Prabodhanm Weekly

Pages

Search

2024 മെയ് 10

3351

1445 ദുൽഖഅദ് 02

കലഹിക്കുന്ന സർവകലാശാലകൾ

യാസീൻ വാണിയക്കാട്

കഫിയ്യ ചുറ്റിയും ഫലസ്ത്വീൻ പതാക പുതച്ചും അമേരിക്കയിലെ യൂനിവേഴ്സിറ്റികൾ തൊണ്ടയിടറി സയണിസ്റ്റ് വിരുദ്ധ ഗീതമാലപിക്കുമ്പോൾ, വംശഹത്യക്ക് ഒരുക്കിനിർത്തിയ ഇസ്രയേലിന്റെ യന്ത്രപ്പക്ഷികളുടെ ചിറകുകളാണ് ഒടിഞ്ഞുതൂങ്ങാൻ തുടങ്ങുന്നത്. ബോംബുകൾ കുത്തിനിറച്ച് ഗസ്സയുടെ ആകാശത്ത് വട്ടമിടുന്ന ആ പക്ഷികൾ, നിരാലംബരും അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുമായ ആ മർദിതജനതയെ വിഴുങ്ങാൻ കൊക്കുപിളർത്തുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്ന്,  പാഠപുസ്തകങ്ങളിൽനിന്നും തലയൂരിയെടുത്ത ഒരുപറ്റം വിദ്യാർഥികൾ തെരുവിലിരുന്ന് ക്ഷോഭിക്കുന്നു. മുദ്രാവാക്യങ്ങളിൽ കുപ്പിച്ചില്ലുകൾ വാരിനിറക്കുന്നു. ചൂണ്ടുവിരലുകൾ രാകിരാകി മുനകൂർപ്പിക്കുന്നു. അനീതിയുടെ തിരുത്തൽ ശക്തികളായി കളം വാഴുന്നു.

കലാലയ വളപ്പുകളിൽ തമ്പുകൾ കെട്ടി, രാപാർത്ത്, സമരമുഖങ്ങളിൽ കത്തിച്ചുവെച്ച റാന്തലുകൾ അണയാതെ അവർ കാവലുണ്ട്. വിദ്യാർഥികൾ മാത്രമല്ല, പ്രഫസർമാരും മാധ്യമ പ്രവർത്തകരും ഇതിന്റെ ഭാഗമാകുന്നത് ശുഭോദർക്കമാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ ആശീർവാദത്തോടുകൂടിയാണ് ഈ വംശഹത്യ എന്നതിനാൽ,  അതേ ഭരണകൂടത്തിന്റെ മുന്നിൽ തിളക്കുന്ന ഈ സമരങ്ങൾക്ക് പ്രാധാന്യമേറുകയാണ്. പ്രഥമ യു.എസ് പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ പ്രതിമ കഫിയ്യ ധരിച്ചും പതാകയണിഞ്ഞും നിൽക്കുന്ന കാഴ്ചക്ക് ഇന്ന് മറ്റെന്തിനെക്കാളും ചാരുതയേറെയുണ്ട്.

സയണിസം അവിരാമം തുടരുന്ന രക്തപാനത്തിന് ലഹരിയുടെ ഐസ് ക്യൂബുകൾ ഇട്ട് തണുപ്പേറ്റുന്നതും, മാംസഭോജനത്തിന് വെറുപ്പിന്റെ മസാലകൾ വിതറി രുചിയേറ്റുന്നതും നിർലോഭം പടക്കോപ്പുകൾ വാരിക്കോരി നൽകുന്ന അമേരിക്കയാണ്; അവർ വെച്ചുനീട്ടുന്ന ആയുധങ്ങളും സാമ്പത്തിക പിന്തുണയുമാണ്. ഇസ്രയേലിന്റെ പള്ള നിറയുമ്പോൾ മനസ്സ് നിറയുന്നത് അമേരിക്കയുടേതാണ്. ആ വംശീയതയെ ഫലസ്ത്വീൻ മണ്ണിൽ പ്രതിഷ്ഠിക്കാൻ അഹോരാത്രം പണിയെടുത്ത ഏതാനും യൂറോപ്യൻ രാഷ്ട്രങ്ങളുടേതുമാണ്. വ്യാജം ചമച്ച് അതിനെ സൈദ്ധാന്തികവത്കരിച്ച ക്രിസ്ത്യൻ സയണിസത്തിന്റേതുമാണ്. അതിനാൽ അമേരിക്കയിൽ മാത്രമല്ല, ആ യൂറോപ്യൻ രാഷ്ട്രങ്ങളിലും പുതു യുവതകൾ വംശീയതക്കെതിരെ കലഹത്തിന്റെ കാഹളം മുഴക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതിയാവുകയാണ്.

