Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

സംഗമം അയൽക്കൂട്ടങ്ങൾ സുസ്ഥിര വികസനത്തിന്റെ പങ്കാളിത്ത കരുതൽ

സി.പി ഹബീബുർറഹ്മാൻ (ജനറൽ സെക്രട്ടറി, ഇൻഫാക് കേരള)

സാമൂഹിക പുരോഗതി കൈവരിക്കുന്നതിന് സുസ്ഥിര വികസന മാർഗങ്ങൾ സൃഷ്ടിക്കുകയെന്നത് രാഷ്ട്രങ്ങളുടെയും സമൂഹങ്ങളുടെയും പ്രാഥമിക ബാധ്യതയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, സാമ്പത്തിക അസമത്വം, ജാതീയത, വംശീയ വിദ്വേഷം,  വിദ്യാഭ്യാസ പിന്നാക്കാവസ്ഥ തുടങ്ങിയവ കടുത്ത ദാരിദ്ര്യത്തെ (Extreme Poverty)യും ആപേക്ഷിക ദാരിദ്ര്യ(Relative Poverty) ത്തെയും വർധിപ്പിക്കുന്നുണ്ട്. എല്ലാവർക്കും അഭിമാനമുള്ള ജീവിതം എന്നത് ഐക്യരാഷ്ട്ര സഭയടക്കം മുന്നോട്ടുവെക്കുന്ന ആശയവും പദ്ധതിയുമാണ്. യു.എൻ.ഡി.പിയുടെ SDG (Sustainable Development Goal) 2030 എന്ന ബൃഹത് പദ്ധതിയിൽ ആഗോള തലത്തിൽ രാജ്യങ്ങളും സന്നദ്ധ സംഘടനകളും കോർപറേറ്റുകളും പങ്കാളികളാവുന്നുണ്ട്. 

ലോക വ്യാപകമായി സാമ്പത്തിക അസമത്വവും ചൂഷണവും വർധിക്കുകയാണ്. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ധനകാര്യ സ്ഥാപനങ്ങളുടെ സേവനങ്ങൾ ലഭ്യമാവുന്നില്ല. കഴുത്തറുപ്പൻ ബ്ലേഡ് കമ്പനികളും വട്ടിപ്പലിശക്കാരും ലോൺ ആപ്പിലൂടെയും പ്രൈവറ്റ് ധനകാര്യ സ്ഥാപനങ്ങളിലൂടെയും സാധാരണക്കാരെയും പാവങ്ങളെയും വരിഞ്ഞു മുറുക്കിയിരിക്കുന്നു. രാജ്യത്തെ ജനങ്ങളിൽ 22 ശതമാനത്തിന് ഇപ്പോഴും ബാങ്കിംഗ് സേവനങ്ങൾ അന്യമാണ്. അടിസ്ഥാന ആവശ്യങ്ങളുടെ പൂർത്തീകരണത്തിനും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും മതിയായ വരുമാനമില്ലാത്തവരുടെ എണ്ണം വർധിക്കുകയാണ്. ജീവിതാവശ്യങ്ങൾക്ക് വേണ്ടി പലിശക്ക് കടമെടുത്ത് ജീവിതം ദുരിതത്തിലായവർ നിരവധി.  

