Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

പിശാചിന്റെ കുതന്ത്രങ്ങൾ കരുതിയിരിക്കുക

ഹാമിദ് മഞ്ചേരി

മനുഷ്യന്റെ ഏറ്റവും വലിയ ശത്രുവായി അല്ലാഹു പരിചയപ്പെടുത്തുന്നത് പിശാചിനെയാണ്. "വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്‌ലാമില്‍ പ്രവേശിക്കുക. പിശാചിന്റെ കാല്‍പ്പാടുകളെ പിന്‍പറ്റരുത്. അവന്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്" (2: 208). പരിശുദ്ധ റമദാനെക്കുറിച്ച വിഖ്യാതമായ ഒരു ഹദീസ് ഇപ്രകാരമാണ്. "റമദാൻ ആഗതമായാൽ സ്വർഗ കവാടങ്ങൾ തുറക്കപ്പെടും, നരക കവാടങ്ങൾ അടക്കപ്പെടും. ശൈത്വാൻ ചങ്ങലകളിൽ ബന്ധിക്കപ്പെടുകയും ചെയ്യും." പിശാച് ചങ്ങലകളിൽ ബന്ധിക്കപ്പെട്ടതിന് ശേഷവും നോമ്പ് കാലത്ത് എങ്ങനെയാണ് ആളുകൾ തെറ്റ് ചെയ്യുന്നത് എന്ന് ചിലർ ചോദിക്കാറുണ്ട്. പണ്ഡിതന്മാർ പല രീതിയിൽ അതിനെ വിശദീകരിക്കുന്നുണ്ട്. പിശാചുക്കളുടെ കൂട്ടത്തിലെ ഉഗ്രന്മാരാണ് ചങ്ങലകളിൽ ബന്ധിക്കപ്പെടുന്നത് എന്നാണ് ഒരു വിശദീകരണം. തിന്മയുടെ മറ്റ് ഉറവിടങ്ങളായ തിന്മയിലേക്ക് നയിക്കുന്ന ആത്മാവ് (النفس الأمارة بالسوء), ആഗ്രഹങ്ങൾ (الهواء) തുടങ്ങിയവയിലൂടെയാണ് തിന്മകൾ സംഭവിക്കുന്നത്, പൊതുവിൽ റമദാനിൽ തിന്മകൾ കുറവാണ് എന്നിങ്ങനെയുള്ള മറ്റു വിശദീകരണങ്ങളും  കാണാം. അല്ലാഹുവിന്റെ റഹ്‌മത്തിന്റെ മലക്കുകളുടെ സാന്നിധ്യം ധാരാളമായുണ്ടെങ്കിലും തിന്മകളെ സംബന്ധിച്ച ജാഗ്രതയും നന്മയിലേക്കുള്ള മത്സരബുദ്ധിയും റമദാൻ നമ്മിൽനിന്ന് താൽപര്യപ്പെടുന്നുണ്ടെന്ന് സാരം.

റമദാൻ പിശാചിനെ  മറികടക്കാൻ എളുപ്പമുള്ള സന്ദർഭം കൂടിയാണ്. നന്മയിലേക്ക് നാം സ്വാഭാവികമായി നയിക്കപ്പെടുന്ന സമയമായതിനാലാണത്. മനസ്സും ശരീരവും അതിനായി നിരന്തരം പാകപ്പെടുത്തിക്കൊണ്ടേയിരിക്കുന്ന സമയം. അനുവദനീയതകളെ തന്നെയും നിർണിതമായ സമയത്തേക്ക് അല്ലാഹു അരുതായ്മകളായി നിശ്ചയിച്ചപ്പോൾ മറുചോദ്യങ്ങളേതുമില്ലാതെ ഏറ്റെടുക്കുന്നവരാണല്ലോ നോമ്പുകാർ. ജീവിതത്തിന്റെ തുടർച്ചകളിൽ ഹറാമുകളിൽനിന്ന് എപ്പോഴും നോമ്പെടുക്കാനുള്ള പരിശീലനമാണത്. അവിടെ പൈശാചിക ഇടപെടലുകളുടെ സ്വാധീനത്തെ തിരിച്ചറിയുക പ്രധാനമാണ്.

