Prabodhanm Weekly

Pages

Search

2012 ജൂലൈ 14

വിശപ്പിന്റെ വിപ്ലവം

അഹ്മദ് കുട്ടി ശിവപുരം

എന്താണ് സാമാന്യമായി നാം കണ്ടറിയുന്ന റമദാന്‍? ദര്‍ശനപരമായ അഗാധതയിലേക്കൊന്നുമിറങ്ങാതെ ലളിതമായി ചിന്തിച്ചാല്‍ ആര്‍ക്കും പറയാവുന്ന ഒരുത്തരമുണ്ട്. വിശപ്പിന്റെ കൊണ്ടാട്ടമാണത്. അതായത് വിശപ്പിന്റെ ആഘോഷം. അത് അവ്വിധം എന്നതിന് നമുക്ക് നാട്ടറിവ് വെച്ച് പറയാവുന്ന ഉത്തരമാണ്, ഇഫ്ത്വാര്‍ പാര്‍ട്ടികളും മറ്റും. പുതിയാപ്പിളമാരെയും മറ്റു വേണ്ടപ്പെട്ടവരെയൊക്കെ വിളിച്ചു കൂട്ടിക്കൊണ്ടുള്ള തീറ്റ മത്സരവും! പകല്‍സമയത്തെ പട്ടിണി ജഠരാഗ്നിയെ ഉദ്ദീപിപ്പിക്കും. അതനുസരിച്ച് തീന്മേശയുടെ മികവ് കൂടും. ഇന്ന് ഇഫ്ത്വാര്‍ പാര്‍ട്ടികള്‍ വളരെ സെക്യുലറൈസ്ഡ് ആയതില്‍ പരാതിയേതുമില്ലെന്നും പറഞ്ഞോട്ടെ. നോമ്പു തുറയോടെ ഒരു മനസ്സുതുറക്കലും ഹൃദയം തുറക്കലും വിവിധ മതസ്ഥര്‍ക്കിടയിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പരസ്പരം കൊലവിളി നടത്തുന്ന പ്രവര്‍ത്തകര്‍ക്കിടയിലും ഇതുമൂലം സാധിച്ചുകിട്ടുന്നെങ്കില്‍ നല്ലതുതന്നെ. എന്നാല്‍ അന്നേരം എപ്പോഴും നോമ്പായ, എക്കാലവും പട്ടിണി വ്രതത്തിലായിരിക്കാന്‍ നിര്‍ബന്ധിതരായ വര്‍ഗങ്ങളെ വല്ലവരും ഓര്‍ക്കാറുണ്ടോ? ഏറ്റവും മോശമായ സദ്യ എന്നു തിരുനബി വിശേഷിപ്പിച്ച പാവങ്ങളെ ഒഴിവാക്കിയുള്ള തീറ്റമേളകളാണ് പലപ്പോഴും ഇഫ്ത്വാര്‍ പാര്‍ട്ടികള്‍. കാരണം തീന്മേശ വി.വി.ഐപികള്‍ക്കായി ഒരുക്കപ്പെടുന്നതാണ്. അവിടേക്ക് മണ്ണു പുരണ്ടവനും വിയര്‍പ്പു നാറുന്നവനുമായ അഗതിക്ക് എങ്ങനെ പ്രവേശനം നല്‍കാനാകും? യൂനിഫോമിട്ട സെക്യൂരിറ്റികള്‍ അലവലാതികളെ തടയും. ആ നിലക്കാണ് വിശപ്പിന്റെ കൊണ്ടാട്ടം. വിശപ്പിനെ ആഘോഷിക്കല്‍!
ആ നിലക്ക് മുസ്‌ലിം കലണ്ടറിലെ ഈ മുപ്പത് നാളുകള്‍ക്ക് (29-ഉം ആവാം) ഒരു ഉത്സവ പ്രതീതിയുണ്ട്. തീര്‍ത്തും ഇന്ദ്രിയ പ്രധാനമായ രസനക്ക് ഊന്നല്‍ നല്‍കുന്ന ഉത്സവ പ്രതീതിയാണത്. ചെറിയ പെരുന്നാള്‍ എന്ന വലിയ ഇഫ്ത്വാറിലൂടെ പകല്‍ വേളയും നിറയുന്ന ആഘോഷമാണ്. വിരുന്നുകള്‍, അത്തര്‍, മാംസ-മത്സ്യ നിബിഡമായ സദ്യ. പിന്നെ ഒരു സിനിമ, പിക്‌നിക് അങ്ങനെ പലതും.
വിശപ്പിന്റെ ആഘോഷം ഇങ്ങനെയായിക്കൂടല്ലോ സത്യത്തില്‍. അത് മറ്റൊരു നിലക്ക് ആയിരിക്കണം എന്ന നിലയില്‍ മനുഷ്യാനുഭവത്തിന് പഠിപ്പിച്ചു കൊടുത്ത 'വചന'ത്തിന്റെ അവതരണം നടന്ന മാസമാണല്ലോ റമദാന്‍.
