Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

മനുഷ്യനെ മനുഷ്യനാക്കുന്നത് പരലോക വിശ്വാസം

എഡിറ്റർ

വിശുദ്ധ ഖുര്‍ആനില്‍ ഒരുപക്ഷേ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടിരിക്കുക 'അന്ത്യദിന'വും 'പരലോക'വുമായിരിക്കും. ഖുര്‍ആനിലുടനീളം പല പല സന്ദര്‍ഭങ്ങളില്‍, വിവിധ പേരുകളിലും വിശേഷണങ്ങളിലും ഈ വിഷയം കടന്നുവരും. ആമുഖ അധ്യായമായ അല്‍ ഫാത്തിഹയില്‍ തന്നെ 'വിചാരണാ ദിന' (യൗമുദ്ദീന്‍)ത്തെക്കുറിച്ച് പറയുന്നുണ്ട്. മുഴുവന്‍ മനുഷ്യരും പ്രപഞ്ചനാഥന്റെ മുന്നില്‍ അണിനിരന്നു നില്‍ക്കുന്ന ദിനമാണത് (83:6). അന്ന് ഒന്നിന്റെയും ഉടമസ്ഥത മനുഷ്യര്‍ക്കുണ്ടാവില്ല. കൈവരിച്ചതൊക്കെയും കൈവിട്ടു പോയിട്ടുണ്ടാവും. മുഴുവന്‍ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത് അല്ലാഹു മാത്രം (82:19). നിയമവിധികള്‍ വിശദീകരിക്കുമ്പോള്‍, ചരിത്ര സംഭവങ്ങള്‍ വിവരിക്കുമ്പോള്‍, പ്രപഞ്ചത്തിലെ എണ്ണമറ്റ ദൈവിക ദൃഷ്ടാന്തങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുമ്പോള്‍ - ഇങ്ങനെ ഏത് വിഷയം കൈകാര്യം ചെയ്യുമ്പോഴും അത്തരം ആയത്തുകളുടെ തുടക്കത്തിലോ മധ്യത്തിലോ അവസാനത്തിലോ വിചാരണാ നാളും പരലോകവും സൂചിപ്പിക്കപ്പെടാതിരിക്കില്ല. ഖുര്‍ആന്‍ റസൂലിനെ ഉണര്‍ത്തിയിട്ടുള്ളതു പോലെ, 'ഈ ലോകത്തെക്കാള്‍ നിനക്ക് അത്യുത്തമം പരലോകമാണ്്' (93:4) എന്നതാണ് അതിന് കാരണം. പരലോക വിഭവങ്ങളെ അപേക്ഷിച്ച് ഇഹലോകത്തേത് വളരെ ശുഷ്‌കമാണെന്നും (9:38) പഠിപ്പിക്കുന്നു. അല്ലാഹുവിങ്കലുള്ളതത്രെ ഉത്കൃഷ്ടവും ശാശ്വതവുമായിട്ടുള്ളത് (28:60).

വിചാരണാ ദിനത്തിന് ഖുര്‍ആനില്‍ ധാരാളമായി വന്നിട്ടുള്ള മറ്റൊരു പ്രയോഗം 'ഉയിര്‍ത്തെഴുന്നേൽപ്പ് നാള്‍' (യൗമുല്‍ ഖിയാമ) എന്നാണ്. ഖുര്‍ആനിൽ ഇത് എഴുപതോളം തവണ വന്നിട്ടുണ്ട്. ശിക്ഷയുടെ ദിനം (യൗമുല്‍ അദാബ്), പേടിച്ചോടുന്ന ദിനം (യൗമുല്‍ ഫിറാര്‍), സകലരും ഒരുമിച്ചുകൂട്ടപ്പെടുന്ന ദിനം (യൗമുൻ മജ്മൂഅ്) എന്നിങ്ങനെ എത്രയോ വിശേഷണങ്ങള്‍ വേറെയും വന്നിട്ടുണ്ട്. ഖുര്‍ആനില്‍ പലപ്പോഴും 'ദിനം' (യൗ ം) എന്ന് പറയുന്നത് തന്നെ ഉയിര്‍ത്തെഴുന്നേൽപ്പ് നാളിനെ കുറിക്കാനായിരിക്കും. ധനവും മക്കളും പ്രയോജനപ്പെടാത്ത ദിനം, സത്യവാന്മാര്‍ക്ക് അവരുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിനം, അവര്‍ പുനര്‍ജീവിപ്പിക്കപ്പെടുന്ന ദിനം, കച്ചവടമോ സൗഹൃദമോ ഇടതേട്ടമോ ഒന്നും ഇല്ലാത്ത ദിനം, മനുഷ്യന്‍ തന്റെ സഹോദരനില്‍നിന്നും മാതാപിതാക്കളില്‍നിന്നും സഹധര്‍മിണിയില്‍നിന്നും മക്കളില്‍നിന്നും ഓടിപ്പോകുന്ന ദിനം.... ഇതേ ആശയത്തെ കുറിക്കാന്‍ ഖുര്‍ആന്‍ പതിമൂന്ന് ഇടങ്ങളില്‍ 'അസ്സാഅത്' (ഉയിര്‍ത്തെഴുന്നേൽപ്പ് വേള) എന്നും പ്രയോഗിച്ചതായി കാണാം. സ്വര്‍ഗ-നരകങ്ങളെക്കുറിച്ച വിവരണങ്ങളും ധാരാളമായി വന്നിട്ടുണ്ട്. 

