Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

അന്തിമ ലക്ഷ്യം പരലോക വിജയമാണ്

ജി.കെ എടത്തനാട്ടുകര

ഒരു യഥാർഥ വിശ്വാസി പരലോകത്തെ കണ്ടുകൊണ്ടാണ് ഇഹലോകത്ത് ജീവിക്കുക. ജീവിതത്തിന്റെ അന്തിമ ലക്ഷ്യം പരലോക വിജയമായിരിക്കും. എന്നാൽ, മനുഷ്യൻ പൊതുവിൽ ഐഹിക ജീവിതത്തിനാണ് പ്രാമുഖ്യം നൽകുക. കാരണം, മോഹങ്ങളാണ് മനുഷ്യനെ ജീവിപ്പിക്കുന്നത്. സ്വാഭാവികമായും മനുഷ്യൻ മോഹങ്ങളുടെ പിറകെ പോകും.

വിശുദ്ധ ഖുർആൻ എൺപത്തിയേഴാം അധ്യായം പതിനാറ്, പതിനേഴ് വാക്യങ്ങളിലൂടെ ഈ നിലപാട് തിരുത്താൻ മനുഷ്യരെ ഓർമപ്പെടുത്തുന്നതിങ്ങനെയാണ്:

"നിങ്ങൾ ഐഹിക ജീവിതത്തിനാണ് പ്രാമുഖ്യം കല്പിക്കുന്നത്. എന്നാൽ, ഉത്തമമായിട്ടുള്ളതും ശാശ്വതമായതും പരലോക ജീവിതമാണ്."

ഈ യാഥാർഥ്യം മറന്നുപോകുമ്പോഴാണ് ഐഹിക മോഹങ്ങൾ വെട്ടിപ്പിടിക്കാനുള്ള 'സമര കോലാഹല'മായി ജീവിതം മാറുന്നത്. അങ്ങനെ വരുമ്പോൾ, ജീവിക്കാനെന്ന പേരിലുള്ള നെട്ടോട്ടത്തിനിടയിൽ ജീവിക്കാൻ മറന്നുപോകും മനുഷ്യൻ. മോഹങ്ങൾ വെട്ടിപ്പിടിക്കാനുള്ള വിഭ്രാന്തിയിൽ ജീവിതം താങ്ങാനാവാത്ത ഭാരമായി അനുഭവപ്പെടും.

'കടലിലെ ഓളങ്ങൾക്കും കരളിലെ മോഹങ്ങൾക്കും ഒടുക്കമില്ല' എന്ന് പറയാറുണ്ട്. മോഹങ്ങൾ വെട്ടിപ്പിടിക്കാനുള്ള ആർത്തിയാണ് അത്യാഗ്രഹമായി മാറുന്നത്. 'മനുഷ്യന് വാർധക്യം ബാധിക്കും. എന്നാൽ അത്യാഗ്രഹം എപ്പോഴും യൗവന ദശയിലായിരിക്കു'മെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. മോഹങ്ങളുടെ സാഫല്യം ജീവിത ലക്ഷ്യമാകുമ്പോഴാണ് മനുഷ്യൻ 'ആർത്തി പണ്ടാര'ങ്ങളായി മാറുന്നത്. മോഹങ്ങൾ ഒന്നിനു പിറകെ മറ്റൊന്നായി വന്നുകൊണ്ട് അതിന്റെ യൗവനം നിലനിർത്തും. ഒന്നിലും തൃപ്തിവരാതെ മനുഷ്യൻ വിഭ്രാന്തിയിലകപ്പെടും. സമ്പന്നതയിലും മനുഷ്യൻ ദരിദ്രനായി മാറും. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവരെപ്പോലെയായി മാറുന്ന ഈ ദുരന്തത്തിന്റെ പേരാണ് 'ഭൗതികത'.

എന്നാൽ, ദാരിദ്ര്യത്തിലും സമ്പന്നത അനുഭവിക്കുന്നവനാണ് യഥാർഥ വിശ്വാസി. കാരണം, ഒരു വിശ്വാസിയുടെ ജീവിത ലക്ഷ്യം ഭൗതിക മോഹങ്ങളുടെ സാക്ഷാത്കാരമല്ല; ദൈവപ്രീതിയുടെ ആനന്ദമാണ്. അതുകൊണ്ടുതന്നെ, ഉണ്ടെങ്കിലും ഇല്ലെങ്കിലും ഉള്ളതെന്തോ അതിൽ തൃപ്തിപ്പെട്ട്, സാധ്യതക്കനുസരിച്ച് ബാധ്യതകൾ നിർവഹിച്ച് പുണ്യം നേടാനാണ് ഒരു വിശ്വാസി ശ്രമിക്കുക. ഈ മനോഭാവത്തിന്റെ പേരാണ് 'ആത്മീയത'.  വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം നൂറ്റിമുപ്പത്തിനാലാം വാക്യം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്: "ധന്യതയിലും ദാരിദ്ര്യത്തിലും ധനം ചെലവഴിക്കുന്നവരും കോപം കടിച്ചിറക്കുന്നവരുമാണവര്‍; ജനങ്ങളോട് വിട്ടുവീഴ്ച കാണിക്കുന്നവരും. സല്‍സ്വഭാവികളെ ദൈവം ഇഷ്ടപ്പെടുന്നു."

