വിദ്യാഭ്യാസ ഭൂമികയിലെ മാറ്റങ്ങളെ ക്രിയാത്മകമായി സ്വാംശീകരിക്കുന്നു
മൂല്യ പ്രതിബദ്ധതയുള്ള തലമുറകളെ വാർത്തെടുക്കാനായി വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലകളിൽ വൈവിധ്യ പൂർണവും ഗുണാത്മകവുമായ ഇടപെടലുകളാണ് കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലധികമായി തുടർന്നു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് 2018-ൽ ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ (IECI) എന്ന പേരിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്. അതിന് കീഴിൽ സ്കൂൾ, മദ്റസ, കോളേജ്, പ്രീസ്കൂൾ വിഭാഗങ്ങളെ സംയോജിപ്പിക്കുന്ന വ്യത്യസ്ത ബോർഡുകൾ പ്രവർത്തിക്കുന്നു. പുതിയ അധ്യയന വർഷത്തിൽ ഇസ്ലാമിയാ കോളേജുകളുടെ ശാക്തീകരണം പ്രധാന പ്രവർത്തനമായി IECI ഏറ്റെടുത്തിട്ടുണ്ട്. അതിനു വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ഐ.ഇ.സി.ഐ ചെയർമാൻ എം.കെ മുഹമ്മദലിയുമായി ഹയർ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ അഡ്വ. മുബഷിർ മോരങ്ങാട്ട് സംസാരിക്കുന്നു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സവിശേഷമായ ഒരു സംവിധാനമാണല്ലോ ഇസ്ലാമിയാ കോളേജുകൾ. മത-ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ച വിപ്ലവകരമായ ചുവടുവയ്പായിരുന്നു അത്. അന്നു വരെ പരിചയിച്ച രീതികളിൽനിന്ന് ഇസ്ലാമിയാ കോളേജുകളിലേയ്ക്കുള്ള ഈ മാറ്റത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇസ്ലാം എന്ന ജീവിത വ്യവസ്ഥയെ അതിന്റെ പൂർണതയോടെയും സമഗ്രതയോടെയും അവതരിപ്പിക്കുക എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങൾ നിർവഹിച്ചുവരുന്ന ദൗത്യം. ഇസ്ലാമിനെ സംബന്ധിച്ച ഈ അടിസ്ഥാന സങ്കൽപം തലമുറകളിലേയ്ക്ക് പകർന്നുനൽകാൻ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്. കൊളോണിയലിസം സൃഷ്ടിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സ്വാധീനങ്ങളാൽ മതവിദ്യാഭ്യാസ രംഗം ഒട്ടും ജീവിതഗന്ധിയല്ലാതായിത്തീർന്ന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അറിവുകൾ നിലനിർത്തുന്നതിലും മുസ്ലിം സംസ്കാരത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിലും വലിയ പങ്കാണ് പരമ്പരാഗത പള്ളിദർസുകൾ നിർവഹിച്ചു വന്നിട്ടുള്ളത്. പക്ഷേ, പുതിയ കാലത്തോട് സംവദിക്കാനുള്ള ഭാഷ അവിടങ്ങളിൽനിന്ന് പുറത്തുവരുന്ന പണ്ഡിതന്മാർക്ക് ആർജിക്കാൻ കഴിഞ്ഞിരുന്നില്ല. മറുവശത്താകട്ടെ, യൂനിവേഴ്സിറ്റി / കോളേജ് വിദ്യാഭ്യാസം നേടുന്നവർ പൂർണമായും ദീനിൽനിന്ന് അകന്നു പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ ധൈര്യപൂർവം അഭിമുഖീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ദീനീ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ് മത-ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിയാ കോളേജുകൾ എന്ന സംവിധാനം.
ദീനീ വിഷയങ്ങളിലും ഭാഷകളിലും അവഗാഹം നേടിയ ആത്മവിശ്വാസമുള്ള തലമുറകളെ അതു വഴി സൃഷ്ടിക്കാനായി. തുടക്കത്തിൽ വൈജ്ഞാനിക പ്രവർത്തനം എന്ന ഏക ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യൂനിവേഴ്സിറ്റി ബിരുദങ്ങളില്ലാതെയായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. പിന്നീട് തൊഴിൽ സമ്പാദനവും കോളേജ് / യൂനിവേഴ്സിറ്റി തല വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് എഴുപതുകൾ മുതൽ യൂനിവേഴ്സിറ്റി ഡിഗ്രി കൂടി ദീനീ വിദ്യാഭ്യാസത്തോടൊപ്പം നൽകുന്ന സംവിധാനമായി അത് വളർന്നു. അൽഹംദു ലില്ലാ, ഇന്ന് മുസ്ലിം സമൂഹത്തിൽ എല്ലാവരാലും പിന്തുടരപ്പെടുന്ന ഒരു ബദൽ വിദ്യാഭ്യാസ വ്യവസ്ഥയായി അത് വളർന്നുകഴിഞ്ഞിരിക്കുകയാണ്.
