Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

ഇംറാൻ ഖാന്റെ ഭാവി; പാകിസ്താന്റെയും

അഹ്്മദ് മുവഫ്ഫഖ് സൈദാൻ

പാകിസ്താനിൽ അതിന്റെ പിറവി മുതൽക്കേ സൈന്യം ഇടപെട്ടു പോന്നിട്ടുണ്ട്. അത് പലപ്പോഴും നേർക്കുനേരെ ആയിരുന്നില്ല. രാഷ്ട്രീയത്തിന്റെയോ മീഡിയയുടെയോ കോടതിയുടെയോ ഒക്കെ മുഖംമൂടി അത് എടുത്തണിയും. രാഷ്ട്രീയ ശക്തികളോട് നേരിട്ട് ഏറ്റുമുട്ടാതെ അൽപം അകലം പാലിച്ചാവും സൈന്യത്തിന്റെ നിൽപ്. ജനരോഷം തങ്ങൾക്കെതിരെ വല്ലാതെയൊന്നും തിരിയാതെ നോക്കാൻ അതുവഴി സൈന്യത്തിന് കഴിഞ്ഞിരുന്നു. അതിന്റെ കാലം കഴിഞ്ഞുവെന്നാണ് ഏറ്റവുമൊടുവിൽ പാക് സൈന്യവും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇംറാൻ ഖാന്റെ ഇൻസാഫ് പാർട്ടി പ്രവർത്തകരും തമ്മിലുണ്ടായ നേർക്കുനേരെയുള്ള ഏറ്റുമുട്ടൽ വ്യക്തമാക്കുന്നത്. സൈന്യത്തിന് അതിന്റെ ബാരക്കിൽ നിന്നിറങ്ങി ഇൻസാഫ് പാർട്ടിക്കാരെ നേരിടേണ്ടി വന്നു. അത് ഗുരുതരമായ സ്ഥിതിവിശേഷത്തിൽ പാകിസ്താനെ കൊണ്ടെത്തിച്ചിരിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇംറാൻ ഖാന്റെ അനുയായികൾ സൈനിക ആസ്ഥാനങ്ങളിലേക്ക് ഇരച്ചുകയറുകയും വമ്പിച്ച നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരിക്കുന്നു. പലർക്കും ജീവൻ നഷ്ടമാവുകയോ പരിക്കേൽക്കുകയോ ചെയ്തു. ഏറ്റുമുട്ടലുകളിൽനിന്ന് സൈനിക ആസ്ഥാനങ്ങളെ മാറ്റിനിർത്തുക എന്ന രാഷ്ട്രീയ കീഴ്്വഴക്കമാണ് ഇതോടെ ലംഘിക്കപ്പെട്ടത്. സംഘർഷം രാഷ്ട്രീയ ശക്തികൾ തമ്മിൽ മാത്രമായിരിക്കില്ല എന്ന ഈ സന്ദേശം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും എന്നാണ് നിരീക്ഷകർ കരുതുന്നത്. പാകിസ്താൻ എന്ന രാജ്യത്തെ യഥാർഥത്തിൽ ഒന്നിപ്പിച്ചു നിർത്തുന്നത് സൈന്യമാണ് എന്നതാണതിന് കാരണം.
ഭരണാധികാരിയായിരിക്കെ തനിക്ക് ലഭിച്ച സമ്മാനങ്ങൾ മറിച്ചു വിറ്റു എന്ന അഴിമതിയാരോപണം ഉന്നയിച്ചാണ് ഇംറാൻ ഖാനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതൊരു പുകമറ മാത്രമാണ്. അതിന് പിറകിൽ ആഭ്യന്തരവും മേഖലാപരവും മറ്റുമായ പല വസ്തുതകളും യഥാർഥ സംഘർഷങ്ങളും പതിയിരിപ്പുണ്ട്. ഇംറാൻ ഖാന്റെ കാര്യം തന്നെ എടുക്കുക: റോക്കറ്റ് വേഗതയിലായിരുന്നല്ലോ അദ്ദേഹത്തിന്റെ ഉയർച്ച. ഇംറാൻ ഖാൻ സൈന്യത്തിന്റെ ആളാണ് എന്നായിരുന്നു അന്ന് ആരോപണം. അങ്ങനെയാണ് പതിറ്റാണ്ടുകളായി പാകിസ്താനിൽ ഫ്യൂഡലിസ്റ്റ് രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്ന രണ്ട് പരമ്പരാഗത പാർട്ടികളെ പരാജയപ്പെടുത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്. പാക് സൈന്യത്തിന്റെയും സുരക്ഷാ വിഭാഗങ്ങളുടെയും പിന്തുണയില്ലായിരുന്നെങ്കിൽ ഇത്ര വേഗം അധികാരത്തിലേറാൻ ഇംറാൻ ഖാന്ന് കഴിയുമായിരുന്നില്ല എന്നർഥം. 
അധികാരമേറ്റതോടെ സൈന്യത്തെ തള്ളിമാറ്റാനായി ഇംറാന്റെ ശ്രമം. തുർക്കിയയിലെ ഉർദുഗാൻ മോഡൽ പിന്തുടർന്ന് സൈന്യത്തിന്റെ പുലിനഖങ്ങൾ ഒന്ന് വെട്ടാനും ശ്രമിച്ചുനോക്കി. പക്ഷേ, തുർക്കിയ എവിടെ കിടക്കുന്നു, പാകിസ്താൻ എവിടെ കിടക്കുന്നു! വർഷങ്ങളെടുത്ത് സാവധാനമാണ് ഉർദുഗാൻ തുർക്കിയ സൈന്യത്തെ മെരുക്കിയതെങ്കിൽ, പാകിസ്താനിൽ സ്ഥിതി തീർത്തും വ്യത്യസ്തമായിരുന്നു. ജനാധിപത്യ സ്ഥാപനങ്ങൾ ദുർബലമായതോടെ പാകിസ്താനിൽ സൈന്യം കൂടുതൽ പിടിമുറുക്കുകയാണുണ്ടായത്. എല്ലാ ഭരണ സ്ഥാപനങ്ങളും പാക് സൈന്യത്തിന്റെ പിടിയിലാണ്; നീതിന്യായ, നിയമ നിർമാണ സ്ഥാപനങ്ങൾ വരെ.
സൈന്യവുമായി ഏറ്റുമുട്ടാൻ തന്നെയായിരുന്നു ഇംറാന്റെ തീരുമാനം. സർവ സൈന്യാധിപനെയും രഹസ്യാന്വേഷണ വിഭാഗം തലവനെയും സ്വന്തം നിലക്ക് നിശ്ചയിക്കാൻ അദ്ദേഹം ശ്രമം നടത്തുകയും ചെയ്തു. ഇതാണ് സൈന്യത്തെ ചൊടിപ്പിച്ചത്. കീഴ് വഴക്കമനുസരിച്ച് സൈനിക നേതൃത്വവുമായി കൂടിയാലോചിച്ച് ഇത്തരം നിയമനങ്ങളിൽ ഒരു സമവായത്തിലെത്തുകയാണ് ചെയ്യുക. തന്റെ ഇംഗിതങ്ങൾക്ക് വിരുദ്ധമായി ആസിം മുനീർ സൈന്യത്തിന്റെ തലപ്പത്ത് നിശ്ചയിക്കപ്പെട്ടപ്പോൾ അദ്ദേഹത്തെ കടന്നാക്രമിക്കാനും വ്യക്തി ഹത്യ നടത്താനുമാണ് ഇംറാൻ തുനിഞ്ഞത്. തന്നെ വധിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഈ ജനറലാണെന്നും ഇംറാൻ ആരോപിച്ചു. മാധ്യമങ്ങൾ വഴിയും സൈന്യത്തിനെതിരെ നിരന്തരം കടന്നാക്രമണങ്ങൾ നടത്തി. ആരോപണങ്ങൾ നിഷേധിക്കാൻ സേനയുടെ വക്താവ് തന്നെ രംഗത്തിറങ്ങേണ്ടിവന്നു.
