ഫോറം ഫോര്‍ മുസ്്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസിന്‍റെ അനന്തരാവകാശ വിമര്‍ശനങ്ങള്‍
“കോവിഡാനന്തരമുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 34 വയസ്സുള്ള ചെറുപ്പക്കാരൻ ആത്മഹത്യ ചെയ്യുന്നു. അയാൾക്ക് പങ്കാളിയും, നാലര വയസ്സും രണ്ടര വയസ്സുമുള്ള രണ്ടു പെൺകുട്ടികളും ഉണ്ട് . മാതാപിതാക്കളും ഒരു ജ്യേഷ്ഠസഹോദരനും ഒരു സഹോദരിയും ഉണ്ട്. പലയിടങ്ങളിലായി ലോണും കടങ്ങളും വട്ടമെത്താറായ കുറികളും ഉണ്ട്. നടത്തിക്കൊണ്ടുവന്നിരുന്ന കച്ചവടം ഉണ്ട്. ഒരു ടൂവീലറും ഒരു ഫോർ വീലറും ഉണ്ട് . അദ്ദേഹത്തിന്റെ മരണശേഷം അഞ്ചാം ദിവസം ഭാര്യ കുട്ടികളെയുമായി അവരുടെ വീട്ടിലേക്ക് പോന്നു. അയാളുടെ വീട്ടിലെ അന്തരീക്ഷം അത്ര സുഖകരമായിരുന്നില്ല. പിന്നീട് ഇങ്ങോട്ട് അയാളുടെ വീട്ടിൽനിന്നും ഒരു അന്വേഷണവും ഇവരെക്കുറിച്ച് ഉണ്ടായിട്ടില്ല. സാമ്പത്തികമായ ഒരു പിന്തുണയും നൽകിയിട്ടില്ല. ആൾ മരിച്ചിട്ട് ഇപ്പോൾ അഞ്ചു മാസം ആകുന്നു. എന്നാൽ ഇപ്പോൾ അയാളുടെ വട്ടമെത്തി കിടക്കുന്ന കുറിക്കും, അയാളുടെ കടക്കും വണ്ടികൾക്കും എല്ലാം അവകാശം പറഞ്ഞുകൊണ്ട് അയാളുടെ മാതാപിതാക്കളും സഹോദരനും വരുന്നു. എന്നാൽ ഈ സ്ത്രീയും കുഞ്ഞ്മക്കളും തുടർന്ന് എങ്ങനെ ജീവിക്കും എന്നതിനെ കുറിച്ചോ, ആ മനുഷ്യനുള്ള കടത്തെക്കുറിച്ചോ ലോണിനെ കുറിച്ചോ അവർക്ക് യാതൊരു ചിന്തയുമില്ല. അയാളുടെ പേരിലുള്ള 15 സെന്റ് സ്ഥലം കെ.എസ്.എഫ്.ഇയിൽ വെച്ച് ലോൺ എടുത്തത് മരിക്കും വരെ അയാൾ കൃത്യമായി അടച്ചിരുന്നു. അത് അടച്ചു തീർക്കാൻ ഭാര്യ തയാറാണ്. എന്നാൽ, ആധാരം അവർക്ക് തിരിച്ചുകൊടുക്കാൻ നിയമം അനുവദിക്കുന്നില്ലത്രേ. മാതാപിതാക്കൾ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ മാതാപിതാക്കളുടെ സ്വത്തിൽനിന്ന് ഈ പേരക്കുട്ടികൾക്ക് ഒന്നും അവകാശമായി കിട്ടുന്നില്ല എന്നു മാത്രമല്ല അയാൾക്ക് രണ്ടു പെൺമക്കളാണ് എന്ന കാരണത്താൽ അയാൾ ആയിട്ടുണ്ടാക്കിയ എല്ലാറ്റിൽ നിന്നും ഇവർ അവകാശം പറഞ്ഞ് വരികയും ചെയ്യുന്നു. ആ സ്ത്രീയെ ഇടംവലം അനങ്ങാൻ സമ്മതിക്കാത്ത വിധത്തിൽ എല്ലാറ്റിലും ഇടപെടലുകൾ നടത്തി അവരെ കൊല്ലാക്കൊല ചെയ്യുകയാണ് അയാളുടെ മാതാപിതാക്കളടങ്ങുന്ന കുടുംബം. മരിച്ചുപോയ മനുഷ്യന്റെ സമ്പാദ്യത്തിൽ അവകാശം പറഞ്ഞു വരുന്നവർ എന്തുകൊണ്ടാണ് അയാളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാത്തത്? മരിച്ചയാൾക്ക് പെൺകുട്ടികളാണ് എന്ന കാരണത്താൽ അയാളുടെ സ്വത്തിന് അവകാശം പറഞ്ഞ് വരുന്നവർ .... മകൻ മരണപ്പെട്ടു പോയി എന്ന കാരണത്താൽ യത്തീമക്കളായ ആ കുഞ്ഞുങ്ങൾക്ക് അയാളുടെ മതാപിതാക്കളുടെ സ്വത്തിൽ അവകാശം നിഷേധിക്കുന്നവർ.''