ഇസ്ലാമിനെ അതിന്റെ സമഗ്രതയോടെ സമൂഹ സമക്ഷം സമർപ്പിക്കുന്നതിലും ഇസ്ലാമിനെതിരിൽ ഉയർന്നുവന്ന പ്രത്യയശാസ്ത്രങ്ങളെ തടുക്കുന്നതിലും ഇസ്ലാമിയാ കോളേജുകൾ വലിയ പങ്കുവഹിച്ചു എന്ന് പറയാറുണ്ട്. വിശദീകരിക്കാമോ?
ആചാര ബന്ധിതമായ ഒരു പരമ്പരാഗത മതമല്ല ഇസ്ലാമെന്നും മനുഷ്യ ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും നിയന്ത്രിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ദൈവിക ജീവിത വ്യവസ്ഥ(ദീൻ)യാണ് അതെന്നുമുള്ള ബോധമുൾക്കൊണ്ട്, അത് പ്രബോധനം ചെയ്യുന്ന തലമുറകളെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇസ്ലാമിയാ കോളേജുകളുടെ പ്രധാന സംഭാവന. ഭൗതിക വിദ്യാഭ്യാസം നേടുന്നവർ ഭൗതിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരാവുന്ന സാഹചര്യമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ നിലനിന്നിരുന്നത്. ഭൂഗോളത്തിന്റെ ഏതാണ്ട് മുക്കാൽ ഭാഗം നേർക്കുനേരെയോ അല്ലാതെയോ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിലായിരുന്നു എന്നോർക്കണം. അക്കാലത്ത് ഇസ്ലാമിന്റെ പക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കാൻ മുസ്ലിം സമുദായത്തെ പ്രാപ്തമാക്കിയത് ഇസ്ലാമിയാ കോളേജുകൾ പോലുള്ള സ്ഥാപനങ്ങളാണ്. കമ്യൂണിസം, നാസ്തികത, ഭൗതിക വാദം എന്നിവയ്ക്കും അവയുടെ ചുവടൊപ്പിച്ച് ദീനിനെ പരിഷ്കരിക്കാനെന്ന പേരിൽ തലപൊക്കിയ അൾട്രാ സെക്യുലർ പ്രവണതകൾക്കുമെതിരിൽ മുസ്ലി പടയണി തീർക്കാൻ ഇസ്ലാമിയാ കോളേജുകൾക്കായി. ഇത്തരം ആശയഗതിക്കാരുമായി സംവദിക്കാനാവശ്യമായ ഒരു ഭാഷ ഇസ്ലാമിക പരിസരത്തുനിന്ന് വികസിപ്പിച്ചെടുത്തു എന്നത് ഇസ്ലാമിയാ കോളേജുകളുടെ വലിയൊരു സംഭാവനയാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഭൂമികയിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഇത് ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് എങ്ങനെയാണ് പ്രതിഫലിച്ചത്?
തൊണ്ണൂറുകളുടെ ആദ്യത്തിൽ രാജ്യത്തുണ്ടായ സാമ്പത്തിക ഉദാരവൽക്കരണം സാമ്പത്തിക രംഗത്ത് മാത്രമല്ല മാറ്റങ്ങളുണ്ടാക്കിയത്. സാമൂഹിക മേഖലയുടെ അലകും പിടിയും അത് മാറ്റി എന്നു പറയാം. വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റമുണ്ടായി. സ്വകാര്യ സംരംഭകത്വത്തിന് സാമൂഹിക അംഗീകാരം കിട്ടി എന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് അതുണ്ടാക്കിയ വലിയൊരു മാറ്റം. മുസ്ലിം സമുദായം ഈ അവസരം പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. മതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. ഗൾഫ് പ്രവാസം നൽകിയ ലോക പരിചയവും, ഉദാരവൽക്കരണം തുറന്നിട്ട സാമ്പത്തികാവസരങ്ങളും ഒത്തുചേർന്നപ്പോൾ മതവിദ്യാഭ്യാസം പരമ്പരാഗത പള്ളിദർസുകളിൽനിന്ന് കോളേജുകളിലേയ്ക്കും യൂനിവേഴ്സിറ്റികളിലേയ്ക്കും വളർന്നു. മത-ഭൗതിക സമന്വിത വിദ്യാഭ്യാസം എന്ന, കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി അമ്പത് വർഷം മുമ്പ് പരിചയപ്പെടുത്തിയ ആശയം സംഘടനാ ഭേദമന്യേ എല്ലാവരും ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അത് വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുക്കി.
മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സംവിധാനം 2018-ൽ ഐ.ഇ.സി.ഐ എന്ന പേരിൽ പുനഃ സംവിധാനിച്ചതിന്റെ പശ്ചാത്തലം എന്താണ്? ആ മാറ്റത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെട്ടു എന്നു പറയാൻ കഴിയുമോ?
