Prabodhanm Weekly

Pages

Search

2012 ജൂലൈ 14

റമദാന്‍ ജീവിതത്തിലെ ഒരു നാഴികക്കല്ലാകാന്‍

ഡോ. അസ്മാ ബിന്‍ത് റാശിദ്‌

തുടിക്കുന്ന ഹൃദയങ്ങളും ദാഹിക്കുന്ന മനസുകളും ആകാംക്ഷ മുറ്റിയ ആത്മാക്കളും ഓരോ വര്‍ഷവും കാത്തിരിക്കുന്ന ആദരണീയ അതിഥിയാണ് റമദാന്‍ മാസം. ഐശ്വര്യം യഥാര്‍ഥത്തില്‍ തൊട്ടറിയുന്ന മാസം. ആ മാസം മുഴുവന്‍ അതിരുകളില്ലാത്ത ചക്രവാളങ്ങളില്‍ ഹൃദയങ്ങളെ മനുഷ്യന്‍ സ്വതന്ത്രമാക്കി വിടുന്നു. അതിലെ ദിനങ്ങള്‍ ഐഹിക ലോകത്തെ സമയമാണെന്ന് തോന്നാറില്ല. അതിലെ ഓരോ നിമിഷവും താന്‍ വാനലോകത്ത് പറന്നുനടക്കുന്നതായി അവന് അനുഭവപ്പെടുന്നു. വാതിലുകള്‍ തുറന്നിടപ്പെട്ട സ്വര്‍ഗം തന്റെ കണ്ണുകൊണ്ട് അവിടെ കാണുന്നതായി അവന് തോന്നുന്നു. പ്രാര്‍ഥനകളുടെയും സ്തോത്രങ്ങളുടെയും മാധുര്യമാണ് അതില്‍ അവന്റെ ആസ്വാദനം. വിശ്വാസത്തിന്റെ പരിമളം പ്രതിഫലം കാംക്ഷിക്കുന്നവന്റെയും വിശ്വാസിയുടെയും ഹൃദയങ്ങളിലേക്ക് ചിതറി വീഴുന്നു.
റമദാനിലൂടെ എങ്ങനെയാണ് കടന്നുപോകുന്നത്?
നിശ്ചയദാര്‍ഢ്യവും വലിയ മനസുമുള്ളവരെ അലട്ടുന്ന ചോദ്യമാണിത്. ഈ ചോദ്യമാണ് നമ്മുടെ മുന്‍ഗണനാക്രമങ്ങളെ പുനര്‍നിര്‍ണയിക്കാനും ആത്മപരിശോധന നടത്താനും ഉദ്ദേശ്യലക്ഷ്യങ്ങളെ ശുദ്ധിവരുത്താനും നമ്മെ പ്രേരിപ്പിക്കുന്നത്. ഈ വിശുദ്ധ മാസത്തിന്റെ വിലയറിഞ്ഞ് അതിനെ വരവേല്‍ക്കാന്‍ ഹൃദയത്തിന്റെ കെട്ടുകളഴിച്ച് ഞാനിതാ മുന്നിലേക്ക് എന്ന് ഉറക്കെപ്പറയാന്‍ കഴിയുന്നവര്‍ എവിടെ? നിരവധി മനുഷ്യര്‍ റമദാന്‍ മാസത്തിലാണ് അല്ലാഹുവിങ്കലേക്ക് തിരിച്ചു നടന്നത്. റമദാന്‍ അവരുടെ ജീവിതത്തിന്റെ ദിശ തിരിച്ചുവിടുകയായിരുന്നു. സ്വന്തത്തില്‍ നിന്ന് അല്ലാഹുവിലേക്കും അവന്റെ സാമീപ്യത്തിലേക്കും അവര്‍ തിരിച്ചു നടന്നു. അങ്ങനെ റമദാന്‍ അവരുടെ ജീവിതത്തിലെ നാഴികക്കല്ലായി മാറി.
എന്തുകൊണ്ട് ഈ വര്‍ഷത്തെ റമദാന്‍ നമ്മുടെ ജീവിതത്തിലെയും ഒരു നാഴികക്കല്ലാക്കി മാറ്റിക്കൂടാ? എങ്കില്‍ നാം പേറിനടക്കുന്ന സകല ദുശ്ശീലങ്ങള്‍ക്കുമെതിരെ പടനയിക്കാനും മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്ന ദേഹേഛകളെ നിയന്ത്രിക്കാനും നമ്മെ പ്രാപ്തരാക്കട്ടെ ഈ മാസം. അതിന്റെ രാവുകള്‍ വിശ്വാസത്തിന്റെ മൂര്‍ച്ച കൂട്ടുന്നതും, ഖുര്‍ആനെ മനസ്സിരുത്തി പഠിക്കുന്നതും, ഭയഭക്തിയാലും പശ്ചാത്താപത്താലും പ്രാര്‍ഥനയാലും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നതുമാകട്ടെ.

