Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

ഫിത്വ് ർ സകാത്ത് നിയമവും സന്ദേശവും

അബ്ദുസ്സലാം അഹ്മദ് നീര്‍ക്കുന്നം

പുണ്യറമദാന്‍ മാസം വിടപറയാന്‍ ഒരുങ്ങുകയാണ്. വളരെ വേഗമാണ് റമദാന്‍ വന്നണഞ്ഞത്; അതിനെക്കാള്‍ വേഗത്തിലാണ് അതിന്റെ വിടവാങ്ങല്‍. വെയിലത്ത് ഐസ് ഉരുകുന്ന പോലെ വേഗത്തിലാണ് റമദാൻ ദിനങ്ങള്‍ തീര്‍ന്നുപോകുന്നത്. റമദാന്‍ വിടപറയാതിരുന്നെങ്കില്‍ എന്നാണ് ഓരോ വിശ്വാസിയും കൊതിക്കുക. റമദാന്‍ നോമ്പ് അവസാനിക്കുന്നതോടെ നിര്‍ബന്ധമാകുന്നതാണ് ഫിത്വ് ർ സകാത്ത്. നോമ്പ് അവസാനിച്ചു എന്നർഥം വരുന്ന ഫിത്വ് ർ എന്ന വാക്കും ദാനം എന്നർഥം വരുന്ന സകാത്തും ചേര്‍ത്താണ് സകാത്തുല്‍ ഫിത്വ് ർ എന്നോ ഫിത്വ് ർ സകാത്ത് എന്നോ പറയുന്നത്. നോമ്പുകാരനില്‍ സംഭവിച്ചേക്കാവുന്ന വീഴ്ചകൾ പരിഹരിക്കാനുള്ള മാര്‍ഗമാണ് ഫിത്വ് ർ സകാത്ത്.  മറ്റെല്ലാ ആരാധനാ കർമങ്ങളും പോലെ ഇതിന്റെ ഭൗതികമായ പ്രയോജനം മനുഷ്യന് തന്നെയാണ് ലഭിക്കുന്നത്. പെരുന്നാള്‍ ദിവസം യാചകനായി ഒരാളെയും വഴിയില്‍ കാണരുത് എന്നതാണ് ഇതിന്റെ രണ്ടാമത്തെ ഉദ്ദേശ്യം.

നബി തിരുമേനി (സ) പഠിപ്പിക്കുന്നു:
عن ابن عباس رضي الله عنه قال: فرض رسول الله صلى الله عليه 
وسلم زكاة الفطر طهرة للصائم من اللغو والرفث وطعمة للمساكين 
(رواه أبو داود)

ഇബ്നു അബ്ബാസി(റ)ൽനിന്ന്. അദ്ദേഹം പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതര്‍ സകാത്തുല്‍ ഫിത്വ് ർ നിര്‍ബന്ധമാക്കി; നോമ്പുകാരന് അനാവശ്യങ്ങളില്‍ നിന്നും അശ്ലീലങ്ങളില്‍നിന്നുമുള്ള ശുദ്ധീകരണം എന്ന നിലക്കും, പാവങ്ങള്‍ക്കുള്ള ഭക്ഷണം എന്ന നിലക്കും.”

മനുഷ്യസഹജമായ ചില്ലറ വീഴ്ചകള്‍ നോമ്പുകാരനില്‍നിന്ന് സംഭവിച്ചുപോയേക്കാം. ഒരു മാസം മുഴുവന്‍ അനുഷ്ഠിച്ച നോമ്പില്‍ വന്നേക്കാവുന്ന പിഴവുകള്‍ക്കുള്ള നിര്‍ണിത പ്രായശ്ചിത്തം എത്രയോ തുഛമായ അളവിലാണ് എന്നതും ശ്രദ്ധിക്കണം. ഒരു സാഅ് ധാന്യം നല്കിയാല്‍ അത് പൂര്‍ത്തിയായി. നാല് മുദ്ദ് ചേര്‍ന്നതാണ് ഒരു സാഅ്. ഒരു സാധാരണ മനുഷ്യന്‍ രണ്ട് കൈകളും ചേര്‍ത്തുപിടിച്ച് കോരിയെടുത്താല്‍ കിട്ടുന്ന അളവാണ് ഒരു മുദ്ദ്. നബിതിരുമേനിയുടെ കാലത്തെ അളവ് ആയതിനാല്‍ ഇന്നത്തെ മെട്രിക് അളവിലേക്ക് മാറ്റുമ്പോള്‍ സ്വാഭാവികമായി ഉണ്ടാവുന്ന അഭിപ്രായവ്യത്യാസങ്ങള്‍ മുന്നില്‍ വെച്ച് പഠിക്കുമ്പോള്‍ 2.200 മുതൽ പരമാവധി 3 കിലോ വരെ ധാന്യമാണ് ഒരു സാഅ് എന്ന് പറയാം.

