Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

ദശ വാർഷിക നിറവിൽ സംഗമം അയൽക്കൂട്ടായ്മ

ഡോ. മുഹമ്മദ് പാലത്ത് (പ്രസിഡൻറ്, ഇൻഫാക്)

സാമ്പത്തിക ചൂഷണത്തിനെതിരെ പരസ്പര സഹകരണവും സഹവർത്തിത്വവും കൈമുതലാക്കി സാമൂഹിക പുരോഗതിയിൽ ക്രിയാത്മക പങ്കാളിത്തം വഹിക്കുന്ന  സംഗമം അയൽക്കൂട്ടായ്മകൾ തുടക്കം കുറിച്ചിട്ട് പത്ത് വർഷം പൂർത്തിയാവുകയാണ്. പലിശക്കെതിരെ സംസാരിക്കുക എന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടിൽനിന്ന് പ്രായോഗിക ബദൽ പരീക്ഷിക്കുകയായിരുന്നു സംഗമം അയൽക്കൂട്ടങ്ങൾ. സുരക്ഷ - സമൃദ്ധി - സ്വയം പര്യാപ്തത എന്ന മുദ്രാവാക്യവുമായി 2013 മുതലാണ് കേരളക്കരയിൽ ഔദ്യോഗികമായി സംഗമം അയൽക്കൂട്ടങ്ങൾക്ക് തുടക്കമാവുന്നത്. പ്രാദേശിക എൻ.ജി.ഒകളും അതിനു കീഴിലുള്ള അയൽക്കൂട്ടായ്മകളും വഴി പലിശക്കെതിരായ ചെറു മുന്നേറ്റങ്ങൾ ഗ്രാമങ്ങളിൽ സജീവമാവുകയാണ്. ഒഴുക്കിനെതിരെയാണ് നീന്തുന്നതെന്ന ദൃഢ ബോധ്യത്തോടെ അത് വഴിവെട്ടി മുന്നേറുകയാണ്.

മൈക്രോ ഫിനാൻസ് സംവിധാനങ്ങൾ ലോകത്തിന്ന് സർവസാധാരണമാണ്. മുഖ്യധാരാ സാമ്പത്തിക സംവിധാനങ്ങളിൽനിന്ന് അകറ്റിനിർത്തപ്പെട്ട, സാമ്പത്തികമായി പിന്നാക്കം പോയവർക്ക് ഫിനാൻസ് സേവനങ്ങൾ ലഭ്യമാക്കുകയാണ് അവയുടെ ലക്ഷ്യം. 1970-കൾ മുതൽ ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ് അവ അരങ്ങേറ്റം കുറിച്ചത്. എന്നാൽ, ബാങ്കുകൾ ഈടാക്കുന്ന പലിശയുടെ ഇരട്ടിയിലധികം പലിശ മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ചുമത്തുന്നു എന്ന് വിവിധ പഠനങ്ങൾ കണ്ടെത്തുകയുണ്ടായി. ഇവ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിനു പകരം അവരെ കൂടുതൽ ചൂഷണത്തിന് ഇരകളാക്കുന്നു. ഇവിടെയാണ് പലിശയെന്ന വിപത്തിനെ ഒഴിവാക്കിയുള്ള  മൈക്രോ ഫിനാൻസ് സംവിധാനങ്ങൾ പ്രസക്തമാവുന്നത്. വിവിധ മാതൃകകളിലുള്ള മൈക്രോ ഫിനാൻസ് സംവിധാനങ്ങളുണ്ട്. അയൽക്കൂട്ടം മാതൃകയിലുള്ള മൈക്രോ ഫിനാൻസ് രീതിയാണ് ലോകത്ത് സർവ വ്യാപകമായിട്ടുള്ളത്.

സ്ത്രീ ശാക്തീകരണം, സാമ്പത്തിക ശാക്തീകരണം, ദാരിദ്ര്യ നിർമാർജനം, സ്വയം പര്യാപ്തത തുടങ്ങിയവയാണ് സംഗമം അയൽക്കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യങ്ങൾ. സമ്പാദ്യ സ്വരൂപണം, പലിശ രഹിത വായ്പകൾ, തൊഴിൽ പരിശീലനം, സംരംഭകത്വ പരിശീലനം, സാമൂഹിക ശാക്തീകരണ പരിപാടികൾ തുടങ്ങിയവ  പ്രാദേശിക സാധ്യതയനുസരിച്ച് നടപ്പാക്കുന്നു. സ്ത്രീകളുടെ കൈയിലിരിക്കുന്ന മിച്ചധനം ചെറു സമ്പാദ്യമായി ഒരുമിച്ചു കൂട്ടുക വഴി കടം ആവശ്യമായവർക്ക് കൈത്താങ്ങായി മാറുന്നു. അയൽക്കൂട്ടങ്ങൾ സജീവമായ ഗ്രാമങ്ങളിൽ വട്ടിപ്പലിശക്കാരുടെ സാന്നിധ്യമില്ലെന്ന് അയൽക്കൂട്ടം അംഗങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. കടങ്ങളുടെ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവർ വളരെ അപൂർവമാണ്. വിദ്യാഭ്യാസം, തൊഴിൽ, വീട് നിർമാണം, ചികിത്സ, കടം തിരിച്ചടവ് തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾക്ക് വായ്പയെടുക്കുന്നുണ്ട്.

