Prabodhanm Weekly

Pages

Search

2024 മെയ് 10

3351

1445 ദുൽഖഅദ് 02

തനിനിറം കാട്ടി മോദി, അർധ മനസ്സോടെ ഇന്‍ഡ്യ

എ.ആർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പിന്നിടുമ്പോഴാണ് ഈ വരികള്‍ എഴുതുന്നത്. ഏപ്രില്‍ 19-ന് നടന്ന ആദ്യ ഘട്ടത്തില്‍ 102 മണ്ഡലങ്ങളില്‍ മൊത്തം വോട്ട് രേഖപ്പെടുത്തിയവര്‍ 65.5 ശതമാനമായിരുന്നെങ്കില്‍ 26-ന് നടന്ന രണ്ടാം ഘട്ടത്തില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചവര്‍ 66.7 ശതമാനമാണ്. 2019-ലെ തെരഞ്ഞെടുപ്പ് 70 ശതമാനം വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തിയിരുന്ന സ്ഥാനത്താണ് യു.പി, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ ഹിന്ദി ഹൃദയഭൂമി ഉള്‍പ്പെടെയുള്ള 21 സംസ്ഥാനങ്ങളില്‍ മൊത്തം പോളിംഗ് അഞ്ചു ശതമാനം ഇക്കുറി കുറഞ്ഞിരിക്കുന്നത്. സ്വാഭാവികമായും 400 സീറ്റുകള്‍ സ്വപ്‌നം കാണുന്ന ബി.ജെ.പിയെയാണ് ഈ ശതമാനക്കുറവ് അസ്വസ്ഥമാക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റുമെന്ന 'മോദി കാ ഗ്യാരണ്ടി'യില്‍ തൂങ്ങി സകലമാന മാധ്യമങ്ങളിലൂടെയും പരസ്യം ചെയ്ത് ഔദ്യോഗിക ടെലിവിഷനെ അക്ഷരാര്‍ഥത്തില്‍ കാവിയില്‍ മുക്കി ബി.ജെ.പിയുടെ മെഗാഫോണാക്കി മാറ്റിയിട്ടും, കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ പ്രചണ്ഡമായ പ്രചാരണം അനുസ്യൂതം നടത്തിയിട്ടും ജനങ്ങളുടെ പ്രതികരണം മോശമാണെന്ന തോന്നലില്‍ തങ്ങളുടെ തനിനിറം തന്നെ പുറത്തെടുത്തിരിക്കുകയാണ് മോദി ടീം. 3000 കോടി ചെലവിട്ട് അവിശ്വസനീയ വേഗതയില്‍ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്ത് തന്നെ പ്രധാനമന്ത്രി മുന്നിട്ടിറങ്ങി പണിതുയര്‍ത്തിയ രാമക്ഷേത്രം രക്ഷക്കെത്തുമെന്ന പ്രതീക്ഷക്ക് തിരിച്ചടിയേറ്റിരിക്കുന്നു. 2014-ലെയും 2019-ലെയും തെരഞ്ഞെടുപ്പുകളില്‍ നല്‍കിയ വർഗീയ ഉറപ്പുകള്‍ കാലവിളംബമേതുമില്ലാതെ നടപ്പാക്കിയപ്പോള്‍ കൈവന്ന ആത്മവിശ്വാസം ആശങ്കക്ക് വഴിമാറിയെന്ന് തോന്നിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ആക്രോശങ്ങള്‍. ആര്‍.എസ്.എസ്സിന്റെ താത്ത്വികാചാര്യന്‍ എം.എസ് ഗോള്‍വാള്‍ക്കര്‍ ഭാരതത്തിന്റെ സാക്ഷാല്‍ ശത്രുക്കളായി വിചാരധാരയില്‍ ചിത്രീകരിച്ച മൂന്ന് കൂട്ടരില്‍ ഒന്നാമത്തേതായ മുസ്്‌ലിം ന്യൂനപക്ഷത്തിന് നേരെയുള്ള കടന്നാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബി.ജെ.പിയുടെ അഖില ഭാരതാധ്യക്ഷന്‍ ജെ.പി നഡ്ഡയും അനുയായികളും കടുപ്പിക്കുന്നത്. സംഘ് പരിവാറിന്റെ അജണ്ട വളച്ചുകെട്ടില്ലാതെ ഹൈന്ദവ സമൂഹത്തിലേക്കെത്തിക്കുന്നതില്‍ കുറഞ്ഞ ഒന്നുകൊണ്ടും യഥാര്‍ഥ ലക്ഷ്യവും ദൗത്യവുമായ ഹിന്ദുത്വ രാഷ്ട്ര നിര്‍മിതി സാധ്യമല്ലെന്ന് കാവിപ്പട തിരിച്ചറിഞ്ഞിരിക്കുന്നു. ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ പോളിംഗ് ശതമാനത്തില്‍ 6.3 ശതമാനം കുറഞ്ഞതായി കണ്ടപ്പോള്‍ ഒന്നാമത്തെ ബോംബ് അവിടെ തന്നെ പൊട്ടിച്ചു രാജ്യത്തിന്റെ പ്രധാനമന്ത്രി. കൂടുതല്‍ സന്താനങ്ങളെ ഉല്‍പാദിപ്പിക്കുന്ന നുഴഞ്ഞു കയറ്റക്കാര്‍ക്ക് പൊതു സ്വത്തെടുത്ത് വിതരണം ചെയ്യണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്ന് കണ്ണുകള്‍ രണ്ടും മുറുക്കിച്ചിമ്മി തട്ടിവിടുകയായിരുന്നു മോദി (ഏപ്രില്‍ 21). പിന്നീട് പല കേന്ദ്രങ്ങളിലും ഈ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചതോടൊപ്പം മുസ്്‌ലിം സംവരണം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ് എന്നും കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി പ്രസിഡന്റ് ജെ.പി നഡ്ഡ, മോദിയെ ശക്തിയായി ന്യായീകരിച്ചപ്പോള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് ഇതു മാത്രം പോരാ. പ്രതിപക്ഷ സഖ്യമായ ഇൻഡ്യ ബീഫ് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്ന് യോഗി ആക്രോശിച്ചു.  ഗോക്കളെ കൊണ്ടുപോകുന്ന 'കട് വ'കളെ (ചേലാകര്‍മം നടത്തിയ മുസ്ലിംകള്‍) കണ്ടാല്‍ തല്ലിക്കൊല്ലുന്ന അനുയായിക്കൂട്ടത്തെ ഭ്രാന്ത് പിടിപ്പിക്കണമല്ലോ.

