Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

ക്രൈസ്തവ മതബോധത്തിലെ പുതിയ മാറ്റങ്ങള്‍

ഡോ. മുഹമ്മദ് മുഖ്താര്‍ ശന്‍ഖീത്വി

ഴിഞ്ഞ നൂറ്റാണ്ടിന്റെ എഴുപതുകള്‍ മുതല്‍ ഇന്നുവരെ അമേരിക്കന്‍ മത, സാംസ്‌കാരിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളാണ് അമേരിക്കന്‍ ക്രൈസ്തവത ഈ വിധത്തില്‍ ജൂതവത്കരിക്കപ്പെടാനുള്ള കാരണം. അതോടെ സമൂഹത്തിന്റെ ഓരം പറ്റി നിന്നിരുന്ന ചര്‍ച്ചുകള്‍ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്നു. വിവര സാങ്കേതിക വിപ്ലവം അതിന് നിമിത്തമായി. Televangelism (television + evangelist) എന്ന പേരിലറിയപ്പെട്ട ടെലിവിഷന്‍ പരിപാടികള്‍ വ്യാപകമാകുന്നത് ഈ ഘട്ടത്തിലാണ്. മതമൗലിക വാദികളായ ബാപ്റ്റിസ്റ്റ്-മെത്തേഡിസ്റ്റ് പോലുള്ള വിഭാഗങ്ങള്‍ കൂടുതൽ  സ്വാധീനവും ജനസ്വീകാര്യതയും നേടി; എല്ലാം ക്രിസ്തുമതത്തിന്റെ പേരില്‍. വളരെയേറെ പ്രചാരം നേടിയ മറ്റൊരു വിഭാഗമാണ് 'പുതുജന്മം കൊണ്ട ക്രിസ്ത്യാനികള്‍' (Born Again Christians). ജൂതായിസവുമായി ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന ചിന്താധാരയായിരുന്നു ഇത്. 'പിഴവുകള്‍ പറ്റാത്ത വിശുദ്ധ ജൂത രാഷ്ട്രം' എന്ന സങ്കല്‍പ്പം അമേരിക്കന്‍ സമൂഹത്തില്‍ വേരുറക്കുന്നത് അങ്ങനെയാണ്.

താന്‍ ഈ ചിന്താധാരയുടെ വക്താവാണ് എന്ന് അഭിമാനപൂര്‍വം പ്രഖ്യാപിക്കുന്ന ഒരാള്‍ 1974-ല്‍ അമേരിക്കയുടെ പ്രസിഡന്റായി -ജിമ്മി കാര്‍ട്ടര്‍. 1979-ല്‍ ജിമ്മി കാര്‍ട്ടര്‍ ഇസ്രായേലി പാര്‍ലമെന്റില്‍ ചെയ്ത പ്രസംഗത്തില്‍ ജൂതന്മാരും അമേരിക്കന്‍ ക്രൈസ്തവതയും തമ്മിലുള്ള ബന്ധം എത്തരത്തിലുള്ളതാണെന്ന് വ്യക്തമാക്കിയിരുന്നു: ''അമേരിക്കയും ഇസ്രായേലും തമ്മിലുള്ളത് പ്രത്യേക ബന്ധം എന്നതിനും അപ്പുറമുള്ള ഒരു ബന്ധമാണ്. അന്യാദൃശ ബന്ധം എന്നുതന്നെ ഞാന്‍ പറയട്ടെ, ആ ബന്ധം ഒരിക്കലും തകർക്കാനാവുകയില്ല. കാരണം, അമേരിക്കന്‍ ജനതയുടെ മനസ്സാക്ഷിയിലും മതവിശ്വാസത്തിലും ധാര്‍മികതയിലും ആഴത്തില്‍ ഇറങ്ങിനില്‍ക്കുന്ന ഒരു ബന്ധമാണത്'' (രിദാ ഹിലാല്‍, പേജ് 166, 167). റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ബുഷ് ഒന്നാമനും മകനായ ബുഷ് രണ്ടാമനും പ്രസിഡന്റ് സ്ഥാനത്ത് എത്തിയപ്പോള്‍ ഈ  ബന്ധം കൂടുതല്‍ രൂഢമൂലമായി.

