Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

റമദാനില്‍ വിസ്മയമായി ഗസ്സ

പി.കെ നിയാസ്

റഫയിലെ പ്രശസ്തമായ അല്‍ ഫാറൂഖ് മസ്ജിദിന്റെ ഒരു മിനാരം മാത്രമേ ബാക്കിയുള്ളൂ. ഇസ്രയേലി ബോംബാക്രമണത്തില്‍ പരിപൂര്‍ണമായി തകര്‍ന്ന പള്ളിയുടെ മുറ്റത്തും സമീപ സ്ഥലങ്ങളിലുമായി നമസ്‌കാരപ്പായകളുമായി ഒത്തുകൂടിയ വിശ്വാസികള്‍ റമദാനിലെ ആദ്യ ജുമുഅ നിര്‍വഹിച്ചു. പള്ളി നിലനിന്ന സ്ഥലം മനസ്സിലാക്കാന്‍ തെരുവിലൊരിടത്ത് 'അല്‍ ഫാറൂഖ് മസ്ജിദ്' എന്ന് എഴുതിവെച്ചിട്ടുണ്ട്.
വടക്കന്‍ ഗസ്സ നഗരത്തില്‍നിന്ന് തെക്ക് റഫയിലേക്ക് പലായനം ചെയ്യേണ്ടി വന്ന അബൂ ജിഹാദ് അഭിഭാഷകനാണ്. അബൂ ജിഹാദിനും ആയിരക്കണക്കിനാളുകള്‍ക്കും റമദാനിലെ ആദ്യ ജുമുഅ തുറസ്സായ ഗ്രൗണ്ടിലായിരുന്നു. 'ഭൂമി മുഴുവന്‍ അല്ലാഹുവിന്റേതാണ്. അതിനാല്‍ എവിടെയിരുന്നും പ്രാര്‍ഥിക്കാം. അധിനിവേശ ഭീകരര്‍ക്ക് ഞങ്ങളെ തടയാനാവില്ല' - അദ്ദേഹം പറയുന്നു. ടെന്റുകളിലും തകര്‍ക്കപ്പെട്ട പള്ളികളുടെ അവശിഷ്ടങ്ങള്‍ക്കിടയിലും തെരുവുകളിലുമൊക്കെ ജനങ്ങള്‍ പ്രാര്‍ഥിക്കാന്‍ ഇടം കണ്ടെത്തുന്നുണ്ടെന്ന് അബൂ ജിഹാദ് 'റോയിട്ടേഴ്‌സി'നോട് പറഞ്ഞു.

ആയിരത്തി ഇരുനൂറോളം പള്ളികളുള്ള ഗസ്സയില്‍ ഏതാണ്ട് ആയിരവും ബോംബാക്രമണങ്ങളില്‍ തകര്‍ന്നു. അവയില്‍ 223 എണ്ണം പൂര്‍ണമായും നിലംപരിശായി. മൂന്ന് ചര്‍ച്ചുകളും പൂര്‍ണമായും തകര്‍ന്നു. 1400 കൊല്ലത്തിലേറെ പഴക്കമുള്ള ഉമരി മസ്ജിദ് ഉള്‍പ്പെടെയുള്ളവ തകര്‍ന്ന പള്ളികളില്‍ ഉള്‍പ്പെടും. ജറൂസലമിലെ മസ്ജിദുല്‍ അഖ്‌സ്വയും വടക്കന്‍ ഇസ്രയേലിലെ ഏയ്ക്കറിലെ അഹ്‌മദ് പാഷ അല്‍ ജസ്സാര്‍ മസ്ജിദും കഴിഞ്ഞാല്‍ ഫലസ്ത്വീനിലെ മൂന്നാമത്തെ വലിയ പള്ളിയാണിത്. തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ മാത്രം അമ്പത് കോടി ഡോളറെങ്കിലും വേണ്ടിവരുമെന്നാണ് ഔഖാഫ് മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. നൂറ്റമ്പതോളം ഇമാമുമാരും ഇസ്രയേലി ആക്രമണങ്ങളില്‍ രക്തസാക്ഷികളായിട്ടുണ്ട്.

