Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

ഇടപ്പത്തൂര്‍ മൂസ മാസ്റ്റർ

മൂസ അടിക്കൂല്‍

ജമാഅത്തെ ഇസ് ലാമി വടകര ഏരിയ തോടന്നൂര്‍ പ്രാദേശിക ഘടകത്തിലെ അംഗം ഇടപ്പത്തൂര്‍ മൂസ മാസ്റ്റര്‍ അല്ലാഹുവിലേക്ക് യാത്രയായി. 1960-കളില്‍ സി.കെ കുഞ്ഞമ്മദ് മാസ്റ്ററുടെ(സി.കെ)യും മറ്റും നേതൃത്വത്തില്‍ പ്രാദേശികമായി പ്രവര്‍ത്തനമാരംഭിച്ച ഇര്‍ശാദുല്‍ മുസ് ലിമീന്‍ സംഘം കീഴലിലും പരിസര പ്രദേശങ്ങളിലും വൈജ്ഞാനിക ഉണര്‍വിന് നിമിത്തമായി. ഫാറൂക്ക് കോളേജില്‍ അധ്യാപകരായിരുന്ന മൊയ്തീന്‍കുട്ടി സാഹിബ്, പ്രഫ. മുഹമ്മദ് കുട്ടശ്ശേരി തുടങ്ങിയവര്‍ ഈ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന പരിപാടികളില്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഈ കൂട്ടായ്മയിലൂടെയാണ് മൂസ മാസ്റ്റര്‍ ദീനീ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്.

കഴിഞ്ഞ അര നൂറ്റാണ്ടിലധികം കാലം ദീനീപ്രവര്‍ത്തന മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു മൂസ മാസ്റ്റര്‍. സ്ഥലത്തെ മാപ്പിള യു.പി സ്‌കൂളില്‍ അധ്യാപകനും ഏറക്കാലം പ്രധാന അധ്യാപകനുമായി സേവനമനുഷ്ഠിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കുക അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. നിരന്തര വായനയും പഠനവും ശീലമാക്കി. എപ്പോള്‍ ആവശ്യപ്പെട്ടാലും ഏത് വേദിയിലും ക്ലാസെടുക്കാനും പ്രഭാഷണം നടത്താനും അദ്ദേഹത്തിന് ഒരു പ്രയാസവും ഉണ്ടായിരുന്നില്ല. ആരാധനകളിലും വിശുദ്ധ ഖുര്‍ആന്‍ പഠന പാരായണങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തി. പ്രബോധനം വായിച്ചു കഴിഞ്ഞാല്‍ അത് മറ്റാര്‍ക്കെങ്കിലും എത്തിച്ചു കൊടുക്കും. മുസ് ലിം സുഹൃത്തുക്കള്‍ക്കും സഹോദര സമുദായ സുഹൃത്തുക്കള്‍ക്കുമൊക്കെ പ്രസ്ഥാനത്തെയും ഇസ് ലാമിനെയും പരിചയപ്പെടുത്താനും സാഹിത്യങ്ങള്‍ വായനക്ക് നല്‍കാനും ഏറെ ഉത്സാഹം കാണിച്ചു.

പ്രയാസപ്പെടുന്നവര്‍ക്ക് ഏറെ രഹസ്യമായി സാമ്പത്തിക സഹായങ്ങള്‍ നല്‍കി. പെന്‍ഷന്‍ പണത്തില്‍ വലിയൊരു പങ്കും ഇങ്ങനെ ചെലവഴിക്കുമായിരുന്നു.

അല്‍ ഇര്‍ശാദ് ട്രസ്റ്റ്, മസ്ജിദുല്‍ ഇര്‍ശാദ്, ഹോളി ഡേ മദ്‌റസ, സകാത്ത് കമ്മിറ്റി മുതലായവയുടെ പ്രവര്‍ത്തനങ്ങളിലും അവസാനം വരെ കര്‍മനിരതനായി.