പല പ്രദേശങ്ങളിലും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സംഗമം അയൽക്കൂട്ടങ്ങൾക്ക് സാധിച്ചിട്ടുണ്ട്. നിരവധി തൊഴിൽ പരിശീലനങ്ങൾ സംഘടിപ്പിക്കുകയും സ്വയം തൊഴിൽ സംരംഭങ്ങളിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്തു. വിവിധ ഏജൻസികളുമായി സഹകരിച്ച് നിരവധി സംരംഭങ്ങൾക്ക്‌ തുടക്കം കുറിച്ചു. ബൈത്തുസ്സകാത്ത് കേരളയുമായി സഹകരിച്ച് കഴിഞ്ഞ രണ്ടു വർഷം മാത്രം 75 ചെറു സംരംഭങ്ങൾ ആരംഭിച്ചു. ജൈവ പച്ചക്കറി കൃഷി വ്യാപനം, ശുചീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ ബോധവൽക്കരണം, മെഡിക്കൽ ക്യാമ്പുകൾ, വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. സ്ത്രീകൾക്കായി മത്സരങ്ങൾ, നേതൃപരിശീലനം തുടങ്ങിയവ വഴി സ്ത്രീ ശാക്തീകരണം ലക്ഷ്യമിടുന്നു.

കഴിഞ്ഞ പത്തു വർഷം കൈവരിച്ച വളർച്ചയും മുന്നേറ്റവും തികച്ചും അഭിമാനാർഹമാണ്. അതിനാൽ, കൂടുതൽ കരുത്തോടെയും കരുതലോടെയും മുന്നേറുക എന്നതാണ് പത്താം വാർഷികം ലക്ഷ്യം വെക്കുന്നത്. ഇക്കാലയളവിൽ വിവിധ പരിപാടികൾ വഴി എൻ.ജി.ഒകളുടെയും അയൽക്കൂട്ടങ്ങളുടെയും എണ്ണം വർധിക്കണമെന്നാണ് ഇൻഫാക് ആഗ്രഹിക്കുന്നത്.

അയൽക്കൂട്ടം അംഗങ്ങൾക്ക് പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. അംഗങ്ങളുടെ ശാക്തീകരണമാണ് അതുവഴി ലക്ഷ്യം വെക്കുന്നത്. മികച്ച അയൽക്കൂട്ടങ്ങൾക്കും എൻ.ജി.ഒകൾക്കും അവാർഡ് നൽകും. ഫെബ്രുവരി 8 സേവന ദിനമായി കണ്ട് പൊതുസേവന പ്രവർത്തനങ്ങളിൽ അയൽക്കൂട്ട അംഗങ്ങളെ പങ്കാളികളാക്കും.

ദശവാർഷിക പ്രോഗ്രാമുകളിൽ എൻ.ജി.ഒ തലത്തിൽ നടക്കുന്ന സുപ്രധാന പ്രോഗ്രാമാണ് എൻ.ജി. ഒ  ഫെസ്റ്റ്.  വിപണന മേള, കലാപരിപാടികൾ, ബോധവൽക്കരണ ക്ലാസുകൾ, കലാ-കായിക മത്സരങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന പ്രോഗ്രാമുകൾ NGO ഫെസ്റ്റിന്റെ ഭാഗമായി നടക്കും. 