''റമദാന്‍ എന്ന മാസം! അതില്‍ ഖുര്‍ആന്‍ അവതീര്‍ണമായി, ജനതക്ക് വഴികാട്ടുന്നതും സന്മാര്‍ഗത്തില്‍ നിന്നുള്ളതുമായ സുവ്യക്ത പാഠങ്ങള്‍ നല്‍കുന്നതും നല്ലതും തീയതും വേര്‍പെടുത്തിക്കാണിക്കുന്നതുമായിക്കൊണ്ട്. അതിനാല്‍ നിങ്ങളിലാരെങ്കിലും ആ മാസത്തിന് സാക്ഷിയായിരിക്കുന്നെന്നാകില്‍ അതില്‍ വ്രതനിഷ്ഠനായിരിക്കണം'' (2:185).
കാലത്തിലൂടെ സഞ്ചാരം ചെയ്ത മനുഷ്യാനുഭവത്തിന് തന്റെ പ്രശ്‌നങ്ങള്‍ക്കാകെയുള്ള പരിഹാരമായി അവതരിച്ചു കിട്ടിയതാണ് 'ഖുര്‍ആന്‍' അഥവാ 'വായിച്ചെടുക്കുക' എന്ന വെളിപാട്. ചരിത്രാനുഭവത്തെ വായിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മനുഷ്യന്‍ അനുഭവിച്ചുപോരുന്ന അടിമത്തം എന്ന അഭിശപ്താവസ്ഥയുടെ നിദാനങ്ങളും ഫലങ്ങളും കണ്ടെത്താനാവും. അടിമത്തത്തിന് നിദാനമായിത്തീര്‍ന്നത് മനുഷ്യന്റെ പ്രജ്ഞ സ്വയം അറിയുന്ന പരമാര്‍ഥിക സത്യം എന്നതിന്നൊഴികെയുള്ള അവന്റെ അടിമത്തവും വിധേയത്വവും സമര്‍പ്പണവുമായിരുന്നു. ചൂഷണോപാധികളായിത്തീര്‍ന്നിരുന്ന മതങ്ങളും ദൈവങ്ങളും മനുഷ്യകുലത്തെ അടിമകളും ഉടമകളുമായി വര്‍ഗീകരിച്ചിരുന്നു. അന്നു മുതല്‍ മനുഷ്യാനുഭവ ചരിത്രത്തിലെ മഹാഭൂരിപക്ഷത്തിന് അനുഭവപ്പെട്ടുപോന്ന വാസ്തവമാകുന്നു വിശപ്പ്. നീതിക്കു വേണ്ടിയുള്ള വിശപ്പും ദാഹവുമായി അത് ചരിത്രപരമായി നിലനിന്നു. വയറിനകത്തെ കത്തിക്കാളലും ശരീരത്തെ ഉലക്കുന്ന താങ്ങാന്‍ വയ്യാത്ത ക്ഷീണവുമായി ജൈവപരമായും അതു നിലനിന്നു പോന്നു. ഇബ്‌റാഹീം പ്രവാചകന്റെ കാലം മുതല്‍ക്കേ ചരിത്രപരമായ അര്‍ഥത്തില്‍ പരിചയപ്പെടുത്തപ്പെട്ട 'ഉമ്മത്ത്' എന്ന ആശയത്തിന് ഊന്നല്‍ നല്‍കി സംസാരിച്ച പ്രവാചകന്മാരിലൂടെയെല്ലാം ഈ വിശപ്പിനെതിരായ സന്ദേശമാണ് ചരിത്രം കേട്ടുകൊണ്ടിരുന്നത്. ഇബ്‌റാഹീമീ താവഴിയിലെ ഒരു ശാഖയില്‍ മുദ്രയായി വന്ന യേശു എന്ന ക്രിസ്തു ആ വിശപ്പിന്റെ പൂര്‍ണിമയെ പ്രകാശിപ്പിച്ച് ഭൂമിയില്‍ നില്‍ക്കപ്പൊറുതിയില്ലാതെ ഉയര്‍ന്നുപോയപ്പോള്‍ ഒരു പരിഹാരത്തിന്റെ ആഗമനം അദ്ദേഹം പ്രവചിച്ചിരുന്നു. അതാണ് റമദാന്‍ മാസത്തില്‍ മനുഷ്യകുലത്തിനാകെയും വേണ്ടതിന്റെയും വേണ്ടാത്തതിന്റെയും വേര്‍പെടുത്തലായി (ഫുര്‍ഖാന്‍ ആയി) മനുഷ്യാനുഭവത്തെ ദൈവനാമത്തില്‍ വായിക്കാനുള്ള ഉത്തരവ് ലഭിച്ച ഒരാള്‍ക്ക് കിട്ടിയത്. അതുകൊണ്ടാണ് ആ ഒരു മാസം വിശപ്പിന്റെ വിശുദ്ധമായ കൊണ്ടാട്ടമായിരിക്കണമെന്ന് കല്‍പിക്കപ്പെട്ടതും. വിശപ്പിന്റെ കൊണ്ടാട്ടം എന്നത് വിശക്കുന്ന വര്‍ഗത്തോടുള്ള ഐക്യപ്പെടല്‍ തന്നെയാണെന്ന് ആ വെളിപാട് വിളിച്ചുപറഞ്ഞു. വിശക്കുന്ന ലോകത്തിന്റെ പ്രതിനിധിയായി അടിമത്ത നിരാസത്തെ ഉദ്‌ഘോഷിച്ച് ശ്രമപ്പെട്ട് പ്രതലത്തില്‍ നിന്ന് മലമുകളിലേക്ക് കയറിപ്പോയവന്‍ തന്റെ വര്‍ഗത്തിനാകെയും വേണ്ടി ഏറ്റുവാങ്ങിയ പാട്ടായിരുന്നു പില്‍ക്കാല മനുഷ്യാനുഭവത്തെയൊന്നാകെയും മാറ്റിമറിച്ച ആ വെളിപാട്. പരമമായ നീതിപീഠത്തില്‍ നിന്നും കാരുണ്യമായി അതിറങ്ങിവന്ന് കൊണ്ട് കല്‍പിച്ചതാണ് 'വായിക്കൂ, നിന്റെ നാഥന്റെ നാമത്തില്‍' എന്ന സന്ദേശം. ദൈവം ഇല്ലാത്തവന്റെ ഭാഷയിലും ശബ്ദത്തിലും സംസാരിക്കുന്നത് അവന്‍ ശ്രവിച്ചു. ഭക്തിയെ പോലും പരിഹസിക്കുംവിധം ഇടിമുഴക്കം പോലെ അത് ചരിത്രത്തിനനുഭവപ്പെട്ടു. നോക്കൂ, ഇങ്ങനെ. ''നമസ്‌കരിക്കുവോര്‍ക്ക് നാശം! തങ്ങളുടെ നിസ്‌കാരത്തെ പ്രതി അശ്രദ്ധയിലായിരിക്കുവോരവര്‍. അവര്‍ പ്രദര്‍ശനം നടത്തുകയാണ്. ചെറിയ ഉപകാരം പോലും തടയുവോരവര്‍'' (107:4) ആ അധ്യായത്തിന്റെ പ്രാരംഭം ധര്‍മനിഷേധി ആരെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ്.
''ധര്‍മനിഷേധിയെ കണ്ടുവോ നീ! അനാഥയെ ആട്ടിയകറ്റുന്നവന്‍ അവന്‍. അന്നം മുട്ടിപ്പോയോര്‍ക്ക് ആഹാരം എത്തിക്കാന്‍ ഒരു പ്രോത്സാഹനവും ചെയ്യാത്തവനുമത്രെ അവന്‍'' (107: 1-3).
അങ്ങനെയുള്ള ഒരു വിശുദ്ധ ശബ്ദം മനുഷ്യാനുഭവത്തിനായി അവതരിച്ചുകിട്ടിയതിനെ എവ്വിധമാണ് ആഘോഷിക്കേണ്ടത്? സ്വയം വിശപ്പറിഞ്ഞ് കൊണ്ടാടേണ്ടതല്ലേ ആ മഹാ സംഭവത്തിന്റെ അനുസ്മരണം. എന്നാല്‍ ആ കൊണ്ടാടല്‍ ഖുര്‍ആന്‍ എടുത്തുകാട്ടിയ, മനുഷ്യനു ചെറിയ ഉപകാരം പോലും ചെയ്യാന്‍ മനസ്സില്ലാത്ത നമസ്‌കാരക്കാരന്റേതുപോലെ ആകാനും പാടില്ലല്ലോ. പക്ഷേ, ഒന്നുണ്ട്. നമസ്‌കാരം പോലെ വിശപ്പ് പ്രദര്‍ശിപ്പിക്കാനാവില്ല. പക്ഷേ, നമുക്കത് വേണ്ടല്ലോ. വിശപ്പ് പ്രദര്‍ശിപ്പിക്കാനാവില്ലെങ്കില്‍ വിശപ്പ് തീര്‍ക്കുന്നത് ഗംഭീരമായി പ്രദര്‍ശിപ്പിക്കാമല്ലോ. തിന്നും കുടിച്ചും ഏമ്പക്കമിട്ടും മുഖ്യര്‍ക്ക് മാത്രം വിരുന്നേകിയും ജോറായിട്ട്. വിശക്കുന്ന ഒരു ലോകം ഇരവും പകലും ഒരുപോലെ നോമ്പുമായി പുറമ്പോക്കുകളില്‍ എവിടെയോ ഒക്കെ യേശുക്രിസ്തുവിന് സദൃശരായി കഴിഞ്ഞുകൂടുന്നുണ്ടാകും എന്ന യാഥാര്‍ഥ്യത്തെ സൗകര്യപൂര്‍വം വിസ്മരിച്ചുകൊണ്ട്, കൊണ്ടാടുകയാണ് നാം വ്രതത്തെ. ഇഫ്ത്വാര്‍ ഘോഷമാണ് ഒരു മാസക്കാലത്തെ നമ്മുടെ ഹരം.
