പരാജയപ്പെട്ട രാഷ്ട്രീയത്തെപ്പറ്റി ഉയരാനിരിക്കുന്ന ചോദ്യങ്ങൾ
ചരിത്രം ഒരു നാഗരികത കെട്ടിപ്പടുക്കാൻ തയാറെടുക്കുന്ന ബിന്ദുവിനെ / നിമിഷത്തെക്കുറിച്ച് ദാർശനികനായ മാലിക് ബിന്നബി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഈ ചരിത്രനിമിഷത്തെ തിരിച്ചറിയുക എന്നത് നവോത്ഥാനത്തിന്റെ ഉപാധിയായി അദ്ദേഹം എണ്ണുന്നു. തന്റെ ജീവിതത്തിലും സമൂഹത്തിന്റെ ജീവിതത്തിലും മൗലിക മാറ്റത്തിനുള്ള അടിസ്ഥാന ഘടകമായി അതിനെ സ്വീകരിക്കാൻ കഴിയണം. അപ്പോഴേ ന്യൂനതകളിൽനിന്ന് മുക്തമായ ചരിത്രനിർമിതി സാധ്യമാവുകയുള്ളൂ. ഫലസ്ത്വീൻ പ്രശ്നത്തിൽ 'ത്വൂഫാനുൽ അഖ്സ്വാ' അത്തരമൊരു ചരിത്ര നിമിഷമാണ്. എന്നല്ല, മൊത്തം ഇസ്ലാമിക സമൂഹത്തിന്റെയും ഭാഗധേയം നിർണയിക്കുന്നതിലും അതിന് സുപ്രധാന പങ്ക് വഹിക്കാനുണ്ട്. ലോകത്തെ മാറ്റുന്നതിലും അതിന്റെ സ്വാധീനം ആഴത്തിലുള്ളതായിരിക്കും.
ഇസ്ലാമിക സമൂഹത്തിലെ വിഷയങ്ങൾ, പ്രത്യേകിച്ച് ഫലസ്ത്വീൻ പ്രശ്നം അതിന്റെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. 'നഷ്ടപ്പെടാനിനി ഒന്നുമേ അവശേഷിക്കുന്നില്ല' എന്നതായിരുന്നു സ്ഥിതി. അറബ് ലോകത്തെ രാഷ്ട്രീയ-സാമൂഹിക സംവിധാനങ്ങൾ പരിഷ്കരിക്കുന്നതിനും അവിടത്തെ ജനങ്ങളുടെ അഭിമാനവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും മുളയിലേ നുള്ളിക്കളയുന്നതായിരുന്നു വിവിധ അറബ് നാടുകളിൽ അരങ്ങേറിയ പ്രതിവിപ്ലവങ്ങൾ. ഗസ്സ ഉപരോധത്തോടെ ഫലസ്ത്വീൻ വിഷയം വഴിമുട്ടിപ്പോയിരുന്നു. പ്രതിരോധ പ്രസ്ഥാനങ്ങൾക്ക് ഒരിഞ്ച് ഭൂമിയും മോചിപ്പിക്കാൻ കഴിയാത്ത അവസ്ഥ. വെസ്റ്റ് ബാങ്കിലാണെങ്കിൽ അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. ഇരു രാഷ്ട്ര ഫോർമുല തന്നെ എല്ലാവരും മറന്നുപോയതു പോലെ.
