Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

ഹൃദയസംശുദ്ധി കൈവരിക്കാം

ആയിഷ റസാഖ്

സ്വർഗ പ്രവേശമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന ലക്ഷ്യം. ഈ ലക്ഷ്യം നേടാനുള്ള മാർഗമാണ്, പരിശുദ്ധ ഇസ്്ലാമിനെ ജീവിത പദ്ധതിയായി നിശ്ചയിച്ചു തന്നതിലൂടെ അല്ലാഹു നമുക്ക് കാണിച്ചു തരുന്നത്. അല്ലാഹു മനുഷ്യനു നൽകിയ അനുഗ്രഹങ്ങളെ എണ്ണിക്കണക്കാക്കാൻ സാധ്യമല്ലെന്ന് ഖുർആൻ. അനുഗ്രഹങ്ങളിൽ ഏറ്റവും മഹത്തായത് ഈമാൻ ആകുന്നു. "നിങ്ങൾ ദുഃഖിക്കുകയോ ദുർബലരാവുകയോ ചെയ്യേണ്ടതില്ല. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ നിങ്ങൾ തന്നെയാണ് ഉന്നതന്മാർ"(ആലു ഇംറാൻ 139).
ജീവിതം മുഴുവൻ അല്ലാഹുവിനുള്ള ഇബാദത്താകുമ്പോൾ മാത്രമേ ഒരാൾ യഥാർഥ സത്യവിശ്വാസി ആവുകയുള്ളൂ. അതായത്, ഒരാളുടെ ചിന്തയും പ്രവൃത്തിയും സമയവുമെല്ലാം ഇസ്്ലാമിനുവേണ്ടി സമർപ്പിക്കുമ്പോൾ. വ്യക്തി, കുടുംബ, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിലെല്ലാം അവിശ്വാസിയിൽനിന്ന് വേറിട്ട് നിൽക്കുന്നവനാകണം വിശ്വാസി.
മനുഷ്യരുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്  അവന്റെ ഹൃദയമാണ്. മനസ്സിന്റെ തോന്നലുകൾക്കനുസരിച്ചാണ് ശരീരാവയവങ്ങൾ പ്രവർത്തിക്കുന്നത്. നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: "അറിയുക: മനുഷ്യ ശരീരത്തിൽ ഒരു മാംസ ക്കഷണം ഉണ്ട്, അത് നന്നായാൽ ശരീരം മുഴുവൻ നന്നായി, അത് മോശമായാൽ ശരീരം മുഴുവൻ മോശമായി. അറിയുക: അതത്രെ അവന്റെ ഹൃദയം."
ഹൃദയശുദ്ധീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശുദ്ധ ഖുർആൻ ഇടക്കിടെ ഓർമിപ്പിക്കുന്നു (അശ്ശംസ് 10).
ഹൃദയ സാന്നിധ്യമില്ലാത്ത ഒരു പ്രവർത്തനവും അല്ലാഹു സ്വീകരിക്കുകയില്ല. ഹൃദയശുദ്ധി നേടണമെങ്കിൽ ഓരോ നിമിഷവും അല്ലാഹുവിന്റെ കൽപന പിൻപറ്റി ജീവിക്കണം. നമസ്കാരം, നോമ്പ് തുടങ്ങിയ ആരാധനാ കർമങ്ങളിൽ മാത്രമല്ല, സ്വഭാവ പെരുമാറ്റങ്ങളിലും മാതാപിതാക്കൾ, കുടുംബക്കാർ, അയൽക്കാർ തുടങ്ങിയവരുമായുള്ള ബന്ധങ്ങളിലും, സാമൂഹിക സാമ്പത്തിക ഇടപാടുകളിലും ദൈവപ്രീതി കരസ്ഥമാക്കണമെങ്കിൽ ഹൃദയശുദ്ധി പ്രധാനമാണ്.
മനുഷ്യമനസ്സിനെ മലിനമാക്കുന്ന ദുഃസ്വഭാവങ്ങളാണ് അസൂയ, പക, വിദ്വേഷം, അഹങ്കാരം തുടങ്ങിയവ. നമസ്കാരം, നോമ്പ് മുതലായ ഇബാദത്തുകൾ കൃത്യനിഷ്ഠയോടെ അനുഷ്ഠിക്കുന്നവർ പോലും പലപ്പോഴും ഇത്തരം ദുഃസ്വഭാവങ്ങൾക്ക് അടിമപ്പെടാറുണ്ട്. നിരന്തരമായ ദൈവസ്മരണയിലൂടെയും ആത്മസംസ്കരണ പരിശ്രമങ്ങളിലൂടെയും മാത്രമേ  വിശ്വാസിക്ക് ഇത്തരം മനോവൈകല്യങ്ങളിൽനിന്ന് രക്ഷനേടാനാകൂ. തങ്ങൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന ഇബാദത്തുകളുടെ മുഴുവൻ പ്രതിഫലവും ചൈതന്യവും നഷ്ടപ്പെടുത്തുന്ന ഇത്തരം ദൂഷ്യങ്ങളിൽനിന്ന് ഹൃദയത്തെ ശുദ്ധീകരിക്കാൻ വിശ്വാസികൾ ജാഗ്രത കൈക്കൊള്ളണം.