മൈക്രോ ഫിനാൻസ്  ആഗോളതലത്തിൽ തന്നെ സമൂഹത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പ് വരുത്തുന്നതിനുള്ള മികച്ച സംവിധാനമായി വികസിച്ചു കഴിഞ്ഞിട്ടുണ്ട്. അവികസിത രാജ്യങ്ങളിൽ മൈക്രോ ഫിനാൻസ് സംവിധാനം സജീവമാക്കുന്നതിൽ ഗവണ്മെന്റുകളെക്കാൾ  ശ്രദ്ധ  എൻ.ജി.ഒകൾക്കാണ്. മൈക്രോ ഫിനാൻസ് സംവിധാനത്തെ കമ്യൂണിറ്റി തലങ്ങളിൽ കൂടുതൽ ജനകീയവും കാര്യക്ഷമവും ഫലപ്രദവുമാക്കിയത് അയൽക്കൂട്ട സംവിധാനങ്ങളും സ്വയം സഹായ സംഘങ്ങളുമാണ്. പങ്കാളിത്ത അഡ്മിനിസ്ട്രേഷൻ സംവിധാനത്തിലൂടെ സാമ്പത്തിക ക്രയവിക്രയങ്ങൾ കൂടുതൽ ഉത്തരവാദിത്വ ബോധത്തോടെ നിർവഹിക്കാൻ സാധിക്കുന്നുവെന്നതാണ് അയൽക്കൂട്ട സംവിധാനങ്ങൾ വഴിയുള്ള മൈക്രോ ഫിനാൻസിനെ കൂടുതൽ ജനകീയവും സുരക്ഷിതവുമാക്കുന്നത്. എന്നാൽ, സ്ത്രീ കേന്ദ്രീകൃത അയൽക്കൂട്ടങ്ങളിലൂടെയും ജോയിന്റ് ഗ്രൂപ്പുകളിലൂടെയും ഭീമമായ പലിശക്ക് വായ്പകൾ നൽകി സാധാരണക്കാരെയും പാവങ്ങളെയും കടക്കെണിയിൽ പെടുത്തി വൻ ലാഭം കൊയ്യുന്ന മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും ഉണ്ട്. മൈക്രോ ഫിനാൻസ് ലക്ഷ്യമാക്കുന്ന സാമൂഹിക സുരക്ഷയെയും പുരോഗതിയെയും അട്ടിമറിക്കുകയാണ് ഇവർ ചെയ്യുന്നത്. ആഴ്ചയിലെ തിരിച്ചടവ് വൈകിയാൽ ഇവർ ഗുണ്ടാസംഘങ്ങളെപ്പോലെ അക്രമങ്ങൾ അഴിച്ചുവിടും. ഇത്തരം സ്ഥാപനങ്ങളിൽ  വായ്പക്ക് 35  ശതമാനം വരെ  പലിശ ഈടാക്കുന്നവയുമുണ്ട്. 

പലിശ സമൂഹ പുരോഗതിയെയും വ്യക്തിയുടെ വളർച്ചയെയും മുരടിപ്പിക്കുന്ന വിപത്താണെന്ന് ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭരണകൂടങ്ങൾക്കും അത് അറിയാം. പക്ഷേ, പലിശ രഹിത സാമ്പത്തിക സംവിധാനങ്ങൾ നടപ്പാക്കാൻ അവ ഇന്നുവരെ മുന്നോട്ടു വന്നിട്ടില്ല. അതേസമയം പലിശക്കെതിരായ ബദൽ സാമ്പത്തിക ക്രമത്തെക്കുറിച്ച  ചിന്തകളും പദ്ധതികളും ഇന്ന് സജീവമാണ്. ദാരിദ്ര്യ ലഘൂകരണത്തിന് പലിശ രഹിത മൈക്രോ ഫിനാൻസാണ് മികച്ച മാർഗമെന്ന ബോധ്യത്തിൽനിന്നാണ് രാജ്യത്ത്  സഹൂലത്ത്‌ മൈക്രോ ഫിനാൻസ് പ്രവർത്തനം ആരംഭിച്ചത്. കേരളത്തിൽ 1970-കൾ മുതൽ സജീവമായിരുന്ന പലിശ രഹിത നിധികൾ വട്ടിപ്പലിശക്കാരെ അകറ്റിനിർത്തുന്നതിൽ വലിയൊരളവിൽ വിജയിച്ചിരുന്നു. പലിശ രഹിത നിധികളുടെ അനുഭവങ്ങളും അവയുടെ സാമൂഹിക മൂല്യവും  ഭാവിസാധ്യതകളും മുന്നിൽക്കണ്ടാണ് അയൽക്കൂട്ട സംവിധാനങ്ങളിലേക്കുള്ള ചുവടുവെപ്പുണ്ടായത്.  ഈ ലക്ഷ്യം മുൻനിർത്തി 2012-ൽ  രൂപവത്കരിച്ച സന്നദ്ധ സംഘടനയാണ്  ഇൻഫാക് സസ്റ്റൈനബ്ൾ ഡെവലപ്മെൻറ് സൊസൈറ്റി.