പ്രസ്ഥാനം നേതൃത്വം നൽകിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മദ്റസാ , ഇസ്ലാമിയാ കോളേജ് വിഭാഗങ്ങളിലാണ് ആരംഭിക്കുന്നത്. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരള എന്ന സംവിധാനത്തിന് കീഴിലായിരുന്നു അത്. അൺ എയ്ഡഡ് സ്കൂളുകൾ ഇല്ലാതിരുന്ന എൺപതുകളുടെ അവസാനം വരെ ഓവർ ഏജ്‌ഡ് കാൻഡിഡേറ്റ്സിന് പരീക്ഷ എഴുതാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി 17-ാം വയസ്സിൽ SSLC എഴുതിക്കുകയും അതോടൊപ്പം ദീനീ പഠനം നൽകുകയുമായിരുന്നു ചെയ്തിരുന്നത്. സ്വതന്ത്രമായ സ്കൂൾ സംവിധാനം ഉണ്ടായിരുന്നില്ല. തൊണ്ണുറുകളോടെ അൺ എയ്ഡഡ് മേഖലയിൽ അംഗീകാരമുള്ള സ്കൂളുകൾ കേരള സ്റ്റേറ്റ് ബോർഡ്/ CBSE എന്നിവയോട് അഫിലിയേറ്റ് ചെയ്ത് ആരംഭിച്ചപ്പോൾ അവയുടെ സംഘാടനത്തിനായി വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ ( VCE) രൂപവത്കരിച്ചു. 2017-ൽ ഖുർആൻ പഠനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഹെവൻസ് പ്രീസ്കൂൾ (HPS) സംവിധാനത്തിന് തുടക്കമായി. ഇങ്ങനെ സ്ഥാപനങ്ങളും സംവിധാനങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അവയുടെ കാര്യക്ഷമമായ നടത്തിപ്പിനായി 2018-ൽ Integrated Education Council India (IECI) എന്ന ഒരൊറ്റ കുടക്കീഴിലേക്ക് നാമവയെ കൊണ്ടുവരുന്നത്. അതിന് കീഴിൽ നാല് അക്കാദമിക് യൂനിറ്റുകളുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന് വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ ( VCE), മദ്റസാ വിദ്യാഭ്യാസത്തിന് കേരളാ മദ്റസാ എജുക്കേഷൻ ബോർഡ് (KMEB ), കോളേജുകൾക്കായി ഹയർ എജുക്കേഷൻ ബോർഡ് (HEB), ഹെവൻസ് പ്രീ സ്കൂൾ എന്നിങ്ങനെ. ഇവയോരോന്നും ഓരോ ഡയറക്ടർമാരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. വളരെ പോസിറ്റീവായ മാറ്റങ്ങളാണ് ഈ പുനഃസംഘാടനം വഴി ഉണ്ടായിരിക്കുന്നത്.
താങ്കളുടെ അഭിപ്രായത്തിൽ ദീനീ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ എന്തൊക്കെയാണ്? ഇവ ദീനീ വിദ്യാഭ്യാസ മേഖലയുടേത് മാത്രമാണെന്ന് കരുതുന്നുണ്ടോ?
ദീനീ വിദ്യാഭ്യാസ മേഖലക്ക് മാത്രമായി എന്തെങ്കിലും പ്രതിസന്ധിയുണ്ടെന്ന് കരുതുന്നില്ല. പുതുകാല കോഴ്സുകളുടെ വൈവിധ്യങ്ങളും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർഥികളുടെ ഒഴുക്കും മറ്റുമൊക്കെ രാജ്യത്തെ മൊത്തം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിച്ചതു പോലെ ഇസ്ലാമിയാ കോളേജുകളെയും ബാധിച്ചിട്ടുണ്ട്. മറ്റു കോഴ്സുകളെപ്പോലെ ഒന്ന് മാറ്റി മറ്റൊന്ന് എന്നു വെക്കാവുന്ന ഉള്ളടക്കമല്ലല്ലോ ഇസ്ലാമിയാ കോളേജുകളുടേത്. അതിനാൽ ഇസ്ലാമിക സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധരായ ഒരു തലമുറയെ വളർത്തിക്കൊണ്ടു വരാൻ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി അവയെ മറി കടക്കാൻ നാം ധൈര്യം കാണിച്ചേ പറ്റൂ. മിടുക്കരായ വിദ്യാർഥികളുടെ ഒന്നാമത്തെ ഓപ്ഷനായി ഈ മേഖല വരുന്നില്ല എന്നതാണ് വലിയൊരു പ്രശ്നം. നിരന്തര പരിശീലനം ലഭിക്കാത്തതിനാൽ പുതിയ കുട്ടികളുടെ പഠനാഭിരുചികളെ വേണ്ടും വിധം തൃപ്തിപ്പെടുത്താൻ കഴിയാത്ത അധ്യാപകർ, വേണ്ടത്ര വികസിക്കാത്ത ഭൗതിക സൗകര്യങ്ങൾ, ആകർഷകമല്ലാത്ത കാമ്പസ് അന്തരീക്ഷം, കായിക സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയൊക്കെ പരിഹരിക്കപ്പെടേണ്ടുന്ന വിഷയങ്ങളാണ്. ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ IECI സഹകരണത്തോടെ സ്ഥാപന മാനേജ്മെന്റുകൾ ആരംഭിച്ചിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ദീനീ പഠനത്തോടൊപ്പം യൂനിവേഴ്സിറ്റി ഡിഗ്രി കൂടി നൽകുന്ന രീതി ഇസ്ലാമിയാ കോളേജുകളിൽ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അത് പിന്നീട് കൊണ്ടുവന്നതാണ്. യൂനിവേഴ്സിറ്റി ഡിഗ്രി കൂടി പഠനത്തിന്റെ ഭാഗമാക്കിയത് ഇസ്ലാമിയാ കോളേജുകളിലെ ദീനീ പഠനത്തിന്റെ ആഴത്തെയും ഉള്ളടക്കത്തെയും നെഗറ്റീവായി ബാധിച്ചിരിക്കുന്നു എന്ന വിമർശമുണ്ട്. പ്രതികരണം?