ഒരല്‍പവും വെള്ളം ചേര്‍ക്കാത്ത വര്‍ഗീയ പ്രചാരണത്തിനെതിരെ ഇലക് ഷന്‍ കമീഷന് ഇന്‍ഡ്യ പ്രവര്‍ത്തകര്‍ നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഒരനക്കവും ആ ഭാഗത്തുനിന്ന് ദൃശ്യമല്ല. മോദി എന്ന പേരുള്ളവരൊക്കെ കള്ളന്മാരാണോ എന്ന് പ്രസംഗവശാല്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് കീഴ് കോടതിയും തുടര്‍ന്ന് ഹൈക്കോടതിയും രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു; അയോഗ്യനാക്കി, രായ്ക്കുരാമാനം  അദ്ദേഹത്തിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി, ഔദ്യോഗിക വസതിയില്‍നിന്ന് ഇറക്കിവിട്ട രാജ്യമാണിതെന്നോര്‍ക്കണം. ഒടുവില്‍ സുപ്രീം കോടതി വേണ്ടിവന്നു നൂറ് ശതമാനവും അനീതിപരമായ വിധി തിരുത്താന്‍. 1975-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി വിനീതവിധേയരെ മാത്രം കൂടെക്കൂട്ടി രാജ്യം ഭരിച്ച കാലത്ത് ഇന്ത്യ എന്നാല്‍ ഇന്ദിര; ഇന്ദിര എന്നാല്‍ ഇന്ത്യ എന്ന് കോണ്‍ഗ്രസ്സുകാരെക്കൊണ്ട് വിളിപ്പിച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരും, ഇന്നും അതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ആക്രമിക്കുന്നവരുമാണ് കാവിപ്പട. മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ പേര്‍ പോലും പറയാതെ എല്ലാം മോദിയുടെ പ്രതിനിധികള്‍ മാത്രം. 