ഇൻഫാക് സസ്റ്റൈനബ്ൾ ഡെവലപ്മെൻറ് സൊസൈറ്റി

പരസ്പര സഹകരണത്തിലൂടെ പലിശ രഹിത സൂക്ഷ്മ വായ്പാ സംവിധാനം നടപ്പാക്കുന്നതിന് സംസ്ഥാനത്ത് രൂപംകൊണ്ട സന്നദ്ധ സംഘടനയാണ് ഇൻഫാക് സസ്റ്റൈനബ്ൾ ഡെവലപ്മെൻറ് സൊസൈറ്റി. സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ ലഘൂകരണം, സാമ്പത്തിക വളർച്ച, സുസ്ഥിര വികസനം, തൊഴിൽ പരിപോഷണം തുടങ്ങിയവ കൈവരിക്കുന്നതിന് സമൂഹത്തെ സജ്ജമാക്കുകയാണ്  'ഇൻഫാക്കി'ന്റെ ലക്ഷ്യം. പ്രാദേശിക എൻ.ജി.ഒകളും അയൽക്കൂട്ടങ്ങളും സ്വയം സഹായ സംഘങ്ങളും രൂപവത്കരിച്ച് താഴെ തട്ടിൽ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുക എന്നതാണ് ഇൻഫാക്കിന്റെ രീതി. 

പ്രാദേശിക സന്നദ്ധ സംഘടനകൾക്ക് മാർഗനിർദേശങ്ങൾ നൽകുക, പരിശീലനങ്ങൾ സംഘടിപ്പിക്കുക, സാമ്പത്തിക ഇടപാടുകളുടെ സുതാര്യത ഉറപ്പുവരുത്തുക, പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകുക, എൻ.ജി.ഒകളുടെയും അയൽക്കൂട്ടങ്ങളുടെയും പ്രവർത്തനങ്ങൾ ശാസ്ത്രീയമാക്കുന്നതിനും ആധുനികവൽക്കരിക്കുന്നതിനുമുള്ള  ടെക്നോളജിയും സോഫ്റ്റ്‌വെയറും വികസിപ്പിക്കുക, ഓഡിറ്റ് നിർവഹിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇൻഫാക് സസ്റ്റൈനബ്ൾ ഡെവലപ്മെൻറ് സൊസൈറ്റി നിർവഹിക്കുന്നത്.  ഇൻഫാക്കിന്റെ സേവനം ലഭിക്കുന്നതിന് എൻ.ജി.ഒകൾ അതിൽ അഫിലിയേറ്റ് ചെയ്യണം.

 പ്രാദേശിക എൻ.ജി.ഒ (സൊസൈറ്റി)

അയൽക്കൂട്ടങ്ങൾ രൂപവത്കരിച്ച് അവ ഭദ്രമാക്കുന്നതിനും വികസിപ്പിക്കുന്നതിനുമാണ് പ്രാദേശിക എൻ.ജി.ഒകൾ ഊന്നൽ നൽകുന്നത്. കൃത്യത, ആധികാരികത, സുതാര്യത, ടെക്നോളജി, ഡോക്യുമെന്റേഷൻ തുടങ്ങിയവ  ലക്ഷ്യം വെച്ചാണ്  അയൽക്കൂട്ടങ്ങളുടെ ഫണ്ട് മാനേജ്മെന്റിന് പ്രാദേശിക എൻ.ജി.ഒകൾ സഹായം നൽകുന്നത്. അയൽക്കൂട്ടങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിന് ഇത് സഹായകമാണ്.  അയൽക്കൂട്ട രൂപവത്കരണം, അയൽക്കൂട്ടങ്ങളുടെ ഓഡിറ്റ്, അംഗങ്ങൾക്ക് പരിശീലന പരിപാടികൾ, വാർഷിക സംഗമങ്ങൾ, തൊഴിൽ പരിശീലനം, തൊഴിൽ പദ്ധതികൾ നടപ്പാക്കാനുള്ള ആസൂത്രണം, സർക്കാർ പദ്ധതികൾ വഴി സാമ്പത്തിക സഹായം ലഭ്യമാക്കൽ, സാമ്പത്തിക ശാക്തീകരണ പദ്ധതികൾ, സാംസ്കാരിക പരിപാടികൾ, ആരോഗ്യ ബോധവൽക്കരണം, നിയമ ബോധവൽക്കരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, കരിയർ ഗൈഡൻസ്, കാർഷിക ബോധവൽക്കരണം, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ, അയൽക്കൂട്ടം അംഗങ്ങൾക്കുള്ള മത്സരങ്ങൾ, അയൽക്കൂട്ടം അംഗങ്ങളുടെ മക്കൾക്കുള്ള പരിപാടികൾ, സോഷ്യൽ സെക്യൂരിറ്റി സ്‌കീമുകൾ, രക്തദാന ഗ്രൂപ്പുകൾ തുടങ്ങിയവയാണ് പ്രാദേശിക എൻ.ജി.ഒകളും അയൽക്കൂട്ടങ്ങളും നിർവഹിക്കുന്ന പ്രവർത്തനങ്ങൾ.

