യു.കെയുടെ ഹൃദയം തൊട്ടറിഞ്ഞ ഇസ് ലാമിക ഉണർവുകൾ
അധിനിവേശത്തിലൂടെയും പരാന്നഭോജനത്തിലൂടെയും ഭീമാകാരം പൂണ്ട്, ലോകത്തിന് മേല്‍ കാളിമ പടര്‍ത്തിയ ചരിത്രാനുഭവമാണ് ബ്രിട്ടന്‍. ആ അക്രമിക സംസ്‌കാരത്തോട് കാലം കണക്കു തീര്‍ത്തപ്പോള്‍ നോര്‍ത്ത് അറ്റ്‌ലാന്റിക്കില്‍ ചെറിയൊരു തുരുത്തായി അവശേഷിക്കാനായിരുന്നു യു.കെ യുടെ വിധി. അപ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ജനവിഭാഗങ്ങളാല്‍ സമ്പന്നമായി നിലകൊള്ളാൻ ഇന്നാ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ബിസിനസ് തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവരാണ് അധികവും. ചിലയിടങ്ങൾ അറബിത്തെരുവുകളോ എന്ന് സംശയം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലതിന് സൗത്ത് ഇന്ത്യന്‍ വേഷപ്പകര്‍ച്ച. ലോകത്തെ മറ്റേതൊരു പ്രദേശവും പോലെ മലയാളിപ്പെരുപ്പവും നമ്മെ വിസ്മയിപ്പിക്കും.
യു.കെയിലെ മുസ്‌ലിം സാന്നിധ്യവും സവിശേഷമാണ്. ലോക ഇസ് ലാമിക സമൂഹത്തിന്റെ പരിഛേദം അവിടെ കാണാം. മഹാ പണ്ഡിതന്‍മാരും നേതാക്കളും ജന്മനാട് ആട്ടിപ്പുറത്താക്കിയ പോരാളികളും ഒത്തുചേരുന്നയിടം. ലിബറലുകള്‍, ഇടതുപക്ഷം, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, പരിസ്ഥിതി ആക്ടിവിസ്റ്റുകള്‍, ഇസ് ലാമിസ്റ്റുകള്‍ എല്ലാവരും പൊതുരംഗത്ത് സജീവമാണ്.
ഇസ്രായേലിന്റെ ഫലസ്ത്വീന്‍ അധിനിവേശം വീണ്ടും കത്തിനിന്ന ഒക്‌ടോബറിലാണ് യു.കെയിലെത്തുന്നത്. ഫലസ്ത്വീന്‍ വിഷയത്തില്‍ ബ്രിട്ടന്റെ ഇസ്രായേല്‍പക്ഷ നിലപാട് തുടരുമ്പോഴും ലണ്ടന്‍ തെരുവുകളില്‍ ലക്ഷങ്ങള്‍ അണിനിരന്ന ഫലസ്ത്വീന്‍ അനുകൂല കൂറ്റന്‍ പ്രതിഷേധ റാലികള്‍ കാണാം. യു.കെയിലെത്തുമ്പോള്‍ ആധുനിക ഇസ് ലാമിക പ്രസ്ഥാനങ്ങള്‍ എല്ലാം ഒന്നുചേര്‍ന്ന പ്രതീതിയുണ്ടാകും. ലേഖനങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മാത്രം അറിഞ്ഞിരുന്ന, വിവിധ ഭാഷകളും നിറങ്ങളും വിചാരങ്ങളും വികാരങ്ങളുമുള്ള ലോകത്തിന്റെ നാനാ കോണുകളില്‍നിന്നുമുള്ള ഇസ് ലാമിക പ്രവര്‍ത്തകരുടെ സംഗമസ്ഥാനം കൂടിയാണ് യുനൈറ്റഡ് കിങ്ഡം.