വംശഹത്യയും പട്ടിണിയും

വിശപ്പകറ്റാന്‍ പച്ചിലകള്‍ ഭക്ഷിക്കേണ്ടി വരുന്ന ഒരു സമൂഹത്തെ ഇക്കാലത്ത് സങ്കൽപ്പിക്കാനാകുമോ? ചുറ്റിലും മനുഷ്യര്‍ ആഡംബരത്തോടെ ജീവിക്കുമ്പോഴാണ് ഒരു ജനതയെ പരിഷ്‌കൃത ലോകം പട്ടിണിക്കിട്ട് കൊല്ലുന്നത്. ഖുറൈശികളുടെ ഉപരോധത്തില്‍പെട്ട് ശിഅ്ബ് അബീത്വാലിബില്‍ പച്ചിലയും വെള്ളവും കഴിച്ച് ജീവിച്ച പ്രവാചകന്റെയും അനുയായികളുടെയും ചരിത്രം അനുസ്മരിപ്പിക്കുന്ന നൂറുകണക്കിനാളുകളെ ഗസ്സയില്‍ കാണാം.

ഖുബീസ എന്നറിയപ്പെടുന്ന ഇലകള്‍ നൂറ്റാണ്ടുകളായി ഭക്ഷണത്തോടൊപ്പം ഫലസ്ത്വീനികള്‍ കഴിച്ചു പോരുന്നു. ഇന്നത് പലരുടെയും മുഖ്യ ഭക്ഷണമാണ്. റൊട്ടിയില്ലാതെ വെറും പച്ചിലകള്‍ ഭക്ഷിക്കുന്നവര്‍ പോലും അവിടെയുണ്ടെന്ന് യു.എന്‍ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഞ്ചു മാസമായി ജോലിയില്ലാത്തവര്‍ ഇവ വിറ്റും ഉപജീവനം നടത്തിവരുന്നു. കളകളും, പോഷക ഗുണം ഒട്ടുമില്ലാത്ത കാട്ടു ചെടികള്‍ പോലും ഗസ്സ നിവാസികള്‍ ഭക്ഷണമായി ഉപയോഗിക്കുന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്നത്.

വടക്കന്‍ ഗസ്സയിലെ ബൈത്ത് ലാഹിയക്കാരനാണ് പതിനൊന്നുകാരന്‍ അഹ്മദ്. കന്നുകാലികള്‍ക്ക് നല്‍കുന്ന വൈക്കോല്‍ അരച്ചുണ്ടാക്കിയ അപ്പം തിന്നാന്‍ വിധിക്കപ്പെട്ട ആയിരക്കണക്കിന് കുട്ടികളിലൊരാള്‍. വൈക്കോലപ്പം തിന്ന് തനിക്കും നിരവധി കുട്ടികള്‍ക്കും ദഹനക്കേടും വയറുവേദനയുമുണ്ടായെന്ന് അവന്‍ പറയുന്നു. അഹ്‌മദിന്റെ വീട് ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. കുടിവെള്ളത്തിനായി അവനും കുടുംബവും ആശ്രയിച്ചത് മഴവെള്ളമായിരുന്നു. മഴ നിലച്ചതോടെ വീണ്ടും മലിന ജലം കുടിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

ഇസ്രയേല്‍ പട്ടാളക്കാര്‍ ഉപേക്ഷിച്ചുപോയ കാനുകളില്‍ ബാക്കിയായ ബീന്‍സും ഹുമ്മൂസും (ചിക് പീസ്) പെറുക്കുന്ന കുട്ടികളെ കാണണമെങ്കില്‍ മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്നുകിടക്കുന്ന ദെര്‍ അല്‍ ബലാഹിലെ ബീച്ചില്‍ പോയാല്‍ മതി.