സംഗമം പലിശരഹിത അയൽക്കൂട്ടായ്മ

ഇൻഫാക്കിന് കീഴിലുള്ള അയൽക്കൂട്ടങ്ങൾ  സംഗമം പലിശരഹിത അയൽക്കൂട്ടായ്മ എന്നാണ് അറിയപ്പെടുന്നത്. അടുത്തടുത്ത വീടുകളിലെ പരമാവധി 20 പേർ ചേർന്ന് രൂപവത്കരിക്കുന്ന കൂട്ടായ്മയാണ് അയൽക്കൂട്ടങ്ങൾ. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകമായാണ് അയൽക്കൂട്ടങ്ങൾ രൂപവത്കരിക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ.സെക്രട്ടറി, ട്രഷറർ തുടങ്ങിയവരാണ് അയൽക്കൂട്ടായ്മ ഭാരവാഹികൾ. 18 വയസ്സ് പൂർത്തിയായ ഇന്ത്യൻ പൗരനായ അയൽക്കൂട്ടായ്മയുടെ മാനദണ്ഡങ്ങൾ അംഗീകരിക്കുന്ന, ഏതൊരാൾക്കും അയൽക്കൂട്ടായ്മയിൽ അംഗങ്ങളാവാം. അയൽക്കൂട്ടങ്ങൾ ആഴ്ചയിൽ അയൽക്കൂട്ടം ഓഫീസിലോ ഏതെങ്കിലും അയൽക്കൂട്ടം അംഗത്തിന്റെ വീട്ടിലോ യോഗം ചേരുന്നു. ഓരോ ആഴ്ചയിലെയും യോഗത്തിന്റെ മിനുട്സ്  കൃത്യമായി രേഖപ്പെടുത്തുന്നു. ഓരോ ആഴ്ചയും നിശ്ചിത സമ്പാദ്യം, ലോൺ തിരിച്ചടവ് (ലോൺ എടുത്തവർ) തുടങ്ങിയവ അയൽക്കൂട്ടം പ്രസിഡന്റ് / സെക്രട്ടറിയെ ഏൽപിക്കുന്നു. അയൽക്കൂട്ടങ്ങളുടെ ഭാരവാഹികളാണ് അവയെ ചലിപ്പിക്കേണ്ടത്. സാമ്പത്തിക പ്രവർത്തനങ്ങൾക്ക് പുറമെ, സാമൂഹിക സാമ്പത്തിക മുന്നേറ്റം ലക്ഷ്യമാക്കിയുള്ള വിവിധ പരിപാടികൾ അയൽക്കൂട്ടങ്ങൾ ചർച്ച ചെയ്തു നടപ്പാക്കുന്നു. ജീവിത പുരോഗതിക്ക് പരസ്പര സഹകരണം, അയൽ വീടുകൾ തമ്മിൽ സ്നേഹം - ഐക്യം - സഹകരണം, വിദ്യാഭ്യാസം - ആരോഗ്യം - സാമ്പത്തികം -  ശുചിത്വം തുടങ്ങിയ മേഖലകളിൽ അയൽവീടുകളെ കോർത്തിണക്കി പദ്ധതികൾ, പരസ്പര സഹകരണത്തോടെയുള്ള സാമ്പത്തിക പ്രവർത്തനം (ലഘു നിക്ഷേപം, വായ്പ), അയൽക്കൂട്ടായ്മ അംഗങ്ങളുടെ കഴിവുകളുടെ പരിപോഷണം, അയൽക്കൂട്ടായ്മ അംഗങ്ങൾക്ക് തൊഴിൽ പദ്ധതികൾ, സ്വയം തൊഴിൽ ഗ്രൂപ്പുകൾക്ക് സാമ്പത്തിക സഹായം, അയൽക്കൂട്ടായ്മ അംഗങ്ങളിൽ നേതൃശേഷി വർധിപ്പിക്കൽ, ഫലപ്രദമായ ആശയവിനിമയം, സംഘാടന പരിചയം, സംഘടിത ജീവിതശൈലി, ജീവിതത്തോടുള്ള ക്രിയാത്മക മനോഭാവം, സാമ്പത്തിക അച്ചടക്കം തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കൽ, സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുന്നതിന് അംഗങ്ങളെ സജ്ജമാക്കൽ, സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള സഹായങ്ങൾ, ജീവിത വിശുദ്ധിയും ധാർമിക ബോധവും കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് അയൽക്കൂട്ടങ്ങളുടെ ലക്ഷ്യങ്ങൾ. 