പ്രസിഡന്റായിരുന്ന ബുഷ് ജൂനിയറിന്റെ എല്ലാ പ്രസംഗങ്ങളും പഠനവിധേയമാക്കിയ ശേഷം ഒരു അമേരിക്കന്‍ ഗവേഷകന്‍ എത്തിച്ചേരുന്ന നിഗമനം ഇതാണ്: ''വെസ്റ്റ് ബാങ്കും ഗസ്സയും ജൂതന്മാര്‍ക്ക് ദൈവത്തില്‍നിന്ന് വരദാനമായി ലഭിച്ചതാണെന്നും അതില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും വിശ്വസിച്ച ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റാണ് ബുഷ്.''  പാറ്റ് റോബേട്‌സണിന്റെ നേതൃത്വത്തിലുള്ള 'ക്രിസ്ത്യന്‍ സഖ്യം' കൊണ്ടുനടക്കുന്ന അതേ വിശ്വാസം തന്നെയാണിത്. വാഷിംഗ്ടണ്‍ ഡി.സിയില്‍ നടത്തിയ ഒരു റാലിയില്‍, വെസ്റ്റ് ബാങ്കും ഗസ്സയും വിട്ടുകൊടുക്കരുതെന്ന് റോബേട്‌സണ്‍ ഇസ്രായേലി നേതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. കാരണം, 'അങ്ങനെ ചെയ്യുന്നത് ദൈവേഛക്ക് വിരുദ്ധം' ആയിത്തീരും.

എല്ലാ മതങ്ങളോടും തുല്യ സമീപനം എന്ന സെക്യുലര്‍ കാഴ്ചപ്പാട് പുലര്‍ത്തുന്ന രാഷ്ട്രമാണ് അമേരിക്കയെങ്കിലും, മതപഠനത്തിനായി ബജറ്റില്‍നിന്ന് ഫണ്ട് അനുവദിച്ച ആദ്യ പ്രസിഡന്റാണ് ബുഷ് എന്നത് അദ്ദേഹത്തിന്റെ മതമൗലികവാദത്തിന് തെളിവാണ്. ജോര്‍ജ് ബുഷും അല്‍ഗോറും തമ്മിലുള്ള ടെലിവിഷന്‍ സംവാദത്തില്‍ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ജിം ലെറര്‍, ബുഷിനോട് അദ്ദേഹത്തിന്റെ ദിനചര്യയെപ്പറ്റി ചോദിക്കുന്നുണ്ട്. ബൈബിള്‍ വായിച്ചും നായക്ക് തീറ്റ കൊടുത്തും ഭാര്യക്ക് കോഫി ഉണ്ടാക്കി നല്‍കിയും തന്റെ ഒരു ദിവസം തുടങ്ങും എന്നാണ് ബുഷ് പറയുന്നത്. രാഷ്ട്രീയത്തില്‍ തന്റെ മാതൃക യേശുവാണെന്നും അദ്ദേഹം ആവര്‍ത്തിച്ച് പറയുന്നുണ്ട്. ജോര്‍ജ് ടൗണ്‍ യൂനിവേഴ്‌സിറ്റിയിലെ പ്രഫ. ജോണ്‍ എൽ. എസ്‌പോസിറ്റോ തന്റെ 'അവിശുദ്ധ യുദ്ധം' എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നതു പോലെ ഇത് അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തിലെ പുതിയ പ്രവണതയാണ്. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ഏക ജനത ഭൂമുഖത്ത് ജൂതന്മാര്‍ മാത്രമാണ്' എന്ന് ബുഷ് പറയുന്നത് താന്‍ നേരില്‍ കേട്ടിട്ടുണ്ടെന്നും എസ്‌പോസിറ്റോ എഴുതുന്നു.

ജൂതന്മാരില്‍ മതാഭിമുഖ്യമുള്ളവരും ലിബറലുകളുമൊക്കെയുണ്ട് എന്നതിനാല്‍ അമേരിക്കയിലെ ഡമോക്രാറ്റ് പാര്‍ട്ടിയിലും അവരുടെ സാന്നിധ്യമുണ്ട് (എല്ലാ മുട്ടകളും ഒരേ കുട്ടയില്‍ വെക്കേണ്ട എന്ന തന്ത്രവുമാവാം); പക്ഷേ, അടുത്ത കാലത്തായി ജൂത ഗ്രൂപ്പുകള്‍ കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോടാണ്. കാരണം, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ജൂതാഭിമുഖ്യം ഉറച്ച മതബോധ്യത്തില്‍നിന്ന് ഉണ്ടായിത്തീര്‍ന്നിട്ടുള്ളതാണ്. അതേസമയം ഡമോക്രാറ്റ് പാര്‍ട്ടി പൊതുവെ ലിബറല്‍ ആഭിമുഖ്യമുള്ളതുകൊണ്ട് അത് ഒരു പരിധിവരെ ഇസ്രായേലിനെ കാണുന്നത് ഒരു 'ഭൗതിക രാഷ്ട്ര'മായിട്ടാണ്.

