നമസ്കാരത്തിന് എഴുതപ്പെടുന്ന പ്രതിഫലം
عَنْ عَبْدِ اللهِ بْنِ عَنَمَةَ قَالَ: رَأَيْتُ عَمَّارَ بْنَ يَاسِرٍ دَخَلَ الْمَسْجِدَ فَصَلَّى، فَأَخَفَّ الصَّلَاةَ، قَالَ: فَلَمَّا خَرَجَ قُمْتُ إِلَيْهِ، فَقُلْتُ: يَا أَبَا الْيَقْظَانِ لَقَدْ خَفَّفْتَ؟ قَالَ: فَهَلْ رَأَيْتَنِي انْتَقَصْتُ مِنْ حُدُودِهَا شَيْئًا؟ قُلْتُ: لَا، قَالَ: فَإِنِّي بَادَرْتُ بِهَا سَهْوَةَ الشَّيْطَانِ . سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: « إِنَّ الْعَبْدَ لَيُصَلِّي الصَّلَاةَ مَا يُكْتَبُ لَهُ مِنْهَا إِلَّا عُشْرُهَا، تُسْعُهَا، ثُمُنُهَا، سُبُعُهَا، سُدُسُهَا، خُمُسُهَا، رُبُعُهَا، ثُلُثُهَا، نِصْفُهَا. (رَوَاهُ أَحْمَدُ: 18894، وَقَالَ مُحَقِّقُوا الْمُسْنَدِ: حَدِيثٌ صَحِيحٌ).
താബിഈ ആയ അബ്ദുല്ലാഹിബ്്നു അനമയിൽനിന്ന്. അദ്ദേഹം പറയുന്നു: ഒരിക്കൽ അമ്മാറുബ്്നു യാസിർ പള്ളിയിൽ കടന്ന് നമസ്കരിക്കുന്നതായി ഞാൻ കണ്ടു. കുറഞ്ഞ സമയമെടുത്ത് ലഘുവായിട്ടാണദ്ദേഹം നമസ്കരിച്ചത്. നമസ്കാരശേഷം അദ്ദേഹം പുറത്തിറങ്ങിയപ്പോൾ ഞാൻ അദ്ദേഹത്തിനടുത്തെത്തി ചോദിച്ചു: അബൂ യഖ്ദാൻ, താങ്കൾ നമസ്കാരം ലഘൂകരിച്ചുവോ? അപ്പോൾ അമ്മാർ തിരിച്ചു ചോദിച്ചു: ഞാൻ നമസ്കാരത്തിലെ ഘടകങ്ങളിൽ എന്തെങ്കിലും വിട്ടതായോ കുറവു വരുത്തിയതായോ താങ്കൾ കണ്ടോ? ഞാൻ പറഞ്ഞു: ഇല്ല. എന്നിട്ടതിന്റെ കാരണമായി അദ്ദേഹം പറഞ്ഞു: നമസ്കാരത്തിൽ ശൈത്വാൻ എന്റെ ശ്രദ്ധ തിരിച്ചുകളയാൻ ഇടകൊടുക്കാതെ ഞാൻ വേഗം നമസ്കരിച്ചതാണ്. അതെപ്പറ്റി അല്ലാഹുവിന്റെ റസൂൽ (സ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: ഒരു അടിമ നമസ്കരിച്ചാൽ അതിന്റെ പ്രതിഫലത്തിൽനിന്ന് അവന് പത്തിലൊന്നോ ഒമ്പതിലൊന്നോ എട്ടിലൊന്നോ ഏഴിലൊന്നോ ആറിലൊന്നോ അഞ്ചിലൊന്നോ നാലിലൊന്നോ മൂന്നിലൊന്നോ പകുതിയോ ഒക്കെയാവും എഴുതപ്പെടുക.
(ഇമാം അഹ്്മദ് (റ) തന്റെ മുസ്നദിൽ 18894- നമ്പറായി ഉദ്ധരിച്ച ഹദീസ്. ഈ ഗ്രന്ഥത്തിന്റെ മുഹഖിഖുകൾ ഈ ഹദീസിനെ സ്വഹീഹായി വിലയിരുത്തിയിരിക്കുന്നു).
നമസ്കരിക്കുന്ന ഓരോ മുസ്്ലിമും അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും മനസ്സിലാക്കിയിരിക്കേണ്ട കാര്യമാണ് ഈ ഹദീസിൽ നബി (സ) പഠിപ്പിക്കുന്നത്. അമ്മാറുബ്്നു യാസിർ (റ) പ്രഗത്ഭനായ സ്വഹാബിവര്യനും ശഹീദുമായിരുന്നു. അദ്ദേഹത്തിന്റെ ഓമനപ്പേരായിരിക്കാം അബൂ യഖ്ദാൻ എന്നത്. സദാ നബി(സ)യെ അനുധാവനം ചെയ്ത് ദീനിന്റെ അന്തഃസത്തയും ചൈതന്യവും നേരിട്ട് മനസ്സിലാക്കിയ സ്വഹാബി. അദ്ദേഹം ലഘൂകരിച്ചു നമസ്കരിക്കുകയെന്നാൽ അതിന്റെ എല്ലാ ഘടകങ്ങളും പൂർത്തീകരിച്ചുകൊണ്ടും ചൈതന്യത്തോടെയും ആയിരിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
അദ്ദേഹം വേഗത്തിൽ നമസ്കരിച്ചതുകൊണ്ടാവണം താബിഈ ആയ അനമ അതിന്റെ കാരണം ചോദിച്ചത്. അപ്പോൾ നമസ്കാരത്തിന്റെ ഗൗരവവും പ്രാധാന്യവും നബി (സ) പറഞ്ഞതായി അമ്മാറുബ്്നു യാസിർ (റ)അദ്ദേഹത്തിന് അറിയിച്ചുകൊടുക്കുകയാണ്. നമസ്കാരത്തിൽ ശൈത്വാൻ ശ്രദ്ധ തിരിച്ചുകളയുമെന്നതിനാൽ അതിനവന് അവസരം നൽകാതെ താൻ വേഗം നമസ്കരിച്ചതാണെന്ന് അമ്മാർ പറയുന്നു. നമസ്കാരത്തിന് കൈകെട്ടിയാൽ അപ്പോൾ തുടങ്ങുമല്ലോ ശൈത്വാന്റെ ശ്രദ്ധതിരിക്കലും വസ്്വാസുകളും. അത്രയും നേരം ഇല്ലാതിരുന്ന സകലമാന ചിന്തകളും തോന്നലുകളും പിശാച് ഒന്നിച്ചു മനസ്സിലേക്ക് കൊണ്ടിടുകയായി. സലാം വീട്ടുമ്പോഴായിരിക്കും നമസ്കാരത്തിലായിരുന്നല്ലോ താൻ എന്ന ഓർമപോലും അവന്/അവൾക്ക് ഉണ്ടാവുക.