ഉള്ളടക്കത്തിൽ പുതിയ കാര്യങ്ങൾ വരുമ്പോൾ നേരത്തെ കൊടുത്തിരുന്നവ അതേ രീതിയിൽ കൊടുക്കാൻ കഴിയില്ലല്ലോ. അതേ സമയം യൂനിവേഴ്‌സിറ്റി ഡിഗ്രി കാരണം ദീനീ പഠന നിലവാരം പാടേ തകർന്നു എന്നത് അതിവായനയുമാണ്. മാറിവരുന്ന പഠനാഭിരുചികളെ ഉൾക്കൊണ്ടു കൊണ്ടല്ലാതെ ഒരു വിദ്യാഭ്യാസ സംവിധാനത്തിനും മുന്നോട്ടു പോകാൻ സാധ്യമല്ല. മതവിദ്യാഭ്യാസം നേടിയിരുന്ന ആളുകൾ മതമേഖലകളിൽ മാത്രം ജോലി ചെയ്തിരുന്ന പഴയ കാലത്തു നിന്ന് ഭിന്നമായി വൈവിധ്യമാർന്ന നിരവധി മേഖലകളിലാണ് ദീനീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ എത്തിപ്പെടുന്നത്. ഇസ്ലാമിയാ കോളേജ് വിദ്യാർഥികളുടെ പഠന വൈജ്ഞാനിക കരിയർ സാധ്യതകളുടെ ചക്രവാളം പരമാവധി വികസിതമായിത്തന്നെയാണ് നിൽക്കേണ്ടത്. യൂനിവേഴ്സിറ്റി ബിരുദങ്ങൾ കൂടി പഠനകാലത്ത് ലഭ്യമാക്കുക എന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ വളരെ പ്രധാനവുമാണ്.
വരുന്ന അധ്യയന വർഷം മുതൽ IECI ഹയർ എജുക്കേഷൻ ബോർഡ് ഇസ്ലാമിയാ കോളേജ് വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എടുത്തതായി അറിയുന്നു. എന്തൊക്കെയാണ് അതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ?
ഇസ്ലാമിയാ കോളേജുകളെ ശക്തിപ്പെടുത്താനുള്ള തീവ്ര യത്നത്തിലാണ് കഴിഞ്ഞ ഒരു വർഷമായി IECI ഹയർ എജുക്കേഷൻ ബോർഡ്. Stakeholder emancipation ന്റെ ഭാഗമായി vanguard എന്ന പേരിൽ മാനേജ്മെന്റുകൾക്കും, Zenith എന്ന പേരിൽ പ്രിൻസിപ്പൽമാർക്കും തുടർ പരിശീലന പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. നാം മുന്നിൽ കാണുന്ന ലക്ഷ്യങ്ങളിലേയ്ക്ക് കുട്ടികളെ സജ്ജരാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി Rahbar എന്ന പേരിൽ ആൾ കേരളാ ഇസ്ലാമിയാ കോളേജ് ടീച്ചേഴ്സ് കോൺഫറൻസ് മാർച്ച് ആദ്യവാരം കോഴിക്കോട്ട് നടത്തി. അടുത്ത അധ്യയന വർഷം അധ്യാപകർക്കായി വ്യത്യസ്ത സെഗ്മെന്റുകളിലെ പരിശീലന പരിപാടികൾ, വിദ്യാർഥികൾക്കായി ഫ്യൂച്ചർ ലീഡർഷിപ്പ് പ്രോഗ്രാം എന്നിവ തയാറാക്കിയിട്ടുണ്ട്. ഇതിനെല്ലാം മുന്നോടിയായി സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിദ്യാർഥി സൗഹൃദ കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ട മാർഗനിർദേശങ്ങളും IECI നൽകിക്കൊണ്ടിരിക്കുന്നു.
