Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

വല്ലാതെ വ്യാപ്തിയുള്ള ഇസ് ലാമിലാണ് നാമുള്ളത്

കെ.പി പ്രസന്നൻ

ഞാൻ മുനാഫിഖ് (കപട വിശ്വാസി) ആയിപ്പോയേ എന്ന് വിലപിച്ച ഹൻളല(റ)യുടെ ചരിത്രം കേട്ടിട്ടില്ലേ? അതേ, ആത്മവിചാരണയുടെ വേളയിൽ പ്രവാചകന്റെ കൂടെയായിരുന്നപ്പോൾ ഉണ്ടായിരുന്ന വിശ്വാസ ദാർഢ്യവും, സമാധാനത്തിന്റെ സുഗന്ധവും തനിക്ക് ഇല്ലാതായിപ്പോയില്ലേ എന്ന വേവലാതിയാണ് ഹൻളല(റ)യെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 

ആ ചരിത്രം വായിക്കുന്ന നമുക്കറിയാം, നരകത്തിന്റെ അടിത്തട്ടിൽ പതിക്കാൻ മാത്രം കടുത്ത നിഫാഖ് ഉള്ളതു കൊണ്ടൊന്നുമല്ല  അദ്ദേഹം അങ്ങനെ പറഞ്ഞുപോയത്. പക്ഷേ, അത്തരം ആത്മവിചാരണകൾ ഒരു വിശ്വാസിയുടെ ശീലമാണെന്നും, ആ ശീലമുള്ളിടത്തോളം നിങ്ങൾ ശരിയായ പാതയിലാണെന്നും മുത്ത്നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഹൻളല(റ)യെ സമാശ്വസിപ്പിക്കുന്ന ചരിത്രപാഠം പിറക്കാൻ കൂടിയാണത്. അതേ  സംശയവുമായി അന്നേരം  ഹാജരായിരുന്ന അബൂബക്റും ഉമറും അതിനു സാക്ഷികളാണ്.

വിശ്വാസത്തിന്റെയും അവിശ്വാസത്തിന്റെയും കപടവിശ്വാസത്തിന്റെയും അതിരുകൾ ആത്മ വിചാരണയുടെ വേളയിൽ ഓരോരുത്തർക്കും ഓരോന്നാവും.  മത മീമാംസ കൈകാര്യം ചെയ്യുന്ന പണ്ഡിതന്മാർക്ക് അതിനെല്ലാം കൃത്യമായ  നിർവചനങ്ങളും നിലപാടും ഉണ്ടാവും. ഞാൻ ഒരിക്കലും ആ മേഖല കൈകാര്യം ചെയ്യാൻ തുനിയാറില്ല. അതിനുള്ള യോഗ്യതയുണ്ടെന്ന് കരുതുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്ന സാധാരണക്കാർക്ക് സ്വീകരിക്കാവുന്ന നിലപാടിനെ കുറിച്ചുള്ള വിചിന്തനം മാത്രമാണിത്.

ഞാൻ  മനസ്സിലാക്കുന്ന  ഇസ് ലാമിന്റെ വ്യാപ്തി വല്ലാതെ വലുതാണ്. ഭൂമിയിലെ ഓരോ മനുഷ്യനും മുസ് ലിമായാണ് ജനിക്കുന്നത് എന്ന് കരുതുന്നു. മുസ് ലിമായി തന്നെ മരിക്കുകയും ചെയ്യുന്നു. നമ്മുടെ പിറവിയും നമ്മുടെ മരണവും നമ്മുടെ നിയന്ത്രണത്തിലല്ലാതെ പടച്ചവന്റെ താൽപര്യത്തിനനുസരിച്ച് നടക്കുന്ന സംഭവങ്ങളാണല്ലോ. ആ സന്ദർഭങ്ങളിലെല്ലാം നാം  മുസ് ലിംകൾ തന്നെയാണ്. അനുസരണയോടെ പടച്ചവന്റെ പ്രാപഞ്ചിക ഘടനക്കനുസരിച്ചു നീങ്ങുന്ന മുസ് ലിംകൾ. ആ അർഥത്തിലാണ് സൂര്യനും ചന്ദ്രനും ഒക്കെ മുസ് ലിംകളാവുന്നത്. 