അൽ അഖ്സ്വാ മസ്ജിദിനെ ചില സമയങ്ങളിൽ മുസ്ലിംകൾക്ക് പ്രവേശനം നിഷേധിച്ചും, ആ സമയങ്ങളിൽ ജൂതന്മാർക്ക് പ്രാർഥനക്കായി തുറന്നുകൊടുത്തും സമയപരമായി രണ്ടായി പകുത്തിരുന്നു. മസ്ജിദ് ഇല്ലാതാകും വിധം ആ തകർക്കൽ സ്ഥലപരമായും പൂർത്തിയാക്കാനായിരുന്നു പരിപാടി. ഫലസ്ത്വീനികളാണെങ്കിൽ ഒരു ശുദ്ധ വർണവെറിയൻ ഭരണകൂടത്തിന്റെ കീഴിലാണ് ജീവിച്ചുകൊണ്ടിരുന്നത്. ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനെന്ന പേരിൽ ഫലസ്ത്വീൻ പ്രശ്നത്തെ തന്നെ കൈയൊഴിക്കുകയും ചെയ്തിരുന്നു അറബ് ഭരണകർത്താക്കൾ. ഫലസ്ത്വീൻ വിഷയത്തിൽ അവസാന ആണിയടിക്കാൻ ധൃതി കൂട്ടുകയായിരുന്നു അവർ. ക്രിമിനൽ നെതന്യാഹുവിന് ചരിത്രത്തിലെ വലിയ വിജയങ്ങളിലൊന്ന് തളികയിൽ വെച്ചുകൊടുക്കാൻ അവർ തയാറായി നിന്നു.
ഈ സന്ദർഭത്തിലാണ് ത്വൂഫാനുൽ അഖ്സ്വാ സംഭവിക്കുന്നത്. അത് ഉണ്ടാക്കിത്തന്ന സ്ട്രാറ്റജിക്കലായ നേട്ടങ്ങൾ വിലയിരുത്തുന്ന പക്ഷം, ദൈവത്തിന്റെ മേൽനോട്ടത്തിൽ അരങ്ങേറിയ അവന്റെയൊരു പ്രാപഞ്ചിക നടപടിക്രമമാണിതെന്ന് കണ്ടെത്താൻ കഴിയും. മനുഷ്യന്റെ ഇഛകൾക്കൊന്നും ഇതിൽ യാതൊരു പങ്കും നിർവഹിക്കാനില്ല. ഭൂമിയിൽ അക്രമവും അധർമവും വ്യാപിക്കുമ്പോൾ, നന്മ തിന്മയായും തിന്മ നന്മയായും വേഷപ്പകർച്ച നടത്തുമ്പോൾ ആണ് ഈ ദൈവിക ഇടപെടൽ ഉണ്ടാവുക. അക്രമികളെ ശിക്ഷിക്കുക, മർദിതരെ പരീക്ഷിക്കുകയും അവരോട് കനിവ് കാട്ടുകയും ചെയ്യുക എന്നതാണ് ഈ ഇടപെടലിന്റെ ഉദ്ദേശ്യം. ത്വൂഫാനുൽ അഖ്സ്വകൊണ്ട് അക്രമികളെ ശിക്ഷിക്കാനാണ് ദൈവം തീരുമാനിച്ചതെങ്കിൽ അത് സംഭവിച്ചിരിക്കുന്നു, പോരാട്ടം അവസാനിക്കുന്നതിന് മുമ്പ് തന്നെ; മുമ്പൊരിക്കലും അവർ അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ. അത് എങ്ങനെയാണെന്ന് നോക്കാം.
1- സയണിസ്റ്റുകളുടെ വ്യാജ ആഖ്യാനങ്ങളത്രയും തകർന്നടിഞ്ഞു. ലോകത്തിലെ ബഹുഭൂരിപക്ഷമാളുകളും ആ കള്ളങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഫലസ്ത്വീൻ പ്രശ്നത്തിൽ ഫലസ്ത്വീനികളുടെതാണ് ന്യായത്തിന്റെയും നീതിയുടെയും പക്ഷമെന്ന് ലോകം, പ്രത്യേകിച്ച് പാശ്ചാത്യ ലോകം മനസ്സിലാക്കിയിരിക്കുന്നു.
2- പീഡിപ്പിക്കപ്പെട്ട, വംശഹത്യക്കിരയായ സമൂഹമെന്ന നിലയിൽ വരദാനമായി ലഭിച്ച രാഷ്ട്രം എന്ന പ്രതിഛായയായിരുന്നു ഇസ്രയേലിന് ഉണ്ടായിരുന്നത്. അറബ് അയൽക്കാർ അതിനെ ഉപരോധിച്ച് നിൽക്കുകയാണെന്ന പ്രതീതിയും ഉണ്ടായിരുന്നു. ആ ഇമേജ് തകിടം മറിഞ്ഞു. ഇന്ന് അന്താരാഷ്ട്ര കോടതിയിൽ വിചാരണ ചെയ്യപ്പെടുന്ന കുറ്റവാളി രാജ്യമാണത്. വംശഹത്യയുടെ പേരിൽ ലോക മനസ്സാക്ഷിയും അതിനെ വിചാരണ ചെയ്യുന്നു. അധിക രാഷ്ട്രങ്ങളും - അവയിൽ പാശ്ചാത്യ രാഷ്ട്രങ്ങളുമുണ്ട് - അതിനെ അകറ്റിനിർത്താനാണ് നോക്കുന്നത്.