അപകടകരമായ ഈ വ്യക്തിപൂജയും ജനാധിപത്യത്തിന്റെ ഗളഛേദവും സ്വതന്ത്ര ഇന്ത്യയില്‍ അനുവദിച്ചുകൂടെന്ന ശാഠ്യം ഉറക്കെ പറഞ്ഞാണ് കോണ്‍ഗ്രസ്സും മതേതര പാര്‍ട്ടികളും ഇടതുപക്ഷവുമെല്ലാം ചേര്‍ന്ന് ഇന്‍ഡ്യ മുന്നണി രൂപവത്കരിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മൂന്നാമൂഴം കൂടി മോദിക്ക് നല്‍കിയാല്‍ മേലില്‍ സെക്യുലര്‍ ഭരണഘടനയോ ബഹുസ്വരതയോ സാംസ്‌കാരിക വൈവിധ്യമോ ഒന്നും ബാക്കി നില്‍ക്കില്ലെന്ന് ജനങ്ങളെയാകെ ബോധവത്കരിക്കുകയാണ് ഇന്‍ഡ്യ മുന്നണി. ഭിന്നതകളൊക്കെ ഒതുക്കി ജനാധിപത്യത്തിന്റെ ശത്രുവിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തില്‍ പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്യുമെന്നും അവര്‍ അവകാശപ്പെടുന്നു. മുന്നണിയിലെ ഘടക കക്ഷികള്‍ പ്രധാന പാര്‍ട്ടികളായ കേരളം, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങളില്‍ പരസ്പരം മത്സരിക്കേണ്ടിവരുന്നത് മനസ്സിലാക്കാനാവും. എന്നാല്‍, ബി.ജെ.പിയെ മുഖ്യ പ്രതിയോഗിയായി കാണുന്ന പോലെ കോണ്‍ഗ്രസ്സിനെ മുഖ്യ ശത്രുവായി കാണുന്ന സമീപനം ഇന്‍ഡ്യ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ സ്വീകരിച്ചാലോ? മറിച്ച്, കോണ്‍ഗ്രസ് മറ്റു മതേതര പാര്‍ട്ടികളെ നമ്പര്‍ വണ്‍ പ്രതിയോഗിയായി കണ്ട് രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞാലോ? വോട്ടെടുപ്പ് കഴിഞ്ഞ കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ അത്തരമൊരവസ്ഥയാണ് കാണേണ്ടിവന്നത്; ഇനിയും അതില്‍ മാറ്റമൊന്നും ദൃശ്യമല്ല താനും. എന്നല്ല, തങ്ങളെ തോൽപിക്കാൻ ബി.ജെ.പിയുമായി  രഹസ്യ ബാന്ധവം സ്ഥാപിച്ചു എന്ന് യു.ഡി.എഫ് എല്‍.ഡി.എഫിനെതിരെയും നേരെ തിരിച്ചും കടുത്ത ആരോപണങ്ങളുയർത്തുന്നു. വെള്ളം കലക്കി മീന്‍ പിടിക്കാന്‍ പതിനെട്ടടവും പയറ്റുന്ന ബി.ജെ.പി അവസരം ഒട്ടും പാഴാക്കുന്നുമില്ല. സത്യാവസ്ഥ വ്യക്തമാവാന്‍ ഫലങ്ങള്‍ വരുന്നതു വരെ കാത്തിരിക്കണമെങ്കിലും സംശയത്തിന്റെ പുകച്ചുരുളുകള്‍ ശക്തമായിത്തന്നെ അന്തരീക്ഷത്തിലുണ്ട് എന്നു പറയാതെ വയ്യ.

ഇവിടെയാണ് മതേതര പാര്‍ട്ടികള്‍ എത്രത്തോളം മതേതരമാണ് എന്ന ചോദ്യം ഉയരുന്നത്. 'എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ല' എന്ന്  ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന പരുവത്തിലാണ് കോണ്‍ഗ്രസ്. കേരളം ഒരു പരിധി വരെ അതിനപവാദമാണെന്ന് സാമാന്യമായി പറയാം. മറ്റു സംസ്ഥാനങ്ങളില്‍ നേതാക്കളും സ്ഥാനാര്‍ഥികളും വരെ അതിനിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടി വിടുന്നു. നേതൃത്വം നിസ്സഹായമാകുന്നു. ഇവരെ വിശ്വസിച്ചു എങ്ങനെ വോട്ട് നല്‍കും എന്ന് ജനങ്ങള്‍ ചിന്തിച്ചുപോവുന്നതാണ് സാഹചര്യം. ഇടതുപക്ഷവും, വിശിഷ്യാ സി.പി.എമ്മും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ പ്രതലത്തില്‍നിന്നു കൊണ്ട് സാമുദായിക പ്രീണനത്തിനും ധ്രുവീകരണത്തിനും ശ്രമിച്ചതായ പരാതികള്‍ പുഛിച്ചു തള്ളേണ്ടതല്ല. വീറുറ്റ മത്സരം അരങ്ങേറിയ വടകരയില്‍ എല്‍.ഡി.എഫും യു.ഡി.എഫും പോളിംഗിന് ശേഷവും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നത് പൊതുവെ സംശയവും അവിശ്വാസവുമാണ് ജനങ്ങളില്‍ സൃഷ്ടിക്കുന്നത്. ഏറ്റവും ഒടുവില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി ജയരാജന്‍ ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്‌ദേക്കറുമായി നടത്തിയ ദുരൂഹമായ കൂടിക്കാഴ്ച സംസ്ഥാന രാഷ്ട്രീയത്തിലെ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നത് ഇതോടു ചേര്‍ത്തു വായിക്കണം. സ്വതന്ത്ര മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ ഭാവിയെ പറ്റി നിരന്തരം ഉറക്കെ ചിന്തിക്കുന്നവരുടെ ആശങ്കകള്‍ ആത്മാര്‍ഥമാണെങ്കില്‍ അത് തെളിയിക്കേണ്ട ബാധ്യത ഇരു മുന്നണികളുടെയും നേതാക്കള്‍ക്കും വക്താക്കള്‍ക്കുമുണ്ട്. മുഖ്യ ന്യൂനപക്ഷ സമുദായ വോട്ടുകളില്‍ മാത്രം കണ്ണു നട്ടുള്ള വാചകമേളകള്‍ അവര്‍ക്ക് മനസ്സിലാവുന്നുണ്ട് എന്നെങ്കിലും ഓര്‍ക്കുന്നത് നന്ന്. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 6
ടി.കെ ഉബൈദ്

ഹദീസ്‌

സ്ത്രീകളുടെ ജിഹാദ്
അലവി ചെറുവാടി