എല്ലാ കുട്ടികളും മുസ് ലിംകളായി ജനിക്കുന്നു. അവരുടെ മാതാപിതാക്കൾ, സാഹചര്യങ്ങൾ ഒക്കെ  അവരെ ജൂതനോ ക്രിസ്ത്യാനിയോ മാപ്പിളയോ യുക്തിമോർച്ചയോ യുക്തിവാദിയോ കമ്യൂണിസ്‌റ്റോ മുസ് ലിം സമുദായക്കാരനോ  ഒക്കെ  ആക്കുന്നുവെന്നും കരുതാം. ജനനത്തിനും മരണത്തിനും ഇടയിലുള്ള വേളകളിലെ  നമ്മുടെ കർമങ്ങൾക്ക് നാം തന്നെ ഉത്തരവാദിയെന്നും, അതിനെ കുറിച്ച് തീർച്ചയായും പരലോക വിചാരണയിൽ  നിങ്ങളോട് ചോദ്യമുണ്ടാവുമെന്ന കരുതലിൽ നീതിയോടെ, സൂക്ഷ്മതയോടെ ജീവിക്കേണ്ടതുണ്ടെന്നും പറയുന്ന ദർശനത്തിന്റെ പേര് കൂടിയാണല്ലോ ഇസ് ലാം. ജനനത്തിനും മരണത്തിനും ഇടയിൽ മുസ് ലിമായി ജീവിക്കാൻ കഴിയുന്നതിനു വേണ്ടിയായിരിക്കണം അല്ലാഹു ഇങ്ങനെ കൽപിക്കുന്നത്: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ് ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത് " (3:102). 
ആരാണ് മുസ് ലിം എന്നതിന് ഒരുപാട് ഉത്തരങ്ങൾ കിട്ടും.  നന്മ നിറഞ്ഞ നിരവധി ശാഖകളുള്ള ഒരു മഹാ വൃക്ഷമായി ഒരു മുസ് ലിം വികസിക്കുക തന്നെ ചെയ്യേണ്ടതുണ്ട്. അത് തണലായും സദ്‌ഫലമായും ജനങ്ങൾക്ക് ഉപകാരം നൽകിക്കൊണ്ടേയിരിക്കുമെന്നും വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തുന്നു. ഏതെങ്കിലും ചില്ല ഉണങ്ങിയെന്നു വെച്ച് നാം ആ വൃക്ഷത്തെ പരിഗണിക്കാതിരിക്കില്ല. ഒരുവേള തായ്‌വേര് ചീഞ്ഞു പോയാലും, തടി തന്നെ കേടായാലും നമ്മൾ അയാളുടെ മതനിലവാരം അളക്കാനും മെനക്കെടേണ്ടതില്ല. മുസ് ലിം കുടുംബങ്ങളിൽ ജനിച്ച ഒരുപാട് പേർ, എക്സ് മുസ് ലിം ആണെന്ന് പ്രഖ്യാപിച്ചവർ പോലും ഈ സമുദായത്തിന്റെ സ്വത്വം അറിഞ്ഞോ അറിയാതെയോ പേറി നടക്കുന്നുണ്ട്. അവരുടെ വേണ്ടാതീനങ്ങൾ ഒക്കെ മതത്തിന്റെ ചെലവിൽ എഴുതിവെക്കാൻ പൊതുസമൂഹം ബദ്ധശ്രദ്ധരാണെന്ന പോലെ നന്മകൾ പടച്ചവനും എഴുതിവെക്കുന്നുണ്ടാവും.
അതിലൊരാൾ മുസ് ലിമാണോ എന്നാരെങ്കിലും ചോദിച്ചാൽ നിങ്ങൾക്ക് ഫറോവയുടെ ചോദ്യം ഓർമവരേണ്ടതുണ്ട്. നീ പറയുന്ന ഈ അല്ലാഹുവിൽ വിശ്വസിക്കാത്ത നമ്മുടെ മുൻഗാമികളുടെ ഗതിയെന്താണെന്ന്  ഫറോവ  ചോദിച്ചപ്പോൾ മൂസാ നബി കാട്ടിയ വിവേകം നമ്മളെ വഴിനടത്തേണ്ടതുണ്ട്. 'അതിനെപ്പറ്റിയുള്ള ജ്ഞാനം എന്റെ രക്ഷിതാവിന്റെ അടുക്കലുണ്ട്' എന്നായിരുന്നല്ലോ മറുപടി. മറ്റുള്ളവരുടെ രക്ഷാശിക്ഷകൾ ആലോചിച്ച് നമ്മളെന്തിനാണ് ബേജാറാവുന്നത് എന്ന യുക്തിയും അതിലുണ്ട്. അത്തരം ചർച്ചകളിൽനിന്ന് അകന്നുനിൽക്കാനുള്ള ദൃഷ്ടാന്തമായിട്ടാണല്ലോ ഖുർആൻ ഇതൊക്കെ നമുക്കു വേണ്ടി അടയാളപ്പെടുത്തിയിരിക്കുന്നത്.
"ആരുടെ നാവില്‍നിന്നും കൈയില്‍നിന്നും ജനങ്ങൾ  സുരക്ഷിതരാകുന്നുവോ അവനാണ് യഥാർഥ മുസ് ലിം."

