Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

ബാങ്കിലെ പലിശപ്പണം

ഡോ. കെ. ഇൽയാസ് മൗലവി

ബാങ്കിൽ കിടക്കുന്ന പലിശപ്പണം എന്തു ചെയ്യണം?
പലിശയെ സംബന്ധിച്ച് വളരെ ഗൗരവത്തോടെയാണ് ഇസ്ലാം അത് നിഷിദ്ധമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അത് വാങ്ങുന്നവരും കൊടുക്കുന്നവരും മാത്രമല്ല, അതിന് സാക്ഷികളാവുന്നവരും അതെഴുതുന്നവരുമെല്ലാം ദൈവ ശാപത്തിന് വിധേയരായിത്തീരും. അല്ലാഹു ഒരാളെ ശപിച്ചാല്‍ അതിന്റെ പ്രത്യാഘാതം വിശദീകരിക്കേണ്ടതില്ല. മദ്യപാനത്തെയും വ്യഭിചാരത്തെയും മ്ലേഛമായി കാണുന്നവര്‍ പോലും പലിശയെ ആ ഗൗരവത്തില്‍ പരിഗണിക്കാറില്ല. 
എന്നാല്‍, ചിലരുടെ അക്കൗണ്ടിലേക്ക് അവരറിയാതെ പലിശ വന്നുകൊണ്ടിരിക്കും. അവരെന്തു ചെയ്യണം? ഇതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അതില്‍ സ്വീകരിക്കാവുന്നത് എന്നു തോന്നിയ ഒരു വീക്ഷണം ഇങ്ങനെയാണ്:

ചോദ്യത്തില്‍ സൂചിപ്പിച്ച പോലെയുള്ള സാഹചര്യത്തില്‍ അവര്‍ നാലിലൊരു മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരും.

1) പലിശ വാങ്ങി സ്വയം ഉപയോഗിക്കുക. 
2) പലിശ വാങ്ങി കത്തിച്ചുകളയുകയോ നശിപ്പിക്കുകയോ ചെയ്യുക. 
3) ബാങ്കില്‍ തന്നെ തിരിച്ചുവെച്ചുകൊണ്ടിരിക്കുക.  
4) വാങ്ങിച്ച് സ്വയം ഉപയോഗിക്കാതെ അര്‍ഹമായ മേഖലകളിലേക്ക് നല്‍കി കുറ്റത്തില്‍നിന്ന് ഒഴിവാകുക. 

ഇതില്‍ ഒന്നാമത് പറഞ്ഞത് ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഒട്ടും പാടില്ലെന്ന് വ്യക്തം. രണ്ടാമത് പറഞ്ഞതിലും പ്രശ്നമുണ്ട്. പലിശയെന്നാല്‍ പന്നിമാംസം, മദ്യം, മാലിന്യം തുടങ്ങിയവ പോലെ, ആ വസ്തു സ്വയമേവ നിഷിദ്ധമല്ല. പണം സ്വന്തം നിലക്ക് മൂല്യമുള്ളതും പ്രയോജനമുള്ളതുമായ വസ്തുവാണ്. അത് നശിപ്പിക്കുന്നത് കുറ്റമാണ്. അതിനാല്‍, അത് അംഗീകരിക്കാന്‍ നിര്‍വാഹമില്ല. 

