റമദാന്‍ പിന്‍വിളിച്ചപ്പോള്‍ സംഭവിച്ചത്
സ്വര്‍ഗസൗഖ്യത്തിന്റെ ആനവാതിലുകള്‍ തുറക്കപ്പെടുകയും നരക കവാടങ്ങള്‍ അടക്കപ്പെടുകയും സാത്താന്‍ തുടലുകളില്‍ കുറുക്കപ്പെടുകയും ചെയ്യുന്ന റമദാന്‍ കാലം. സങ്കീര്‍ണ സംഘര്‍ഷങ്ങളുടെയും പാപ സാധ്യതയുടെയും നൂല്‍പാലത്തിലൂടെ കടന്നുപോവുന്ന സാധു മനുഷ്യജീവിതത്തെ അല്ലാഹു ഏറെ ആഹ്ലാദവാനായി സ്വര്‍ഗ കടാക്ഷത്തിലേക്ക് ആനയിക്കും കാലം. ശതകാലമായി മലയാളത്തിലെ മുസ്‌ലിംകള്‍ ഈ പൂക്കാല പുണ്യങ്ങളെ വരവേല്‍ക്കാന്‍ വല്ലായ്മകളുടെയും വാലായ്മകളുടെയും ഞെരുക്കത്തിലും ഉത്സാഹത്തോടെ അധ്വാനിച്ചിട്ടുണ്ട്.
റമദാന്‍ തലേന്നുകളില്‍ വീട്ടുകാരികള്‍ അശ്രാന്തരായി. പാത്രസാമഗ്രികളും പരിമിത വസ്ത്രങ്ങളും ചിതംവരുത്താന്‍ കുളിക്കടവുകളിലും കുളപ്പടവുകളിലും സ്ത്രീജനങ്ങളുടെ പടപ്പെരുപ്പം. ഇത് 'നനച്ചു കുളി.' അവര്‍ റമദാനെ ഈറ്റെടുക്കുകയാണ്. ഇലപ്പരുപ്പുകളും ചകിരി നാരുകളും കൊണ്ടു ആവര്‍ത്തിച്ചുരസി ഒരാണ്ടിലെ ചേറിന്‍പറ്റുകള്‍ കഴുകിക്കളയുന്നു. എന്നിട്ടു വേണം സ്വന്തം ജീവിതത്തിലെ പാപക്കറ കുടഞ്ഞെറിയാന്‍. കീറാന്‍ വെമ്പുന്ന നമസ്‌കാര വസ്ത്രങ്ങളും കുഞ്ഞു കൈതോലപ്പായയും അരുമയോടവര്‍ ശുഭ്രമാക്കുന്നു. അതില്‍ കിഴി കെട്ടിയ കരിനീലത്തിന്റെ രൂക്ഷഛവി. റമദാന്റെ ഇരവുകളില്‍ സുകൃതങ്ങള്‍ കൊണ്ടും പ്രാര്‍ഥനയുടെ പനിനീരുകൊണ്ടും പാപപ്പറ്റുകള്‍ ഉരച്ചുകഴുകാന്‍ ഈ ശുഭ്രവസ്ത്രത്തിന്റെ അങ്കി വേണം. നെല്ലും അരിപ്പൊടിച്ചമയങ്ങളും സാധ്യതക്കൊത്തവര്‍ സംഭരിച്ചുവെക്കും. ശേഷിയുടെ ആരത്തിനനുരോധമായി സംഭരണത്തിന്റെ വൃത്തം വികാസം തേടും. ഈ ദിവസങ്ങളിലൊക്കെയും ഏതു കൂട്ടായ്മകളിലും പങ്കുവെയ്ക്കപ്പെടുക റമദാന്‍ പുളകങ്ങള്‍. കഴിഞ്ഞു കടന്ന റമദാനില്‍ നമ്മോടൊപ്പം ജീവിതം തീര്‍ത്തവരുടെ പുരാവൃത്തങ്ങള്‍. അവരുടെ കുടുംബ ജീവിത കഥകള്‍. ഈ റമദാന്‍ പൂര്‍ത്തിയാക്കാന്‍ ആഫിയത്തേകാനുള്ള ആധി, ബാല്യ കൗമാരങ്ങള്‍ കഴിഞ്ഞാണ്ടില്‍ പിടിച്ച നോമ്പെണ്ണത്തിന്റെ മികവില്‍ പുതിയ എണ്ണ മത്സരങ്ങള്‍ കിനാവു കണ്ടു. പതിയെപ്പതിയെ പുണ്യ റമദാന്‍ അവരിലേക്ക് പടരുകയായി. പരിമിതമായ സമയോര്‍ജത്തെ ഫലപ്രദമായി വിന്യസിക്കാനുള്ള സാമാന്യ ബുദ്ധിയും അവസരോചിതമായി പെരുപ്പിച്ചെടുക്കാനുള്ള നയതന്ത്രജ്ഞതയും ഈ കാലത്ത് ഓരോ വിശ്വാസിയിലും രൂഢമാണ്. അയാള്‍ക്ക് മറ്റു തിരക്കുകളില്ല. മഹല്ലു പള്ളികളിലും കവലമുക്കുകളിലും നോമ്പൊരുക്കത്തിന്റെ തിരുതകൃതി. പള്ളികളില്‍ പുതുപുല്ലുപായകള്‍ കൊണ്ട് കില്ലകള്‍ വിരിക്കുന്നു. പുതുപായ വിരിപ്പുകള്‍ക്ക് റമദാന്റെ സുഗന്ധം. ബസറയില്‍ നിന്നും ബഗ്ദാദില്‍ നിന്നുമെത്തുന്ന ഈത്തപ്പഴത്തിന്റെ പെരുംവട്ടികളില്‍ ചോണനുറുമ്പുകള്‍ നീന്തി നടന്നു. ബീഡി തെരപ്പുകാര്‍ അവരുടെ മുറങ്ങളില്‍ ചക്കര ബീഡികളുടെ കെട്ടുകള്‍ നിരത്തി. പുകവലിക്കാരുടെ ആര്‍ത്തിക്കൂട്ടങ്ങള്‍ അതിനുചുറ്റും ചോണനുറുമ്പുകളായി.
ശഅ്ബാനിലെ അവസാന പകലും അറുതിയാവുമ്പോള്‍ വിശ്വാസികളുടെ നേത്രപടലങ്ങള്‍ പ്രതീചിയിലെ ചക്രവാളങ്ങളില്‍ പരതുകയായി. കടാപ്പുറങ്ങളിലും കുന്നിന്‍ പള്ളകളിലും. പവിത്ര റമദാന്‍ കുഞ്ഞു നാളികേരക്കൊത്തായി ചക്രവാളസീമയിലെവിടെയോ ഒളിച്ചു കളിക്കുന്നുവോ. ഇതവരുടെ മാസം കാണല്‍. വെണ്‍മേഘപടലങ്ങള്‍ ഒഴുകി നടക്കുന്ന ആകാശ മേടകളില്‍ ചാന്ദ്രദര്‍ശനം പലപ്പോഴും അസാധ്യമാവും. കടല്‍ തുറസ്സുകളില്‍ പക്ഷേ ഇത് വിജയം കണ്ടേക്കും. 