ലോക ഇസ് ലാമിക പ്രസ്ഥാനങ്ങളെ അവയുടെ സ്ഥാപകരില്‍ നിന്ന് ഏറ്റുവാങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ത്വരിപ്പിച്ചു നിര്‍ത്തിയ പ്രഫ. ഖുര്‍ശിദ് അഹ്്മദ്, യു.കെയുടെ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്ന ഖുര്‍റം മുറാദിന്റെ വസ്വിയ്യത്ത്, ജ്വലിച്ച് നില്‍ക്കുന്ന സ്വതന്ത്ര ഫലസ്ത്വീന്‍ സ്വപ്‌നം, ഖാർത്വൂമിന്റെയും ബൈറൂത്തിന്റെയും ഇസ്മാഈലിയയുടെയും സന്തതികള്‍... തദ്ദേശീയരോടൊപ്പം ഇവരെല്ലാം ചേര്‍ന്ന് സ്വഫ് കെട്ടിയതാണ് ബ്രിട്ടനിലെ മുസ്‌ലിം കമ്യൂണിറ്റി.
മുസ്‌ലിം അസോസിയേഷന്‍ ഓഫ് ബ്രിട്ടന്‍, മുസ്‌ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടൻ, ഇന്ത്യയില്‍നിന്നുള്ള മുഴുവന്‍ മുസ്‌ലിം സംഘടനകളുടെയും കൂട്ടായ്മയായ യു.കെ ഇന്ത്യന്‍ മുസ്‌ലിം കൗണ്‍സില്‍, മലയാളി മുസ്‌ലിം കള്‍ച്ചറല്‍ ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങി മുകളില്‍ സൂചിപ്പിച്ച മുഴുവന്‍ രജിസ്റ്റേഡ് സംഘടനകളുമായി ആശയവിനിമയം നടത്തിയും സഹകരിച്ചുമാണ് യു.കെയിലെ മലയാളികളുടെ പ്രവര്‍ത്തനം. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഘടനയാണ് സ്‌ട്രൈവ് യു.കെ (Strive UK). എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഈ കൂട്ടായ്മയുമായി സഹകരിക്കുന്നുണ്ട്.
സ്‌ട്രൈവ് യു.കെ
സ്‌ട്രൈവ് യു.കെയുടെ ക്ഷണപ്രകാരമാണ് ലണ്ടനില്‍ വിമാനമിറങ്ങിയത്. പഠനം, തൊഴില്‍, ബിസിനസ് എന്നിവ ലക്ഷ്യമാക്കി യു.കെയിലെത്തിയ മലയാളികള്‍ ധാരാളമുള്ള, ഇസ് ലാമിക പ്രവര്‍ത്തകരുടെ വ്യവസ്ഥാപിത കൂട്ടായ്മയാണ് സ്‌ട്രൈവ് യു.കെ. അഭ്യസ്ത വിദ്യരും പ്രഫഷണലുകളും വിദ്യാര്‍ഥികളും ബിസിനസുകാരുമുള്‍പ്പെടെ തുടിക്കുന്ന മനസ്സും മെയ്യുമുള്ള ഒരു കൂട്ടം പ്രവര്‍ത്തകരുടെ ആവിഷ്‌കാരത്തിന്റെ സൗന്ദര്യമാണ് സ്‌ട്രൈവ് യു.കെ. ലണ്ടനിലെത്തുന്നവരുടെ തര്‍ബിയത്ത്, ദഅ്‌വത്ത് തുടങ്ങിയ അടിസ്ഥാന പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ അവരുടെ വൈജ്ഞാനിക വളര്‍ച്ച, പ്രാസ്ഥാനിക പഠനം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നു. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട് സ്‌ട്രൈവില്‍. മലയാളികളുടെ ഒരു കുടുംബ കൂട്ടായ്മ എന്നും പറയാം. സംഘടനയുടെ ഉന്നത ബോഡികളിലെല്ലാം തന്നെ ഈ വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
യു.കെയിലെത്തുന്ന ആര്‍ക്കും അപരിചിതത്വമൊന്നും അനുഭവിപ്പിക്കാതെ കുടുംബത്തെ പോലെ തണലൊരുക്കും ഈ കൂട്ടായ്മ. വ്യക്തിയുടെ സര്‍വതോമുഖമായ വളര്‍ച്ചക്ക് സഹായകമായ രീതിയില്‍ അംഗങ്ങളുടെ കല, സാഹിത്യം, സംസ്‌കാരം, ഫിലോസഫി തുടങ്ങിയ മേഖലകളിലൊക്കെ സ്‌ട്രൈവിന്റെ പരിപാടികള്‍ സംഘടിപ്പിക്കപ്പെടുന്നു.