മുസ്്ലിം പിന്തുടർച്ചാവകാശ നിയമങ്ങളിലെ ഈ നിയമങ്ങളെല്ലാം തിരുത്തപ്പെടുക തന്നെ വേണം. മുസ്്ലിം പിന്തുടർച്ചാവകാശം കാലികമായി പരിഷ്കരിക്കുകയും ക്രോഡീകരിക്കുകയും ചെയ്യണം (കൊടുങ്ങല്ലൂർ ടൗൺ ഹാളിൽ കഴിഞ്ഞ മെയ് 13-ന് നടന്ന സമ്മേളനത്തിൽ നിന്ന്).
എന്താണ് വസ്തുത?
'ഫോറം ഫോര്‍ മുസ്്ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസ്' എന്ന കൂട്ടായ്മ, ഇസ്്ലാമിലെ അനന്തരാവകാശ നിയമങ്ങൾ കാലികമായി തിരുത്തുകയും പരിഷ്കരിക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് ആദ്യം കോഴിക്കോട്ടും ഇപ്പോള്‍ കൊടുങ്ങല്ലൂരും പരിപാടികള്‍ നടത്തുകയുണ്ടായി. അതില്‍ നടന്ന ചര്‍ച്ചയുടെ ഒരു ഭാഗമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തല്‍ക്കാലം ആ വിഷയം മാത്രം നമുക്ക് വിശകലനം ചെയ്യാം.
സാങ്കൽപിക ചോദ്യങ്ങള്‍ ചുട്ടെടുത്ത് ചർച്ച ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ സംഘങ്ങളുടെ ഒരു രീതി. ഇതും ഒരു സാങ്കൽപിക ചോദ്യമായിരിക്കാനാണ് വലിയ സാധ്യത.
സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമ്പോഴേക്ക് ആത്മഹത്യയില്‍ അഭയം തേടുന്ന വിശ്വാസ ദൗര്‍ബല്യത്തിന്റെ ഉദാഹരണമാണ് ചോദ്യത്തില്‍ സ്മരിക്കപ്പെട്ട ഇയാള്‍. ഒരു ദൈവവിശ്വാസി എത്ര തന്നെ പ്രതിസന്ധി ഉണ്ടായാലും ഒരിക്കലും ആത്മഹത്യ തെരഞ്ഞെടുക്കുകയില്ല. അത് അവന്റെ വിശ്വാസത്തിന് വിരുദ്ധമാണ്. സ്വയം വധിക്കുന്നവന്‍ നരകത്തിലാണ് എന്നത് തിരുവചനത്തിലൂടെ സ്ഥിരപ്പെട്ട കാര്യമാണ്. പ്രതിസന്ധികള്‍ അല്ലാഹുവില്‍നിന്നുള്ള പരീക്ഷണമാണ് എന്ന് മനസ്സിലാക്കി അതിനെ ക്ഷമയോടെ അഭിമുഖീകരിക്കുകയാണ് വിശ്വാസി ചെയ്യുക.