'കൂട്ടായിയിലോ ചാലിയത്തോ ബേപ്പൂരിലോ.' പിന്നെ മാസമുറപ്പിക്കണം. ചന്ദ്രക്കീറു കണ്ടവരും സാക്ഷികളും മുതല്‍ വലിയ ഖാദിമാര്‍ വരെ ഈ പ്രമാണിമാരുടെ ചങ്ങലത്തുരട് ദീര്‍ഘമാവുന്നു. വിസ്താരവും സാക്ഷ്യവും കഴിഞ്ഞു റമദാന്‍ ഉറപ്പു പ്രഖ്യാപനം. കേരളത്തിന്റെ ഉള്‍നാടുകളുടെ വിദൂര വിഘ്‌നതയിലേക്ക് വിവരമറിയാതെ വിശ്വാസികള്‍ അപ്പോഴും സംത്രാസപ്പെടും. നിലയ വിദ്വാന്മാരുടെ സ്ഥിരം വീണ വായനക്കിടയില്‍ ഒഴുകിയെത്തുന്ന പ്രത്യേക പ്രക്ഷേപണത്തിനായി ജനം ജാഗ്രതയായി. ഗതകാലങ്ങളില്‍ ഗ്രാമവാസികള്‍ റമദാനും ശവ്വാലും പിറന്നതറിയാന്‍ നഗരച്ചന്തകള്‍ പിരിഞ്ഞെത്തുന്ന കാളവണ്ടിക്കാരെ കാത്തുനിന്നു. മരച്ചക്രങ്ങള്‍ മുക്രയിടുന്ന വണ്ടിത്തളങ്ങളില്‍ മാപ്പിളപ്പാട്ടിന്റെ ശീലു മൂളുന്ന കാളവണ്ടിക്കാര്‍ വഴിയോരത്തൊക്കെയും റമദാനിന്റെ വരവറിയിക്കും. ചെത്തുവഴികളിലെ മാളികകളില്‍ നിന്നതു കര്‍ണാകര്‍ണിതമായി ഗ്രാമ വിദൂരതയിലെ ഓലമാടങ്ങളിലേക്ക് പടരും. ഓരോ വിശ്വാസിയും നോമ്പിലേക്ക് ഉണരുകയായി. പലപ്പോഴും ഇതിന് രാവേറെ പാര്‍ക്കും. ചിലപ്പോള്‍ പുലര്‍ന്ന് പകലാവും റമദാന്റെ വരവറിയാന്‍. അപ്പോള്‍ ആണുങ്ങളുടെ ചുണ്ടുകളില്‍ ബീഡിച്ചുരുളുകള്‍ ചടുലതാളം കൊട്ടുകയാവും. അതോടെയവര്‍ ബീഡിച്ചുരുളുകള്‍ എറിഞ്ഞു കളയുന്നു. മണ്‍കലങ്ങളില്‍ നിന്നു സ്വന്തം മക്കള്‍ക്ക് അന്നം കോരുന്ന സ്‌നേഹമാതൃത്വം തവിക്കോലുകള്‍ പിന്‍വലിക്കുന്നു. കുഞ്ഞു കൗമാരങ്ങള്‍ പോലും ഭക്ഷണ ചട്ടിക്കു മുന്നില്‍ നിന്നും ഒന്നു ചിണുങ്ങുക പോലും ചെയ്യാതെ എഴുന്നേറ്റു പോകും. അവര്‍ക്കും തലനോമ്പു നോറ്റു കേമന്മാരാകണം. പാനോത്സവത്തിനെതിരെ ആകാശ വിജ്ഞാപനം വന്നപ്പോള്‍ യസ്‌രിബിലെ വിശ്വാസികള്‍ കാണിച്ച തിരസ്‌കാരത്തിന്റെ പവിത്ര മാതൃക പോലെ.