പക്ഷേ എങ്ങനെ?
വ്രതം കൊണ്ട് എന്താണോ ലക്ഷ്യമാക്കപ്പെട്ടിരിക്കുന്നത് അത് മനസിലാക്കി നമ്മുടെ മുമ്പില്‍ വെക്കുകയും ആ ലക്ഷ്യം കൈവരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. എന്തിനാണ് വ്രതാനുഷ്ഠാനം നമ്മുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ടത് എന്ന് നാം സ്വന്തത്തോട് തന്നെ ചോദിക്കുക. അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെന്തെല്ലാമാണെന്നും. അല്ലാഹു നമുക്ക് ഈ ചോദ്യത്തിനുത്തരം ഇപ്രകാരം തരുന്നു: "വിശ്വസിച്ചവരേ, നിങ്ങള്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങളുടെ മുമ്പുണ്ടായിരുന്നവര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്ന പോലെത്തന്നെ. നിങ്ങള്‍ ഭക്തിയുള്ളവരാകാന്‍'' (2:183)
റമദാന്‍ കൊണ്ട് കൈവരിക്കേണ്ട ലക്ഷ്യം തഖ്വയാണ്. പക്ഷെ വ്രതമെടുക്കുന്ന കുറച്ചു പേര്‍ക്കേ ഈ മഹത്തായ ലക്ഷ്യം നേടാനാവുന്നുള്ളൂ. അല്ലെങ്കില്‍ വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് ഈ ലക്ഷ്യം കൈവരിക്കാനായി വ്രതമനുഷ്ഠിക്കുന്നത്. ഇബ്നു റജബ് തന്റെ ലത്വാഇഫുല്‍ മആരിഫ് എന്ന ഗ്രന്ഥത്തില്‍ പറയുന്നു: "വിശ്വാസവും അതിന്റെ തേട്ടവും വിസ്മരിച്ചുകൊണ്ട് അധികപേരും നാട്ടാചാരപ്രകാരമാണ് ജീവിക്കുന്നത്. നാട്ടാചാരമനുസരിച്ച് വ്യക്തമായ കാരണമില്ലാതെ ആരും നോമ്പു മുറിക്കുകയില്ല. അതോടൊപ്പം തന്നെ ആ മനുഷ്യന്‍ നാട്ടില്‍ പരിചിതമായ തിന്മകളുടെയും ഭാഗമാകുന്നു. ഇവിടങ്ങളില്‍ തന്റെ വിശ്വാസം തന്നോട് എന്തു തേടുന്നു എന്ന് തിരിച്ചറിയാതെ അനുഷ്ഠാനങ്ങളിലെന്ന പോലെ അധര്‍മ്മങ്ങളിലും നാട്ടാചാരമാണ് പിന്‍പറ്റപ്പെടുന്നത്''.
വ്രതത്തിന്റെ ആത്യന്തികലക്ഷ്യം തഖ്വ സാക്ഷാല്‍ക്കരിക്കുക എന്നതാണ്. അല്ലാതെ തഖ്വയെ തിരസ്കരിച്ചുകൊണ്ട് വെറും അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലല്ല. ഇത്തരം നോമ്പുകള്‍ അല്ലാഹുവിനൊരിക്കലും ആവശ്യമില്ല. തിരുനബി(സ) അരുളി: "വ്യാജവാക്കുകളും അതുപോലുള്ള കര്‍മങ്ങളും ഉപേക്ഷിക്കാത്തവന്‍ അല്ലാഹുവിന് വേണ്ടി അന്നപാനീയങ്ങള്‍ ഉപേക്ഷിക്കേണ്ട ഒരാവശ്യവുമില്ല'' (ബുഖാരി).
തഖ്വക്ക് നിരവധി അര്‍ഥങ്ങളുണ്ട്, അതില്‍ ജീവിത യാഥാര്‍ഥ്യവുമായി കൂടുതല്‍ ചേരുന്ന അര്‍ഥം, "അല്ലാഹു നിന്നോട് കല്‍പിച്ചതില്‍ നീ വീഴ്ചവരുത്താതിരിക്കലും നിന്നെ വിലക്കിയ ഇടങ്ങളില്‍ നിന്നെ കാണാതിരിക്കലുമാണ്.''