നോമ്പ് എങ്ങനെയെന്നതിന് ഉദാത്തമായ മാതൃകകള്‍ നമ്മുടെ മുമ്പിലുണ്ട്. ഒരു മാര്‍ക്‌സിനോ എംഗല്‍സിനോ പറയാവുന്നതിലുമപ്പുറം പറഞ്ഞുകളഞ്ഞ തിരുനബിയുടെ വറുതിയറിഞ്ഞ വീട്ടില്‍നിന്നും പുറപ്പെട്ടുവന്നൊരാള്‍! തിരുമേനിയുടെ-സ്വല്ലല്ലാഹു അലൈഹി വആലിഹി വസല്ലം- പ്രിയ പുത്രിയായ ഫാത്വിമയുടെ പൂമാന്‍. ഹസ്രത്ത് അലിയ്യുബ്‌നു അബീത്വാലിബ്(അ) അദ്ദേഹം പറഞ്ഞതെന്തായിരുന്നു എന്ന് ഇന്ന് സോഷ്യലിസ്റ്റുകള്‍ക്കും സോഷ്യോളജിസ്റ്റുകള്‍ക്കും ഒന്നു ശ്രദ്ധിച്ച് കേട്ട് വിലയിരുത്താം. അതിങ്ങനെ: മാ ജാഅ ഫഖീറുന്‍ ഇല്ലാ ബിമാ മത്തഅ ബിഹി ഗനിയ്യുന്‍. അര്‍ഥമിങ്ങനെ വായിക്കാം: സമ്പന്നന്‍ സുഭിക്ഷമായി ഉണ്ണുന്നു എന്നതിന്റെ പേരിലല്ലാതെ അന്നം മുട്ടിയവന്‍ പട്ടിണിയില്‍ അവശേഷിക്കുന്നില്ല.
നാലാം ഖലീഫയായ അലി(റ) വിശപ്പ് എന്ന മാനുഷിക വാസ്തവത്തിന് അടിവരയിടുകയായിരുന്നു, അപ്പോള്‍. അതുപോലെ അതിന്റെ കാരണത്തിനും. എന്നിട്ടദ്ദേഹം നോമ്പ് നോറ്റു കാണിച്ചുതരികയും ചെയ്തു. റമദാനിലെ നിര്‍ബന്ധ വ്രതമല്ലാത്ത ഐഛികമായി വരിച്ച വിശപ്പില്‍ തന്റെ മക്കളായ ഹസനും ഹുസൈനും ഭാര്യ ഫാത്വിമയും കൂട്ടാളികളായിരുന്നു. നോമ്പു തുറക്കാനുള്ള വിഭവങ്ങള്‍ കഷ്ടി. മൂന്നാള്‍ക്ക് പോയിട്ട് ഒരാള്‍ക്കു പോലും തികയില്ല. നോമ്പ് തുറക്കാറായി. അപ്പോഴാണ് വാതിലില്‍ ഒരു മുട്ട് കേള്‍ക്കുന്നത്. എത്രയോ നാളായി ആഹാരം കഴിക്കാതെ ജീവന്‍ നിലനിര്‍ത്താന്‍ പാടുപെടുന്നൊരുവന്‍ വിശിഷ്ടാതിഥിയായി മുമ്പില്‍ വന്നു നില്‍ക്കുന്നു. അവന്റെ വിശപ്പിനെ അലി തന്റെ നോമ്പ് മൂലമുള്ള വിശപ്പിനേക്കാള്‍ വലുതായി ദര്‍ശിച്ചു. തന്റെ ഇണയുടെയും കുഞ്ഞുങ്ങളുടെയും വിശപ്പിനേക്കാളും വലിയ വിശപ്പായി ആ ആര്‍ദ്ര ഹൃദയന്‍ അതിനെ കണ്ടു. ഒന്നുമാലോചിച്ചില്ല. നോമ്പ് തുറക്കാന്‍ ഉണ്ടാക്കിവെച്ചതത്രയും ആ വിശിഷ്ടാതിഥിക്ക് എടുത്തുകൊടുത്തുകൊണ്ട് ആ കുടുംബം പച്ചവെള്ളം മാത്രം കുടിച്ച് നോമ്പ് തുറന്നു.
ഇവ്വിധമായിരിക്കണം റമദാനിലെ ഒരു മാസത്തെ വിശപ്പും അതിന്റെ കൊണ്ടാട്ടവും 'മുഹമ്മദീയ' മനസ്സുള്ളവര്‍ നിര്‍വഹിക്കേണ്ടത്. വിശപ്പുള്ളവരോട് ഐക്യപ്പെട്ട് വ്രതനിഷ്ഠ പാലിക്കുന്നവര്‍ അതില്‍ നിന്നൊരു പാഠവും കിട്ടാതെ, ലോകത്തിന് ഒരു സന്ദേശവും നല്‍കാനാകാതെ ജഠരാഗ്നി ആളിക്കത്തിച്ച് സമയമാകുമ്പോള്‍ വെടിപൊട്ടിച്ച് വയറ്റില്‍ കൊള്ളാവുന്നതിനപ്പുറം കുത്തിക്കയറ്റി നോമ്പ് തുറ നടത്തുമ്പോള്‍ ഖുര്‍ആനെ മറന്നുപോകയല്ലേ സത്യത്തില്‍.