3- പാശ്ചാത്യ ലോകത്തെ ജനങ്ങൾ, പ്രത്യേകിച്ച് യുവസമൂഹം തങ്ങളുടെ ഭരണകൂടങ്ങളുടെ കാപട്യം തിരിച്ചറിഞ്ഞിരിക്കുന്നു. സയണിസ്റ്റ് നിയന്ത്രിത മാധ്യമങ്ങളിലൂടെ ലോകത്തെ മനസ്സിലാക്കിയിരുന്ന തങ്ങൾ വലിയ ചതിയിലാണ് അകപ്പെട്ടിരുന്നതെന്ന് ഇന്നവർക്ക് നല്ല ബോധ്യമുണ്ട്.
4- ഇസ്രായേലിന്റെ മികവുറ്റ രഹസ്യാന്വേഷണ വിഭാഗം എന്ന മിത്തും 2023 ഓക്ടോബർ ഏഴിന് ശേഷം നിലംപൊത്തി. ഒരിക്കലും കീഴടക്കപ്പെടില്ല എന്നു വിശ്വസിക്കപ്പെട്ടിരുന്ന അവരുടെ സൈന്യം നാണം കെടുന്ന കാഴ്ചയും ലോകം കണ്ടു. ഗസ്സ ആക്രമണത്തിന്റെ ലക്ഷ്യങ്ങളായി പറഞ്ഞ ഒന്നും ഇന്നു വരെ നേടാൻ കഴിഞ്ഞിട്ടില്ല. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കുരുതി നടത്തിയത് മാത്രം മിച്ചം.
5- ഇസ്രയേലി സമൂഹത്തിലെ ആന്തരിക സംഘർഷങ്ങളും വൈരുധ്യങ്ങളും മറനീക്കി പുറത്തുവന്നു. ആ വൈരുധ്യങ്ങളുടെ ആഴം കണ്ട് ലോകം പകച്ചു. ബനൂ ഇസ്റാഈലിനെപ്പറ്റി ഖുർആൻ പറഞ്ഞതെത്ര ശരി: ''അവർ ഒറ്റക്കെട്ടാണെന്ന് നിങ്ങൾ കരുതും; പക്ഷേ, അവരുടെ ഹൃദയങ്ങൾ ശിഥിലമാണ്." അമേരിക്കൻ വൈറ്റ് ഹൗസ് ഇസ്രയേലിനകത്തെ സെക്യുലർ പക്ഷത്തെയാണ് പിന്തുണക്കുന്നത്. അതിന്റെ സ്ഥാപകർ ആ പക്ഷക്കാരായിരുന്നല്ലോ. നെതന്യാഹുവിന്റെ ഭരണകൂടം തീവ്ര മത വലതുപക്ഷത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇരുപക്ഷവും തമ്മിലുള്ള ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുന്നു.
6- ഇരു രാഷ്ട്ര ഫോർമുലക്ക് വീണ്ടും ജീവൻ വെച്ചിരിക്കുന്നു. ഒരു ഘട്ടത്തിൽ ഇതു സംബന്ധമായ സംസാരം തന്നെ നിന്നുപോയതാണ്. അറബ് രാഷ്ട്രങ്ങൾക്കും വർഷങ്ങളായി ആ സമാധാന ഫോർമുല ചർച്ചകളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല.