പലതരം വിഭാഗീയതകളുടെ പേരിൽ സമൂഹത്തിൽ അയൽപക്കക്കാർക്കിടയിൽ പോലും സംശയ മുനകൾ വർധിച്ചുവരുന്ന കാലത്താണ് നാം ജീവിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ  ഒരുമയുടെ സന്ദേശം വളർത്തുന്ന അയൽക്കൂട്ടായ്മകൾ വ്യാപിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. അയൽക്കൂട്ടങ്ങൾ കേവലം സാമ്പത്തിക സഹകരണം എന്നതിലുപരി നാടിന്റെ സഹവർത്തിത്വത്തിന്റെ നാഡിമിടിപ്പായി  മാറുന്നു എന്നതാണ് സംഗമം അയൽക്കൂട്ടങ്ങളുടെ പ്രത്യേകത. അതിനാൽ ഇതിന്റെ വ്യാപനം നാടിന്റെ സൗഹൃദാന്തരീക്ഷം കൂടുതൽ ഭദ്രമാക്കും;  നാടിന്റെ സുരക്ഷിതത്വവും അഭിവൃദ്ധിയും സ്വയം പര്യാപ്തതയും  ഉറപ്പ്  വരുത്തുകയും ചെയ്യും. l

 

അയൽക്കൂട്ടായ്‍മകൾക്ക് ദിശാബോധം നൽകിയ തണൽ വെൽഫെയർ സൊസൈറ്റി  മാറഞ്ചേരി

കേരളത്തിലെ പ്രഥമ പലിശ രഹിത അയൽക്കൂട്ടായ്മയാണ് തണൽ വെൽഫെയർ സൊസൈറ്റി മാറഞ്ചേരി. ഇൻഫാക്കിന്റെ പ്രവർത്തനം ഔദ്യോഗികമായി ആരംഭിക്കുന്നതിന് മുമ്പ് തന്നെ  2009 ജനുവരിയിൽ അഞ്ച് അയൽക്കൂട്ടങ്ങളുമായി ആരംഭിച്ച ഈ സൊസൈറ്റിയിൽ ഇപ്പോൾ 2 കി.മീ. ചുറ്റളവിൽ 137 അയൽക്കൂട്ടങ്ങളിലായി 2600-ൽ പരം അംഗങ്ങളുണ്ട്. 4 സബ് സെന്ററുകളിലായി നൂറിൽപരം അയൽക്കൂട്ടങ്ങളും 500-ഓളം കുട്ടികൾ അംഗങ്ങളായ 19 ബാലസഭകളും വേറെയും. അയ്യായിരത്തിലധികം ലോണുകൾ കഴിഞ്ഞ വർഷങ്ങളിൽ  അയൽക്കൂട്ടം അംഗങ്ങൾക്ക് വിതരണം ചെയ്യാൻ തണൽ സൊസൈറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇതിന്റെ കീഴിൽ നടന്നുവരുന്ന ജൈവ കൃഷി പ്രോഗ്രാമാണ്   തണൽ പുരയിട കൃഷി. ഓരോ വർഷവും കർഷകർക്ക് സൗജന്യ വിത്തുകൾ നൽകി മത്സരാടിസ്ഥാനത്തിൽ കൃഷി ചെയ്തുവരുന്ന ഈ കൂട്ടായ്മയിൽ  500-ഓളം കുടുംബങ്ങൾ പങ്കെടുത്തുവരുന്നു. ഉത്സവാന്തരീക്ഷത്തിൽ വിളവെടുപ്പ് നടത്തി അംഗങ്ങൾക്ക്  കാർഷിക വിളകൾ വിതരണം ചെയ്യുന്ന ഈ പദ്ധതി കേരളത്തിലെ അയൽക്കൂട്ടങ്ങൾക്ക് മാതൃകയാണ്.

അയൽക്കൂട്ടം അംഗങ്ങളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കുന്നതിനും അവർക്ക് തൊഴിൽ സാധ്യതകൾ തുറന്നുകൊടുക്കുന്നതിനും തണൽ സ്വയം തൊഴിൽ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. 4 ഘട്ടങ്ങളിലായി 300-ഓളം പേരെ സ്വയം തൊഴിൽ മേഖലയിൽ പ്രാപ്തരാക്കുന്നതിന് വേണ്ടി തൊഴിൽ പരിശീലനങ്ങൾ നൽകി. 20-ഓളം കുടുംബങ്ങൾ അയൽക്കൂട്ടത്തിൽനിന്ന് പലിശ രഹിത വായ്പ എടുത്ത് സംരംഭങ്ങൾ വിജയകരമായി നടത്തിവരുന്നു. ഗാർമെന്റ്സ് യൂനിറ്റ്, പശുവളർത്തൽ, പപ്പട നിർമാണം, വിവിധ ഡിറ്റർജന്റുകളുടെ നിർമാണം, ബേക്കിംഗ് എന്നീ മേഖലകളിലാണ് സംരംഭങ്ങൾ നടന്നുവരുന്നത്. നിർധനരായ വിദ്യാർഥികൾക്ക് പഠന സഹായങ്ങൾ, സ്‌കോളർഷിപ്പുകൾ, കരിയർ ഗൈഡൻസ് എന്നിവ നൽകിവരുന്നുണ്ട്. ഒരു വീട്ടിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്ന ലക്ഷ്യംവെച്ച് സിജിയുമായി സഹകരിച്ച് അയൽക്കൂട്ട അംഗങ്ങൾക്കും മക്കൾക്കും വേണ്ടി 6 മാസം നീണ്ടുനിൽക്കുന്ന PSC പരിശീലന പരിപാടിയും തണൽ സംഘടിപ്പിച്ചു. സൗജന്യ മെഡിക്കൽ ക്യാമ്പുകളും നടത്തിവരുന്നു. അയൽക്കൂട്ടം അംഗങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് പ്രോഗ്രാമും തണലിന്റെ ഭാവി പദ്ധതികളിൽ ഉൾപ്പെടുന്നുണ്ട്.