പട്ടിണി എന്നത് എല്ലാവരും അറിയുക എന്നത് പരമകാരുണികന്‍ നോമ്പിലൂടെ പഠിപ്പിക്കുന്ന പാഠമാണ്. പട്ടിണിയറിയുന്നവന്‍ പട്ടിണി മാറ്റുവാനായി എന്തു ചെയ്യുന്നു എന്ന ചോദ്യം നോമ്പനുഷ്ഠിക്കുന്നവന്റെ സാമൂഹികവും മതപരവുമായ ബാധ്യതയായി അപ്പോള്‍ അവശേഷിക്കും. ആ തിരിച്ചറിവ് നേടുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ അവതീര്‍ണമായ റമദാന്‍ മാസം എന്ന വിശിഷ്ടാതിഥി വീട്ടിലെത്തുമ്പോള്‍ ആ അതിഥിയെ യഥോചിതം സല്‍ക്കരിച്ചു എന്ന് നമുക്ക് നിര്‍വൃതിയടയാനാവുകയുള്ളൂ. അല്ലെങ്കില്‍ എന്നെ അവന്‍ അപമാനിച്ചു എന്ന് റമദാന്‍ തമ്പുരാനോട് പരാതിപ്പെട്ടേക്കും. കാരണം റമദാന്‍ മേലെ നിന്ന് ഏറ്റുവാങ്ങിയത് അങ്ങനെയുള്ള ഒരു വിശിഷ്ട സമ്മാനമാണ്. അന്നം മുട്ടിയോര്‍ക്ക് വേണ്ടിയുള്ള പരമകാരുണികന്റെ ശബ്ദം! പരമമായ നീതിയുടെ സ്രോതസ്സായവനില്‍നിന്നുമുള്ള വാക്ക്. പട്ടിണിയില്‍ കൂട്ടായ്മ തീര്‍ത്ത് എനിക്ക് നിങ്ങള്‍ സമര്‍പ്പിതരാവുക എന്ന കല്‍പന.
റമദാന്‍ ഒരു ആണ്ടറുതിയാണ്. ആണ്ടറുതി എന്ന നാട്ടുഭാഷ അര്‍ഥമാക്കുന്നത് ഒരു നല്ല തുടക്കം എന്ന ആശയമാണ്. എന്നാല്‍ അറുതി എന്നതിന് ഒടുക്കം എന്നാണല്ലോ; ഭാഷയിലെ അര്‍ഥം. എന്നു പറഞ്ഞാല്‍ തുടക്കവും ഒടുക്കവും ഒരേസമയം ദര്‍ശിക്കാവുന്ന ഗംഭീരമായൊരാശയം അതുള്‍ക്കൊള്ളുന്നു എന്നാണ്. തുടക്കം, ഒടുക്കം എന്നിവ സന്ധിക്കുന്ന ഒരു രാത്രി ആ മാസത്തില്‍ എവിടെയോ ആരെയും അറിയിച്ച് കൊട്ടിഘോഷിക്കാതെ ഒളിച്ചിരിപ്പുണ്ടെന്ന് മനസ്സിലാക്കാനാകും. 'നിര്‍ണയത്തിന്റെ രാത്രി' (ലൈലത്തുല്‍ ഖദ്ര്‍) എന്നാണത് വിളിക്കപ്പെടുന്നത്. തുടക്കം, ഒടുക്കം എന്നതെല്ലാം ഫലത്തില്‍ ഒന്നായിത്തീരുന്ന ആശയമാണ് 'നിര്‍ണയം' എന്നതുള്‍ക്കൊള്ളുന്നത്. ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമാണ് ആ ഒരൊറ്റ രാത്രി എന്ന് ഖുര്‍ആന്‍ പറയുന്നു. മനുഷ്യലോകത്തിലേക്ക് ദൈവത്തില്‍നിന്നും വന്നുകൊണ്ടിരുന്ന വെളിപാടുകളില്‍ അവസാനത്തേതിനെ ഏറ്റുവാങ്ങിയ രാത്രിയാണ് നിര്‍ണയത്തിന്റെ രാത്രി. ചരിത്രപരമായ നിര്‍ണായകത്വമുണ്ട് അപ്പോള്‍ അതിന് എന്ന് മനസ്സിലാക്കാം. അതുള്‍ക്കൊള്ളുന്ന ആത്മീയമായ നിറവ് വേറൊരു കാര്യമാണ്. ഇഹവും പരവും സന്ധിക്കുന്നതിലെ പ്രതീകാത്മകതയാണ് ആ വിശുദ്ധ രാത്രിയുടെ സവിശേഷത. പകലില്‍ വിശപ്പെങ്കില്‍ റമദാന്റെ ഇരവുകള്‍ ജാഗ്രതയുടെ നിറകുംഭങ്ങളായിരിക്കും. ആ ഒരു രാത്രി ഏതെന്ന് തിട്ടപ്പെടുത്താനാവാത്തതിനാല്‍ ഏതു രാത്രിയും അതാവാം എന്ന ജാഗ്രതയിലായിരിക്കണം റമദാനെ വരവേല്‍ക്കുന്നവന്‍. അവന്റെ ആമാശയം പകല്‍വേളയില്‍ വിശ്രമിച്ചത് ഇരവില്‍ ഹൃദയത്തിനും പ്രജ്ഞക്കും ഉണര്‍വും ഉത്തേജനവും നല്‍കാനായിരിക്കണം. പശ്ചാത്താപത്താല്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകണം. രാത്രിയിലെ പ്രണാമങ്ങളില്‍ നെറ്റിത്തടം നിലത്തുവെച്ച് കൊണ്ടവന്‍ പ്രപഞ്ചനാഥന് സ്വയം സമര്‍പ്പിക്കണം. അവ്വിധം ഖുര്‍ആന്റെ വിശിഷ്ടമായ ഒരു ഉല്‍പന്നമായി അവന്‍ ജീവിതത്തിലേക്ക് ഉണര്‍ന്നുവരണം. അതാണ് റമദാനെ ആദരിക്കല്‍. അത് ഏറ്റവും വിശിഷ്ടമായ ഒരവസ്ഥയെ സ്വയം അനുഭവിക്കലുമാണ്. വിശക്കുന്നവനെ കണ്ടറിയുന്ന സാമൂഹികബോധവും പരമകാരുണികനുള്ള സമര്‍പ്പണവുമായി മുസ്‌ലിം പുറത്തിറങ്ങുകയാണിവിടെ. അതിവിശിഷ്ടമായ ഒരു തണല്‍മരമായി അവന്‍ ലോകത്തിനനുഭവപ്പെടണം. അന്നം മുട്ടിയവര്‍ക്കതില്‍നിന്ന് പറിച്ചു തിന്നാന്‍ കഴിയണം.
