പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള പ്രചാരണ കോലാഹലം
2019 ഡിസംബര്‍ 11-ന് പാര്‍ലമെന്റ് പാസ്സാക്കുകയും 13-ന് രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്ത പൗരത്വ ഭേദഗതി നിയമമാണ് സി.എ.എ (സിറ്റിസണ്‍ ഷിപ്പ് അമന്റ്്മെന്റ് ആക്ട്). സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തിട്ടില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചത്. തദടിസ്ഥാനത്തില്‍ സ്റ്റേ ചെയ്യേണ്ടതില്ലെന്ന് പരമോന്നത കോടതി ഹരജിക്കാരെ ആശ്വസിപ്പിക്കുകയും ചെയ്തു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ മുസ്്‌ലിം ഭൂരിപക്ഷ അയല്‍ രാജ്യങ്ങളില്‍നിന്ന് മതപീഡനങ്ങള്‍ നിമിത്തം 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ അഭയം തേടിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന വിഭാഗക്കാരായ ആളുകള്‍ക്ക് ഈ രാജ്യത്ത് പൗരത്വം അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഭേദഗതി നിയമം. പ്രത്യക്ഷത്തില്‍ തന്നെ മുസ്്‌ലിം മുക്ത നിയമം എന്ന് ഇതിനെ വിശേഷിപ്പിക്കാവുന്നതേയുള്ളൂ. ഇത് ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്ത്വമായ മതേതരത്വത്തിനും തുല്യതക്കും കടകവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജികള്‍. ചട്ടങ്ങള്‍ രൂപവത്കരിച്ചിട്ടില്ലെന്ന ന്യായം പറഞ്ഞ് അന്ന് മോദി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍നിന്ന് തടിയൂരി. പ്രത്യാഘാതങ്ങള്‍ ഭയന്നോ ഉചിത സന്ദര്‍ഭം കാത്തിരുന്നതു കൊണ്ടോ നാല് കൊല്ലക്കാലം പിന്നീടൊന്നും കേട്ടില്ല. പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയപ്പോള്‍ പൊടുന്നനെ സി.എ.എയുടെ ചട്ടങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്, സാമുദായിക ധ്രുവീകരണം എന്ന സ്ഥിരം അജണ്ട തന്നെയാണ് പയറ്റാൻ പോകുന്നതെന്ന് വ്യക്തമാക്കുന്നു. സംഘ് പരിവാറിനൊഴിച്ചു ഇന്ത്യയിലെ ഏതാണ്ടെല്ലാ പാര്‍ട്ടികള്‍ക്കും അതിലുപരി മോദിയുടെ ഉറ്റ സുഹൃദ് രാജ്യമായ അമേരിക്കക്കും ഒപ്പം യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിനുമെല്ലാം, ഭരണഘടനയുടെ നഗ്നമായ ലംഘനമാണതെന്ന് ബോധ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഇപ്പോള്‍ തെളിയുന്ന വസ്തുത. സുപ്രീം കോടതിയുടെ പരിഗണനക്ക് വന്ന 237 ഹരജികളില്‍ വാദം കേള്‍ക്കാന്‍ ഏപ്രില്‍ ഒമ്പതാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്്‌ലിം ലീഗിന്റെ സ്‌റ്റേ ഹരജിയാവും ഒന്നാമതായി പരിഗണിക്കപ്പെടുക.
