ഇസ്‌ലാമിയാ കോളേജുകള്‍ വിളിക്കുന്നു
വ്യക്തിയെയും സമൂഹത്തെയും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന വിദ്യാഭ്യാസ മേഖലയെ ഗൗരവത്തിലെടുക്കുകയും സക്രിയമായി ഇടപെട്ടുപോരുകയും ചെയ്യുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. നിലവിലുള്ള വിദ്യാഭ്യാസ വ്യവസ്ഥയോടും അതിന്റെ ആശയാടിത്തറകളോടും മൗലികവും ദാര്‍ശനികവുമായ വിയോജിപ്പുകൾ ജമാഅത്തെ ഇസ്‌ലാമിക്കുണ്ട്. അതോടൊപ്പം അവയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് ഒരു ആദര്‍ശ സമൂഹമെന്ന നിലയില്‍ നാം പ്രതിനിധാനം ചെയ്യുന്ന ആശയാടിത്തറകളില്‍ മൂല്യവത്തായ സമൂഹ നിര്‍മിതി സാധ്യമാകുന്ന വിധം, സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ക്രിയാത്മക സമീപനമാണ് ഇസ്‌ലാമിക പ്രസ്ഥാനം സ്വീകരിക്കുന്നത്. പ്രാഥമിക തലം മുതല്‍ കോളേജ് തലം വരെയുള്ള നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഇങ്ങനെയാണ് നാം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഇസ്‌ലാമിക വിശ്വാസപ്രമാണങ്ങളെയും ജീവിതരീതികളെയും ശരിയായ വിധത്തില്‍ സമൂഹത്തിന് പരിചയപ്പെടുത്തുക എന്നതാണ് എല്ലാ കാലത്തും പ്രസ്ഥാനം സ്വീകരിച്ച പ്രഥമമായ പ്രവര്‍ത്തന പദ്ധതി. മുസ്‌ലിം സമുദായത്തെ ഇസ്‌ലാമിന്റെ വക്താക്കളായ മാതൃകാ സമൂഹവും കര്‍മസാക്ഷികളുമാക്കി മാറ്റുക എന്നതാണ് രണ്ടാമത്തെ കാര്യം. മൂന്നാമത്തെ മര്‍മപ്രധാനമായ ദൗത്യം മുസ്‌ലിംകളുടെ സാമൂഹികശക്തി വര്‍ധിപ്പിക്കുക എന്നതാണ്. അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം, നേതൃശേഷി വളര്‍ത്തിയെടുക്കണം. മറ്റു സമൂഹങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് മുഖം തിരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സമുദായത്തിന്റെ ദീനീപരവും ധാര്‍മികവുമായ പോരായ്മകളും സാമൂഹികമായ അവരുടെ പിന്നാക്കാവസ്ഥയുമാണ്. അതിനാല്‍, ഇസ്‌ലാമിക സമൂഹത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഈ മൂന്ന് ദൗത്യങ്ങളെയും മുന്നില്‍ കണ്ടുകൊണ്ടാണ് തുടക്കം മുതല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്തെ ഇസ്‌ലാമി വലിയ പ്രാധാന്യം നല്‍കിയത്.
ഐതിഹ്യങ്ങളെ വരെ അടിസ്ഥാനമാക്കി പാഠ്യപദ്ധതി തയാറാക്കുന്ന ദേശീയ വിദ്യാഭ്യാസ നയവും ജെന്‍ഡര്‍ ന്യൂട്രല്‍ സമൂഹത്തെ സൃഷ്ടിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ലിബറല്‍ വിദ്യാഭ്യാസ നയവും നമ്മുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വര്‍ധിപ്പിക്കുന്നുണ്ട്. പല കാരണങ്ങളാല്‍ അപരവല്‍ക്കരിക്കപ്പെട്ട പിന്നാക്ക വിഭാഗമെന്ന നിലയിലും ഈ കാലയളവില്‍ നമ്മുടെ മുഖ്യ ശ്രദ്ധയും പരിഗണനയും വിദ്യാഭ്യാസ മേഖലയിലേക്ക് തിരിയേണ്ടതുണ്ട്. വൈജ്ഞാനിക മികവില്‍ ഒട്ടും പിറകിലാവാതെ, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളോടും ആരോഗ്യകരമായി സഹവര്‍ത്തിക്കുന്ന, എന്നാല്‍ ഇസ്‌ലാമിക സംസ്‌കൃതി ഉയര്‍ത്തിപ്പിടിക്കുന്ന തലമുറയെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സംഘാടനത്തിലൂടെ ഇസ്‌ലാമിക പ്രസ്ഥാനം ലക്ഷ്യമിടുന്നത്.