പഷ്തൂൺ വംശജനായ ഇംറാൻ ഖാൻ സഹജ പ്രകൃതമനുസരിച്ച് വെല്ലുവിളികൾക്ക് മുന്നിൽ പതറുന്നയാളല്ല. യുവാക്കളുമായി ഏറ്റവും അടുത്തുനിൽക്കുന്ന രാഷ്ട്രീയ വ്യക്തിത്വവും അദ്ദേഹമാണ്. പാക് വോട്ടർമാരിൽ അറുപത് ശതമാനവും ഇവരാണ്. അദ്ദേഹത്തെ അധികാരത്തിലെത്തിച്ചതിൽ ഈ യുവ വോട്ടർമാർക്ക് വലിയ പങ്കുണ്ട്. അദ്ദേഹത്തിന്റെ ട്വീറ്റുകളും മറ്റും മണിക്കൂറുകൊണ്ടോ അതിൽ കുറഞ്ഞ സമയം കൊണ്ടോ ലക്ഷക്കണക്കിന് അനുയായികളിലേക്ക് എത്തുന്നു. എന്തിനും തയാറായി അവർ തെരുവിലിറങ്ങുന്നു. ആർമി ആസ്ഥാനങ്ങളിൽ അഴിഞ്ഞാടിയതും അവരാണ്. പാകിസ്താന്റെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം ആദ്യമാണ്. ഇതിന്റെ പേരിൽ ഇംറാന്റെ പാർട്ടിയെ നിരോധിച്ചേക്കുമോ എന്ന ആശങ്ക നിരീക്ഷകർ പങ്ക് വെക്കുന്നുണ്ട്. മുമ്പ് മുഹാജിർ ഖൗമീ മൂവ്മെന്റിനെ നിരോധിച്ച അതേ അബദ്ധം ആവർത്തിക്കുകയായിരിക്കും അതിന്റെ ഫലം. മുഹാജിർ ഖൗമി മൂവ്മെന്റിനെ നിരോധിച്ചപ്പോൾ അതിന്റെ നേതാവ് അൽത്വാഫ് ഹുസൈൻ ബ്രിട്ടനിലേക്ക് കടന്നു. സംഘടനക്കകത്ത് ശൈഥില്യമുണ്ടായി. നേതാവില്ലാതായപ്പോൾ അണികളെ നിയന്ത്രിക്കാൻ പറ്റാതെയായി. ഒടുവിൽ സൈന്യത്തിന്റെ ഉത്തരവാദപ്പെട്ടവർ പോലും ലണ്ടനിൽ ചെന്ന് അൽത്വാഫുമായി ചർച്ച നടത്താൻ നിർബന്ധിതരായി. അതുപോലെ, ഇൻസാഫ് പാർട്ടിയുടെ നിരോധം ഒന്നിനും പരിഹാരമല്ല. ഇംറാൻ ഉണ്ടാക്കിയ സ്വാധീനം അതുവഴി ഇല്ലാതാക്കാനും കഴിയില്ല. ഇരു കൂട്ടരും വിവേകത്തോടെ മുന്നോട്ടു പോവുകയാണ് കരണീയം. തീർത്തും പുതിയൊരു സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. അതിനെ കൈകാര്യം ചെയ്യാൻ ഭൂതകാല ഉപകരണങ്ങളും തന്ത്രങ്ങളും മതി എന്ന് കരുതുന്നത് മൗഢ്യമാണ്.
താൻ ഉദ്ദേശിക്കുന്ന രീതിയിലേക്ക് പാകിസ്താനെ പെട്ടെന്ന് മാറ്റിയെടുക്കാം എന്ന് ഇംറാൻ ഖാൻ കരുതുന്നതും അബദ്ധമാണ്. സൈന്യത്തെ തള്ളിമാറ്റാൻ മുമ്പും ചിലർ ശ്രമിച്ചിട്ടുണ്ട്. അവർ സൈന്യത്തിന്റെ ഇരകളായിത്തീരുകയാണുണ്ടായത്; സുൽഫീക്കർ അലി ഭൂട്ടോയെപ്പോലെ, ബേനസീർ ഭൂട്ടോയെപ്പോലെ. അതിനാൽ, എടുത്തുചാട്ടമൊഴിവാക്കിയാൽ അത് ഇംറാൻ ഖാന് നല്ലത്. l

(ദീർഘകാലം അൽ ജസീറ ഇസ്്ലാമാബാദ് പ്രതിനിധിയായിരുന്നു ലേഖകൻ) 

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