മൂന്നാമത്തെ രൂപമായ, ബാങ്കില്‍ തന്നെ വെച്ചുകൊണ്ടിരിക്കുന്നത് പലിശ സംവിധാനത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. നാലാമത്തെ മാര്‍ഗമാണ് സ്വീകരിക്കാവുന്ന രീതി. പലിശ ബാങ്കിൽനിന്ന് പിൻവലിച്ച് ധന സഹായം ആവശ്യമുള്ള മേഖലയിൽ ചെലവഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ പേരിൽ സ്വന്തം യശസ്സ് ഉയരുന്നതിനോ ജനമനസ്സിൽ തന്റെ  മതിപ്പ് വർധിക്കുന്നതിനോ ഇടയായിക്കൂടാ. അങ്ങനെ സംഭവിക്കാത്ത നിലയിലായിരിക്കണം പണം ആർക്കെങ്കിലും കൊടുക്കേണ്ടത്. പക്ഷേ, വ്യക്തികൾക്ക് കൊടുക്കുമ്പോൾ ഗുണഭോക്താവായിത്തീരുന്ന ആളിൽ പണം നൽകിയ വ്യക്തിയെ പറ്റി മതിപ്പും കൃതജ്ഞതയും ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അപ്പോൾ എന്തു ചെയ്യും? പണ്ഡിതന്മാർ  നിർദേശിക്കുന്നത് ഇങ്ങനെയാണ്: 

ബാങ്കിൽനിന്ന് പിൻവലിക്കുന്ന പലിശപ്പണം ജനോപകാരപ്രദമായ പൊതു സംരംഭങ്ങൾക്ക്  നൽകുക. പൊതു കിണർ, പൊതു വഴികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ നിർമിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും നൽകാം. ഇവയൊക്കെ പൊതു സംരംഭങ്ങൾ ആയതിനാൽ അവയുടെ ഗുണഭോക്താക്കൾ  അത്തരം സംരംഭങ്ങൾക്ക് പണം നൽകുന്ന ആളുകളോട് പ്രത്യേകിച്ച് കൃതജ്ഞത പ്രകടിപ്പിക്കാൻ സാധ്യത വിരളമാണ്. കൂടാതെ പൊതു സംരംഭങ്ങളിൽ പണം മുടക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് മറ്റുള്ളവർ അറിയണമെന്ന് പോലുമില്ല. 

ഇനി പൊതു സംരംഭങ്ങളുടെ നടത്തിപ്പുകാർക്കാവട്ടെ, ഇങ്ങനെ   പണം നല്കുന്നവരോട് കൃതജ്ഞതാ ബോധം ഉണ്ടാകേണ്ട കാര്യവുമില്ല. കാരണം, അവരല്ലല്ലോ നൽകപ്പെടുന്ന ആ പണത്തിന്റെ ഗുണ ഭോക്താക്കൾ. ഈ മാർഗമാണ് സൂക്ഷ്മതയുടെ മാർഗം എന്നാണ് സൂക്ഷ്മാലുക്കളായ പണ്ഡിതന്മാർ പറയുന്നത്. 

പലിശയിനത്തില്‍ ലഭിച്ച പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെ ദീന്‍ മഹത്തായ പുണ്യകര്‍മമായി നിശ്ചയിച്ചിട്ടുള്ള ദാനധര്‍മമായി കരുതരുത്. സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്താണ് ദാനം ചെയ്യേണ്ടത്. പലിശയായി കൈയില്‍ കിട്ടിയത് തനിക്ക് ഉടമസ്ഥാവകാശമുള്ള സമ്പത്തല്ല. അറിയപ്പെടാത്ത ആരുടെയോ മുതലാണ്. അത് അര്‍ഹരായ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ നിഷിദ്ധ ധനം സ്വയം ഉപയോഗിക്കുക എന്ന കുറ്റത്തില്‍നിന്ന് രക്ഷപ്പെടുക മാത്രമാണയാള്‍ ചെയ്യുന്നത്. 
ചിലയാളുകള്‍ പലിശയിനത്തില്‍ ലഭിച്ച വന്‍ തുകകള്‍ സംഭാവന ചെയ്ത് വലിയ ധര്‍മിഷ്ഠരായി ചമയുകയും സ്വന്തം ധനം ചില്ലിക്കാശ് ദാനം ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ പലിശയിലൂടെ നേടുന്ന പേരും പ്രശസ്തിയും ശാപഹേതുവായിത്തീര്‍ന്നേക്കാമെന്ന് ഭയപ്പെടേണ്ടതുണ്ട്. 

