Prabodhanm Weekly

Pages

Search

2012 ജൂലൈ 14

പിടിച്ചുനില്‍ക്കാന്‍ കരുത്ത് നല്‍കുന്നത് ദൈവവിശ്വാസം

അബ്ദുല്‍ ഹകീം നദ്‌വി

ശിഥിലമാകുന്ന കുടുംബബന്ധങ്ങള്‍ ഇന്ന് പുതുമയുളവാക്കുന്ന വാര്‍ത്തകളേയല്ല. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കം തുടങ്ങുന്ന സംഘര്‍ഷങ്ങള്‍ അവസാനം വിവാഹമോചനത്തിലേക്കും ചിലപ്പോള്‍ ജീവിതം തന്നെ അവസാനിപ്പിക്കുന്നതിലേക്കും വരെ നീളുന്നു. മാതാപിതാക്കള്‍ തമ്മിലെ സ്വരചേര്‍ച്ചയില്ലായ്മ മക്കളെ ജീവിതവിരസതയിലേക്ക് നയിക്കുന്ന സംഭവങ്ങളും വിരളമല്ല. കൂട്ടുകുടുംബമെന്ന സങ്കല്‍പത്തില്‍ നിന്ന് അണുകുടുംബം എന്ന കാഴ്ചപ്പാടിലേക്ക് നാം എടുത്തെറിയപ്പെട്ടപ്പോള്‍ ഒറ്റപ്പെടലിന്റെ പുതിയ തുരുത്തുകള്‍ സൃഷ്ടിക്കപ്പെടുകയാണുണ്ടായത്. അത്തരം അണുകുടുംബങ്ങളാകട്ടെ തങ്ങളുടെ കൊക്കിലൊതുങ്ങാത്ത പലതിനെക്കുറിച്ചും സ്വപ്നങ്ങള്‍ നെയ്തും കണക്കുകള്‍ കൂട്ടിക്കിഴിച്ചും മുന്നേറിയപ്പോള്‍ ജീവിതം തന്നെ ദുഷ്കരമായി. കുടുംബത്തിന്റെ വരുമാനത്തെ കവച്ചുവെക്കുന്ന ചെലവുകള്‍ ഇന്ന് ഏതൊരു ശരാശരി കുടുംബത്തിലും കാണാനാകുന്നുണ്ട്. അവസാനമത് താങ്ങാനാകാത്ത കടക്കെണിയായി മാറുന്നു. പിന്നെ ജീവിതം ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ അവസാനിപ്പിച്ചേക്കാം എന്ന തീരുമാനത്തില്‍ അവര്‍ എത്തിച്ചേരുന്നു.
ഇന്ന് നടക്കുന്ന ആത്മഹത്യകളധികവും വ്യക്തികേന്ദ്രീകൃതമല്ല, കുടുംബമൊന്നിച്ചുള്ള കൂട്ടക്കൊല തന്നെയാണ്. എട്ടും പൊട്ടും തിരിയാത്ത പിഞ്ചുപൈതലിന് അമ്മിഞ്ഞപാലെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷം കൊടുത്തോ കഴുത്തറുത്തോ കെട്ടിത്തൂക്കിയോ കൊലപ്പെടുത്തി അവരുടെ ജീവന്‍ പോയെന്ന് ഉറപ്പ് വരുത്തിയാണ് തന്റെ ജീവന്‍ കയറിലാട്ടുന്നത്. വനിതാ കമീഷന്‍ 'കുടുംബ കൂട്ടക്കൊല' എന്നാണ് ഇത്തരം സംഭവങ്ങളെ വിശേഷിപ്പിച്ചത്. കുടുംബജീവിതം തെറ്റായ ദിശയില്‍ സഞ്ചരിക്കുകയോ വികലമായ ജീവിത സംസ്കാരങ്ങള്‍ക്ക് അടിപ്പെടുകയോ ചെയ്യുമ്പോഴാണ് പലപ്പോഴും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്.
