പ്രക്ഷുബ്ധമാകുന്ന അമേരിക്കൻ യൂനിവേഴ്സിറ്റികൾ
ഇതെഴുതുമ്പോൾ അമേരിക്കൻ കാമ്പസുകളിൽ ഹിമഗോളം പോലെ സംഘർഷം തിടം വെച്ചു വരികയാണ്. കഴിഞ്ഞ ആറ് മാസമായി ഗസ്സയിലെ സിവിലിയൻമാർക്ക് നേരെ ഇസ്രയേൽ തുടർന്നുകൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയാണ് അമേരിക്കൻ യൂനിവേഴ്സിറ്റികളിലെ വിദ്യാർഥികൾ ശബ്ദമുയർത്തുന്നത്. ഫലസ്ത്വീൻ അനുകൂല കാമ്പസുകളാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇസ്രയേലിന് അമേരിക്ക സൈനിക, സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകുന്നതിനെതിരെ ലോസ് ആഞ്ചൽസ്, ന്യൂയോർക്ക്, ബോസ്റ്റൺ പോലുള്ള അമേരിക്കൻ നഗരങ്ങളിൽ പ്രകടനങ്ങളും ധർണകളും നടന്നുകൊണ്ടിരിക്കുന്നു. ഹവാർഡ്, യേൽ, ബോസ്റ്റൺ പോലുള്ള ലോക പ്രശസ്ത യൂനിവേഴ്സിറ്റികളിൽ പ്രക്ഷോഭ തരംഗങ്ങൾ ആഞ്ഞടിക്കുകയാണ്. പ്രക്ഷോഭം അടിച്ചമർത്താനും വിദ്യാർഥികളെ പിരിച്ചു വിടാനും സ്ഥാപനാധികൃതർ സഹായം തേടി എന്ന ന്യായം പറഞ്ഞ് റയട്ട് പോലീസിനെ ഇറക്കിയിരിക്കുന്നു. അമേരിക്കൻ ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ, കാമ്പസിലെ 'സെമിറ്റിക് വിരുദ്ധ വൈറസി'നെ ചെറുക്കാൻ ദേശസുരക്ഷാ സേനയെത്തന്നെ ഇറക്കുമെന്ന് ഭീഷണിപ്പെടുത്തുവോളം കാര്യങ്ങൾ പിടിവിട്ട് പോയിരിക്കുന്നു.
വിദ്യാർഥി പ്രക്ഷോഭം ആളിപ്പടർന്നുകൊണ്ടിരിക്കെ മൗലികമായ ചില ചോദ്യങ്ങൾ ഉയരുന്നുണ്ട്: ഇത്തരം പ്രക്ഷോഭ പ്രസ്ഥാനങ്ങൾ അമേരിക്കൻ രാഷ്ട്രീയ ഘടനയിൽ എത്രത്തോളം സ്വാധീനം ചെലുത്തും? ഫ്രാൻസിൽ 1968 മെയ് മാസത്തിലും മെക്സിക്കോയിൽ 1968 ജൂലൈയിലും ഉണ്ടായതു പോലുള്ള അടിമുടി മാറ്റത്തിന് ഇത് നിമിത്തമാവുമോ? പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടന്റെകീഴിലുള്ള അമേരിക്കൻ കോളനികളിൽ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങളുടെ അത്രയെങ്കിലും സ്വാധീനം ഇതിന് ഉണ്ടാക്കാൻ കഴിയുമോ? അമേരിക്കൻ കോളനികളിലെ ആ പ്രതിഷേധങ്ങളാണല്ലോ അമേരിക്കൻ വിപ്ലവ(1775- 1783)ത്തിനും പിന്നീട് ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽനിന്ന് അമേരിക്ക മുക്തമാവുന്നതിനും നിമിത്തമായത്.
കോളനികൾക്ക് മേൽ പല ജനവിരുദ്ധ നയങ്ങളും ബ്രിട്ടൻ അടിച്ചേൽപ്പിച്ചതിനെ തുടർന്ന് സംഭവിച്ചതാണ് അമേരിക്കൻ വിപ്ലവം. സ്റ്റാമ്പ് ആക്ട് (1765), റ്റൗൺഷെൻഡ് ആക്ടുകൾ (1767) തുടങ്ങിയവ ഉദാഹരണം. കോളനിവൽക്കരിക്കപ്പെട്ട ജനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾ ഉൾപ്പെടെ അവരുടെ പൗരസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായിരുന്നു ഇത്തരം നിയമങ്ങൾ. അമേരിക്കയിലെ കോളനിവൽക്കരിക്കപ്പെട്ട ജനത നിയമങ്ങൾ പാലിക്കാതെയും തെരുവിലിറങ്ങിയും പ്രതിഷേധിച്ചു. പ്രതിഷേധിച്ചതിനുള്ള ശിക്ഷയാണ് ബോസ്റ്റൺ ടീ പാർട്ടി (1773) യിലും മറ്റും നാം കണ്ടത്.
