Prabodhanm Weekly

Pages

Search

2023 ഡിസംബർ 08

3330

1445 ജമാദുൽ അവ്വൽ 24

"നവകേരള' യാത്രോത്സവം അഥവാ ഒരു അസംബന്ധ നാടകം

ബശീർ ഉളിയിൽ

സ്വസ്ഥത, ഭീതി, ജീര്‍ണത ആദിയായ തമോഗുണങ്ങള്‍ ഗ്രസിക്കുമ്പോള്‍ ധൈര്യത്തിന്റെയും ഊർജസ്വലതയുടെയും രജോഗുണങ്ങള്‍ ആര്‍ജിക്കാന്‍ കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനുവര്‍ത്തിച്ചു വരുന്ന ഒരനുഷ്ഠാനമാണ് വടക്ക് നിന്ന് തെക്കോട്ടൊരു ‘യാത്ര’. ഭരിക്കുന്നവര്‍ക്കെതിരെ പ്രതിപക്ഷത്തിരിക്കുന്നവര്‍ നടത്തിവരുന്ന ഒരാചാരം എന്നതാണ് ഇതിന്റെ ഒരു പൊതുസ്വഭാവം. ലോകത്തിലെ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ‘കമ്യൂണിസ്റ്റ് ഭരണകൂട’ത്തിനെതിരെ 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘നായര്‍ - നസ്രാണി അച്ചുതണ്ട്’ നടത്തിയ വിമോചനസമരയാത്രയായിരുന്നു ഇതില്‍ ആദ്യത്തേത്. അതിന്റെ ദൂരദൈര്‍ഘ്യം അങ്കമാലി മുതല്‍ അനന്തപുരി വരെ മാത്രമായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ട് എല്ലാ സമര ജാഥകള്‍ക്കും കാസ്രോഡ്‌- തിരോന്തരം വഴിദൂരമുണ്ടായിരുന്നു.

എല്ലാ യാത്രകളും അവസാനിച്ചിരുന്നത് അധികാര മാറ്റത്തിന്റെ കാഹളം മുഴക്കിയായിരുന്നു. 2011-ല്‍ അധികാരമേറ്റ ഉമ്മൻ ചാണ്ടി സര്‍ക്കാരിനെതിരെ ഇമ്മാതിരിയൊരു ഉത്തര- ദക്ഷിണ യാത്ര നടന്നിരുന്നു. 2016 ജനുവരി 15 മുതല്‍ ഒരു മാസം നീണ്ടുനിന്ന ജാഥ നയിച്ചതാകട്ടെ ഇന്നത്തെ മുഖ്യമന്ത്രിയും അന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന സഖാവ് പിണറായി വിജയനും. ‘അഴിമതി വിമുക്ത വികസിത കേരളം’ എന്ന മുദ്രാവാക്യമുയര്‍ത്തി നടന്ന പ്രസ്തുത  ജാഥയുടെ പേര് ‘നവകേരള യാത്ര’ എന്നായിരുന്നു. ‘ചരിത്രം ഒരോര്‍മപ്പെടുത്തലാണ്. ഒപ്പം ഭാവിയിലേക്കുള്ള ഒരു തിരുത്തല്‍ രേഖയും' എന്നായിരുന്നു മാര്‍ച്ചിന്റെ തീം.  ഇതിന്റെ  പോസിറ്റീവ് റിയാക്്ഷന്‍ ആയിരുന്നു 2016 മെയ് 25-ന് അധികാരമേറ്റ ഒന്നാം പിണറായി സര്‍ക്കാന്‍.