സമയാസമയങ്ങളില്‍ നമസ്കരിക്കാന്‍ അല്ലാഹു നമ്മോട് കല്‍പിച്ചു. ആ കല്‍പനയില്‍ വീഴ്ച വരുത്താതിരിക്കുക. മാതാപിതാക്കളോട് നന്മചെയ്യാനും, അമാനത്തുകള്‍ നിര്‍വഹിക്കാനും, സത്യസന്ധത പാലിക്കാനും, ഹിജാബ് ധരിക്കാനും നമ്മോട് കല്‍പിച്ചു. ആ കല്‍പനകളില്‍ വീഴ്ചവരുത്താതിരിക്കുക. കളവും, വഞ്ചനയും, പാപങ്ങളുടെ ഇടങ്ങളും അല്ലാഹു നമ്മോട് വിലക്കി. വിലക്കപ്പെട്ട ആ ഇടങ്ങളില്‍ നമ്മെ അവന്‍ കാണരുത്.
ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) പറഞ്ഞു: "ഭയഭക്തി എന്നാല്‍ രാത്രിയിലെ നമസ്കാരമോ, പകലിലെ വ്രതമോ അതിനെ കൂട്ടിയോജിപ്പിക്കലോ അല്ല. മറിച്ച് അല്ലാഹു കല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കലും, നിരോധിച്ചവയില്‍ നിന്ന് മാറിനില്‍ക്കലുമാണ്. അതിനനുസൃതമായുണ്ടാകുന്ന കര്‍മങ്ങള്‍ നന്മയില്‍ നിന്നും നന്മയിലേക്കായിരിക്കും'' (ജാമിഉല്‍ഉലൂം വല്‍ ഹികം).
മനുഷ്യനെന്ന നിലക്ക് നമ്മില്‍ നിരവധി വീഴ്ചകളുള്ളതിനാല്‍ സമ്പൂര്‍ണ പാപസുരക്ഷിതത്വം കൈവരിച്ച് സൂക്ഷ്മതയുടെ പരിപൂര്‍ണത കരസ്ഥമാക്കാന്‍ സാധ്യമല്ലെങ്കിലും പരിപൂര്‍ണതയിലേക്ക് അടുക്കുക എന്ന പൊതു തത്ത്വം പിന്‍പറ്റുക. അല്ലാഹു പറയുന്നു: "സാധ്യമാകും വിധം നിങ്ങള്‍ അല്ലാഹുവോട് ഭയഭക്തിയുള്ളവരാവുക''(64:16). അറിയുക: നന്മതേടുന്നവന് അത് ലഭ്യമാകും, തിന്മയെ സൂക്ഷിക്കുന്നവന്‍ സംരക്ഷിക്കപ്പെടും. ഇന്നത്തെ കര്‍മം കൊണ്ട് നിന്റെ സ്ഥാനം ഉയര്‍ത്തപ്പെടും. ഭയഭക്തിയാല്‍ നാളെയുടെ സ്ഥാനം അനേകം മടങ്ങുകളായി ഉയര്‍ത്തപ്പെടും. അത് വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ഒന്നിനോടടുക്കുന്നവന്‍ ലക്ഷ്യത്തോടടുത്തവനെപ്പോലെയാണ്. ഈ ഘട്ടത്തില്‍ താന്‍ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത ഒരനുഭൂതിയിലൂടെ മനുഷ്യന്‍ കടന്നുപോകും. അവന്റെ ഹൃദയം ദൈവസാമീപ്യവും സംതൃപ്തിയും ദൃഢബോധത്തിന്റെ കുളിര്‍മയും കൊണ്ട് നിറഞ്ഞിരിക്കും. റബ്ബിന്റെ കാരുണ്യവും പൊറുക്കലും നരകമോചനവും അവനെ സ്പര്‍ശിക്കുന്നതുപോലെ അനുഭവപ്പെടും. നിശ്ചയദാര്‍ഢ്യത്തോടെ അടുക്കുകയും സമര്‍പ്പിക്കുകയും പരിശ്രമിക്കുകയും ചെയ്തവന്‍ റമദാനിന് ശേഷം തീര്‍ച്ചയായും മറ്റൊരു മനുഷ്യനായിരിക്കും. തന്നില്‍ ഏല്‍പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ വീഴ്ചവരുത്താത്തവനും അഹിതമായിടങ്ങളില്‍ കാണപ്പെടാത്തവനുമായിരിക്കും അവന്‍.