എല്ലാ വർഷവും സംഘടിപ്പിക്കുന്ന തണൽ വാർഷികാഘോഷങ്ങൾ മികച്ചൊരു സാംസ്കാരിക പ്രവർത്തനം കൂടിയാണ്. അയൽക്കൂട്ടം അംഗങ്ങൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും വാർഷികാഘോഷങ്ങൾ വേദിയൊരുക്കാറുണ്ട്.
തണൽ കുടുംബാംഗങ്ങൾക്കും ബാലസഭാ മെമ്പർമാർക്കുമായി കലാ-കായിക മത്സരങ്ങളും പാചക മത്സരവും മെഹന്തി മത്സരവും സ്ഥിരമായി സംഘടിപ്പിച്ചു വരുന്നു.

സേവന പ്രവർത്തനങ്ങളിലും, കേരളത്തിലെ അയൽക്കൂട്ടങ്ങൾക്ക് മാതൃകയായി അയൽക്കൂട്ട അംഗങ്ങളുടെ പങ്കാളിത്തത്തോടെയുള്ള സോഷ്യൽ സെക്യൂരിറ്റി സ്കീമിനും തണൽ തുടക്കം കുറിച്ചിരിക്കുന്നു. സേവന പ്രവർത്തനങ്ങളുടെ ഭാഗമായി കോവിഡ് കാലത്തെ  വിദ്യാർഥികളുടെ പഠന ആവശ്യത്തിന് 50 കുടുംബങ്ങൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തിരുന്നു. l

എ. അബ്ദുല്ലത്വീഫ് മാറഞ്ചേരി
(വൈസ് ചെയർമാൻ, ഇൻഫാക്)

 

അയൽക്കൂട്ടായ്മയുടെ 
തലശ്ശേരി വിശേഷങ്ങൾ

തലശ്ശേരി കടൽതീരത്ത് ഇന്ദിരാ പാർക്കിനോട് ചേർന്ന് കടലിന് അഭിമുഖമായി ഒരു കഫെ പ്രവർത്തിക്കുന്നുണ്ട്. സംഗമം കഫെ എന്നാണ്  പേര്. ഒരു അയൽക്കൂട്ടത്തിലെ 10 പേർ ചേർന്ന് ആരംഭിച്ച സംരംഭമാണ് സംഗമം കഫെ. തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റിയുടെ സഹായത്തോടെയാണ് കഫെ ആരംഭിച്ചത്. പലഹാരങ്ങളുടെയും ഭക്ഷണത്തിന്റെയും  വൈവിധ്യം രുചിച്ചറിയുന്നതിന്  വൈകുന്നേരങ്ങളിൽ  കുടുംബസമേതം ധാരാളം പേർ ഇന്ദിരാ പാർക്കിലെ സംഗമം കഫെയിൽ എത്തിച്ചേരുന്നുണ്ട്. ഒരു വർഷത്തിനകം അയൽക്കൂട്ടത്തിൽനിന്ന് എടുത്ത വായ്പ പൂർണമായും അവർ തിരിച്ചടച്ചു കഴിഞ്ഞു.

