Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

വിദ്യാഭ്യാസം സമുദായം നേടിയതും നേടേണ്ടതും

ഡോ. ബദീഉസ്സമാൻ

ഇന്ത്യ ലോക ജനസംഖ്യയിൽ ഒന്നാമതെത്തിയിരിക്കുന്നു. ജനസംഖ്യയെ ബാധ്യതയും ഭീഷണിയുമായി കണ്ടിരുന്ന പഴയ കാലത്തിൽനിന്ന് ഭിന്നമായി അതിനെ വലിയ മുതൽക്കൂട്ടായി (Demographic Dividend) കാണുന്ന മനോ നിലയിലേക്ക് ലോകം മാറിയിരിക്കുന്നു. ജനസംഖ്യാ വർധനവിനെ ഗുണാത്മകമായിക്കണ്ട് മനുഷ്യ വിഭവങ്ങളെ വിവര സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടും വിധം പരിശീലിപ്പിക്കുകയാണ് വേണ്ടതെന്ന് എല്ലാവരും പറയുന്നു. ജനസംഖ്യയിൽ നല്ലൊരു ശതമാനവും ചെറുപ്പക്കാരായ ഇന്ത്യയെ സംബന്ധിച്ചേടത്തോളം വളരെ പ്രതീക്ഷകൾ നൽകുന്ന സാഹചര്യമാണിത്.
അതേസമയം ഇത്ര വലിയൊരു പൗരസഞ്ചയത്തെ വിവര സമ്പദ് വ്യവസ്ഥയ്ക്ക് പറ്റും വിധം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ നൈപുണികളോടെ വളർത്തിയെടുക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. സർക്കാറിന് മാത്രമായി നേരിട്ട് നിർവഹിക്കാൻ കഴിയുന്നതല്ല ഈ മഹാദൗത്യം. മനുഷ്യ വികസന സൂചിക (Human Development Index) കളുടെ മുഴുവൻ മേഖലകളിലും ഇന്ത്യക്ക് മുന്നിലെത്താൻ പാകത്തിൽ മുഴുവൻ പൗരൻമാർക്കും അവരുടെ പ്രാദേശിക - ഭാഷാ- സാമൂഹിക- വിശ്വാസ പരിസരങ്ങൾക്കതീതമായി ഒരു level playing field നൽകുക എന്നതാണ് ഇവ്വിഷയത്തിൽ സർക്കാറിന്റെ മുഖ്യ ദൗത്യം. സാമൂഹിക അസമത്വങ്ങളും തജ്ജന്യമായ മുൻവിധികളും ഏറെ നിലനിൽക്കുന്ന ഇന്ത്യ എന്ന ജാത്യാധിഷ്ഠിത സമൂഹത്തിൽ ഇത് വളരെ പ്രധാനമാണ്. ഈ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് മുസ്്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനത്തെയും അതിൽ വരുത്തേണ്ട ഗുണപരമായ മാറ്റങ്ങളെയും കുറിച്ച് ആലോചനകളുണ്ടാവേണ്ടത്.
ദൈവത്തിന്റെ ഏകത്വം, മനുഷ്യരെന്ന ഏക കുടുംബം, അവർക്കെല്ലാം കാരുണ്യമായ പ്രവാചകൻ, അന്തിമ ഘട്ടത്തിലെ ജീവിതത്തിന്റെ കണക്ക് ബോധിപ്പിക്കൽ തുടങ്ങിയ അടിസ്ഥാന ബോധങ്ങളാൽ വിശ്വാസപരമായി നിയന്ത്രിക്കപ്പെടുന്നവരാണ് മുസ്്ലിംകൾ. അതിനാൽ തന്നെ സാമൂഹിക ജീവിതത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ഗുണാത്മകമായി സ്വാധീനിക്കുകയും അതുവഴി ഒരു  നീതിയധിഷ്ഠിത സമൂഹത്തെ സാധ്യമാക്കുകയും ചെയ്യുന്ന നിരവധി ഘടകങ്ങൾ അവരുടെ ജീവിതത്തിലുണ്ട്. നീതിബോധം, സഹജീവി സ്നേഹം, സഹാനുഭൂതി, സഹായ മനഃസ്ഥിതി എന്നിവയൊക്കെ ഏത് മനുഷ്യനും ദൈവം നൽകിയ പ്രകൃതിയിൽ അന്തർലീനമാണ്. എന്നാൽ അവയെയൊക്കെ പരിപോഷിപ്പിച്ച് നിലനിർത്താൻ പാകത്തിൽ, ആചാര മര്യാദകളുടെയും നിയമശാസനകളുടെയും  പാലിക്കപ്പെടുന്ന ഒരു ഘടന കൂടി നിലനിൽക്കുന്നു എന്ന പ്രത്യേകത മുസ്്ലിം സമൂഹത്തിന് സവിശേഷമായുണ്ട്. ഉദാഹരണമായി, പലിശ നിരോധിച്ച  നിയമം മുസ്്ലിംകളെ കച്ചവടത്തിൽ കൂടുതലായി വ്യാപൃതരാക്കുന്നതു വഴി സാമ്പത്തിക പ്രവർത്തനത്തിൽ ഉത്സുകരാക്കുന്നു.  അതുതന്നെ, ഭൗതിക ലാഭം  പ്രതീക്ഷിക്കാതെ കടം കൊടുക്കുന്ന രീതി വളർത്തി സാമൂഹിക ഇഴയടുപ്പം ബലപ്പെടുത്തുന്നു. കിട്ടുന്നതെന്തും വിവേചനമന്യേ ഇതര സമൂഹങ്ങളുമായി പങ്ക് വെക്കുന്ന തനത് ശീലം മുസ്്ലിംകൾക്കുണ്ട്. ഗൾഫ് പണത്തിന്റെ സ്വാധീനം കേരളത്തിലൂടെ ബംഗാളിലും യു. പിയിലുമൊക്കെ എത്തിച്ചതിൽ മാത്രമല്ല, സമുദായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ വരെ ഈ പങ്കുവെക്കൽ മനസ്സ് കാണാവുന്നതാണ്.