7- അമേരിക്കയുടെ ഭരണചക്രം തിരിക്കുന്നവർക്ക് ആ രാഷ്ട്രത്തിന്റെ വിദേശ നയത്തിലെ മുൻഗണനകൾ മാറ്റണമെന്നുണ്ടായിരുന്നു. അറബ് സമൂഹങ്ങൾ ഉറങ്ങുകയാണ്, അവരെ ഭരിക്കുന്നവർക്കാണെങ്കിൽ ഫലസ്ത്വീൻ വിഷയങ്ങളിലൊന്നും അശേഷം താൽപര്യവുമില്ല. ഇസ്രയേലുമായി ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ അറബ് ഭരണാധികാരികൾ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. ചുരുക്കം പറഞ്ഞാൽ, ഇസ്രയേലിന്റെ സുരക്ഷ ഭദ്രമായി. എങ്കിൽ പിന്നെ പശ്ചിമേഷ്യയിൽ കെട്ടിത്തിരിയാതെ, ചൈനയെയും റഷ്യയെയും അമേരിക്കയുടെ വരുതിയിൽ നിൽക്കാത്ത രാജ്യങ്ങളെയും പാഠം പഠിപ്പിക്കുന്നതിനായിരിക്കട്ടെ വിദേശനയത്തിന്റെ മുഖ്യ ഊന്നൽ എന്ന് അമേരിക്കക്കാർ ചിന്തിച്ചു. ത്വൂഫാനുൽ അഖ്സ്വയോടെ അമേരിക്ക പശ്ചിമേഷ്യയിൽ തന്നെ ശ്രദ്ധയൂന്നാൻ നിർബന്ധിതമായിരിക്കുകയാണ്. തങ്ങളുടെ അന്താരാഷ്ട്ര വൈരികളെ അമേരിക്കൻ മേധാവിത്വത്തിന് അന്ത്യം കുറിക്കാനുള്ള നീക്കങ്ങളിൽ സ്വൈരവിഹാരം നടത്താൻ അനുവദിക്കുകയല്ലാതെ അമേരിക്കക്ക് മുന്നിൽ ഇപ്പോൾ മറ്റു മാർഗങ്ങളൊന്നുമില്ല
8- ത്വൂഫാനുൽ അഖ്സ്വാ അമേരിക്കൻ സമൂഹത്തിലുണ്ടാക്കിയ പുതിയ രാഷ്ട്രീയ അവബോധം ഭരണത്തിലിരിക്കുന്ന ഡമോക്രാറ്റുകൾക്കിടയിൽ കടുത്ത ഭിന്നതകൾക്ക് വഴിവെച്ചിരിക്കുകയാണ്. അത് ഡമോക്രാറ്റ് കക്ഷിക്ക് മേൽ ചെലുത്തുന്ന സമ്മർദം ചെറുതൊന്നുമല്ല. മുൻ പ്രസിഡന്റ് ട്രംപ് വീണ്ടും ജന സ്വീകാര്യത നേടുന്നത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നു. ഗസ്സ നിലപാട് കാരണം ബൈഡന്റെ ജനസ്വീകാര്യതയിൽ ഇടിവ് പറ്റിയിരിക്കുന്നു. അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡൻ ജയിച്ചാലും ട്രംപ് ജയിച്ചാലും അമേരിക്കൻ രാഷ്ട്രീയം വലിയ മാറ്റത്തിന് വിധേയമാവാൻ പോവുകയാണ്. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയെ അത് ക്ഷീണിപ്പിക്കുകയേ ചെയ്യൂ.