പിശാച് മനുഷ്യനിൽ ഇടപെടുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ഇമാം ഇബ്നുൽ ഖയ്യിം തന്റെ 'മിഫ്താഹു ദാറു സ്സആദ' എന്ന ഗ്രന്ഥത്തിൽ എഴുതുന്നുണ്ട്. ഒന്നാമതായി പിശാച് മനുഷ്യനെ കുഫ്റിലേക്ക് തള്ളി വിടാനാണ് ശ്രമിക്കുക. ദീനിലല്ലാതിരിക്കുക എന്നതിൽ പരം ഒരു മനുഷ്യനെ സംബന്ധിച്ച് പിശാചിന് സന്തോഷം നൽകുന്ന മറ്റൊന്നുമില്ല. അല്ലാഹുവിങ്കൽ പൊറുക്കപ്പെടാത്ത തിന്മ ശിർക്ക് മാത്രമാണെന്നാണല്ലോ ഖുർആനിക പാഠം. അല്ലാഹുവിന്റെ അനുഗ്രഹം വന്നുകിട്ടിയതിന് ശേഷം അതിനെ മാറ്റിമറിക്കാൻ ശ്രമിക്കുന്നവർക്ക് കഠിനമായ ശിക്ഷയുണ്ടെന്ന് നാഥൻ ഓർമപ്പെടുത്തുന്നുണ്ടല്ലോ. അതിൽ പരാജയപ്പെട്ടാൽ രണ്ടാമതായി പിശാച് ഒരാളിൽനിന്ന് ആഗ്രഹിക്കുന്നത് അയാൾ ബിദ്അത്ത് ചെയ്യുക എന്നതാണ്. ഒരാൾ പാപങ്ങളിൽ ഏർപ്പെടുന്നതിനെക്കാൾ പിശാചിന് പ്രിയം അയാൾ ബിദ്അത്ത് ചെയ്യുന്നതാണ്. പാപങ്ങൾ തൗബയാൽ പൊറുക്കപ്പെടാം; എന്നാൽ ബിദ്അത്ത് ചെയ്യുന്നവൻ താൻ ഹിദായത്തിലാണെന്നാണല്ലോ കരുതുന്നത് എന്ന് ഇമാം സാന്ദർഭികമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. "തങ്ങൾ ചെയ്യുന്നതെല്ലാം നല്ലതാണെന്ന് കരുതുന്നവരാണവർ" (18: 104). ബിദ്അത്ത് മുഹമ്മദ് നബി(സ)യുടെ രിസാലത്തിലുള്ള സംശയമാണ്. അവിടുന്ന് ഉത്തരവാദിത്വത്തിൽ വീഴ്ച വരുത്തിയെന്നാണ് ബിദ്അത്തുകളുടെ ഉള്ളർഥം. അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീസിൽ  നബി (സ) പറഞ്ഞു: "നിങ്ങളെ സ്വർഗത്തിലേക്ക് അടുപ്പിക്കുന്ന ഒരു കാര്യവും നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുതരാതെ വിട്ടുപോയിട്ടില്ല. നിങ്ങളെ നരകത്തില്‍നിന്ന് അകറ്റുന്ന ഒരു കാര്യവും പറഞ്ഞുതരാതെ പോയിട്ടില്ല."