عن عبدالله بن عمر رضي الله عنهما-: أنَّ رَسولَ اللهِ صَلَّى اللَّهُ عليه وَسَلَّمَ فَرَضَ زَكَاةَ الفِطْرِ مِن رَمَضَانَ علَى النَّاسِ، صَاعًا مِن تَمْرٍ، أَوْ صَاعًا مِن شَعِيرٍ، علَى كُلِّ حُرٍّ، أَوْ عَبْدٍ، ذَكَرٍ، أَوْ أُنْثَى، مِنَ المُسْلِمِينَ

അബ്ദുല്ലാഹിബ്നു ഉമറി(റ) ൽനിന്ന്: ''അല്ലാഹുവിന്റെ തിരുദൂതര്‍  (സ) റമദാനില്‍ ജനങ്ങള്‍ക്ക് സകാത്തുല്‍ ഫിത്വ് ർ നിര്‍ബന്ധമാക്കി; ഈത്തപ്പഴത്തില്‍നിന്നോ, ബാര്‍ലിയില്‍നിന്നോ ഒരു സ്വാഅ്. മുസ്ലിംകളില്‍ നിന്നുള്ള ഓരോ സ്വതന്ത്രനും അടിമക്കും പുരുഷനും സ്ത്രീക്കും അത് ബാധകമാക്കി.''

عن أبي سعيد الخدري رضي الله عنه  قال: كنا نعطيها في زمن النبي صلى الله عليه وسلم صاعاً من طعام أو صاعاً من تمر أو صاعاً من شعير أو صاعاً من إقط أو صاعاً  من زبيب
 (متفق عليه) 

അബൂ സഈദില്‍ ഖുദ്്രി(റ)യിൽനിന്ന്. അദ്ദേഹം പറഞ്ഞു: “നബി (സ) യുടെ കാലത്ത് ഞങ്ങള്‍ ഭക്ഷണത്തില്‍നിന്നോ, ഈത്തപ്പഴത്തില്‍നിന്നോ, ബാര്‍ലിയില്‍നിന്നോ, പാല്‍ക്കട്ടിയില്‍ നിന്നോ, ഉണക്കമുന്തിരിയില്‍ നിന്നോ ഒരു സാഅ് ആയിരുന്നു നല്‍കിയിരുന്നത്.”

മുകളില്‍ ഉദ്ധരിച്ച ഹദീസുകളിൽനിന്ന് മനസ്സിലാവുന്നത്, എന്താണോ ഒരാളുടെ കൈവശം ഭക്ഷണം / ധാന്യം ഉള്ളത് അതില്‍നിന്ന് ഒരു സാഅ് സകാത്തായി നല്‍കണം എന്നാണ്. പ്രാദേശികമായ പ്രധാന ഭക്ഷണധാന്യം എന്നാണ് ഇമാമുമാര്‍ ഇതിനെ വിശദീകരിക്കുന്നത്. അപ്പോള്‍ നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായ അരിയാണ് സകാത്തായി നല്‍കേണ്ടത് എന്ന് അനുമാനിക്കാം. പെരുന്നാള്‍ ദിനത്തില്‍ എല്ലാവരും ഒരുപോലെ സന്തോഷിക്കട്ടെ എന്നും ഹദീസിൽ ഉണ്ടല്ലോ. അതിനാല്‍ സാധാരണ ദിവസങ്ങളില്‍ ആഹരിക്കുന്നതിനെക്കാള്‍ അല്പം കൂടി മെച്ചപ്പെട്ട ആഹാരം കൂടുതല്‍ സന്തോഷം നല്‍കുന്നതായതിനാല്‍, അതിനാവശ്യമായ രീതിയില്‍ ഫിത്വ് ർ സകാത്ത് ക്രമീകരിക്കാവുന്നതാണ്. ഒരു സാഅ് സാധാരണ അരിക്ക് പകരം അര സാഅ് ബസ്മതി / ജീരകശാല ബിരിയാണി അരിയും പെരുന്നാള്‍ ദിവസത്തേക്കുള്ള മാംസവും കൂടി നല്‍കാനായാല്‍ ലഭിക്കുന്നവര്‍ക്ക് അത് കൂടുതല്‍ പ്രയോജനകരമായേക്കാം. ലഭിക്കുന്നവര്‍ക്ക് കൂടുതൽ പ്രയോജനം ചെയ്യുക പണമായി നൽകുന്നതാണെങ്കില്‍, സകാത്തുല്‍ ഫിത്വ് ർ പണമായി നല്‍കുന്നതാണ് നല്ലത് എന്ന് ഇമാം അബൂ ഹനീഫ പറയുന്നുണ്ട്. അതും പരിഗണിക്കാവുന്നതാണ്.