വ്രതം എങ്ങനെയാണ് ദൈവഭക്തിക്ക്
കാരണമാകുന്നത്?
വ്രതം നിരവധി ഘടകങ്ങളെ മനസുകളില്‍ ശക്തിപ്പെടുത്തുകയും ചിലതിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. ഈ രഹസ്യമാണ് വ്രതത്തെ ദൈവഭക്തിയിലേക്കുള്ള എളുപ്പവഴിയാക്കുന്നത്. ആത്മാവിന്റെ മേലുള്ള ശരീരത്തിന്റെ ആധിപത്യം വ്രതം ദുര്‍ബലമാക്കുന്നു. അങ്ങനെ ആത്മാവ് ശരീരത്തിന്റെ പിടിയില്‍ നിന്ന് മോചിതമാകുന്നു. ഈ അവസ്ഥയില്‍ ആത്മാവിന്റെ മികവനുസരിച്ച് ഒരാള്‍ക്ക് ദൈവഭക്തി കൈവരിക്കല്‍ അനായാസകരമായി മാറുന്നു. അവന്റെ ഹൃദയം അദ്ദേഹത്തോട് പറയും "ആത്മാവേ, ബന്ധങ്ങള്‍ അഴിക്കപ്പെട്ടിരിക്കുന്നു.. നീന്തിത്തുടിച്ചുകൊണ്ട് അല്ലാഹുവിലേക്കടുക്കുക''. വ്രതം സഹജവാസനകളെ നിയന്ത്രിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ ദൈവഭക്തിയുടെ തേട്ടപ്രകാരമുള്ള പ്രയാണം മനുഷ്യന് എളുപ്പമാക്കുന്നു.