ഇപ്രകാരം, സ്വന്തത്തിനപ്പുറം ചിന്തിക്കുന്ന ഒരു സമൂഹത്തിന് വിദ്യാഭ്യാസ രംഗത്ത് പുരോഗതിയുണ്ടാകുന്നത് ആ സമൂഹത്തിന് മാത്രം മെച്ചമുണ്ടാകുന്ന ഒന്നായല്ല കാണേണ്ടത്; മറിച്ച് മുഴുവൻ സമൂഹത്തിന്റെയും പുരോഗതിയിലേയ്ക്കുള്ള ഒരു നിക്ഷേപമായാണ്. ഈ ഒരു തലത്തിൽനിന്നു വേണം മുസ്്ലിം സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെ കാണാൻ.

മുസ്്ലിംകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും
വിദ്യാഭ്യാസത്തെ ഒരു സാമൂഹിക ഉത്തരവാദിത്വമായാണ് മുസ്്ലിംകൾ തുടക്കം മുതലേ കണ്ടിട്ടുള്ളത്. വിദ്യാഭ്യാസ പ്രവർത്തനത്തിനായി വഖ്ഫ് (എൻഡോവ്മെന്റ് ) എന്ന സങ്കൽപം ലോകത്തിന് മുസ്്ലിം സമൂഹത്തിന്റെ സംഭാവനയാണ്. പിൽക്കാലത്ത് ആത്മീയം, ഭൗതികം എന്ന് വേർതിരിച്ച് മനസ്സിലാക്കപ്പെട്ട വിദ്യാഭ്യാസത്തിന്റെ എല്ലാ അംശങ്ങളും ഒരൊറ്റ കുടക്കീഴിലാണ് മുസ്്ലിം ലോകത്ത് നൽകപ്പെട്ടിരുന്നത്. പക്ഷേ, ബ്രിട്ടീഷ് കൊളോണിയൽ ആധിപത്യത്തോടെ ഇത് മാറുകയും ഭൗതിക ജീവിത വിജയോപാധികൾക്ക് അത്യാവശ്യമെന്ന് കരുതപ്പെട്ട വ്യത്യസ്ത ശാസ്ത്രശാഖകളും ഗണിതവും ഭാഷകളുമൊക്കെ ഗവൺമെന്റ് നിയന്ത്രണത്തിൽ മതേതര വിഷയങ്ങളാവുകയും ചെയ്തു; മുസ്്ലിം സമൂഹത്തിന്റെ നിയന്ത്രണം മതപഠനത്തിലും അറബിയിലും മാത്രമായി ഒതുങ്ങി. മുസ്്ലിം ഭരണാധികാരികളെ അധികാര ഭ്രഷ്ടരാക്കുകയും മുസ്്ലിം സമൂഹത്തോട് പ്രതികാര നടപടികൾ സ്വീകരിക്കുകയും ചെയ്ത ബ്രിട്ടീഷ് സർക്കാറിന്റെ വിദ്യാഭ്യാസത്തെ കടുത്ത ആശങ്കകളോടെയാണ് മുസ്്ലിംകൾ പൊതുവിൽ കണ്ടത്. വിദ്യാഭ്യാസ കാര്യത്തിൽ മിഷനറിമാർക്കുണ്ടായിരുന്ന സ്വാധീനവും   മതപ്രചാരണത്തിന് സർക്കാർ പിന്തുണയോടെ അവർ  നടത്തിയ ശ്രമങ്ങളും മുസ്്ലിംകളുടെ ആശങ്ക ബലപ്പെടുത്തി. ബ്രിട്ടീഷ് , ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തങ്ങളുടെ സാംസ്കാരികാസ്തിത്വത്തിന്റെ അന്ത്യം ഭയപ്പെട്ട അവർ ഭൗതിക വിദ്യാഭ്യാസത്തോട് പുറംതിരിഞ്ഞ് നിൽക്കുകയും വിദ്യാഭ്യാസ പ്രവർത്തനം മുഖ്യമായും മതസ്ഥാപനങ്ങളിൽ പരിമിതപ്പെടുകയും ചെയ്തു.