ഇസ്്ലാമിനെ അടിക്കാനായി എടുക്കുന്ന വടിക്ക് അതിനുള്ള 'ത്വാഖത്ത്' ഉണ്ടോ എന്ന് ആദ്യം ഉറപ്പിക്കുന്നത് നല്ലതാണ്. ഒരാള്‍ മരണപ്പെട്ടാല്‍ സ്വത്ത് വീതം വെക്കുന്നതിന് മുമ്പേ നടക്കേണ്ട കാര്യങ്ങള്‍ പലതുമുണ്ട്. അത് മനസ്സിലാക്കാതെയാണ് ഈ ഓരിയിടല്‍. പരേതന്റെ സ്വത്തില്‍നിന്ന് അയാളുടെ മയ്യിത്ത് സംസ്കരണത്തിനുള്ള ചെലവ് എടുക്കണം. അയാളുടെ കടങ്ങള്‍ മുഴുവന്‍ അണപൈ വിടാതെ കൊടുത്തു വീട്ടണം.
അയാള്‍ എന്തെങ്കിലും വസ്വിയ്യത്ത് ചെയ്തിട്ടുണ്ടെങ്കില്‍, അയാളുടെ സ്വത്തിന്റെ മൂന്നിലൊന്നില്‍ കൂടാത്ത വസ്വിയ്യത്ത് നടപ്പാക്കണം. അയാളുടെ കടം വീട്ടിക്കഴിഞ്ഞു സ്വത്ത് ഒന്നും ബാക്കിയില്ലെങ്കില്‍, അവകാശികള്‍ക്ക് ഒന്നും കിട്ടുകയില്ല.
മരണപ്പെട്ട വ്യക്തിയുടെ കടം ഏറ്റെടുക്കാന്‍ നിയമപരമായി മറ്റാരും ബാധ്യസ്ഥരല്ലെങ്കിലും, മുസ്്ലിം സമൂഹത്തില്‍ പൊതുവേ ബന്ധുക്കളോ സമൂഹം മൊത്തത്തിലോ ഏറ്റെടുക്കുകയാണ് പതിവ്. അതിന്റെ മാനവികത മനസ്സിലാക്കാന്‍ ഇക്കൂട്ടർക്ക് പലപ്പോഴും കഴിയാറില്ല. ഇവിടെ പരേതന് ധാരാളം കടം വീട്ടാന്‍ കിടക്കുന്നു എന്നും, അത് കഴിഞ്ഞാല്‍ അധികമൊന്നും ബാക്കിയുണ്ടാവില്ല എന്നുമാണ് മനസ്സിലാവുന്നത്. അതുകൊണ്ടു തന്നെ കടം വീട്ടാന്‍ എതിര്‍ നില്‍ക്കുന്നവര്‍ ആരാണെങ്കിലും അവർ അല്ലാഹുവിന് മുന്നില്‍ മറുപടി പറയേണ്ടി വരും. കടം വീട്ടാന്‍ വേണ്ടി സ്വത്ത് വില്‍ക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്. കടമെല്ലാം വീട്ടിക്കഴിഞ്ഞു സ്വത്ത് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ അത് എങ്ങനെ വീതിക്കണം എന്നും നോക്കാം.
മരണപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് മാതാപിതാക്കള്‍, ഭാര്യ, രണ്ട് പെണ്‍മക്കള്‍, ഒരു ജ്യേഷ്ഠസഹോദരന്‍, ഒരു സഹോദരി എന്നിവരെയാണ്.
ഇവരില്‍ മാതാപിതാക്കളും ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് സ്വത്തിന് അവകാശികള്‍. സഹോദരങ്ങള്‍ അവകാശികളല്ല.
എന്നാലും മരണപ്പെട്ട ആള്‍ക്ക് മക്കളായി പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ എന്ന കേസില്‍ വിമര്‍ശകര്‍ ആദ്യം തന്നെ സഹോദരങ്ങളെ എടുത്തിടും. എന്നിട്ട് മക്കള്‍ക്ക് കിട്ടേണ്ട സ്വത്ത് സഹോദരങ്ങള്‍ക്ക് പോകുന്നേ, അത് ഇസ്്ലാമിലെ അനീതിയാണേ എന്ന് വലിയ വായില്‍ നിലവിളിക്കും. എല്ലാ കേസിലും സഹോദരങ്ങള്‍ അവകാശികളാവുകയില്ല എന്ന ബാലപാഠം പോലും മനസ്സിലാക്കാതെയാണ് ഈ നിലവിളി. ഈ പറഞ്ഞ കേസില്‍ സഹോദരങ്ങള്‍ക്ക് നയാപൈ പോലും ഓഹരി ലഭിക്കുകയേ ഇല്ല.
