ബ്രേക്ക് ചെയ്യാന്‍ കരുത്തുള്ള ബോഗികള്‍ വേണം
ജമാഅത്തെ ഇസ്്ലാമിയുടെ മുന്നോട്ടുള്ള ഗമനം ത്വരിതപ്പെടുത്താനും സമകാലിക രാഷ്ട്രീയ സാഹചര്യം വിലയിരുത്താനുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജമാഅത്തെ ഇസ്്ലാമി കേരള നേതാക്കൾ കേരളത്തിലുടനീളം സംഘടിപ്പിച്ച യാത്രയെക്കുറിച്ച് പി. മുജീബുര്‍റഹ്്മാന്‍ എഴുതിയ വിശകലനം (ലക്കം 41 മാര്‍ച്ച് 10) വായിച്ചു. ആദര്‍ശ പ്രചാരണം, സമുദായ ശാക്തീകരണം, വിദ്യാഭ്യാസം, മീഡിയ, ജനസേവനം, പലിശരഹിത സാമ്പത്തിക സംവിധാനം തുടങ്ങി ജമാഅത്തെ ഇസ്്ലാമി നടപ്പാക്കിയ നിരവധി പദ്ധതികളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നതും, ഉത്തരവാദപ്പെട്ട സംഘടനകളുടെ നേതാക്കളെ അവ ബോധ്യപ്പെടുത്താൻ സാധിച്ചു എന്നതും ശ്രദ്ധേയമായ സംഗതി തന്നെയാണ്.
വിശകലനം വിശദമായി വായിക്കുമ്പോള്‍ പ്രസ്ഥാനം കൂലങ്കഷമായി ശ്രദ്ധ ചെലുത്തേണ്ട ചില പ്രതികരണങ്ങൾ നമ്മുടെ സജീവ പരിഗണനക്ക് വിഷയീഭവിക്കേണ്ടതുണ്ട്: ഒന്നാമതായി, 'ജമാഅത്തെ ഇസ്്ലാമിക്ക് എഞ്ചിന് കരുത്തും ക്വാളിറ്റിയുമുണ്ട്. പക്ഷേ, അതനുസരിച്ചുള്ള ബോഗികള്‍ പിറകിലില്ല.' ഒരു മഹല്ല് ജമാഅത്ത് പ്രസിഡന്റിന്റെ ഈ അഭിപ്രായം മുഖവിലക്ക് തന്നെ എടുക്കേണ്ടതാണ്. നേതാവും അനുയായികളും ഒരേ പക്ഷിയുടെ തൂവല്‍ ചിറകുകള് പോലെ പാറിപ്പറക്കുമ്പോള്‍ മാത്രമേ ഊര്‍ജസ്വലതയോടെ മുന്നേറാൻ സാധിക്കുകയുള്ളൂ. പഴയകാല രീതികളും ശീലങ്ങളും പുതിയ കാലത്തിനും പരിവര്ത്തനങ്ങള്ക്കുമനുസരിച്ച് മാറേണ്ടതും മാറ്റേണ്ടതുമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതുണ്ട്.
രണ്ടാമതായി, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിലയിരുത്തലാണ്: ''നിങ്ങള്‍ ചെയ്യുന്ന വലിയ കാര്യങ്ങളുടെ ഗുണഫലം ലഭിക്കുന്നതിന് തടസ്സമായി വര്‍ത്തിക്കുന്ന ഒരു പൊതുബോധമുണ്ട്.'' ഈ പൊതുബോധം സൃഷ്ടിക്കുന്ന കക്ഷികളുടെ നീക്കങ്ങള്‍ കണ്ടറിയാനും, ജമാഅത്ത് വിരുദ്ധ പൊതുബോധം ഏതു സമയത്തും ആര്‍ക്കും കത്തിച്ചെടുക്കാമെന്ന നില മാറ്റിയെഴുതാനും നേതാക്കള്‍ മുതല്‍ അണികള്‍ വരെ ചടുലതയോടെ നീങ്ങേണ്ടതുണ്ട്. അതോടൊപ്പം നേരത്തേതില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹത്തിന് കാര്യങ്ങള്‍ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു എന്ന് യാത്രാനുഭവങ്ങളിലൂടെ ബോധ്യം വന്നതായുള്ള ലേഖകന്റെ വാക്കുകള്‍ ആശ്വാസകരമാണ്.