നിഷിദ്ധ മാര്‍ഗേണ ലഭിച്ച പണം, അതിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം പൊതു നന്മക്കായി വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്ക് പലിശ നല്‍കിക്കൊണ്ടിരിക്കുന്ന ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ കടം വാങ്ങിയതിന്റെ പേരില്‍ പലിശ കൊടുക്കേണ്ടിവരുന്നവരുണ്ടാവുമല്ലോ. അവര്‍ക്കത് നല്‍കാമോ എന്നതും പരിഗണനാര്‍ഹമാണ്.


റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

റിയൽ എസ്റ്റേറ്റിൽ ഇടപാട് നടക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് സകാത്തുണ്ടോ?
ഭൂമിയും മറ്റും വാങ്ങി വില്‍പന നടത്തുകയാണല്ലോ റിയല്‍ എസ്റ്റേറ്റ്. അതുകൊണ്ടതിനെ കച്ചവടമായിട്ടാണ് പരിഗണിക്കേണ്ടത്. വര്‍ഷാവസാനം അതിന്റെ മാര്‍ക്കറ്റ് വില നിശ്ചയിക്കുക. അതില്‍ നിന്ന് 2.5 ശതമാനം സകാത്ത് നല്‍കുക (85 ഗ്രാം സ്വർണത്തിന്റെ വിലയാണ് നിസ്വാബ്). വ്യാപാരമാന്ദ്യം, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങി തന്റെ നിയന്ത്രണത്തിൽ പെടാത്ത കാരണങ്ങളാൽ വര്‍ഷങ്ങളോളം വില്‍പന നടക്കാതെ ഭൂമി കിടക്കാം. ഓരോ വര്‍ഷവും വില നോക്കി അതിന്റെ സകാത്ത് നല്‍കണമെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്. എന്നാല്‍, മാലിക്കികള്‍ പറയുന്നു: ഓരോ വര്‍ഷവും അതിനു സകാത്ത് ബാധകമാകുന്നില്ല. പ്രത്യുത, വില്‍പന നടക്കുന്ന അവസരത്തില്‍ മാത്രം സകാത്ത് നല്‍കിയാല്‍ മതി. 

റിയൽ എസ്റ്റേറ്റിൽ ഇടപാട് നടക്കുമ്പോൾ ലഭിക്കുന്ന ലാഭം നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ആ ലാഭം 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തന്നെ ചെയ്യേണ്ടതാണ്. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല. 

ബിസിനസ്സിലെ സകാത്ത്

ബിസിനസ്സിൽ നിക്ഷേപിച്ച പണത്തിന്റെ സകാത്ത്?
നിക്ഷേപങ്ങളുടെയും (ഇന്‍വെസ്റ്റ്‌മെന്റ്‌സ്) സേവിംഗ് (സമ്പാദ്യ) അക്കൗണ്ടുകളുടെയും നിക്ഷേപ ഫണ്ടുകളുടെയും സകാത്ത് വര്‍ഷാവസാനം മുതലും ലാഭവും ചേര്‍ത്ത് കണക്കുകൂട്ടി 2.5 ശതമാനം നല്‍കണം. അതായത് നിക്ഷേപകർ തങ്ങൾ നിക്ഷേപിച്ച മുതലിന്റെയും, ലാഭമുണ്ടെങ്കില്‍ അതിന്റെയും കൂടി സകാത്ത് നല്‍കണം. എന്നാല്‍, കൂട്ടുസംരംഭത്തിലെ പങ്കാളി,  ലാഭം തന്റെ മറ്റു ധനവുമായി കൂട്ടി വര്‍ഷാവസാനം നിസ്വാബ് തികഞ്ഞാല്‍ സകാത്ത് നല്‍കണം. ഇനി അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിലുള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കിലും സകാത്ത് നൽകണം.  l

Comments