വ്രതം ശക്തി പകരുന്ന കാര്യങ്ങള്‍
നാം എല്ലായിപ്പോഴും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ബോധവും അവന്റെ കല്‍പനകള്‍ അനുസരിക്കാനുള്ള മാനസിക സന്നദ്ധതയും വ്രതം നമ്മില്‍ ഉണര്‍ത്തുന്നു. അല്ലാഹുവിന്റെ സാമീപ്യം സദാ അനുഭവപ്പെടുമ്പോള്‍ തന്റെ ഒരു കാര്യവും അവനു ഗോപ്യമല്ല എന്ന ബോധം അയാളിലുണ്ടാകുന്നു. അതുകൊണ്ട് എത്ര തന്നെ വിശന്നാലും ദാഹിച്ചാലും, മറ്റുള്ളവര്‍ കാണുന്നില്ലെങ്കില്‍ പോലും ഒരിറക്ക് വെള്ളമോ ഒരു ഉരുള ഭക്ഷണമോ കഴിക്കാനുള്ള ചിന്തപോലും അവന്റെ മനസിലുണ്ടാവില്ല. കഴുകാനായി വായയിലാക്കിയ വെള്ളം മറ്റാരും കാണാതെ ഇറക്കാമായിരുന്നിട്ടും അവനത് ചെയ്തില്ല. അല്ലാഹുവിനെ ഓര്‍ത്ത് അതില്‍ നിന്ന് ഒരു തുള്ളിപോലും അകത്തേക്ക് ഇറങ്ങാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. അല്ലാഹുവിന്റെ കല്‍പന അംഗീകരിച്ചുകൊണ്ടും അവന്റെ സാന്നിധ്യം അറിഞ്ഞു കൊണ്ടും അവന്റെ ശിക്ഷ ഭയന്നുകൊണ്ടും മോക്ഷം പ്രതീക്ഷിച്ചുകൊണ്ടുമായിരുന്നു ഇതെല്ലാം. നാം സദാ അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന ഈ ബോധത്തിന്റെ ശക്തിയും ഹൃദയത്തില്‍ അത് പതിഞ്ഞ ആഴവുമനുസരിച്ച്, വ്രതത്തിനും അപ്പുറത്തേക്ക് തന്റെ ദൈനംദിന ജീവിതത്തിലെ ദൈവിക കല്‍പനകള്‍ പ്രാവര്‍ത്തികമാക്കിയും നിരോധങ്ങളില്‍ നിന്ന് അകലം പാലിച്ചും ജീവിതം കൂടുതല്‍ വിശുദ്ധമാക്കിക്കൊണ്ടേയിരിക്കും.
പകല്‍ വ്രതമനുഷ്ഠിക്കുകയും രാത്രി പാപങ്ങളിലും നിഷിദ്ധങ്ങളിലും അനാവശ്യങ്ങളിലും മുഴുകി അത് നിഷ്ഫലമാക്കുകയും ചെയ്യുന്നവര്‍ ഭയഭക്തി കൈവരിക്കുക എന്ന അല്ലാഹു ഉദ്ദേശിച്ച പരീക്ഷണത്തില്‍ വിജയിക്കുന്നില്ല. ഇവര്‍ ഖുര്‍ആന്‍ പാരായണത്തിന്റെ മാധുര്യവും നമസ്കാരത്തിലെ ഭക്തിയും തിരിച്ചറിയാന്‍ കഴിയാതെ പോയവരാണ്. കഴിഞ്ഞ ഇരുപത് വര്‍ഷമായി നാം വ്രതമനുഷ്ഠിക്കുകയും റമദാനില്‍ നിന്ന് വിടവാങ്ങുകയും ചെയ്തിട്ടും നമ്മില്‍ ഒരു മാറ്റവും ജനം കാണുന്നില്ലെങ്കില്‍, നമ്മുടെ ഭൂതകാലത്തെ ഒരരികിലേക്ക് മാറ്റി അല്ലാഹു താല്‍പര്യപ്പെടുന്ന രൂപത്തില്‍ ആരാധനകളെ നിശ്ചയദാര്‍ഢ്യത്തോടെ നാം സമീപിക്കേണ്ടതുണ്ട്. അങ്ങനെ ദേഹേഛകളുടെ വൃത്തികേടില്‍ നിന്നും നിഷേധാത്മക വിചാരങ്ങളില്‍ നിന്നും ഏകതാള ജീവിതചിട്ടയില്‍ നിന്നും മുക്തമായി ദൈവഭയഭക്തി കൈവരുത്തുന്ന ആരാധനകള്‍ ഇനിയെങ്കിലും നമ്മില്‍ നിന്നുണ്ടാകണമെന്ന് നാം തീരുമാനിക്കേണ്ടിയിരിക്കുന്നു.
തീര്‍ച്ചയായും ദൈവഭക്തി സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഹൃദയവിശാലതയുടെയും രഹസ്യങ്ങളില്‍ പെട്ടതാണ്. ദൈവഭക്തിയുടെ മൈതാനത്തേക്ക് പ്രവേശിക്കാനും അതിന്റെ പടികളിലൂടെ ഉന്നതങ്ങളിലെത്താനും മത്സരിക്കുന്നവന്റെ മുമ്പില്‍ അനുസരണത്തിന്റെ വാതിലുകള്‍ വിശാലമായി തുറക്കപ്പെട്ടിരിക്കുന്നു. ഇവിടെ പാപമോചനത്തിന്റെ വാതിലുകള്‍ എല്ലാവര്‍ക്കും പ്രാപ്യമായിരിക്കുകയും ചെയ്തിരിക്കുന്നു. കാരുണ്യത്തിന്റെയും, പൊറുക്കലിന്റെയും നരകമോചനത്തിന്റെയും ഭയഭക്തിയുടേതുമായ റമദാന്‍ മാസത്തിന്റെ മടിത്തട്ടിലേക്ക് എത്തിച്ചേരാന്‍ എല്ലാ വര്‍ഷവും സാധിക്കുമാറ് നാമിപ്പോഴും ജീവിക്കുന്നു എന്നതിനാല്‍ അല്ലാഹുവിന് സര്‍വ സ്തുതിയും.