നിഷ്ഠുരമായ ബോംബ് വര്‍ഷങ്ങളിലൂടെയാണ് അഞ്ചു മാസത്തോളം ആ ജനതയെ സയണിസ്റ്റ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. സര്‍വ മേഖലയിലും ഉപരോധത്താല്‍ തളച്ചിടപ്പെട്ട സമൂഹം ഇന്നിപ്പോള്‍ പട്ടിണിമരണത്തിലേക്കാണ് കൂപ്പുകുത്തുന്നത്. വടക്കന്‍ ഗസ്സയിലെ കമാല്‍ അദ്‌വാന്‍, ശിഫ ആശുപത്രികളില്‍ മാത്രം 25 പേര്‍ പോഷകാഹാരക്കുറവും നിര്‍ജലീകരണവും കാരണം മരണപ്പെട്ടു. പതിനഞ്ചു മുതല്‍ 72 വയസ്സുള്ളവര്‍ വരെ അക്കൂട്ടത്തിലുണ്ട്.

പത്തു വയസ്സുകാരന്‍ യസാന്‍ അല്‍ കഫര്‍ന മനുഷ്യത്വമുള്ള മുഴുവനാളുകളെയും കരയിപ്പിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ. സെറിബ്രല്‍ പാള്‍സിയോടെ (തലച്ചോറിന്റെ വളര്‍ച്ചയെയും പ്രവര്‍ത്തനങ്ങളെയും ബാധിച്ച് ചലന വൈകല്യത്തിന് ഇടയാക്കുന്ന അസുഖം) ജനിച്ച യസാന് ഭക്ഷണം ചവച്ചരച്ച് കഴിക്കാന്‍ പോലും പ്രയാസമായിരുന്നു. പഴങ്ങളും മുട്ടയുമാണ് ജീവന്‍ നിലനിര്‍ത്താന്‍ അവന്‍ കഴിച്ചിരുന്നത്. ഇസ്രയേലി ഉപരോധത്താല്‍ അവ മുടങ്ങിയതോടെ അവന്റെ ആരോഗ്യം കൂടുതല്‍ ക്ഷയിക്കാന്‍ തുടങ്ങി. യസാന്റെ ജീവന്‍ നിലനിര്‍ത്തുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെയായിരുന്നു വടക്കന്‍ ഗസ്സയില്‍നിന്ന് റഫയിലേക്ക് അവനെയും കൂട്ടി മാതാപിതാക്കള്‍ പലായനം ചെയ്തത്. എന്നാല്‍, പോഷകാഹാരം മുടങ്ങിയതോടെ എല്ലും തോലുമായി മാറിയ യസാനെ, സമാധാനത്തിന്റെ ലോകത്തേക്ക് മാലാഖമാര്‍ ആനയിച്ചു കൊണ്ടുപോയി.

രണ്ടു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളില്‍ മൂന്നിലൊരാള്‍ പോഷകാഹാരക്കുറവു മൂലം ഭീഷണി നേരിടുകയാണെന്ന് ഫലസ്ത്വീന്‍ അഭയാര്‍ഥികള്‍ക്കുള്ള യു.എന്‍ ഏജന്‍സി (UNRWA) മുന്നറിയിപ്പ് നല്‍കുന്നു. യു.എന്‍.ആര്‍.ഡബ്ലിയു.എയിലെ ചില ഉദ്യോഗസ്ഥര്‍ ഹമാസിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ഒക്ടോബര്‍ ഏഴിലെ സംഭവങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നുമുള്ള സയണിസ്റ്റ് നുണകള്‍ ഏറ്റെടുത്ത്, അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമാണ് ഫലസ്ത്വീനികള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഏജന്‍സിയുടെ ചിറകരിഞ്ഞത്. സാമ്പത്തിക സഹായം നിര്‍ത്തലാക്കി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവര്‍ പ്രതിബന്ധം സൃഷ്ടിച്ചപ്പോള്‍ വിതരണം നടത്തുന്ന ട്രക്കുകള്‍ തടഞ്ഞും സഹായം തേടിയെത്തിയവരെ വെടിവെച്ചുകൊന്നും സയണിസ്റ്റ് ഭീകരര്‍ അഴിഞ്ഞാടി. ജീവനക്കാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് ഹാജരാക്കാന്‍ ഇസ്രയേലിന് ഇതുവരെ സാധിച്ചില്ലെന്ന് വ്യക്തമാക്കി യൂറോപ്യന്‍ കമീഷന്റെ മാനുഷിക സഹായ വിഭാഗം തലവന്‍ ജാനെസ് ലെനാര്‍സിക് രംഗത്തുവന്നിരുന്നു.

