ അന്നത് നടക്കുകയുണ്ടായില്ല. പിന്നീടൊരു ദിവസം സഫ്തില്‍ ഇഖ്‌വാന്റെ ഘടകം നിലവില്‍ വന്നു. ഗ്രാമത്തിലെ ഊര്‍ജസ്വലരും നിസ്വാര്‍ഥരുമായ ഒരുപറ്റം ചെറുപ്പക്കാരായിരുന്നു ആദ്യകാല പ്രവര്‍ത്തകര്‍. ഇഖ്‌വാനുല്‍ മുസ്‌ലിമൂനെതിരെ ഭരണകൂടം നടപടികള്‍ സ്വീകരിച്ച കാലത്ത് അവരില്‍ പലരും ജയിലിലടക്കപ്പെടുകയും കടുത്ത മര്‍ദന പീഡനങ്ങള്‍ക്കിരയാവുകയുമുണ്ടായി. (തുടരും)
വിവ: റഹ്മാന്‍ മുന്നൂര്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