കുടുംബത്തിലും സമൂഹത്തിലുമുള്ള സഹോദരന്മാരോട് തീരാത്ത പകയും വിദ്വേഷവുമായി നടക്കുന്നവരെയും വിശ്വാസി സമൂഹത്തിൽ കാണാറുണ്ട്. അല്ലാഹുവിന്റെ മാർഗത്തിൽ നന്മ ചെയ്യുന്നതിനും ഐഛിക കർമങ്ങൾ നിർവഹിക്കുന്നതിനും മറ്റുള്ളവരോടുള്ള പകയും വിദ്വേഷവും തടസ്സമാകുന്നു എന്നത് എത്രമാത്രം പരിതാപകരമാണ്!
'അയാൾ സ്വർഗാവകാശിയാണ്' എന്ന് പ്രവാചകൻ ചൂണ്ടിക്കാണിച്ച സ്വഹാബിയുടെ ഇബാദത്തുകൾ പഠിക്കാൻ കൂടക്കൂടിയ മറ്റൊരു സ്വഹാബിക്ക് പ്രത്യേകിച്ചൊന്നും കാണാൻ കഴിയാതെ വന്നപ്പോൾ,  താങ്കളെക്കുറിച്ച് സ്വർഗാവകാശിയാണെന്ന് പ്രവാചകൻ പറയാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു. അതിന് ആ സ്വഹാബി പറഞ്ഞ മറുപടി നമുക്ക് ഓരോരുത്തർക്കും പാഠമാകേണ്ടതാണ്:
'മറ്റൊരാളെ കുറിച്ചും  യാതൊരു വെറുപ്പും വിദ്വേഷവും ഇല്ലാത്ത ശുദ്ധ മനസ്സോടുകൂടിയാണ് ഞാൻ രാത്രി ഉറങ്ങാറുള്ളത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെ ശത്രുവിനെ നാളെ എങ്ങനെ കൈകാര്യം ചെയ്യാം, എന്തെല്ലാം അസഭ്യങ്ങൾ പറഞ്ഞ് അദ്ദേഹത്തെ ഇരുത്താം എന്ന ചിന്തയുമായി രാത്രി ഉറങ്ങാൻ കിടക്കുന്നവർക്ക് ഈ സ്വഹാബിയുടെ ജീവിതവുമായി തട്ടിച്ചുനോക്കുമ്പോൾ സ്വർഗം പ്രതീക്ഷിക്കാൻ കഴിയുമോ?
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: 'അഹങ്കാരിയും കള്ളനാട്യക്കാരനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല' (അബൂ ദാവൂദ്).
'അന്യന്റെ അവകാശങ്ങൾ തടഞ്ഞുവെക്കലും ജനങ്ങളെ നിന്ദിക്കലും ആണ് അഹങ്കാര'മെന്നും റസൂൽ (സ) പഠിപ്പിച്ചു.
വിനയാന്വിതരായ മനുഷ്യരെ അല്ലാഹുവും ജനങ്ങളും ഇഷ്ടപ്പെടുന്നു.
പ്രവാചകനിലേക്ക് അനുയായികൾ ആകർഷിക്കപ്പെടാനുള്ള കാരണം അദ്ദേഹം അവരോട് വിനയാന്വിതനായി പെരുമാറിയതു കൊണ്ടാണെന്നും, ആ സ്വഭാവം അദ്ദേഹത്തിന് ലഭിച്ചത് അല്ലാഹുവിന്റെ പ്രത്യേക കാരുണ്യത്താലാണെന്നും വിശുദ്ധ ഖുർആൻ ഓർമപ്പെടുത്തുന്നു (ആലു ഇംറാൻ 159).
നബി സ്വല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു: 'തന്റെ മുസ്്ലിം സഹോദരനോട് വിനയം കാണിക്കുന്നവനെ അല്ലാഹു ഉയർത്തുകയും അവനോട് ഔദ്ധത്യം കാണിക്കുന്നവനെ അല്ലാഹു നിന്ദിക്കുകയും ചെയ്യും' (ത്വബ്റാനി).
വ്യത്യസ്ത കഴിവുകൾ നൽകി അനുഗ്രഹിക്കപ്പെട്ടവനാണ് മനുഷ്യൻ. അതുകൊണ്ടുതന്നെ തനിക്ക് നൽകപ്പെട്ട അനുഗ്രഹങ്ങളും ഗുണ വിശേഷങ്ങളും മറ്റൊരാളിൽ ഇല്ലെങ്കിൽ, മറ്റൊരാൾക്ക് നൽകപ്പെട്ട ഗുണവിശേഷങ്ങളും അനുഗ്രഹങ്ങളും തന്നിലുമില്ല എന്ന യാഥാർഥ്യബോധം അഹങ്കാരം എന്ന പാപത്തിൽനിന്ന് മനസ്സിനെ ശുദ്ധീകരിക്കാൻ സഹായിക്കും. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