മാറിയ കാലത്തോട് ഏകമുഖമായിരുന്നു മുസ്്ലിം പ്രതികരണം എന്ന് പറഞ്ഞുകൂടാ. ബ്രിട്ടീഷുകാരുടെതെന്നു പറഞ്ഞ് ശാസ്ത്ര മാനവിക വിഷയങ്ങളിൽനിന്ന് അകലം പാലിക്കുന്നത് ഭാരിച്ച നഷ്ടമാകും സമുദായത്തിന് ഉണ്ടാക്കുക എന്നു മനസ്സിലാക്കി അലീഗഢ് മൂവ്മെന്റ് സമവായ മാർഗം മുന്നോട്ടുവെച്ചെങ്കിലും സമുദായ മുഖ്യധാര സംശയത്തോടെ അറച്ചുനിന്നു. മദാരിസുകളിലെ വിദ്യാഭ്യാസത്തിനാണ് ദീനീ എന്ന പരിഗണന കിട്ടിയത്.  സ്വാതന്ത്ര്യാനന്തരമാകട്ടെ, നേതൃത്വമില്ലാതെ പതിതാവസ്ഥയിലകപ്പെട്ട ഇന്ത്യൻ മുസ്്ലിംകളെ സംബന്ധിച്ചേടത്തോളം വിദ്യാഭ്യാസ പുരോഗതിയെ പറ്റിയുള്ള ആലോചന വലിയ ആഡംബരമായിരുന്നു. ഉയർത്തപ്പെട്ട ഭീഷണികൾക്ക് നടുവിൽ നേരത്തെ സ്ഥാപിക്കപ്പെട്ടവയുടെ നടത്തിപ്പ് തന്നെ വലിയ കാര്യമായിത്തോന്നുന്ന ദൈന്യതയിലായിപ്പോയിരുന്നു അവർ. അതിനാൽ, പഴയവയുടെ പരിപാലനത്തിൽ മാത്രമായി അവരൊതുങ്ങി.

ഗൾഫ് പണം കൊണ്ടുവന്ന മാറ്റങ്ങൾ
എഴുപതുകളുടെ അവസാനത്തോടെ വന്ന ഗൾഫ് പണമാണ് മുമ്പില്ലാത്ത വിധമുള്ള മാറ്റങ്ങൾ സമുദായ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവരുന്നത്. ഗൾഫ് കണ്ട രണ്ട് തലമുറകളുടെ അനുഭവത്തിൽ നിന്ന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, പിന്നിലായിപ്പോയ ദൂരം കുറച്ചുകൊണ്ടുവരാൻ സമുദായം നടത്തിയ കുതിപ്പിന്റെയും അതിലനുഭവിച്ച കിതപ്പിന്റെയും ചരിത്രമാണ് കഴിഞ്ഞ മുപ്പത് വർഷത്തേത്. തൊണ്ണൂറുകളുടെ തുടക്കത്തിൽ മൻമോഹൻ സിംഗ് തുറന്ന ഉദാരവൽക്കരണത്തിന്റെ വാതായനങ്ങൾ കൂടിയായപ്പോൾ തൂക്കരിയിലും തേങ്ങയിലും നിത്യവൃത്തി കണ്ടെത്തിയിരുന്ന സമുദായ വിദ്യാഭ്യാസ പ്രവർത്തനം വലുപ്പത്തിലും ഭൗതിക സൗകര്യങ്ങളിലും പുതിയ തലങ്ങളിലേക്കുയർന്നു.   ഓരോ മുസ്്ലിം സംഘടനയും തങ്ങളാലാവും വിധം മത്സരം കണക്കെ നടത്തിയ പരിശ്രമങ്ങൾ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. താഴെ പറയുന്നവ അവയിലെ പ്രധാനപ്പെട്ടവയാണ്:
1. സമ്പന്നരുടെ കുത്തകയായിരുന്ന ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണം. വിദ്യാഭ്യാസ രേഖകളിൽ not for profit, philanthrophic എന്ന് നിസ്സംശയം പറയാവുന്നവയാണ് മുസ്്ലിം മതസംഘടനകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ. ആവർത്തനച്ചെലവ് പോലും ലഭ്യമാക്കാത്ത താഴ്ന്ന ഫീസ് ഘടനയാണ് മതസംഘടനകളുടെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പോലുമുള്ളത്. അധ്യാപകർക്ക് മികച്ച ശമ്പളം നൽകണമെന്ന ആഗ്രഹത്തെ പോലും ഫീസ് അമിതമായിപ്പോകുമോ എന്ന ഭയത്താൽ വേണ്ടെന്ന് വെക്കുന്നവരാണ് ഇവർ. ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഫീസ് സൗജന്യം പ്രതീക്ഷിച്ച് സമീപിക്കാവുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ എന്നത് മുസ്്ലിം സംഘടനാ സ്ഥാപനങ്ങൾ ചെയ്ത വലിയൊരു സേവനമാണ്. അതേസമയം, വലിയ അളവിലെ ഫീസിളവ് സ്ഥാപനങ്ങളുടെ ബജറ്റിങ്ങിനെയും സാമ്പത്തിക സുസ്ഥിരതയെയും ബാധിക്കുന്നുണ്ട് എന്ന വിമർശം പ്രസക്തം തന്നെയാണ്; മറികടക്കേണ്ടതുമാണത്. 
