ഓര്‍മകളിലെ ആദ്യകാല നോമ്പ്
വ്രതാനുഷ്ഠാനത്തിന് ഉപവാസം എന്നും പറയും. ഉപവാസം എന്നാല്‍ കൂടെത്താമസം എന്നാണര്‍ഥം. സൃഷ്ടിച്ച ദൈവത്തിന്റെ കൂടെയുള്ള താമസമാണത്. അതിനവസരം ലഭിക്കുക എന്നതിനേക്കാള്‍ വലിയ ഭാഗ്യം മറ്റെന്തുണ്ട്?
ഈയുള്ളവന് അതിനവസരം ലഭിച്ചത് 1995 ഫെബ്രുവരി ഒന്നാം തീയതിയാണ്. സ്വന്തക്കാരാരുമറിയാതെ രഹസ്യമായിട്ടായിരുന്നു ആദ്യ നോമ്പ്. ആ സുദിനത്തില്‍ ഡയറിയില്‍ കുറിച്ചിട്ട വാചകങ്ങള്‍ ഇങ്ങനെയാണ്: "വിശുദ്ധിയുടെ പരിമളം വീശുന്ന, നന്മയുടെ മുത്തുമണികള്‍ വഴിഞ്ഞൊഴുകുന്ന റമദാന്‍; അതിന്റെ രാപ്പകലുകള്‍ മനുഷ്യഹൃദയങ്ങളെ ജീര്‍ണതകളില്‍ നിന്നകറ്റി, സദാചാര ബോധം നിലനിര്‍ത്താനുതകുന്ന തരത്തില്‍ പുണ്യനിര്‍ഭരങ്ങളാകുന്നു.'' പരിശുദ്ധ റമദാനെ അങ്ങനെയാണ് മനസ്സിലാക്കിയത്.
ആദ്യ റമദാന്റെ പകലുകള്‍ വല്ലാത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. വിശപ്പും ദാഹവും ഒരു പ്രയാസമായി തോന്നിയിട്ടേയില്ല. അതേസമയം ഗൃഹാന്തരീക്ഷം സുഗമമായി നോമ്പനുഷ്ഠിക്കാന്‍ പര്യാപ്തമായിരുന്നില്ല. മുസ്ലിം സമുദായത്തില്‍ പിറന്ന ഒരാളെ സംബന്ധിച്ചേടത്തോളം സ്വന്തം ഗൃഹാന്തരീക്ഷം റമദാന്‍ കാലത്ത് നോമ്പനുഷ്ഠിക്കാതിരിക്കാന്‍ പറ്റാത്തതായിരിക്കും. എന്നാല്‍, അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് മറ്റൊരു സമുദായത്തില്‍ നിന്ന് രഹസ്യമായി പ്രവേശിച്ചവരെ സംബന്ധിച്ചേടത്തോളം സ്വന്തം ഗൃഹാന്തരീക്ഷവും ചുറ്റുപാടും നേരെ തിരിച്ചായിരിക്കുമല്ലോ. ആരുമറിയാതെയാണ് ആദ്യത്തെ അത്താഴം കഴിച്ചത്. കരിച്ചതും പൊരിച്ചതുമില്ലാത്ത 'ദരിദ്രമായ' അത്താഴം. പരസ്പരം പറയാന്‍ ആരോരുമില്ലാത്ത, ചീവീടുകളുടെ സംഗീതം മാത്രം കേട്ടുകൊണ്ടുള്ള ആദ്യത്തെ അത്താഴം. പക്ഷേ, പ്രാര്‍ഥനകൊണ്ട് സമ്പന്നമായിരുന്നു. അന്നത്തെ ദരിദ്രമായ അത്താഴത്തോളം പുണ്യം ഇന്നത്തെ സമ്പന്നമായ അത്താഴങ്ങള്‍ക്കുണ്ടാവാന്‍ വഴിയില്ല എന്നാണെന്റെ വിശ്വാസം.
ക്രമേണ അത്താഴത്തിന്റെ കാര്യത്തില്‍ അമ്മ സഹകരിച്ചു തുടങ്ങി. അത്താഴത്തിനു എന്നെ വിളിച്ചുണര്‍ത്തുന്ന കാര്യത്തില്‍ അമ്മ അതീവ ജാഗ്രതയോടെ ഉറക്കമൊഴിച്ചു എന്നു തന്നെ പറയാം. ഒരു ദിവസം അമ്മ എന്നെ അത്താഴത്തിനു വിളിച്ചുണര്‍ത്തി. സമയം നോക്കുമ്പോള്‍ 2 മണിയാണെന്നാണെന്റെ ഓര്‍മ.