കേരള പുരോഗതിയിൽ നിർണായക പങ്കാളിത്തം വഹിക്കുന്ന കോപ്പറേറ്റീവ് മേഖലയെ രാഷ്ട്രീയ താല്പര്യങ്ങൾക്കും വ്യക്തിഗത നേട്ടങ്ങൾക്കും ദുരുപയോഗിച്ച് സഹകരണ മേഖലയുടെ വിശ്വാസ്യത തകർക്കപ്പെട്ടുകൊണ്ടിരിക്കുന്ന വർത്തമാന കാലത്താണ്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സാമ്പത്തിക മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ സേവന മനഃസ്ഥിതിയോടെ ചൂഷണ മുക്തമായ പലിശ രഹിത മൈക്രോ ഫിനാൻസ് സംവിധാനം കേരളത്തിൽ അതിന്റെ ദശവാർഷികം ആഘോഷിക്കുന്നത്. അയൽക്കൂട്ടങ്ങളിൽ അണിചേരുന്നവരിൽ അഭിമാനകരമായ ജീവിത ചിന്തകൾ വളർത്തിയെടുക്കാൻ സംഗമം അയൽക്കൂട്ടായ്മകൾക്ക് സാധിക്കുന്നുണ്ട്. ഒരാൾ അയൽക്കൂട്ടം അംഗമാകുന്നതോടെ സ്വാഭാവിക സമ്പാദ്യ ശീലങ്ങളിലേക്കും കരുതിവെപ്പിലേക്കും എത്തിച്ചേരുകയാണ്.

അയൽക്കൂട്ടങ്ങളിലില്ലായിരുന്നുവെങ്കിൽ മറ്റു പല കാര്യങ്ങൾക്കും വെറുതെ ചെലവഴിക്കുമായിരുന്ന പണം ലഘു നിക്ഷേപങ്ങളായി അയൽക്കൂട്ടങ്ങളിലെത്തുന്നതോടെ ഓരോരുത്തരും വലിയ അധ്വാനമില്ലാതെ സമ്പാദ്യങ്ങളുടെ ഉടമയായിത്തീരുകയാണ്. ഓരോ ആഴ്ചയിലും ചുരുങ്ങിയത് 50 രൂപ മുതൽ  നിക്ഷേപിച്ചു പതിയെ പതിയെ സാമാന്യം നല്ല സമ്പാദ്യമുണ്ടായ ആയിരക്കണക്കിന്  അയൽക്കൂട്ടം അംഗങ്ങളുടെ അനുഭവങ്ങൾ സംഗമം അയൽക്കൂട്ടങ്ങൾക്ക് പറയാനുണ്ട്. സമ്പാദ്യങ്ങൾ വളരുന്നതോടെ ജീവിത സ്വപ്നങ്ങൾക്ക് നിറം നൽകാനും ആവശ്യങ്ങൾ പൂർത്തീകരിക്കാനും അയൽക്കൂട്ടങ്ങളിലൂടെ സാധിക്കുന്നു. വീട് നിർമാണം, വിദ്യാഭ്യാസം, ചികിത്സ, തൊഴിൽ, കടംവീട്ടൽ  തുടങ്ങി  അതിഥി സൽക്കാരം വരെയുള്ള കാര്യങ്ങൾക്ക് വേണ്ടിയാണ് അയൽക്കൂട്ടം വായ്പകൾ ഉപയോഗപ്പെടുത്തുന്നത്.