രാത്രികളില്‍ തറാവിഹ് നമസ്‌കാരത്തിനു പള്ളി ഇമാമിന്റെ പിന്നില്‍ അണിചേര്‍ന്നവര്‍ അല്ലാഹുവിനോട് നിരന്തരം ഇരവ് തേടി. ഇമാമിന്റെ ചുണ്ടുകളില്‍ നിന്നും നോമ്പിന്റെ നെയ്യത്തുകള്‍ വിശ്വാസികള്‍ ആരവത്തോടെ ഏറ്റുവാങ്ങി. നബയ്ത്തു യൗമഗദിന്‍ സൗമ റമദാന ലില്ലാഹിത്തആലാ. അല്ലാഹുവിന്റെ മുന്നില്‍ കരഞ്ഞു പറഞ്ഞ് പരമമായ ആശ്വാസത്തോടെ വിശ്വാസികള്‍ സ്വന്തം വീടകങ്ങളിലേക്ക്. അങ്ങാടിയില്‍ നിന്നു വാങ്ങിയ ഒറ്റ മുക്കാലിന്റെ ചൂട്ടുകറ്റകള്‍ സ്വന്തം ഓലക്കൂരകളിലേക്കുള്ള പഥരാശികള്‍ കാട്ടി. അപ്പോള്‍ പെണ്‍ പ്രജകള്‍ നമസ്‌കാരപ്പായയിലിരുന്ന് 'ഖത്ത'മോതിത്തുടങ്ങി. തിരൂരങ്ങാടിയിലെ കല്ലച്ചില്‍ തീര്‍ത്ത മുപ്പത് ജുസ്അ്. എത്തിയേടം നിര്‍ത്തി മുത്തിമണത്ത് അരുമയായി ഒതുക്കിവെച്ചു. കഞ്ഞിയും നാട്ടുകറികളും വിളമ്പി. അരികിലിരുന്ന മക്കളെ വിളിച്ച് നെയ്യത്ത് ഉറപ്പിച്ചു. ഒരു റമദാനില്‍ കൂടി ജീവിതം നീട്ടിയ അല്ലാഹുവിന് ഹംദു ചെയ്തു. ഇല്ലായ്മയിലും നിറ സംതൃപ്തിയോടെ കിടക്കപ്പായയിലേക്ക്. നാളെ മുതലവര്‍ക്ക് റമദാന്‍ വ്രതമാണ്. നോമ്പുകാലത്തിലെ അനുവാദങ്ങളും വിരോധങ്ങളും അവര്‍ക്ക് തിട്ടമുണ്ട്. പാപങ്ങളൊക്കെയും കഴുകി സര്‍വൈശ്വര്യ കൈവല്യങ്ങളും നേടി സ്വര്‍ഗസ്ഥരാവാനുള്ള ആ സാധു മനുഷ്യരുടെ പിടച്ചില്‍. അന്ന് ഉറക്കിനു ഗാഢതയില്ല. നവോഢയുടെ സ്വപ്നമയക്കം മാത്രം. അവരുടെ കനവുകളില്‍ സ്വര്‍ഗമോക്ഷമാണ്. മത നവോത്ഥാനവും നവീകരണവും കേരളത്തിലന്ന് പുഷ്ടി നേടാത്ത കാലം. എഴുത്തും വായനയും അറബി മലയാളത്തിലെ പാട്ടേടുകളില്‍ ഒതുങ്ങി. താരാട്ടു കാറ്റുകള്‍ ഊയലാട്ടുന്ന രാത്രിയുടെ രണ്ടാം യാമത്തില്‍ വീട്ടുകാരികള്‍ ഉണരുകയായി. അപ്പോഴേക്ക് അത്താഴം വെക്കാന്‍ സമയമറിയിച്ചു പള്ളിക്കാട്ടില്‍ നിന്നു കതീനാ വെടികള്‍ പൊട്ടും. ഏതു കുഞ്ഞു രവങ്ങളും ഇടിനാദമാക്കി ഞെട്ടിയുണരാനുള്ള നിതാന്ത ജാഗ്രതയെയാണ് അന്നവര്‍ പുണര്‍ന്നുറങ്ങിയത്. വെളിച്ചം പടരാത്ത അയല്‍വീടുകളിലവര്‍ ചെന്നു വിളിച്ചു. മുനിഞ്ഞു കത്തുന്ന എണ്ണ വിളക്കിന്റെ സ്വര്‍ണ നാളത്തെ കൈക്കുടന്നകളില്‍ കാത്തു പൊത്തി ഇടവഴികള്‍ കടന്ന്
അയല്‍വീടുകളില്‍ മുട്ടി വിളിച്ചു. റമദാനില്‍ ഇരുട്ടിനെയാര്‍ക്കും ഭയമില്ല. റമദാന്‍ തന്നെ വെളിച്ചമാണ്. സമയമളക്കാനന്ന് ഘടികാരങ്ങളില്ല. പക്ഷേ തെളിഞ്ഞ രാത്രികളില്‍ സ്ത്രീകള്‍ മാനത്തു നോക്കി. പൂത്തിറങ്ങുന്ന നക്ഷത്രമാലകളെ നോക്കി നേരമളന്നു. രാശിചക്രങ്ങള്‍ തെറ്റാതെ പ്രത്യക്ഷമാകുന്ന നക്ഷത്ര ജാലങ്ങളെപ്പറ്റി അവരുടെ നാട്ടറിവുകള്‍ തെറ്റാറില്ല. സമയമാത്രകളില്‍ ഉദിച്ചസ്തമിക്കുന്ന നക്ഷത്രമാലികള്‍ക്കൊക്കെ അവരുടെ നാട്ടുഭാഷകളില്‍ പേരുകളുണ്ട്.
ഝടുതിയില്‍ ഭക്ഷണം തീര്‍ക്കുന്നു. ലളിതമായിരുന്നു അവരുടെ ആഹാരം. രുചി സമൃദ്ധികളെ താലോലിക്കാന്‍ അന്നവര്‍ക്ക് ത്രാണിയില്ല. ചോറും കഞ്ഞിയും കറികളും. വളരെ നേരത്തെ അത്താഴം സംഭവിക്കുന്നതു കൊണ്ടാകാം പെട്ടെന്നവര്‍ ഉറക്കിന്റെ ഗാഢതയിലേക്ക് വീഴുകയായി. സുഖശയനത്തിന്റെ കുളിരില്‍ പുലരി പ്രാര്‍ഥന ചിലപ്പോഴെങ്കിലും പാഴില്‍ പോകുന്നു.
കേരളത്തിലന്നു പ്രഭാതം വൈകിയെത്തുന്നു. സുബ്ഹി കഴിഞ്ഞുള്ള മയക്കം ഏറെ ആഹ്ലാദകരമാണ്. ഉത്സവപിറ്റേന്ന് ഗ്രാമ ഇടവഴികളില്‍ നടക്കുന്നതുപോലെ വിജനമായിരിക്കുമന്ന് കേരളീയ നാട്ടിന്‍പുറം. ജീവിതായോധനങ്ങളില്‍ നിന്നും ആളുകള്‍ ആരാധനകളിലേക്കു മാറുന്നു. 'ഖത്തം' മടക്കിയും 'സബീന'കള്‍ പാടിയും പ്രവാചകന് 'സ്വലാത്ത്' ചൊല്ലിയും സ്ത്രീജനം അവര്‍ക്കറിയുംവിധം ഭക്തിയുടെ പടവുകള്‍ കയറി.