സ്ത്രീ പുരുഷ ബന്ധങ്ങളിലെ അനാരോഗ്യകരമായ പ്രവണതകളും വില്ലനായി കടന്നുവരുന്നുണ്ട്. പരപുരുഷന്മാരുമായി ഇറങ്ങിപ്പോകുന്ന കുടുംബിനികളും കാമുകിയുമായി ഒളിച്ചോടുന്ന കുടുംബനാഥനുമൊന്നും വലിയ വാര്‍ത്താ പ്രാധാന്യമുള്ള സംഭവങ്ങളല്ല ഇന്ന്. മൊബൈല്‍ ഫോണില്‍ വന്ന ഒരു മിസ്ഡ് കോളിലൂടെ വളര്‍ന്ന് കാമുകനോടൊന്നിച്ച് ഇറങ്ങിപ്പോയി അവസാനം ജീവിതം ഒന്നിനും പറ്റാത്ത ചണ്ടികണക്കെ എല്ലാം ഊറ്റിക്കുടിച്ചും കശക്കിയെറിഞ്ഞും വഴിയാധാരമാക്കപ്പെടുന്ന സംഭവങ്ങളും അപൂര്‍വമല്ല. ഇന്റര്‍നെറ്റിലൂടെയും സോഷ്യല്‍ നെറ്റ്വര്‍ക് സൈറ്റുകളിലൂടെയും വളരുന്ന സുഹൃദ് ബന്ധങ്ങള്‍ കബളിപ്പിക്കപ്പെടുന്ന കപട ബന്ധങ്ങളാണെന്ന് തിരിച്ചറിയാന്‍ പലപ്പോഴും ഒരുപാട് വൈകുന്നു. ഇവരില്‍ പലരും അവസാനം എത്തിച്ചേരുന്നത് ആത്മഹത്യാ മുനമ്പിലാണ്.
പ്രവാസി ആത്മഹത്യകള്‍ ഞെട്ടിക്കുംവിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഓരോ വര്‍ഷവും നൂറുക്കണക്കിന് പ്രവാസി മലയാളികള്‍ ആത്മഹത്യയില്‍ അഭയം തേടി സ്വയം ഒടുങ്ങുകയാണ്. പ്രവാസി ആത്മഹത്യയുടെ കാരണങ്ങളില്‍ മുഖ്യ വില്ലനായി മാറുന്നത് സാമ്പത്തിക പ്രശ്നങ്ങളാണ്. കൈപിടിയിലൊതുങ്ങാത്ത സ്വപ്നങ്ങളും ചിലപ്പോള്‍ ആര്‍ത്തിയും കാരണം കടക്കെണിയില്‍ അകപ്പെടുകയും രക്ഷപ്പെടാനാകാത്ത വിധം പലിശക്കൊള്ളക്കാരുടെ കരവലയങ്ങളിലമരുകയും ചെയ്തവരാണ് ആത്മഹത്യ ചെയ്തവരില്‍ അധികവും. വാങ്ങിയ കടത്തിന്റെ നാലും അഞ്ചും ഇരട്ടി നല്‍കിയിട്ടും തന്റെ കടത്തില്‍ ഒരു കുറവും കാണാത്തവിധം വട്ടിപ്പലിശക്കാര്‍ വിരിക്കുന്ന വലകളില്‍ കുടുങ്ങി ജീവിതത്തിന്റെയും മരണത്തിന്റെയും ഇടയില്‍ തൂങ്ങിയാടുന്നവര്‍ പ്രവാസികള്‍ക്കിടയില്‍ ധാരാളമുണ്ട്. ചിലപ്പോള്‍ കുടുംബ പ്രശ്നങ്ങളും തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രയാസങ്ങളും ചിലരെയെങ്കിലും ആത്മഹത്യയിലേക്കെത്തിച്ചിട്ടുണ്ട്. നാട്ടിലെ പോലെ പ്രശ്നങ്ങള്‍ പങ്കുവെക്കാനും തുറന്ന് സംസാരിക്കാനും സൌകര്യങ്ങളില്ലാതിരിക്കുന്നതും എല്ലാവരും സ്വന്തം തിരക്കുകള്‍ക്കിടയില്‍ കൂടെയുള്ളവനെ മറക്കുന്നതും ഈ വര്‍ധനക്ക് കാരണങ്ങളാണ്.