ന്യൂയോർക്കിൽനിന്ന് കൂട്ടംകൂട്ടമായി കൊളംബിയ സർവകലാശാലയിലേക്ക് ദൂരം താണ്ടുന്ന പ്രക്ഷോഭകരുടെ അധരങ്ങളിൽ 'ലീവെ ലീവെ പലസ്തീന'യും സയണിസത്തിന്റെ ആസന്നമായ തകർച്ചയുടെ പ്രവചനാത്മക ഈരടികളുമാണ് കവിഞ്ഞൊഴുകുന്നത്. ഹാവാർഡ്സിലെ ഇലകൊഴിഞ്ഞ മരത്തിനു ചുവട്ടിൽ പ്രക്ഷോഭത്തിന്റെ കൊടിനാട്ടുന്നതും തമ്പ് കെട്ടുന്നതും ഡ്രമ്മിന്റെ താളമേളങ്ങളോടെയാണ്. ബോംബുകൾ വിതറി ലോകത്തെ ചൊൽപ്പടിയിൽ നിർത്താൻ ശീലിച്ചവരോട്, വാക്കുകൾ വിതറി അനീതിയുടെ തിരുത്തൽ ശക്തിയാവാൻ ഈ കലാലയവും, ഈ തെരുവും, ഇലകൊഴിഞ്ഞ ഈ മരത്തിന്റെ ഇത്തിരിപോന്ന തണലും മതിയെന്ന് അവർ മുദ്രാവാക്യങ്ങൾ കൊണ്ട് ഒപ്പുചാർത്തുന്നു.

യു.എസിൽ മാത്രം ഇതിനകം മുപ്പത്തിയാറ് സർവകലാശാലകളിൽ സമരത്തിന് നാന്ദികുറിക്കപ്പെട്ടിരിക്കുന്നു. ഗസ്സയിലെ വംശഹത്യയെ അപലപിക്കാൻ അക്കാദമിയുടെ തലപ്പത്തുള്ളവർ തയാറാകണം, വംശഹത്യയും കോളനിവത്കരണവും നടത്തുന്ന ഇസ്രയേലുമായും അവിടുത്തെ അക്കാദമിക സംവിധാനങ്ങളുമായും സർവകലാശാലകൾ ഒരു സഹവർത്തിത്വവും പുലർത്തരുത്, സംയുക്ത പരിപാടികളും പദ്ധതികളും ഉപേക്ഷിക്കണം തുടങ്ങി ഇസ്രായേലിനെ സമ്മർദത്തിലാക്കുന്ന ഒരുപിടി ആവശ്യങ്ങളുടെ പട്ടികയാണ് പ്രക്ഷോഭകാരികൾ നിവർത്തിപ്പിടിച്ചിരിക്കുന്നത്. ഉപരോധിച്ചും നിരാഹാരമനുഷ്ഠിച്ചും, കലാലയകവാടങ്ങളിൽ മനുഷ്യകവചം സൃഷ്ടിച്ചും, മുദ്രാവാക്യം മുഴക്കിയും ലോകശ്രദ്ധയാകർഷിച്ച പ്രക്ഷോഭം, അമേരിക്കൻ സർവകലാശാലകളിൽനിന്ന് ബ്രിട്ടനിലേക്കും ഇറ്റലിയിലേക്കും പാരീസിലേക്കും മെൽബണിലേക്കും സിഡ്നിയിലേക്കുമെല്ലാം കൊടിക്കൂറ കൈമാറുകയാണ്.
ലീവെ ലീവെ....
ലീവെ പലസ്തീനാ....
തമ്പുകളിലിരുന്നും തെരുവിൽ കൂട്ടംകൂടിനിന്നും അവർ പാടുകയാണ്, അനീതിയോട് കലഹിക്കുകയാണ്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 6
ടി.കെ ഉബൈദ്

ഹദീസ്‌

സ്ത്രീകളുടെ ജിഹാദ്
അലവി ചെറുവാടി