കേമപ്പുരകളില്‍ മാത്രം നോമ്പുതുറകള്‍ മോടിയായി. അവര്‍ക്കു കൊയ്ത്തും മെതിയുമുണ്ട്. വെപ്പറകളില്‍ നെന്മണികളും പൊന്മണികളും. അവരുടെ സുപ്രകളില്‍ അരിപ്പത്തിരിയും കറികളും സംകൃതപമഗരി പാടി. മറ്റുള്ളവര്‍ കഞ്ഞിയും പുഴുക്കും മത്തിക്കറിയും ഗോതമ്പു പത്തിരിയും കൊണ്ടു നോമ്പറുത്തു. ദരിദ്രന്റെ ഗോതമ്പു പത്തിരി വളരെ പിന്നെയാണ് സമ്പന്നന്റെ ചപ്പാത്തിയായി പുനഃപ്രത്യക്ഷമായത്. നിത്യനിദാനത്തിനു വശം കെട്ടവര്‍ പള്ളിയിലെ കഞ്ഞിപാര്‍ച്ചയെ ആശ്രയിച്ചു. മഹല്ലിന്റെ മുന്‍കൈയില്‍ നടന്ന ഇത്തരം കഞ്ഞി വീഴ്ത്തല്‍ കേന്ദ്രങ്ങളില്‍ മണ്‍കലങ്ങളുമായി കുട്ടികളും സ്ത്രീകളും നിരനിരന്നു. വിളമ്പുകാരോട് ചങ്ങാത്തം കൂടി കൗശലക്കാര്‍ കഞ്ഞിവെള്ളത്തില്‍ വറ്റിന്റെ എണ്ണം കൂട്ടി. കഞ്ഞിക്കലങ്ങളുമായി സ്വന്തം വീടുകളിലേക്ക് വേച്ചുപോകുന്നവരുടെ കുഞ്ഞുകൂട്ടങ്ങള്‍ റമദാനിലെ അപരാഹ്നങ്ങളില്‍ പതിവു കാഴ്ച. തെരികകളില്‍ തളംവെച്ച കഞ്ഞിക്കലങ്ങള്‍ അബദ്ധത്തില്‍ പിളര്‍ന്ന് സര്‍വതും മണ്ണിലമരുന്നത് നോക്കി കണ്ണു നിറയുന്ന വിവശ ബാല്യങ്ങള്‍. നോമ്പു മുറിക്കാന്‍ കഞ്ഞിയുമായെത്തുന്ന മകനെ കാക്കുന്ന വീട്ടുകാരുടെ മുന്നില്‍ കുറ്റവാളിയായെത്തുന്ന മകന്റെ കണ്ണില്‍ സങ്കടത്തിന്റെ ഏഴു കടലിരമ്പി. പുതുമാപ്പിളമാരെ ആദ്യ നോമ്പുകളില്‍ തന്നെ തുറപ്പിച്ചയക്കണം. ആദ്യപടി പുതിയാപ്ല തേട്ടമാണ്. ഭാര്യാ സഹോദരന്‍ സഹോദരി വീട്ടില്‍പോയി നോമ്പു തുറക്കണം. തിരിച്ചു പോരുമ്പോള്‍ സല്‍ക്കാര ദിവസവും കൂടെയെത്തുന്ന കൂട്ടുകാരുടെ എണ്ണവും തിരക്കണം. ഇല്ലെങ്കില്‍ ഭക്ഷണം പാളും. സല്‍ക്കാര ദിവസം പെണ്ണുവീട്ടിലേക്ക് പലഹാരങ്ങളും 'മുറുക്കു ചമയങ്ങളും' പോകണം. അരിപ്പത്തിരിയും കോഴിക്കറിയും മറ്റു നിരവധി ആഹാരപ്പണ്ടങ്ങളും. നോമ്പു തുറന്നു പോരുന്ന പുതിയാപ്ലക്ക് അമ്മായിഅമ്മ പണക്കിഴി നല്‍കുന്നു. തെറ്റുന്ന ആചാരങ്ങള്‍ കുടുംബ കലഹങ്ങള്‍ കൊണ്ടുവരും. അതുകൊണ്ടാകാം ആചാരങ്ങള്‍ പതിയേ വിശ്വാസങ്ങളുടെ പരിരക്ഷയുള്ള അനുഷ്ഠാനങ്ങളായത്. ഏത് ഇല്ലായ്മയുടെ കയങ്ങളിലും ആചാരങ്ങള്‍ തെറ്റാതിരുന്നു. അവര്‍ക്ക് അത്രയേ ജ്ഞാനബോധമുള്ളൂ. അവരുടെ പുരോഹിതന്മാര്‍ക്കും. പ്രമാണങ്ങളെ ഗഹനതയില്‍ പഠിച്ചവരല്ല അവരിലധികവും. ജീവിതത്തിന്റെ പിന്‍വാതിലിലൂടെ മത നേതൃമണ്ഡലത്തിലെത്തിലേക്ക് ആനയിക്കപ്പെട്ടവരാണവര്‍.