പരിഹാരമെന്ത്?
മനഷ്യ ജീവിതം ഏറെ വിലപ്പെട്ടതാണ്. ദൈവം കനിഞ്ഞേകിയ മഹാ അനുഗ്രഹം. ജീവിതം സുഖ ദുഃഖങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും നിറഞ്ഞതാണ്. ജീവിതം അര്‍ഥമുള്ളതാകുന്നത് ഈ ആരോഹണാവരോഹണങ്ങളെ ഉള്‍ക്കൊള്ളാനും അഭിമുഖീകരിക്കാനും സാധിക്കുമ്പോള്‍ മാത്രമാണ്. സന്തോഷവും ദുഃഖവും കളിയും ചിരിയും കരച്ചിലും വിഷാദവും വിജയവും പരാജയവും എല്ലാം കൂടിച്ചേരുമ്പോഴാണ് അത് സുന്ദരമാകുന്നത്.വൈവിധ്യങ്ങളും ചെറുപ്പ വലിപ്പങ്ങളും സൌന്ദര്യത്തിന്റെ അടയാളങ്ങളാണ്. ഒരു പൂന്തോട്ടത്തിന്റെ ഭംഗി അതിലെ പുഷ്പങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ടാണ്. ഒന്ന് വാടുമ്പോള്‍ മറ്റൊന്ന് തളിര്‍ക്കുന്നു. ജീവിതത്തിലും ഒരിക്കല്‍ പ്രയാസം ഉണ്ടാകുമ്പോള്‍ മറ്റൊരിക്കല്‍ സന്തോഷമുണ്ടാകുന്നു. ഒരിക്കല്‍ പരാജയപ്പെടുമ്പോള്‍ മറ്റൊരിക്കല്‍ വിജയിക്കുന്നു. അങ്ങനെ സംഭവിക്കുമ്പോഴാണ് ജീവിതത്തിന്റെ സൌന്ദര്യം അനുഭവിക്കാനാവുക.
ആത്മഹത്യ ചെയ്യുന്ന വ്യക്തിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള അന്വേഷണങ്ങള്‍ ഇന്നും എവിടെയും എത്തിയിട്ടില്ല. തനിക്ക് മുമ്പിലെ ജീവിതം ദുര്‍ഘടമാണെന്ന തോന്നലാണല്ലോ ആത്മഹത്യയിലേക്ക് ഒരാളെ തള്ളിവിടുന്നത്. ജീവിതം മരണത്തോടെ തീരുന്നതാണെന്ന ധാരണയാണ് അവനെ ഇത്തരം ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്നത്. തന്റെ ജീവിതം ഒടുങ്ങുന്നതോടെ തന്റെ തന്നെ ദുരിതങ്ങള്‍ അവസാനിക്കുന്നില്ലെന്ന് മാത്രമല്ല, തന്നെ ആശ്രയിക്കുന്നവരുടെ കൂടി ദുരിതങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്യുന്നതെന്ന യാഥാര്‍ഥ്യം മനസ്സിലാക്കാതെ പോകുന്നു. ഒരു ആത്മഹത്യ ശരാശരി ആറ് പേരുടെ ജീവിതങ്ങളെങ്കിലും ദുരിതപൂര്‍ണമാക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വയം ഒടുങ്ങാന്‍ തീരുമാനിച്ചവനെ ശക്തമായ നിയമനിര്‍മാണങ്ങളിലൂടെ പിന്തിരിപ്പിക്കാനാകില്ല. കാരണം, മരിക്കാന്‍ തീരുമാനിച്ചവന്റെ മുമ്പില്‍ നിയമങ്ങള്‍ പ്രസക്തമേയല്ല. മരിച്ചു കഴിഞ്ഞാലും രക്ഷാ ശിക്ഷയുടേതായ ഒരു ലോകമുണ്ടെന്ന ബോധ്യമുള്ള ഒരാള്‍ക്ക് വിലപ്പെട്ട ജീവിതം വെറുതെ അങ്ങ് നശിപ്പിച്ച് കളയാനാകില്ല. അഥവാ ജീവിതത്തെക്കുറിച്ച വീക്ഷണം തന്നെയാണ് മര്‍മപ്രധാനം. ലോകത്ത് ആത്മഹത്യാ പ്രവണതകള്‍ ഏറ്റവും കുറഞ്ഞ രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായത് യാദൃഛികമാകാനിടയില്ല. കേരളത്തില്‍ തന്നെ ആത്മഹത്യയില്‍ ഒന്നാം സ്ഥാനത്ത് ഇടുക്കിയാണെങ്കില്‍ ഏറ്റവും പിന്നില്‍ മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറമാണ്.
ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണ് ദൈവവിശ്വാസം. ജീവിതത്തില്‍ എന്ത് നിറം മാറ്റങ്ങള്‍ സംഭവിച്ചാലും അവ തനിക്ക് അനുകൂലമോ പ്രതികൂലമോ ആയാലും പിടിച്ചുനില്‍ക്കാനുള്ള ഉള്‍ക്കരുത്ത് നല്‍കുന്നതാണ് വിശ്വാസം. "വിശ്വാസിയുടെ കാര്യം മഹാ അത്ഭുതം തന്നെ! അവന്റെ ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടായാല്‍ അവന്‍ ദൈവത്തിന് മുമ്പില്‍ നന്ദി പ്രകാശിപ്പിക്കും. വല്ല വിപത്തും സംഭവിച്ചാലോ അവന്‍ ക്ഷമയുടെ മൂര്‍ത്തീ രൂപമായി ഉയര്‍ന്നുനില്‍ക്കും. ഇത് രണ്ടും അവന് നന്മ മാത്രമാണ് സമ്മാനിക്കുക'' എന്ന തിരുവചനം ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. ജീവിതം നല്‍കിയവന്റെ മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടവരാണ് മനുഷ്യരെല്ലാം. ജീവന്‍ നല്‍കിയവനും അത് തിരിച്ചെടുക്കുന്നവനും അതേ ദൈവമാണ്. അത് സ്വയം ഇല്ലാതാക്കുന്നത് കടുത്ത അപരാധമാണ്. "നിങ്ങള്‍ സ്വന്തത്തെ വധിച്ചുകളയരുത്. കാരണം ദൈവം നിങ്ങളോട് അങ്ങേയറ്റം കരുണയുള്ളവനാണെന്ന് നിങ്ങള്‍ അറിയണം'' (അന്നിസാഅ് 29). സ്രഷ്ടാവിന്റെ സൃഷ്ടികളോടുള്ള അഭ്യര്‍ഥനയാണിത്.
ദൈവത്തില്‍നിന്ന് സംഭവിക്കേണ്ടതൊന്നും വരാതെ നോക്കാന്‍ തനിക്ക് കഴിയില്ലെന്ന് യൂസുഫ് പ്രവാചകന്‍ പറയുന്ന ഒരു വചനം ഖുര്‍ആനിലുണ്ട്. ജീവിതത്തെ യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നതിന്റെ ഒരു രീതിയാണത്. തനിക്ക് അനിഷ്ടകരമാകുന്ന കാര്യങ്ങളാണെങ്കിലും അതിനെ നേരിടാനാകുമ്പോഴാണ് ജീവിതം അര്‍ഥമുള്ളതാകുന്നത്. വരാന്‍ പോകുന്നതൊന്നും വഴിയില്‍ തങ്ങില്ലെന്നത് കേവലം ഒരു പഴമൊഴി മാത്രമല്ല, ജീവിതത്തെക്കുറിച്ച സത്യസന്ധമായ വര്‍ത്തമാനം കൂടിയാണത്. താന്‍ അനുഭവിക്കുന്നതെല്ലാം തനിക്ക് ദൈവം വിധിച്ചതാണെന്ന ധാരണയുണ്ടാവുകയും അതേ ദൈവം തന്നോട് അങ്ങേയറ്റം കാരുണ്യം കാണിക്കുന്നവനാണെന്ന് ഉറപ്പുണ്ടാവുകയും ചെയ്താല്‍ ഏത് പ്രതിസന്ധി ഘട്ടത്തെയും നിഷ്പ്രയാസം തരണം ചെയ്യാം. 'ദൈവം എന്താണോ വിധിച്ചത് അതില്‍ തൃപ്തിയടയുക. എങ്കില്‍ നീയായിരിക്കും ഏറ്റവും സമ്പന്നനായ വ്യക്തി' എന്ന പ്രവാചകാധ്യാപനം നമ്മെ ഈ യാഥാര്‍ഥ്യമാണ് പഠിപ്പിക്കുന്നത്. മനസ്സിന്റെ ഐശ്വര്യമാണ് യഥാര്‍ഥ ഐശ്വര്യമെന്നും നബി(സ) പഠിപ്പിക്കുന്നുണ്ട്.
