Prabodhanm Weekly

Pages

Search

2024 മെയ് 10

3351

1445 ദുൽഖഅദ് 02

മദ്യപരെ  പിരിച്ചുവിടാനുള്ള നീക്കം സ്വാഗതാര്‍ഹം

പി.എ.എം അബ്ദുല്‍ ഖാദര്‍ 

മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ കെ.എസ്.ആര്‍.ടി.സിയിലെ നൂറോളം ജീവനക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നത് തികച്ചും അഭിനന്ദനാഹര്‍മാണ്. നൂറ് ജീവനക്കാരാണ് ഇതിനകം പിടിയിലായിരിക്കുന്നത്. രണ്ടാഴ്ചക്കിടയിലാണ് മദ്യപാനത്തിന്റെ പേരില്‍ മാത്രം ഇത്രയും പേരെ പിടികൂടുന്നത്. ഇതില്‍ 54 പേരും ഡ്രൈവര്‍മാരാണ്. 74 സ്ഥിരം ജീവനക്കാരെ സസ്‌പെന്റ് ചെയ്യുകയും സ്വിഫ്റ്റിലെയടക്കം താല്‍ക്കാലിക ജീവനക്കാരായ 26 പേരെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നു. ഇതുകൊണ്ട് മാത്രം കെ.എസ്.ആര്‍.ടി.സി നടപടി അവസാനിപ്പിക്കുന്നില്ല എന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. ജീവനക്കാരെ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമേ ജോലിക്ക് നിയോഗിക്കാന്‍ പാടുള്ളൂ എന്നാണ് സി.എം.ഡിയുടെ ഉത്തരവ്.
ഏകദേശം 60 യൂനിറ്റുകളില്‍ നടത്തിയ പരിശോധനയിലാണ് മദ്യപിച്ച് ജോലിക്കെത്തിയവരെ പിടികൂടിയിരിക്കുന്നത്. മദ്യനിരോധനം നടപ്പാക്കണമെന്ന മുറവിളി നിരന്തരം ഉയരുന്നുണ്ടെങ്കിലും അനുകൂലമായ നീക്കം എവിടെ നിന്നും ഉണ്ടാകുന്നില്ല.

മദ്യപിച്ച് ജോലിക്ക് ഹാജരാകുന്നത് തടയാന്‍ പോലും സര്‍ക്കാര്‍ പലപ്പോഴും തയാറാകുന്നില്ല. അതിനിടയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ ധീരമായ നടപടി. മദ്യപിച്ച് ജോലിക്കെത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടികള്‍ സ്വീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്നാണ് സമീപകാല സംഭവങ്ങൾ വിളിച്ചോതുന്നത്.

കെ.എസ്.ആര്‍.ടി.സിയിലായാലും മറ്റേതു വാഹനത്തിലായാലും മദ്യപന്മാരായ ഡ്രൈവര്‍മാര്‍ വരുത്തിവെക്കുന്ന അപകടങ്ങള്‍ ചെറുതൊന്നുമല്ല. യാത്രക്കാരുടെയും ഇതര വാഹനങ്ങളില്‍ വരുന്നവരുടെയും കാൽനടക്കാരുടെയും ജീവന്‍ അപഹരിച്ച ഒട്ടനവധി ദുരന്തങ്ങള്‍ മദ്യപന്മാരായ ഡ്രൈവര്‍മാര്‍ വരുത്തിവെച്ചിട്ടുള്ളവയാണ്. കര്‍ശനമായ നടപടികളിലൂടെ മാത്രമേ ഇത്തരം ആപത്തുകള്‍ തടയാനാവൂ. മറ്റു സര്‍ക്കാര്‍ വകുപ്പുകള്‍ കൂടി ഇത്തരം മാതൃകാപരമായ നടപടികള്‍ സ്വീകരിക്കാന്‍ മുന്നോട്ടുവരണം.

മദ്യപിച്ച് വിദ്യാലയങ്ങളിലെത്തുന്ന അധ്യാപകര്‍ പോലുമുണ്ടെന്ന് കേള്‍ക്കുന്നത് കൂടുതല്‍ ഞെട്ടലുളവാക്കുന്നു. നമ്മുടെ ഉദ്യോഗസ്ഥ മേഖല മദ്യപരില്‍നിന്ന് മോചിതമാക്കാന്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തിന്റെ ധാര്‍മിക പ്രതിഛായ വര്‍ധിപ്പിക്കാന്‍ അത് സഹായകമായിരിക്കും. സ്വകാര്യ ബസ്സ് ജീവനക്കാരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രസ്താവന ശ്ലാഘനീയമാണ്.
തിരൂര്‍ക്കാട് 9847418644


വിവാഹത്തിലെ ആഭാസങ്ങള്‍

ഇസ്ലാമില്‍ വിവാഹം ലളിത സുന്ദരവും പരിപാവനവുമായ കര്‍മമാണ്. അതിനാല്‍ തന്നെ ആര്‍ഭാടങ്ങളും അധാര്‍മിക ചെയ്തികളും വിവാഹത്തില്‍ അനുവദനീയമല്ല. സ്ത്രീധനമെന്ന അനിസ്ലാമികതക്കെതിരെ വിശ്വാസികളും പണ്ഡിതരും സംഘടനകളും വാളുയര്‍ത്തിയതിനാല്‍ അല്‍പം ആശ്വാസമുണ്ട്.