2. മത സാംസ്കാരിക സ്വത്വവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനായി സ്കൂളിനോടൊപ്പം മതാധ്യാപനങ്ങളും നൽകുന്ന ഒരു രീതി വിജയകരമായി നടത്തുന്നതിൽ സമുദായം വിജയിച്ചു എന്നതാണ് മറ്റൊരു നേട്ടം. സ്കൂളിൽ നടക്കുന്നത് കേവലം അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ആദാന പ്രദാനങ്ങൾ മാത്രമല്ലെന്നും, മറിച്ച് ഓരോ സ്കൂളും അതിന്റെ സ്ഥാപകരുടെ സവിശേഷമായ സംസ്കാരത്തെയും ലോകവീക്ഷണത്തെയും കൂടി കുട്ടികളിലേയ്ക്ക് പ്രസരിപ്പിക്കുന്നുവെന്നുമുള്ള  തിരിച്ചറിവിൽനിന്നാണ് സ്വന്തം സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിക്കുന്ന പഠനാന്തരീക്ഷം നൽകണമെന്ന് സമുദായം ആലോചിക്കുന്നത്. സർക്കാർ / എയ്ഡഡ് സ്കൂളിലെ പഠനവും അതോടൊപ്പം മദ്റസാ പഠനവും എന്ന രീതികൊണ്ട് മാത്രം പ്രതിരോധിക്കാൻ കഴിയുന്നതല്ല സ്കൂളുകളുണ്ടാക്കുന്ന സാംസ്കാരിക സ്വാധീനം  എന്ന് അനുഭവം അവരെ പഠിപ്പിച്ചു. പൊതു എന്ന് പറയുമ്പോഴും മുസ്്ലിം സമുദായത്തിലെ കുട്ടികളുടെ സാംസ്കാരിക പ്രത്യേകതകളെ വേണ്ട അളവിൽ ഉൾക്കൊള്ളുന്നതായിരുന്നില്ല സർക്കാർ / എയ്ഡഡ് സ്കൂളുകളിലെ പഠന സാഹചര്യം. ബ്രിട്ടീഷ് ഭരണസ്വാധീനം കാരണം വിദ്യാഭ്യാസ രംഗത്ത് അനുപാതത്തിലധികം മേൽക്കൈ ലഭിച്ച മിഷനറി സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തോടൊപ്പം തങ്ങളുടെ മിഷന്റെ വിശ്വാസപരമായ ലക്ഷ്യങ്ങൾ നിറവേറ്റാൻ പാകത്തിലായിരുന്നു സ്കൂൾ പരിസരവും പ്രക്രിയകളും തയാറാക്കിയിരുന്നത്. സ്കൂൾ എന്നത് കുട്ടികളുടെ ഗാർഹികാനുഭവങ്ങളുടെ സ്വാഭാവിക എക്സ്റ്റൻഷൻ ആയി അനുഭവപ്പെടണമെന്ന തിയറി പാലിക്കാൻ മാത്രം ഇൻക്ലൂസീവ് ആയിരുന്നില്ല സ്കൂളുകൾ എന്നർഥം. ഈ സാഹചര്യങ്ങളൊക്കെയാണ് സ്വന്തം സാംസ്കാരിക പരിസരത്ത് സ്കൂൾ വേണം എന്ന തീരുമാനത്തിലെത്തിക്കുന്നത്.
ഇതിൽ  മുന്നിൽ നടന്ന വിദ്യാ കൗൺസിൽ ഫോർ എജുക്കേഷനുമായി അസോസിയേറ്റ് ചെയ്ത സ്കൂളുകളിൽ ആഴ്ചയിൽ 8 പീരിയഡിൽ കുറയാത്ത ധാർമിക പാഠങ്ങൾ നൽകുന്നതു വഴി മദ്റസാ പഠനത്തിന് സമാനമായ പ്രായാനുയോജ്യ (age appropriate ) ധാർമിക പഠനം നൽകാൻ കഴിയുന്നു. 7, 9 ക്ലാസുകളിലെ പൊതു പരീക്ഷകൾ വഴി മദ്റസകൾക്ക് സമാനമായ പഠനലക്ഷ്യങ്ങൾ കുട്ടി ആർജിച്ചോ എന്ന് പരിശോധിച്ചറിയാനും കഴിയുന്നുണ്ട്.
3. വിദ്യാഭ്യാസ കാര്യത്തിൽ സക്രിയമായി ഇടപെടുന്നവരും തീരുമാനമെടുക്കുന്നവരുമായി മുസ്്ലിം സ്ത്രീകൾ വളർത്തപ്പെട്ടിരിക്കുന്നു. കുട്ടിയെ കുളിപ്പിച്ചൊരുക്കി ബാപ്പയുടെ കൂടെ സ്കൂളിൽ ചേർക്കാൻ പറഞ്ഞു വിട്ട്, വാതിലിൻ മറയത്തുനിന്ന് ആ പോക്ക് നോക്കി ആസ്വദിക്കുന്ന ഉമ്മമാർ ഇന്ന് പഴങ്കഥയാണ്. ആദ്യ കുട്ടിയെ സ്കൂളിൽ ചേർക്കുന്ന മുസ്്ലിം ഉമ്മമാരിൽ നല്ലൊരു പങ്കും ഡിഗ്രിയെങ്കിലും വിദ്യാഭ്യാസമുള്ളവരാണ്. സ്കൂളിന്റെ തെരഞ്ഞെടുപ്പിനായി താരതമ്യങ്ങൾ നടത്തിയും പാഠഭാഗങ്ങളുടെ സമയ ബന്ധിത പൂർത്തീകരണത്തെ പിന്തുടർന്നും പാഠ്യേതര പ്രവർത്തനങ്ങളിലെ പങ്കാളിത്തം ഉറപ്പിച്ചും സ്കൂളുകളെ ഡമോക്രാറ്റിക് സ്പേസ് ആക്കുന്നതിൽ വലിയ പങ്ക് അവർ വഹിക്കുന്നുണ്ട് ഇന്ന്.