ഇസ്ലാമിയാ കോളേജുകൾക്കായി അഞ്ച് വർഷത്തെ കരിക്കുലം പുതിയതായി നടപ്പാക്കി വരികയാണല്ലോ. അതിനെ എങ്ങനെ വിലയിരുത്തുന്നു?
ഡോ. ആർ യൂസുഫ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വർഷ കോഴ്സിന്റെ കരിക്കുലം നിർമാണം നാം നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. ആ കരിക്കുലം പ്രകാരം പ്രവേശനം നേടിയ കുട്ടികൾ ഈ വർഷം മൂന്നാം വർഷത്തിലേയ്ക്ക് കടക്കും. പുതിയ കരിക്കുലത്തിന്റെ ഭാഗമായ ടെക്സ്റ്റ് ബുക്കുകളുടെ നിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്. കോഴ്സിന്റെയും വ്യത്യസ്ത വിഷയങ്ങളുടെയും പഠന ലക്ഷ്യങ്ങളെ കൃത്യപ്പെടുത്തി തയാറാക്കിയ കരിക്കുലം പുതിയ കാലത്തെ ദീനീ വിദ്യാഭ്യാസ ആവശ്യങ്ങളെ മുൻനിർത്തി തയാറാക്കിയതാണ് എന്നതിനാൽ നല്ല സ്വീകാര്യതയാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറബി ഭാഷാ പഠനത്തിൽ കമ്യൂണിക്കേഷന് കൂടി പ്രാധാന്യം നൽകുന്നതിനാൽ തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ ഡിജിറ്റൽ മെറ്റീരിയൽ പുസ്തകങ്ങളോടൊപ്പം നൽകുന്നുണ്ട്. അറബി മീഡിയത്തിന് പ്രാധാന്യം കൊടുക്കുന്ന ആറു വർഷ കോഴ്സിന്റെ കരിക്കുലം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക വിഷയങ്ങളോടൊപ്പം യൂനിവേഴ്സിറ്റി വിഷയങ്ങളും പഠിക്കുന്നത് കുട്ടികൾക്ക് പഠനഭാരം സൃഷ്ടിക്കുന്നുണ്ടോ?
ഒറ്റ നോട്ടത്തിൽ ശരിയാണെന്ന് തോന്നാൻ സാധ്യതയുള്ള ഒരു നിരീക്ഷണമാണിത്. പക്ഷേ, സാധാരണ ഒരു ആർട്സ് & സയൻസ് കോളജിനെക്കാൾ പഠന പ്രവർത്തനങ്ങൾ ഗൗരവതരമായി നടക്കുന്ന ഇസ്ലാമിയാ കോളേജ് അന്തരീക്ഷത്തിൽ ദീനീ പഠനത്തിന് വിഘാതമാവാതെ തന്നെ യൂനിവേഴ്സിറ്റി പഠനവും നടത്താൻ കഴിയുന്നു എന്നതാണ് അനുഭവം. സാധാരണ കാമ്പസുകളിൽ കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന പലതും ഇസ്ലാമിയാ കോളേജ് അന്തരീക്ഷത്തിൽ ഉണ്ടാവുകയില്ലല്ലോ.
സമാന്തര വിദ്യാഭ്യാസം മുഴുവൻ ഓപ്പൺ യൂനിവേഴ്സിറ്റിക്ക് കീഴിലാക്കിയത് ഇസ്ലാമിയാ കോളേജുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?
സമാന്തര വിദ്യാഭ്യാസം ഓപ്പൺ യൂനിവേഴ്സിറ്റികൾക്ക് കീഴിലാക്കുക എന്നത് കേന്ദ്ര ഗവൺമെന്റ് പോളിസിയാണ്. ഗുണമേൻമയാർന്ന ഓപൺ ആന്റ് ഡിസ്റ്റൻസ് ലേണിംഗ് (ODL) വഴി ഉദ്ദേശിക്കപ്പെടുന്ന Gross Enrollment Ratio (GER) നേടുമെന്നാണ് NEP 2020 പറഞ്ഞിരിക്കുന്നത്. അതിനാൽ ഇത് ഇസ്ലാമിയാ കോളേജ് വിദ്യാർഥികളെ മാത്രമായി ബാധിക്കുന്ന പ്രശ്നമല്ല; രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണ്. ഈ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും ചില ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. തുടർപഠനത്തിനോ ജോലികൾക്കോ ഓപൺ -റഗുലർ വിദ്യാർഥികൾക്കിടയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്ന കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാനാണ് നാം തീരുമാനിച്ചിരിക്കുന്നത്.
പഠന തൽപരരായ കുട്ടികൾ ഇസ്ലാമിയാ കോളേജുകളിലേയ്ക്ക് ആകർഷിക്കപ്പെടുന്നില്ല എന്ന നിരീക്ഷണത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?