മഹ്‌റിന്റെ തൂക്കം കണക്കാക്കി, സ്ത്രീധനം ചോദിക്കാതെത്തന്നെ വാങ്ങുന്നവരും, പണവും വാഹനവും ഭൂസ്വത്തുക്കളും സ്ത്രീധനമായി വാങ്ങുന്നവരും ഇപ്പോള്‍ കുറവാണെന്ന് പറയാമെങ്കിലും, സ്ത്രീധനം കുറഞ്ഞതിന്റെ പേരില്‍ വിദ്യാ സമ്പന്നര്‍ പോലും  ആത്മഹത്യ ചെയ്യേണ്ടിവരുന്ന സ്ഥിതിവിശേഷം നിലനില്‍ക്കുന്നു. അതിനിടയില്‍ പുതിയ പുതിയ ബിദ്അത്തുകള്‍ സമുദായത്തില്‍ പടര്‍ന്നു പന്തലിക്കുകയും ചെയ്യുന്നു. ആദ്യമാദ്യം ആയിരം രൂപയുടെ മിഠായി വാങ്ങി വരന്റെ ബന്ധുക്കള്‍ വധൂകുടുംബത്തിന് നല്‍കി വിവാഹം ഉറപ്പിക്കുന്നതാണ് കണ്ടിരുന്നത് (കുടുംബങ്ങളുടെ വാക്കിനെക്കാളും വിശ്വാസ്യത ആയിരം രൂപയുടെ മിഠായിക്കാണ്!). ക്രമേണ മിഠായിപ്പൊതിയുടെ വലുപ്പം കൂടി വന്നു. ആയിരത്തില്‍നിന്ന് പതിനായിരങ്ങളിലേക്ക് ആ മിഠായി 'ഉറപ്പ്' വളര്‍ന്നു. വരന്റെ വധുവിനുള്ള 'ഉറപ്പ് മിഠായി' ഇപ്പോള്‍ ലക്ഷങ്ങളിലേക്ക് എത്തിനില്‍ക്കുന്നു. വിവാഹ നിശ്ചയത്തില്‍ മിഠായി നല്‍കാന്‍ കഴിയാത്തവര്‍, നികാഹിന് ശേഷം ഉറപ്പ് മിഠായി നല്‍കുന്നുണ്ട് (നികാഹിന് ശേഷം നല്‍കുന്ന ഈ വിവാഹ ഉറപ്പ് എന്തിനുള്ള ഉറപ്പാണെന്ന് പോലും ചിന്തിക്കുന്നില്ല). ഇപ്പോള്‍ പള്ളിയില്‍ വെച്ച് നികാഹ് നടത്തി വധൂഗൃഹത്തില്‍ വരനും സുഹൃത്തുക്കളും ബന്ധുക്കളും കയറിവരുമ്പോള്‍, അതിന്റെ കൂടെ ഒരു ഡസനിലധികം യുവതികളും പെണ്‍കുട്ടികളും മിഠായിക്കൊട്ടയും പേറി വരികയാണ്. കപ്പല്‍ രൂപത്തിലും, ബോട്ടിന്റെയും തോണിയുടെയും ആകൃതിയിലും, ബില്‍ഡിംഗുകളുടെയും കളിസാധനങ്ങളുടെയും രൂപത്തിലും മിഠായികള്‍ വിവാഹ പന്തലില്‍ നിറയുകയാണ്.

ഏതോ വിവരം കെട്ടവര്‍ കാട്ടിക്കൂട്ടുന്നതൊന്നുമല്ല ഇത്. നല്ല ദീനീ ബോധവും വിവരവുമുള്ള സമ്പന്നരും, ദീനീ കാര്യങ്ങളിലും മറ്റും ജനങ്ങള്‍ക്ക് ഉപദേശം നല്‍കുന്നവരുമൊക്കെ ഇത്തരം പുത്തനാചാരങ്ങളുടെ നടത്തിപ്പുകാരായി മാറുന്നതാണ് ഏറെ സങ്കടകരം. സ്ത്രീധനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും വ്യക്തികളും ഇതിനെതിരെയും ശബ്ദമുയര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