രണ്ടു തരം മർദിതർ
ഈ ദൈവിക നടപടിക്രമത്തിന്റെ കോണിലൂടെ നോക്കിയാൽ മർദിതർ രണ്ടു തരക്കാരാണെന്ന് കാണാം. ഒന്ന്: ഈ ദൈവിക നടപടിക്രമത്തിന് നിമിത്തമായവർ, ത്വൂഫാനുൽ അഖ്സ്വക്ക് ജന്മം നൽകുകയും അതിനെ എന്ത് വിലകൊടുത്തും സഹായിക്കുകയും ചെയ്തവർ. മുഖാവമ പോരാളികളും ഫലസ്ത്വീൻ ജനതയുമാണ് അവരുടെ മുൻപന്തിയിൽ. ഒരു മാറ്റവും വരാത്ത ദൈവിക നടപടിക്രമത്തിനു വേണ്ടി സ്വയം സമർപ്പിതരായി സ്വന്തത്തെ വേണ്ടിടത്ത് തന്നെ കൊണ്ടുപോയി നിർത്തിയവർ. ഇസ്രായേൽ സൈന്യത്തെ അത്രക്ക് വലിയ കോപ്പുകളൊന്നുമില്ലാതെ തന്നെ തറപറ്റിക്കാമെന്നും ആ ദേശത്തെ പ്രതിസന്ധികളുടെ നടുക്കയത്തിലേക്ക് തള്ളിവിടാമെന്നും തെളിയിച്ചവർ. മരണത്തെ ഭയക്കാത്ത വിശ്വാസിയെ ഒരുക്കുക മാത്രമാണ് വേണ്ടിയിരുന്നത്. ഇതു വരെയായി പന്ത്രണ്ട് യുദ്ധമുഖങ്ങളിലെങ്കിലും അവർ വിജയക്കൊടി നാട്ടിയിട്ടുണ്ട്.
1- ലോകത്തെ അമ്പരപ്പിച്ച 2023 ഓക്ടോബർ ഏഴിലെ ആ ആക്രമണം തന്നെ. അത് എങ്ങനെ സംഭവിച്ചുവെന്ന് ഇനിയും ശത്രുവിന് പിടികിട്ടിയിട്ടില്ല. സൈനിക പഠനകേന്ദ്രങ്ങളിൽ ഇന്നതൊരു കേസ് സ്റ്റഡിയാണ്.
2- കരയാക്രമണത്തെ ചെറുക്കാൻ ഫലസ്ത്വീനി പ്രതിരോധത്തിന് സാധിച്ചു. ഇസ്രായേൽ സൈന്യത്തിന്റെ ഒരു ലക്ഷ്യവും നേടിയെടുക്കാൻ അവർ സമ്മതിച്ചില്ല. ഇസ്രായേൽ സൈന്യത്തിലേക്ക് ഇരച്ചുകയറി ആൾനാശവും ആയുധനാശവും ഉണ്ടാക്കാൻ പ്രതിരോധപോരാളികൾക്ക് കഴിഞ്ഞു. അധിനിവേശകർക്ക് അവരുടെ ചരിത്രത്തിലൊരിക്കലും ഇങ്ങനെയൊരു ആക്രമണം നേരിടേണ്ടി വന്നിട്ടില്ല.
3- ഗസ്സയിൽനിന്ന് ഫലസ്ത്വീനികളെ മറ്റൊരു ദേശത്തേക്ക് ആട്ടിയോടിക്കാനുള്ള പദ്ധതിയെ അവർ തകർത്തു. അസാധാരണമായ ചങ്കുറപ്പും മനോദാർഢ്യവുമാണ് ഗസ്സക്കാർ പ്രകടിപ്പിച്ചത്; അതിന്റെ ഫലമായി അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ മനുഷ്യന് സഹിക്കാവുന്നതിന്റെയൊക്കെ അപ്പുറമാണെങ്കിലും.
4- തടവുകാരാക്കപ്പെട്ടവരോട് ഇസ്ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചും മാന്യമായി പെരുമാറാനും അവരെ സംരക്ഷിക്കാനും പ്രതിരോധ പോരാളികൾക്കായി. പോരാളികളെ ഇകഴ്ത്താനും അവരെ മോശമായി ചിത്രീകരിക്കാനുമുള്ള അധിനിവേശകരുടെ നീക്കത്തിന്റെ മുനയൊടിച്ചത് സമാധാന ഉടമ്പടിയുടെ ഭാഗമായി സ്വതന്ത്രരാക്കപ്പെട്ട ഇസ്രയേലി തടവുകാർ തന്നെയാണ്.
5- സന്ധി സംഭാഷണങ്ങൾ നടക്കുമ്പോൾ സയണിസ്റ്റ് - യാങ്കി ക്രിമിനൽ സംഘങ്ങളുടെയോ ചില അറബ് രാജ്യങ്ങളുടെയോ യാതൊരുവിധ സമ്മർദങ്ങൾക്കും പോരാളി ഗ്രൂപ്പുകൾ വഴങ്ങിക്കൊടുത്തിട്ടില്ല.
