നെതന്യാഹുവിനെപ്പോലെ സംസാരിക്കുന്ന പ്രോസിക്യൂട്ടര്‍ ജനറല്‍
പൊതുവെ എല്ലാ രാഷ്ട്രങ്ങളുടെയും മീഡിയ സ്ട്രാറ്റജി, അവരെപ്പറ്റിയുള്ള സത്യങ്ങള്‍ മറച്ചുവെക്കുകയും പൊതുജന ശ്രദ്ധ മറ്റേതോ വഴികളിലേക്ക് തിരിച്ചുവിടുകയും ചെയ്യുക എന്നതാണ്. ഇതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുക ഇസ്രായേല്‍ തന്നെയായിരിക്കും. കാരണം, അതിന് അതിന്റെ ഉത്ഭവവും ചരിത്രവും വരെ മറച്ചുപിടിക്കേണ്ട ഗതികേടാണുള്ളത്. ഇസ്രായേലിന് വേണ്ടി സംസാരിക്കുന്ന രാഷ്ട്ര നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും അവര്‍ കൃത്യമായി മാര്‍ഗദര്‍ശനം നല്‍കും. ആ രീതിയിലേ സംസാരിക്കാവൂ. മീഡിയയോട് സംസാരിക്കുമ്പോള്‍ ഒരിക്കലും ഇസ്രായേലിന്റെ ചരിത്രത്തിലേക്ക് കടക്കരുത്. മറ്റെന്തെങ്കിലും പറഞ്ഞ് ഒഴിഞ്ഞുമാറണം. കുട്ടികളെ കൂട്ടക്കശാപ്പ് ചെയ്യുന്നതിനെപ്പറ്റി ചോദിച്ചാല്‍, ഇരുപക്ഷത്തുമുള്ള ജീവനുകള്‍ പവിത്രമാണ് എന്നൊക്കെപ്പറഞ്ഞ് വികാരാധീനരാവണം. അനധികൃത കുടിയേറ്റ പാര്‍പ്പിട പദ്ധതിയെപ്പറ്റി ചോദിച്ചാല്‍, പ്രശ്‌നത്തിന് യഥാര്‍ഥ പരിഹാരം ഇരു രാഷ്ട്ര ഫോര്‍മുല തന്നെയാണ് എന്നൊക്കെ പറഞ്ഞ് കാട് കേറണം. ഏത് സംസാരവും തുടങ്ങുന്നത് ഇറാന്‍ നേതൃത്വം നല്‍കുന്ന 'തിന്മയുടെ അച്ചുതണ്ടി'ല്‍നിന്നാവണം. 2009-ല്‍ ഒരു 'ആഗോള ഭാഷാ നിഘണ്ടു' (Global Language Dictionary) തന്നെ ഇതിനു വേണ്ടി തയാറാക്കിയിട്ടുണ്ടെന്ന് അല്‍ജസീറ കോളമിസ്റ്റ് മര്‍വാന്‍ ബിശാറ എഴുതുന്നു.
അതുകൊണ്ടാണ് അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ മുതല്‍ തെരുവില്‍ ഇസ്രായേലിന് വേണ്ടി പ്രകടനം നടത്തുന്നവര്‍ വരെ ഒരേ ഭാഷയിലും രീതിയിലും സംസാരിക്കുന്നത്. പ്രത്യക്ഷത്തില്‍ നല്ല സംസാരമായിരിക്കും. വരികള്‍ക്കിടയില്‍ വായിച്ചാലേ ചതിക്കുഴികള്‍ തിരിച്ചറിയാനാവൂ.