പാലാഴി മുഹമ്മദ് കോയ 9497080460

സ്ത്രീ ശാക്തീരണം അധര സേവ മാത്രം

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വാചാലമാവാത്ത ഒരു പാര്‍ട്ടിയുമില്ല. എന്നാല്‍, നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതില്‍ എല്ലാ പാര്‍ട്ടികളും ഏറെ പിന്നിലാണ്. 2019-ല്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 542 അംഗ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വെറും 14 ശതമാനം വനിതകളാണ്. 1952-ലെ ആദ്യ ലോക്‌സഭയിലിത് അഞ്ച് ശതമാനം മാത്രമായിരുന്നു. ഒരു സ്ത്രീ പോലും തെരഞ്ഞെടുക്കപ്പെടാത്ത നിരവധി സംസ്ഥാനങ്ങളുണ്ട് രാജ്യത്ത്.

പ്രബുദ്ധ കേരളത്തില്‍ 140 അംഗ നിയമസഭയില്‍ എല്‍.ഡി.എഫിന് 10-ഉം യു.ഡി.എഫിന് രണ്ടും വനിതാ എം.എല്‍.എമാർ മാത്രമാണുള്ളത്. ആദ്യ ഇ.എം.എസ് മന്ത്രിസഭ മുതല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വരെ നമുക്കുള്ളത് 11 വനിതാ മന്ത്രിമാര്‍ മാത്രം. വനിതാ മുഖ്യമന്ത്രി എന്ന സാക്ഷര കേരളത്തിന്റെ സ്വപ്‌നം സഫലമായിട്ടില്ല. നിയമസഭയിലും പാര്‍ലമെന്റിലും 50 ശതമാനം സംവരണത്തിനുള്ള അവകാശം ജനസംഖ്യയില്‍ ഭൂരിപക്ഷമുള്ള വനിതകള്‍ക്കുണ്ട്. ലോക്‌സഭയില്‍ 15 ശതമാനവും രാജ്യസഭയില്‍ 13 ശതമാനവുമാണ് നിലവിലെ വനിതാ പ്രാതിനിധ്യം.

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഉത്തര്‍ പ്രദേശ് നിയമസഭയില്‍ 12 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. മിസോറാം, പോണ്ടിച്ചേരി വനിതാ പ്രാതിനിധ്യം തീരെ ഇല്ല. ഹിമാചല്‍ അസംബ്ലിയില്‍ ഒരേയൊരു വനിത. രണ്ട് വനിതാ മുഖ്യമന്ത്രിമാര്‍ വാണ തമിഴ്‌നാട്ടില്‍ 5 ശതമാനം മാത്രമാണ് വനിതാ പ്രാതിനിധ്യം. സംസ്ഥാന നിയമസഭകളില്‍ എവിടെയും 20 ശതമാനത്തിന് മുകളില്‍ വനിതാ പ്രാതിനിധ്യമില്ല. സംസ്ഥാന നിയമസഭകളിലെ 43 ശതമാനം വനിതകളും ബിരുദധാരികള്‍. എന്നാല്‍, പുരുഷ ബിരുദധാരികള്‍ 33 ശതമാനം മാത്രം. ഏറ്റവും കൂടുതല്‍ എം.പിമാരുള്ള ബി.ജെ.പിയില്‍ 14 ശതമാനം മാത്രമാണ് വനിതകള്‍. അടുത്ത കാലത്തൊന്നും 33 ശതമാനം സംവരണം ഒരു രാഷ്ട്രീയ പാര്‍ട്ടിയും നടപ്പാക്കുമെന്ന് കരുതാനാവില്ല.

റഹ്മാന്‍ മധുരക്കുഴി

തിരുത്ത്

ലക്കം 3350-ൽ ടി. മുഹമ്മദ് വേളം എഴുതിയ 'കുറ്റവും ശിക്ഷയും: ഇസ്ലാമിന്റേത് മധ്യമ സമീപനം' എന്ന ലേഖനത്തിലെ പേജ് 24, രണ്ടാം കോളം രണ്ടാം ഖണ്ഡികയുടെ തുടക്കം ഇങ്ങനെ തിരുത്തി വായിക്കാൻ അപേക്ഷ:

'ആധുനിക ലിബറൽ ഗവൺമെന്റുകൾ ഒരിക്കലും വധശിക്ഷാ വിഷയത്തിൽ ഇളവ് നൽകാനുള്ള അധികാരം കോടതികൾക്കോ ഗവൺമെന്റിനോ പുറത്ത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകുന്നില്ല.'         
- എഡിറ്റർ

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 48 അൽ ഫത്ഹ് സൂക്തം 6
ടി.കെ ഉബൈദ്

ഹദീസ്‌

സ്ത്രീകളുടെ ജിഹാദ്
അലവി ചെറുവാടി