"നീ ആഹാരം നല്‍കുക. നിനക്ക് പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും സലാം പറയുകയും ചെയ്യുക. തനിക്കിഷ്ടപ്പെടുന്നത് സഹോദരനു വേണ്ടിയും  ഇഷ്ടപ്പെടുന്നത് വരെ നിങ്ങളില്‍ ആരും സത്യവിശ്വാസിയാവുകയില്ല."

വചനങ്ങൾ മുത്ത്നബിയുടേതാണ്. മുസ് ലിംകളിൽ പെട്ട ചിലർക്ക് സലാം പറയരുതെന്ന് മദ്റസയിൽ പഠിപ്പിക്കുന്ന കാലം നമ്മുടെ കേരളത്തിൽ പോലും കഴിഞ്ഞുപോയിട്ടുണ്ട്. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ് എന്ന് പറയുന്നവരോട് പോലും ഈ സമീപനം കൈക്കൊണ്ടവർ മുത്തുനബിയുടെ അധ്യാപനങ്ങളിൽനിന്ന് എത്രമാത്രം അകന്നുപോവുന്നു എന്ന് ചിന്തിക്കുക. മുസ് ലിം ആവണമെന്ന് ഒരാൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവനു വേണ്ടി അതിഷ്ടപ്പെടാൻ നാമും ശ്രമിക്കുന്നതോടെ വിരിയുന്ന സാഹോദര്യത്തിന്റെ അനന്ത വിഹായസ്സുകൾ  ഒരാളെ മോഹിപ്പിക്കേണ്ടതാണ്. അയാളെ മുസ് ലിമായി കരുതേണ്ടത് നമ്മൾ സത്യവിശ്വാസിയായി കരുതപ്പെടാനുള്ള ഒരു കാരണം കൂടിയാണെന്നല്ലേ ഈ നബിവചനം പറഞ്ഞുവെക്കുന്നത്?

"തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ച്  ഉണ്ണുന്നവൻ എന്നിൽ പെട്ടവനല്ല."
"നാം നമസ്കരിക്കും പോലെ നമസ്കരിക്കുകയും നമ്മുടെ   ഖിബ്‌ലയെ അംഗീകരിക്കുകയും  നാം അറുത്തത് ഭക്ഷിക്കുകയും ചെയ്യുന്നവനാരോ അവനത്രെ മുസ് ലിം."

"മുഖങ്ങളെ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കലല്ല പുണ്യം. മറിച്ച്, അല്ലാഹുവിലും അന്ത്യദിനത്തിലും മലക്കുകളിലും വേദങ്ങളിലും പ്രവാചകന്മാരിലും വിശ്വസിക്കുകയും, അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ പേരില്‍ തന്റെ പ്രിയപ്പെട്ട ധനം ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും സഹായം  അർഹിക്കുന്നവര്‍ക്കും അടിമകളെ മോചിപ്പിക്കുന്നതിനും ചെലവഴിക്കുകയും, നമസ്കാരം നിലനിര്‍ത്തുകയും സകാത്ത് നല്‍കുകയും ചെയ്യുന്നതൊക്കെയാണ് പുണ്യം. കരാര്‍ ചെയ്താല്‍ അത് പാലിക്കുകയും, പ്രതിസന്ധികളിലും  ആപത്തുകളിലും  കഷ്ടതകളിലും സഹനമവലംബിക്കുകയും ചെയ്യുന്നവരാണ് പുണ്യവാന്മാര്‍. അവരാണ് സത്യവാന്മാര്‍. അവര്‍ തന്നെയാണ് ഭക്തന്മാരും'' (ഖുർആൻ 2:177).