ശിക്ഷിക്കാനായി ബ്രിട്ടീഷുകാർ വേറെയും നിയമങ്ങൾ കൊണ്ടു വന്നു. അവ ' അസമാധാനത്തിന്റെ നിയമങ്ങൾ' എന്ന് അറിയപ്പെട്ടു. ഒടുവിൽ ഈ പ്രതിഷേധവും നിയമലംഘനവുമാണ് അമേരിക്കയെ സ്വതന്ത്രമാക്കിയ വിപ്ലവത്തിലേക്ക് വഴികാണിച്ചത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇസ്രയേൽ വിരുദ്ധവും ഫലസ്ത്വീൻ അനുകൂലവുമായ വിദ്യാർഥി പ്രക്ഷോഭങ്ങൾ, അമേരിക്ക പിന്തുടരുന്ന നയങ്ങളിൽനിന്ന് വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന വലിയൊരു വിഭാഗം അമേരിക്കൻ സമൂഹം എത്രമാത്രം അകലെയാണെന്ന് കാണിച്ചുതരുന്നുണ്ട്. അവരുടെ ബോധ്യങ്ങളല്ല അമേരിക്കൻ ഭരണകൂടത്തിന്റെ നയങ്ങളായി രൂപപ്പെടുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അറുപതുകളിലും എഴുപതുകളിലും വിയറ്റ്നാം യുദ്ധത്തിനെതിരെ അമേരിക്കൻ യുവതയും വിദ്യാർഥി സമൂഹവും തെരുവിലിറങ്ങിയതിനെ ഓർമിപ്പിക്കുന്നുണ്ട് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. വിയറ്റ്നാം യുദ്ധം അനീതിയുടെ ഉടൽ രൂപമാണെന്നും അമേരിക്ക പ്രതിനിധാനം ചെയ്യുന്ന മൂല്യങ്ങളുടെ ലംഘനമാണെന്നും ആ യുവാക്കൾ വിളിച്ചുപറഞ്ഞു.
ഇങ്ങനെയൊക്കെ ചരിത്രമുണ്ടെങ്കിലും, ഇപ്പോഴത്തെ പ്രക്ഷോഭങ്ങൾ ഒരു വിപ്ലവമായി രൂപാന്തരപ്പെട്ട് നിലവിലെ അമേരിക്കൻ ഘടനയെ, അവിടത്തെ പാർട്ടി സിസ്റ്റത്തെ അട്ടിമറിക്കാനൊന്നും പോകുന്നില്ല. ഇസ്രയേലിനോടുള്ള സമീപനം പോലും അമേരിക്കൻ ഭരണകൂടം മാറ്റാനിടയില്ല. അത്തരം സാധ്യതകൾ വളരെ വിരളമാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കോളനിയായിരുന്നപ്പോഴുള്ള അവസ്ഥയിലല്ല ഇന്ന് അമേരിക്ക. തെരഞ്ഞെടുപ്പുകളിലൂടെ, വോട്ടിങ്ങിലൂടെ, നീതിന്യായ പ്രക്രിയയിലൂടെ, സമാധാനപരമായ പ്രക്ഷോഭങ്ങളിലൂടെ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാൻ പറ്റുന്ന ശക്തമായ ജനാധിപത്യ സംവിധാനം ഇന്ന് അമേരിക്കക്കുണ്ട്. ജനാധിപത്യ സ്ഥാപനങ്ങൾ ആ നാടിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൽ ആഴത്തിൽ വേരോടിയിരിക്കുന്നു. അമേരിക്ക ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ മാത്രമല്ല, ഗുസ്താവോ ഡയസിന്റെ ഭരണകാലത്ത് മെക്സിക്കോയിലോ, ചാൾസ് ഡിഗോൾ ഫ്രാൻസ് ഭരിച്ചിരുന്ന ആദ്യ ഘട്ടത്തിലോ ഇങ്ങനെ ജനാധിപത്യ സ്ഥാപനങ്ങൾ ശക്തിപ്പെട്ട അവസ്ഥ ഉണ്ടായിരുന്നില്ല.