ജീവിതത്തിന്റെ സുഖം തേടിയുള്ള അലച്ചിലില്‍ പലതും അവന്‍ സമ്പാദിക്കുമ്പോള്‍ മനസ്സിന്റെ സുഖവും സമാധാനവും തകരുകയാണിന്ന്. ധനം ഒരാള്‍ക്ക് എത്ര വേണമെങ്കിലും സമ്പാദിക്കാം. ദൈവം ഒരു നിയന്ത്രണവും അതിന് വെച്ചിട്ടില്ല. ഭൂമി മുഴുവന്‍ അവന്റെ അനുഗ്രഹങ്ങളാണെന്നും ഇഷ്ടമുള്ളത് അതില്‍ നിന്ന് അവന് നേടിയെടുക്കാമെന്നുമാണ് ദൈവ ഹിതം. അതിനുള്ള സ്വാതന്ത്യ്രവും കഴിവും അവന് ദൈവം നല്‍കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇതൊന്നും മനസ്സിന്റെ സുഖത്തിനും ആശ്വാസത്തിനും പര്യാപ്തമായിക്കൊള്ളണമെന്നില്ല. പരമ ദരിദ്രന്മാര്‍ കോടീശ്വരന്മാരേക്കാള്‍ സന്തോഷവും സമാധാനവും അനുഭവിക്കുന്നത് നാം കാണുന്നുണ്ടല്ലോ. വീടും സ്വത്തും ജോലിയും ഒന്നുമില്ലെങ്കിലും മനഃസമാധാനത്തോടെ കിടന്നുറങ്ങാന്‍ കഴിയുന്ന അവസ്ഥ എല്ലാവരും ആഗ്രഹിക്കുന്നു. ഒരു മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകവും അതു തന്നെയാണല്ലോ. മനുഷ്യ മനസ്സാണ് സ്വര്‍ഗത്തെ നരകവും നരകത്തെ സ്വര്‍ഗവുമൊക്കെയാക്കി മാറ്റുന്നതെന്ന് പ്രസിദ്ധ ചിന്തകന്‍ മില്‍ട്ടന്‍ പറയുന്നുണ്ട്. ജീവിതയാത്രയില്‍ ഒരുപാട് വെട്ടിപ്പിടുത്തങ്ങളും അതിസാഹസികതയും നടത്തിയ നെപ്പോളിയന്‍ തന്റെ ജീവിതത്തില്‍ സുഖമുള്ള ഒരു ദിവസം പോലും ഉണ്ടായിട്ടില്ലെന്ന് പരിതപിക്കുന്നു.
