Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

സ്വദഖയുടെ കൈവഴികള്‍

അലവി ചെറുവാടി

عَنْ  أَبي مُوسَى الْأَشْعَرِي رَضِي الله عَنْهُ عَنِ النَّبِيّ صَلَّى اللَّهُ عَلَيْهِ وَسَلَّم قَالَ: عَلَى كُلِّ مُسْلِمٍ صَدَقَةٌ. قَالُوا: فَإنْ لَمْ يَجِدْ؟ قَالَ: فَيَعْمَلُ بيَدَيْهِ فَيَنْفَعُ نَفْسَهُ ويَتَصَدَّقُ. قَالُوا: فَإنْ لَمْ يَسْتَطِعْ أوْ لَمْ يَفْعَلْ؟ قَالَ: فَيُعِينُ ذَا الْحَاجَةِ المَلْهُوفَ. قَالُوا: فَإِنْ لَمْ يَفْعَلْ؟ قَالَ: فَيَأْمُرُ بِالْخَيْرِ -أوْ قَالَ: بِالْمَعْرُوفِ- قَالَ: فَإنْ لَمْ يَفْعَلْ؟ قَالَ: فَيُمْسِكُ عَنِ الشَّرِّ؛ فَإِنَّهُ لَهُ صَدَقَةٌ (البخاري)

 

അബൂ മൂസല്‍ അശ്അരി(റ)യില്‍നിന്ന്. നബി (സ) പറഞ്ഞു: ''എല്ലാ മുസ് ലിമിനും സ്വദഖ (ദാനധര്‍മം) ബാധ്യതയാണ്. അവര്‍ (സ്വഹാബികള്‍) ചോദിച്ചു: അതിന് വകയില്ലെങ്കിലോ? നബി (സ) പറഞ്ഞു: തനിക്ക് പ്രയോജനപ്പെടും വിധം അവന്‍ തന്റെ കൈകള്‍കൊണ്ട് തൊഴിലെടുക്കട്ടെ, എന്നിട്ട് ദാനം നല്‍കട്ടെ. അവര്‍ ചോദിച്ചു: അവന്നത് സാധിച്ചില്ല, അല്ലെങ്കില്‍ അങ്ങനെ ചെയ്തില്ല? അവിടുന്ന് പറഞ്ഞു: ആശയറ്റ ആവശ്യക്കാരെ അവന്‍ സഹായിക്കട്ടെ. അവര്‍ ചോദിച്ചു: അതും ചെയ്തില്ലെങ്കില്‍? അവിടുന്ന് പറഞ്ഞു: അപ്പോള്‍ അവന്‍ നല്ലത് അല്ലെങ്കില്‍ നന്മ കല്‍പിക്കട്ടെ. പിന്നെയും ചോദിച്ചു: അതും ചെയ്തില്ലെങ്കില്‍? അപ്പോള്‍ പറഞ്ഞു: അവന്‍ സ്വയം തിന്മയില്‍നിന്ന് വിട്ടുനില്‍ക്കട്ടെ; അതവന് സ്വദഖയാകും'' (ബുഖാരി).
 

ഒരാള്‍ താന്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്തില്‍നിന്ന് മനഃസംതൃപ്തിയോടെ ആവശ്യക്കാര്‍ക്ക് നല്‍കുന്നതാണ് സ്വദഖ. സ്വദഖയെ ഇസ് ലാം ധനം മിച്ചമുള്ളവരിലും പണക്കാരിലും വിഭവശേഷിയുള്ളവരിലും മാത്രമായി പരിമിതപ്പെടുത്തുന്നില്ല. വളരെ വിപുലവും വിശാലവുമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അതെന്ന് ഹദീസ് വ്യക്തമാക്കുന്നുണ്ട്.