 അടുത്ത ഊഴം സ്വാഭാവികമായും ഐക്യ ജനാധിപത്യ മുന്നണിയുടെതായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഇടത് സര്‍ക്കാറിന്റെ ‘ദുര്‍ഭരണ’ത്തിലൂടെ നഷ്ടപ്പെട്ട കേരളത്തിന്റെ ഐശ്വര്യം വീണ്ടെടുക്കാന്‍ 2021-ല്‍ യു.ഡി.എഫ് ഒരു ‘ഐശ്വര്യ കേരള യാത്ര’ കാസർകോട് നിന്ന് തന്നെ ആരംഭിച്ചു. അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആയിരുന്നു ജാഥ നയിച്ചത്. 'യാത്രാന്ത്യം പരിവര്‍ത്തനം' എന്ന കീഴ്‌വഴക്കം പക്ഷേ, അത്തവണ നടപ്പിലായില്ല. അങ്ങനെ രണ്ടാം പിണറായി സര്‍ക്കാര്‍ എന്ന ‘ചരിത്ര സര്‍ക്കാര്‍’ നിലവില്‍ വന്നു.

ആഭ്യന്തര വകുപ്പിന്റെ ഏഭ്യത്തരങ്ങളുടെയും കരുവന്നൂര്‍ - കണ്ടലാദി സഹകരണത്തട്ടിപ്പുകളടക്കമുള്ള കെടുകാര്യസ്ഥതയുടെയും പശ്ചാതത്തലത്തിൽ രണ്ടാമൂഴത്തെ കുറിച്ചു ഇടതണിയറയില്‍ പോലും അടക്കം പറച്ചിലുകള്‍ നടന്നുകൊണ്ടിരിക്കെ, യു.ഡി.എഫിനായിരുന്നു സമരകാഹളം മുഴക്കാനുള്ള അടുത്ത സുവര്‍ണാവസരം. സര്‍ക്കാറിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഭരണ സിരാകേന്ദ്രം വളയലടക്കമുള്ള ചില ചെറുസമരങ്ങളല്ലാതെ ദീര്‍ഘദൂര സമര ജാഥയൊന്നും നടത്താന്‍ പാളയത്തിലെ പടകള്‍ക്കിടയില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക്‌ കഴിഞ്ഞില്ല. ഈയൊരു സാഹചര്യത്തിലാണ് മൂന്നാമൂഴത്തിന് ഒരു മുഴം അരികെ നില്‍ക്കുന്ന പിണറായി സര്‍ക്കാര്‍ രണ്ടാം  ‘നവകേരള’ത്തിന് ഡബിള്‍ ബെല്ലടിക്കുന്നത്. പേരില്‍ ‘നവകേരളം’ ഉണ്ടെങ്കിലും പഴയതു പോലെ  തുറന്ന ജീപ്പില്‍ സഖാക്കളുടെ അകമ്പടിയോടെ പാര്‍ട്ടി സെക്രട്ടറിയും പ്രവര്‍ത്തകരും ചേര്‍ന്നൊരുക്കുന്ന സമരജാഥയല്ല, പി.ആര്‍ വര്‍ക്കിന്റെ പിന്‍ബലത്തോടെ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന യാത്രോത്സവമാണ് ഇത്തവണത്തെ ‘നവകേരളം’. പൊതുജനം ‘അടങ്ങിയൊതുങ്ങി’യിരിക്കുന്ന സദസ്സിലേക്ക് അടച്ചിട്ട ആഡംബര ബസ്സില്‍ ഹൈഡ്രോളിക് ലിഫ്റ്റ് ഉപയോഗിച്ച് കയറിയും ഇറങ്ങിയും ‘സ്ലോ മോഷനില്‍’ കടന്നുവരുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തെ അനുഗമിക്കുന്ന മന്ത്രിപ്പടയും എന്നതാണതിന്റെ പുതുമ. നവ കേരള ബസ്സില്‍ യാത്ര ചെയ്ത് നവകേരള സദസ്സിലേക്ക് എഴുന്നള്ളുന്ന ലോകത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് ഭരണാധികാരി  എന്ന ഖ്യാതിയും ഇനി പിണറായിക്ക്  സ്വന്തം.
ഏറെ അതൃപ്പങ്ങള്‍ നിറഞ്ഞതാണ് ‘നവകേരള ബസ്’. 360 ഡിഗ്രിയില്‍ തിരിയുന്ന സീറ്റുകളും ശൗച്യാലയവും ഭക്ഷണ ഹാളുമുള്ള പതിമൂന്നര മീറ്റര്‍ നീളമുള്ള ആഡംബരപൂര്‍ണമായ കാരവന്‍ ശ്രേണിയിലുള്ള ഭാരത്‌ ബെന്‍സ് ബസ്സാണ് മഞ്ചേശ്വരത്തെ പൈവളിഗെയില്‍നിന്ന് 2023 നവംബര്‍ 18-ന് പുറപ്പെട്ടത്.  സി.പി.എമ്മിലെ ‘ക്രൈസിസ് മാനേജര്‍’ എ.കെ ബാലന്റെ ഭാഷയില്‍ ലോകചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാകുന്നു ഈ യാത്ര. കമ്യൂണിസ്റ്റ് ചരിത്രത്തില്‍ മ്യൂസിയത്തിന്റെ ഭാഗമായ ഒരേയൊരു വണ്ടി മാത്രമാണിപ്പോള്‍ അവശേഷിക്കുന്നത്. അത് അകാല ചരമമടഞ്ഞ സോവിയറ്റ് യൂനിയന്റെ ഉരുക്ക് മനുഷ്യനായിരുന്ന സഖാവ് സ്റ്റാലിന്റെ പച്ചച്ചായം തേച്ച തീവണ്ടിയാണ്. ജോര്‍ജിയയിലെ ഗോറിയിലുള്ള ജോസഫ് സ്റ്റാലിന്‍ മ്യൂസിയത്തില്‍ ഇപ്പോഴും ആ വണ്ടി സന്ദര്‍ശകര്‍ക്ക് വേണ്ടി തുറന്നുവെച്ചിരിക്കുന്നു. 'കാലാവധി കഴിഞ്ഞാല്‍ മ്യൂസിയത്തില്‍ വെച്ചാല്‍ തന്നെ ലക്ഷക്കണക്കിന്‌ ആളുകള്‍ അത് കാണാന്‍ തന്നെ വരും' എന്ന് ‘നവകേരള ബസി’നെ കുറിച്ച സഖാവ് ബാലന്റെ കമന്റ്  ഒരു കാലത്ത് കേരളത്തിലും കമ്യൂണിസം ഒരു ‘മ്യൂസിയം പീസ്‌’ ആവുമെന്നതിന്റെ കൃത്യമായ പ്രവചനമാകുന്നു.