റമദാനിലെ ഉച്ചകള്‍ മതപ്രഭാഷണങ്ങളില്‍ കുളിച്ചുനിന്നു. ഇതവരുടെ വയളും ഉറുദിയും. ഇതില്‍ സ്വര്‍ഗ-നരകങ്ങള്‍ എന്നും ഉടലെടുത്തുനിന്നു. പ്രഭാഷണങ്ങള്‍ ഒരിക്കലും അനുഷ്ഠാനങ്ങളുടെ ഓരം മുറിച്ചു കടന്നില്ല. എങ്കിലും കേരളീയ മുസ്‌ലിം ജീവിതത്തില്‍ വിശ്വാസത്തിന്റെ രസയൂപം താഴാതെ നിര്‍ത്തിയതു ഈ വയളു പരമ്പരകളാണ്. നീണ്ടും കുറുകിയും മണിപ്രവാളരീതിയില്‍ പാടിപ്പറയുന്ന പഴയകാല ഉറുദി രീതികള്‍ക്ക് തീര്‍ച്ചയായും അതിന്റേതായ ചാരുതയുണ്ട്. പ്രവാചക ജീവിതത്തോടുള്ള തീവ്രാനുരാഗം വിശ്വാസികളില്‍ പടര്‍ന്നുകയറാന്‍ ഇത്തരം പ്രഭാഷണങ്ങള്‍ നിമിത്തങ്ങളായി.
പൂര്‍വകാല റമദാനില്‍ നിലനിന്ന പ്രധാന അനുഷ്ഠാന കലകളാണ് ബദ്‌രീങ്ങളുടെ ആണ്ടും പിന്നെ കൂട്ടത്തൗബയും. ബദ്ര്‍പട റമദാനില്‍. ഈ രണഭേരിയില്‍ പങ്കുകൊണ്ട വിശ്വാസികളുടെ 'ബര്‍ക്കത്തിന്റെ ഹഖ്' കൊണ്ട് നാളെ സുബര്‍ക്കം നേടാനുള്ള ഇടതേട്ടം. പള്ളി അങ്കണങ്ങളില്‍ വെച്ചു കാലിമാംസം വെച്ചു വിളമ്പി. മഹല്ലിലെ ആബാലവൃദ്ധം ഈ വിളമ്പു കേന്ദ്രത്തിനു ചുറ്റും ബര്‍ക്കത്തു തേടി. തിളച്ചു മറിയുന്ന പോത്തു മാംസത്തിന്റെ മാദകഗന്ധം അവരുടെ രസമുകുളങ്ങളെ അടുത്താണ്ടുവരെ ത്രസിപ്പിച്ചു നിര്‍ത്തി. ഇത്തരം അനുഷ്ഠാന പിഴവുകളൊന്നും പുരോഹിതക്കൂട്ടം പറഞ്ഞുകൊടുത്തില്ല. വിശ്വാസത്തിന്റെ പ്രമാണ ശുദ്ധിയെപ്പറ്റി അവരും ഏറെക്കുറെ നിരപരാധികള്‍. റമദാന്റെ അവസാന നാളുകളില്‍ സമയമേറെയും വിശ്വാസികള്‍ തൗബകളില്‍ മുഴുകി. യാത്രയാകുന്ന റമദാന്‍ ഒരു ശോക ഗദ്ഗദമായി അവരുടെ മനസ്സിലെവിടെയോ ഖനീഭവിച്ചു നിന്നു. പാപബോധങ്ങള്‍ സ്വയം ഏറ്റുപറഞ്ഞു വിധാതാവിനോട് സ്വര്‍ഗം തേടുന്നതിനു പകരം പുരോഹിത വേഷങ്ങളുടെ കൗശലപങ്കോടെ പള്ളിമുറികളില്‍ ഉന്മാദത്തോളമെത്തുന്ന തൗബക്കച്ചവടം ഘോഷമായി.