മൂന്നാമതായി പിശാച് ഒരാളിൽ നിന്ന് ആഗ്രഹിക്കുന്നത് വൻ പാപങ്ങളാണ്. സദ്‌വൃത്തരായ ആളുകളെ പറ്റി പറയുന്നിടത്ത് ഖുർആൻ പറയുന്നു: "അവർ, വന്‍ പാപങ്ങളും നീചവൃത്തികളും വര്‍ജിക്കുന്നവരാണ്; കൊച്ചു വീഴ്ചകളൊഴികെ. നിശ്ചയമായും നിന്റെ നാഥന്‍ ഉദാരമായി പൊറുക്കുന്നവനാണ്" (53: 32). റസൂൽ (സ) ഒരിക്കല്‍ പറയുകയുണ്ടായി: ‘‘നിങ്ങള്‍ വന്‍പാപങ്ങള്‍ വെടിയുക.’’ അപ്പോള്‍ അനുചരര്‍ ചോദിച്ചു: ഏതാണ് പ്രവാചകരേ, വന്‍പാപങ്ങള്‍? അവിടുന്ന് ഏഴ് കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞു: അല്ലാഹുവില്‍ പങ്കുചേര്‍ക്കുക (ശിര്‍ക്ക്), മാരണവും കൂടോത്രവും (സിഹ്‌റ്) ചെയ്യുക, അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിച്ചുകളയുക, പലിശ ഭക്ഷിക്കുക, അനാഥയുടെ സമ്പത്ത് അന്യായമായി അനുഭവിക്കുക, യുദ്ധത്തിൽനിന്ന് പിന്‍വലിയുക, പതിവ്രതകളായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കുക.’’ ഇതല്ലാത്ത വൻപാപങ്ങളെയും പ്രമാണങ്ങൾ പരാമർശിക്കുന്നുണ്ട്.  ഇസ്‌ലാം ഹദ്ദ് നിർണയിച്ച വ്യഭിചാരം, മോഷണം തുടങ്ങിയവയും സ്വവര്‍ഗരതിയും  മദ്യപാനവുമെല്ലാം അതിന്റെ പരിധിയിൽ വരും.

ഇതിലും പരാജയപ്പെടുമ്പോൾ പിശാച് അടുത്ത തന്ത്രവുമായി മനുഷ്യനെ സമീപിക്കും, അത് ചെറുപാപങ്ങളാണ്. വിശ്രുതമായൊരു പ്രവാചക പാഠമുണ്ട്: "നിങ്ങള്‍ ചെറിയ പാപങ്ങളെ പ്രത്യേകം സൂക്ഷിക്കുക. കാരണം, അവ ഒരാളില്‍ ഒരുമിച്ചുകൂടി അയാളെ നശിപ്പിച്ചുകളയും. തുടര്‍ന്ന് തിരുനബി (സ) അതിന് ഒരു ഉപമ പറഞ്ഞു: ഒരു സംഘം ആളുകള്‍ ഒഴിഞ്ഞ ഒരിടത്ത് തമ്പടിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതിന് വിറകന്വേഷിച്ച് ഒരാള്‍ പുറപ്പെടുന്നു. ഒരു മരക്കഷ്ണവുമായി അയാള്‍ തിരിച്ചുവരുന്നു. മറ്റൊരാള്‍ പോയി വേറൊരു മരക്കഷ്ണവുമായി തിരിച്ചുവരുന്നു. അങ്ങനെ മരക്കഷ്ണങ്ങളുടെ ഒരു കൂമ്പാരം തന്നെ അവിടെ ഒരുമിച്ചുകൂടുന്നു. തുടർന്ന് തീ കത്തിക്കുകയും ഭക്ഷണം വേവിക്കുകയും ചെയ്യുന്നു." പലതുള്ളി പെരുവെള്ളമെന്ന പോലെ  ചെറുപാപങ്ങളുടെ കൂമ്പാരവുമായി അല്ലാഹുവിന്റെ സവിധത്തിൽ ചെന്ന് നിൽക്കുന്നതൊന്ന് സങ്കൽപ്പിച്ചു നോക്കൂ! പാപങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും ആത്യന്തികമായി അത് അല്ലാഹുവിനോടുള്ള ധിക്കാരമാണെന്ന ഓർമ വേണം.
അതിലും പരാജയപ്പെട്ടാൽ പിശാച് അഞ്ചാമതൊരു  തന്ത്രം പയറ്റും. ശ്രേഷ്ഠകരമായ കർമങ്ങളിൽനിന്ന് അത്രയൊന്നും ശ്രേഷ്ഠമല്ലാത്ത കർമങ്ങളിൽ മുഴുകുന്നതിനായി മനുഷ്യനെ പ്രേരിപ്പിക്കുക.