രാജ്യം ഭരിക്കുന്ന സംഘ് പരിവാറിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം തന്നെ ഇസ്്‌ലാം വിരുദ്ധതയും മുസ്്‌ലിം വിരോധവുമാണെന്നതിന് ദശവത്സരക്കാലത്തെ അധികാര ദുർവിനിയോഗം അനിഷേധ്യ സാക്ഷ്യം നല്‍കുമ്പോള്‍ സി. എ.എയും തുടര്‍ന്നുവരുന്ന എന്‍.ആര്‍.സിയും എന്‍.പി.ആറും 20 കോടി മുസ്്‌ലിം ന്യൂനപക്ഷത്തെ വേട്ടയാടാനുള്ള നിയമങ്ങളും കുരുക്കുകളുമാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ ബോധ്യപ്പെടുന്നതാണ്. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ താമസിച്ചുവരുന്ന, വിഭജന കാലത്ത് പോലും മാതൃരാജ്യം വിടാതിരുന്ന, ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ജീവന്‍ ബലികൊടുത്തും പൊരുതിയ ഒരു ജനവിഭാഗത്തെ സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള ആര്‍ഷ സംസ്‌കാരത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നു എന്ന കാരണത്താല്‍, ആട്ടിപ്പുറത്താക്കുകയോ രണ്ടാംകിട പൗരന്മാരായി ചവിട്ടിത്താഴ്ത്തുകയോ ആണ് ഹിന്ദുത്വ ശക്തികളുടെ മനസ്സിലിരിപ്പ് എന്ന് അനുദിനം തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. ബാബരി മസ്ജിദ് ധ്വംസനം, രാമക്ഷേത്ര നിര്‍മാണം, ഗ്യാൻവാപി-മഥുര ആരാധനാലയങ്ങളുടെ നേരെയുള്ള കൈയേറ്റം, ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള തത്രപ്പാട്, മൗലാനാ ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്റെ ഗളഹസ്തം, മുസ്്‌ലിം ചുവയുള്ള സ്ഥലനാമങ്ങളുടെ പേരുമാറ്റം, ജമ്മു-കശ്മീരിന്റെ പദവിയെക്കുറിച്ച ഭരണഘടനാ ഖണ്ഡികയുടെ മരവിപ്പിക്കല്‍ തുടങ്ങി നിരവധി നടപടികള്‍ ഒരേ ദിശയിലേക്കുള്ള പ്രയാണത്തിലെ കാല്‍വെപ്പുകളാണ്. ഒപ്പം രാജ്യത്തെയും ലോകത്തെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളും പ്രചാരണങ്ങളും കൊണ്ടാണ് എല്ലാ എതിര്‍പ്പുകളെയും നേരിടുന്നത്. സി.എ.എയുടെ പരിധിയില്‍നിന്ന് മുസ്്‌ലിംകളെ ഒഴിവാക്കിയതിനുള്ള ന്യായീകരണങ്ങളിലും പ്രകടമാണ് ഈ തെറ്റിദ്ധരിപ്പിക്കല്‍. പാകിസ്താനിലെ മത പ ീഡനത്തില്‍ പൊറുതിമുട്ടി ഇന്ത്യയില്‍ അഭയം തേടാന്‍ നിര്‍ബന്ധിതരായ ഹിന്ദുക്കളെ രക്ഷിക്കാനാണ് സി.എ.എ മുഖ്യമായും കൊണ്ടുവരേണ്ടിവന്നത് എന്ന് ന്യായീകരിക്കുന്ന ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റു ഹിന്ദുത്വ നേതാക്കളും ആവര്‍ത്തിക്കുന്ന ഒരു വ്യാജ പ്രസ്താവന ഉദാഹരണമായെടുക്കാം. ഇന്ത്യാ വിഭജന വേളയില്‍ പാകിസ്താനിലെ ഹിന്ദു ജനസംഖ്യ 23 ശതമാനമായിരുന്നു; ഇന്നത് വെറും മൂന്ന് ശതമാനമായി ചുരുങ്ങിയിരിക്കുന്നു എന്നതാണത്.