ഒന്നല്ലെങ്കിൽ മറ്റൊരു നന്മ സ്വാംശീകരിച്ചിട്ടുണ്ടായേക്കാവുന്ന വിശ്വാസികളിൽനിന്ന് നിങ്ങൾ ആരെയാണ് പുറത്തേക്കിടുക? ആ പണി നമ്മെ പടച്ചോൻ ഏൽപിച്ചിട്ടുമില്ല. സ്വയം മുസ് ലിമല്ലെന്ന് ഒരാൾ പ്രഖ്യാപിക്കുന്നതൊക്കെ അയാളുടെ ഇഷ്ടം. നമുക്കതിൽ ഇടപെടേണ്ട ആവശ്യമേയില്ല.
മാതാപിതാക്കളോടുള്ള പെരുമാറ്റം, സാമൂഹിക മര്യാദകൾ ഇങ്ങനെയൊക്കെ വികസിക്കേണ്ടുന്ന ഒരുപാട് നന്മകൾ  സ്വാംശീകരിക്കേണ്ട ഒരു അവസ്ഥ കൂടിയാണ് ഇസ് ലാം. സ്വർഗത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നതിൽ എനിക്കേറ്റവും ആകർഷകമായി തോന്നിയത് അവിടത്തെ സമാധാനം എന്ന അവസ്ഥയാണ്.

"അനാവശ്യ വാക്കോ കുറ്റപ്പെടുത്തലോ അവര്‍ അവിടെ വെച്ച്‌ കേള്‍ക്കുകയില്ല. സമാധാനം, സമാധാനം! എന്നുള്ള വാക്കല്ലാതെ" (56 : 25-26).

നീതി അനുഭവിക്കാനാവുകയെന്നത് തന്നെയാണ്  സമാധാനത്തിന്റെ വഴിയടയാളമായി ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അങ്ങനെ നീതിയുടെ, സമാധാനത്തിന്റെ പൂർണതയുള്ള ഒരു കാലത്തെ  സ്വപ്‌നം  കാണുന്ന മുസ് ലിം ഇഹലോകത്ത് തൃപ്തി നേടുന്നത് പടച്ചവന്റെ നിർദേശങ്ങൾ സസന്തോഷം അനുസരിക്കുന്ന അവസ്ഥയിലായിരിക്കും. ആ അവസ്ഥയിൽനിന്ന് അൽപം പിന്നോട്ട് പോയോ എന്ന ആശങ്ക മാത്രമാണ് ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച ഹൻളലയുടെ കരൾ പിളർന്നുള്ള നിലവിളിക്ക് കാരണമായത്. ഈ തൃപ്തിയുടെ നിലവാരം മുസ് ലിംകൾക്കിടയിൽ വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ടാണല്ലോ മുഅ്മിൻ, മുഹ്‌സിൻ, മുസ് ലിം  ഇങ്ങനെ പല പല വിശേഷണങ്ങളിലൂടെ ഇസ് ലാമിലുള്ളവരെ  ഖുർആൻ വിലയിരുത്തുന്നത്.
"ആളുകളെ മുഖത്ത് നോക്കി ആക്ഷേപിക്കുന്നതും മറഞ്ഞുനിന്ന് കുറ്റം പറയുന്നതും ശീലമാക്കിയവര്‍ക്ക് മഹാനാശം "(ഖുർആൻ 104:1).

"അന്യോന്യം പരിഹാസ നാമങ്ങള്‍ പറഞ്ഞ് വിളിക്കാതിരിക്കുകയും ചെയ്യുവിന്‍. കഴിയുന്നിടത്തോളം സന്ദേഹങ്ങളെ ദൂരീകരിക്കുവിന്‍; എന്തുകൊണ്ടെന്നാല്‍ സന്ദേഹം ചിലപ്പോള്‍ പാപമായി പരിണമിക്കുന്നു. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളില്‍ ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളില്‍ ആരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? ഇല്ല, നിങ്ങളത് വെറുക്കുമെന്നത് തീര്‍ച്ചയാണ്" (ഖുർആൻ 49:11,12).