'നിങ്ങള്‍ ഞങ്ങളുടെ ഉലമാക്കളുമായി, അവര്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് അവരെക്കൂടി ഈ വിഷയങ്ങള്‍ ബോധ്യപ്പെടുത്തണം' എന്ന ചെമ്മാട്ടെ കുഞ്ഞമ്മദ് ഹാജിയുടെ അഭിപ്രായവും നിസ്സാരമായി തള്ളേണ്ടതല്ല. 75 വര്‍ഷത്തോളമായി ജമാഅത്തെ ഇസ്്ലാമി ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലൂന്നിക്കൊണ്ട് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച പല കാര്യങ്ങളും ചില ഉലമാക്കളുടെ ശക്തമായ എതിർപ്പ് കാരണം ഫലപ്രദമാകാതെ പോകുന്നത് കാണാതിരുന്നു കൂടാ. സമൂഹത്തില്‍ വളര്‍ന്നുവരുന്ന അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും വിപാടനം ഇതുമൂലം സാധ്യമാകാതെ വരുന്നു. ഇത്തരം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നേതാക്കന്മാരെ വിമര്‍ശിച്ചതുകൊണ്ടു മാത്രം അവ ദൂരീകരിക്കാന്‍ സാധിക്കുകയില്ല. തെറ്റായതിനെ തിരുത്താൻ നടത്തുന്ന സമ്മേളനങ്ങള്‍ പോലും എതിര് വിഭാഗത്തെയും അവരുടെ നേതാക്കളെയും വിമര്‍ശിക്കാനുള്ള വേദികളായി മാറുകയാണ് ചെയ്യുന്നത്. ഈ രീതി മാറ്റി സമുദായത്തെ മൊത്തത്തില്‍ അനാചാരങ്ങള്‍ക്കെതിരെ ഉദ്ബുദ്ധരാക്കാനുള്ള നീക്കങ്ങളാണ് വേണ്ടത്. എങ്കില്‍ മാത്രമേ പൊതുമണ്ഡലത്തില്‍ ജമാഅത്തിനെതിരെ തീവ്രവാദം ആരോപിക്കുന്നതുപോലും ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വിഭാഗം ആളുകള്‍ ജമാഅത്തിനു മേല്‍ ചാര്‍ത്തിയ 'പുത്തന്‍വാദികള്‍' എന്ന ലേബലും ഭീകരവാദ-തീവ്രവാദ മുദ്ര ചാര്‍ത്താനുള്ള മത-രാഷ്ട്രീയ സംഘങ്ങളുടെ പ്രചാരണവും പൂര്‍ണമായും തുടച്ചുനീക്കാന്‍ പ്രസ്ഥാനം അതിശക്തമായ ശ്രമങ്ങളാണ് ഇനി നടത്തേണ്ടത്.
അനന്തരാവകാശ വീതം വെപ്പും ചർച്ചയാക്കണം
അനന്തരാവകാശ നിയമങ്ങളും അന്തർലീനമായ യുക്തികളും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ മെയ് മാസ ലക്കങ്ങളിൽ വരികയുണ്ടായി. സമാനമോ അതിലുപരിയോ പ്രാധാന്യമർഹിക്കുന്നതാണ് അതിന്റെ വിതരണവുമായി ബന്ധപ്പെട്ട അറിവുകൾ.
അനന്തര സ്വത്ത് വീതം വെക്കുന്നതിലുള്ള അനാവശ്യ കാലവിളംബവും തജ്ജന്യമായ ഭവിഷ്യത്തുകളും ബോധവൽക്കരണം അനിവാര്യമാക്കിത്തീർക്കുന്നു. സമ്പത്തിന്റെ ഉടമയുടെ മരണശേഷം വൈകാതെ നിർവഹിക്കേണ്ട വിഹിതം വെപ്പ്, നാളുകൾ കഴിയുംതോറും ചിന്തകളിൽനിന്ന് പടിയിറങ്ങുകയായി. തുടക്കത്തിൽ, 'പിതാവ് മരിച്ച് നാളുകളായില്ല, അപ്പഴേക്കും സ്വത്ത് വീതം വെപ്പോ' എന്ന വികാരമാണ് ഉണ്ടാവുക. നാളുകൾ കഴിയുംതോറും ആ വിഷയംതന്നെ വിസ്മൃതമാവുന്നു. അനന്തര സ്വത്ത് കൈകാര്യം ചെയ്യുന്നവർ ക്രമത്തിൽ സർവം സ്വന്തമാക്കാനുള്ള പ്രവണതയിലേക്ക് വഴിമാറുന്നതും അപൂർവമായെങ്കിലും കാണാറുമുണ്ട്.