വസ്തുത എന്താണ്? വിഭജനത്തിന് മുമ്പ്, 1941-ല്‍ പടിഞ്ഞാറന്‍ പാകിസ്താനില്‍ 14.6 ശതമാനമായിരുന്നു ഹിന്ദു ജനസംഖ്യ. 1947-ല്‍ വിഭജനം നടന്നപ്പോള്‍ അവരില്‍ കുറേ േപര്‍ ഇന്ത്യയിലേക്ക് വന്നു; മുസ്്‌ലിംകള്‍ ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്കും കുടിയേറി. 1951-ലെ സെന്‍സസില്‍ പശ്ചിമ പാകിസ്താനില്‍ 1.6 ശതമാനമായി ഹിന്ദുക്കള്‍. കിഴക്കന്‍ പാകിസ്താനില്‍ 28 ശതമാനവും. 1971-ല്‍ ഈസ്റ്റ് പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ ശൈഖ് മുജീബുര്‍റഹ്്മാന്റെ മുക്തി ബാഹിനി പിടിച്ചെടുത്തു, ബംഗ്ലാദേശ് എന്ന സ്വതന്ത്ര രാജ്യമാക്കി മാറ്റുകയായിരുന്നു. അന്ന് അവിടെ 20 ശതമാനമായിരുന്നു ഹിന്ദു ജനസംഖ്യ. എന്നാല്‍ യുദ്ധ വേളയില്‍ ലക്ഷക്കണക്കില്‍ ഹിന്ദുക്കളും മുസ്ലിംകളും ഇന്ത്യയില്‍ അഭയാര്‍ഥികളായി വന്നു; മതപീഡനം കൊണ്ടല്ല, പട്ടാള തേര്‍വാഴ്ച കൊണ്ട്. അവരാണ് ബംഗാളിലും അസമിലും ഇന്ന് പൗരത്വത്തിന് വേണ്ടി യാചിക്കുന്ന ജനസമൂഹത്തില്‍ സിംഹഭാഗവും. അസമില്‍ 15 ലക്ഷത്തോളം ഹിന്ദുക്കളും അഞ്ച് ലക്ഷത്തോളം മുസ്്‌ലിംകളും ഇവരിൽ പെടുന്നവരായി ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവരിലാര്‍ക്കും പൗരത്വം നല്‍കരുതെന്നാണ് ഒറിജിനല്‍ അസമികളുടെ ആവശ്യം. അതുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമത്തെ അവര്‍ എതിര്‍ക്കുന്നത്. ബി.ജെ.പിയാകട്ടെ ഹിന്ദുക്കള്‍ക്ക് മാത്രം പൗരത്വം നല്‍കാന്‍ തീരുമാനിച്ചതിന്റെ ഫലമാണ് സി.എ.എ. ഈ യാഥാര്‍ഥ്യം അപ്പടി മറച്ചുപിടിച്ചുകൊണ്ടാണ്, പാകിസ്താനിലെ ഇന്നത്തെ ഹിന്ദു ജനസംഖ്യാ നിരക്ക് ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാറും ഭരണപക്ഷവും നടത്തുന്ന പ്രോപഗണ്ട. വെസ്റ്റ് പാകിസ്താനും ഈസ്റ്റ് പാകിസ്താനും ഒന്നായിരുന്ന കാലത്തെ പാകിസ്താനിലെ ഹിന്ദു ജനസംഖ്യയില്‍ ഭൂരിഭാഗവും 1971-ല്‍ ബംഗ്ലാദേശിന്റെ സൃഷ്ടിയോടെ ആ രാജ്യത്തിന്റെ ഭാഗമായില്ലേ? പാകിസ്താനോട് എത്രതന്നെ വിരോധവും വെറുപ്പുമുണ്ടെങ്കിലും നഗ്ന സത്യം മറച്ചുകൊണ്ടാവരുതല്ലോ തെറ്റിദ്ധരിപ്പിക്കല്‍ (കണക്കുകള്‍ക്ക് അവലംബം വിക്കിപീഡിയ).