4. മതവിദ്യാഭ്യാസത്തിന്റെ ഘടനയിലും നടത്തിപ്പിലുമൊക്കെ വലിയ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. വ്യത്യസ്ത മദ്റസാ ബോർഡുകൾ തങ്ങളുടെ ഉള്ളടക്കങ്ങളുടെ കാലാനുസൃതമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. കർമപ്രധാനമായ വിഷയങ്ങൾക്ക് പ്രാക്ടിക്കൽ നടത്തുക, കുട്ടികളുടെ കലാ-കായിക പ്രകടനങ്ങൾക്ക് സ്പേസ് അനുവദിക്കുക എന്നിവയൊക്കെ ഉദാഹരണം. മുതിർന്ന വിദ്യാർഥികൾക്കായുള്ള പള്ളിദർസ്, അറബിക്കോളേജ് സെഗ്്മെന്റിലും ഓറിയന്റേഷനിൽ വലിയ മാറ്റങ്ങളുണ്ടായി.  ഇവിടങ്ങളിൽനിന്നുള്ള കുട്ടികൾ രാജ്യത്തിനകത്തും പുറത്തുമുള്ള പ്രമുഖ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടുകയും വൈജ്ഞാനിക സേവനങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നുണ്ട്. ഓതാനും ഓതിക്കൊടുക്കാനുമുള്ള സംരംഭം എന്നേടത്തുനിന്ന് യഥാർഥ വൈജ്ഞാനിക തേട്ടങ്ങളുള്ള, ചെറുതെങ്കിലും ഒരു കൂട്ടത്തെ സൃഷ്ടിക്കുന്നേടത്തേക്ക് മത കലാലയങ്ങൾ മാറുന്നു എന്നത് ചില്ലറ കാര്യമല്ല.

മറികടക്കേണ്ടുന്ന ചില പ്രശ്നങ്ങൾ
മേൽ വിവരിച്ച നല്ല ചിത്രങ്ങളുള്ളതോടൊപ്പം തന്നെ, സമുദായത്തിന്റെ വിദ്യാഭ്യാസ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയെ മന്ദീഭവിപ്പിക്കുന്ന ചില പ്രശ്നങ്ങളുണ്ട്.
അതിൽ പ്രധാനപ്പെട്ട പ്രശ്നം വിദ്യാഭ്യാസത്തിനുള്ള ചെലവഴിക്കലുമായി ബന്ധപ്പെട്ടതാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്കു വേണ്ടി ധാരാളമായി ചെലവഴിക്കുന്ന നമ്മുടെ നാട്ടിലെ മുസ്്ലിം സമൂഹം ആ അളവിൽ വിദ്യാഭ്യാസ കാര്യങ്ങൾക്ക് ചെലവഴിച്ചു കാണുന്നില്ല. ആരോഗ്യ, പാർപ്പിട മേഖലകളിൽ മാതൃകാപരമായ സേവന പ്രവർത്തനങ്ങളാണ് മുസ്്ലിം സമൂഹം നടത്തിക്കൊണ്ടിരിക്കുന്നത്. അതുണ്ടാക്കുന്ന എല്ലാ സദ്ഫലങ്ങളോടുമൊപ്പം അതിന് വലിയൊരു ദോഷ വശവുമുണ്ട്. ഒരു നാട്ടിലെ സർക്കാറിന്റെ പ്രാഥമിക ഉത്തരവാദിത്വമാണ് ജനങ്ങളുടെ ആരോഗ്യ, പാർപ്പിട പ്രശ്നങ്ങൾ പരിഹരിക്കുക എന്നത്. അത് അഴിമതിയില്ലാതെ ശരിയാംവണ്ണം നിർവഹിക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുകയാണ് പൗരൻമാരുടെ ഉത്തരവാദിത്വം. സർക്കാറിന് മാത്രമായി നടത്താൻ സാധിക്കാത്തേടത്ത് ജനങ്ങളുടെ പങ്കാളിത്തം ആവാമെന്നത് ശരി തന്നെ. എന്നാൽ, പലപ്പോഴും സർക്കാർ സ്വന്തം ഉത്തരവാദിത്വം തോളൊഴിഞ്ഞ് അവർ ചെലവഴിക്കേണ്ട പണം കൂടി ജനങ്ങളെക്കൊണ്ട് പിരിവെടുപ്പിക്കുകയാണ് ചെയ്യുന്നത്. ഈ കെണിയിൽ വീഴുക വഴി സമുദായത്തിന്റെ ചെലവഴിക്കലിന്റെ മുൻഗണനാ ക്രമം തെറ്റിപ്പോകുന്നുണ്ട്. ആരോഗ്യ, ഭവന നിർമാണ മേഖലകളിൽ സമുദായം നടത്തിക്കൊണ്ടിരിക്കുന്ന പ്രൊജക്ടുകളിൽ എത്രയെണ്ണം സർക്കാർ പദ്ധതികളുടെ ആവർത്തനമോ ഇരട്ടിപ്പോ ആവുന്നുണ്ട് എന്നത് സംബന്ധിച്ച സൂക്ഷ്്മ പരിശോധന ആവശ്യമുണ്ട്.