അതിൽ ഒരൽപം വസ്തുതയുണ്ട് എന്നത് കാണാതിരുന്നു കൂടാ. ദീനീ പഠന മേഖലയുമായി ബന്ധപ്പെട്ട് സമൂഹം പുലർത്തുന്ന സമീപനം ഒരു പ്രശ്നമാണ്. കോഴ്സുകളിലെ വൈവിധ്യ രാഹിത്യമാണ് മറ്റൊരു പ്രശ്നം. ഇസ്ലാമിയാ കോളേജുകളിൽ ഹ്യുമാനിറ്റീസ് കോഴ്സുകൾ മാത്രമായിരുന്നേടത്ത് ഇപ്പോൾ കൊമേഴ്സ് കൂടിയുണ്ട്. ഈ മാറ്റമുണ്ടായ സമയത്ത് കൊമേഴ്സിനൊപ്പം എങ്ങനെ ഇസ്ലാമിക്സ് പഠിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അതിനെ മറികടക്കാൻ നമുക്കായി. പ്ലസ് ടു സയൻസ്, ഇസ്ലാമിക വിഷയങ്ങൾക്കൊപ്പം നൽകുന്ന രീതി പല സ്ഥാപനങ്ങളും ഇപ്പോൾ വിജയകരമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. അത് നല്ല ഫലം ഉണ്ടാക്കുന്നുമുണ്ട്. തൊഴിലധിഷ്ഠിതമായ നിരവധി ന്യൂ ജെൻ കോഴ്സുകളുടെ തള്ളിക്കയറ്റത്തിനിടയിൽ, ഈ കോഴ്സ് കഴിഞ്ഞാൽ ജോലിയെന്ത് എന്ന് കുട്ടികൾ ചോദിക്കും. വിജ്ഞാന സമ്പാദനം എന്ന ഏക ലക്ഷ്യം പറഞ്ഞ് കുട്ടികളെ തൃപ്തിപ്പെടുത്താനാവില്ല. അതിനാൽ, വിജ്ഞാന സമ്പാദനത്തോടൊപ്പം തന്നെ കുട്ടികളുടെ employability skills കൂടി വികസിപ്പിക്കണമെന്ന് HEB ഉദ്ദേശിക്കുന്നു. അതിനായി ഇസ്ലാമിയാ കോളേജുകളിൽ ഈ വർഷം മുതൽ കരിയർ ഡവലപ്മെന്റ് ആന്റ് പ്ലേസ്മെന്റ് സെല്ലുകൾ ആരംഭിക്കാനും അവയ്ക്ക് കീഴിൽ orientation, upskilling പ്രോഗ്രാമുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അധ്യാപന രീതികളും സമീപനങ്ങളും കാലാനുസൃതമായി മാറാത്ത ഇടങ്ങളാണ് ദീനീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന തോന്നൽ ശക്തമാണ്. കുട്ടികളുടെ മാറിക്കൊണ്ടിരിക്കുന്ന പഠനാഭിരുചികളെ അഭിമുഖീകരിക്കാൻ കഴിവുള്ളവരാണോ ഇപ്പോഴത്തെ അധ്യാപകർ?
വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമൊന്നും ആവശ്യമില്ലാത്ത ഒറ്റപ്പെട്ട തുരുത്താണ് ദീനീ വിദ്യാഭ്യാസ മേഖല എന്ന തോന്നൽ ചിലർക്കെങ്കിലുമുണ്ട്. പാരമ്പര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും പേരിൽ തങ്ങളുടെ ജീവിതാനുഭവങ്ങളെ വിദ്യാർഥികളുടെ ജീവിതത്തിൽ അപ്പടി പകർത്തിക്കാൻ ശ്രമിക്കുന്നു എന്നത് പലപ്പോഴും അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അബദ്ധമാണ്. ഇതിനെ നിരന്തര പരിശീലനങ്ങളിലൂടെ മറികടക്കാനുള്ള ശ്രമങ്ങൾ നാം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പഠന ബോധന രീതികളെയും വിദ്യാർഥികളുടെ അഭിരുചികളെയും മനസ്സിലാക്കി മുന്നോട്ടുപോവാൻ അധ്യാപകർക്ക് ഇതുവഴി സാധ്യമാവും.
സ്ഥാപനങ്ങളിലെ സ്ഥിരാധ്യാപകരുടേതിന് പുറമെ പുറത്തു നിന്നുള്ള മികച്ച പണ്ഡിതരുടെയും അധ്യാപകരുടെയും സേവനം കുട്ടികൾക്ക് ലഭ്യമാക്കാൻ പാകത്തിൽ guest faculty, emeritus professor സ്ക്കീമുകൾ, extra mural lectures എന്നിവ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ പാകത്തിൽ സ്ഥാപനങ്ങളുടെ digital infrastructure മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ആർട്സ് - സ്പോർട്സ് ഇനങ്ങളെ പാഠ്യേതരം എന്ന നിലയിൽ നിന്ന് പഠന പ്രവർത്തനങ്ങളുടെ തന്നെ മുഖ്യധാരയിൽ കൊണ്ടു വരണമെന്നാണല്ലോ ദേശീയ വിദ്യാഭ്യാസ പദ്ധതി പോലുള്ളവ നിഷ്കർഷിക്കുന്നത്. ഇതിനു വേണ്ട എന്തെങ്കിലും പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ടോ?