പെരുന്നാള്‍ ദിവസം തന്റെയും തന്റെ  ആശ്രിതരുടെയും  ചെലവുകള്‍ കഴിച്ച് ബാക്കി വരുന്ന എല്ലാവരും സകാത്തുല്‍ ഫിത്വ് ർ നല്‍കേണ്ടത് നിര്‍ബന്ധമാണ്. കുടുംബനാഥന് തന്റെ ആശ്രിതരായ എല്ലാവർക്കും വേണ്ടി അത് നല്‍കാം. പ്രായപൂര്‍ത്തിയായ, വരുമാനമുള്ള മക്കളുണ്ടെങ്കിൽ അവരെക്കൊണ്ട് കൊടുപ്പിക്കലാണ് നല്ലത്. ഗര്‍ഭസ്ഥ ശിശുവിനു വേണ്ടി നല്‍കല്‍ നിര്‍ബന്ധമല്ലെങ്കിലും പുണ്യമാണ് എന്നാണ് പണ്ഡിത മതം.

   ഗള്‍ഫ് നാടുകളില്‍ ഔഖാഫുകള്‍ 15 ദിര്‍ഹം കണക്കിലാണ് പൊതുവേ ഫിത്വ് ർ സകാത്ത് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ പള്ളികളില്‍ പലയിടങ്ങളിലും സാധാരണയായി അത് 100 രൂപയാണ്. പ്രാദേശികമായി ഭക്ഷണവസ്തുക്കളുടെ വിലനിലവാരമനുസരിച്ച് ഇതിൽ ഏറ്റക്കുറവുകള്‍ ഉണ്ടാകാവുന്നതാണ്. പെരുന്നാള്‍ പിറ കണ്ട സമയം മുതല്‍ പെരുന്നാള്‍ നമസ്കാരത്തിന് തൊട്ടുമുമ്പ് വരെയാണ് സകാത്തുൽ ഫിത്വ് ർ നൽകാൻ ഏറ്റവും ശ്രേഷ്ഠമായ സമയം. ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസില്‍, നബി തിരുമേനി ഈ സമയവും കൂടി നിര്‍ണയിച്ചു തന്നിരിക്കുന്നു.

زكاةُ الفطرِ طُهْرَةٌ للصائمِ من اللغوِ والرفثِ وطُعْمَةٌ للمساكينِ من أدَّاها قبلَ الصلاةِ فهيَ زكاةٌ مقبولةٌ ومن أدَّاها بعد الصلاةِ فهيَ صدقةٌ من الصدقاتِ

“നോമ്പുകാരന് അനാവശ്യത്തില്‍നിന്നും അശ്ലീലത്തില്‍നിന്നുമുള്ള ശുദ്ധീകരണവും, പാവപ്പെട്ടവന്റെ ഭക്ഷണവുമാണ് സകാത്തുല്‍ ഫിത്വ് ർ. നമസ്കാരത്തിന് മുമ്പ് ആരെങ്കിലും അത് നല്‍കിയാല്‍ സ്വീകാര്യമായ സകാത്ത് ആയി. ആരെങ്കിലും നമസ്കാരത്തിന് ശേഷമാണ് അത് നല്‍കുന്നതെങ്കില്‍ അതൊരു സ്വദഖ മാത്രമാണ്.”

