Prabodhanm Weekly

Pages

Search

2012 ജൂലൈ 14

ഹൃദയശുദ്ധിയും ആത്മീയ ശക്തിയും ആര്‍ജിക്കുക

ഹല്‍ഖാ അമീര്‍

പുണ്യങ്ങളുടെ പൂക്കാലമായി, ദാനധര്‍മങ്ങളുടെ തേന്മഴക്കാലമായി വിശുദ്ധ റമദാന്‍ വീണ്ടും സമാഗതമാവുകയാണ്. റമദാന്‍ മാസത്തില്‍ അല്ലാഹു ഒരുക്കിവെച്ച എല്ലാ നന്മകളും അനുഭവിക്കാനും എല്ലാ അനുഗ്രഹങ്ങളും ആര്‍ജിച്ചെടുക്കാനും അവന്‍ നമ്മെയെല്ലാം അനുഗ്രഹിക്കുമാറാകട്ടെ, ആമീന്‍.
ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിചേര്‍ന്ന ഓരോ പുരുഷനും സ്ത്രീയും അളവറ്റ ആഹ്ലാദത്തോടെയാണ് ഈ റമദാനെ വരവേല്‍ക്കുന്നത്. ഒരു നൂറ്റാണ്ടുകാലമായി നവോത്ഥാന നായകര്‍ നട്ടുവളര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്തുപോന്ന ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ അവരനുഭവിച്ച കൊടിയ പീഡനങ്ങള്‍ക്കും മര്‍ദനങ്ങള്‍ക്കും ശേഷം അവരുടെ പരിശ്രമങ്ങളുടെ ഫലം ആസ്വദിക്കുന്ന അനുഭവങ്ങള്‍ക്കാണ് പോയവര്‍ഷവും ഈ വര്‍ഷവും സാക്ഷിയായത്. ഈജിപ്തിലും തുനീഷ്യയിലും ലിബിയയിലും മറ്റു മുസ്‌ലിം രാജ്യങ്ങളിലും മുല്ലപ്പൂസുഗന്ധം പരത്തിക്കൊണ്ട് പുതിയ വസന്തം വിരിയുന്നത് കാണാനുള്ള ഭാഗ്യം നമുക്കേവര്‍ക്കും ലഭിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനവും എല്ലാ പരിമിതികളോടുമൊപ്പം ബൃഹത്തായ വിവിധ പദ്ധതികളുമായി പുതിയ കാല്‍വെപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യത്തിന് ശേഷം വിദ്യാഭ്യാസ-സാംസ്‌കാരിക - സാമ്പത്തിക മേഖലയില്‍ ബഹുദൂരം പിറകോട്ട് തള്ളപ്പെട്ടുപോയ മുസ്‌ലിം സമൂഹത്തെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ഐതിഹാസികമായ പരിശ്രമമാണ് 'വിഷന്‍ 2016.' ഇന്ത്യയിലെ മുസ്‌ലിംകളുടെയും മറ്റു പിന്നാക്ക ജനവിഭാഗങ്ങളുടെയും, സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്ന എല്ലാ വിഭാഗങ്ങളുടെയും ആധികാരിക പ്രതിനിധാനമായി വളരാനിരിക്കുന്ന പുതിയ രാഷ്ട്രീയ നീക്കത്തിന് ഇസ്‌ലാമിക പ്രസ്ഥാനം മുന്‍കൈയെടുത്തിരിക്കുന്നു. ഇസ്‌ലാമിക സമൂഹം എന്നുള്ള നിലയില്‍ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനവിഭാഗമായ ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് ദിശാബോധം നല്‍കിക്കൊണ്ടും എല്ലാ മത-ജാതീയ സമൂഹങ്ങളുമായും വിശാലമായ ബന്ധങ്ങള്‍ സ്ഥാപിച്ചെടുത്തുകൊണ്ടും ഇന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനം അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കേരളഘടകവും 2011 മുതല്‍ 2015 വരെയുള്ള പ്രവര്‍ത്തന കാലയളവിലേക്ക് തയാറാക്കിയ വിവിധ പദ്ധതികള്‍ വിജയകരമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മൂല്യവത്തായ ഒരു ഇലക്‌ട്രോണിക് മാധ്യമം ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കായി സമര്‍പ്പിക്കാന്‍ നാം തയാറെടുത്തുകൊണ്ടിരിക്കുന്നു. വിജയകരമായി കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ അച്ചടിമാധ്യമത്തിന്റെ അനിവാര്യവും സ്വാഭാവികവുമായ തുടര്‍ച്ചയാണിത്. മലയാളികളായ മുഴുവന്‍ മുസ്‌ലിംകള്‍ക്കും അവരുടെ പ്രസിദ്ധീകരണങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവലംബിക്കാന്‍ കഴിയുന്ന വാര്‍ത്തകളും വിശകലനങ്ങളും ലേഖനങ്ങളും അടങ്ങിയ ഒരു ന്യൂസ് പോര്‍ട്ടലിനും നാം തുടക്കം കുറിച്ചുകഴിഞ്ഞു. ഇതിന് നേതൃത്വം നല്‍കുന്ന ഡി4 മീഡിയ ബഹുമുഖമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തഫ്ഹീമുല്‍ ഖുര്‍ആനിന്റെ ഓഡിയോ സൗകര്യത്തോടുകൂടിയ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ്, ഓണ്‍ലൈന്‍ ടിവി, ഓണ്‍ലൈന്‍ റേഡിയോ, സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലുള്ള ഫലപ്രദമായ ഇടപെടല്‍ എന്നിവയെല്ലാം ഡി4-ന്റെ പരിപാടികളില്‍ പെടുന്നു.
കുടുംബത്തിന്റെ ഭദ്രതയും ഇസ്‌ലാമികവത്കരണവും സാധിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു കേന്ദ്രം സ്ഥാപിക്കണമെന്ന് നാം തീരുമാനിച്ചിട്ടുണ്ട്. അതിന്റെ പ്രഥമപടിയെന്ന നിലയില്‍ 'ആശ്വാസ്' എന്ന പേരില്‍ മലപ്പുറത്ത് മലബാര്‍ ഹൗസില്‍ ഒരു കൗണ്‍സലിംഗ് കേന്ദ്രം ആരംഭിച്ചു. ഹൈസ്‌കൂള്‍ ക്ലാസുകളിലെ കുട്ടികളെ സംഘടിപ്പിച്ച് അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അവരില്‍ നന്മയും മൂല്യങ്ങളും നട്ടുപിടിപ്പിക്കാനും ഉതകുന്ന ഒരു കൗമാര കൂട്ടായ്മക്ക് വേണ്ടിയുളള ശ്രമങ്ങള്‍ അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രസ്ഥാനത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാരെ സംഘടിപ്പിച്ച് ഒരു പണ്ഡിത സംഘടനയുടെ രൂപവത്കരണത്തിനും മുന്‍കൈയെടുക്കണമെന്ന് ഉദ്ദേശ്യമുണ്ട്.
ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിക്കുന്ന സംരംഭങ്ങളും കൂട്ടായ്മകളുമെല്ലാം മുഴുവന്‍ മുസ്‌ലിം സമൂഹത്തിനും ഉപകാരപ്പെടുന്ന വിധത്തിലായിരിക്കണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്. കേരളത്തിലെ പല മതസംഘടനകളും പക്ഷപാതിത്വ മനസ്സാണ് സമൂഹത്തില്‍ വളര്‍ത്തിക്കൊണ്ടുവരുന്നത്. ഈ സംഘടനാ പക്ഷപാതിത്വങ്ങളില്‍ നിന്ന് പുറത്തുകടന്ന് മുസ്‌ലിം സമുദായത്തെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നും അവരുടെ വിശ്വാസമാര്‍ജിച്ച് മുന്നോട്ടുപോകണമെന്നുമാണ് നമ്മുടെ ഉറച്ച തീരുമാനം. നമ്മുടെ മുഖപത്രമുള്‍പ്പെടെയുള്ള പ്രിന്റ് - ഇലക്‌ട്രോണിക് മീഡിയയില്‍ എല്ലാവിഭാഗം മുസ്‌ലിംകള്‍ക്കും ഇടമനുവദിച്ചും, നമ്മുടെ പള്ളികളില്‍ നിന്ന് സംഘടനാ അടയാളങ്ങളെ മാറ്റിനിര്‍ത്തി ആര്‍ക്കും അന്യത്വം തോന്നാതെ കയറിവരാനുള്ള സാഹചര്യമൊരുക്കിയും, നമ്മുടെ പ്രതിവാര യോഗങ്ങളില്‍പോലും എല്ലാവര്‍ക്കും പങ്കെടുക്കാന്‍ അവസരം നല്‍കിയും പൊതുമുസ്‌ലിം സമൂഹവുമായുള്ള ബന്ധം നാം വളര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.