കുറഞ്ഞോ കൂടിയോ അളവില്‍ ജീവിത വിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ടവരൊക്കെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ദാനധര്‍മങ്ങളില്‍ നിരതരായിരിക്കണം എന്നാണ് ഒന്നാമതായി ഈ ഹദീസ് ഓര്‍മപ്പെടുത്തുന്നത്. അധ്വാനമായിരിക്കണം ഏതൊരാളുടെയും ജീവിതോപാധി. ഏറ്റവും ശ്രേഷ്ഠമായ സമ്പാദ്യം ഏതെന്ന് ചോദിച്ചപ്പോള്‍, സ്വന്തം കൈകൊണ്ട് അധ്വാനിച്ചു നേടുന്നതാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ബറക്കത്തും അധ്വാനിച്ച് നേടുന്ന സമ്പാദ്യത്തിലായിരിക്കും. തന്റെയും ആശ്രിതരുടെയും അത്യാവശ്യങ്ങള്‍ കഴിച്ച് മിച്ചമുള്ളതില്‍നിന്ന് ദാനം ചെയ്യുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതി പറഞ്ഞറിയിക്കാനാവില്ല.

തൊഴിലെടുക്കാനും സമ്പാദിക്കാനുമുള്ള ബുദ്ധിസാമര്‍ഥ്യവും കായിക ശേഷിയും അല്ലാഹു മനുഷ്യര്‍ക്കു നല്‍കുന്ന ഔദാര്യമാണ്. അതിനൊന്നും കഴിവില്ലാത്ത ദരിദ്രരും ദുരിതബാധിതരും പരാശ്രിതരുമായവരും ധാരാളമുണ്ടാവും. അവരെക്കൂടി സ്വദഖയുടെ അനുഗ്രഹത്തില്‍ പങ്കാളിയാക്കുകയാണ് ഇസ്്ലാം. അധ്വാനിക്കാന്‍ വേണ്ടത്ര പ്രാപ്തിയില്ലാത്തവര്‍ക്കും, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്കും മറ്റു രൂപേണ സ്വദഖയില്‍ പങ്കാളികളാവാം എന്നാണ് പിന്നീട് പറയുന്നത്. സാധുക്കളായ അനുചരന്മാര്‍ ഒരിക്കല്‍ പ്രവാചകനോട് പരിഭവം പറയുകയുണ്ടായി:

''പ്രവാചകരേ, പ്രതിഫലങ്ങളെല്ലാം പണക്കാര്‍ കൊണ്ടുപോയി.'' അതെങ്ങനെ എന്ന് നബി ആരാഞ്ഞപ്പോള്‍, 'അവര്‍ ഞങ്ങളെപ്പോലെ നമസ്‌കരിക്കുന്നു, നോമ്പെടുക്കുന്നു. പുറമേ, സകാത്തും സ്വദഖയും നിര്‍വഹിക്കുകയും ചെയ്യുന്നു' എന്നവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ പ്രവാചകന്‍: ''നന്മയായ എല്ലാ കാര്യങ്ങളിലും സ്വദഖയുണ്ട്. നിങ്ങള്‍ തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്്മീദ് (അല്‍ഹംദു ലില്ലാഹ്), തക് ബീര്‍ (അല്ലാഹു അക്ബര്‍), തഹ്്ലീല്‍ (ലാഇലാഹ ഇല്ലല്ലാഹ്) എന്നീ ദിക്‌റുകള്‍ വര്‍ധിപ്പിക്കുക; അതും സ്വദഖയാണ്.''

സ്വദഖയുടെ നിരവധി മാര്‍ഗങ്ങള്‍ റസൂല്‍ പരിചയപ്പെടുത്തുന്നുണ്ട്. പുഞ്ചിരിക്കുന്ന മുഖവുമായി തന്റെ സഹോദരനെ അഭിമുഖീകരിക്കുക, വഴിയില്‍നിന്ന് തടസ്സങ്ങള്‍ നീക്കം ചെയ്യുക, അന്ധനെ കൈപിടിച്ച് ലക്ഷ്യസ്ഥാനത്തെത്തിക്കുക, യാത്രാ വേളയില്‍ വൃദ്ധരെയും അവശരെയും പരിഗണിക്കുക, രോഗികളെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തുക, ജനാസ സംസ്‌കരണത്തില്‍ പങ്കാളിയാവുക തുടങ്ങി സ്വദഖയുടെ കൈവഴികള്‍ ധാരാളമുണ്ട്. തിന്മയില്‍നിന്ന് സ്വയം വിട്ടുനില്‍ക്കുന്നതും മറ്റുള്ളവരെ തിന്മയില്‍നിന്ന് തടയുന്നതും സ്വദഖയുടെ ഗണത്തില്‍ പെടും. l

Comments