റമദാന്റെ കൊയ്ത്തുകാലത്ത് കൊടുങ്കാറ്റ് കൊയ്യുക!
മണ്ണില്‍ വസിക്കുന്ന, മണ്ണാലുള്ള മനുഷ്യന്‍ മണ്ണിലേക്കൊട്ടിപ്പിടിക്കുക എളുപ്പം. പെട്ടെന്ന് ഫലം കിട്ടുക കണ്‍മുമ്പിലുള്ള ലോകത്തു നിന്നാണ്. അതിനാല്‍ ഭൗതികതയുമായി മനുഷ്യന്‍ ശീഘ്രം പ്രണയത്തിലാവും. എന്നാല്‍, മനുഷ്യന്‍-അല്ലാഹുവിനാല്‍ ഏറെ ആദരിക്കപ്പെട്ട മനുഷ്യന്‍- വെറും ശരീരമാണോ? ഒരു തരിയും അവശേഷിക്കാതെ വെറും മണ്ണായി മാറുന്ന ശരീരം മാത്രം മതിയോ മനുഷ്യന്? അവന് 'ആലമുല്‍ അര്‍വാഹി'ന്റെ ലോകത്തേക്കാണ് മടക്കയാത്ര നടത്തേണ്ടത്. അതിനിടക്ക് ഭൂമിയില്‍ അവന് സ്രഷ്ടാവിന്റെ 'പ്രാതിനിധ്യം' പുലര്‍ത്തേണ്ടതുണ്ട്. ആത്മീയതയുടെ നിറവിനനുസരിച്ചാണ് ദൗത്യനിര്‍വഹണത്തിന് അവന്‍ കരുത്ത് നേടുന്നത്. കളിമണ്ണും റൂഹും യുഗ്മസൗഭാഗ്യം നേടുമ്പോഴാണ് ഒരു നല്ല മനുഷ്യന്‍ പിറക്കുന്നത്.
കാലങ്ങളെ മുറിച്ചുകടന്നാണ് വിശുദ്ധ റമദാന്റെ യാത്ര. ആ കാലത്തിനു സാക്ഷികളാകുന്നവരാണ് തങ്ങളുടെ റമദാനില്‍ നിന്ന് ശക്തി കൊയ്യേണ്ടത്. ഇത് എല്ലാ കാലത്തും ഒരുപോലെയല്ല. കാലത്തിന്റെ കറക്കത്തില്‍ വന്നുചേരുന്ന വൃദ്ധിക്ഷയങ്ങളെ കൃത്യമായി അടയാളപ്പെടുത്തിയാണ് ഇത് അളന്നെടുക്കേണ്ടത്. എങ്കിലേ റമദാന്‍ നമുക്ക് സഫലമാകൂ. ഓരോ റമദാനിലും നാം തന്നെയാണ് നമ്മുടെ ലക്ഷ്യങ്ങള്‍ നിര്‍ണയിക്കേണ്ടത്. വര്‍ഷാവര്‍ഷം നന്മ വിതറി കടന്നുപോകുന്ന റമദാനില്‍ ഉത്സവക്കാഴ്ച കാണുന്ന പ്രതീതിയോടെ കൈയും കെട്ടി നോക്കിനിന്നാല്‍ അവസാനം 'അയ്യട' വിളിക്കേണ്ടിവരും.
ഭൗതികത 'കൊങ്ങം' വെട്ടുന്ന പ്രളയകാലമാണിത്. ഒരു പ്രവാചകനുണ്ടായിരുന്നെങ്കില്‍; 'അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ക്കെന്തു ഭവിച്ചു; ദൈവിക മാര്‍ഗത്തില്‍ ഇറങ്ങിത്തിരിക്കുവിന്‍ എന്നു പറയപ്പെട്ടപ്പോള്‍ നിങ്ങള്‍ നിലത്തോടൊട്ടിക്കളഞ്ഞുവല്ലോ? നിങ്ങള്‍ പരലോകത്തിനു പകരം ഭൗതികജീവിതം കൊണ്ട് തൃപ്തിപ്പെട്ടുവോ?' (അത്തൗബ 38) എന്ന് ചോദിച്ചുപോകുന്ന കാലമാണിത്! വിശ്വാസികളുടെ അജണ്ടകളും അജണ്ടകളുടെ മുന്‍ഗണനാ ക്രമവും തെറ്റിപ്പോകുന്ന ആസുര കാലത്താണ് നാം. തെല്ലിട തെറ്റിയാല്‍ സത്യസാക്ഷ്യവും സ്വര്‍ഗപാതയും ഖൈറു ഉമ്മത്തിന് വിനഷ്ടമായിപ്പോകും.