നമ്മുടെ അഖിലേന്ത്യാ നേതൃത്വം, കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തകരുടെ പോരായ്മകളും അവലോകനം ചെയ്ത ശേഷം പുതിയ പ്രവര്‍ത്തന കാലയളവില്‍ പ്രവര്‍ത്തകരുടെ ഹൃദയസംസ്‌കരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് തീരുമാനിച്ചിരിക്കുകയാണല്ലോ. ബഹുമുഖമായ പദ്ധതികള്‍ നാം ഏറ്റെടുക്കുമ്പോള്‍ ദിശ മാറിപ്പോകാതിരിക്കാനും ലക്ഷ്യം തെറ്റാതിരിക്കാനും ഈമാനിന്റെ അടിത്തറയില്‍ നിന്ന് വഴുതി മാറാതിരിക്കാനും ഹൃദയസംസ്‌കരണത്തില്‍ നാം കൂടുതല്‍ ശ്രദ്ധയൂന്നിയേ പറ്റൂ എന്നതുകൊണ്ടാണ് നമ്മുടെ നേതൃത്വം അങ്ങനെ ഒരു തീരുമാനമെടുത്തത്. പുതിയ പ്രവര്‍ത്തന കാലയളവിലെ ആദ്യത്തെ റമദാനാണ് നമ്മിലേക്ക് കടന്നുവരുന്നത്. ഹൃദയസംസ്‌കരണത്തിനുള്ള ഈ അസുലഭാവസരം ഓരോ പ്രവര്‍ത്തകനും പ്രവര്‍ത്തകയും സമുചിതമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
അടിസ്ഥാനപരമായി നമ്മുടെ ഹൃദയം നിഷ്‌കളങ്കവും നന്മകള്‍ക്ക് പ്രചോദനം നല്‍കുന്നതുമാണെങ്കിലും മാലിന്യങ്ങളും തിന്മകളും അതില്‍ വന്നുകൂടുകൂട്ടുക വളരെ എളുപ്പമാണ്. വൃത്തികേടുകള്‍ വന്ന് മലിനമാകുമ്പോഴെല്ലാം ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി അതിനെ ശുദ്ധീകരിച്ചുകൊണ്ടിരുന്നാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ കഴിയൂ. 'അറിയുക, ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. അത് ചീത്തയായാല്‍ ശരീരം മുഴുവന്‍ ചീത്തയായി' എന്ന് പ്രവാചകന്‍ പറഞ്ഞു. 'അത് ശുദ്ധീകരിച്ചവന്‍ വിജയിച്ചു. മലിനമാക്കാന്‍ വിട്ടവന്‍ പരാജയപ്പെടുകയും ചെയ്തു' എന്ന് വിശുദ്ധ ഖുര്‍ആനും (സൂറ അശ്ശംസ് 9,10) പഠിപ്പിക്കുന്നു.