പുതിയ ക്രൈസ്തവതയുടെ അമേരിക്കന്‍ മുഖം

'ഫലസ്്ത്വീനില്‍ ജൂതന്മാര്‍ക്കൊരു ദേശരാഷ്ട്രം' എന്ന വിശ്വാസം ജൂതസമൂഹം ഏറ്റെടുക്കുന്നതിന് മുമ്പുതന്നെ ക്രൈസ്തവ പ്രൊട്ടസ്റ്റന്റ് വിഭാഗം അത് ഏറ്റെടുത്തിട്ടുണ്ട്. ജൂതന്മാര്‍ അത്തരമൊരു രാഷ്ട്രത്തിന് ശ്രമിക്കുന്നതിന് മുമ്പേ പ്രൊട്ടസ്റ്റന്റുകാര്‍ ആ ശ്രമം തുടങ്ങിയിട്ടുണ്ട്. 1983-ൽ അമേരിക്കന്‍ എഴുത്തുകാരി ഗ്രേസ് ഹൽസെല്‍ (Grace Halsell) നൂറ് കണക്കിന് അമേരിക്കന്‍ ക്രിസ്ത്യാനികളോടൊപ്പം ജറൂസലം സന്ദര്‍ശിച്ചിരുന്നു. അതിന്റെ ചെലവ് വഹിച്ചത് പാസ്റ്റര്‍ ജെറി ഫാല്‍വെല്‍ ആണ്. ഈ അമേരിക്കന്‍ എഴുത്തുകാരി പ്രത്യേകം എടുത്തുപറയുന്ന ഒരു കാര്യമുണ്ട്: ''ക്രിസ്ത്യന്‍ തീര്‍ഥാടകര്‍ക്ക് ഫാല്‍വെല്‍ വിതരണം ചെയ്തിരുന്ന ലഘുലേഖകളില്‍, ക്രിസ്തുവിന്റെ ജന്മനാട്ടിലേക്കാണ് പോകുന്നത്, അവിടെയാണ് അദ്ദേഹം ആശയപ്രചാരണത്തിന് ഇറങ്ങിത്തിരിച്ചത്... തുടങ്ങിയ കാര്യങ്ങളൊന്നുമല്ല ഉണ്ടായിരുന്നത്. എല്ലാ വിവരണവും ഇസ്രായേലിനെ കേന്ദ്രീകരിച്ചായിരുന്നു.'' പുസ്തകത്തിലെ മറ്റൊരു പരാമര്‍ശം ഇങ്ങനെയാണ്: ''ഞങ്ങള്‍ പോയേടത്തെല്ലാം (ഫലസ്ത്വീനിൽ) ക്രിസ്ത്യാനികളുണ്ട്. പക്ഷേ, അവരുമായി സംസാരിക്കാനുള്ള ഒരു അവസരവും ഫാല്‍വെല്‍ ഒരുക്കിയിരുന്നില്ല'' (ഗ്രേസ് ഹല്‍സെല്‍, പേജ് 59). യേശു ജനിച്ചെന്ന് കരുതപ്പെടുന്ന തിരുപ്പിറവി ദേവാലയം (Church of Nativity) വരെ ഇസ്രായേലി സൈന്യം ഉപരോധിക്കുന്നത് ഗ്രേസ് ഹല്‍സെല്‍ കണ്ടിരുന്നെങ്കില്‍, താന്‍ വിശ്വസിച്ച ക്രിസ്തുമതമല്ല ഇപ്പോഴുള്ളത് എന്നവര്‍ മനസ്സിലാക്കുമായിരുന്നു.

അമേരിക്കന്‍ ക്രൈസ്തവ നേതാക്കളുടെ കണ്ണില്‍, ഫലസ്ത്വീനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മറ്റു ക്രൈസ്തവ വിഭാഗങ്ങളെക്കാള്‍ ജൂതന്മാര്‍ എന്തുകൊണ്ട് കൂടുതല്‍ പ്രാധാന്യമുള്ളവരും അടുപ്പമുള്ളവരുമായി മാറുന്നു എന്ന് ഹല്‍സെല്‍ അത്ഭുതപ്പെടുന്നുണ്ട്. ജൂത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍, ജൂതന്മാരെക്കാളും ആവേശത്തോടെ അമേരിക്കന്‍ ക്രിസ്ത്യാനികള്‍ എന്തുകൊണ്ട് ചുവപ്പ് വരകള്‍ മുറിച്ചുകടക്കുന്നു എന്നും എഴുത്തുകാരി ചോദിക്കുന്നു. 1999-ല്‍ മസ്ജിദുല്‍ അഖ്‌സ്വാ സ്‌ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ക്കാന്‍ പരിപാടിയിട്ട ഒരു അമേരിക്കന്‍ സംഘത്തെ ഇസ്രായേല്‍ പോലീസ് അറസ്റ്റു ചെയ്തത് ഗ്രന്ഥകാരി തെളിവായി ഉദ്ധരിക്കുന്നു (ഹല്‍സെല്‍, പേജ് 89). 
ഈ തീവ്ര ക്രൈസ്തവ ധാരയില്‍ പെടുന്നവരാണ്, അവരുടെ കൂട്ടുകക്ഷികളായ ജൂത വിഭാഗങ്ങളെക്കാള്‍ ഇസ്്‌ലാമിനെ ഭര്‍ത്സിക്കുന്നതിലും മുസ്്‌ലിംകളുടെ വികാരങ്ങള്‍ മുറിപ്പെടുത്തുന്നതിലും മുന്‍പന്തിയിലുള്ളത് എന്നും കാണാം. കഴിഞ്ഞ ഒരു വര്‍ഷത്തിനകം (ലേഖനമെഴുതിയത് 2004-ല്‍, വിവ:) ഫ്രാങ്ക് ഗ്രഹാം, പാറ്റ് റോബേട്സണ്‍, ജെറി ഫാല്‍വെല്‍ തുടങ്ങിയവര്‍ ഇസ്്‌ലാമിനെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ മാത്രം പരിശോധിച്ചാല്‍ മതിയാകും ഇത് വ്യക്തമാകാന്‍.