യാത്രക്കിടെ രിബാത്ത് എന്ന പേരില്‍ സംഘടിപ്പിക്കപ്പെട്ട ദ്വിദിന ക്യാമ്പില്‍ പങ്കെടുത്തു. ആറും ഒമ്പതുമൊക്കെ മണിക്കൂര്‍ യാത്രചെയ്താണ് ആ കുടുംബ സംഗമത്തിനായി യു.കെ യുടെ വിവിധ ഭാഗങ്ങളില്‍നിന്ന്, ദ മാര്‍ക്ക് ഫീല്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എജുക്കേഷന്‍ കാമ്പസില്‍ പ്രതിനിധികളെത്തിയത്.
പഠനക്ലാസ്, വര്‍ക്ക്‌ഷോപ്പ്, കലാ-കായിക മല്‍സരങ്ങള്‍ തുടങ്ങി മുഴുവന്‍ പരിപാടികളിലും കുടുംബസമേതം പങ്കാളികളാകുന്ന വിധത്തിലായിരുന്നു ക്യാമ്പിന്റെ സംവിധാനം. പ്രസ്ഥാന പഠനം, തര്‍ബിയത്ത്, വൈജ്ഞാനിക വളര്‍ച്ച, സമരോല്‍സുകത, സാമൂഹിക ബോധം, പ്രതിബദ്ധത, ഹൃദ്യമായ സാഹോദര്യ ബന്ധം തുടങ്ങി ഇസ് ലാമിന്റെ ഉയര്‍ന്ന മൂല്യങ്ങള്‍ പകര്‍ന്നുനല്‍കുന്നതായിരുന്നു രിബാത്ത്. വീടുകളില്‍നിന്ന് പലഹാരങ്ങളുമായി ചിലരെത്തി. ക്യാമ്പില്‍ തന്നെ അത് വില്‍പന നടത്തി. ലാഭവും കിട്ടി. ലാഭം പക്ഷേ, ഫലസ്ത്വീനിലേക്ക്.
കൗമാരപ്രായക്കാരുടെ സെഷന്‍ ഏറെ ശ്രദ്ധേയമായിരുന്നു. ജീവിതത്തില്‍ അവരനുഭവിക്കുന്ന പ്രതിസന്ധികളും മറികടക്കാനുള്ള വഴികളുമായിരുന്നു വിഷയം. ബ്രിട്ടന്റെ വിവിധ പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ പഠിക്കുന്ന അവര്‍ കാണുന്നതും അനുഭവിക്കുന്നതുമായ വംശീയത, ജെൻഡര്‍ ഇന്‍ജസ്റ്റിസ്, ഐഡന്റിറ്റി ക്രൈസിസ് തുടങ്ങിയ വിഷയങ്ങളിലെല്ലാം അവര്‍ക്ക് നിലപാടുണ്ട്.
അവരുടേതായ പരിഹാരങ്ങളുമുണ്ട്. ഈ വിഷയങ്ങളിലൊക്കെ രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് എന്തു ചെയ്യണമെന്ന ചോദ്യത്തിന്, 'ഇതിലിടപെടരുത്, ഇതൊക്കെ ഞങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നുണ്ട്' എന്നായിരുന്നു പ്രതികരണം. ഓരോ വിഷയത്തിലും, കൃത്യതയുള്ള അവരുടെ കാഴ്ചപ്പാടുകളും അതിലെ സര്‍ഗാത്മകതയും വലിയ കൗതുകമാണുണ്ടാക്കിയത്; അതിലേറെ പ്രതീക്ഷയും.