ഈ ത്രിശങ്കുപാതയില്‍ നാം റമദാന് ചെവികൊടുക്കണം. തികഞ്ഞ ഒരനുഭാവിയായി വന്ന്, ഏറെ അവധാനതയോടെ ശഹ്‌റുറമദാന്‍ നമ്മെ വീണ്ടും വിളിക്കുന്നത്, നേരായ വരയിലേക്കാണ്. ശരിയായ ലക്ഷ്യത്തിലേക്കുള്ള പുനഃസ്ഥാപനത്തിലേക്ക്. ഇതുണ്ടായില്ലെങ്കില്‍, ട്രാക്ക് തെറ്റി ഓടുന്നവരില്‍ നാമും പെട്ടുപോകുമായിരുന്നു. അല്‍പം കടുത്ത ശിക്ഷണത്തോടെ തന്നെയാണ് റമദാന്‍ നമ്മെ വീണ്ടും നയിക്കുന്നത്. ശഹീദ് സയ്യിദ് ഖുത്വ്ബ് വ്രതശുദ്ധിയുടെ പൊരുള്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: ''ഒരു വിശ്വാസിയുടെ ശിക്ഷണത്തില്‍ ഇത് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. കാരണം, അവന്‍ സ്വയം തെരഞ്ഞെടുത്ത ദുര്‍ഘടമായ ഈ പാതയിലെ പ്രയാസങ്ങള്‍ തരണം ചെയ്യാന്‍ ഇങ്ങനെയൊരു പരിശീലനം അവന് കൂടിയേ കഴിയൂ. പാതയില്‍ മുള്ളും കല്ലുമുണ്ട്. അതിന്റെ ഇരുവശവും എല്ലാതരത്തിലുള്ള ഭൗതിക പ്രലോഭനങ്ങളും വിശ്വാസിയെ മാടിവിളിച്ചുകൊണ്ടിരിക്കുന്നു. യാത്രികനെ വഴിതെറ്റിക്കാനാണ് അവയുടെ ശ്രമം.''
ഇസ്‌ലാം വീണ്ടും അറബ് ദേശത്ത് ഉദിക്കുകയാണ്. പുതിയ 'അറേബ്യന്‍ വസന്തം' ഉയരുന്ന പോലെ. വിമോചനത്തിന്റെ പുതിയ കാറ്റ് പടര്‍ന്നുപിടിക്കുന്നു. അന്യായ ജയിലറകള്‍ സ്വാതന്ത്ര്യത്തിലേക്ക് തുറക്കുന്നു. വിശ്വാസികള്‍ വീണ്ടും ഇസ്‌ലാമിന്റെ ഇസ്സത്തു പതാകകള്‍ ഏന്തുന്നു. ചിറപൊട്ടിയ പോലെ ആര്‍ത്തലച്ചവര്‍ തക്ബീര്‍ പാടിയെത്തുന്നു. അടഞ്ഞ കണ്ണുകളും ബുദ്ധികളും ഇസ്‌ലാമിനു നേരെ തുറന്ന് വരുന്ന ഘട്ടമാണിത്. വിലക്കപ്പെട്ടവരും മറയിടപ്പെട്ടവരും ആവേശപൂര്‍വം ഇസ്്‌ലാമിനെ കേള്‍ക്കുന്ന കാലം. മഞ്ഞുരുകി, പുകമറകള്‍ നീങ്ങി ദൈവികമതം പ്രസക്തമാകുന്ന ഈ കാലത്താണ് നമുക്കായി റമദാന്‍ വീണ്ടും വരുന്നത്.
നമ്മുടെ റമദാന്‍ സാക്ഷ്യം ഒരു പതിവിനു ആണ്ടുനേര്‍ച്ചയാവരുത്. പള്ളികള്‍ 'വെള്ള വലി'ക്കുന്നതിലും വീടുകള്‍ 'മാറാല തട്ടു'ന്നതിലും 'നനച്ചു' (നിനച്ചോ) കുളിക്കുന്നതിലും അത് ചുരുങ്ങരുത്. ഒരു മാസത്തേക്കുള്ള റമദാന്‍ വിഭവവിവര പട്ടിക തയാറാക്കുന്നതിലും അത് ഒടുങ്ങരുത്. പ്രത്യുത, ചരിത്രത്തിന്റെ ചുമരടയാളങ്ങളില്‍ നാം ഇസ്്‌ലാമിന്റെ വെള്ള പൂശണം. ഹൃദയത്തിന്റെ നിഫാഖു തട്ടുകളില്‍ മാറാല തട്ടണം. റമദാനമ്പിളിപൂത്ത നമ്മുടെ ആകാശത്ത് പുതിയ വിമോചനത്തിന്റെ മുദ്രാവാക്യങ്ങള്‍ കുറിച്ചിടണം! അപ്പോള്‍ റമദാനെ വരവേറ്റുകൊണ്ട് തിരുനബി(സ) നടത്തിയ പ്രാര്‍ഥന നാമും ഇങ്ങനെ ഉരുവിടും: ''നാഥാ! ഈ ചന്ദ്രികയുടെ അരുണോദയം ഞങ്ങള്‍ക്കുമേല്‍ നിര്‍ഭയത്വത്തിന്റെയും വിശ്വാസത്തിന്റെയും സമാധാനത്തിന്റെയും ഇസ്്‌ലാമിന്റെയും അരുണോദയമാക്കേണമേ!''
