ജി.കെ കുഞ്ഞബ്ദുല്ല
വേളം ശാന്തിനഗർ ഹൽഖയിലെ പ്രവർത്തകൻ ജി.കെ കുഞ്ഞബ്ദുല്ല സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ചെറുപ്പകാലം മുതലേ ഇസ്്ലാമിക പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം പ്രദേശത്തെ പ്രസ്ഥാന സംരംഭങ്ങളുടെയും സ്ഥാപനങ്ങളുടെയും രൂപീകരണത്തിലും നടത്തിപ്പിലും നേതൃപരമായ പങ്കാളിത്തം വഹിച്ചു. ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നു. താൻ പ്രതിനിധീകരിക്കുന്ന വേദികളിലും ഇടങ്ങളിലും പ്രസ്ഥാന നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ കണിശത പുലർത്തി. നിലപാടുകൾ പറയുമ്പോൾ ആരുടെയെങ്കിലും അതൃപ്തിയോ നീരസമോ അദ്ദേഹം ഭയപ്പെട്ടിരുന്നില്ല. സങ്കീർണമായ പ്രശ്നങ്ങളിലും വിഷയങ്ങളിലും പ്രാസ്ഥാനിക നിലപാടുകൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് സവിശേഷമായ മിടുക്കുണ്ടായിരുന്നു. അത്തരം കാര്യങ്ങളിൽ പ്രദേശത്തെ ഒരു പോളിസി മേക്കറുടെ പങ്കാണദ്ദേഹം വഹിച്ചിരുന്നത്.
കാര്യക്ഷമതയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷത. വേളം ശാന്തിനഗർ ജുമാ മസ്ജിദ് , അൽ മദ്റസത്തുൽ ഇസ്്ലാമിയ്യ, അത്തൗഹീദ് എജുക്കേഷനൽ ട്രസ്റ്റ് തുടങ്ങി പ്രദേശത്തെ പ്രസ്ഥാന സംരംഭങ്ങളുടെ നടത്തിപ്പിലും വളർച്ചയിലും അദ്ദേഹം മുഖ്യ പങ്കാളിത്തം വഹിച്ചു. മഹല്ല് കമ്മിറ്റി അംഗമായിരുന്നു. നൂറ്റാണ്ട് പഴക്കമുള്ള, പ്രദേശത്തെ പ്രാഥമിക വിദ്യാലയം (MDLP സ്കൂൾ) സമുദ്ധരിക്കാനുള്ള പ്രസ്ഥാന പ്രവർത്തകരുടെ തീരുമാനത്തിനു പിന്നിൽ അദ്ദേഹത്തിന്റെ വലിയ ശ്രമമുണ്ട്. നല്ലൊരു കർഷകൻ കൂടിയായിരുന്നു.
കുടുംബത്തെയും പ്രസ്ഥാന മാർഗത്തിൽ വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു.
ഭാര്യ നഫീസ വേളം ശാന്തി നഗർ വനിതാ ഹൽഖ പ്രവർത്തകയാണ്.
മക്കൾ: നസ് ല, നദീം, നജ്ല.
പി. അബ്ദുൽ അസീസ്
നാല് പതിറ്റാണ്ട് മസ്കത്തിൽ ജീവിച്ച്, ഇസ്ലാമിക സേവന രംഗത്ത് അമൂല്യ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് പി. അബ്ദുൽ അസീസ് പൂമക്കോത്ത്. കോഴിക്കോട് നഗരത്തിനടുത്ത കക്കോടിയിൽ സ്ഥിര താമസമാക്കിയ അബ്ദുൽ അസീസ് നാട്ടിലും വിദേശത്തുമുള്ള ദീനീ പ്രവർത്തന രംഗത്തും ജീവകാരുണ്യ മേഖലയിലും നിറഞ്ഞുനിന്ന വ്യക്തിത്വമാണ്. നിരവധി കുടുംബങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും അദ്ദേഹത്തിന്റെ സാമ്പത്തിക സഹായം പെൻഷനായും ഭക്ഷണ കിറ്റായും മാസാന്ത വരിസംഖ്യയായും തേടിച്ചെന്നു.
അദ്ദേഹത്തിന്റെ ശാന്തപ്രകൃതിയും സൗമ്യഭാവവും ജനങ്ങളെ തന്നിലേക്കും പ്രസ്ഥാനത്തിലേക്കും അടുപ്പിച്ചു. ഒരു ചെറിയ സ്ഥാപനത്തെ, ഒമാനിലുടനീളം പടർന്നുപന്തലിച്ച നിരവധി ശാഖകളുള്ള വ്യാപാരസ്ഥാപനമാക്കി അബ്ദുൽ അസീസ് വികസിപ്പിച്ചു.
ചെറിയ ജോലിയിൽ നിയമിക്കപ്പെട്ട അസീസ്, കഠിനാധ്വാനത്തിലൂടെ വർഷാവസാനം വൻ ലാഭമുണ്ടാക്കി തുക ഒമാനിയായ ഉടമ (അലീ ഹമദ് ഹരീബി )യെ ഏല്പിച്ചപ്പോൾ, അദ്ദേഹത്തിനത് അവിശ്വസനീയമായിരുന്നു. അവിടന്നങ്ങോട്ട് ആ ഒമാനിക്ക് അബ്ദുൽ അസീസായിരുന്നു എല്ലാം.
