ഫലസ്ത്വീനിന്റെ ഒലീവ് ഗാഥകൾ
ഫലസ്ത്വീനെ കുറിച്ചുള്ള ഓർമകളുടെ മുൻപന്തിയിൽ ഒലീവ് മരത്തെ കെട്ടിപ്പുണർന്നു നിൽക്കുന്ന, പ്രായമേറെ ചെന്ന ഒരുമ്മയുടെ ചിത്രമുണ്ട്. പട്ടാളക്കാരോട് വെറും കൈയാലെ എതിരിടുമ്പോഴുള്ള കണ്ണിലെ കനലായിരുന്നില്ല അവർക്ക്. മറിച്ച്, ഏറെ പ്രിയപ്പെട്ടതൊന്നിനോടുള്ള ആർദ്രമായ സ്നേഹമായിരുന്നു.
ആ സ്നേഹത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണം ചെന്നെത്തുക, നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് തുടരുന്ന, ഫലസ്ത്വീനും ഒലീവും തമ്മിലുള്ള ആത്മബന്ധത്തിലാണ്. ഈസാ(അ)യുടെ കാലത്തെക്കാൾ പഴക്കമുണ്ട് അതിന്. മിത്തും യാഥാർഥ്യവും ഉൾച്ചേർന്ന, ഒരേ സമയം ആശ്ചര്യവും ആദരവും കൗതുകവുമുണർത്തുന്ന കഥയാണത്.
വെള്ളരിപ്രാവിന്റെ കൊക്കിലുള്ള ഒലീവു ചില്ല നമുക്ക് സമാധാനത്തിന്റെ പ്രതീകമാണ്. നൂഹ് നബിയുടെ കാലത്തെ മഹാപ്രളയത്തിനു ശേഷം മൃതഭൂമിയിൽ പച്ചപ്പുണ്ടായത് ഒരു പ്രാവ് അദ്ദേഹത്തിന് നൽകിയ ഒരു കഷ്ണം ഒലീവിൽനിന്നാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഫലസ്ത്വീൻകാർക്ക് അവിടംകൊണ്ടു മാത്രം തീരുന്നതല്ല ഒലീവിനോടുള്ള ബന്ധം. നൂറ്റാണ്ടുകളോളം ആ നാടിന്റെ പ്രധാനപ്പെട്ട വരുമാന മാർഗമായിരുന്നു ഒലീവ്. ഒലീവെണ്ണയും കായും കൊണ്ട് അന്നം കണ്ടെത്തിയിരുന്ന ഒരു ലക്ഷത്തോളം കുടുംബങ്ങളുണ്ടായിരുന്നു ഫലസ്ത്വീനിൽ.
ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്താണ് ഒലീവ് മരത്തിന്റെ പ്രത്യേകത. നിൽക്കുന്ന മണ്ണിൽ ആഴ്ന്ന വേരുറപ്പാണതിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒലീവ് മരം അത്ര എളുപ്പത്തിലൊന്നും പിഴുതുമാറ്റാനാകാത്ത ഫലസ്ത്വീനിയുടെ ഏറ്റവും മനോഹരമായ പ്രതിനിധാനമായത്. ഫലസ്ത്വീനി കവികളുടെയും ചിത്രകാരന്മാരുടെയും ഇഷ്ടപ്പെട്ട കാവ്യബിംബവുമാണ് ഒലീവ്.
"തന്നെ നട്ട കൈകളെ അറിയുമായിരുന്നെങ്കിൽ ഒലീവു കായയിൽ നിന്നുള്ള എണ്ണയെല്ലാം കണ്ണുനീരായി മാറിയേനേ..." എന്നെഴുതിയത് മഹ്മൂദ് ദർവീശാണ്. ഫദ്‌വ ത്വൂഖാൻ, സൽമാൻ മൻസൂർ, നബീൽ അനാനി തുടങ്ങി എത്രയധികം പ്രശസ്തരായവരാണ്, ഒലീവിനെ പൊരുതുന്ന ഫലസ്ത്വീനിയോടുപമിച്ച് പാടുകയും പറയുകയും ചെയ്തിട്ടുള്ളത്!
ആയിരക്കണക്കിന് വർഷങ്ങൾ ആയുസ്സുള്ള മരമാണത്.
"സീനാ മലയിൽ മുളച്ചുവളരുകയും ഭക്ഷണം കഴിക്കുന്നവർക്ക് കറിയായിത്തീരുകയും ചെയ്യുന്ന മരത്തെ നാം ഉണ്ടാക്കിത്തന്നു" എന്ന് അല്ലാഹു ഒലീവ് മരത്തെ അനുഗ്രഹമായി എടുത്തുപറയുന്നുണ്ട് (അൽ മുഅ്മിനൂൻ 20).