ഗസ്സയില്‍ വിതരണം ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കളും മറ്റു സഹായങ്ങളും മൂന്നു ശതമാനത്തിനു താഴെ ആളുകളിലേക്ക് മാത്രമേ എത്തുന്നുള്ളൂ. മാരക രാസായുധങ്ങള്‍ അടങ്ങിയ ബോംബുകള്‍ ഇടതടവില്ലാതെ വര്‍ഷിച്ചത് പരിസ്ഥിതിയെ സാരമായി ബാധിച്ചിരിക്കുന്നു. വെള്ളത്തിന്റെ 97 ശതമാനവും മനുഷ്യോപയോഗത്തിന് പറ്റാതായി. കൃഷിഭൂമിയില്‍ 46 ശതമാനവും നശിച്ചു. യു.എന്‍ ഭക്ഷ്യ-കാര്‍ഷിക ഏജന്‍സി(എഫ്.എ.ഒ)യുടെ ഏറ്റവും പുതിയ കണക്കാണിത്.

ഖുര്‍ആനില്‍ ആശ്വാസം കണ്ടെത്തുന്ന ജനത

ഇസ്രയേലി ബോംബിംഗില്‍ തകര്‍ന്ന ബൈത്ത് ലാഹിയയിലെ വീടിനു മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുകയാണ് ഇസ്മാഈല്‍ അല്‍ ഖലൂത്ത്. മഗ്്രിബ് ബാങ്കിന് രണ്ടു മണിക്കൂര്‍ ഇനിയുമുണ്ട്. ജീവിതത്തില്‍ ഇത്തരമൊരു റമദാന്‍ കടന്നുപോയിട്ടില്ലെന്ന് ഇസ്മാഈല്‍ പറയുന്നു. ഏത് പ്രതിസന്ധിയിലും ഖുര്‍ആനാണ് തനിക്ക് കരുത്തെന്നും ഈ പ്രതികൂലാവസ്ഥ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ മറികടക്കുമെന്നും ഇസ്മാഈല്‍ പ്രത്യാശ പ്രകടിപ്പിക്കുന്നു.

പൊട്ടിപ്പൊളിഞ്ഞ കെട്ടിടങ്ങളുടെയും പള്ളികളുടെയും അവശിഷ്ടങ്ങള്‍ക്കിടയിലാണ് ഗസ്സക്കാര്‍ നോമ്പു തുറക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നത്. തകര്‍ക്കപ്പെട്ട പള്ളികളുടെ പുറത്തും ടെന്റുകളിലുമിരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന നൂറു കണക്കിനാളുകള്‍ ഈ റമദാനിലെ നിത്യ കാഴ്ചയാണ്. പതിവുപോലെയുള്ള ആരവങ്ങളില്ലെങ്കിലും റമദാന്‍ അവരിലെ ഈമാനിക കരുത്ത് ഒട്ടും കുറച്ചിട്ടില്ല. കഴിഞ്ഞ രണ്ട് റമദാനുകളിലും ഇസ്രയേലി ഭീകരത അനുഭവിച്ചവരാണല്ലോ ഈ ജനത.
മറ്റേതു മുസ്‌ലിം തെരുവുകളെയും പോലെയാണ് ഗസ്സയിലെ മാര്‍ക്കറ്റുകളും റമദാനില്‍. വിവിധ തരം ഭക്ഷ്യ വിഭവങ്ങള്‍, പാനീയങ്ങള്‍ തുടങ്ങിയവയാല്‍ സമൃദ്ധം. നോമ്പുതുറയും തറാവീഹ് നമസ്‌കാരവും കഴിഞ്ഞാല്‍, പ്രത്യേക റമദാന്‍ വിളക്കുകളോടെ അലങ്കരിച്ച മാര്‍ക്കറ്റുകളിലേക്ക് അവര്‍ ഒഴുകും. പഴയ നഗരത്തിലെ അല്‍ സാവിയ, നഗര മധ്യത്തിലെ ഫിറാസ് മാര്‍ക്കറ്റ്, ഉമര്‍ അല്‍ മുഖ്താര്‍ സ്ട്രീറ്റ്, ഖാന്‍ യൂനിസിലെ സൂഖ് തുടങ്ങിയവ ഗസ്സക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇന്ന് അവിടങ്ങള്‍ മിക്കവയും ശൂന്യം.