നോമ്പറുതിയെത്തുന്നതോടെ സകാത്ത് ശേഖരണത്തിന്റെ സന്ദര്‍ഭമായി. വൃദ്ധരും ചെറുബാല്യങ്ങളും സ്ത്രീജനങ്ങളും മാളിക വീടുകള്‍ തേടി സക്കാത്തിനായി ഇരന്നു നടന്നു. അണയുടെ ഗുണിതങ്ങളും ന്യൂനങ്ങളും സകാത്തായി അവരുടെ കൈകളില്‍ വന്നു നിറഞ്ഞു. ഇറങ്ങിയോടാന്‍ സാമര്‍ഥ്യമുള്ളവര്‍ക്ക് കൂടുതല്‍ ദമ്പടികള്‍ കിട്ടി. സകാത്തു സാധുക്കളുടെ അവകാശമാണെന്നും അതു പണക്കാരന്റെ ഔദാര്യമല്ലെന്നും പഠിപ്പിക്കാന്‍ നവോത്ഥാന പ്രസ്ഥാനങ്ങളൊന്നും ശക്തിപ്പെടാത്ത കാലം. പുരോഹിതന്മാര്‍ മുതലാളിമാരെ ആശ്രയിച്ചു. ചെലവു വീടുകളിലേക്കു പോകുമ്പോള്‍ ഹാജിയാര്‍ മുന്നിലും പള്ളിമിഹ്‌റാബിലേക്കു കയറുമ്പോള്‍ മുസ്‌ലിയാര്‍ മുന്നിലും. ഈ അളിഞ്ഞ സാമൂഹിക ശ്രേണീബന്ധമാകാം സംഘടിത സകാത്തെന്ന പരികല്‍പന അന്നൊരസംബന്ധമായത്.
റമദാനിലെ ഒടുവു ദിനമെത്തുന്നതോടെ ചിന്തയും ശ്രദ്ധയും പെരുന്നാള്‍ ആഘോഷത്തിന്റെ ചമയങ്ങള്‍ തേടിയുള്ള നെട്ടോട്ടത്തിലലിയുന്നു. ദരിദ്രരായ വിശ്വാസികള്‍ കൈതോലവട്ടികളുമായി സമ്പന്നരുടെ മാളിക മുറ്റങ്ങളിലേക്ക് കുതിക്കുകയായി. സകാത്തുല്‍ഫിത്വ്‌റിന്. സമര്‍ഥരായ ഓട്ടക്കാര്‍ക്ക് കൂടുതല്‍ ധാന്യം. വീട്ടുമുറ്റങ്ങളിലോളം കുതിച്ചെത്തി വെറും വട്ടികളുമായി തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുന്നു.
ഇത്തരം വിചിത്രവും അപകര്‍ഷഭരിതവുമായ ആചാര ദൂഷിതങ്ങള്‍ക്ക് അന്യംവന്നത് ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ ഇടപെടല്‍ ശേഷി കൊണ്ടാണ്. ഇന്ന് റമദാന്റെ പരിസരം സമ്പൂര്‍ണമായും രൂപ പരിണാമം നേടി. ദാരിദ്ര്യ കയത്തില്‍ നിന്ന് സമൃദ്ധിയിലേക്ക്, കേവലാചാരങ്ങളില്‍ നിന്ന് വിശ്വസലക്ഷ്യത്തിന്റെ സമ്പൂര്‍ണ വിമലീകരണത്തിലേക്ക്, പുതിയ സ്വപ്ന സാകല്യത്തിലേക്ക് ഒരു റമദാന്‍ കാലം കൂടി.
Comments