അൽ ഹരീബ് ബിൽഡിംഗ് മെറ്റീരിയൽസ് സ്ഥാപനം, വികസനത്തിന്റെ ഘട്ടത്തിൽ മർഹൂം ഷാജഹാൻ (വർക്കല) സാഹിബിന്റെ പങ്കാളിത്തത്തോടെ പുതിയ മേഖലകൾ കീഴടക്കി. സത്യസന്ധതയും അമാനത്തും മൂലധനമാക്കിയായിരുന്നു ഇരുവരും സ്ഥാപനങ്ങളെ നയിച്ചത്. തങ്ങളുടെ വ്യാപാര സ്ഥാപനത്തിന്ന് ഓരോ പ്രദേശത്തും പുതിയ ശാഖകൾ ഉടലെടുത്തപ്പോൾ, അവിടെയൊക്കെ പ്രസ്ഥാനത്തിനും ശാഖകൾ ഉണ്ടായി. ബിസിനസും പ്രബോധനപ്രവർത്തനവും രണ്ടായി കാണാതിരുന്ന വ്യക്തിത്വങ്ങൾ കടിഞ്ഞാൺ പിടിച്ചപ്പോൾ ഉണ്ടായ വൻ നേട്ടങ്ങളായി അതിനെ കാണണം.
ഷാജഹാൻ നേരത്തെ ഈ ലോകത്തോട് വിടപറഞ്ഞു. ഈയിടെ മരണമടഞ്ഞ അസീസ്, രോഗ ബാധയെ തുടർന്ന് തന്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് കമ്പനിയും അതിന്റെ സകല ആസ്തികളും സമ്പത്തും കമ്പനി ഉടമയെ തിരിച്ചേൽപിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. അവസാന നാളുകളിൽ താൻ പടുത്തുയർത്തി വലുതാക്കി പാർട്ണർ ആയി വർത്തിച്ച സ്ഥാപനത്തിൽ, ജീവനക്കാരനായി തുടർന്നാൽ മതിയെന്ന അസീസിന്റെ അഭിലാഷത്തിന് മുന്നിൽ മറുത്തൊന്നും പറയാൻ ഉടമക്കാകുമായിരുന്നില്ല. മനമില്ലാ മനസ്സോടെ അസീസിന്റെ നിർദേശം അദ്ദേഹത്തിന് അംഗീകരിച്ചു കൊടുക്കേണ്ടിവന്നു. അബ്ദുൽ അസീസിന്റെ മക്കളും അതേ കമ്പനിയിലെ ജീവനക്കാരായി തുടരാനാണ് ഇഷ്ടപ്പെട്ടത്.
മസ്കത്തിൽ ജീവിച്ച കാലയളവിൽ പ്രസ്ഥാനത്തിന്റെ നാസിം, സെക്രട്ടറി ചുമതലകൾ വഹിച്ചു. കുട്ടികളെപ്പോലെ നിഷ്കളങ്കമായി പെരുമാറിയിരുന്ന അസീസ് മസ്കത്തിലെ കുട്ടികളുടെയെല്ലാം ഇഷ്ട തോഴനായിരുന്നു. മലർവാടി മക്കളോടൊപ്പം ആടിയും പാടിയും കഥ പറഞ്ഞും പാട്ട് പാടിയും ജീവിച്ച അബ്ദുൽ അസീസ്, പ്രസ്ഥാനത്തിന് സാമ്പത്തിക ആവശ്യങ്ങൾ വന്നപ്പോഴെല്ലാം ഉദാരമായി പിന്തുണച്ചു. പ്രസ്ഥാന നേതാക്കളുടെയും സ്ഥാപന പ്രതിനിധികളുടെയും സന്ദർശന വേളകളിൽ അവരോടൊപ്പം ചേർന്ന് അവർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു.
വേങ്ങേരിയിലെ മദ്റസയിലും സ്്കൂളിലും പഠിച്ച അസീസിന്റെ ഉപരിപഠനം ശാന്തപുരം ഇസ്ലാമിയാ കോളേജിലായിരുന്നു.
തുടർന്ന് കുറ്റ്യാടി കോളേജിൽ സേവനം ചെയ്തു. നാട്ടിൽ വ്യാപാര മേഖലയിലേക്ക് കടന്നുവെങ്കിലും അസീസിന്റെ തുടർ ജീവിതം മസ്കത്തിലായിരുന്നു. എന്റെ പിതൃസഹോദരിയുടെ മകൾ സഫിയയാണ് ഭാര്യ. മക്കൾ: ദാനിശ്, തസ്നീം, ശമീർ, ജലീസ്. തന്റെ അതേവഴിയിൽ സഞ്ചരിക്കുന്ന മക്കളെയും കുടുംബത്തെയും വിട്ട്, നിറഞ്ഞ മനസ്സോടെയാണ് അസീസിന്റെ അന്ത്യ യാത്ര.
പി.കെ ജമാൽ
പരേതരെ അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും
സ്വര്‍ഗത്തില്‍ ഉന്നത സ്ഥാനവും നല്‍കി
അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
Comments