ദീനീ പഠന മേഖലയെ സംബന്ധിച്ച് നിലനിൽക്കുന്ന പല മുൻവിധികളെയും തകർത്താണ് ഇസ്ലാമിയാ കോളേജുകൾ മുന്നോട്ട് പോയിട്ടുള്ളതെന്ന് നേരത്തെ പറഞ്ഞുവല്ലോ. തുടക്കം മുതൽ തന്നെ, ആൺ - പെൺ ഭേദമന്യേ കുട്ടികളുടെ കലാ - കായിക കഴിവുകളെ വളർത്തിക്കൊണ്ടുവരിക എന്നതാണ് ഇസ്ലാമിയാ കോളേജുകളുടെ രീതി. മജ്ലിസ് കോളേജ് ഫെസ്റ്റ് എന്ന പേരിൽ ഇന്റർ കോളജിയറ്റ് ആർട്സ് ഫെസ്റ്റ് നാം കാലങ്ങളായി നടത്തിവരുന്നുണ്ട്. ഇപ്രാവശ്യത്തെ ഇന്റർ കോളേജ് ഫെസ്റ്റ് 'ശഗുഫ്ത 2023'-ൽ മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ച വെച്ചത്. ഹദഫ് ഇന്റർ കോളജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്, ഗേൾസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം ഈ ഉദ്ദേശ്യാർഥം സംഘടിപ്പിച്ചതാണ്. ഇസ്ലാമിയാ കോളേജുകളിൽ പഠിക്കുന്നു എന്നത് വിദ്യാർഥികളുടെ കലാവിഷ്ക്കാരങ്ങൾക്കും കായിക നൈപുണി പ്രദർശിപ്പിക്കുന്നതിനും തടസ്സമായിക്കൂടാ എന്ന നിർബന്ധ ബുദ്ധി നമുക്കുണ്ട്. ഇസ്ലാമിക സാംസ്കാര പരിസരത്ത് നിന്നുകൊണ്ട് അത് സാധ്യമാണ് എന്ന് നാം തെളിയിച്ചതാണ്. പെൺകുട്ടികളുടെ സ്വതന്ത്രാവിഷ്ക്കാരങ്ങൾ സാധ്യമാകും വിധം ഇസ്ലാമിക മര്യാദകൾക്കകത്ത് നിന്നുകൊണ്ട് നാം സംഘടിപ്പിക്കുന്ന പരിപാടികൾ എടുത്തുപറയേണ്ടതാണ്.
മുഴുവൻ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം മുതൽ ഏതെങ്കിലും ഒരു കായിക ഇനത്തിനുള്ള കോർട്ട് / ഗ്രൗണ്ട് ഉണ്ടായിരിക്കണമെന്ന് സ്ഥാപനങ്ങളോട് നാം നിഷ്കർഷിച്ചിട്ടുണ്ട്.
ഇസ്ലാമിയാ കോളേജുകളിലെ ഉൽപന്നങ്ങൾ സമൂഹത്തിൽ നേതൃപരമായ പങ്കുവഹിച്ചതായി താങ്കൾ പറഞ്ഞു. അത്തരമൊരു ലീഡർഷിപ്പിനെ വളർത്തിയെടുക്കുന്നതിന് സവിശേഷമായ പദ്ധതികൾ എന്തെങ്കിലും തയാറാക്കിയിട്ടുണ്ടോ?