ഏതാനും വര്‍ഷങ്ങള്‍ക്കിടയിലെ പ്രവര്‍ത്തനം കൊണ്ടുതന്നെ ലണ്ടനിലെ പൊതുസമൂഹത്തില്‍ ഇടപെടലുകൾ കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായ സാന്നിധ്യമാണ് സ്‌ട്രൈവ് യു.കെ. പഠനാവശ്യാര്‍ഥമോ തൊഴില്‍ തേടിയോ യു.കെയിലേക്ക് പോകാനാഗ്രഹിക്കുന്നവര്‍ ഏറെയാണല്ലോ. ആത്മവിശ്വാസത്തോടെ അവര്‍ക്കെത്തിച്ചേരാവുന്ന, നിര്‍ഭയം അവരെ പറഞ്ഞയക്കാവുന്ന ഇടമാണ് ലണ്ടന്‍. ശക്തമായ പ്രാസ്ഥാനിക സാന്നിധ്യമായി സ്‌ട്രൈവ് അവിടെയുണ്ട്. സ്‌ട്രൈവ് അവരെ ചേര്‍ത്തുപിടിക്കും. മലയാളിയുള്ള ഏത് തുരുത്തിലേക്കും ചെന്നെത്താനുള്ള സംഘടനാ ശേഷിയും അവര്‍ക്കുണ്ട്.
ശ്രദ്ധേയമായ നഗരമെന്ന നിലക്ക് ലോകത്ത് നടക്കുന്ന എല്ലാ സംഭവ വികാസങ്ങളും പ്രതിധ്വനിക്കുന്ന ഇടമാണ് ലണ്ടന്‍. ലോക ശ്രദ്ധയാകര്‍ഷിച്ച നിരവധി പ്രൊട്ടസ്റ്റുകള്‍ ലണ്ടനില്‍ നടന്നിട്ടുണ്ട്. മനുഷ്യാവകാശ പ്രശ്‌നങ്ങളുയര്‍ത്തി നടന്ന പല സമരങ്ങളിലും സ്‌ട്രൈവ് കണ്ണിചേരാറുണ്ട്.
ലോകത്തെല്ലായിടത്തും മലയാളി സാന്നിധ്യമുണ്ടെന്നതുപോലെ തന്നെ ഇസ് ലാമിക പ്രവര്‍ത്തകരുടെ സാന്നിധ്യവും ഇന്ന് ശക്തമാണ്. തങ്ങള്‍ ജീവിക്കുന്ന ഇടങ്ങളില്‍ സത്യസാക്ഷ്യം നിര്‍വഹിക്കുകയെന്നത് മുസ്‌ലിമിന്റെ നിയോഗ ദൗത്യമാണ്. അത് തങ്ങള്‍ ജീവിക്കുന്ന മണ്ണിനെയും മനുഷ്യരെയും മനസ്സിലാക്കി, സമൂഹത്തിന്റെ ആരോഗ്യകമായ വളര്‍ച്ചക്ക് ഉപകരിക്കുന്ന വിധം ആവിഷ്കരിക്കുന്നതിലാണ് നാം ശ്രദ്ധിക്കേണ്ടത്. ഈ വിഷയത്തില്‍ യു.കെയുടെ ഹൃദയം തൊട്ടറിഞ്ഞ് സ്വകുടുംബത്തെയും മക്കളെയും, നെഞ്ചേറ്റിയ ദര്‍ശനത്തോടൊപ്പം ദിശാബോധത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ യു.കെയിലെ ഈ കരുത്തുറ്റ വേദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇസ് ലാമിക് ഫൗണ്ടേഷന്‍
വിദ്യാര്‍ഥികാലം മുതലേ കേള്‍ക്കുന്ന യു.കെയിലെ ഇസ് ലാമിക് ഫൗണ്ടേഷന്‍ സന്ദര്‍ശിക്കാനും ഭാഗ്യമുണ്ടായി. 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന സംരംഭത്തിന് 1973-ല്‍ ഇസ് ലാമിക ചിന്തകരും പണ്ഡിതരുമായ ഖുര്‍റം മുറാദും ഖുർശിദ് അഹ്്മദും ചേര്‍ന്നാണ് തുടക്കമിട്ടത്. ആഗോള തലത്തില്‍ തന്നെ ഇസ് ലാമിക ചിന്തക്കും വൈജ്ഞാനിക മേഖലക്കും വലിയ സംഭാവനകളര്‍പ്പിച്ച ഫൗണ്ടേഷന്‍ പുറത്തിറക്കിയിരുന്ന