Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ

ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌

عَنْ أَبِي هُرَيْرَة رَضِيَ اللُه عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: “ لَا يَلِجُ النَّارَ رَجُلٌ بَكَى مِنْ خَشْيَةِ اللَّهِ حتَّى يَعُودَ اللَّبَنُ فِي الضَّرْعِ “ (تِرْمِذِي)

 

അബൂ ഹുറയ്റ (റ)യിൽനിന്ന്. അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: 
"അല്ലാഹുവിനെ ഭയന്ന് കരഞ്ഞവൻ, (കറന്നെടുത്ത) പാൽ അകിടിലേക്ക് മടങ്ങുന്നത് വരെ, 
നരകത്തിൽ പ്രവേശിക്കുകയില്ല'' (തിർമിദി).

 

അല്ലാഹുവിനെ ഭയന്ന് കരഞ്ഞവൻ ഒരിക്കലും നരകത്തിൽ പ്രവേശിക്കുകയില്ല എന്നാണ് ഹദീസിന്റെ പാഠം.
അല്ലാഹുവിന്റെ സ്നേഹം നഷ്ടപ്പെടുന്നതിനെയും അവന്റെ അപ്രീതിക്കും ശിക്ഷക്കും വിധേയമാവുന്നതിനെയും പേടിക്കുക എന്നാണ് ഭയപ്പെടുക എന്നതിന്റെ ഉദ്ദേശ്യം.
അല്ലാഹുവിനെ ഭയപ്പെടുന്നത് ഒരു പുണ്യകർമമായിട്ടാണ് ഇസ്‌ലാം പരിഗണിക്കുന്നത്. കാരണം, ദൈവഭയമാണ് മനുഷ്യനെ തെറ്റുകളിൽനിന്ന് തടയുകയും ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത്. ആരാധനാനുഷ്ഠാനങ്ങൾ ചൈതന്യത്തോടെ നിർവഹിക്കാൻ അല്ലാഹുവിനെ ഭയപ്പെടുന്നവർക്കാണ് സാധിക്കുക. ആവേശത്തോടെ നന്മകളിൽ മുന്നേറാനും അത് പ്രചോദനമേകുന്നു.
അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്ന കണ്ണുകൾ നിഷ്കളങ്ക ഈമാനിലേക്കാണ് സൂചന നൽകുന്നത്. യഥാർഥ വിശ്വാസികൾ അല്ലാഹുവിനെ സ്മരിക്കുമ്പോൾ കരഞ്ഞുകൊണ്ട് മുഖം കുത്തി വീഴുന്നതായി ഖുർആൻ പറയുന്നുണ്ട് (17: 109).
സ്വന്തം മാർഗഭ്രംശത്തിന്റെയും അവിവേകത്തിന്റെയും ഭാവിയിൽ വരാനിരിക്കുന്ന ഫലത്തെക്കുറിച്ചോർത്ത് കരയാത്തവരോട്  'നിങ്ങള്‍ കരയാതെ ചിരിക്കുകയാണോ?' എന്ന് വിശുദ്ധ ഖുർആൻ വിസ്മയത്തോടെ ചോദിക്കുന്നു ( 53 : 60).
പ്രവാചകൻമാരുടെ പ്രധാന സവിശേഷത വിശുദ്ധ ഖുർആൻ ഇപ്രകാരം വിവരിക്കുന്നു:  "പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സുജൂദ് ചെയ്തും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു അവര്‍" (19: 58). അല്ലാഹുവിന്റെ സിംഹാസനത്തിന്റെ തണലിൽ ഇടം ലഭിക്കുന്ന ഏഴാളുകളിലൊരുവൻ, ഒഴിഞ്ഞിരുന്ന് അല്ലാഹുവിനെ സ്മരിച്ച് കണ്ണുനീരൊഴുക്കിയവനാണെന്ന് പ്രവാചകൻ പഠിപ്പിച്ചു.
അല്ലാഹുവിനെ ഓർത്ത് കരഞ്ഞ കണ്ണുകൾ നരകത്തിൽ പ്രവേശിക്കുകയില്ല. പ്രവാചകൻ നമസ്കരിക്കുമ്പോൾ പൊട്ടിക്കരയാറുണ്ടായിരുന്നു. വെള്ളം തിളക്കുന്ന  ശബ്ദം റസൂലിന്റെ നെഞ്ചകത്തുനിന്ന് കേൾക്കാറുണ്ടായിരുന്നുവെന്ന് അനുയായികൾ ഓർമിക്കുന്നുണ്ട്.
ഒരു പ്രഭാഷണത്തിൽ 'ഞാനറിയുന്ന പലതും നിങ്ങളറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ച് മാത്രം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്യുമായിരുന്നു'  എന്ന് നബി പറഞ്ഞപ്പോൾ, ശിഷ്യൻമാർ മുഖം പൊത്തി കരഞ്ഞതായി അനസ് (റ) അനുസ്മരിക്കുന്നുണ്ട്.
അംറുബ്്നുൽ ആസ്വിന്റെ മകൻ അബ്ദുല്ല (റ) പറയുന്നു: "യഥാർഥ വിവരങ്ങൾ ഒരാൾ അറിഞ്ഞിരുന്നെങ്കിൽ  തന്റെ ശബ്ദം നിലക്കുന്നത് വരെ കരയുകയും, മുതുക് ഒടിയുന്നത് വരെ നമസ്കരിക്കുകയും ചെയ്യുമായിരുന്നു."
പൊട്ടിക്കരയുന്ന മുആദി(റ)നോട്, എന്തിനാണ് കരയുന്നതെന്ന് ചോദിച്ചപ്പോൾ മറുപടി ഇപ്രകാരമായിരുന്നു: "അല്ലാഹു ആളുകളെ രണ്ട് തവണ കോരിയെടുത്തു. ഒന്ന് സ്വർഗത്തിലേക്കും മറ്റൊന്ന് നരകത്തിലേക്കും. അവയിലേതിലാണ് ഞാൻ പെടുന്നതെന്ന് എനിക്കറിയില്ല!''
ഹസൻ (റ) താൻ പൊട്ടിക്കരയുന്നതിന്റെ കാരണം  വ്യക്തമാക്കിയത് ഇപ്രകാരമായിരുന്നു: "നാളെ അല്ലാഹു എന്നെ നരകത്തിലേക്ക് യാതൊരു പരിഗണനയുമില്ലാതെ വലിച്ചെറിയുമോ എന്ന് ഞാൻ പേടിക്കുന്നു."
രാവും പകലും കരയുന്ന  ഒരു മഹാൻ അതിന്റെ കാരണം പറഞ്ഞതിങ്ങനെ: ''തെറ്റ് ചെയ്യുന്ന എന്നെ അല്ലാഹു കണ്ടപ്പോൾ പറഞ്ഞു: മാറി നിൽക്കുക. എനിക്ക് നിന്നോട് കോപമാണ്.''
പ്രഗൽഭ പണ്ഡിതൻ സുഫ്്യാൻ (റ)  മരണപ്പെടുമ്പോൾ, 'ഈമാൻ നഷ്ടപ്പെടുന്നതിനെ ഞാൻ ഭയപ്പെടുന്നു' എന്ന് ഉരുവിട്ട് കരഞ്ഞിരുന്നു.
അത്വാഉസ്സലീമി (റ) തന്റെ തേങ്ങലിന്റെ കാരണം പറഞ്ഞതിങ്ങനെ:
 وَيْحَكْ، المَوْتُ فِي عُنُقِي، وَالقَبْرُ بَيْتِي، وَ فِي القِيَامَةِ مَوْقِفِي وَعَلَى جِسْرِ جَهَنَّم طَرِيقِي لاَ أَدْرِي مَا يُصْنَعُ بِي  