ഇഹലോകത്ത് ദാരിദ്ര്യം അനുഭവിക്കുമ്പോഴും ദാനധർമങ്ങൾ ചെയ്യാൻ ഒരാളെ പ്രേരിപ്പിക്കുന്നത് പരലോക വിചാരം നൽകുന്ന സമ്പന്നതയാണ്. ദൈവപ്രീതി എന്ന ബോധം ഒരു താങ്ങായി ഹൃദയത്തിൽ തണൽ വിരിക്കുമ്പോഴാണ് ഒരാൾക്കിതിന് സാധ്യമാകുന്നത്. ആത്മീയത ഏതൊരു സാഹചര്യത്തിലും ഒരാളെ സമ്പന്നമാക്കുന്നതിന്റെ ഈ രഹസ്യം ഭൗതികയുക്തികൊണ്ട് മനസ്സിലാവുകയില്ല.
നാലാം ഖലീഫ അലിയോട് ഒരാൾ ചോദിച്ചു: 'ആത്മീയ വാദിയും ഭൗതികവാദിയും തമ്മിലുള്ള വ്യത്യാസം എന്താണ്?'

അലിയുടെ മറുപടി : 'താങ്കളെ കാണാനായി രണ്ടാളുകൾ വരുന്നു. ആദ്യം വന്നയാൾ താങ്കൾക്കൊരു പാരിതോഷികം കൊണ്ടുവന്നിട്ടുണ്ട്. രണ്ടാമത്തെയാൾ താങ്കളോടൊരു സഹായം തേടിയാണ് വന്നത്.
ആദ്യം വന്നയാൾ നിങ്ങൾക്ക് കൂടുതൽ സന്തോഷം തരുന്നുവെങ്കിൽ നിങ്ങൾ ഭൗതികവാദിയാണ്.' ഭൗതികത 'എന്ത് കിട്ടും' എന്ന് മാത്രം ചിന്തിക്കാനാണ് മനുഷ്യനെ പ്രേരിപ്പിക്കുക. ആത്മീയതയാകട്ടെ 'എന്ത് കൊടുക്കാം' എന്ന് ചിന്തിക്കാനാണ് പ്രേരിപ്പിക്കുക.  

ഐഹിക ജീവിതത്തെ മാത്രം നോക്കിക്കാണുന്ന ഭൗതിക ജീവിതവീക്ഷണം മനുഷ്യരെ 'ഭാരം ചുമക്കുന്ന കഴുതകളാ'ക്കുകയാണ് ഫലത്തിൽ. പ്രവാചകന്മാർ പഠിപ്പിച്ച ആത്മീയ ജീവിതവീക്ഷണമാകട്ടെ, മനുഷ്യന് വിഹായസ്സിലേക്ക് പറന്നുയരാനുള്ള ചിറകേകി, ഭൗതികാടിമത്തത്തിൽനിന്ന് സ്വതന്ത്രനാക്കുകയാണ് ചെയ്യുക. ഇതിനർഥം, ഐഹിക ജീവിതത്തെ അവഗണിക്കണമെന്നല്ല.

'ഒരിക്കലും മരിക്കുകയില്ല എന്ന ബോധത്തോടെ ഇഹലോകത്തിനു വേണ്ടി പണിയെടുക്കുക. നാളെത്തന്നെ മരിക്കും എന്ന ബോധത്തോടെ പരലോകത്തിനു വേണ്ടിയും പണിയെടുക്കുക' എന്നാണ് പ്രവാചക പാഠം. ഇഹലോകം കൃഷിയിടം പോലെയാണ്. പരലോകം വിളവെടുപ്പ് സ്ഥലവും. ഇഹലോകത്ത് നന്മയുടെ വിത്തിറക്കി പരലോകത്ത് അതിന്റെ വിളവ് കൊയ്യുക എന്ന ലളിത സമവാക്യമാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്.    