മറ്റൊരു വസ്തുത കൂടി: ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമൊക്കെ യുവാക്കള്‍ വിദേശങ്ങളിലേക്ക്, വിശിഷ്യാ അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂനിയന്‍, ആസ്‌ത്രേലിയ മുതലായ പ്രദേശങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നുണ്ട്. തൊഴിലുകളും സാമ്പത്തിക നേട്ടങ്ങളും ആഗ്രഹിച്ചുകൊണ്ടാണത്. ഇന്ത്യയില്‍നിന്ന് കാനഡയിലേക്ക് കുടിയേറിയ സിഖുകാര്‍ ഇന്ന് അവിടെ ഭരണത്തില്‍ പങ്കാളികളാണ്. ഈ കുടിയേറ്റം ഇന്ത്യയിലെ മതപീഡനം മൂലമാണെന്ന് സമ്മതിക്കാനാവുമോ? അതുപോലെ പാകിസ്താനിലെ മുസ്ലിംകളും ഹിന്ദുക്കളും മറ്റു മതസ്ഥരും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി പല രാജ്യങ്ങളിലേക്കും കുടിയേറുന്നുണ്ട് എന്നതാണ് വാസ്തവം. എല്ലാം മതപീഡനം ഹേതുവാണെന്ന് ആരോപിക്കുന്നത് വാസ്തവമല്ല. ചിലപ്പോള്‍ അഭയാര്‍ഥി പദവി ലഭിക്കാന്‍ അതും ഒരു കാരണമായി ചിലര്‍ ഉന്നയിക്കാമെന്നത് മറ്റൊരു കാര്യം.
ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന ക്ലീഷെയെ ഓര്‍മിപ്പിക്കുന്നതാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സി.എ.എക്കെതിരായ പ്രതിഷേധങ്ങള്‍ എന്നു കൂടി കൂട്ടത്തില്‍ പറയട്ടെ. ലോക്‌സഭാ ഇലക്്ഷന്‍ പ്രചാരണത്തിന് ചൂടുപിടിച്ചിരിക്കെ സി.എ.എക്കെതിരെ ഏത് മുന്നണിയാണ് കൂടുതല്‍ കരുത്തോടെ പൊരുതുന്നതെന്ന് തെളിയിക്കാന്‍ മതന്യൂനപക്ഷ വോട്ട് ലാക്കാക്കി നടത്തുന്ന കോലാഹലമാണിവിടെ. കേരളത്തില്‍ സി.ഐ.എ ഒരു കാരണവശാലും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ആവോളം ഉച്ചത്തില്‍ ഘോഷിക്കുന്നു; ഇപ്പറയുന്നതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആദ്യത്തെ പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കാളികളായവര്‍ക്കെതിരെ സംസ്ഥാന പോലീസ് ചാര്‍ജ് ചെയ്ത 835 കേസുകളില്‍ ഭൂരിഭാഗവും പിന്‍വലിക്കാത്തതെന്തേ എന്ന് യു.ഡി.എഫും ചോദിക്കുന്നു. ഇലക്്ഷന്‍ ഷെഡ്യൂള്‍ പ്രഖ്യാപിച്ച ശേഷമാണ് മുഖ്യമന്ത്രി കേസ് പിന്‍വലിക്കാന്‍ നടപടിയെടുത്തത് എന്നതുകൊണ്ട് അദ്ദേഹം നിയമലംഘനമാണ് നടത്തിയിരിക്കുന്നത്. മുസ്്‌ലിം പ്രീണനമാണ് ലക്ഷ്യം എന്ന് കേന്ദ്രമന്ത്രി വി. മുരളീധരനും ആരോപിക്കുന്നു. അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ആരെങ്കിലും കേരളത്തിലെത്തിയിട്ടുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ തന്നെ വിരലിലെണ്ണാവുന്നവരേ കാണൂ. അതിനാല്‍ തന്നെ സി.എ.എ ഇവിടെ നടപ്പാക്കേണ്ടിയും വരില്ല.
അപ്പോള്‍ എത്ര ധീരമായും സി.എ.എയെ എതിര്‍ക്കാം. അതേസമയം മത ന്യൂനപക്ഷങ്ങളെ അന്യവത്കരിക്കാനും രണ്ടാംകിട പൗരന്മാരായി തരം താഴ്ത്താനുമുള്ള ആസൂത്രിത നീക്കങ്ങളെ രാജ്യം ഒറ്റക്കെട്ടായി ചെറുത്തേ മതിയാവൂ. ഇന്‍ഡ്യ മുന്നണിയുടെ പ്രഖ്യാപിത നിലപാട് അതായിരിക്കുകയും വേണം. ചെന്നൈ മുഖ്യമന്ത്രി സ്റ്റാലിന്‍ ഇക്കാര്യത്തില്‍ മാതൃകയായിരിക്കട്ടെ. l
Comments