Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

2000 പിൻവലിച്ചതിലുമുണ്ട് പിന്നാമ്പുറ കളികൾ

ബശീർ ഉളിയിൽ

‘മേരെ പ്യാരേ ദേശ് വാസിയോം, ആജ് മധ്യരാത്രി യാനി ആട്ട് നവംബർ ദോ ഹസാർ സോ കി രാത്രി കൊ ബാരഹ് ഭജേ സേ വർത്തമാന മേ ജാരി പാഞ്ച് സൗ റുപയെ ഔർ ഏക് ഹസാർ റുപയെ കെ കറൻസി നോട്ട് ലീഗൽ ടെൻഡർ നഹി രഹേംഗെ.”

2016 നവംബര്‍ 8-ന് രാത്രി എട്ട് മണിക്ക് ദൂരദര്‍ശനിലൂടെ ഭാരതത്തിലെ പ്രജകള്‍ക്ക് മേല്‍ പ്രജാപതി വര്‍ഷിച്ച നാപാം ബോംബായിരുന്നു അത്. കള്ളപ്പണം, ഹവാല, ഭീകരവാദ ഫണ്ടിംഗ് മുതലായവ തടയാനെന്ന പേരില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറന്‍സികള്‍ നിരോധിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ രാവലര്‍ച്ച! വിയര്‍പ്പൊഴുക്കി സമ്പാദിച്ച പണം നിക്ഷേപിക്കാന്‍ വേണ്ടി പിറ്റേ ദിവസം മുതല്‍ പൊരിവെയിലത്ത് എ.ടി.എമ്മിനു മുന്നില്‍ ക്യൂ നിന്ന് തളര്‍ന്നു വീണ ഭാരതീയരോട് ഭാരതാംബക്കു വേണ്ടി ത്യാഗം സഹിക്കാന്‍ രായാവ് വിളംബരം ചെയ്തു. ‘ക്യാഷ് ലെസ്സ് ഇകോണമി’  ഉണ്ടാക്കാന്‍ പോവുകയാണെന്ന് ഇണ്ടാസ് ഇറക്കി. ‘ഒരമ്പത് ദിവസം തരൂ. തീരുമാനം തെറ്റെങ്കില്‍ എന്നെ ജീവനോടെ കത്തിച്ചോളൂ’ എന്ന് തൊണ്ടയിടറി, കണ്ണുകള്‍ നിറഞ്ഞു തൂവി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ ഉടച്ചു വാര്‍ക്കാനാണ് നോട്ട് നിരോധിക്കുന്നത് എന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഉടക്കല്‍ മാത്രമാണ് ഫലത്തില്‍ നടന്നത്.  കൂലിപ്പരിവാരവും ഗോഡി മീഡിയയും എല്ലാ ഭാഷകളിലും ന്യായീകരണ കാപ്സ്യൂളുകള്‍ ഗഡു ഗഡുവായി ഇറക്കിക്കൊണ്ടേയിരുന്നു. നിരോധിച്ച നോട്ടുകളില്‍ മൂന്ന് ലക്ഷം കോടിയില്‍ കൂടുതല്‍ ബാങ്കിലേക്ക് തിരിച്ചുവരില്ലെന്ന് ചാനലിന്റെ വെള്ളിവെളിച്ചത്തില്‍ ബി.ജെ.പി കേരള അധ്യക്ഷന്‍ വെല്ലുവിളിച്ചു. നിരോധിക്കപ്പെട്ട നോട്ടുകള്‍ക്ക് പകരം ഇറങ്ങിയ 2000-ന്റെ ധൂമ്രവർണ നോട്ടുകളുടെ അപദാനങ്ങള്‍ ഗഗന ഭുവനങ്ങളില്‍  വാഴ്ത്തപ്പെട്ടു. അമ്പാടി മുക്ക് ശാഖാ പ്രമുഖ് മുതല്‍ ‘ധര്‍മബോധിയായ ശാസ്ത്രജ്ഞന്‍’ വരെ മണ്ടന്‍ തീരുമാനത്തെ ന്യായീകരിച്ചു വിയര്‍ത്തു.  “പുതിയ നോട്ടില്‍ നാനോ 
ടെക്്നോളജി ഉപയോഗപ്പെടുത്തിയ സംവിധാനമുണ്ട്. ഇതൊരു സിഗ്നല്‍ റിഫ്ലക്ടര്‍ ആയാണ് പ്രവര്‍ത്തിക്കുന്നത്. നോട്ട് എവിടെ ഇരിക്കുന്നു എന്നും നോട്ടിന്റെ സീരിയല്‍ നമ്പര്‍ ഏതാണെന്നും ഉപഗ്രഹവുമായി ബന്ധപ്പെട്ട് അറിയിക്കുന്നതാണ് ഈ സംവിധാനം. പണമിരിക്കുന്ന സ്ഥലം അധികൃതര്‍ക്ക് കൃത്യമായി അറിയാന്‍ കഴിയും. ഈ നോട്ടുകള്‍ കുറെക്കാലം ഒരിടത്തിരിക്കുകയോ ‘ഉദ്ദേശ്യശുദ്ധിയില്ലാതെ’ സൂക്ഷിക്കുകയോ ചെയ്‌താല്‍ ആദായ നികുതി വകുപ്പിന് കണ്ടെത്താന്‍ കഴിയും” (ഡോ. എന്‍ ഗോപാല കൃഷ്ണന്‍ - ദേശാഭിമാനി 21-9-2016) എന്നിങ്ങനെയായിരുന്നു വിശ്വവിശ്രുത ‘ശാസ്ത്രജ്ഞന്‍’ പോലും അരുളിയത്.