പറഞ്ഞുവന്നത് റമദാനിലെ ഒരു രാവിന്റെ വിശിഷ്ടതയാണ്. ഇനിയൊരു വിശിഷ്ടമായ പകലിന്റെ വൃത്താന്തമാണ് എടുത്തുകാട്ടാനുള്ളത്. ചരിത്രത്തിന്റെ ഏറ്റവും വലിയ ആവശ്യത്തിന് പരമമായ നീതിപീഠത്തില്‍ നിന്നും പ്രത്യുത്തരം ലഭിച്ചതും റമദാനിലായിരുന്നു. ആ മാസത്തിലെ പതിനേഴാം പകലില്‍. മര്‍ദിതന്റെ വിജയത്തിന്റെ പകലാണത്. രക്തസാക്ഷിത്വത്തിന്റെ ദിവസം. മാനുഷിക സാഹചര്യങ്ങളുടേതായ കാളിമയാര്‍ന്ന ഇരവില്‍ കുളിരേകുന്ന ഒരു രാകേന്ദുവെന്ന പോലെ വെളിച്ചമേകിക്കൊണ്ടാണ് നിര്‍ണയത്തിന്റെ രാവിന്റെ നില്‍പ്പെങ്കില്‍, കാലത്തിന് -ചരിത്രത്തിന്- വേണ്ടിയുള്ള പുതിയ സൂര്യോദയമാണ് പതിനേഴാം പകലില്‍ റമദാനില്‍ സംഭവിച്ചത്. യുദ്ധം ചെയ്തുകൊള്ളാന്‍ വേണ്ടി അന്നം മുടങ്ങി പട്ടിണിയിലായിപ്പോയ വര്‍ഗത്തോട് ജനതയുടെ തമ്പുരാന്‍ കല്‍പിക്കുന്നത് റമദാനിലാണ്. പുലരുവോളം സമാധാനം (സലാം) നിറഞ്ഞുനില്‍ക്കുന്ന രാവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറഞ്ഞ ഖുര്‍ആന്‍ തന്നെയാണ് യുദ്ധം ചെയ്യാന്‍ വേണ്ടിയും പറഞ്ഞിരിക്കുന്നത്. അതില്‍ വൈരുധ്യമില്ലേ? വൈരുധ്യങ്ങള്‍ പൊരുത്തപ്പെടുമ്പോഴാണ് കാര്യത്തിന് നിര്‍ണായകത്വമുണ്ടാകുന്നത്. സംഘട്ടനാത്മകതയിലൂടെ പ്രപഞ്ചം പരിണമിക്കുന്നത് സൗന്ദര്യത്തിലേക്കാണല്ലോ. നിലനില്‍ക്കേണ്ടതായ ശാശ്വത സമാധാനത്തിന് വേണ്ടി അനിവാര്യമായ സംഘട്ടനം എന്നത് ചരിത്രത്തിന്റെ ഒരു നിയമമാണ്. ചരിത്രത്തെയും സാമൂഹികശാസ്ത്രത്തെയും സംബന്ധിക്കുന്ന ഒരു 'പ്രകൃതിനിയമം' എന്നതിനെ വായിക്കാം. അതും സംഭവിക്കുന്നത് റമദാനിലാണ്.
ഹൃത്ത് കൊണ്ടും നാവ് കൊണ്ടും സത്യത്തെ സാക്ഷ്യപ്പെടുത്തുമ്പോഴാണ് മനുഷ്യന്‍ മുസ്‌ലിം ആയി മാറുന്നത്. അവസാനമായി സ്വന്തം രക്തം കൊണ്ടുകൂടി സാക്ഷ്യപ്പെടുത്തുമ്പോള്‍ അവന്‍ അമരത്വം നേടുന്നു.