വിശുദ്ധ ഖുര്‍ആന്റെ വചന പ്രഘോഷങ്ങളെ സാക്ഷിയാക്കി ചരിത്രത്തില്‍ വിപ്ലവ വിജയത്തിന്റെ ഭേരി മുഴക്കിയ മാസമാണ് റമദാന്‍. ഇരുളടഞ്ഞ ജാഹിലിയ്യാ കോട്ടകളെ തട്ടിത്തകര്‍ത്ത്, മനുഷ്യഹൃദയങ്ങളെ കീഴടക്കി സമാധാനത്തോടെ ഇസ്‌ലാം മക്കയിലേക്ക് ആവേശപൂര്‍വം തിരിച്ചുകയറിയത് (മക്കം ഫത്ഹ്) ഈ വിശുദ്ധ മാസത്തിലാണ്. നിങ്ങള്‍ അസത്യത്തില്‍ തന്നെയാണെന്ന് ഖുറൈശിപ്പടയെ നല്ലവണ്ണം ബോധ്യപ്പെടുത്തി, നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്തവര്‍ക്കു മേല്‍ സത്യത്തിന്റെ വിജയപതാക നാട്ടി ബദ്‌റില്‍ വിശ്വാസികള്‍ ജയിച്ചുകയറിയതും റമദാനില്‍. വേറെയും ഒട്ടേറെ വിജയ പ്രഖ്യാപനങ്ങള്‍ക്ക് സാക്ഷിയായ കര്‍മസാഫല്യത്തിന്റെ മാസമാണ് റമദാന്‍. ധന്യമായ ഈ സത്യാസത്യ പോരാട്ടങ്ങളുടെ പടപ്പറമ്പുകളില്‍ നമ്മുടെ റമദാന്‍ കൊളുത്തിയെടുക്കേണ്ടത് പുതിയ കാലത്തേക്കുള്ള വിപ്ലവത്തിന്റെ ജ്വാലകളാണ്. ഓര്‍ക്കുക! ഉറക്കം തൂങ്ങികളുടെ ആവര്‍ത്തന വിരസമായ റമദാന്‍ കാലം കാലത്തിന്റെ ചുമരില്‍ കര്‍മശാസ്ത്രത്തിന്റെ നൂലിഴ കീറിയ ഉമിനീര്‍ തുപ്പലല്ലാതെ മറ്റൊന്നും അവശേഷിപ്പിക്കില്ല!
'നന്മ തേടുന്നവനേ, മുന്നോട്ടുവരിക' എന്ന വിളിയാളവുമായാണ് വ്രതമാസം വിശ്വാസിയെ സമീപിക്കുന്നത്. ആലസ്യത്തിന്റെ, നിസ്സംഗതയുടെ മൂടിപ്പുതപ്പുകള്‍ മാറ്റി ഉണര്‍ന്നെണീക്കാന്‍ അത് ആഹ്വാനം ചെയ്യുന്നു. ആരാധനകളിലും സല്‍ക്കര്‍മങ്ങളിലും പ്രാര്‍ഥനകളിലും തൗബയിലും മത്സരിച്ച് മുന്നേറാന്‍ ശക്തമായ പ്രേരണ നല്‍കുന്ന 'ശരീര ഭാഷ'യാണ് റമദാന്‍ പ്രകടമാക്കുന്നത്. റമദാന്‍ കാലത്ത് പ്രവാചകന്‍(സ) കൊടുങ്കാറ്റിനേക്കാള്‍ വേഗതയേറിയ ധര്‍മിഷ്ഠനും ദയാലുവുമായിരുന്നു എന്നത് ഉദാഹരണം. വാര്‍ധക്യത്തിന്റെ അവശകാലത്തു പോലും ജരാനരകളുടെ പ്രായപ്രകടനങ്ങള്‍ക്ക് പകരം ആവേശത്തിന്റെ ചുറുചുറുക്കാണ് വ്രതകാലത്ത് പൂര്‍വികര്‍ കാഴ്ചവെച്ചത്. വൃദ്ധനായ അല്‍അഹ്്‌നഫ്ബ്‌നു ഖൈസിനോട്, 'താങ്കള്‍ക്ക് ഏറെ വയസ്സായില്ലേ, വ്രതം താങ്കളെ വീണ്ടും ക്ഷീണിപ്പിക്കില്ലേ' എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ഇങ്ങനെ: 'ഞാനൊരു നീണ്ട യാത്രക്കൊരുങ്ങുകയാണ്. ആ യാത്രയില്‍ അല്ലാഹുവിന്റെ ശിക്ഷയെ സഹിക്കാനുള്ള കരുത്തെനിക്കില്ല. എന്നാല്‍, ഇബാദത്തുകളുടെ ക്ലേശം സഹിക്കാന്‍ എനിക്കാവും. അതാണല്ലോ എളുപ്പവും!'