'സാധാരണ റമദാനിന് മുമ്പ് ഞങ്ങള്‍ ഒരുക്കങ്ങള്‍ നടത്തും. ഇത്തവണ ജീവനോടെ അവശേഷിക്കുമെന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയിലായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താലാണ് മറ്റൊരു റമദാന്‍ കൂടി കിട്ടിയത്' - നാലു കുട്ടികളുടെ മാതാവായ അബീര്‍ ബറകാത്ത് പറയുന്നു.

'കുറച്ച് മാസങ്ങളായി ഭാഗിക വ്രതത്തിലാണല്ലോ ഞങ്ങള്‍. ഫജ്ർ ബാങ്കിന് ഒരു മണിക്കൂര്‍ മുമ്പ് എഴുന്നേറ്റ് സുഹൂര്‍ തയാറാക്കി. ബാര്‍ലിയും ചോളവും സോയയും മാത്രമല്ല, പക്ഷികള്‍ക്ക് കൊടുക്കുന്ന തീറ്റവസ്തുക്കള്‍ പോലും ഉപയോഗിച്ചാണ് അപ്പം ഉണ്ടാക്കിയത്. അടുത്തുള്ള പള്ളികള്‍ തകര്‍ക്കപ്പെട്ടതിനാല്‍ ദൂരെനിന്നുള്ള ബാങ്കൊലി കേട്ട് വ്രതം ആരംഭിച്ചു. ഇഫ്താറിന് പാസ്റ്റയായിരുന്നു. റമദാനില്‍ മിക്കവാറും ഫലസ്ത്വീനി ഭവനങ്ങളില്‍ ഉണ്ടാക്കാറുള്ള ഖതായെഫ് എന്ന വിഭവവും ഇത്തവണയില്ല. റമദാനിലെ രാത്രികളില്‍ പ്രാര്‍ഥനക്കുശേഷം പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ നമ്മള്‍ ഈ വിഭവം കൈമാറി സാഹോദര്യം പുതുക്കും. ഇത്തവണ എല്ലാവരും ചിതറപ്പെട്ടു.'
ഇത്തരം പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യരെ നിരാശ ബാധിക്കും. എന്നാല്‍, തങ്ങളെ സംബന്ധിച്ചേടത്തോളം കടുത്ത പ്രതിസന്ധികളും ക്രൂരമായ യുദ്ധവും അനുഭവിച്ച ശേഷമുള്ള റമദാന്‍ വിശ്വാസം ശക്തിപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ഇംഗ്ലീഷില്‍ പി.എച്ച്.ഡി സ്‌കോളറായ ബറകാത്ത് ടൈം വാരികയോട് പറഞ്ഞു.