"ചെലവഴിക്കുമ്പോള്‍ അവര്‍ ധൂര്‍ത്തടിക്കുകയോ ലുബ്ധരാവുകയോ ഇല്ല; പ്രത്യുത, അവര്‍ ഇതു രണ്ടിനുമിടയില്‍ മിതത്വം പാലിക്കുന്നവരായിരിക്കും" (ഖുർആൻ 25:67).

"കരുണാമയനായ ദൈവത്തിന്റെ ദാസന്മാര്‍ ഭൂമിയില്‍ വിനീതരായി നടക്കുന്നവരാണ്. അവിവേകികള്‍ അവരെ നേരിട്ടാല്‍ അവര്‍ സമാധാനം ആശംസിച്ച് പിന്തിരിയും…" (ഖുര്‍ആന്‍ 25:63).

നോക്കൂ, കൊതിപ്പിക്കുന്ന മൂല്യങ്ങളെ കുറിച്ചാണ് ഇസ് ലാമിന്റെ വിചാരങ്ങൾ. നിങ്ങളറിയുന്ന ഒരാളെ വേഷമോ രൂപമോ പ്രസംഗമോ എഴുത്തോ നോക്കി വിലയിരുത്തി മാർക്കിടും മുമ്പ്  മേൽപ്പറഞ്ഞ  ഒരുപാടൊരുപാട്  നന്മകളിൽ അവർ നമ്മളെക്കാൾ മുന്നേറിയവരായിരിക്കാൻ സാധ്യതയുണ്ട്. പിന്നെന്തിന്  കാഫിർ, മുനാഫിഖ് പദാവലിയുമായി അവരുടെ പിറകെ നടക്കണം? അവരുടെ ഇസ് ലാമിന്റെ സമാധാനവും സുഗന്ധവും വർധിപ്പിക്കാനുതകുന്ന ത്യാഗപരിശ്രമങ്ങളിലേക്ക് പരസ്പരം ക്ഷമ കൊണ്ടും സഹനം കൊണ്ടും ഉപദേശിക്കേണ്ടവരാണല്ലോ മുസ് ലിംകൾ.

റസൂല്‍ (സ) പറഞ്ഞു: ''ഒരു വ്യഭിചാരിയും അവന്‍ വിശ്വാസിയായിരിക്കെ വ്യഭിചരിക്കില്ല. ഒരു മോഷ്ടാവ് അവന്‍ വിശ്വാസിയായിരിക്കെ മോഷ്ടിക്കുകയുമില്ല. ഒരു മദ്യപാനിയും അവന്‍ വിശ്വാസിയായിരിക്കെ മദ്യപിക്കുകയില്ല'' (ബുഖാരി, മുസ് ലിം).

വിവിധ വീക്ഷണക്കാരോട് സംവദിക്കുമ്പോൾ നാം കരുതിപ്പോരുന്ന ഇസ് ലാമിക അവസ്ഥയിലല്ല മറ്റൊരാളുള്ളതെന്ന് തോന്നിയാൽ ആ  വൃത്തത്തിൽനിന്ന് അയാൾ പുറത്തുനിൽക്കുന്നു എന്നേ ഒരാൾ കരുതേണ്ടതുള്ളൂ. നമുക്ക് തന്നെ നമ്മുടെ ഈമാനും ഇഖ്‌ലാസ്വും ഒക്കെ നന്നാക്കി  കൂടുതൽ മൂല്യവത്തായ, സൗന്ദര്യവത്തായ ഇസ് ലാമിലേക്ക് പ്രവേശിക്കാൻ ജിഹാദ് ചെയ്യേണ്ടിയിരിക്കേ, മറ്റുള്ളവരും അതു ചെയ്യാൻ കാത്തിരിക്കുകയാണെന്ന് തന്നെ കരുതുക. ഇസ് ലാം എന്ന മൂല്യവ്യവസ്ഥയിലെ പല നിലവാരത്തിലുള്ള വൃത്തത്തിൽ  ഉള്ളവർ പരസ്പരം മാന്യമായി സംവദിച്ചാൽ തന്നെ നല്ലൊരു മാതൃകയായിരിക്കും.

"മനുഷ്യവംശത്തിനു വേണ്ടി രംഗത്ത്‌ കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങള്‍" (3: 110). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്