ശുദ്ധമായ ഹൃദയത്തിലേ ഈമാന്‍ ആഴത്തില്‍ വേരുറക്കുകയുള്ളൂ. ഹൃദയശുദ്ധീകരണത്തിന് അവസരം കിട്ടാത്ത ജനതയെ അഭിമുഖീകരിച്ചുകൊണ്ട് 'നിങ്ങളുടെ ഹൃദയത്തിലേക്ക് ഈമാന്‍ കടന്നുചെന്നിട്ടില്ല' (അല്‍ഹുജുറാത്ത് 14) എന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നുണ്ട്. ഹൃദയത്തിന് സംഭവിക്കുന്ന വിവിധ ദൗര്‍ബല്യങ്ങളിലേക്ക് വിശുദ്ധ ഖുര്‍ആന്‍ വെളിച്ചം വീശുന്നത് നാം പഠിക്കാന്‍ ശ്രമിക്കണം. അനാവശ്യമായി ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയും ഖുര്‍ആനില്‍ വ്യക്തമായി വിശദീകരിച്ചിട്ടുള്ള വിധികളില്‍ നിന്ന് പുറം തിരിഞ്ഞുകളയുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ വക്രതയുണ്ടെന്ന് (ആലുഇംറാന്‍ 7) ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയത്തില്‍ കറപുരളുമെന്നും (അല്‍മുതഫ്ഫിഫീന്‍ 14) ഹൃദയത്തിന് പുറത്ത് മൂടുപടം വന്നുവീഴുമെന്നും (അല്‍ബഖറ 7) ഹൃദയങ്ങള്‍ കട്ടിയുള്ള പുറംതോടില്‍ അകപ്പെട്ടുപോകുമെന്നും (അല്‍ബഖറ 88) വിശുദ്ധ ഖുര്‍ആന്‍ താക്കീതു ചെയ്യുന്നുണ്ട്. ചിലപ്പോള്‍ ഹൃദയങ്ങള്‍ തന്നെ കടുത്ത് കരിമ്പാറയെക്കാള്‍ കട്ടിയുള്ളതായിത്തീരുന്നു (അല്‍ബഖറ 74). കരിങ്കല്ലില്‍ നിന്നുപോലും ചിലപ്പോള്‍ ഉറവകള്‍ പൊട്ടി ഒഴുകാറുണ്ട്. ചിലപ്പോള്‍ പാറകള്‍ പോലും പ്രകമ്പിതമാവുകയും അല്ലാഹുവിനെ ഭയപ്പെട്ടുകൊണ്ട് ഉതിര്‍ന്നുവീഴുകയും ചെയ്യാറുണ്ട്. കാരുണ്യത്തിന്റെ ഒരു കിനിവുപോലും കാണാത്ത, ഒരു ഉദ്‌ബോധനവും ഫലം ചെയ്യാത്ത, ഒരു താക്കീതുകൊണ്ടും ഭയപ്പെടാത്തവിധം ഉറഞ്ഞുകടുത്തുപോയ ഹൃദയത്തിന്റെ ഉടമകളെയാണ് ഖുര്‍ആന്‍ കൈകാര്യം ചെയ്യുന്നത്. ആലോചനയും പുനരാലോചനയുമില്ലാതെ കുറ്റകൃത്യങ്ങളില്‍ തന്നെ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നവരുടെ ഹൃദയത്തിന് സീല്‍ വെക്കുമെന്നും പൂട്ടി താഴിടുമെന്നും ഖുര്‍ആന്‍ (മുഹമ്മദ് 24) വിശ്വാസിയെ ഉണര്‍ത്തുന്നുണ്ട്. ഒരു നന്മയും കാണാത്തവിധം, നേരിന്റെ മാര്‍ഗത്തില്‍ ചരിക്കാന്‍ കഴിയാത്തവിധം ആന്ധ്യം ബാധിക്കുന്നത് കണ്ണുകള്‍ക്കല്ലെന്നും നെഞ്ചകങ്ങളിലുള്ള ഹൃദയങ്ങള്‍ക്ക് തന്നെയാണെന്നും (അല്‍ഹജ്ജ് 46) ഖുര്‍ആന്‍ പഠിപ്പിച്ചു. കാപട്യം, വിശ്വാസദൗര്‍ബല്യം, അസൂയ, അഹങ്കാരം തുടങ്ങി ഒട്ടനേകം രോഗങ്ങള്‍ ഹൃദയത്തെ കടന്നാക്രമിക്കും. സമയാസമയങ്ങളില്‍ ഉചിതമായ ചികിത്സ ചെയ്യാതിരിക്കുന്ന പക്ഷം ആ രോഗങ്ങള്‍ വര്‍ധിച്ചുകൊണ്ടേയിരിക്കും.