ഇന്ന് അമേരിക്കയിൽ നിലനിൽക്കുന്ന രാഷ്ട്രീയ- സാമൂഹിക സാഹചര്യം ജനങ്ങളുടെ പലതരത്തിലുള്ള അസംതൃപ്തികളെ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന കാര്യവും കാണാതിരുന്നു കൂടാ. അമേരിക്കയിലെ ഇരു രാഷ്ട്രീയ പാർട്ടികളുടെയും നയങ്ങളോട് അവർക്ക് യോജിപ്പില്ല. ഒക്ക്യുപ്പൈ വാൾസ്ട്രീറ്റ്, ബ്ലാക് ലൈവ്സ് മാറ്റർ പോലുള്ള ഈയടുത്ത് രൂപപ്പെട്ട ജനകീയ മുന്നേറ്റങ്ങൾ രാഷ്ട്രീയ - സാമ്പത്തിക ഘടനയിൽ പൊളിച്ചെഴുത്താണ് ആവശ്യപ്പെട്ടത്. പക്ഷേ, നിലവിലുള്ള ഘടനക്കെതിരായ സമഗ്ര വിപ്ലവമായി അവയൊന്നും രൂപാന്തരപ്പെട്ടില്ല. രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ അവസ്ഥകളെ അവ മാറ്റുകയും ചെയ്തില്ല. നല്ല വഴക്കമുള്ളതും അതേസമയം സ്ഥിരതയുള്ളതുമാണ് അമേരിക്കയുടെ രാഷ്ട്രീയ ഘടന എന്നതാണ് അതിന് കാരണം. അധികാരങ്ങൾ വിഭജിച്ച് നൽകിയും ഏറക്കുറെ കുറ്റമറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ഭരണകക്ഷിയെ മാറ്റിക്കൊണ്ടും (അധികാരക്കൈമാറ്റം രണ്ട് കക്ഷികൾ തമ്മിലേ നടക്കുന്നുള്ളൂ എന്നത് മറ്റൊരു കാര്യം) ആണ് ആ സംവിധാനം നിലനിൽക്കുന്നത് എന്നതിനാൽ ജനകീയ പ്രക്ഷോഭത്തിലൂടെ ആ സിസ്റ്റത്തെ അട്ടിമറിക്കുക വളരെ പ്രയാസമാണ്.
ഇക്കണോമിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട്, പ്യൂ റിസർച്ച് സെന്റർ തുടങ്ങിയ പഠന കേന്ദ്രങ്ങൾ 2014-നും 2020-നും ഇടക്ക് പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളിൽ, അമേരിക്കൻ ജനതയിൽ സാമ്പത്തിക അന്തരം വളരെയധികം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും സമ്പത്ത് ചെറിയൊരു വിഭാഗത്തിന്റെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഒരു മുതലാളിത്ത ഘടനയിൽ അങ്ങനെത്തന്നെയാണല്ലോ എപ്പോഴും സംഭവിക്കുക. ആ സാമ്പത്തിക കാഴ്ചപ്പാടിന് നേതൃത്വം നൽകുന്നത് അമേരിക്കയുമാണ്. ഈയടുത്ത കാലത്ത് വൻ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായ റിയൽ എസ്റ്റേറ്റ് വില വർധനവോ, തൊഴിൽ കമ്പോളങ്ങൾ ദുർബലമായതോ, ജീവിതച്ചെലവ് കണ്ടമാനം വർധിച്ചതോ ഒന്നും അമേരിക്കൻ ജനത അവരുടെ ഗവൺമെന്റിനെതിരെ തിരിയുമെന്നതിന്റെ സൂചനകളായി പഠന റിപ്പോർട്ടുകളൊന്നും എടുത്ത് കാണിക്കുന്നില്ല. തങ്ങളുടെ ഭരണകൂടത്തെ പ്രതി ആ ജനത സംതൃപ്തരാണ് എന്നിത് അർഥമാക്കുന്നുമില്ല. Gallup ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, തൊള്ളായിരത്തി എഴുപതുകൾ മുതൽക്ക് ഫെഡറൽ ഗവൺമെന്റിലുള്ള വിശ്വാസം ജനങ്ങൾക്ക് കുറഞ്ഞുവരികയാണെന്നും തങ്ങളുടെ യഥാർഥ താൽപര്യങ്ങളെ ആ ഗവൺമെന്റുകൾ പ്രതിനിധീകരിക്കുന്നതായി അവർ കരുതുന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Disobedience