മാറ്റത്തിനായുള്ള ആഗ്രഹം എപ്പോഴാണോ ആത്മാര്‍ഥത മുറ്റിയതാകുന്നത് അതാണ് മാറ്റത്തിനുള്ള അനുയോജ്യമായ അവസരം. അതിനാല്‍ ആ ലക്ഷ്യം നേടാന്‍ ഗൌരവപൂര്‍ണമായ നടപടിക്രമങ്ങളും അതിവേഗത്തിലുള്ള തയാറെടുപ്പും റമദാന്‍ ആഗതമാകുന്നതോടെ നമ്മില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.
ഒന്ന്: ഭയഭക്തിയുടെയും നവീകരണത്തിന്റെയും പ്രക്രിയക്കായി ശക്തിയും ധൈര്യവും നിശ്ചയദാര്‍ഢ്യവും നമ്മില്‍ നട്ടുപിടിപ്പിക്കുന്ന സാംസ്കാരികവും, വൈജ്ഞാനികവും, സാരോപദേശപരവുമായ ഒരു പദ്ധതി ആരംഭിക്കുക. അതിനനുയോജ്യമായ പുസ്തകങ്ങളും പ്രസംഗങ്ങളും തെരഞ്ഞെടുക്കുക.
രണ്ട്: റമദാനോടു കൂടി ഇന്നിന്ന ദുഃസ്സ്വഭാവങ്ങളും തെറ്റുകളും എന്നില്‍ നിന്നും വിജയകരമായി വിപാടനം ചെയ്യുമെന്ന് പ്രഖ്യാപിക്കാന്‍ കഴിയുക. പാപങ്ങളും തെറ്റുകളുമില്ലാത്ത ഒരു പുതിയ ജീവിതം എന്ന ധൈര്യപൂര്‍വമായ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കുക. തീര്‍ച്ചയായും ഇത്തരം ഒരു തീരുമാനം പ്രയോജനപ്രദമായ നിരവധി കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സമയം നമുക്ക് ലഭ്യമാക്കുന്നു. നമ്മില്‍ നിന്നും റമദാനെ കവരുന്ന, നമുക്ക് പാപമുക്തിയും കാരുണ്യവും നിഷേധിക്കുന്ന കൊള്ളക്കാരില്‍ നിന്ന് നാം സുരക്ഷിതരാകുന്നു. പാപമോചനത്തിനായി നാം ശ്രമിക്കുമ്പോഴൊക്കെ നമ്മെ അതില്‍ നിന്നു തടയുന്നവര്‍ ആരെന്ന് അല്ലാഹു പറയുന്നു: "അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിക്കണമെന്നുദ്ദേശിക്കുന്നു. എന്നാല്‍ താന്തോന്നികളായി കഴിയുന്നവരാഗ്രഹിക്കുന്നത് നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് ബഹുദൂരമകന്നു പോകണമെന്നാണ്'' (അന്നിസാഅ്:27)
മൂന്ന്: സമയക്രമീകരണവും മുന്‍ഗണനാക്രമങ്ങളെ പുനര്‍നിര്‍ണയിക്കലും:
ഉദാരതയുടെയും സന്മനസിന്റെയും മാസമാണ് റമദാന്‍. കര്‍മത്തിന്റെയും സമ്പാദിക്കുന്നതിന്റെയും മാസം. അലസതയുടെയും നിഷ്ക്രിയത്വത്തിന്റെയും സമയം കൊല്ലലിന്റെയും മാസമല്ല. അതിന്റെ വിലപ്പെട്ട സമയം ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ പ്രായോഗികമായ കര്‍മപദ്ധതികള്‍ ആവിഷ്കരിക്കുക. അത് നടപ്പാക്കാന്‍ ഓരോരുത്തരും സ്വയം സജ്ജരാവുക. കാരണം, ആ സുവര്‍ണ നിമിഷങ്ങള്‍ വേഗം കടന്നുപോകുന്ന എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമാണ്.
റമദാനോട് കൂടി നമ്മുടെ ജീവിതത്തില്‍ സുതാര്യവും സത്യസന്ധവുമായ ഒരു മാറ്റവും മറക്കാനാകാത്ത ഒരു അടയാളപ്പെടുത്തലും സാധ്യമാണ്. ആ മാറ്റം റമദാന്റെ മുമ്പും ശേഷവുമുള്ള ജീവിതത്തെ താരതമ്യം ചെയ്താല്‍ വളരെ സ്പഷ്ടമായി മനസ്സിലാകും. അതിനാല്‍ റമദാന്‍ നമ്മുടെ കൈയില്‍ ഏല്‍പിക്കപ്പെട്ട അമാനത്ത് ആണ്. ആ അമാനത്തില്‍ നമുക്ക് അല്ലാഹുവിനെ സൂക്ഷിക്കാനും അല്ലാഹുവിന് നമ്മില്‍ നന്മ മാത്രം ദര്‍ശിക്കാനും ഇടയാക്കുമാറാകട്ടെ.
വിവ: പി.പി അബ്ദുല്ലത്വീഫ്

Comments

Other Post

ഖുര്‍ആന്‍ ബോധനം

അല്‍ ഇസ്റാഅ്
എ.വൈ.ആര്‍