വഴിയിലെ വെട്ടത്തിൽ യഥാർഥ പഥികൻ കാണുന്നത്
എന്താണ് മനുഷ്യ ജീവിതം? അതിന്റെ ലക്ഷ്യവും ഉദ്ദേശ്യവും എന്താവാം? ക്ഷണഭംഗുരമായ ഭൂവാസം തീർത്ത് ധിഷണാശാലികളായ ഈ മനുഷ്യവംശം സമ്പൂർണമായും മണ്ണിൽ അലിഞ്ഞു മറയുകയാണോ? അതല്ല, ജനനത്തോടെ സമാരംഭിതമാവുകയും ഭൂവാസം കഴിഞ്ഞ് രക്ഷാ-ശിക്ഷകളോടെ അനന്തതയിലേക്ക് നീൾച്ചയാവുകയും ചെയ്യുന്ന സോദ്ദേശ്യ പ്രക്രിയയാണോ മാനവ ജീവിതം? ആസ്തികതയും നാസ്തികതയും പിളർന്നുമാറുന്ന മണ്ഡലമാണിത്. പക്ഷേ, ഒന്നു തീർച്ചയുണ്ട്; മാനവ ചരിത്രത്തിൽ സ്ഥിരസ്ഥായിയായി നിലനിന്നതും ഇന്നും അങ്ങനെ പുലരുന്നതും ആസ്തികത തന്നെയാണ്. നാസ്തികത അപൂർവ ന്യൂനപക്ഷത്തിന്റെ അവ്യക്ത സാന്നിധ്യം മാത്രമാണ്.
ആസ്തികത ജീവിതത്തിന് നൽകുന്നത് പ്രതീക്ഷയും ധീരതയുമാണ്. പ്രസാദാത്മകതയും ശുഭാന്ത്യ വിചാര ബോധ്യങ്ങളുമാണ്. ജീവിതത്തിന് വഴിയും വെളിച്ചവുമാണ്. ഈ മാർഗവും തെളിയുന്ന വെട്ടവുമാണ് ജി.കെ എടത്തനാട്ടുകരയുടെ ഏറ്റവും പുതിയ പുസ്തകം 'വഴിയും വെളിച്ചവും'.
താൻ കണ്ട വഴിയും വെട്ടവും സഹജീവികൾക്ക് സമ്മാനിക്കുകയും അതിലൂടെ മറ്റുള്ളവർ കൂടി മോക്ഷിതരാവുകയും ചെയ്യുക എന്ന ഉദാത്തമായ സത്യബോധ്യവും മാനവികതയുമാണ് ഈ രചനക്ക് പിന്നിൽ. സൃഷ്ടിപ്പ് സത്യമാണെങ്കിൽ അതിലും വലിയ സത്യമാണ് സ്രഷ്ടാവ്. സ്രഷ്ടാവില്ലാതെ സൃഷ്ടിയില്ല, കാരണമില്ലാതെ കാര്യവും. അവൻ തന്ന ജീവിതം ഒട്ടും തന്നെ ഹ്രസ്വതയാർന്നൊരു ഫലിതമോ നേരംപോക്കോ അല്ല. അത് ജനനത്തോടെ സമാരംഭിതമാവുകയും മരണശേഷവും അന്ത്യമാവാതെ നിരന്തരത തേടുകയും ചെയ്യാൻ നിയതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രക്രിയയാണ്. സ്രഷ്ടാവിന്റെ സോദ്ദേശ്യപൂർണമായ ഒരു സത്യപ്രവൃത്തി. ഇത് ആദ്യമേ നാം തിരിച്ചറിയണം. ഏക ദൈവ വിശ്വാസം മനുഷ്യജീവിതത്തെ എങ്ങനെയൊക്കെയാണ് ഉണർത്തി സഫലമാക്കുന്നതെന്നും പുരസ്കരിച്ച് മോക്ഷിതനാക്കുന്നതെന്നുമാണ് ലളിതമായ നിരവധി നിത്യജീവിത സാക്ഷ്യങ്ങളിലൂടെ ജി.കെ പുസ്തകത്തിൽ പറയുന്നത്.
വളരെ ലളിതവും തീർത്തും ജീവിതഗന്ധിയുമായ ഉദാഹരണങ്ങളിലൂടെയാണ് ജി.കെ വലിയ വലിയ പ്രപഞ്ചസത്യങ്ങൾ അവതരിപ്പിക്കുന്നത്. ഇതത്രയും വ്യക്തിപരമായി ഇദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളാണ്. നമുക്ക് വിശ്വാസബോധങ്ങൾ ഉറപ്പിച്ചെടുക്കാൻ പോന്ന നിരവധി ആഖ്യാനങ്ങൾ അദ്ദേഹം സാമാന്യമായി പറഞ്ഞുപോകുന്നു. 'ചെറിയ കുടുംബം എന്തുകൊണ്ട് സന്തുഷ്ടമാകുന്നില്ല' എന്ന പ്രബന്ധം ഇതിൽ നല്ലൊരു പഠനമാണ്. ഞാൻ മാത്രം സന്തുഷ്ടനാവുക എന്ന ആർത്തിയും സ്വാർഥതയും തന്നെയാണ് ഈ സന്തുഷ്ടസാധ്യതയെ സത്യത്തിൽ അട്ടിമറിക്കുന്നത്. 'വിധി ബോധ്യം എന്തിനാണ്?' 'മനുഷ്യജന്മം', 'ജീവിതത്തിന്റെ ലക്ഷ്യം', 'അറിവും തിരിച്ചറിവും' എന്നീ തലവാക്യങ്ങളിലൊക്കെയും ഗഹനാശയങ്ങൾ തന്നെയാണ് ലളിത മനോഹരമായി അദ്ദേഹം ഉറപ്പിച്ചടുക്കുന്നത്. അത്യന്തം ലളിതമാണ് പുസ്തകത്തിന്റെ ഭാഷ. ചെറുതെങ്കിലും സുഭഗതയാർന്ന ഈ രചന സൗജന്യ വിതരണത്തിനായി പ്രസാധനം ചെയ്തിരിക്കുന്നത് ബി.എസ്.എം ട്രസ്റ്റ് ഏലാങ്കോടാണ്.
കോപ്പികൾക്ക് ബന്ധപ്പെടുക: 0490 2311334, 9072091543. l
Comments