6 - വിവിധ പോരാളി ഗ്രൂപ്പുകൾ തമ്മിലുള്ള ഐക്യവും ഒത്തൊരുമയും നിലനിർത്താൻ കഴിഞ്ഞു. ഗസ്സയുടെ ആഭ്യന്തര ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതിലും വിജയിച്ചു.
7- വിവിധ ഗ്രൂപ്പുകളുമായി ബന്ധങ്ങൾ ഉലയാതെ കാത്തുസൂക്ഷിക്കുന്നതിൽ വിജയിച്ചു. അവയിൽ ചിലത് അയൽ അറബ് നാടുകളുമായി ചേർന്ന് ഹമാസിന്റെ കഥകഴിക്കാൻ തക്കം പാർത്തിരിക്കുന്നവർ പോലുമാണ് എന്നോർക്കണം. ഈ ഗ്രൂപ്പുകൾ തമ്മിലടിച്ചാൽ യുദ്ധത്തിൽ അത് ഗുണം ചെയ്യുമെന്നായിരുന്നു ഇസ്രയേലിന്റെ കണക്ക് കൂട്ടൽ.
8- യുദ്ധാനന്തരം ഗസ്സയിൽ അമേരിക്കയും ഇസ്രയേലും പ്ലാൻ ചെയ്തിരുന്നതൊക്കയും നിഷ്ഫലമാക്കാൻ അവർക്ക് സാധിച്ചു. ചില ഗോത്രനേതാക്കളെയും ഇസ്രയേലിനും ഫലസ്ത്വീൻ അതോറിറ്റിക്കും വേണ്ടി ചാരപ്പണി ചെയ്ത ചിലരെയും ഗസ്സയുടെ ഭരണം ഏൽപ്പിക്കാനായിരുന്നു പദ്ധതി.
9- മുഴുവൻ അറബ് ഭരണകൂടങ്ങളുമായും ബന്ധങ്ങൾ ശിഥിലമാകാതെ കാത്തുസൂക്ഷിക്കാനും അവർ ജാഗ്രത പുലർത്തി. ആ ഭരണാധികാരികളിൽ പലരുടെയും മനസ്സിൽ ദുഷ്ചിന്തകളുണ്ടെന്നും ഹമാസിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ അവർ പങ്കാളികളാകുന്നുണ്ടെന്നും അറിഞ്ഞുകൊണ്ടു തന്നെയായിരുന്നു ഈ നിലപാടെടുത്തത്.
10- 'അബൂ ഉബൈദ' എന്ന അൽ ഖസ്സാം ബ്രിഗേഡിന്റെ വക്താവിലൂടെ ഗംഭീരമായ മാധ്യമ സാന്നിധ്യമാവാൻ അവർക്ക് കഴിഞ്ഞു. ആ വക്താവ് ഒരു ആഗോള പ്രതീകം തന്നെയായി മാറി. ലോകാഭിപ്രായത്തെ ഗണ്യമായി സ്വാധീനിക്കാനും അതിലൂടെ സാധ്യമായി.
11 - പ്രതിരോധ പ്രസ്ഥാനങ്ങളുടെ ഓപറേഷനുകളും നിലപാടുകളും സംസാരങ്ങളും പരസ്പരം പൂരകമാകുന്ന, ശക്തിപ്പെടുത്തുന്ന നിലയിൽ ക്രമീകരിക്കാനും അവർക്ക് കഴിഞ്ഞു.
12- അതിശയകരമായിരുന്നു അവരുടെ നയതന്ത്ര വിജയങ്ങൾ. എന്തെല്ലാം വൈരുധ്യങ്ങളെയും വിവിധ രാജ്യങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങളെയുമാണ് അവർക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നത്!