കഴിഞ്ഞ കാലങ്ങളിൽ ഇസ്ലാമിയാ കോളേജുകളിൽനിന്ന് പുറത്തുവന്നവർ എങ്ങനെ സമൂഹത്തിൽ നേതൃപരമായ പങ്ക് നിർവഹിച്ചു എന്ന് നാം നേരിൽ കണ്ടതാണ്. വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തനങ്ങളുടെയൊക്കെ മുൻ നിരയിൽ ഇസ്ലാമിയാ കോളേജുകളിലെ വിദ്യാർഥികൾ എത്തിപ്പെട്ടത് യാദൃച്ഛികമായി സംഭവിച്ചതല്ല. സമൂഹത്തെ നേരായി നയിക്കുന്നവർ ജീവിതത്തിന്റെ എല്ലാ തുറകളിലും ഉണ്ടാവണം എന്ന ഓറിയന്റേഷൻ അവർക്ക് നൽകപ്പെട്ടതുകൊണ്ട് കൂടിയാണ് അതുണ്ടായത്. ലോക നേതൃത്വത്തിലേയ്ക്ക് കുട്ടികളെ തയാറാക്കാൻ നാം ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ അതൊരു അതിമോഹമായി തോന്നാം. പക്ഷേ, ലോകം ഒരു ഗ്രാമമായി മാറിയ ഇക്കാലത്ത് അത് പരിശ്രമവും പ്രാർഥനയും വഴി സാധ്യമാക്കാവുന്ന ഒന്നാണ് എന്നു തന്നെ നാം കരുതുന്നു. നമ്മുടെ മുഴുവൻ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ ലീഡർഷിപ് സ്‌കില്ലുകൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പുതിയ അധ്യയന വർഷം മുതൽ സവിശേഷമായ ഫ്യൂച്ചർ ലീഡർഷിപ്പ് പ്രോഗ്രാം നാം ഉദ്ദേശിക്കുന്നുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ മിടുക്കരായ വിദ്യാർഥി - വിദ്യാർഥിനികളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് ഉദ്ദേശ്യം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളിൽ വലിയൊരു പങ്ക് പെൺകുട്ടികളാണല്ലോ. അവരുടെ വിദ്യാഭ്യാസാവശ്യങ്ങളെ എങ്ങനെയാണ് IECI അഭിമുഖീകരിക്കുന്നത്?
കേരളീയ മുസ്ലിം സമൂഹത്തിൽ വനിതാ വിദ്യാഭ്യാസ രംഗത്തെ ട്രെൻഡ് സെറ്റേഴ്സ് ആണ് ഇസ്ലാമിക പ്രസ്ഥാനം. പ്രാഥമിക ക്ലാസുകൾക്കപ്പുറത്തുള്ള സ്ത്രീകളുടെ വിദ്യാഭ്യാസം അനാവശ്യവും പലപ്പോഴും അപകടകരവുമായി മുസ്ലിം സമുദായം കണ്ടിരുന്ന കാലത്ത് അവർക്കായി കോളേജുകൾ ആരംഭിക്കുകയുണ്ടായി പ്രസ്ഥാനം. സെക്യുലർ കാമ്പസുകൾ ഉണ്ടാക്കുന്ന മത വിരുദ്ധ പ്രവണതകളെ ഭയപ്പെട്ട സമുദായം അതിന് പ്രതിരോധം തീർക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടായിരുന്നു. എന്നാൽ, ദീനീ അടിത്തറകൾ ശക്തമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസം നൽകുകയാണ് ശരിയായ വഴി എന്ന് തിരിച്ചറിഞ്ഞ് 50 - 60 വർഷങ്ങൾക്ക് മുമ്പേ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മികച്ച നീക്കങ്ങൾ നടത്താൻ നമുക്കായി. നമ്മുടെ സ്ഥാപനങ്ങളിലെ പാഠ്യ - പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനമാണ് പെൺകുട്ടികൾ കാഴ്ചവെക്കുന്നത്. റാങ്കുകളിൽ നല്ലൊരു ഭാഗവും നേടുന്നത് അവരാണ്. മുസ്ലിം സമുദായത്തിൽ ഇന്ന് വനിതാ വിദ്യാഭ്യാസ രംഗത്ത് ചുവടുവെപ്പുകൾ എല്ലാവരും നടത്തുന്നുണ്ട് എന്നത് സന്തോഷകരമാണ്. പക്ഷേ, പാരമ്പര്യമെന്ന പേരിൽ പുരുഷാധിപത്യപരമായ മതാഖ്യാനങ്ങളിൽ കുട്ടികളെ തളച്ചിടാനും സ്ത്രീകളുടെ ദീനീ സാന്നിധ്യത്തെ അദൃശ്യമാക്കി നിർത്താനും സവിശേഷ ശ്രദ്ധ കൊടുക്കുന്നു എന്ന രീതിയിലാണ് പല സിസ്റ്റങ്ങളുടെയും നടത്തിപ്പ്. ഇത് പലപ്പോഴും ലിബറലിസത്തിലേക്ക് കുട്ടികൾ ആകൃഷ്ടരായിത്തീരാൻ കാരണമാവുന്നു. അതേസമയം ദീൻ സ്ത്രീകൾക്ക് നൽകുന്ന പദവിയും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ് ദീനീ നിർവഹണം നടത്താൻ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസം അവർക്ക് നൽകുക എന്നതാണ് ഭൗതിക ലിബറൽ പരിസരങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള യഥാർഥ കവചം എന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മുഴുവൻ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊണ്ട് സന്തോഷകരമായ കാമ്പസ് അനുഭവം പകരാനാണ് നാം ശ്രമിക്കുന്നത്. പെൺകുട്ടികളുടെ സ്വതന്ത്രാവിഷ്കാരങ്ങൾ ഇസ്ലാമിക പരിസരത്ത് നിന്നുകൊണ്ട് നടത്താൻ പാകത്തിലാണ് നമ്മുടെ കലാ - കായിക മത്സരങ്ങൾ പോലും നടത്താറുള്ളത്. l
Comments