നവകേരള ബസ്സില്‍ പ്രത്യേകം തയാറാക്കിയ ഒന്നാം നിരയിലെ വിന്‍ഡോ സൈഡിലുള്ള ഡബ്ള്‍ സീറ്റാണ്  മുഖ്യമന്ത്രിയുടെ ഇരിപ്പിടം. പൊരിവെയിലത്ത് തെരുവീഥികളില്‍ നില്‍ക്കുന്ന പ്രജകളെ അഭിവാദ്യം ചെയ്യാന്‍ വേണ്ടിയാണിത്. സംസ്ഥാനത്തിന്റെ ഓട്ട ഖജനാവില്‍ കൈയിട്ട് വാരിയപ്പോള്‍ കിട്ടിയ വെറും ഒന്നരക്കോടി കൊണ്ടാണ് ബസ് വാങ്ങിയത്. നവകേരള സദസ്സിലെ രണ്ടാം നിര പൗരന്‍സിനെ കാണുന്നതിനു മുമ്പ് ദിവസേന കാലത്ത് ഒമ്പത് മണി മുതല്‍ പത്ത് മണി വരെ സ്ഥലത്തെ ‘പൗരപ്രമുഖന്‍സു’മായി മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തും. അവരോടൊപ്പം പ്രഭാത ഭക്ഷണം കഴിക്കും. 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രസംഗിക്കും. റിപ്പോര്‍ട്ട് കാര്‍ഡ് അവതരിപ്പിക്കും. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ഒരു മന്ത്രി വിശദീകരിക്കും. അടുത്ത രണ്ടര വര്‍ഷക്കാലത്തെ സര്‍ക്കാര്‍ പരിപാടി അവതരിപ്പിക്കും. ഓരോ മണ്ഡല സദസ്സ് വേദികളിലും പരാതികള്‍ സ്വീകരിക്കാന്‍ കൗണ്ടറുകളുണ്ട്.