സുഹൂറിന് വെള്ളം മാത്രം കുടിച്ചു നോമ്പെടുക്കുന്നവരുമുണ്ട്. ജബലിയ അഭയാര്‍ഥി ക്യാമ്പില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന സാമിയ അബൂ ജമാല്‍ അവരിലൊരാളാണ്. എല്ലാറ്റിനും അല്ലാഹു വഴികാണിക്കുമെന്ന ഉറച്ച വിശ്വാസമാണ് അവരുടെ മുഖത്ത്.

ധീര മുജാഹിദും ഇസ്‌ലാമിക ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസിന്റെ സ്ഥാപകനുമായ ശഹീദ് ശൈഖ് അഹ്‌മദ് യാസീന്‍ തുടക്കമിട്ട ഖുര്‍ആനിക വിപ്ലവത്തിന്റെ ആവേശം ഏറ്റെടുത്ത പ്രദേശമാണ് ഗസ്സ. ഒക്ടോബര്‍ ഏഴു മുതല്‍ ഇസ്രയേല്‍ വംശഹത്യയില്‍ രക്തസാക്ഷികളായ മുപ്പത്തൊന്നായിരത്തിലേറെ ഫലസ്ത്വീനികളില്‍ നൂറിലേറെ പേര്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയവരാണ്. അവരിലൊരാളാണ് ആറാം വയസ്സില്‍ വിശുദ്ധ ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ ഉസാമ മുഹമ്മദ് അല്‍ ലി. ഗസ്സയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹാഫിളായിരുന്നു അവന്‍. നവംബര്‍ 16-ലെ ബോംബിംഗില്‍ കുടുബാംഗങ്ങളോടൊപ്പം ഉസാമയും രക്തസാക്ഷിത്വത്തിന്റെ മാധുര്യം അനുഭവിച്ചു. ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സ് അംഗം ഖസ്സാം തയ്‌സീര്‍ അബൂ തൈമയെ ഡ്രോണ്‍ ഉപയോഗിച്ച് വെടിയുതിർത്താണ് അധിനിവേശ ഭീകരര്‍ വധിച്ചത്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയ അബൂ തുഐമ ഗസ്സയിലെ പള്ളിയിലെ ഇമാം കൂടിയായിരുന്നു. വെടിയേറ്റിട്ടും ഓടി സുജൂദില്‍ വീണ ശേഷമാണ് അദ്ദേഹം രക്തസാക്ഷിയാവുന്നത്.

എല്ലാ വര്‍ഷവും സെപ്റ്റംബറില്‍ ഗസ്സയിലെ ഇസ്‌ലാമിക് വഖ്ഫ് നടത്തുന്ന ഹിഫ്‌ള് പരീക്ഷയില്‍ നൂറുകണക്കിന് പഠിതാക്കളാണ് പങ്കെടുക്കാറുള്ളത്. വ്യത്യസ്ത ഭാഗങ്ങളില്‍നിന്നുള്ള ആറു സൂക്തങ്ങളുടെ തുടര്‍ഭാഗങ്ങള്‍ തെറ്റില്ലാതെ ചൊല്ലിയാല്‍ പരീക്ഷയില്‍ വിജയിക്കുകയും ഹാഫിള്/ഹാഫിള പദവികള്‍ ലഭിക്കുകയും ചെയ്യും. ഖുര്‍ആന്‍ മനഃപാഠമാക്കിയവര്‍ക്ക് ജയില്‍ ശിക്ഷയില്‍ ഇളവു നല്‍കുന്ന രീതി ഹമാസ് ഭരണത്തില്‍ ഗസ്സയില്‍ നടപ്പിലുണ്ടായിരുന്നു. അഞ്ച് അധ്യായങ്ങള്‍ ഹൃദിസ്ഥമാക്കിയാല്‍ ശിക്ഷയില്‍ ഒരു വര്‍ഷം ഇളവ് എന്ന രീതിയിലായിരുന്നു 2007-ല്‍ ഇത് നടപ്പാക്കിയത്.