കുത്തിത്തിരിപ്പുകാർ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ
മനോബലമില്ലാത്ത ചില വിഭാഗങ്ങൾ പലതരം ആശങ്കകൾ ഉയർത്തിവിട്ടുകൊണ്ടേയിരുന്നു. അതൊന്നും തന്നെ ഏശിയില്ല. എത്രയാളുകളാണ് ദിനേന ഒരു കാര്യവുമില്ലാതെ കൊല്ലപ്പെടുന്നത്! ഇതാണ് ഒന്നാമത്തേത്. അധിനിവേശകർ അങ്ങനെ തന്നെയാണ്. തങ്ങളെ ചെറുക്കുന്നവരെ ഒന്നടങ്കം അവർ കൊന്നൊടുക്കും. അൾജീരിയയിൽ ഫ്രഞ്ച് അധിനിവേശകർ ഏഴ് വർഷത്തിനകം കൊന്നൊടുക്കിയത് പതിനഞ്ച് ലക്ഷം പേരെയാണ്; ഓരോ വർഷവും രണ്ട് ലക്ഷം പേരെ എന്ന തോതിൽ. ഈ രക്തസാക്ഷ്യങ്ങളാണ് സ്വാതന്ത്ര്യാനന്തര അൾജീരിയയുടെ അന്തസ്സും അഭിമാനവും ഉയർത്തിയത്. ബലിയർപ്പണത്തിന് തയാറായ സ്വാതന്ത്ര്യ സമരപ്പോരാളികളുടെ ബന്ധുക്കളുടെ കാര്യങ്ങൾ ഏറ്റെടുക്കാൻ കേന്ദ്ര മന്ത്രിസഭയിൽ ഒരു വകുപ്പ് തന്നെയുണ്ട് അവിടെ. അങ്ങനെയൊന്ന് ഭാവിയിൽ ഫലസ്ത്വീനിലും ഉണ്ടായെന്നു വരാം.
ഗസ്സ പൂർണമായി നശിപ്പിക്കപ്പെട്ടില്ലേ, പുനർനിർമാണം അസാധ്യം - ഇതാണ് ഇവർ പ്രചാരം നൽകുന്ന മറ്റൊരു ആശങ്ക. ജർമനി, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള രാജ്യങ്ങൾ ഇതുപോലെ തകർക്കപ്പെട്ട ശേഷം ഉയിർത്തെഴുന്നേറ്റവയാണ്. പുനർനിർമാണം വെല്ലുവിളിയായി അവർ ഏറ്റെടുക്കുകയായിരുന്നു. അറബികൾ തങ്ങൾക്ക് ദൈവം തമ്പുരാൻ കനിഞ്ഞരുളിയ പ്രകൃതി സമ്പത്തിന്റെ ഒരു നിസ്സാര വിഹിതം നീക്കിവെച്ചാൽ തന്നെ ഗസ്സയുടെ പുനർനിർമാണം സാധ്യമാവും. യുദ്ധക്കെടുതി അനുഭവിക്കുന്നവരെ മുഴുവൻ പുനരധിവസിപ്പിക്കാനും കഴിയും. ഭരണകൂടങ്ങൾക്ക് വിമുഖതയുണ്ടെങ്കിൽ ആഗോള മുസ്ലിം സമൂഹത്തെ ഏൽപ്പിക്കൂ ആ ചുമതല. അവരത് നിർവഹിച്ചുകൊള്ളും.
ഹമാസിന്റെ നീക്കം കാരണം ഗസ്സ വീണ്ടും ഇസ്രയേലിന്റെ അധിനിവേശത്തിലായി എന്ന പ്രചാരവേലയിലും ഒരു കഴമ്പുമില്ല. ഉപരോധം കാരണം അധിനിവേശത്തിന് സമാനമായ അവസ്ഥയിലായിരുന്നല്ലോ ഗസ്സ. അയൽ നാടുകളും മറ്റു ലോകരാജ്യങ്ങളും തന്നെയായിരുന്നു ഗസ്സക്കാരുടെ ആവശ്യങ്ങൾ നിറവേറ്റിക്കൊണ്ടിരുന്നത്. ഈ യുദ്ധത്തോടെ ഹമാസിന്റെ അന്ത്യം കുറിക്കപ്പെടും എന്നാണ് മറ്റൊരു പ്രചാരണം. ആ ദിവസം ഏതായാലും ഇന്നു വരെ ആഗതമായിട്ടില്ല. ഇനി ഭരണത്തിൽനിന്ന് ഹമാസ് മാറ്റിനിർത്തപ്പെട്ടു എന്നു തന്നെ കരുതുക. എങ്കിൽ ആ പ്രസ്ഥാനത്തിന് അതൊരു ആശ്വാസമാവുകയാണ് ചെയ്യുക. ജനങ്ങളുടെ ഉപജീവന ബാധ്യതകളൊന്നും ഏറ്റെടുക്കേണ്ടി വരില്ലല്ലോ. മുഴുസമയവും അധിനിവേശ വിരുദ്ധ പോരാട്ടത്തിൽ ചെലവഴിക്കുകയും ചെയ്യാം.