ഈ സഞ്ചരിക്കുന്ന മന്ത്രിസഭ ഡിസംബര്‍ 24-ന് തലസ്ഥാന നഗരിയിലെത്തുന്നതോടെ ലോക്സഭാ തെരഞ്ഞെടുപ്പിനും കളമൊരുങ്ങും. അതിനിടയില്‍ ബസ്സിന്റെ സുഗമ സഞ്ചാരത്തിന് തടസ്സം നിൽക്കുന്ന  കരിങ്കൊടികളുടെ തണ്ടൊടിക്കും. സമരത്തിന്റെ തീച്ചൂളയില്‍ വെന്ത് പാകപ്പെട്ട കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിന്റെ ലക്ഷ്വറി കോച്ചിലെത്തുമ്പോള്‍ പ്രതിഷേധ സമരങ്ങളെ ഹെല്‍മറ്റും ചെടിച്ചട്ടികളും കൊണ്ട്  നേരിടുന്ന ദാരുണമായ കാഴ്ചയാണ് നവകേരളത്തിലെ പ്രജകള്‍ക്ക്  കാണേണ്ടിവരുന്നത്. അതേസമയം ‘ധര്‍മപുരി’യിലെ പ്രജാപതിയെയും അയാളുടെ അധികാര പ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരെയും നിസ്സഹായരായ പ്രജകളെയും ഓര്‍മിപ്പിക്കുന്ന ഒരസംബന്ധ നാടകമാണ് നവകേരള സദസ്സ് എന്നഭിപ്രായപ്പെടുന്നവരില്‍ ഇടത് യുവകേസരികള്‍ പോലുമുണ്ട് എന്നതാണ് അത്ര വലത്തല്ലാത്ത ഒരിടത് ഇപ്പോഴും അവശേഷിക്കുന്നുണ്ട് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നത്. “വെളിയവും പി.കെ.വിയുമൊക്കെ വരച്ചു കാണിച്ച ലാളിത്യവും നൈര്‍മല്യവും ആഡംബരമില്ലായ്മയും വാന്‍ ഗോഗിന്റെയും ഡാവിഞ്ചിയുടെയും ചിത്രങ്ങള്‍ പോലെ വെറുതെ കണ്ടാസ്വദിച്ചു ആഡംബരത്തിലലിഞ്ഞു ചേരുമ്പോള്‍ ചിതലരിക്കുന്നത് സാധാരണ സഖാക്കളുടെ പ്രതീക്ഷകള്‍ക്കാണ്. ശീതീകരിച്ച മുറികളില്‍ കഴിയുന്നവരുടെ ക്ഷേമങ്ങള്‍ക്ക് വേണ്ടിയാണ് കമ്യൂണിസ്റ്റായതെങ്കില്‍ കൃഷ്ണപ്പിള്ളയ്ക്ക് ഒരിക്കലും കുടിലില്‍നിന്ന് പാമ്പ് കടിയേറ്റ് മരിക്കേണ്ടി വരില്ലായിരുന്നു” (പന്ന്യന്‍ രൂപേഷ് – ഫേസ്ബുക്ക് പോസ്റ്റ്). l

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ - 47 മുഹമ്മദ് സൂക്തം 05-09
ടി.കെ ഉബൈദ്