ജീവിതത്തിൽ അനുവദനീയതയുടെ ഒരു വലിയ മണ്ഡലം തന്നെയുണ്ട്. ദിക്റുകളിൽനിന്നും ദുആകളിൽനിന്നും ദുനിയാവിന്റെ രസങ്ങൾ പലപ്പോഴും നമ്മെ തെറ്റിച്ചുകളയാറില്ലേ? നമ്മുടെ വീക്ക്നെസ്സുകളിൽ തൊട്ട് കളിക്കുകയാണ് ശൈത്വാൻ. 'ശത്വന' എന്നതാണല്ലോ ശൈത്വാന്റെ മൂലപദം. അകറ്റുക എന്നതാണ് അതിന്റെ അർഥം. നന്മകളിൽനിന്ന് നമ്മെയകറ്റാൻ സർവായുധ സജ്ജനായി തന്നെയാണ് പിശാചിന്റെ ഇരിപ്പ്. വൻപാപങ്ങളൊന്നും ഞാൻ ചെയ്യുന്നില്ലല്ലോ, ചെറുപാപങ്ങളിൽ സൂക്ഷ്മതയുണ്ടല്ലോ എന്ന് വിചാരിച്ചിരിക്കുന്നവരെ പിശാച് പിടികൂടുന്ന വിധമാണിത്! റമദാനിൽ നമുക്ക് വലിയ ജാഗ്രത വേണ്ടുന്ന ഇടമാണിത്. വിനോദങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമായ കാലത്ത് ചെറുതല്ലാത്തൊരു പരിശ്രമം വിശ്വാസിയിൽനിന്ന് ഈ കാലം ആവശ്യപ്പെടുന്നുണ്ടെന്ന് തീർച്ച.
ആറാമതായി, പിശാചിന്റെ മറ്റൊരു തന്ത്രം കൂടി പറഞ്ഞുവെക്കുന്നുണ്ട് ഇമാം ഇബ്നുൽ ഖയ്യിം. അത് ഇങ്ങനെയാണ്: പിശാച് തന്റെ കൂട്ടാളികളെ ഉപയോഗിച്ച് മനുഷ്യന് മേൽ സ്വാധീനം ചെലുത്താൻ ശ്രമിക്കും. പിശാചിന്റെ കൂട്ടാളികൾ അവനെ ഉപദ്രവിക്കുകയും ചീത്തവിളിക്കുകയും ചെയ്യും. അവന്റെ മേൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കും. അങ്ങനെ വിശ്വാസിയെ അതുമായി ബന്ധപ്പെട്ട ആലോചനകളിൽ കുരുക്കിയിടും.  അപാരമായ സ്വബ്ർ കൊണ്ട് മാത്രം തടയിടാൻ കഴിയുന്ന പൈശാചിക തന്ത്രമാണിത്.

മറ്റു ചിലപ്പോൾ അല്ലാഹുവിന്റെ  കൽപ്പനകളിൽ അലസരാവാനും (تفريط) അതല്ലെങ്കിൽ അതിരുകവിയാനും (إفراط) പിശാച് പ്രേരിപ്പിച്ചുകൊണ്ടിരിക്കും. "മനുഷ്യ ഹൃദയങ്ങളിൽ വസ്‌വാസ് ഉണ്ടാക്കുന്നവൻ" (114: 5) എന്നതാണല്ലോ അവന് ഖുർആൻ നൽകുന്ന ഒരു വിശേഷണം. ദുർബോധനങ്ങളുമായി പിശാച് എല്ലായ്പോഴും നമ്മോട് കൂടെയുണ്ട്. വിധേയനാവുന്നവന് തന്നെയും അത് പെട്ടെന്ന് തിരിച്ചറിയാനാവില്ല. അല്ലാഹു അവനെക്കുറിച്ച് തന്നെ നമ്മോട് പറഞ്ഞതുപോലെ, "നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളോടൊപ്പമുണ്ട്" എന്ന വാക്യമാണ് അപ്പോൾ നമുക്ക് രക്ഷാകവചമായിത്തീരുക. l

Comments