Prabodhanm Weekly

Pages

Search

2024 ഏപ്രിൽ 05

3347

1445 റമദാൻ 25

വിശുദ്ധ ഖുർആന്റെ ലക്ഷ്യങ്ങൾ

നൗഷാദ് ചേനപ്പാടി

വിശുദ്ധ ഖുർആനിന് മൗലികമായ ചില ഉദ്ദേശ്യലക്ഷ്യങ്ങളുണ്ട്. ഓരോ വിശ്വാസിയും ഖുർആന്റെ ആ ഉദ്ദേശ്യലക്ഷ്യങ്ങൾ അറിഞ്ഞിരിക്കണം. ആ ലക്ഷ്യങ്ങൾക്കനുസരിച്ചായിരിക്കണം അവന്റെ ഖുർആൻ പഠനവും ജീവിതവും പ്രബോധനവും.  ശൈഖ് യൂസുഫുൽ ഖറദാവി ഈ ലക്ഷ്യങ്ങൾ ഏഴായി എണ്ണിയിട്ടുണ്ട്. 

1. വിശ്വാസത്തെയും വീക്ഷണങ്ങളെയും ശരിയാക്കൽ. 
2. മനുഷ്യ മഹത്വത്തെയും മനുഷ്യന്റെ അവകാശങ്ങളെയും അംഗീകരിക്കൽ.  
3. അല്ലാഹുവിനുള്ള ഇബാദത്തും അവനെ സൂക്ഷിച്ചു ജീവിക്കലും. 
4. മനുഷ്യ മനസ്സിന്റെ സംസ്കരണം. 
5. സ്ത്രീകളോട് നീതി ചെയ്തുകൊണ്ടുള്ള ഒരു കുടുംബത്തിന്റെ രൂപവത്കരണം. 
6. മനുഷ്യവംശത്തിന്  സത്യസാക്ഷ്യം വഹിക്കുന്ന ഒരു ഉമ്മത്തിന്റെ നിർമാണം. 
7. മനുഷ്യവംശത്തെ ഒന്നടങ്കം അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യൽ. 
മുഹമ്മദ് അലി അസ്സ്വല്ലാബി 'അൽ ഈമാനു ബിൽ ഖുർആനിൽ കരീം വൽ കുതുബിസ്സമാവിയ്യ' എന്ന കൃതിയിൽ ഈ ലക്ഷ്യങ്ങളെ പതിനേഴായി എണ്ണിയിരിക്കുന്നു. 
ഡോ. സ്വലാഹ് ഖാലിദി ഖുർആന്റെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇവയെല്ലാം സംഗ്രഹിച്ച് നാലായി വിശദീകരിച്ചിട്ടുണ്ട്. ശൈഖ് ഖറദാവിയും സല്ലാബിയും പറഞ്ഞ ലക്ഷ്യങ്ങൾ അടിസ്ഥാനപരമായി ഈ നാലു കാര്യങ്ങളുടെ വിശദീകരണങ്ങളാണ്. 

ഇവയാണ് ആ നാലു ലക്ഷ്യങ്ങൾ: 

1. ജനങ്ങളെ അല്ലാഹുവിലേക്ക് മാർഗദർശനം ചെയ്യുക. 
''ഈ ഖുർആൻ ജനങ്ങൾക്കുള്ള സന്ദേശമാണ്. അവർക്ക്  മുന്നറിയിപ്പ് നൽകാനും അവരുടെ ദൈവം ഒരേയൊരു ദൈവമാണെന്നവർ അറിയാനും ബുദ്ധിമാന്മാർ ഉദ്ബോധനം ഉൾക്കൊള്ളാനുമുള്ളതാണിത്'' (ഇബ്റാഹീം  52).

''തീർച്ചയായും ഈ ഖുർആൻ ഏറ്റവും ചൊവ്വായ മാർഗത്തിലേക്ക് വഴികാണിക്കുന്നു. ആ മാർഗം സ്വീകരിച്ച് അതിൽ വിശ്വസിച്ച് സൽക്കർമങ്ങൾ അനുഷ്ഠിക്കുന്ന സത്യവിശ്വാസികൾക്ക് വലുതായ പ്രതിഫലമുണ്ടെന്ന സന്തോഷവാർത്തയും ഈ ഖുർആൻ നൽകുന്നു'' (അൽ ഇസ്റാഅ്  9). 
ഇതുപോലെ ഖുർആന്റെ മാർഗദർശനപരമായ ലക്ഷ്യം ഊന്നിപ്പറയുന്ന ധാരാളം ആയത്തുകളുണ്ട് ഖുർആനിൽ. ആ മാർഗദർശനം മനുഷ്യജീവിതത്തിന്റെ സമസ്ത വശങ്ങളേയും ഉൾക്കൊള്ളുന്നതാണ്. ആത്മീയവും ആരാധനാപരവുമായ വശത്തിൽ അത് പരിമിതമല്ല. 