ഇംപാക്ട് ഇന്റര്‍നാഷ്നല്‍ മാഗസിൻ ഒരുകാലത്ത് കേരളത്തിലെ ഇസ് ലാമിക പ്രവര്‍ത്തകരിലെ ആംഗലേയ വായനക്കാരുടെ ഇഷ്ട താളുകളായിരുന്നു. പുതിയ തലമുറയെ മുന്നിൽ കണ്ടുകൊണ്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ ലോകത്ത് വലിയ ശ്രദ്ധ നേടിയ ഇസ് ലാമിക സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച സംവാദങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച ഫൗണ്ടേഷന്‍, സാമ്പത്തിക രംഗത്തെ ഏറ്റവും പുതിയ പ്രവണതകളെ വരെ മനസ്സിലാക്കി ഇന്നും ആ മേഖലയില്‍ സജീവ സാന്നിധ്യമറിയിക്കുന്നു. ട്രെയ്്നിംങ് സെന്റര്‍, ലൈബ്രറി, പുതുവിശ്വാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശ കേന്ദ്രം എന്നിവ ഇന്നതിന്റെ ഭാഗമാണ്. കൊച്ചു കുട്ടികള്‍ക്കുള്ള ബാലസാഹിത്യങ്ങള്‍ മുതല്‍ അതിന് പ്രസിദ്ധീകരണങ്ങളുണ്ട്. ലോക ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ ബുദ്ധികേന്ദ്രങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഫാറൂഖ് മുറാദാണ്. മലയാളിയായ ശഹീന്‍ കെ. മൊയ്തുണ്ണിയാണ് റിസര്‍ച്ച് ലീഡര്‍.
ഈസ്റ്റ് ലണ്ടന്‍ മോസ്‌ക്,
ലണ്ടന്‍ മുസ്‌ലിം സെന്റര്‍
വിശാലമായ സൗകര്യങ്ങളോടു കൂടി യു.കെയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഇസ് ലാമിക കേന്ദ്രമാണിത്. രണ്ടര ഏക്കറോളം സ്ഥലത്ത്, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിനടുത്ത് പണിത വലിയ സംവിധാനമാണ് ലണ്ടന്‍ മോസ്‌ക്. ഇത് കേവലമൊരു ആരാധനാലയം മാത്രമല്ല, 35-ലധികം പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിപുല സംവിധാനമാണ്. 1910-ല്‍ വാടകക്കെട്ടിടത്തില്‍ പരിമിതികളോടെ തുടങ്ങി ഘട്ടം ഘട്ടമായി വളര്‍ന്നു വികസിച്ചതാണ്. ഇസ് ലാമിനെ പരിചയപ്പെടുത്തുന്ന ദഅ്‌വാ സെന്റര്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇസ് ലാമിക് അക്കാദമി, തൊഴില്‍ പരിശീലന കേന്ദ്രം, ഇസ് ലാമിക് ലൈബ്രറി, കണ്‍വെന്‍ഷന്‍ സെന്റര്‍, വുമണ്‍സ് സെന്റര്‍ തുടങ്ങി ഇസ് ലാമിന്റെ സൗന്ദര്യത്തെ പൊതുമണ്ഡലത്തിന് പരിചയപ്പെടുത്തുന്ന നിരവധി സേവനങ്ങള്‍ ഈ കേന്ദ്രം വഴി സമൂഹത്തിന് ലഭിക്കുന്നു. ജുമുഅ ദിവസം എല്ലാ ഓഫീസുകളും മസ്ജിദിന്റെ ഭാഗമാവും. ഏതാണ്ട് 7000 പേരാണ് ജുമുഅയില്‍ പങ്കെടുക്കുക.