വിശ്വാസം സ്വീകരിച്ചിട്ടില്ലാത്ത മാതാവ് പുതിയൊരു വിശ്വാസം സ്വീകരിച്ച മകന്റെ ഒരനുഷ്ഠാനത്തോട് ഇത്രത്തോളം ജാഗ്രത പുലര്‍ത്തി സഹകരിക്കുന്നതെന്തിനാണ്? അന്നതിന്റെ ഉത്തരം എനിക്കറിയുമായിരുന്നില്ല. പിന്നെയാണ് മനസ്സിലായത്, പടച്ച തമ്പുരാന്‍ അമ്മയെ സത്യവിശ്വാസത്തിന്റെ വെളിച്ചത്തിലേക്ക് വിളിച്ചുണര്‍ത്തുകയായിരുന്നു എന്ന്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം ഭാര്യാ വസതിയില്‍ വെച്ചാണ് അമ്മ കലിമ ചൊല്ലി അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് പ്രവേശിച്ചത്.
ആദ്യത്തെ നോമ്പുതുറ എന്നെയും എന്റെ സുഹൃത്ത് ഹസനുല്‍ബന്നയെയും ഈ സത്യത്തിന്റെ പാതയിലേക്ക് കൈപിടിച്ച് കൊണ്ടുവന്ന എടത്തനാട്ടുകര അബ്ദുല്‍ അസീസ് സാഹിബിന്റെ വീട്ടില്‍ വെച്ചായിരുന്നു. ഹസനുല്‍ബന്നയും കൂടെയുണ്ടായിരുന്നു. നാരങ്ങാവെള്ളവും തരിക്കഞ്ഞിയും പഴങ്ങളും ഒരുക്കിവെച്ച ടേബിളിന്റെ മുമ്പില്‍ വറ്റിവരണ്ട ചുണ്ടുകളും ഒട്ടി ഉണങ്ങിയ വയറുമായി ബാങ്കിന്റെ വിളിയൊച്ച കേള്‍ക്കാനുള്ള കാത്തിരിപ്പിനെ എങ്ങനെ വിശദീകരിക്കണമെന്നറിയില്ല. ഒഴിഞ്ഞ ആമാശയത്തെയും നിറഞ്ഞ ആത്മാവിനെയും പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു നോമ്പുതുറ. ഭൌതികതയെയും ആത്മീയതയെയും ബന്ധിപ്പിക്കുന്ന, ഇഹലോകത്തെയും പരലോകത്തെയും ബന്ധിപ്പിക്കുന്ന ഒരു പ്രക്രിയയായിട്ടാണ് നോമ്പു തുറക്കുന്ന നിമിഷങ്ങള്‍ അനുഭവപ്പെട്ടിട്ടുള്ളത്.
കുടുംബാന്തരീക്ഷം പ്രതികൂലമായതിനാല്‍ ആദ്യ റമദാനില്‍ എല്ലാ നോമ്പുകളും കൃത്യമായി അനുഷ്ഠിക്കാന്‍ കഴിഞ്ഞിട്ടില്ല. അനിവാര്യമായ കുടുംബസന്ദര്‍ശന വേളകളില്‍ നോമ്പ് മുറിക്കേണ്ടി വരും. എന്നാലും പരമാവധി പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കും. ഒരു ദിവസം സഹോദരിയുടെ വീട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ബോധപൂര്‍വം യാത്ര വൈകിച്ച് മഗ്രിബ് ബാങ്കിന്റെ തൊട്ടുമുമ്പ് സഹോദരിയുടെ വീടിന്റെ തൊട്ടടുത്ത സ്റോപ്പില്‍ ബസ്സിറങ്ങി. പെട്ടിക്കടയില്‍ നിന്ന് സര്‍ബത്ത് വാങ്ങി നോമ്പ് തുറന്നതിന്റെ മധുരം ഇന്നത്തെ വിഭവ സമൃദ്ധമായ നോമ്പു തുറക്കുണ്ടാവാറില്ല. നോമ്പ് തുറന്നതിന്റെയോ നോമ്പ് തുറന്നപ്പോള്‍ കുടിച്ച സര്‍ബത്തിന്റെയോ മധുരമല്ല അത്. പ്രതികൂലമായ ഒരു സാഹചര്യത്തില്‍ നോമ്പ് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിന്റെ മധുരമായിരുന്നു.