ഒരു അയൽക്കൂട്ടം അംഗത്തിന്, വ്യക്തിപരമായി മറ്റൊരു അംഗത്തിന്  വലിയൊരു സംഖ്യ കടംകൊടുക്കാൻ സാധിക്കണമെന്നില്ല. എന്നാൽ, അയൽക്കൂട്ടത്തിൽ എത്തുന്നതോടെ ഓരോ അയൽക്കൂട്ട അംഗവും വായ്പ ലഭിക്കാൻ അർഹത നേടുന്നു. അയൽക്കൂട്ടം അംഗങ്ങളുടെ സമ്പാദ്യം കൂടിച്ചേരുമ്പോഴാണ് ഇത്തരത്തിൽ ലോൺ കൊടുക്കാൻ സാധിക്കുക. അതിനാൽ, ഓരോ അംഗത്തിന്റെയും ഓരോ ചെറിയ നിക്ഷേപവും മറ്റൊരാൾക്ക് നൽകുന്ന വലിയ ലോണിന്റെ ഭാഗമായിത്തീരുന്നുണ്ട്. അംഗങ്ങൾക്ക് അവരുടെ സമ്പാദ്യത്തിന്  അനുസൃതമായി ലോൺ ലഭിക്കുന്നുവെന്നത് പോലെത്തന്നെ മറ്റുള്ളവരുടെ ലോണിൽ പങ്കാളിത്തവും വഹിക്കാൻ കഴിയുന്നുവെന്നത് മികച്ച പങ്കാളിത്ത സാമ്പത്തിക പ്രവർത്തനമാണ്. 

അയൽക്കൂട്ടങ്ങളിലൂടെ   സാമൂഹിക - സാമ്പത്തിക പുരോഗതി കൈവരിക്കണമെങ്കിൽ  അതിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ശാസ്ത്രീയവും റിസൾട്ട് ഓറിയന്റഡും ആയിരിക്കണം. നിക്ഷേപം, വായ്പ എന്നീ തലത്തിൽ   ഒതുങ്ങാതെ സമ്പാദ്യ - തൊഴിൽ മേഖലയിലേക്കും കഴിവുകൾ വർധിപ്പിക്കുന്നതിനും അയൽക്കൂട്ടം അംഗങ്ങളെ പ്രാപ്തരാക്കണം.  അയൽക്കൂട്ട സംവിധാനങ്ങൾ വഴിയുള്ള തൊഴിൽ സംരംഭങ്ങൾക്ക് വേണ്ടത്ര വിജയിക്കാൻ സാധിച്ചിട്ടില്ലെന്നാണ് കേരളത്തിലെ കുടുംബശ്രീയുടെ തൊഴിൽ പദ്ധതികൾ അവലോകനം ചെയ്യുമ്പോൾ മനസ്സിലാവുന്നത്. 
കൺസ്യൂമറിസത്തിന്റെ ഉയർന്ന അനുപാതം  അംഗീകൃതവും അല്ലാത്തതുമായ സാമ്പത്തിക സ്ഥാപനങ്ങളുടെ പെരുപ്പത്തിലേക്കും, പേഴ്‌സണൽ ലോണുകളുടെയും ഗ്രൂപ്പ് ലോണുകളുടെയും പ്രളയത്തിലേക്കും  നയിക്കുകയാണ്. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഉയർന്ന പലിശയുള്ള മൈക്രോ ഫിനാൻസ് ഏജൻസികൾ ഭീമമായ പലിശ  ഈടാക്കിക്കൊണ്ടാണ് വായ്പകൾ നൽകുന്നത്. ലോൺ ആപ്പുകൾ വഴി വായ്പക്കെണിയിൽ പെട്ടവരും നിരവധിയാണ്. ഇതെല്ലാം ആപേക്ഷിക ദാരിദ്ര്യത്തിന്റെ തീവ്രത കൂട്ടുന്നുണ്ട്. സാമ്പത്തിക ലഭ്യതയാണ് കുടുംബശ്രീയടക്കമുള്ള അയൽക്കൂട്ടങ്ങളെ  ജനകീയമാക്കിയത്. എന്നാൽ, ആവശ്യമില്ലാത്ത ലോണുകൾ നൽകി സ്ത്രീകളെ കടക്കെണിയിൽ അകപ്പെടുത്തിയ നിരവധി അനുഭവങ്ങളും അയൽക്കൂട്ടങ്ങൾ വഴി സംഭവിക്കുന്നുണ്ട്. 
സ്ത്രീകളിലൂടെ സാമൂഹിക ശാക്തീകരണം ത്വരിതപ്പെടുത്തുന്നതിൽ അയൽക്കൂട്ടങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയും. അയൽക്കൂട്ടങ്ങളിലൂടെ സമ്പാദ്യം, നേതൃശേഷി പരിപോഷണം, സാമൂഹിക പ്രവർത്തനം, സ്‌കിൽ ഡെവലപ്മെന്റ്, തൊഴിൽ പദ്ധതികൾ, ഫാമിലി മാനേജ്‌മന്റ്, റിക്രിയേഷൻ, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി, പൗരാവകാശം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങിയ മേഖലകളിൽ ഊന്നൽ നൽകിയാൽ  റിസൾട്ടുണ്ടാക്കാൻ സാധിക്കും. അയൽക്കൂട്ട സംവിധാനങ്ങളുടെ ഓറിയന്റേഷൻ സാമ്പത്തിക പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങാതെ ബഹുമുഖ തലങ്ങളിലേക്ക് വികസിച്ചാൽ വലിയ മാറ്റങ്ങൾ സമൂഹത്തിലുണ്ടാവും.