ഖുര്‍ശിദ് അഹ്്മദ്
വിദ്യാര്‍ഥി സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ആദ്യകാലം മുതലേ മനസ്സില്‍ പതിഞ്ഞിരുന്ന പേരാണ് പ്രഫസര്‍ ഖുര്‍ശിദ് അഹ്്മദ്. യു. കെ യാത്രയിലെ ഔപചാരിക ഷെഡ്യൂളുകളില്‍ ഇല്ലായിരുന്നെങ്കിലും അദ്ദേഹത്തെ നേരില്‍ കാണാനാവും എന്ന പ്രതീക്ഷ മനസ്സിലുണ്ടായിരുന്നു. ആധുനിക ഇസ് ലാമിക പ്രസ്ഥാന സ്ഥാപക നേതാക്കൾക്ക് ശേഷം ലോക ഇസ് ലാമിക പ്രസ്ഥാനങ്ങളെ ചലനാത്മകമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച നായക പ്രതിഭ. ഇസ് ലാമിക സാമ്പത്തിക ശാസ്ത്രത്തെ കഴിഞ്ഞ നൂറ്റാണ്ടിലും ഈ നൂറ്റാണ്ടിലും ലോക സാമ്പത്തിക സംവാദങ്ങളുടെ മധ്യത്തില്‍ നിര്‍ത്തിയ അസാമാന്യ പ്രതിഭാസം. പാകിസ്താന്‍ ജമാഅത്തെ ഇസ് ലാമിയുടെ ഉപാധ്യക്ഷന്‍. പാകിസ്താൻ കാമ്പസുകളെ ഇളക്കിമറിച്ച് 80 ശതമാനം വിദ്യാര്‍ഥി പിന്തുണയും നേടിയിരുന്ന ജംഇയ്യത്തു ത്വലബയുടെ സാരഥി. ബിരുദകാലത്തു തന്നെ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുമായി ശിഷ്യസമാനമായ ആത്മബന്ധം. ഇഖ്ബാലിനോടും മുഹമ്മദ് അസദിനോടും അടുപ്പം. ഖുര്‍റം മുറാദിന്റെ സഹപാഠി. യൂറോപ്പിലും ആഫ്രിക്കയിലും അമേരിക്കയിലും ഇസ് ലാമിക സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രബോധകന്‍...
ഇങ്ങനെയെല്ലാമുള്ള പ്രഫ. ഖുർശിദ് അഹ്്മദിന്റെ വീട്ടുമുറ്റത്ത്... അകത്തുനിന്ന് പേരമക്കളായ അലിയും യൂസുഫും ഇറങ്ങിവന്ന് ഞങ്ങളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. മുകളിലെ റൂമില്‍ ചാരുകസേരയില്‍ ഖുർശിദ് അഹ്്മദ് സാഹിബ്, കണ്ടമാത്രയിലെ ആദ്യ ചോദ്യം തന്നെ തൊണ്ണൂറാമത്തെ വയസ്സിലും അദ്ദേഹത്തിന്റെ മസ്തിഷ്‌കത്തിലും മനസ്സിലും പ്രവഹിക്കുന്ന രക്തത്തിന്റെ ചൂടും ചൂരും അനുഭവിപ്പിക്കുന്നതായിരുന്നു: ''നിങ്ങള്‍ ലോക്കല്‍ ബോഡി ഇലക്്ഷനില്‍ പങ്കെടുക്കാറുണ്ടോ?''
രോഗമോ പ്രായത്തിന്റെ അവശതയോ പരിഗണിക്കാതെ അര മണിക്കൂറിലേറെ സമയം അദ്ദേഹം ഞങ്ങളോട് സംസാരിച്ചു. ലോക ഇസ് ലാമിക ചലനങ്ങളെയെല്ലാം സൂക്ഷ്മമായി വിലയിരുത്തിയ സംസാരമായിരുന്നു അത്. ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ സോഷ്യല്‍ എന്‍ഗേജ്‌മെന്റിനെ സംബന്ധിച്ച്, ആ ആശയത്തില്‍ രൂപപ്പെട്ട പ്രസ്ഥാനങ്ങളെ സംബന്ധിച്ച്, അവയുടെ വികാസപരിണാമങ്ങളെ സംബന്ധിച്ച്... അവസാന വിവരവും അദ്ദേഹത്തിനുണ്ട്; കൂട്ടത്തില്‍ കേരളീയരുടെ പ്രവര്‍ത്തനോല്‍സുകതയെ സംബന്ധിച്ചും. കുവൈത്ത് സന്ദര്‍ശനവേളയില്‍ കേരള ശൂറാ അംഗമായിരുന്ന കെ.എം അബ്ദുർറഹീം സാഹിബിനെ (കണ്ണൂര്‍) പരിചയപ്പെട്ടതും അദ്ദേഹവുമായുള്ള സഹവാസവും ഓര്‍ത്തെടുത്തു.