തലശ്ശേരി നിയോജക മണ്ഡലം, കൂത്തുപറമ്പ് നഗരസഭ, പിണറായി പഞ്ചായത്ത് എന്നിവ ഉൾക്കൊള്ളുന്ന പ്രദേശത്താണ് തലശ്ശേരി നന്മ വെൽഫെയർ സൊസൈറ്റി 2017 മുതൽ പലിശ രഹിത അയൽക്കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. പൊതുജനങ്ങളുടെ ആരോഗ്യ, വിദ്യാഭ്യാസ, സാംസ്കാരിക, തൊഴിൽ, സാമ്പത്തിക, പരിസ്ഥിതി മേഖലകളിൽ വിവിധ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സൊസൈറ്റി വനിതാ രംഗത്ത് പ്രത്യേകം ഊന്നൽ നൽകി വരികയാണ്. വനിതകളുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും വരുമാന വളർച്ചക്കും വിദ്യാഭ്യാസ പുരോഗതിക്കും  സ്വയം സഹായ സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുകയാണ് നന്മ വെൽഫെയർ സൊസൈറ്റി.

സൊസൈറ്റിക്ക് കീഴിലുള്ള 130  സംഗമം പലിശ രഹിത അയൽക്കൂട്ടായ്മകളിലായി രണ്ടായിരത്തിലധികം സ്ത്രീകൾ അണിചേർന്നിട്ടുണ്ട്. അംഗങ്ങൾ ആഴ്ചയിൽ നൽകുന്ന ചെറിയ ചെറിയ നിക്ഷേപത്തുകയിലൂടെ കഴിഞ്ഞ വർഷങ്ങളിൽ 5000 സ്ത്രീകൾക്ക് അവരുടെ  നിക്ഷേപം ഉപയോഗിച്ച് തന്നെ പലിശ രഹിതമായി വായ്പകൾ നൽകാൻ സൊസൈറ്റിക്ക് സാധിച്ചിട്ടുണ്ട്. ഗാർമെൻറ്സ്, കാറ്ററിംഗ്, ടൈലറിംഗ്, ബേക്കിംഗ്, ട്രാവൽ തുടങ്ങിയ മേഖലകളിൽ വിവിധ സ്വയം തൊഴിൽ പദ്ധതികൾ ഇതിനകം ആവിഷ്കരിച്ചിട്ടുണ്ട്.

എടക്കാട് ബീച്ച് റോഡിലെ ഷെയ്ക്ക് മുക്കിൽ സ്ഥാപിച്ച സംഗമം നാനോ ഷോപ്പ്, ഓട്ടോറിക്ഷ പദ്ധതി, ഇൻസ്റ്റാൾമെൻറ് പദ്ധതികൾ, പേപ്പർ ബാഗ് നിർമാണ പരിശീലനം, വിപണന മേളകൾ, ഫാഷൻ ഡിസൈനിംഗ്, ബേക്കിംഗ്, വ്യവസായ വകുപ്പ് ട്രെയിനിംഗുകൾ, പുരയിട കൃഷി, ഹൈടെക് ഫാമിംഗ്, മുട്ടക്കോഴി വളർത്തൽ, രക്തദാനം, കേശദാനം, ഫസ്റ്റ് എയ്ഡ് പരിശീലനം, ലഹരി വിരുദ്ധ ബോധവൽക്കരണങ്ങൾ, കാൻസർ ടെസ്റ്റിംഗ് ക്യാമ്പ് , ഓണാഘോഷ പരിപാടികൾ, പാലിയേറ്റീവ് വളണ്ടിയർ സേവനം, സ്നേഹ യാത്ര, വിനോദ യാത്രകൾ, ടൂർ പാക്കേജുകൾ, കായിക ഫൺ ഗെയിംസ് മത്സരങ്ങൾ, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, റിലീഫ് പ്രവർത്തനങ്ങൾ, നന്മ വീട്, ഭൂരഹിതർക്ക് ഭൂമി വിതരണം, റമദാൻ-ഓണം ഫുഡ് കിറ്റുകൾ, ചികിത്സാ സഹായങ്ങൾ, പി.എസ്‌.സി കോച്ചിംഗ് , കായിക മത്സരങ്ങൾ, ശുചീകരണ സേവന പ്രവർത്തനങ്ങൾ, സ്കൂൾ ട്യൂഷൻ സെൻറർ, ഹെൽത്ത് ക്യാമ്പുകൾ, ഇൻസ്റ്റാൾമെൻറ് വ്യവസ്ഥയിൽ ലാപ്ടോപ്പ് - മൊബൈൽ വിതരണം, ടെക്സ്റ്റ് ബുക്കുകളുടെ ശേഖരണവും വിതരണവും തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് നന്മ വെൽഫെയർ സൊസൈറ്റി നിർവഹിച്ചുകൊണ്ടിരിക്കുന്നത്. l

കെ.എം അഷ്ഫാഖ് തലശ്ശേരി

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്