മർദിതരുടെ രണ്ടാം വിഭാഗം
നമ്മൾ വിശദീകരിച്ച ദൈവിക നടപടിക്രമത്തിൽ ചരിത്രത്തിന്റെ പുറമ്പോക്കിലേക്ക് എറിയപ്പെടുന്നവരാണ് രണ്ടാം വിഭാഗം മർദിതർ. അവർ കേന്ദ്രസ്ഥാനത്ത് വരുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ചില അറബ് ഭരണകൂടങ്ങളുടെ യഥാർഥ മുഖമെന്താണെന്ന് ത്വൂഫാനുൽ അഖ്സ്വാ തുറന്നുകാട്ടുകയുണ്ടായി. ചിലർ ശത്രുവിന് വേണ്ടി ചാരപ്പണി വരെ നടത്തുന്നുണ്ടായിരുന്നു. ഈ വഞ്ചന ഭരണാധികാരികളുടെ നിയമാനുസൃതത്വത്തെ തന്നെയാണ് ചോദ്യം ചെയ്തത്. തങ്ങൾ ഭരിക്കുന്ന ജനങ്ങളുടെ അന്തസ്സിനെ അവർ മാനിക്കുന്നുണ്ടായിരുന്നില്ല. അവർക്ക് ജീവിതമാർഗങ്ങൾ തുറന്നുകൊടുക്കുന്നതിലും അവർ പരാജയപ്പെട്ടു. ജനാധിപത്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും സദ്ഫലങ്ങൾ ജനങ്ങളിലേക്കെത്താൻ അവർ സമ്മതിച്ചില്ല. ഇതെല്ലാം ഈ ഭരണാധികാരികളെ കൂടുതൽ ദുർബലരും അരികുവത്കരിക്കപ്പെട്ടവരുമാക്കി മാറ്റിയിരിക്കുന്നു. അതിവേഗം മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ലോകത്ത് അവരുടെ നിലനിൽപ്പ് അപകടത്തിലാണ്.
ഫലസ്ത്വീന് അനുകൂലമായി ഭരണകൂടത്തെ കൊണ്ട് നിലപാടെടുപ്പിക്കാൻ പറ്റിയ സാമൂഹിക സ്ഥാപനങ്ങൾ അറബ് രാജ്യങ്ങളിലില്ല എന്ന സത്യവും ത്വൂഫാനുൽ അഖ്സ്വാ പുറത്ത് കൊണ്ടുവന്നു. ഇത് സാമൂഹികമായ വലിയൊരു ശൂന്യതയാണ്. പുതിയ ചരിത്ര സന്ദർഭങ്ങളിലേക്ക് ജനതയെ ഒരുക്കാൻ വേണ്ട സംവിധാനങ്ങളൊന്നുമില്ല. ഇത് ഭാവിയിൽ ചിന്താപരവും വൈകാരികവുമായ വലിയ പ്രകമ്പനങ്ങളുണ്ടാക്കാൻ കാരണമാകും. അമ്പേ പരാജയപ്പെട്ട രാഷ്ട്രീയത്തെക്കുറിച്ചും ഭരണ- സാമൂഹിക സംവിധാനങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയരും. ഇത് ഫലസ്ത്വീനിനും, മുസ്ലിം ലോകത്തിന് പൊതുവിലും അനുകൂലമായ സ്ഥിതിവിശേഷം ഉണ്ടാകാൻ നിമിത്തമായേക്കും. l
Comments