Prabodhanm Weekly

Pages

Search

2024 മെയ് 10

3351

1445 ദുൽഖഅദ് 02

സ്ത്രീകളുടെ ജിഹാദ്

അലവി ചെറുവാടി

عَنْ عَائِشَة أُمّ المُؤْمِنِين رضيَ اللهُ عَنْها -قَالَتْ: يَا رَسُولَ اللهِ، هَلْ عَلَى النِّساءِ مِنْ جِهادٍ؟ قَالَ: نَعَمْ، عَلَيهِنَّ جِهادٌ،   لَا  قِتالَ فِيهِ؛ الْحَجُّ والْعُمْرَةُ    (أحمد ، ابن ماجه)

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ)യില്‍നിന്ന്. അവര്‍ ചോദിച്ചു: പ്രവാചകരേ, സ്ത്രീകള്‍ക്ക് ജിഹാദിന് ബാധ്യതയുണ്ടോ? അവിടുന്ന് പറഞ്ഞു: അതെ, അവര്‍ക്ക് ജിഹാദിന് ബാധ്യതയുണ്ട്. എന്നാല്‍ അതില്‍ യുദ്ധമില്ല; ഹജ്ജും ഉംറയുമാണത് (അഹ്്മദ്, ഇബ്‌നു മാജ).

ഇസ്്‌ലാമിലെ പരമപ്രധാനമായ പുണ്യകര്‍മമാണ്  ജിഹാദ്. വിശ്വാസിക്ക് ഈ ലോകത്ത് പ്രാപിക്കാന്‍ കഴിയുന്ന ശ്രേഷ്ഠതയുടെ പരമകാഷ്ഠയാണ് അതുവഴിയുണ്ടാകുന്ന ശഹാദത്ത് (രക്തസാക്ഷിത്വം). ധര്‍മസംസ്ഥാപനത്തിന്റെ മാര്‍ഗത്തില്‍ അര്‍പ്പിക്കുന്ന ത്യാഗപരിശ്രമങ്ങളൊക്കെ ഇസ്ലാം ജിഹാദിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവരുന്നതും ജിഹാദിന്റെ ഭാഗം തന്നെയാണ്.