റമദാനിലെ ബദ്ര്‍ നിര്‍ണായകമായിരുന്നു. കാലത്തില്‍ അല്ലാഹുവിന്റെ ദൃഷ്ടാന്തമായി അത് ശോഭിക്കുന്നു. മനുഷ്യാനുഭവ ചരിത്രത്തിന് കിട്ടുന്ന പരമമായ നീതിയില്‍ നിന്നുള്ള കുറിമാനമാകുന്നു റമദാന്‍ പതിനേഴാം പകലില്‍ ബദ്‌റില്‍ സംഭവിച്ചത്. മുഹമ്മദ് എന്ന നിയുക്തനിലൂടെ സാധിച്ചു കിട്ടിയ ആ സംഭവം മര്‍ദിതര്‍ക്ക് ഉപമാനമായി ഭൂമിയില്‍ നിന്ന് ഉയര്‍ന്നുപോയ ഈസാ എന്ന മസീഹിന്റെ ദൗത്യത്തിന്റെ ബാക്കി പത്രവും അബ്രഹാമിക സരണിയിലൂടെ പൂര്‍ത്തീകരിക്കപ്പെടേണ്ട മനുഷ്യവിമോചനത്തിന്റെ വിളംബരവുമായിരുന്നു.
റമദാന്‍ എന്ന അറബ് ശബ്ദം ഊഷ്മളതയെയും ജീവചൈതന്യത്തെയും ദ്യോതിപ്പിക്കുന്നതാണ്. നിഷേധാത്മകമായി ധ്വനിപ്പിക്കപ്പെടുന്ന അര്‍ഥം കരിച്ചുകളയുന്നത് എന്നുമാണ്. വ്രണങ്ങളാണ് കരിച്ചുകളയപ്പെടേണ്ടത്. മൃതാവസ്ഥയുടെ അടയാളമായ തണുത്ത് മരവിച്ചുകിടക്കലിന്റെ എതിരാശയമാണ് ജീവന്‍ തുടിപ്പിക്കുന്ന ഊഷ്മളത എന്നത്. ഈ ആശയങ്ങളെല്ലാം ബദ്‌റിലൂടെ ചരിത്രത്തിനായി ആവിഷ്‌കരിക്കപ്പെടുകയായിരുന്നു. വിശുദ്ധ ഖുര്‍ആനെ 'ഫുര്‍ഖാന്‍' (സത്യാസത്യ വിവേചകം, തിയ്യതില്‍നിന്ന് നല്ലതിനെ തിരിച്ചറിഞ്ഞ് വീണ്ടെടുക്കല്‍) എന്ന് വിളിക്കുമ്പോള്‍ കിട്ടുന്ന ആശയം തന്നെയാണ് ബദ്‌റില്‍ നടന്ന ഏറ്റുമുട്ടലും ദ്യോതിപ്പിക്കുന്നത്. ബദ്ര്‍ എന്നത് സ്ഥലനാമമാണെങ്കിലും അര്‍ഥം പൗര്‍ണമി ചന്ദ്രന്‍ എന്നാണ് അറബിഭാഷയില്‍. വൃദ്ധിക്ഷയം മാറിയ പൗര്‍ണമി എന്ന ആശയം അത് ദ്യോതിപ്പിക്കുന്നുണ്ട്.
'രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ദിനം' എന്ന് ഖുര്‍ആന്‍ ആ പതിനേഴാം പകലിനെ വിശേഷിപ്പിക്കുന്നു. ആ രണ്ട് സംഘങ്ങള്‍ ഏതൊക്കെ എന്നന്വേഷിക്കുമ്പോള്‍ 'വിശപ്പ്' എന്ന ആശയം വീണ്ടും തെളിഞ്ഞുവരും. ഒരു ഭാഗത്ത് നിലയുറപ്പിച്ചത് സ്വന്തമായി ഒന്നുമേ ബാക്കിയാവാതിരുന്ന ഒഴിഞ്ഞ വയറുള്ളവരും വെയിലേറ്റ് തൊലി കരിഞ്ഞുപോയവരും പണിയെടുത്തു നടുവൊടിഞ്ഞവരുമായിരുന്നു. മറുഭാഗത്താവട്ടെ എല്ലാം കൈയടക്കി വെച്ചവരും തിന്നു കൊഴുത്ത് തിമര്‍ത്താടിയവരുമായിരുന്നു. ആദ്യം പറഞ്ഞവരുടെ വിശപ്പിനും ക്ഷീണത്തിനും ഹേതുകം രണ്ടാമത് പറഞ്ഞ വിഭാഗത്തിന്റെ അന്യായമായ അപഹരണവും അളവില്‍ കൂടുതലുള്ള ആഹാരം സമ്മാനിച്ച ദുര്‍മേദസ്സും ദുരയുമായിരുന്നു. അവര്‍ പടപ്പുറപ്പാട് നടത്തി. 'കിബ്ര്‍ പൊന്തിയെളുന്ത് ലിബാസ് ചമയ്ന്ത് ഇരുന്ത് നെടില്‍ കളെ അറുക്കയും അതു ഭുജിക്കയും ഖംറ് കുടിക്കയും, തുടരെ ബജതാശ അടിക്കയും ദപ്പ് മണിക്കയും ചൂളം വിളിക്കയും' ചെയ്തപ്പോള്‍ മറ്റേവര്‍ഗം അന്നം മുട്ടിപ്പോയതിനാല്‍ വയറ്റിലെ കിളി ചിലച്ചുകൊണ്ടിരുന്നതിനെ സംഗീതമായി ആസ്വദിച്ചു. എന്നാല്‍ ആ സംഗീതം അവര്‍ക്ക് കരുത്തേകി. ശത്രുവിന് കാണാന്‍ കഴിയാത്തൊരു പട മേലെ നിന്നിറങ്ങിവന്ന് അവര്‍ക്കായി പടപൊരുതി. ബദ്‌റില്‍ 'സൗമ്യശീലന്മാര്‍ അങ്കം ജയിച്ചു. അവര്‍ ഭൂമിയെ അവകാശമാക്കി' എന്നു പറഞ്ഞാല്‍ ഭൂമി എല്ലാവര്‍ക്കുമുള്ളത്, അതിന്റെ ഉടമ മനുഷ്യവംശത്തിന്റെയാകെയും ഉടമയായ സൃഷ്ടികര്‍ത്താവ് എന്ന്. ഭൂമിയില്‍ ജീവിക്കാന്‍ മനുഷ്യനായ ഏതൊരുവനും അവകാശമുണ്ട് എന്ന് വിളംബരം ചെയ്യപ്പെട്ടു.