ആരെയും കബളിപ്പിക്കുന്ന തരത്തിലുള്ള ഈ ഇസ്രായേല്‍പക്ഷ പ്രോപഗണ്ടക്ക് ഏറ്റവും മികച്ച ഉദാഹരണമാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പ്രോസിക്യൂട്ടര്‍ ജനറല്‍ കരീം ഖാന്‍ കഴിഞ്ഞ നവംബര്‍ പത്തിന് ഗാര്‍ഡിയനില്‍ എഴുതിയ ലേഖനം. കരീം ഖാന്‍ എന്ന വ്യക്തിക്ക് ഏതു പക്ഷത്ത് നില്‍ക്കാനും പ്രോപഗണ്ടയുടെ ഭാഗമാകാനുമൊക്കെ അവകാശമുണ്ട്. പക്ഷേ, ഇദ്ദേഹം അങ്ങേയറ്റം നിഷ്പക്ഷതയും സത്യസന്ധതയും പുലര്‍ത്തേണ്ട ഒരു അന്താരാഷ്ട്ര വേദിയുടെ പ്രോസിക്യൂട്ടര്‍ ജനറലാണ്. യുദ്ധ കുറ്റകൃത്യങ്ങള്‍ വിചാരണക്ക് വരിക ഇവിടെയാണ്. ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ, ഒക്ടോബര്‍ ഏഴിന് ഇസ്രായേലില്‍ ഉണ്ടായ 'നിരപരാധികളുടെ കൂട്ടക്കൊലയിലും മാനഭംഗത്തിലും തീവെപ്പിലും' നടുക്കം രേഖപ്പെടുത്തുന്നുണ്ട്. മാനഭംഗം, തീവെപ്പ്, കുഞ്ഞുങ്ങളുടെ കഴുത്തറുക്കല്‍ പോലുള്ള കള്ളങ്ങള്‍ നെതന്യാഹുവിനെയും ബ്ലിങ്കനെയും പോലെ ഇദ്ദേഹവും ആവര്‍ത്തിക്കുകയാണ്.
ഗസ്സയില്‍ ഇസ്രായേല്‍ ചെയ്യുന്നതിനെക്കുറിച്ച് പറയുമ്പോള്‍ കരീം ഖാന്റെ ആവേശമൊക്കെ തണുത്തുറഞ്ഞു പോകുന്നുണ്ട്. Haganah, Stern, Argon, Lehi, Palmach പോലുള്ള സയണിസ്റ്റ് ഭീകര സംഘങ്ങളില്‍നിന്ന് ഉരുത്തിരിഞ്ഞ ഇസ്രായേല്‍ സൈന്യത്തെ, അത് വളരെ പ്രഫഷണലാണെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ അതില്‍ സംവിധാനമുണ്ടെന്നുമൊക്കെ ഈ ഖാന്‍ കണ്ണടച്ച് പ്രശംസിക്കുന്നു. കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്നതൊന്നും അദ്ദേഹത്തിന്റെ കണ്ണില്‍ പെടുന്നതേയില്ല. 2021 ജൂണില്‍ കരീം ഖാന്‍ സ്ഥാനമേറ്റെടുത്ത ശേഷം ഗസ്സ വിഷയത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. തന്റെ പാശ്ചാത്യ യജമാനന്മാരെപ്പോലെ അയാള്‍ക്കും ഈ പ്രശ്‌നത്തിന്റെ തുടക്കം കഴിഞ്ഞ ഒക്ടോബര്‍ ഏഴു മുതലാണ്. 1948-ഉം 1967-ഉം കക്ഷിക്ക് ഓര്‍മയേ ഇല്ല. കരീം ഖാന്‍ ചുതമലയേറ്റെടുത്തതോടെ അറ്റോര്‍ണി ജനറല്‍ ഓഫീസിനു നേരെ ഇസ്രായേല്‍ നടത്തിവന്നിരുന്ന രൂക്ഷ വിമര്‍ശനം പെട്ടെന്ന് നിന്നു എന്നും ഓര്‍ക്കണം. ഇദ്ദേഹത്തെപ്പോലുള്ളവരുടെ മുന്നിലേക്ക് ഇസ്രായേല്‍ നടത്തിയ യുദ്ധക്കുറ്റങ്ങളുമായി ചെന്നാല്‍ വാദി പ്രതിയാവുകയേ ഉള്ളൂ. l
Comments