പരേതന് മക്കളുള്ളതിനാല്‍, മൊത്തം സ്വത്തിന്റെ ആറിലൊന്നാണ് മാതാപിതാക്കള്‍ ഓരോരുത്തര്‍ക്കും ലഭിക്കുക. പരേതന് മക്കളുള്ളതിനാല്‍, മൊത്തം സ്വത്തിന്റെ എട്ടിലൊന്നാണ് ഭാര്യക്ക്. മക്കളായി രണ്ട് പെണ്‍മക്കള്‍ മാത്രമേ ഉള്ളൂ. അതിനാല്‍, മൊത്തം സ്വത്തിന്റെ മൂന്നില്‍ രണ്ട് ഓഹരി അവര്‍ക്കിടയില്‍ തുല്യമായി വീതിക്കും. മൊത്തം സ്വത്തിനെ 27 ഭാഗമാക്കി, അതില്‍നിന്ന് 3 ഓഹരികള്‍ ഭാര്യക്കും, 4 ഓഹരികള്‍ ഉമ്മയ്ക്കും, 4 ഓഹരികള്‍ ഉപ്പാക്കും, 8 ഓഹരികള്‍ വീതം ഓരോ മകള്‍ക്കും നൽകും. 'ഔല്‍' രീതിയിലാണ് ഈ കണക്ക്. അത് എന്താണെന്ന് വിശദീകരിക്കാനുള്ള സന്ദര്‍ഭമല്ല ഇത്.
ഭര്‍ത്താവിന്റെ മരണശേഷം അഞ്ചാം ദിവസം ഭാര്യ കുട്ടികളുമായി അവളുടെ വീട്ടിലേക്ക് പോയി, അത്രത്തോളം 'സന്തോഷകര'മാണ് ഭര്‍തൃവീട്ടിലെ അവസ്ഥ എന്നൊരു ഒളിയമ്പും എയ്തു. എല്ലാ മുസ്്ലിം സ്ത്രീകളും പൊതുവേ ഇങ്ങനെ ഭര്‍തൃവീട്ടില്‍ പീഡനം അനുഭവിക്കുന്നവരാണ് എന്ന് ധ്വനിപ്പിക്കുകയാണ് ഇവരുടെ ദുഷ്ടലാക്ക്. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ ഭാര്യ ഇദ്ദാകാലം ചെലവഴിക്കേണ്ടത് ഭര്‍തൃവീട്ടില്‍ തന്നെയാണ്. ഒരു കൊല്ലം അവള്‍ക്ക് ആ വീട്ടില്‍ തന്നെ കഴിയാനുള്ള ചെലവ് കണ്ടുവെക്കേണ്ടതുമുണ്ട്. ഇദ്ദാകാലം കഴിഞ്ഞാല്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം വിധവയ്ക്ക് ഉണ്ട്.
പരേതന്റെ കുട്ടികളുടെ വലിയ്യ് (സംരക്ഷകന്‍) ആവേണ്ടത് അയാളുടെ പിതാവാണ്. അയാള്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കണം. അതില്‍ വരുത്തുന്ന വീഴ്ചയ്ക്ക് അയാള്‍ അല്ലാഹുവിനോട് മറുപടി ബോധിപ്പിക്കേണ്ടി വരും. ഉത്തരവാദിത്വ നിർവഹണത്തിന് ദൈവവിശ്വാസവും പരലോകവിശ്വാസവും അടിസ്ഥാനമാക്കി ഇസ്്ലാം നിശ്ചയിച്ചിരിക്കുന്നു. അനാഥയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള പാരിതോഷികമല്ല സ്വത്തവകാശം. സ്വത്തില്ലാതെ മരണപ്പെട്ടുപോകുന്ന ആളുടെ മക്കളെയും ഏറ്റെടുക്കല്‍ വലിയ്യിന്റെ ഉത്തരവാദിത്വമാണ്.
ഇവിടെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി മനപ്പൂർവം എഴുതിവെച്ച ഒരു സ്റ്റേറ്റ്മെന്‍റ് ഇങ്ങനെയാണ്: “മാതാപിതാക്കൾ ജീവിച്ചിരിക്കെ മകൻ മരിച്ചാൽ മാതാപിതാക്കളുടെ സ്വത്തിൽനിന്ന് ഈ പേരക്കുട്ടികൾക്ക് ഒന്നും അവകാശമായി കിട്ടുന്നില്ല എന്നു മാത്രമല്ല അയാൾക്ക് രണ്ടു പെൺമക്കളാണ് എന്ന കാരണത്താൽ അയാൾ ആയിട്ടുണ്ടാക്കിയ എല്ലാറ്റിൽനിന്നും ഇവർ അവകാശം പറഞ്ഞ് വരികയും ചെയ്യുന്നു.”
മരണപ്പെട്ട വ്യക്തിയുടെ ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്തിനെ സംബന്ധിച്ചല്ലല്ലോ ഇവിടെ ചര്‍ച്ച. ഇപ്പോള്‍ മരണപ്പെട്ട മകന്റെ സ്വത്തില്‍ അവകാശികള്‍ ആരൊക്കെയാണെന്നും അതില്‍ മക്കള്‍ക്ക് എത്ര കിട്ടും എന്നുമൊക്കെ നാം മുകളില്‍ വിശദീകരിച്ചു.
ഇനി, ഭാവിയില്‍ മാതാപിതാക്കള്‍ (ഈ അനാഥമക്കളുടെ വല്യുപ്പ-വല്യുമ്മമാര്‍) മരണപ്പെടുന്ന സമയത്ത് അവരുടെ സ്വത്തില്‍ പൗത്രികള്‍ക്ക് സ്വത്തവകാശം ഉണ്ടോ എന്ന ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. ആരാണ് ആദ്യം മരണപ്പെടുക എന്ന് അറിയില്ലല്ലോ.
എന്നാല്‍ ഈ മാതാപിതാക്കള്‍ ഇപ്പോള്‍ നിര്‍ബന്ധമായി, അവര്‍ മുത്തഖികള്‍ (ദൈവഭക്തര്‍) ആണെങ്കില്‍ ചെയ്തുവെക്കേണ്ടത്, അവരുടെ സ്വത്തില്‍നിന്ന് മൂന്നിലൊന്നില്‍ കൂടാത്ത ഒരു ഭാഗം അവരുടെ പൗത്രികള്‍ക്ക് ഇപ്പോള്‍ തന്നെ വസ്വിയ്യത്ത് ചെയ്തുവെക്കലാണ്. റമദാന്‍ മാസത്തെ നോമ്പ് എത്രത്തോളം നിര്‍ബന്ധമാണോ അത്രത്തോളം നിര്‍ബന്ധമാണ് ഈ വസ്വിയ്യത്ത്.
ഇസ്്ലാമിലെ എല്ലാ നിയമങ്ങളും വിശ്വാസി സമൂഹത്തെയാണ് അഭിമുഖീകരിക്കുന്നത്. അത് നടപ്പാക്കാന്‍ പ്രേരണ ദൈവവിശ്വാസവും പരലോകവിശ്വാസവുമാണ്. അതില്‍ വരുന്ന ദൗര്‍ബല്യങ്ങളാൽ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടാവുക സ്വാഭാവികം മാത്രം. മുസ്്ലിം പിന്തുടര്‍ച്ചാവകാശം വീതിക്കുന്നത് ഇന്ത്യയില്‍ ഇപ്പോഴും ശരീഅത്ത് അനുസരിച്ചാണല്ലോ. അതിനാല്‍, കോടതിയില്‍ പോയാലും മുകളില്‍ പറഞ്ഞ ഓഹരി വെക്കലാണ് നടക്കുക. അവകാശികള്‍ക്ക് ഓഹരി കൃത്യമായി ലഭിക്കുന്നില്ലെങ്കില്‍ കോടതിയില്‍ അത് ചോദ്യം ചെയ്യുക; നീതി ലഭിക്കും. l
Comments