പിതാവ് തുടക്കം കുറിച്ച കച്ചവടം. അത് ക്രമപ്രവൃദ്ധമായി വളരുന്നു. പരസഹായം ആവശ്യമായപ്പോൾ പഠിച്ചുകൊണ്ടിരുന്ന ഒരു മകനെ കൂടെ കൂട്ടുന്നു. കുടുംബത്തിന്റെ സുഗമമായ പ്രയാണത്തിന് ചിലപ്പോൾ ഇത്തരം ത്യാഗങ്ങൾ സ്വാഭാവികമാണല്ലോ. പഠനം മാറ്റിവെച്ചും ത്യാഗത്തിന് സന്നദ്ധനായ ആൾ എന്ന പരിഗണനക്കയാൾ അർഹനാണ് താനും. സർക്കാർ നിയമങ്ങളും നടപടികളും കാരണം കച്ചവടം ആ മകന്റെ പേരിലാക്കേണ്ട സാഹചര്യങ്ങളും വന്നേക്കാം.
കച്ചവട വരുമാനംകൊണ്ട് അയാൾ സ്വന്തമായി ഭവനം നിർമിക്കുന്നു. മറ്റു സ്വത്തുകളും സ്വന്തം പേരിൽ ഉണ്ടാക്കുന്നു. ശാഖകളുണ്ടാക്കി സ്വന്തം സഹോദരങ്ങളെ ഏൽപിക്കുന്നു. എല്ലാം സ്വന്തം പേരിൽ. പിതാവ് തുടങ്ങി വെക്കുകയും വർഷങ്ങളോളം മേൽനോട്ടം നടത്തി വളർത്തിക്കൊണ്ടുവരികയും ചെയ്ത സ്ഥാപനവും അതിലൂടെ ഉണ്ടായ സകല സ്വത്തുക്കളും ഒരു മകന്റേത് മാത്രമായി മാറുന്നു. ആദ്യമാദ്യം എല്ലാവർക്കും വീതിക്കാമെന്ന മനസ്സ് ക്രമേണ വഴിമാറുകയും തന്റെ അധ്വാനപരിശ്രമത്താലുണ്ടായതിന്റെ ഉടമ താൻ മാത്രമാണെന്ന ചിന്ത വരികയും ചെയ്യുന്നു. വിശുദ്ധ ഖുർആന്റെ ഗൗരവമാർന്ന മുന്നറിയിപ്പുകളും താക്കീതുകളുമൊന്നും (സൂറഃ അന്നിസാഅ് 13, 14) അയാൾക്ക് പ്രശ്നമാവുന്നില്ല.
ഈ വിഷയത്തിൽ ബോധവൽക്കരണം അനിവാര്യമാണ്. പ്രബോധനത്തിലെ പണ്ഡിത എഴുത്തുകാർ ഇത്തരം വിഷയങ്ങൾ കൂടി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
കെ.പി.എ റസാഖ് കൂട്ടിലങ്ങാടി
ആത്മസംസ്കരണ ലേഖനങ്ങളുടെ കുറവ്
പ്രബോധനത്തിൽ ആത്മസംസ്കരണത്തിന്റെയും ആത്മാന്വേഷണങ്ങൾക്ക് പ്രേരകമാവുന്ന ലേഖനങ്ങളുടെയും കുറവ് തോന്നുന്നുണ്ട്. തർബിയത്തിന്റെ തെളിനീരിലേക്ക് ഒഴുക്കിവിടുന്ന, ജീവിതത്തെപ്പറ്റി പുനരാലോചനക്ക് പ്രേരണ നൽകുന്ന എഴുത്തുകൾ ഹൃദയം വരണ്ടു കൊണ്ടിരിക്കുന്ന ഇക്കാലത്ത് അത്യാവശ്യമാണ്. ജാസിമുൽ മുത്വവ്വയുടെ 'കുടുംബ' പംക്തിയോ സമാനമായവയോ തുടർന്നിരുന്നെങ്കിലും നന്നായിരുന്നു.
ആഷിക്ക് മുഹമ്മദ്
Comments