ഈ ക്രിസ്ത്യന്‍ അമേരിക്കന്‍ ഫണ്ടമെന്റലിസ്റ്റുകള്‍ക്ക് 'ഫ്രാന്‍സിനെയോ ഇംഗ്ലണ്ടിനെയോ ജര്‍മനിയെയോ ഇറ്റലിയെയോ അമേരിക്കയെയോ ലോകത്തെ മറ്റേതൊരു രാഷ്ട്രത്തെയോ ആര് വിമര്‍ശിക്കുന്നതിലും പ്രശ്‌നമൊന്നുമില്ല. കാരണം, അതൊരു രാഷ്ട്രീയ വിഷയമാണ്. പക്ഷേ, അവരെ സംബന്ധിച്ചേടത്തോളം ഇസ്രായേലിനെ വിമര്‍ശിക്കുക എന്നത് ദൈവത്തെ തന്നെ വിമര്‍ശിക്കുന്നതിന് തുല്യമാണ്' എന്നും ഗ്രന്ഥകാരി (ഹല്‍സെല്‍, പേജ് 80) ചൂണ്ടിക്കാണിക്കുന്നു.

എന്റെ കാഴ്ചയില്‍, പ്രൊട്ടസ്റ്റന്റ് മതത്തിന്റെ ജൂതവത്കരണത്തെ ചരിത്ര പിന്‍ബലത്തോടെ മനസ്സിലാക്കുക എന്നതാണ്, ഫലസ്ത്വീന്‍ വിഷയത്തിലും മറ്റു മുസ്്‌ലിം ലോക പ്രശ്‌നങ്ങളിലുമുള്ള അമേരിക്കന്‍ നിലപാടിനെ വിശകലനം ചെയ്യാനുള്ള ശരിയായ വഴി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ സ്വാധീനിക്കാനുള്ള അമേരിക്കന്‍ ജൂത സമൂഹത്തിന്റെ 'പ്രാഗത്ഭ്യ'മാണ് അമേരിക്കയുടെ ഇസ്രായേല്‍ അനുകൂല നിലപാടിന് കാരണമെന്ന വിശദീകരണം ഉപരിപ്ലവമാണ്; അതൊട്ടും മതിയാവില്ല. മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടർ സൂചിപ്പിച്ചതു പോലെ, അതിന്റെ വേരുകള്‍ അമേരിക്കയുടെ മത, ധാര്‍മിക ബോധ്യങ്ങളിലേക്ക് ആഴത്തില്‍ ആണ്ടിറങ്ങിയിട്ടുണ്ട്.

നാം പൊതുവെ, കൊളോണിയലിസത്തിന്റെയും അപ്പാർത്തീഡിന്റെയും അവസാന ഔട്ട്പോസ്റ്റ് എന്ന് കരുതുന്ന ഇസ്രായേല്‍ എന്തുകൊണ്ട് മിക്ക അമേരിക്കക്കാര്‍ക്കും വിമര്‍ശനാതീതമായ ഒരു 'ദൈവിക പദ്ധതി'യായി മാറി എന്ന തിക്ത സത്യം ഈ ചരിത്ര വിശകലനത്തിലൂടെ മാത്രമേ വ്യക്തമാവൂ. ഈ മതസ്വാധീനം ഓരോ ദിനം ചെല്ലുംതോറും അമേരിക്കയില്‍ വര്‍ധിച്ചുവരികയാണെന്നും നാം മനസ്സിലാക്കണം. l
(അവസാനിച്ചു)

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്