ആത്മീയതയും ഭൗതികതയും പരസ്പര പൂരകമാണ്. ഭൗതിക ജീവിതത്തെ സംസ്കരിക്കുന്നതിനുള്ള ധാർമിക നിയമങ്ങളാണ് ആത്മീയത. അതാണ് പ്രവാചകന്മാർ സ്വയം മാതൃകകളായി ജനത്തെ പഠിപ്പിച്ചത്. അതനുസരിച്ച്, പരലോകം ലക്ഷ്യം വെച്ച് ഇഹലോകം ചിട്ടപ്പെടുത്തുമ്പോഴാണ് ഏത് സാഹചര്യത്തിലും പിടിച്ചുനിൽക്കാനും തന്റെ ധർമം തെറ്റാതെ നിർവഹിക്കാനും മനുഷ്യന് കഴിയുക.
'മക്കയിലേക്കുള്ള പാത' എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവായ ലിയോ പോൾഡ് വെയ്സ് എന്ന മുഹമ്മദ് അസദ്, തന്റെ ഹൃദയത്തെ മാറ്റിമറിക്കാൻ വിശുദ്ധ ഖുർആൻ നിമിത്തമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ബർലിനിൽ ഒരു ട്രെയിൻ യാത്രക്കിടയിലാണ്  സംഭവം. ഭാര്യ എൽസയും കൂടെയുണ്ട്. സഹയാത്രികരുടെ അസംതൃപ്ത മുഖങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. യാത്രക്കാരെക്കുറിച്ച് അദ്ദേഹം പറയുന്നു:

"നല്ല ആഹാരം കഴിക്കുന്നവരും മോടിയോടെ വസ്ത്രം ധരിച്ചവരും ആയിരുന്നു അവരെല്ലാവരും. എന്നാൽ, എല്ലാവരുടെയും മുഖത്ത് ഒളിപ്പിച്ചുവെച്ച കഠിന വേദനയുടെ അടയാളങ്ങൾ കണ്ടെത്താൻ എനിക്ക് കഴിഞ്ഞു. ആ മുഖങ്ങളുടെ ഉടമസ്ഥർക്ക് പോലും തീരെ അറിയാൻ പറ്റാത്ത വിധം ഒളിച്ചുവെക്കപ്പെട്ട വേദന..."

പിന്നീടദ്ദേഹം പറയുന്നത്:
"ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ നേരത്തെ വായിച്ചുകൊണ്ടിരുന്ന ഖുർആൻ മേശപ്പുറത്ത് തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടു. അതൊന്നു മാറ്റിവയ്ക്കാനായി ഞാൻ ആ പുസ്തകം കൈയിലെടുത്തു. എന്നാൽ അത് അടയ്ക്കാൻ തുടങ്ങുമ്പോൾ തുറന്ന താളിൽ എന്റെ ദൃഷ്ടി പതിഞ്ഞു, ഞാൻ അത് വായിച്ചു:

"ദുര നിങ്ങളുടെ ശ്രദ്ധ തിരിച്ചിരിക്കുന്നു, നിങ്ങൾ (നിങ്ങളുടെ) ഖബറിടങ്ങൾ സന്ദർശിക്കുന്നത് വരെ.
അല്ല, നിങ്ങൾ അറിയുക തന്നെ ചെയ്യും.

ഇനിയും കേൾക്കൂ, എന്തായാലും നിങ്ങൾ അറിയുക തന്നെ ചെയ്യും. അതല്ലെങ്കിൽ, തികഞ്ഞ ബോധ്യത്തോടെ നിങ്ങൾ അത് അറിഞ്ഞിരുന്നെങ്കിൽ. നിങ്ങൾ നരകം കണ്ടെത്തും. പിന്നെയും, തെളിഞ്ഞ കാഴ്ചയോടെ നിങ്ങൾ അതിനെ കണ്ടെത്തും. അന്നാകട്ടെ, നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ പറ്റി നിങ്ങൾ ചോദിക്കപ്പെടുകയും ചെയ്യും."

ആ യാത്രക്കാരുടെ അസംതൃപ്തിയുടെ കാരണവും പരിഹാരവും ഈ ഖുർആൻ വാക്യങ്ങളിൽ അദ്ദേഹം കണ്ടെത്തുന്നുണ്ട്. ദൈവത്തെ അറിയുകയും ദൈവപ്രീതി മുഖ്യ മോഹമാവുകയും ചെയ്യുമ്പോഴാണ് മനുഷ്യ മനസ്സുകൾ സമാധാനമടയുക. പ്രയാസങ്ങൾ തരണം ചെയ്യാൻ അത് കരുത്തായി മാറും. താൻ തനിച്ചല്ല, തനിക്കൊരു നാഥനുണ്ടെന്ന ബോധം അനാഥത്വത്തിൽനിന്നാണ് മുക്തി നൽകുന്നത്.  'ദൈവത്തെ സംബന്ധിച്ച രഹസ്യം അറിഞ്ഞവന് പ്രയാസങ്ങൾ നിസ്സാരമാകും' എന്ന പ്രവാചക വചനം ഇമാം റാസി തന്റെ വിഖ്യാത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്സീറുൽ കബീറിൽ ഉദ്ധരിക്കുന്നുണ്ട്.
ദൈവം കാരുണ്യവാനും കരുണാനിധിയും മാത്രമല്ല; പ്രതിഫലദിനത്തിന്റെ ഉടമസ്ഥൻ കൂടിയാണ്. അതിനാൽ, വിധി ദിനത്തിൽ ദൈവത്തിന്റെ കാരുണ്യവും കാഠിന്യവും മനുഷ്യൻ നേരിൽ അറിയും. നന്മയിൽ മുന്നേറിയവർക്ക് ദൈവത്തിന്റെ കാരുണ്യം അനുഭവിക്കാം. തിന്മയിൽ മുന്നേറിയവർക്ക് ദൈവത്തിന്റെ കാഠിന്യം അനുഭവിക്കേണ്ടി വരും.