മനുഷ്യന് രണ്ട് ചിറകുണ്ട്. ഭൗതികതയുടെ ചിറകും ആത്മീയതയുടെ ചിറകും. രണ്ടിലും തുല്യമായി ഇന്ധനം നിറച്ചാലെ ഒരു പാര്‍ശ്വത്തിലേക്ക് ചെരിയാതെ ലക്ഷ്യത്തിലേക്ക് സുഗമ സഞ്ചാരം നടത്താനാവൂ. ജീവിതയാത്രയില്‍ ഊര്‍ജ സംഭരണത്തിന്റെ ഇടത്താവളമത്രെ റമദാന്‍. പകലിലെ നോമ്പനുഷ്ഠാനം മാത്രമല്ല പ്രധാനം. രാത്രി, മാസത്തിന്റെ (ശഹ്ര്‍) ഭാഗമാണ്. റമദാന്‍ മാസത്തിന്റെ രാത്രികളിലാവട്ടെ പുണ്യക്കൊയ്ത്തിന് ഒട്ടേറെ സവിശേഷ അവസരങ്ങളുണ്ട്. 83 വര്‍ഷത്തെ പുണ്യകര്‍മങ്ങള്‍ ഒറ്റ രാവുകൊണ്ട് നേടാവുന്ന 'നിര്‍ണയ രാവ്' അതില്‍ സുപ്രധാനം. പുണ്യം കൊതിച്ച് രാവുകളില്‍ നിന്ന് നമസ്‌കരിച്ചവനേ അത് നേടാനൊക്കൂ. രാത്രിയിലെ പുണ്യ കര്‍മങ്ങള്‍, ഇബാദത്തുകള്‍ വിശ്വാസികള്‍ക്ക് ഊര്‍ജക്കരുത്തിന്റെ രഹസ്യനിലവറകളാണ്. പുതുവര്‍ഷത്തേക്കുള്ള ആത്മീയോല്‍ക്കര്‍ഷം സഞ്ചി നിറച്ചും പെറുക്കിക്കൂട്ടാനുള്ള അവസരങ്ങള്‍ അതിലുണ്ട്. നിറഞ്ഞ പാഥേയത്തിനൊപ്പം ഉന്മേഷത്തിന്റെ പാനപാത്രം നിറക്കാന്‍ കൂടി വിശ്വാസി ജാഗ്രത കാട്ടും. ഒരു ജൈത്രയാത്രക്കുള്ള ഉണര്‍വ് അപ്പോള്‍ വിശ്വാസിയില്‍ വന്നുചേരും. അതുകൊണ്ടാണ് പൂര്‍വികരില്‍ സാത്വികനായ ഒരു വിശ്വാസി ഇപ്രകാരം പറഞ്ഞത്: 'ഖിയാമുല്ലൈലുകള്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ കടുത്ത് കരിമ്പാറയായേനേ, ഞങ്ങളുടെ കണ്ണീര്‍ കണങ്ങള്‍ വറ്റിപ്പോവുകയും ഈമാന്‍ ക്ഷയിച്ചുപോവുകയും ചെയ്‌തേനേ.'
റമദാന്‍ വിശ്വാസിക്ക് കൊയ്ത്തു കാലമാണ്.
തഖ്‌വയും ഈമാനും ഇഹ്‌സാനും കൊയ്യുന്ന കാലം. കാലത്തെ വെല്ലാനുള്ള കരുത്ത് കൊയ്യാനുള്ള കാലം ഒരു പുതിയ ആവേശത്തിന്റെ കൊടുങ്കാറ്റ് കൊയ്യാന്‍ നാം തയാറാവണം. ഒരു അറബിക്കവി പാടിയിട്ടുണ്ട്: ''വിത്തിറക്കേണ്ട കാലത്ത് വിത്തിറക്കാതിരുന്നാല്‍, കൊയ്ത്തുകാലത്ത് നിനക്ക് വിരല്‍ കടിക്കേണ്ടിവരും.''
Comments