മനോദാര്‍ഢ്യവും കായിക കരുത്തും തന്ത്രങ്ങളുമൊക്കെ അത്യന്താപേക്ഷിതമായ മേഖലയാണത്. സ്ത്രീകളെ സംബന്ധിച്ചേടത്തോളം അത്തരം പോരാട്ടങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല. രണാങ്കണങ്ങളില്‍ (ജിഹാദില്‍) ഭാഗഭാക്കാകുന്നതിന്റെയും രക്തസാക്ഷ്യം വരിക്കുന്നതിന്റെയും പ്രത്യേകതകളും മഹത്വവും പ്രതിഫലവും വേണ്ടവണ്ണം ഉള്‍ക്കൊണ്ടവരായിരിക്കുമല്ലോ നബിപത്‌നി ആഇശ(റ)യും സമകാലിക സ്വഹാബി വനിതകളും. സ്രഷ്ടാവിലേക്ക് അടുപ്പിക്കുകയും സ്വര്‍ഗപ്രവേശം ഉറപ്പാക്കുകയും ചെയ്യുന്ന ശ്രേഷ്ഠ കര്‍മം എന്ന നിലക്ക് ജിഹാദില്‍ തങ്ങള്‍ക്കു കൂടി പങ്കാളിത്തമായിക്കൂടേ എന്ന ഉല്‍ക്കടമായ മോഹം അവരുടെ മനസ്സിനെ മഥിച്ചിട്ടുണ്ടാകും. മാത്രമല്ല, അന്ന് നബി(സ)യുടെ കൂടെ യുദ്ധങ്ങളില്‍ പോരാട്ടമല്ലാത്ത (മുറിവേറ്റവരെ ശുശ്രൂഷിക്കല്‍, ഭക്ഷണ പാനീയങ്ങള്‍ എത്തിച്ചുകൊടുക്കല്‍, പടയാളികളുടെ താവളങ്ങള്‍ക്ക് കാവല്‍ നില്‍ക്കല്‍, സാധന സാമഗ്രികളുടെ സൂക്ഷിപ്പ്) മറ്റു സേവന രംഗങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടിരുന്നതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ജിഹാദിലൂടെ ശ്രേഷ്ഠകരമായ പുണ്യം കരസ്ഥമാക്കാന്‍ പുരുഷന്മാര്‍ക്ക് സൗഭാഗ്യം കൈവരുന്നതു പോലെ തങ്ങള്‍ സ്ത്രീകള്‍ക്കും അവസരം ലഭിക്കുമോ എന്ന് ആരായുകയാണ് നബിപത്‌നി ആഇശ (റ). പുരുഷന്മാര്‍ക്ക് നിര്‍ബന്ധമായതുപോലെ സ്ത്രീകള്‍ക്കും ജിഹാദ് ബാധ്യതയാണോ എന്നുമാകാം അവരുടെ ചോദ്യം. സ്ത്രീകളുടെ സൃഷ്ടിപ്രകൃതവും വ്യതിരിക്തതകളും നന്നായി അറിയുന്ന പ്രവാചകന്റെ മറുപടി ഒരിക്കലും അവരെ നിരാശപ്പെടുത്തുന്നതായില്ല. സ്ത്രീസമൂഹത്തിന് പ്രത്യാശയും പ്രതീക്ഷയും പകരുന്ന മറുപടിയാണ് അവിടുന്ന് നല്‍കുന്നത്. ഹജ്ജിനെയും ഉംറയെയും സ്ത്രീകളുടെ യുദ്ധമില്ലാത്ത ജിഹാദായി അവിടുന്ന് പരിചയപ്പെടുത്തുന്നു. ഹജ്ജ്-ഉംറ കര്‍മങ്ങളിലൂടെ സ്ത്രീകള്‍ മുജാഹിദുകളുടെ മഹോന്നത പദവി പ്രാപിക്കുകയാണ്. പ്രവാചകന്റെ ഈ വചനം ശ്രവിച്ചതിനു ശേഷം ആഇശ (റ) ഹജ്ജ് കര്‍മം ഒഴിവാക്കുകയുണ്ടായിട്ടില്ല. ''ഭാരം കുറഞ്ഞവരായോ കൂടിയവരായോ നിങ്ങള്‍ സമരസജ്ജരാകുവിന്‍. സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ ജിഹാദ് (സമരം) ചെയ്യുവിന്‍'' (9:41) എന്ന ഖുര്‍ആന്‍ വചനം അടിസ്ഥാനമാക്കി, ശൈഖ് ഇബ്‌നു ബാസിനെ പോലുള്ള പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത് സ്ത്രീകളുടെ ഹജ്ജ് കര്‍മം സാമ്പത്തിക ജിഹാദില്‍ ഉള്‍പ്പെടുമെന്നാണ്.

വീടും നാടും സമ്പത്തും കുടുംബവും വിട്ടേച്ചു കൊണ്ടാണ് യുദ്ധക്കളത്തിലേക്ക് പുറപ്പെടുക. വിജയമോ രക്തസാക്ഷിത്വമോ ആവാം അതിന്റെ അന്തിമ ഫലം. ഒരുവേള ഹജ്ജും യുദ്ധവും തമ്മില്‍ താരതമ്യവും സാധ്യമാണ്. എന്നാല്‍, രണാങ്കണത്തില്‍ രക്തസാക്ഷികളാകുന്നവര്‍ക്ക് സ്വര്‍ഗം വാഗ്ദാനം ചെയ്യപ്പെട്ടതുപോലെ, ഹജ്ജ് കര്‍മത്തിനിടയില്‍ മരണപ്പെടുന്നവര്‍ക്ക് രക്തസാക്ഷികളുടെ സ്ഥാനം ലഭിക്കുമോ എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. 'ആര്‍ രക്തസാക്ഷിത്വം കൊതിച്ച് ജീവിക്കുന്നുവോ, തന്റെ വിരിപ്പില്‍ കിടന്ന് സ്വാഭാവിക മരണമാണ് അയാള്‍ക്ക് സംഭവിക്കുന്നതെങ്കില്‍ പോലും സ്വര്‍ഗത്തിനവകാശിയാണ്' എന്ന നബിവചനത്തെ അടിസ്ഥാനമാക്കി, ഹജ്ജിനിടയില്‍ മരണപ്പെടുന്നവര്‍ സ്വര്‍ഗാവകാശികളാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. l
 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 6
ടി.കെ ഉബൈദ്

ഹദീസ്‌

സ്ത്രീകളുടെ ജിഹാദ്
അലവി ചെറുവാടി