മനുഷ്യന്റെ മോഹങ്ങളിൽ നല്ലതും ചീത്തയുമുണ്ട്. നല്ല മോഹങ്ങൾ നന്മയിലേക്കും ചീത്ത മോഹങ്ങൾ തിന്മയിലേക്കുമാണ് നയിക്കുക. പരലോക മോക്ഷം മുഖ്യ മോഹമാകുന്നതോടെ തിന്മയിലേക്ക് നയിക്കുന്ന ചീത്ത മോഹങ്ങളെ വിശ്വാസി കൈയൊഴിയുന്നു. നന്മയിലേക്ക് നയിക്കുന്ന നല്ല മോഹങ്ങളെ പിൻപറ്റുന്നു. സൽക്കർമങ്ങളിലൂടെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുന്നു. കർമങ്ങൾക്ക് വില നിശ്ചയിക്കുന്ന ഒരു അദൃശ്യ മേൽനോട്ടമുണ്ടെന്ന ബോധം രഹസ്യ ജീവിതത്തെയും പരസ്യ ജീവിതത്തെയും സംസ്കരിക്കുന്നു. മനുഷ്യനെ അവന്റെ പരസ്യ ജീവിതത്തിലും രഹസ്യ ജീവിതത്തിലും നന്മയിലേക്ക് നയിക്കുന്ന ഈ യാഥാർഥ്യബോധമാണ് സന്മാർഗത്തിന്റെ അടിസ്ഥാനം.

മാത്രമല്ല, ഇഹലോകത്തു തന്നെ ദൈവകാരുണ്യത്തോടൊപ്പം ദൈവ കാഠിന്യവും അനുഭവിക്കേണ്ടി വരും. ജീവിത വിഭവങ്ങൾ ദൈവകാരുണ്യത്തിന്റെ ഭാഗമാവുമ്പോൾ, പരീക്ഷണങ്ങൾ ദൈവ കാഠിന്യത്തിന്റെ ഭാഗമാണ്. കാരുണ്യത്തോട് നന്ദിയും കാഠിന്യത്തോട് സഹനവുമാണ് നിർദേശിക്കപ്പെട്ടിരിക്കുന്നത്. രണ്ടും ഒരു വിശ്വാസിക്ക് പ്രതിഫലാർഹമാണ്.

പരീക്ഷണങ്ങളാണ് മനുഷ്യന്റെ ത്യാഗസന്നദ്ധതയെ ജ്വലിപ്പിക്കുന്നത്. ഏറ്റവും അധികം പരീക്ഷിക്കപ്പെട്ടവർ പ്രവാചകന്മാരായിരുന്നു. ഒരു കാര്യത്തിലെ ത്യാഗത്തിന്റെ തോതാണ് അതിലെ പുണ്യത്തിന്റെ വില നിശ്ചയിക്കുന്നത്. ജീവത്യാഗമാണ് അതിൽ ഏറ്റവും ഉയർന്നത്. അതുകൊണ്ടാണ് വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം നൂറ്റി അറുപത്തി ഒമ്പതാം വാക്യത്തിൽ, 'ദൈവ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവര്‍ തങ്ങളുടെ നാഥന്റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് ' എന്ന് ഉണർത്തുന്നത്. അന്തിമ വിശകലനത്തിൽ, ഒരു വിശ്വാസിക്ക് പരീക്ഷണങ്ങളാകുന്ന ദൈവ കാഠിന്യവും ദൈവകാരുണ്യമായിത്തന്നെയാണ് പരിണമിക്കുക. ഈ യാഥാർഥ്യബോധമാണ് ഒരു വിശ്വാസിയെ ഏത് പ്രതിസന്ധിഘട്ടത്തെയും അതിജയിക്കാൻ പ്രാപ്തനാക്കുന്നത്. l

Comments