2. സമ്പൂർണവും സന്തുലിതവുമായ ഖുർആനിക/ ഇസ്ലാമിക വ്യക്തിത്വം സൃഷ്ടിച്ചെടുക്കൽ. 
ഇവിടെ സമ്പൂർണമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യന്റെ വ്യക്തിജീവിതത്തെ മാത്രമല്ല, സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ  ജീവിതത്തിന്റെ സകല മേഖലകളിലും മാതൃകയായ വ്യക്തിത്വം എന്നാണ്. സന്തുലിതം എന്നാൽ ആത്മീയവും ഭൗതികവുമായ ജീവിതത്തിന്റെ സന്തുലിതത്വം തന്നെയാണ്. അതായത് മനുഷ്യൻ അതിരുകവിഞ്ഞ ആത്മീയ ജീവിതം നയിക്കുന്ന സന്യാസിയോ പുരോഹിതനോ സൂഫിയോ ആവാതെയും, പറ്റെ ആത്മീയവശത്തെ മാറ്റിനിർത്തി തികഞ്ഞ ഭൗതിക ജീവി ആവാതെയുമുള്ള സന്തുലിതമായ ജീവിതം നയിക്കാൻ പ്രാപ്തമാക്കുന്ന വേദഗ്രന്ഥമാണ് ഖുർആൻ. കാരണം, ഖുർആന്റെ വീക്ഷണത്തിൽ മനുഷ്യൻ, ഭൂമിയിലെ മണ്ണിനാൽ രൂപപ്പെടുത്തപ്പെട്ട, സ്രഷ്ടാവായ അല്ലാഹുവിൽനിന്നുള്ള ആത്മാവിനാൽ വിശിഷ്ടമാക്കപ്പെട്ട ഒരു സൃഷ്ടിയാണ്. ഈ രണ്ടു ഘടകങ്ങളുടെ ആവശ്യങ്ങളെയും താൽപര്യങ്ങളെയും സന്തുലിതമായി പൂർത്തീകരിക്കുന്ന ഖുർആനിക വ്യക്തിത്വത്തിന്റെ രൂപവത്കരണമാണ് നടക്കേണ്ടത്.  നബി (സ) മക്കയിൽ ഈ രീതിയിലുള്ള വ്യക്തിത്വങ്ങളെയാണ് രൂപപ്പെടുത്തിയെടുത്തത്. 

3. സമ്പൂർണവും സന്തുലിതവുമായ ഖുർആനിക സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുക. മുകളിൽ വിശദീകരിച്ചതൊക്കെ ഇവിടെയും ബാധകമാണ്. ഏറ്റവും നല്ല മണ്ണുകൊണ്ട് ഭംഗിയുള്ള  അച്ചിൽവെച്ച് നന്നായി ചുട്ടെടുത്ത ബലവത്തായ ഇഷ്ടികകൾ ഒരിടത്ത് കൂട്ടിയിട്ടാൽ അതുകൊണ്ട് ആർക്കെങ്കിലും വല്ല പ്രയോജനവും ഉണ്ടാകുമോ, അത് ലക്ഷക്കണക്കിനോ കോടിക്കണക്കിനോ ആയാലും? വിദഗ്ധനായ ഒരു എഞ്ചിനീയറുടെ മേൽനോട്ടത്തിൽ പരിചയസമ്പന്നരായ തൊഴിലാളികൾ പാലങ്ങളോ കെട്ടിടങ്ങളോ ഫാക്ടറികളോ അണക്കെട്ടോ നിർമിക്കുമ്പോഴാണ് മനുഷ്യസമൂഹത്തിനത് പ്രയോജനകരമാവുക. പണ്ടുമുതലേ വിവിധ  ആത്മീയ സംഘങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് ആദ്യം പറഞ്ഞ പണിയാണ്.  അതായത്, നല്ല പരിപക്വമായ  ഇഷ്ടികകൾ ചുട്ടെടുക്കുക. വീണ്ടും ആ പണിതന്നെ ചെയ്തുകൊണ്ടേയിരിക്കുക.  