അതേസമയം, സ്വന്തം സംസ്കാര പാരമ്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം നൽകുക എന്ന ഉത്തരവാദിത്വം സമുദായം തന്നെ നേരിട്ട് നിർവഹിക്കേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യത്തിന് ഗവൺമെന്റ് മുമ്പത്തെതിനെക്കാൾ പണമിറക്കുന്നു എന്നത് ശരിയാണ്. പക്ഷേ, അവയുടെ ഉള്ളടക്കം സമുദായത്തിന്റെ സാംസ്കാരിക പരിസരങ്ങളെ സഹായിക്കുന്നില്ലെന്ന് മാത്രമല്ല, പലപ്പോഴും അതിന്റെ നേർ വിപരീതങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സ്വന്തം സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാനായി വിദ്യാഭ്യാസ സംവിധാനങ്ങൾ നടത്തുക എന്നത് ലോകത്തെല്ലായിടത്തും ന്യൂനപക്ഷ സമൂഹങ്ങളുടെ മുൻഗണനയിലെ പ്രധാന ഇനമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 30 പ്രകാരം സ്ഥാപനങ്ങൾ നടത്താൻ നൽകപ്പെട്ട അവകാശം, അവരിലെ ചെറുപ്പത്തിന് ജീവിത മാർഗം കണ്ടെത്താനാവശ്യമായ വിദ്യാഭ്യാസത്തോടൊപ്പം സ്വന്തം മതവും ഭാഷയും പഠിപ്പിക്കാനുള്ള അവകാശം നൽകുന്നു എന്ന് 1958-ലെ കേരളാ എജുക്കേഷൻ ബിൽ കേസിൽ സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. 
വിദ്യാഭ്യാസ മേഖലയിൽ സംഭാവന കൊടുക്കുമ്പോൾ പോലും, പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കുക എന്ന ചാരിറ്റിയിലാണ് സമുദായത്തിന്റെ കണ്ണുടക്കിപ്പോകാറ്. ഈ  ചാരിറ്റി ഒബ്സഷനെ മറികടന്ന് രാജ്യത്തിന്റെ അതിജീവനവുമായി ബന്ധപ്പെട്ട് മുൻഗണനാ ചെലവഴിക്കൽ ആവശ്യമുള്ളതാണ് വിദ്യാഭ്യാസ മേഖല എന്ന് മനസ്സിലാക്കണം. വിവര സമ്പദ് വ്യവസ്ഥയുടെ കാലത്ത് സ്വന്തം സാംസ്കാരിക പരിസരത്ത് നിർത്തി കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നത് സാമ്പത്തിക പിന്തുണയർഹിക്കുന്ന മുഖ്യമായൊരു ധർമ സമര മുഖമാണ്. സാംസ്കാരിക സവിശേഷതകൾ മാത്രം കാരണമായി വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽനിന്ന് നിഷ്കാസിതരാക്കാനുള്ള തന്ത്രങ്ങൾ ഭരണകൂടം തന്നെ മെനഞ്ഞുകൊണ്ടിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ അത് വളരെ വ്യക്തമാണ്.

തിരിച്ചുപിടിക്കേണ്ട വഖ്ഫ്
ഇന്ത്യയിൽ വ്യവസ്ഥാപിതമായുണ്ടായിരുന്ന ഇസ്്ലാമിക വിദ്യാഭ്യാസ സമ്പ്രദായത്തെ ബ്രിട്ടീഷുകാർ തകർത്തു തുടങ്ങുന്നത്  മുസ്്ലിം വിദ്യാഭ്യാസത്തിന്റെ നട്ടെല്ലായിരുന്ന വഖ്ഫുകൾക്ക്  ബംഗാളിൽ നികുതിയേർപ്പെടുത്തിയാണ്. 250 വർഷങ്ങൾക്കിപ്പുറം അതേ ലക്ഷ്യം ഇന്നത്തെ ഭരണാധികാരികൾ നേടാൻ ശ്രമിക്കുന്നത് മനുഷ്യസ്നേഹ പ്രേരിതരായ ദേശീയ-അന്തർദേശീയ സ്ഥാപനങ്ങളിൽനിന്നുള്ള സഹായങ്ങളുടെ  സ്രോതസ്സുകൾ അടക്കാൻ ശ്രമിച്ചുകൊണ്ടാണ്. വംശവൈരം മാത്രം കൈമുതലായ ഭരണാധികാരികൾക്ക് കീഴടങ്ങി പരിഹരിക്കാൻ കഴിയുന്നതല്ല ഈ പ്രശ്നം. പകരം മുസ്്ലിം ചെലവഴിക്കൽ പാരമ്പര്യത്തിന്റെ പ്രധാന ഘടകങ്ങളായ സകാത്ത്, സ്വദഖ, വഖ്ഫ് എന്നിവയെ തിരിച്ചുപിടിക്കലാണ് മാർഗം.