സമൂഹങ്ങളുടെയും കുടുംബ ജീവിതത്തിന്റെയും നാഗരികതയുടെയും പ്രശ്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ ആത്മഹത്യയെ വീക്ഷിക്കുന്നതും അതില്‍ നിന്ന് മുക്തി തേടുന്നതും. വലിയൊരളവില്‍ അത് ശരിതന്നെയാണ്. കുടുംബബന്ധങ്ങള്‍ക്ക് വിലകല്‍പിക്കാത്ത ഒരു സാമൂഹികാന്തരീക്ഷത്തില്‍ തന്റെ ഭാരങ്ങള്‍ ഇറക്കിവെക്കാന്‍ അത്താണി ഇല്ലാതെ മനുഷ്യന്‍ വട്ടം കറങ്ങും. ഞാനും ഭാര്യയും കുട്ടികളും വീടും ചറ്റുമതിലുമെന്ന പരിമിതമായ ലോകത്ത് നിന്ന് ഇറങ്ങി വന്ന് വിശാലമായ കുടുംബബന്ധങ്ങള്‍ സൃഷ്ടിക്കാനായാല്‍ മനസ്സിന്റെ ആകുലതകളും ആധികളും ഇറക്കിവെക്കാന്‍ അവന് അധികം പ്രയാസപ്പെടേണ്ടിവരില്ല. മക്കള്‍ മാതാപിതാക്കളുമായും മാതാപിതാക്കള്‍ മക്കളുമായും ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലും സഹോദരീ സഹോദരന്മാര്‍ തമ്മിലും മറ്റു ബന്ധുക്കള്‍ തമ്മിലുമെല്ലാം ഊഷ്മളമായ ബന്ധം ബോധപൂര്‍വം വളര്‍ത്തിയെടുക്കാന്‍ പുതിയ കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
സാംസ്കാരിക നാഗരിക ജീവിതത്തില്‍ ഉണ്ടാകുന്ന അപചയങ്ങളും ജീവിതം അവസാനിപ്പിക്കുന്നതിന് നിമിത്തമാകുന്നു എന്നാണ് സാമൂഹിക ശാസ്ത്രകാരന്മാര്‍ പറയുന്നത്. വഴിവിട്ട ലൈംഗിക ബന്ധങ്ങളും മദ്യവും മയക്കുമരുന്നും ജീവിതത്തിന്റെ ഭാഗമായി മാറുന്നതും സദാചാര വിരുദ്ധമായ ജീവിത വീക്ഷണങ്ങളും നൈമിഷികമായ സുഖം നല്‍കുമെങ്കിലും ആത്യന്തികമായി ജീവിതത്തെ പരാജയത്തിലേക്ക് നയിക്കുകയും അവസാനം ജീവിതമൊടുക്കുന്നതില്‍ കലാശിക്കുകയും ചെയ്യുന്നു. മറക്കിപ്പുറം ഒരു ജീവിതവും അപ്പുറം മറ്റൊന്നുമായി സമൂഹത്തെ കബളിപ്പിച്ച് ഒരാള്‍ക്ക് അധികം സഞ്ചരിക്കാനാകില്ല. ജീവിതത്തിന്റെ സുതാര്യത ജീവിക്കുന്നവന് തണുപ്പും തണലുമേകും. ജീവിതം സുതാര്യവും നിഷ്കപടവുമാണെന്ന് ഉറപ്പുവരുത്താന്‍ പറ്റണം.
മഹല്ലുകള്‍, സാമൂഹിക സാംസ്കാരിക സംഘടനകള്‍ തുടങ്ങിയ കൂട്ടായ്മകള്‍ പുതിയ സമൂഹത്തെ കൂടി ഉള്‍ക്കൊള്ളാന്‍ കഴിയുമാറ് പുനഃക്രമീകരിക്കുകയും തങ്ങളെ കൂടി അക്കമഡേറ്റ് ചെയ്യാന്‍ കഴിയുന്നതാണ് അതെന്ന് അവരെ ബോധ്യപ്പെടുത്തുകയുമാണ് വേണ്ടത്. അതിലൂടെ ഒറ്റപ്പെടലുകള്‍ ഒരു പരിധിവരെ ഇല്ലാതാക്കാനാകും. സമൂഹത്തില്‍ ഓരോരുത്തരും സോഷ്യല്‍ ആക്ടിവിസ്റുകളായി മാറുകയും അവര്‍ക്ക് അവരുടെ പ്രശ്നങ്ങളും ആവലാതികളും ഇറക്കിവെക്കാന്‍ സാഹചര്യമൊരുക്കുകയും ചെയ്യുന്നത് പുതിയ കാലത്ത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഇടപെടല്‍ തന്നെയാണ്.
(അസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