ഇങ്ങനെ നോക്കിയാല്‍ ഇത്രയധികം വിശദീകരണമുള്ള മറ്റൊരു വിഷയവും ഖുര്‍ആനില്‍ ഇല്ലെന്ന് കണ്ടെത്താനാവും. മനുഷ്യന്റെ പഞ്ചേന്ദ്രിയങ്ങള്‍ക്കും അനുഭവ സീമകള്‍ക്കും അപ്പുറമുള്ള (ഗൈബി) വിഷയമായതു കൊണ്ടാകാം ഇത്രയധികം ഈ വിഷയത്തിന് ഊന്നല്‍ നല്‍കുന്നത്. മനുഷ്യന്റെ ബുദ്ധിശക്തികൊണ്ട് മനസ്സിലാക്കിയെടുക്കാവുന്നതല്ല ഇതൊന്നും. അതിനാല്‍ എല്ലാം വിശദമായി ഖുര്‍ആനിൽ തന്നെ വിവരിക്കേണ്ടതുണ്ട്. ഏതൊരു മനുഷ്യനെയും ആന്തരികമായി നല്ല മനുഷ്യനാക്കുന്നത് പരലോക വിശ്വാസമാണ്. മനുഷ്യരെ നല്ല നടപ്പ് ശീലിപ്പിക്കാന്‍ ഭരണകൂടങ്ങള്‍ പലതരം നിയമങ്ങള്‍ കൊണ്ടുവരാറുണ്ട്. പണവും സ്വാധീനവുമുള്ളവര്‍ ആ നിയമങ്ങളെ തന്ത്രപരമായി മറികടക്കും. അവര്‍ ദുര്‍ബലരെ കടന്നാക്രമിക്കും; അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കും.

നിയമങ്ങള്‍ നിര്‍മിക്കുന്ന ഭരണകൂടങ്ങള്‍ വരെ ഇവര്‍ക്കൊപ്പമായിരിക്കും. കാരണം, ഇവര്‍ക്കൊന്നും തങ്ങളുടെ പ്രവൃത്തികള്‍ പരലോകത്ത് വിചാരണ ചെയ്യപ്പെടുമെന്ന വിശ്വാസമില്ല. അവര്‍ വിശ്വാസികളാണെങ്കില്‍ തന്നെ, തങ്ങളുടെ കര്‍മങ്ങള്‍ സസൂക്ഷ്മം വീക്ഷിക്കുന്ന, അതിന് വിചാരണാ നാളില്‍ രക്ഷാ ശിക്ഷകള്‍ നല്‍കുന്ന ഒരു ദൈവത്തില്‍ അവര്‍ വിശ്വസിക്കുന്നില്ല. ലോകത്ത് അരങ്ങേറുന്ന മുഴുവന്‍ അതിക്രമങ്ങളുടെയും അനീതികളുടെയും മൂല കാരണം ഈ പരലോക വിശ്വാസമില്ലായ്മയാണ്. അതുകൊണ്ടുതന്നെ ഒരു വിശ്വാസിയെ വ്യത്യസ്തനാക്കുന്നത് അവന്റെ അടിയുറച്ച പരലോക വിശ്വാസമാണ്. നിയമങ്ങള്‍ തന്നെ പിടികൂടില്ലെന്ന് ഉറപ്പുള്ളപ്പോഴും, അവന്‍ സദ്്വൃത്തനായി നിലകൊള്ളും. ആരും കാണുന്നില്ലെങ്കിലും പടച്ച തമ്പുരാന്‍ കാണുന്നുണ്ടെന്ന അടിയുറച്ച ബോധ്യം തന്നെയാണ് തിന്മകളില്‍നിന്നകന്ന് നന്മകളില്‍ മുന്നേറാന്‍ അവന് പ്രേരണയാവുക. l

Comments