വിദ്യാഭ്യാസ സംരംഭങ്ങൾ മുസ്്ലിം സംസ്കാരത്തിൽ പുഷ്കലമായത് വഖ്ഫുകൾ കാരണമായാണ്. സാമ്പത്തികാടിത്തറയുടെ പ്രധാന ബലം വഖ്ഫായിരുന്നു അക്കാലത്ത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഉസ്മാനിയാ ഖിലാഫത്തിലെ മൊത്തം റിയൽ എസ്റ്റേറ്റുകളിൽ 50 ശതമാനവും വഖ്ഫുകളെ ആധാരമാക്കിയായിരുന്നു എന്നാണ് പറയുന്നത്. രാഷ്ട്രീയാധികാര നഷ്ടത്തോടൊപ്പം കൊളോണിയലിസം മുസ്്ലിം ലോകത്തിനേൽപിച്ച ആഘാതങ്ങളിൽ മുഖ്യമായ ഒന്നായിരുന്നു വഖ്ഫ് സിസ്റ്റത്തിന്റെ തകർച്ച. വഖ്ഫിന്റെ വ്യവസ്ഥാപിതത്വം തകർന്നതോടു  കൂടി ഇസ്്ലാമിക സമൂഹത്തിന്റെ സാമ്പത്തിക സ്വാശ്രയത്വത്തിനും ഇടിവ് പറ്റി. അതിനെ തിരിച്ചുപിടിക്കുകയും വിദ്യാഭ്യാസാവശ്യങ്ങൾക്കുള്ള വഖ്‌ഫുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും സമുദായത്തിലെ സ്കൂൾ, മദ്റസ, കോളേജുകൾ എന്നിവയുടെയൊക്കെ ഭൗതിക സൗകര്യങ്ങളും നടത്തിപ്പും അവയുപയോഗിച്ച് മെച്ചപ്പെടുത്തുകയും വേണം.

ഉയരേണ്ട ഗുണമേന്മ
സമൂഹത്തിനാവശ്യമായ നേതൃത്വത്തെ വാർത്തെടുക്കലാണല്ലോ വിദ്യാഭ്യാസത്തിന്റെ സാമൂഹിക ലക്ഷ്യങ്ങളിലൊന്ന്. ആത്മവിശ്വാസമുള്ള വിദ്യാർഥികൾ സ്ഥാപനങ്ങളിൽനിന്ന് പുറത്തു വരണമെങ്കിൽ സ്ഥാപനാന്തരീക്ഷവും പ്രക്രിയയും അപ്രകാരം ഡിസൈൻ ചെയ്യപ്പെട്ടതാവണം. പക്ഷേ, ദൗർഭാഗ്യവശാൽ 'ശരാശരിയുടെ ആഘോഷം'( celebration of mediocrity) എന്നു പറയാവുന്ന അവസ്ഥയാണ് പല സമുദായ സ്ഥാപനങ്ങളിലും. എണ്ണത്തിനനുസരിച്ച് ഗുണമേന്മ ഉറപ്പു വരുത്താൻ സ്ഥപനാധികൃതർ ബദ്ധശ്രദ്ധരായേ പറ്റൂ. ചുമരിൽ പ്രദർശിപ്പിക്കാനൊരു അലങ്കാരം എന്നതിനപ്പുറം വിഷൻ, മിഷൻ സ്റ്റേറ്റുമെന്റുകളൊക്കെ യാഥാർഥ്യ ബോധത്തോടെ തയാറാക്കുന്നതാണ് എന്നുറപ്പിക്കണം. സ്ഥാപനത്തിലെ എല്ലാ പരിപാടികളും വിഷൻ / മിഷൻ സ്റ്റേറ്റുമെന്റുകൾക്ക് അനുരൂപമായി മാത്രം ഡിസൈൻ ചെയ്യപ്പെടണം.
ഗുണമേന്മ എന്നത് ഭൗതിക സൗകര്യങ്ങളുടെ വികാസവും സോഷ്യൽ മീഡിയാ സാന്നിധ്യവും മാത്രമായിക്കാണരുത്. കുട്ടികൾക്ക് നൽകുന്ന പരിശീലനങ്ങളെ സംബന്ധിച്ച അതിരു കടന്ന അവകാശ വാദങ്ങളുണ്ടായിക്കൂടാ. സ്കൂളിൽ സിവിൽ സർവീസ് പരിശീലനം നൽകുന്നു എന്ന് അവകാശപ്പെടുന്നവർ എങ്ങനെയാണ് അതിന്റെ ഫലസിദ്ധി അളക്കാനാവുക എന്നതു കൂടി പറയണം. പ്ലസ്ടുവിന് ശേഷം ഇന്ത്യയിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ടുകളിൽ കുട്ടികളെ എത്തിക്കുക എന്നത് ഫ്യൂച്ചർ ലീഡർഷിപ്പിനെ വളർത്തിയെടുക്കുന്നതിലെ പ്രധാന പടിയാണ്. അതിന് പാകത്തിൽ level appropriate  ആയി കുട്ടികളെ വളർത്തിയെടുക്കാൻ എന്ത് പ്രക്രിയയാണ് നമ്മുടെ സ്കൂളുകളിൽ നടക്കുന്നത് എന്നതിനെ പറ്റിയാണ് സ്കൂൾ അധികാരികൾ ആലോചിക്കേണ്ടത്. വർണാഭമായ പരസ്യങ്ങൾ കണ്ട് അഡ്മിഷന് ചെല്ലുന്ന രക്ഷിതാക്കളിൽനിന്ന് ഇവയെ പറ്റി നിരന്തര അന്വേഷണമുണ്ടാവണം.
സ്കൂളുകൾക്ക്  അക്രഡിറ്റേഷൻ നിർബന്ധമാക്കും എന്നാണ് NEP 2020 പറയുന്നത്.  അത് വരുന്നതിന് കാത്തുനിൽക്കാതെ തന്നെ സ്കൂളുകൾ അക്രഡിറ്റേഷനുകൾക്ക് വിധേയമാകുന്നത് അക്കാദമിക ഗുണമേന്മയും തുടർച്ചയും ഉറപ്പുവരുത്താൻ സഹായകമാക്കും.