സമ്പാദ്യ - തൊഴിൽ മേഖലയിലേക്കും കഴിവുകൾ വർധിപ്പിക്കുന്നതിനും അയൽക്കൂട്ടം അംഗങ്ങളെ പ്രാപ്തമാക്കുകയെന്നത് ഇൻഫാക്കിന്റെ പുതിയ കാലയളവിലെ സുപ്രധാന ടാർഗറ്റാണ്. ഈ ലക്ഷ്യം മുൻനിർത്തി ഈ ദശവാർഷിക കാലയളവിൽ തൊഴിൽ പരിശീലന പദ്ധതികൾക്ക് തുടക്കം കുറിക്കുകയാണ്. 5000 സ്ത്രീകൾക്ക് പ്രാഥമിക പരിശീലനവും അതിൽനിന്ന്  തെരഞ്ഞെടുത്തവർക്ക് തുടർ പരിശീലനങ്ങളും നൽകും. ഈ പദ്ധതിയുടെ തുടർ പ്രവർത്തനമായി 500 അയൽക്കൂട്ടം അംഗങ്ങൾക്ക് വ്യക്തിഗതമായി 100  ഗ്രൂപ്പ് തൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിനുള്ള സാമ്പത്തിക - സാങ്കേതിക സഹായങ്ങൾ  ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങൾ ഇൻഫാക് ഒരുക്കും.ഓരോ പ്രാദേശിക എൻ.ജി.ഒയും ചുരുങ്ങിയത് വർഷത്തിൽ ഒരു തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിക്കുമെന്നാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത്.  

'സുസ്ഥിര വികസനത്തിന് അയൽക്കൂട്ട പെരുമ' എന്ന പ്രമേയത്തിൽ 2023 സെപ്റ്റംബർ 10 മുതൽ 2024 മാർച്ച് 31 വരെയുള്ള കാലയളവിൽ സംഗമം അയൽക്കൂട്ടങ്ങളുടെ ദശവാർഷികം ആഘോഷിക്കുകയാണ്.  സംസ്ഥാന - എൻ.ജി.ഒ തല ഉദ്ഘാടന പ്രോഗ്രാം, തൊഴിൽ പരിശീലനം, തൊഴിൽ പദ്ധതികൾ, ദേശീയ സെമിനാർ,  അയൽക്കൂട്ടം ഫെസ്റ്റ്, അയൽക്കൂട്ടം അംഗങ്ങൾക്ക് മത്സരങ്ങൾ, അവാർഡുകൾ, പരിശീലന പരിപാടികൾ, സേവന പ്രവർത്തനങ്ങൾ തുടങ്ങിയ ബഹുമുഖ പ്രവർത്തനങ്ങളാണ്  ദശവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സുരക്ഷ - സമൃദ്ധി - സ്വയം പര്യാപ്തത എന്ന ലക്ഷ്യത്തിലൂന്നി അഭിമാനകരമായ ജീവിതത്തിന് സ്ത്രീ ശാക്തീകരണത്തിലൂടെ സമൂഹത്തെ പ്രാപ്തമാക്കുന്ന സംഗമം അയൽക്കൂട്ടായ്മകളുടെ ദശവാർഷിക ആഘോഷങ്ങൾ കേരളത്തിൽ പലിശ രഹിത അയൽക്കൂട്ടായ്മകളുടെ വ്യാപനവും സാമൂഹിക ശാക്തീകരണത്തിന്റെ പുതിയ സംസ്കാരവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്