ആ ഇഷ്ടികകളെല്ലാം വ്യവസ്ഥാപിതമായി അടുക്കിവെച്ച് ഉമ്മത്തിനോ മനുഷ്യസമൂഹത്തിന് മൊത്തത്തിലോ പ്രയോജനപ്പെടുന്ന 'ബുൻയാൻ മർസ്വൂസ്വ്്' അവർ  സൃഷ്ടിക്കുന്നേയില്ല. ഉള്ളതെല്ലാം അത്യന്തം ബലഹീനമായ ആൾക്കൂട്ടങ്ങളും. അവ സംഘടനയെന്നോ പ്രസ്ഥാനമെന്നോ വിശേഷിപ്പിക്കാൻപോലും കഴിയാത്തവണ്ണം, കേവലം മജ്മൂഅത്തുകൾ (ജമാഅത്തല്ല) മാത്രവും. ഇവിടെയാണ് ഖുർആന്റെ 'ബുൻയാൻ മർസ്വൂസ്വ്്' എന്ന പ്രയോഗത്തിന്റെ പ്രസക്തി. അത്തരത്തിൽ മനുഷ്യജീവിതത്തെ സംഘടിപ്പിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ ലോകത്തെ അടക്കിവാഴുന്ന ത്വാഗൂത്തുകളെ നേരിട്ട് ഒരു ഖുർആനിക ഉമ്മത്തിനെ സൃഷ്ടിക്കാൻ സാധിക്കുകയുള്ളൂ. 
ഏത് ആദർശവും ആശയവും അതിനെ ഏറ്റെടുത്തു നടത്താനും പ്രചരിപ്പിക്കാനും ശക്തമായ ഒരു സമൂഹം രൂപപ്പെട്ടില്ലെങ്കിൽ അതെല്ലാം വ്യക്തിപരമായ കേവലാശയങ്ങളിൽ ഒതുങ്ങി പിന്തള്ളപ്പെട്ടു പോകും. ദൈവിക മാർഗദർശനത്തിന്റെ അടിസ്ഥാനത്തിൽ സത്യത്തിലും നന്മയിലും നീതിയിലും സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ നവലോകക്രമം സ്ഥാപിക്കാൻ വന്ന ഇസ്ലാമിന് ശക്തമായ ഒരു 'ബുൻയാൻ മർസ്വൂസ്വ്്' ഉണ്ടായേ പറ്റൂ. 

4. ആ ഉമ്മത്തിനെ വലയം ചെയ്തുനിൽക്കുന്ന സകല ജാഹിലിയ്യത്തുകൾക്കുമെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നൽകുക. ''നീ ആ നിഷേധികളെ അനുസരിച്ചുപോകരുത്. ഈ ഖുർആൻകൊണ്ട് നീ അവരോട് വലുതും ശക്തവുമായ ജിഹാദ് ചെയ്യുക'' (അൽ ഫുർഖാൻ  52) എന്ന ആയത്താണ് അതിനേറ്റവും നല്ല തെളിവ്. 

ഈ ലോകത്ത് ഏത് സമൂഹത്തിനും രാഷ്ട്രത്തിനും അതിജീവിക്കുകയും  നിലനിൽക്കുകയും ചെയ്യണമെങ്കിൽ ശക്തമായ ഒരു പ്രതിരോധ നിര ഉണ്ടായേ പറ്റൂ. മുസ്ലിം ഉമ്മത്തിനും ഈ പ്രതിരോധ നിര ഉണ്ടാവണം. സാങ്കേതികമായി അതിന് ജിഹാദ് എന്നു പറയുന്നു. ഈ ജിഹാദും രണ്ടു വിധമാണ്. ഒന്ന് ജിഹാദും രണ്ട് ഇജ്തിഹാദും. ഇതു രണ്ടും അതിന്റെ പൂർണ ജീവനോടെയും ചൈതന്യത്തോടെയും ഉമ്മത്തിൽ നിലനിന്ന കാലമാണ് അതിന്റെ സുവർണ ദശയായി കണക്കാക്കുന്നത്. ജിഹാദ് അതിന്റെ സൈനിക വശത്തെയും ഇജ്തിഹാദ് അതിന്റെ വൈജ്ഞാനികവും ബുദ്ധിപരവും ചിന്താപരവുമായ  വശത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. l

Comments