ഇതാണ് റമദാന്‍ എന്ന വിശുദ്ധ മാസം അടയാളപ്പെടുത്തിത്തന്ന ചരിത്രപാഠം. ചരിത്രത്തെ എവ്വിധം വായിക്കുന്നവര്‍ക്കും അതില്‍ തെളിയുന്ന ആശയം സുതാര്യതയോടെ വായിക്കാനാകും. അതിനാല്‍ ആ മാസത്തിന്റെ ആഘോഷം എന്നത് വിശപ്പ് തന്നെയായിരിക്കട്ടെ എന്ന് ജനതയുടെ തമ്പുരാന്‍ കല്‍പിച്ചു. ഇനി വല്ലവനും പട്ടിണിക്കായി കൂട്ടിയാല്‍ കൂടുന്നില്ലെങ്കില്‍ വേണ്ട, അവനൊരു പ്രായശ്ചിത്തമുണ്ട്. നഷ്ടപ്പെടുന്ന നോമ്പിന് പരിഹാരം വിശക്കുന്നവന്റെ വയറ്റില്‍ അന്നമെത്തിക്കുക. മറ്റൊരുവിധത്തിലുള്ള കൊണ്ടാടലും അതിനോട് നീതി പുലര്‍ത്തുന്നതാവുകയില്ലല്ലോ. ആദ്യമായി പകലില്‍ വിശപ്പിന്റെ കൂട്ടായ്മ തീര്‍ക്കുക. വിശക്കുന്നവന്റെ കാളല്‍ ആഹരിക്കാന്‍ വേണ്ടത്രയുള്ളവനും അറിഞ്ഞ് അവനോട് ഐക്യപ്പെടുക. അനന്തരം സന്ധ്യ മയങ്ങുമ്പോള്‍ വിശപ്പുമാറ്റുന്ന ആഹാരം ഒരേസമയം എല്ലാവരും ഉണ്ട്, ആ നിലക്കും കൂട്ടായ്മ തീര്‍ക്കുക. ഒരുമാസം ഇപ്രകാരമുള്ള വ്രതനിഷ്ഠ പാലിച്ച ശേഷം ശവ്വാല്‍ മാസപ്പിറവിയോടെ തുടങ്ങുന്ന പുതിയ പ്രഭാതത്തില്‍ എല്ലാവരും ആഹാരം കഴിച്ച് ഉടുത്തൊരുങ്ങി സുഗന്ധം പൂശി മഹാജനത്തിന്റെ തമ്പുരാനുള്ള സമര്‍പ്പണത്തിനായി ഒരു പ്രവിശാലതയില്‍ ഒത്തുകൂടി വിശുദ്ധ സമഷ്ടിയെ സ്വരൂപിക്കുക. കര്‍ശനമായൊരു നിബന്ധനയുണ്ട് അതോടൊപ്പം. അന്ന് ഒരൊറ്റ മനുഷ്യനും അന്നം മുട്ടി പട്ടിണിയാവാന്‍ പാടില്ല. ആ നിലക്ക് ആഹാരത്തിന്റെ വിതരണം നടന്നിരിക്കണം. അതില്‍ സഹകരിക്കാന്‍ വിസമ്മതിക്കുന്ന ലുബ്ധന് നോമ്പ് എന്നത് നഷ്ടമായിരിക്കും. കാരണം വിശപ്പിന്റെ കൂട്ടായ്മയില്‍ നിന്ന് അവന്‍ ഒരു പാഠവും ഉള്‍ക്കൊണ്ടിട്ടില്ലല്ലോ. ജഠരാഗ്നി ജ്വലിപ്പിച്ച് സന്ധ്യാനേരത്ത് രുചിയോടെ ഭക്ഷണം കഴിക്കാനായി എന്നത് മാത്രമാണ് അങ്ങനെയുള്ളവരുടെ നോമ്പിന്റെ നേട്ടം.

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