ജന്മനാ അന്ധയായ കരീമ അബൂ ശഹാന, ഖാന്‍ യൂനിസിലെ ജഅ്ഫര്‍ പള്ളിയില്‍ പെണ്‍കുട്ടികള്‍ക്കായി ഖുര്‍ആന്‍ മനഃപാഠ ക്ലാസുകള്‍ നടത്തിയിരുന്നു. ശാരീരികമായ ബലഹീനതകളൊന്നും ഖുര്‍ആന്‍ മനഃപാഠമാക്കുന്നതില്‍ അവര്‍ക്ക് തടസ്സമായില്ല. 'അബലയെന്ന ചിന്തയായിരുന്നു ചെറുപ്പം മുതല്‍. ആരും എന്നെ അംഗീകരിക്കുന്നില്ലെന്ന തോന്നല്‍. എന്നാല്‍, ഖുര്‍ആന്‍ മനഃപാഠമാക്കിയതോടെ വലിയ ആദരവാണ് കിട്ടിയത്. ഖുര്‍ആനാണ് എന്റെ ശക്തി. അതൊരു വഴികാട്ടിയും കരുത്തുമാണ്. ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയാല്‍ അങ്ങേയറ്റത്തെ ആത്മീയ ബലം ലഭിക്കും' - കരീമ പറയുന്നു.

പലര്‍ക്കും അറിയാത്ത ഒരു ചരിത്രം കൂടിയുണ്ട് ഗസ്സക്ക്. ഏറ്റവുമധികം ഹാഫിളുമാരുള്ള (ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയവര്‍) നാടുകളിലൊന്നാണത്. കുട്ടികളും സ്ത്രീകളും പ്രായമുള്ളവരും ഉള്‍പ്പെടെ എല്ലാ വിഭാഗമാളുകളും ആവേശത്തോടെയാണ് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പള്ളികളില്‍ എത്താറുള്ളത്. നോമ്പുകാലങ്ങളില്‍ ഖുര്‍ആന്‍ പാരായണങ്ങളാല്‍ ശബ്ദമുഖരിതമാകും ഗസ്സയിലെ പള്ളികള്‍. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 'സഫ്‌വാതുല്‍ ഹുജ്ജാജ് 2' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ വ്യത്യസ്ത പ്രായക്കാരായ 1471 ഹാഫിളുകളാണ് പങ്കെടുത്തത്. ഫജ്ർ നമസ്‌കാരാനന്തരം ആരംഭിച്ച പാരായണ പരിപാടി രാത്രി വരെ നീണ്ടു.

ഇസ്രയേല്‍ ഭീകരാക്രമണത്തില്‍ ഏതാണ്ട് എണ്‍പതു ശതമാനത്തിലേറെയും തകര്‍ന്നു തരിപ്പണമായ ഗസ്സയിലെ ജനത പരിശുദ്ധ റമദാനിലും ലോകത്തെ വിസ്മയിപ്പിക്കുകയാണ്. നേരാംവണ്ണം ഭക്ഷണം പോലുമില്ലാതെ പ്രതികൂല സാഹചര്യത്തിലും വ്രതശുദ്ധിയില്‍ അല്ലാഹുവിന്റെ കാരുണ്യത്തില്‍ മാത്രം കണ്ണുംനട്ട് ഭാവിയിലേക്ക് പ്രതീക്ഷ അര്‍പ്പിച്ചിരിക്കുന്നവരാണവര്‍. ബോംബും ഉപരോധവും പട്ടിണിയും അതിജീവിച്ച ആ ജനതയെ ഇനി ആര്‍ക്കാണ് തോല്‍പിക്കാനാവുക! വിശുദ്ധ മാസത്തിന്റെ ദിനരാത്രങ്ങളില്‍ അവര്‍ നടത്തുന്ന പ്രാര്‍ഥനകള്‍ക്ക് അക്രമികളുടെ നെഞ്ചകങ്ങള്‍ പിളര്‍ക്കാനുള്ള കരുത്തുണ്ടാകും, തീര്‍ച്ച. l

Comments