ഞങ്ങളോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് മൂന്ന് കാര്യങ്ങള്‍ അദ്ദേഹം അക്കമിട്ടു പറഞ്ഞു തന്നു: ഒന്ന്, അല്ലാഹുവുമായുള്ള ബന്ധം ശക്തമായിരിക്കണം. വിശ്വാസിയുടെ കൂടെ ഏത് ഘട്ടത്തിലും എപ്പോഴുമുണ്ടാവേണ്ടതാണ് ഇത്. രണ്ട്, തസ്‌കിയ - വ്യക്തിത്വവികാസവും സ്വഭാവ രൂപവത്കരണവും പ്രധാനപ്പെട്ടതാണ്. മൂന്ന്, ദഅ്‌വ- സാമൂഹിക ഇടപെടല്‍ എന്ന സ്വഭാവത്തില്‍ ദഅ്‌വത്തിന്റെ പ്രാധാന്യം. ഇസ് ലാമിക് ഫൗണ്ടേഷനില്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ള മകന്‍ ഹാരിസ്, ഉമര്‍ എന്നിവരോടും സംസാരിച്ച ശേഷം അവിടെനിന്നിറങ്ങി.
ഫാറൂഖ് മുറാദ്
ഫാറൂഖ് മുറാദിനെ കണ്ടപ്പോള്‍ തന്നെ ഓർമയിൽ വന്നത് അദ്ദേഹത്തിന്റെ പിതാവും ഇസ് ലാമിക പ്രസ്ഥാന നേതാക്കളിലൊരാളുമായിരുന്ന ഖുര്‍റം മുറാദാണ്. ആശയ നൈര്‍മല്യവും ഉള്‍ക്കാഴ്ചയുള്ള ഭാഷാ വിന്യാസവുമായിരിക്കണം വസ്വിയ്യത്ത്, പുലര്‍കാല യാമങ്ങളില്‍, പ്രസ്ഥാനം തേടുന്ന പ്രവര്‍ത്തകന്‍ തുടങ്ങിയ കൃതികളുടെ രചയിതാവായ ഖുർറം മുറാദിനെ ഇഷ്ടപ്പെടാന്‍ കാരണം. അതുതന്നെയാണ് മകനെ കാണുന്നതിലെ കൗതുകവും. പി.പി ജസീമിനും ശഹീൻ മൊയ്തുണ്ണിക്കുമൊപ്പമാണ് ഫാറൂഖ് മുറാദിനെ കാണാൻ ചെന്നത്. പിതാവിനെയും അദ്ദേഹത്തിന്റെ പുസ്തകങ്ങളെയും അവയോട് കേരളത്തിലെ ഇസ് ലാമിക പ്രവര്‍ത്തകര്‍ക്കുള്ള സവിശേഷ ബന്ധത്തെയും പരാമര്‍ശിച്ച് ഞങ്ങൾ സംസാരം ആരംഭിച്ചു. യു.കെയിൽ മലയാളികൾ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് അദ്ദേഹം സംസാരത്തിന് തുടക്കമിട്ടത്. മാധ്യമ രംഗം, ചാരിറ്റി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ പുതിയ കാലത്ത് വലിയ വികാസം സാധ്യമാകേണ്ടതുണ്ട് എന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞ കാര്യം. ഇസ് ലാമിക് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
വിവിധ നാടുകളിലായിരിക്കുമ്പോഴും ഇസ് ലാമിക പ്രസ്ഥാനവും പ്രവര്‍ത്തകരും ഒരേ തരംഗദൈര്‍ഘ്യത്തില്‍ ആലോചിക്കുകയും, അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒരേ ആക്കം കൈവരിക്കുകയും ചെയ്യുന്നു എന്നാണ് യു.കെ സന്ദര്‍ശനം നല്‍കിയ ബോധ്യം. l
Comments