നമസ്കാരമൊഴികെ മറ്റെല്ലാ ചിന്തകളെയും വസ്്വാസുകളെയും തോന്നലുകളെയും പിറകോട്ട് ഞാൻ എറിഞ്ഞുകളയുന്നു എന്ന പ്രതീകാത്മകമായ പ്രകടനമാണല്ലോ തക്ബീറത്തുൽ ഇഹ്റാം എന്ന തക്ബീറ് ചൊല്ലിയുള്ള ആദ്യത്തെ കൈകെട്ടു പോലും. അഥവാ, അല്ലാഹുവിനെപ്പറ്റിയുള്ള ചിന്തയല്ലാതെ മറ്റെല്ലാ ചിന്തകളെയും ഞാൻ എനിക്ക് ഈ നിമിഷം മുതൽ ഹറാമാക്കിയിരിക്കുന്നു എന്ന സന്നദ്ധതയുടെ കർമാവിഷ്കാരം. പിന്നീട് നമസ്കാരത്തിൽ ചൊല്ലുന്ന ദിക്റുകളിലും ഖുർആൻ പാരായണത്തിലും അല്ലാഹുവിന്റെ അത്യുന്നതമായ സ്ഥാനത്തെപ്പറ്റിയും മഹത്വത്തെപ്പറ്റിയും മാത്രമായിരിക്കണം നമസ്കാരക്കാരന്റെ ശ്രദ്ധയും ഏകാഗ്രതയും.
അതിന് ബാങ്കു വിളിച്ചാലുടനെത്തന്നെ ദുൻയാവിന്റെ എല്ലാ ഇടപാടുകളിൽനിന്നും മോചിതനായി തന്റെ ശരീരത്തെയും മനസ്സിനെയും നമസ്കാരത്തിന് സന്നദ്ധമാക്കി നിർത്തണം. ധൃതിപിടിച്ച് ഓടി നമസ്കാരത്തിനു വരുന്നതുപോലും നബി (സ) വിലക്കിയത് ഓർക്കുക. വിശക്കുമ്പോഴും മലമൂത്ര വിസർജനത്തിന് തിടുക്കപ്പെട്ടിരിക്കുമ്പോഴും നമസ്കാരത്തെ സമീപിക്കരുതെന്നാണ് അവിടുത്തെ കൽപന. ഉള്ള സമയം മുഴുവനും വിലപ്പെട്ട ജീവിതത്തെയും സമയത്തെയും മൊബൈലിലും നെറ്റിലും കുരുക്കിയിട്ട് ഇഖാമത്ത് കൊടുത്തുകഴിഞ്ഞിട്ടു പോലും സ്വയം ഉന്തിത്തള്ളി നമസ്കാരത്തിനു നിൽക്കുന്നവർക്ക് എങ്ങനെയാണ് അതിൽ ശ്രദ്ധിക്കാൻ സാധിക്കുക? നമസ്കരിക്കുകയാണ് എന്ന ബോധംപോലും ഇല്ലാത്ത ആ നമസ്കാരംകൊണ്ട് ദുൻയാവിലും ആഖിറത്തിലും എന്തു പ്രയോജനം?
ഈ ഹദീസിൽ നമസ്കാരത്തിന്റെ പ്രതിഫലത്തെപ്പറ്റി പത്തിലൊന്നിൽ തുടങ്ങി അതിന്റെ പകുതിയിൽ നബി (സ) അവസാനിപ്പിച്ചതു പ്രത്യേകം ശ്രദ്ധിക്കുക. പൂർണമായ പ്രതിഫലം ഒന്നിലാവണമായിരുന്നല്ലോ. ആ പകുതിയെങ്കിലും കിട്ടാൻ നമസ്കാരത്തിൽ നമ്മുടെ മനസ്സിനെ ഏകാഗ്രമാക്കിയേ പറ്റൂ. നഷ്ടപ്പെട്ടതിന്റെ പരിഹാരമായി റവാത്തിബ് സുന്നത്തിലും ആദ്യന്തം ശ്രദ്ധയെ കേന്ദ്രീകരിക്കണം; കൂടാതെ കൂടുതൽ സുന്നത്ത് നമസ്കാരങ്ങളിലും. l
Comments