മൂത്ത മകന്‍ സുബൈര്‍ മാസ്റ്റര്‍ സജീവ ഇസ് ലാമിക പ്രവര്‍ത്തകനാണ്. സലീം, റിയാസ് എന്നീ മക്കള്‍ ബിസിനസുകാരും മഹല്ലിലെ പൊതുപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരുമാണ്. ഏക മകള്‍ നൂറയും ഭര്‍ത്താവ് പേരാമ്പ്ര പാറക്കടവിലെ ഡോ. നസീമും പ്രസ്ഥാന പ്രവര്‍ത്തകരാണ്. ഭാര്യ വനിതാ ഹല്‍ഖാ പ്രവര്‍ത്തക.

 

മച്ചിൻഞ്ചേരി ഹുസൈൻ

ഞങ്ങളുടെ പ്രിയപ്പെട്ട ഉപ്പ മച്ചിന്‍ഞ്ചേരി ഹുസൈന്‍ (80) കഴിഞ്ഞ മെയ് 18-ന് അല്ലാഹുവിലേക്ക് യാത്രയായി. ജമാഅത്തെ ഇസ്്ലാമി അംഗവും താനാളൂര്‍ ഹല്‍ഖ പ്രവര്‍ത്തകനുമായിരുന്നു.

തിരൂരിനടത്തു കോട്ട് എന്ന പ്രദേശത്തായിരുന്നു ജനനവും കുട്ടിക്കാലവും. തിരൂര്‍ ബോയ്‌സ് ഹൈസ്‌കൂളിൽനിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തിരൂര്‍ സീതി സാഹിബ് മെമ്മോറിയല്‍ പോളി ടെക്‌നിക്കില്‍ ജോലിയില്‍ പ്രവേശിച്ചു. തിരൂര്‍ പോളിയിലെ ജോലി മുഖേന ഉണ്ടായ സൗഹൃദ ബന്ധങ്ങളില്‍നിന്നും മറ്റുമായിരുന്നു ഉപ്പയുടെ ഇസ്്ലാമിക പ്രസ്ഥാനത്തിലേക്കുള്ള കടന്നു വരവ്. കുടുംബത്തില്‍ നിന്ന് ഒരുപാട് എതിര്‍പ്പുകള്‍ അക്കാലത്ത് ഉപ്പാക്ക് നേരിടേണ്ടി വന്നു.

കുറെക്കാലം തിരൂര്‍ തലക്കടത്തൂര്‍ പ്രദേശത്തും താമസിച്ചിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ച ശേഷം താനാളൂരിനടുത്തുള്ള കമ്പനിപടി എന്ന സ്ഥലത്തേക്ക് ഞങ്ങള്‍ താമസം മാറി. പിന്നീട് അവസാന കാലം വരെ ഉപ്പയുടെ പ്രവര്‍ത്തന മേഖല ഈ പ്രദേശമായിരുന്നു.

ഉപ്പയുടെ ദീര്‍ഘമായ രാത്രി നമസ്‌കാരങ്ങൾക്കും ഖുര്‍ആന്‍ പാരായണങ്ങൾക്കും ശേഷമായിരുന്നു ഞങ്ങളുടെ വീടിന്റെ ഓരോ പ്രഭാതവും പുലര്‍ന്നിരുന്നത്. അവസാന കാലത്ത് രോഗം മൂലം പള്ളിയില്‍ പോവാന്‍ കഴിയാതെ വന്നതില്‍  ഒരുപാട് സങ്കടങ്ങള്‍ പറഞ്ഞിരുന്നു. ജാതി-മത ഭേദമന്യേ എല്ലാവരുമായും ഉപ്പ അടുത്ത സൗഹൃദ ബന്ധം നിലനിര്‍ത്തിയിരുന്നു എന്നതിന്റെ തെളിവാണ് മരണാനന്തര കര്‍മങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജനക്കൂട്ടം. പ്രാദേശിക ഘടകം അമീര്‍, താനൂര്‍ ഏരിയാ സെക്രട്ടറി, ട്രഷറര്‍ എന്നീ ചുമതലകള്‍ വഹിച്ചിരുന്നു.

ഭാര്യ: ഫാത്തിമ. മക്കള്‍: മുനീര്‍, സഹീര്‍, സാബിര്‍, സുനൈഷ.

എം. സാബിര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്