ഹൃദയശുദ്ധീകരണത്തിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ദൈവസ്മരണയാണ്. ദൈവസ്മരണ കൊണ്ട് ഹൃദയങ്ങള്‍ പ്രകമ്പിതമാവുമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ട്. ഹൃദയത്തിന് ശാന്തി കൈവരുന്നതും ദൈവസ്മരണ കൊണ്ടുതന്നെ (അര്‍റഅദ് 28). അതിനാല്‍, ദൈവസ്മരണ ഏറ്റവും മഹത്തായ ഒരു ചികിത്സാ രീതിയാണ്. വിശുദ്ധ ഖുര്‍ആനുമായുളള ബന്ധമാണ് ഹൃദയസംസ്‌കരണത്തിനുള്ള മറ്റൊരു വഴി. ഈമാന്‍ വര്‍ധിക്കുന്നതിനും മനുഷ്യശരീരം ഹൃദയം മുതല്‍ ചര്‍മം വരെ തരളിതമാകാനും ശരീരം രോമാഞ്ചമണിയാനും ഖുര്‍ആന്റെ പാരായണം അവസരമൊരുക്കും (അസ്സുമര്‍ 23). ശ്രദ്ധയോടെയും ഭക്തിയോടെയും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ കണ്ണുകള്‍ ഈറനണിയുമെന്നും (അല്‍മാഇദ 83) ഖുര്‍ആന്‍ പറയുന്നു.
ഹൃദയത്തെ മലിനമാക്കുന്ന പാപങ്ങള്‍ കഴുകിക്കളയുന്നതിന് തൗബയും ഇസ്തിഗ്ഫാറും തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. ചെറുതോ വലുതോ ആയ ഏതു പാപങ്ങളും നിഷ്‌കപടമായ പശ്ചാത്താപ മനസ്സോടുകൂടി അല്ലാഹുവിന്റെ മുമ്പില്‍ ഏറ്റുപറയുമ്പോള്‍ അല്ലാഹു പാപങ്ങള്‍ പൊറുത്തുതരാന്‍ സന്നദ്ധനാകും. അല്ലാഹുവുമായുള്ള ബന്ധത്തെ പോലെ പ്രധാനമാണ് സമസൃഷ്ടികളോടുള്ള ബന്ധവും. ഹൃദയത്തില്‍ അണുമണിത്തൂക്കം അഹങ്കാരമുണ്ടെങ്കില്‍ അതാണ് അവന്റെ വാക്കുകളിലൂടെയും അംഗചലനങ്ങളിലൂടെയും ഹാവഭാവങ്ങളിലൂടെയും പുറത്തുവരുന്നത്. ഹൃദയത്തിലുള്ളത് വിനയമാണെങ്കില്‍ അവന്റെ വാക്കിലും പ്രവൃത്തിയിലും അത് കാണും. അതിനാല്‍, ആരെങ്കിലും സ്വഭാവചര്യകളില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ മനഃസംസ്‌കരണത്തില്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്.
നമ്മുടെ പടിവാതില്‍ക്കല്‍ വന്നുനില്‍ക്കുന്ന വിശുദ്ധ റമദാനിനെ നാം നമ്മുടെ ഹൃദയം കൊണ്ട് സ്വീകരിക്കുകയും ദൈവസ്മരണയിലൂടെയും ഖുര്‍ആന്‍ പാരായണത്തിലൂടെയും പാപമോചന പ്രാര്‍ഥനയിലൂടെയും ദാനധര്‍മങ്ങളിലൂടെയും അല്ലാഹുവിലേക്ക് കൂടുതല്‍ അടുക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്. ഓരോരുത്തരും റമദാന്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ കുടുംബാംഗങ്ങളോടൊപ്പം ഇരുന്ന് വിശുദ്ധ റമദാന്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണം. ശഅ്ബാനില്‍ നിന്ന് ശവ്വാലിലേക്കെത്തുമ്പോള്‍ കൂടുതല്‍ ഹൃദയശുദ്ധിയും ആത്മീയശക്തിയും ആര്‍ജിച്ച് ഉന്നത വ്യക്തിത്വമുള്ളവരായി മാറാന്‍ നമുക്കും നമ്മുടെ കുടുംബാംഗങ്ങള്‍ക്കും അല്ലാഹു തൗഫീഖ് നല്‍കുമാറാകട്ടെ.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