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒലീവ് മരം ഫലസ്ത്വീനിലാണുള്ളത്. ഇപ്പോഴത്തെ അതിന്റെ പരിപാലകനായ അബൂ അലി, 13-ാം നൂറ്റാണ്ടിലെ പ്രശസ്ത സൂഫീ ഇമാമായിരുന്ന അഹ്‌മദ് അൽ ബദവിയുടെ നാമമാണ് ബഹുമാനപൂർവം ഈ മരത്തിന് നൽകിയിരിക്കുന്നത്. അല്ലെങ്കിലും ഒരു ഫലസ്ത്വീനിക്കും ഒലീവ് വെറുമൊരു മരമല്ല. തന്റെ തന്നെ പ്രതീകമാണ്. പണ്ട്, ഇസ്രായേൽ അധിനിവേശത്തിന് മുമ്പുള്ള സമാധാന കാലത്ത് ചേലാകർമം പോലുള്ളവയും പാവങ്ങൾക്കുള്ള അന്നദാനവും നടത്തപ്പെട്ടിരുന്നത് ഒലീവു മരങ്ങളുടെ തണലുകളിലായിരുന്നു.
വിശുദ്ധ ഖുർആനിൽ ഏഴു തവണ ഒലീവ് എന്ന പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരു തവണ ഫലസ്ത്വീൻ എന്ന നാടിനെത്തന്നെയാണ് (ബൈത്തുൽ മുഖദ്ദസിനെ) ഉദ്ദേശിക്കുന്നതെന്ന് സൂറത്തുത്തീനിലെ ആദ്യ ആയത്തിന്റെ വിശദീകരണത്തിൽ മൗലാനാ മൗദൂദി വ്യക്തമാക്കുന്നുണ്ട്. അല്ലാഹു തന്നെക്കുറിച്ച് പറയുന്ന, ഏറെ മനോഹരമായ സൂറത്തുന്നൂറിലെ 35-ാമത്തെ ആയത്തിൽ ഇങ്ങനെയൊരു ഭാഗമുണ്ട്:
"അനുഗൃഹീതമായ ഒലീവ് മരത്തിൽ നിന്നുള്ള എണ്ണകൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു. അതിന്റെ ഒലീവെണ്ണ സ്വയം പ്രകാശിക്കുമാറാകുന്നു; തീ തൊട്ടില്ലെങ്കിൽ പോലും."
ഫലസ്ത്വീനിലെ ചില ഒലീവു മരങ്ങളുടെ തടിയും വേരും തണലും കണ്ടാൽ അവ ഈസാ നബിയുടെ കാലത്തോളം പഴക്കം തോന്നുമെന്ന് പല യാത്രികരും എഴുതിയിട്ടുണ്ട്.
"അത്തിയെ കൊണ്ടും ഒലീവിനെ കൊണ്ടും സത്യം" എന്ന് അല്ലാഹു സത്യം ചെയ്തു പറഞ്ഞ, പ്രവാചകന്മാരുടെ സാന്നിധ്യം കൊണ്ട് പവിത്രമായ ഒലീവിനെ ഏറെ ബഹുമാനത്തോടെയാണ് ഫലസ്‌ത്വീനികൾ കാണുന്നത്. തസ്ബീഹ് മാലയുടെ മുത്തുകളായി ഒലീവിന്റെ കുരുവാണ് അവർ ഉപയോഗിക്കുക. ഒലീവ് വിളവെടുപ്പ് ഫലസ്ത്വീൻ കുടുംബങ്ങളുടെ സന്തോഷകാലമാണ്. അവർ ഒരുമിച്ചുകൂടുകയും ഒത്തൊരുമയോടെ പണിയെടുക്കുകയും ചെയ്യുന്നു.
അത്രമാത്രം 'ഫലസ്ത്വീനി'യായ ഒലീവിനെ പിന്നെങ്ങനെയാണ് അധിനിവേശക്കാർക്ക് ഇഷ്ടമാവുക! ഒരു ഫലസ്ത്വീനിയെ കൊല്ലുന്ന ഈർഷ്യയോടെ ഇസ്രായേൽ പട്ടാളക്കാർ ഒലീവ് മരം വെട്ടുകയോ കത്തിച്ചു കളയുകയോ മറ്റേതെങ്കിലും തരത്തിൽ നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. വരുമാനം തടയുക മാത്രമല്ല, പ്രതിരോധത്തിന്റെ പാഠങ്ങൾ തലമുറകൾക്ക് പകരുന്ന ഒരു പ്രതീകത്തെ ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉള്ളിലിരിപ്പ്. അതുകൊണ്ടാണവർ മനുഷ്യരോടെന്ന പോലെ മനസ്സിൽ പക വെച്ച് ലക്ഷക്കണക്കിന് ഒലീവ് മരങ്ങൾ നശിപ്പിക്കുന്നത്. ഒലീവ് തൈകൾ നട്ടാണ് ഒരു സമയത്ത് ലോകം ഫലസ്ത്വീനിനോട് ഐക്യപ്പെട്ടത് പോലും.
വീണ്ടും തളിർക്കും, വേരുറക്കും, പൂക്കും, കായ്ക്കും, കിളികൾ വിരുന്നെത്തും എന്ന പ്രത്യാശയുടെ പേരുകൂടിയാണ് ഒലീവ്. അതുകൊണ്ടാണ് ആ ചിത്രത്തിലെ ഉമ്മ, അത്രമേൽ സ്നേഹത്തോടെ അതിനെ ആലിംഗനം ചെയ്തത്. l
Comments