സാമൂഹിക ദൗത്യനിര്‍വഹണത്തില്‍ നേതൃപരമായ പങ്ക് നിര്‍വഹിക്കാന്‍ നൈപുണിയുള്ള തലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്‌ലാമിയാ കോളേജുകളെ നാം വിഭാവന ചെയ്തത്. ചരിത്രവിജയം എന്ന് അടയാളപ്പെടുത്താവുന്ന വിധം ആ ദൗത്യം ഇസ്‌ലാമിയാ കോളേജുകള്‍ നിര്‍വഹിക്കുകയും ചെയ്തു. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മീഡിയ, മാനേജ്‌മെന്റ് മേഖലകളിലൊക്കെയും സ്വാധീന ശക്തിയാകും വിധം പ്രതിഭകളെ സൃഷ്ടിക്കുന്നതിന് ഇസ്‌ലാമിയാ കോളേജുകള്‍ വഴിയൊരുക്കി. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബഹുതലങ്ങളില്‍ ഇന്നും നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത് ഈ സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങിയവരാണ്. പ്രസ്ഥാനത്തെ ജനകീയമാക്കുന്നതിലും അവര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കാലത്തിന്റെ ആവശ്യമനുസരിച്ച് ഇസ്‌ലാമിയാ കോളേജുകളും വലിയ മാറ്റത്തിന് വിധേയമാവുകയാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കരുത്തും കാതലുമാവുക എന്നതുതന്നെയാണ് അവക്ക് തുടര്‍ന്നും നിര്‍വഹിക്കാനുള്ള ദൗത്യം. കാലം ആവശ്യപ്പെടുന്ന വൈജ്ഞാനികവും സാങ്കേതികവുമായ മികവ് ഉറപ്പുവരുത്തി ആദര്‍ശ പ്രതിബദ്ധതയും ആത്മാഭിമാനവുമുള്ള ഇസ്‌ലാമിക പ്രബോധകരും നേതാക്കളുമായ വ്യക്തിത്വങ്ങളെ കേരളത്തിന്റെ വിവിധ തലങ്ങളില്‍ ഉറപ്പുവരുത്താന്‍ നമുക്ക് ബാധ്യതയുണ്ട്. അതിന് സന്നദ്ധതയുള്ള വിദ്യാര്‍ഥികളെ ഈ സ്ഥാപനങ്ങള്‍ മാടിവിളിക്കുന്നുണ്ട്.
പുതിയ അധ്യയന വര്‍ഷത്തെ ഈ ഗൗരവബോധത്തോടെ വേണം നാം സമീപിക്കാന്‍. നമ്മുടെ മക്കളെയും, നാട്ടിലും തൊട്ടടുത്ത പ്രദേശങ്ങളിലുമുള്ള പത്താംതരവും ഹയർ സെക്കന്ററിയും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികളെയും ഇസ്‌ലാമിയാ കോളേജുകളില്‍ എത്തിക്കുന്ന വിഷയത്തില്‍ നമുക്ക് പ്രത്യേക ശ്രദ്ധയുണ്ടാവണം. അവരുടെ പഠനച്ചെലവുകള്‍ വഹിക്കാന്‍ കഴിയുന്നവര്‍ അങ്ങനെ. അല്ലാത്തവര്‍ക്ക് നമുക്ക് വഴി കാണാം. ഒരിടത്തുനിന്ന് ഒരു വിദ്യാര്‍ഥി ഇസ്‌ലാമിയാ കോളേജിലെത്തുന്നു എന്നു പറഞ്ഞാല്‍ ആ പ്രദേശത്ത് കരുത്തുള്ള ഒരു വിത്ത് ഇസ്‌ലാമിക പ്രസ്ഥാനം നട്ടു എന്നാണതിനര്‍ഥം. അനുകൂല സാഹചര്യങ്ങളിലും, പ്രതികൂല സാഹചര്യങ്ങളില്‍ അവയെ അതിജീവിച്ചും അത് വളര്‍ന്നു പന്തലിക്കും, കായ്കനികള്‍ നല്‍കും. അത് നമ്മുടെ അനുഭവമാണ്. ഇടതടവില്ലാത്ത സുകൃതങ്ങളായി അത് സമൂഹത്തിനെന്ന പോലെ നമ്മിലേക്കും വന്നുചേര്‍ന്നുകൊണ്ടേയിരിക്കും. l
Comments