ഈ ഹദീസ് മുന്നില്‍ വെച്ച് ഇമാമുമാര്‍ അഭിപ്രായ വിശാലത കാണിച്ചിട്ടുണ്ട്. റമദാന്‍ ഒന്നാം ദിവസം തുടങ്ങി പെരുന്നാള്‍ ദിവസം മഗ്്രിബ് വരെയാണ് ഫിത്വ് ർ സകാത്തിന്റെ സമയം എന്നാണ് ചില ഇമാമുമാരുടെ അഭിപ്രായം. ഒരു നോമ്പ് എടുത്തവനും ശുദ്ധീകരണം ആവശ്യമായി വരുന്നുണ്ടല്ലോ, അതിനാല്‍ ഒന്നാം ദിവസം തന്നെ അത് നല്‍കാം എന്നാണ് ഒരു പക്ഷം.

സകാത്തുല്‍ ഫിത്വ് റിന്റെ രണ്ടാമത്തെ ഉദ്ദേശ്യമായി  നബി തിരുമേനി (സ) പഠിപ്പിക്കുന്നത്, പെരുന്നാള്‍ ദിവസം യാചകര്‍ ഉണ്ടാവാതിരിക്കട്ടെ എന്നാണ്.

"أغنوهم عن المسألة في هذا اليوم"
"أغنوهم عن طواف هذا اليوم"

“അവരെ ഈ ദിവസം കറങ്ങി നടക്കുന്നതില്‍ നിന്ന് / യാചനയില്‍നിന്ന് നിങ്ങള്‍ ഐശ്വര്യവാന്മാരാക്കൂ.”

ഒരു നാട് മുഴുവന്‍ സന്തോഷിക്കുന്ന പെരുന്നാള്‍ ദിനത്തിലും ജനങ്ങളോട് കൈനീട്ടി യാചിക്കേണ്ട അവസ്ഥയുണ്ടാവരുത്. ഞെരുക്കം അനുഭവിക്കുന്നവര്‍ അതില്‍ സഹനം കൈക്കൊള്ളണം എന്ന് ഉദ്ബോധിപ്പിക്കുമ്പോഴും, അങ്ങനെ പ്രയാസം അനുഭവിക്കുന്നവരെ കണ്ടെത്തി അവരിലേക്ക് സകാത്തുല്‍ ഫിത്വ് ർ പോലെയുള്ളവ എത്തിച്ചുകൊടുക്കുകയും അവരുടെ അഭിമാനം സംരക്ഷിക്കുന്ന നിലയില്‍ കാര്യങ്ങള്‍ രഹസ്യമാക്കി വെക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. പുറമെ കാണുമ്പോള്‍ ധനികരാണ് എന്ന് തോന്നുമാറ് അഭിമാനം കാത്തുസൂക്ഷിക്കുന്ന ചിലരുണ്ട്; അവരെ പ്രത്യേകം കണ്ടുപിടിക്കണം. ജനസേവന പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന പലരുടെയും സ്വകാര്യ ദുഃഖങ്ങള്‍  അന്വേഷിക്കേണ്ടത് സഹപ്രവര്‍ത്തകരുടെ ബാധ്യതയാണ്.

ഓരോ പ്രദേശത്തും പെരുന്നാള്‍ ദിവസം പ്രയാസം അനുഭവിക്കുന്നവര്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷവും ഫിത്വ് ർ സകാത്ത് വിഭവങ്ങള്‍ ബാക്കിയാവുന്നുവെങ്കില്‍  അയല്‍പ്രദേശങ്ങളിൽ അവകാശികളുണ്ടെങ്കിൽ അതവർക്ക് എത്തിച്ചുകൊടുക്കാം.  നിത്യവൃത്തിക്ക് പ്രയാസപ്പെടുന്ന ജനകോടികള്‍ രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ ഉള്ളപ്പോള്‍, ഒരു പ്രദേശത്തെ സകാത്തുല്‍ ഫിത്വ് ർ ചില വ്യക്തികളിലേക്ക് മാത്രം പോകുന്നത് അഭിലഷണീയമല്ല; പ്രത്യേകിച്ചും സകാത്തുല്‍ ഫിത്വ് ർ കൊണ്ടുള്ള രണ്ടാമത്തെ ഉദ്ദേശ്യം പെരുന്നാള്‍ ദിനത്തിലെ സമൃദ്ധി ആയതിനാല്‍. മൊത്തത്തിലുള്ള ദാരിദ്ര്യ നിർമാര്‍ജനം നിര്‍ബന്ധ സകാത്ത് കൊണ്ടാണ് സാധ്യമാവേണ്ടത് എന്നതിനാലും ഇത് കൂടുതല്‍ പ്രസക്തമാവുന്നു. l

Comments