(താങ്കൾക്കെന്ത് പറ്റി! മരണം എന്റെ കഴുത്തിലാണ്. ഖബ്റാണ് എന്റെ വീട്. ഉയിർത്തെഴുന്നേൽപ് ദിനത്തിലാണ് ഞാൻ എഴുന്നേൽക്കേണ്ടത്. എന്റെ പാത നരകത്തിന് മുകളിലുള്ള പാലത്തിലാണ്. എന്താണ് എന്നെ ചെയ്യുക എന്നെനിക്കറിയില്ല).
ഹസൻ (റ) പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഒരു രാത്രി എഴുന്നേറ്റത്. ഇതു കേട്ട വീട്ടുകാരും വാവിട്ട് കരഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "ഒരു  പാപത്തെക്കുറിച്ച് ഞാനോർത്തു പോയി."
തമീമുദ്ദാരി (റ),
أَمْ حَسِبَ ٱلَّذِينَ ٱجْتَرَحُوا۟ ٱلسَّيِّـَٔاتِ أَن نَّجْعَلَهُمْ كَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ
(ചീത്ത വൃത്തികള്‍ ചെയ്തുകൂട്ടിയവര്‍ കരുതുന്നോ, അവരെ നാം സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെപ്പോലെയാക്കുമെന്ന് - 45: 21) എന്ന വാക്യം ആവർത്തിച്ച് പ്രഭാതം വരെ കരയുകയുണ്ടായി. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