പരീക്ഷക്കു വേണ്ടിയല്ല മദ്റസാ വിദ്യാഭ്യാസം
പരീക്ഷക്കു വേണ്ടി നടത്തുന്ന പദ്ധതിയല്ല മദ്റസാ പഠനം എന്ന് എല്ലാവർക്കുമറിയാം. അതിനാൽ,  കുട്ടികൾക്ക് എന്ത് learning outcomes ആണ് ഉണ്ടാകേണ്ടത് എന്ന് കൃത്യമായി കണക്കാക്കിയ പാഠ്യപദ്ധതിയും പഠന പ്രക്രിയയും, അത് പരിശോധിക്കാൻ അനുയോജ്യമായ assessment and evaluation സ്കീമുമൊക്കെയായി മദ്റസാ സിസ്റ്റത്തെ പുനഃക്രമീകരിക്കാൻ വ്യത്യസ്ത മദ്റസാ ബോർഡുകൾ മുൻകൈയെടുക്കണം. പ്രാക്ടിക്കൽസിന് പഠനത്തിലും മൂല്യനിർണയത്തിലും വേണ്ട പരിഗണന നൽകണം. തെറ്റു കൂടാതെയുള്ള ഖുർആൻ പാരായണം, അടിസ്ഥാന ആരാധനാ അനുഷ്ഠാനങ്ങളുടെ ശരിയായ നിർവഹണം എന്നീ പ്രധാന learning outcomes എങ്ങനെ വിദ്യാർഥികൾക്ക് ആസ്വാദ്യകരമായി നേടിയെടുക്കാം എന്നതിനെ പറ്റി പലരും പഠനങ്ങൾ നടത്തുന്നുണ്ട്. മദ്റസാ മേഖലയിൽ വ്യത്യസ്ത ബോർഡുകൾ മത്സര ബുദ്ധ്യാ പ്രവർത്തിക്കുന്നുണ്ട്. സംഘടനാ വേർതിരിവുകൾക്കതീതമായി ഓരോരുത്തരും അവരവരുടെ best practices പങ്കുവെക്കുന്നത് കൂടുതൽ മെച്ചപ്പെട്ട സിസ്റ്റം വികസിക്കാൻ കാരണമാകും.

ദീനീ വിദ്യാഭ്യാസത്തിനും വേണം പ്ലാനിങ്
ദീനീ രംഗത്ത് പുതിയ സ്ഥാപനങ്ങളുണ്ടാകുന്നത് പലപ്പോഴും ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും മാത്രം ആധാരമാക്കിയാണ്. സ്ഥാപനത്തിന്റെ പ്രസക്തി ബോധ്യപ്പെടുത്തുന്ന ശാസ്ത്രീയമായ പഠനങ്ങളോ feasibility study യോ മിക്കവാറും ഉണ്ടാവാറില്ല. പണ്ഡിതന്മാർ ഉണ്ടാവണം, കിതാബറിയുന്നവർ വേണം തുടങ്ങിയ പൊതു പ്രസ്താവനകൾക്കപ്പുറത്ത് ആലോചിച്ച് തീരുമാനിച്ച പഠന ലക്ഷ്യങ്ങളോടു കൂടിയ കരിക്കുലർ പ്ലാൻ മിക്കയിടങ്ങളിലും ഉണ്ടാവാറില്ല. അതിനാൽ, പാരമ്പര്യമായി നടന്നുവരുന്നു എന്നതിനപ്പുറം മുപ്പതും നാൽപതുമൊക്കെ കൊല്ലമായി നടക്കുന്ന സ്ഥാപനങ്ങൾക്ക് പോലും തങ്ങളുടെ സംഭാവനകളെ കുറിച്ചോ പഠന നേട്ടങ്ങളെ കുറിച്ചോ കൃത്യതയോടെ പറയാൻ കഴിയുന്നില്ല. കരിക്കുലർ പ്ലാനില്ലാതെ ആഗ്രഹങ്ങൾക്കോ കിട്ടുന്ന ഫണ്ടിനോ അനുസരിച്ച് മാത്രം തുടങ്ങുന്ന സ്ഥാപനങ്ങൾ പലതും സമുദായത്തിന്റെ പണവും സമയവും അധ്വാനവും പാഴാവുന്നതിന് കാരണമാവുന്നുണ്ട് എന്നത് ഗുരുതരമായ പ്രശ്നമാണ്.
വിദ്യാഭ്യാസ രംഗത്ത്, ഒരു മത പ്രവർത്തനം എന്ന നിലക്ക് തന്നെ, ആളുകൾ  മനസ്സറിഞ്ഞ് സാമ്പത്തിക സഹായം ചെയ്യുന്നവയാണ് ദീനീ മദാരിസുകൾ. അതിനാൽ, കൃത്യമായ അക്കാദമിക് ഓഡിറ്റിങ്ങിന് വിധേയമാവുക എന്നത് അവരുടെ സമൂഹത്തോടുള്ള ഉത്തരവാദിത്വമാണ്. വ്യത്യസ്ത stakeholders ന്റെ താൽപര്യങ്ങളോട് എത്രത്തോളം നീതി പുലർത്താൻ കഴിഞ്ഞു എന്നത് പരിശോധിക്കാനും, നേടാൻ ബാക്കിയുള്ള ലക്ഷ്യങ്ങളിലേയ്ക്കെത്താൻ നടത്തിപ്പിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചിന്തിക്കാനും ഇത്തരം ഓഡിറ്റിങ് അത്യാവശ്യമാണ്. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