and Democracy എന്ന പുസ്തകമെഴുതിയ ഹൊവാർഡ് സിന്നി ( Howard Zinn) നെപ്പോലുള്ള ചിന്തകർ, ജനകീയ പ്രക്ഷോഭവും പ്രതിരോധവും അമേരിക്കൻ ചരിത്രത്തിൽ മാറ്റത്തിന് വഴിതുറന്നിട്ടുണ്ടെന്നും അതിനാൽ ഹിംസാത്മകമായ വിപ്ലവങ്ങൾക്ക് സാധ്യതയില്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അമേരിക്കയിൽ നിയമവും നീതിയും തമ്മിലുള്ള സംഘർഷത്തെയും സിൻ വിശകലനം ചെയ്യുന്നുണ്ട്. നിയമങ്ങൾ എപ്പോഴും നീതിനിഷ്ഠമാവണമെന്നില്ല. അനീതി നിറഞ്ഞ നിയമങ്ങളെ തിരുത്താൻ നിയമലംഘന പ്രക്ഷോഭം അനിവാര്യമായി വരും. സ്വാഭാവികമായും ഒരു ചോദ്യമുയരും: എന്തുകൊണ്ടാണ് ചില പ്രക്ഷോഭ പ്രസ്ഥാനങ്ങൾ ചില നാടുകളിൽ ചില സമയങ്ങളിൽ വിപ്ലവം വിജയിപ്പിച്ചെടുക്കുമ്പോൾ, ഏതാണ്ട് അതേ സാഹചര്യങ്ങൾ നിലനിൽക്കുന്ന മറ്റു ചില നാടുകളിൽ വിപ്ലവം സാധ്യമാകുന്നില്ല? സിഡ്നി ടാരോ (Sidney Tarrow), ചാൾസ് ടില്ലി (Charles Tilly)തുടങ്ങിയ ചിന്തകർ, 'രാഷ്ട്രീയ അവസരങ്ങൾ' ഒത്തുവരാത്തത് കൊണ്ടാണിതെന്ന് ചൂണ്ടിക്കാട്ടുന്നു. അതായത്, മാറ്റത്തിനുള്ള രാഷ്ട്രീയ സന്ദർഭങ്ങൾ ഒത്തുവന്നാലേ അത്തരം വിപ്ലവങ്ങൾ സാധ്യമാവുകയുള്ളൂ. ഭരണവർഗക്കാർക്കിടയിൽ വലിയ പിളർപ്പുകൾ, ഭരണനയങ്ങൾ അപ്പാടെ മാറിപ്പോകൽ, അസ്ഥിരത സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾ - ഇത്തരം സന്ദർഭങ്ങളാണ് പ്രക്ഷോഭകർ വിപ്ലവത്തിനായി ഉപയോഗപ്പെടുത്തുക. അമേരിക്കയിൽ തെരഞ്ഞെടുപ്പും നിയമസംവിധാനങ്ങളും ഉപയോഗിച്ച് മാറ്റം കൊണ്ടുവരാനുള്ള അവസരം നിലനിൽക്കുന്നുണ്ട്. വാട്ടർ ഗേറ്റ് സംഭവം ഉദാഹരണമായിപ്പറയാം. അതിനാൽ, പ്രതിഷേധങ്ങൾ വിപ്ലവത്തിന്റെ സ്വഭാവമാർജിക്കാനുള്ള സാധ്യത കുറവാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും, അമേരിക്കൻ കാമ്പസുകളിൽ അരങ്ങേറുന്ന വിദ്യാർഥി പ്രതിഷേധം അമേരിക്കൻ വിദേശനയത്തോടുള്ള ആ ജനതയുടെ ശക്തമായ വിയോജിപ്പായി മനസ്സിലാക്കപ്പെടുന്നുണ്ട്. നയങ്ങളിൽ ചില മാറ്റങ്ങളൊക്കെ വരുത്താൻ ഇതു കാരണം ഭരണകൂടം നിർബന്ധിതമായേക്കാം. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും പുതിയ ചർച്ചകൾക്ക് അത് തുടക്കംകുറിച്ചേക്കാം. അവിടെ നിലനിൽക്കുന്ന ഇരു പാർട്ടി സംവിധാനത്തെ അട്ടിമറിക്കുന്ന തരത്തിലേക്കൊന്നും ഇത്തരം പ്രക്ഷോഭങ്ങൾ മാറാനിടയില്ല.
തീർച്ചയായും അമേരിക്കയുടെ പൊതുജനാഭിപ്രായത്തിൽ വലിയ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവ് തന്നെയാണ് ഈ കാമ്പസ് പ്രക്ഷോഭങ്ങൾ. മിഡിലീസ്റ്റ് നയത്തിൽ ഇരു പാർട്ടികളും ക്രമേണയെങ്കിലും ചില മാറ്റങ്ങൾ വരുത്താൻ അത് നിമിത്തമാവുമെന്ന് തന്നെയാണ് കരുതേണ്ടത്. l
(സൈപ്രസിൽ താമസിക്കുന്ന സിറിയൻ കവിയും കോളമിസ്റ്റുമാണ് ലേഖകൻ)
Comments