ആദ്യ തറാവീഹ് നമസ്കാരം ചുണ്ടോകുന്ന് പള്ളിയില്‍ വെച്ചായിരുന്നു. ഇശാ നമസ്കാരാനന്തരം നീണ്ട ഖുര്‍ആന്‍ പാരായണത്തോടെ നടന്ന നമസ്കാരം ആത്മീയ ലോകത്തേക്കുള്ള ഒരു പാഞ്ഞുകയറ്റമായിരുന്നു. ശരീരത്തെ പിടിച്ചുകെട്ടി ആത്മാവിനെ അഴിച്ചു വിട്ടതുപോലെ. പകലന്തിയോളം ശാരീരികേഛകളെ പിടിച്ചുകെട്ടി രാത്രിയില്‍ ആത്മാവിനെ അഴിച്ചുവിടുന്ന ആരാധന! ശാരീരികേഛകളുടെ തടങ്കലില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന തരത്തിലുള്ള റമദാനിലെ വ്രതവും നീണ്ട നമസ്കാരവുമൊക്കെ പ്രത്യക്ഷത്തില്‍ ഒരു പീഡനമായി തോന്നാം. അനുഭവത്തില്‍ നേരെമറിച്ചാണ്. ഇസ്ലാമിന്റെ വെളിച്ചത്തിലേക്കും തിരിച്ചറിവിലേക്കും എത്തിപ്പെട്ടത് അന്നത്തെ കിം ഫീല്‍ഡ് എക്സിക്യൂട്ടീവായിരുന്ന അബ്ദുല്‍ അസീസ് സാഹിബ് വഴിയാണ്. അദ്ദേഹവുമായുള്ള ബന്ധം വഴിയാണ് ഇസ്ലാമിന്റെ ആദ്യാക്ഷരങ്ങള്‍ പഠിച്ചു തുടങ്ങിയത്. ഒടുവില്‍ 1994 ഏപ്രില്‍ 18-ാം തീയതി അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് ഞാനും സുഹൃത്ത് ഹസനുല്‍ ബന്നയും അല്ലാഹുവിന്റെ ദീനിലേക്ക് പ്രവേശിച്ചു. ആ സുദിനത്തെ കൂടി അനുസ്മരിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാവുകയില്ല എന്നു തോന്നുന്നു.
അദ്ദേഹത്തിന്റെ കൂടെ നിന്നുകൊണ്ട് ഞങ്ങള്‍ ആദ്യ നമസ്കാരം നിര്‍വഹിച്ചു. സ്വന്തം രക്ഷിതാവിനെ തിരിച്ചറിഞ്ഞ് അവന്റെ മുമ്പില്‍ നമിക്കുമ്പോള്‍ ഉണ്ടായ അനുഭൂതി എങ്ങനെ വിവരിക്കണമെന്നറിയില്ല. സൂറത്തുല്‍ ഫാത്തിഹയില്ലാത്ത, ഖുര്‍ആന്‍ സൂക്തങ്ങളോ അറബിയിലുള്ള പ്രാര്‍ഥനാ വാചകങ്ങളോ ഇല്ലാത്ത നമസ്കാരം. അല്ലാഹു സൃഷ്ടിച്ച പച്ച ഹൃദയം കൊണ്ടുള്ള നമസ്കാരം. ആരെയും കാണിക്കാനല്ല, ആരും കാണരുതേ എന്ന പ്രാര്‍ഥനയോടെയുള്ള നമസ്കാരം. ഒരുപക്ഷേ ഫാത്തിഹയുള്ള, ഖുര്‍ആന്‍ ആയത്തുകളുള്ള, ഇന്ന് നിര്‍വഹിക്കുന്ന തികവുള്ള പരസ്യ നമസ്കാരത്തേക്കാള്‍ ആത്മീയ ലോകത്ത് സ്വീകരിക്കപ്പെട്ടിട്ടുണ്ടാവുക ആദ്യകാല രഹസ്യനമസ്കാരങ്ങളായിരിക്കും എന്നാണെന്റെ വിശ്വാസം. നമസ്കാരം മാത്രമല്ല; നോമ്പിന്റെ കാര്യവും അങ്ങനെത്തന്നെയായിരിക്കും.
നിരീശ്വരവാദത്തിന്റെ ഇരുളടഞ്ഞ വഴിയില്‍ നിന്ന് ഈശ്വരവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് വഴി നടത്തിയ അല്ലാഹുവിന് ഒരായിരം സ്തുതികളര്‍പ്പിച്ചുകൊള്ളട്ടെ.
Comments