കൊട്ടിഗ്്ഘോഷിക്കപ്പെട്ട കള്ളപ്പണ വേട്ടയല്ല, വമ്പന്‍ സാമ്പത്തികത്തകര്‍ച്ചയാണ്   നോട്ട് നിരോധത്തിലൂടെ രാജ്യം നേരിട്ടത്. നിരോധിച്ച നോട്ടുകളുടെ 99.5 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തി. നിരോധം വന്‍ പരാജമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് റിസര്‍വ് ബാങ്കിന്റെ 2017–'18 കാലത്തെ വാര്‍ഷിക റിപ്പോര്‍ട്ടിലെ, തിരിച്ചെത്തിയ അസാധു നോട്ടുകളുടെ കണക്ക്. നിരോധം നടപ്പാക്കിയ 2016 നവംബര്‍ 8-ന് ക്രയവിക്രയത്തിലുണ്ടായിരുന്ന 15.41 കോടിയുടെ 500-ന്റെയും 1000-ന്റെയും നോട്ടുകളില്‍ 15.31 ലക്ഷം കോടിയോളം ബാങ്കുകളില്‍ തിരിച്ചെത്തി. ശരിക്കും നട്ടെല്ലൊടിഞ്ഞത് ഹവാലയുടെത് ആയിരുന്നില്ല, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെതായിരുന്നു എന്ന് ചുരുക്കം. രാജ്യത്തെ സാമ്പത്തിക മേഖലയാകെ സ്്തംഭിച്ചു. ആഭ്യന്തര ഉൽപാദനം കുറഞ്ഞു. വ്യാപാരക്കമ്മി പെരുകി. ജി.ഡി.പി കുത്തനെ ഇടിഞ്ഞു. പണപ്രവാഹം നിലച്ചതോടെ വഴിയോരക്കച്ചവടം മുതല്‍ തുണി വ്യവസായം, നിര്‍മാണ മേഖല, വാഹന വ്യവസായം, കാര്‍ഷിക മേഖല വരെ സ്തംഭിച്ചു. ആകെ വികസിച്ചത് ഭരിക്കുന്ന പാര്‍ട്ടിയുടെ ആസ്ഥാനവും നേതാക്കളുടെ കീശയുമായിരുന്നു.
വേണ്ടപ്പെട്ടവരെ നേരത്തെ അറിയിക്കുകയും ആയിരക്കണക്കിന് കോടികളുടെ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുകയും ചെയ്ത ശേഷമാണ് നിരോധന പ്രഖ്യാപനം വന്നത് എന്നത് കേവലം പ്രതിപക്ഷാരോപണമായി തള്ളാവുന്നതല്ല എന്നതാണ് ഇതു സംബന്ധമായി പിന്നീട് വന്ന വാര്‍ത്തകള്‍. നിരോധത്തിന്റെ ആറു മാസം മുമ്പ് 2016 ഏപ്രില്‍ 1-ന് പുറത്തിറങ്ങിയ ‘അകില’ എന്ന ഗുജറാത്തി പ്രാദേശിക പത്രത്തില്‍  ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിക്കുമെന്നും, പകരം രണ്ടായിരത്തിന്റെ നോട്ടുകൾ പ്രചാരത്തിൽ വരുമെന്നും ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. 13 ദിവസം മുമ്പ് ഒക്ടോബര്‍ 27-ന് ദൈനിക് ജാഗരൺ എന്ന ഹിന്ദി പത്രത്തിലും സമാനമായ വാര്‍ത്ത വന്നു. രാജസ്ഥാനിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ഭവാനി സിംഗ് രജാവത്തിന്റെതായി പുറത്തുവന്ന വീഡിയോയിലും ആ വിവരം ഉണ്ടായിരുന്നു. നിരോധത്തിന്റെ തൊട്ടു മുമ്പത്തെ ദിവസങ്ങളില്‍ ആയിരക്കണക്കിന് കോടികളാണ് സംഘ് പരിവാര്‍ നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്. കൊൽക്കത്തയിലടക്കം ബി.ജെ.പിയും അതിന്റെ നേതാക്കളും ലക്ഷങ്ങളും കോടികളുമാണ്  ബാങ്കുകളിൽ തിരക്കിട്ടു നിക്ഷേപിച്ചത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിലെ ഈ മിന്നലാക്രമണം നടന്നത് തൊട്ടടുത്ത വര്‍ഷം നടക്കാനിരുന്ന യു.പി, ഗുജറാത്ത് തുടങ്ങി ഏഴ് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിനെ ലാക്കാക്കിയായിരുന്നു. ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിൽ മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ വറ്റിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം. കോടികളുടെ ഇടപാടാണ് ഇന്ത്യയിലെ രാഷ്ട്രീയവും തെരഞ്ഞെടുപ്പും.  കൈയിൽ കാശില്ലാത്ത പാർട്ടികള്‍ക്ക് അണികളും വോട്ടുകളും കുറയും. ഇതാണ് ഇന്ത്യൻ രാഷ്ട്രീയ യാഥാർഥ്യം.
2016-ലെ പ്രമാദമായ നോട്ട് നിരോധത്തിന് ആറു വര്‍ഷവും ആറു മാസവും തികയുമ്പോഴാണ് ഈ മാസം 19-ന്, പാതാളത്തില്‍ ഒളിപ്പിച്ചാല്‍ പോലും കണ്ടുപിടിക്കാന്‍ കഴിയുന്ന 2000-ന്റെ ‘ചിപ്പന്‍’ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം വരുന്നത്. സാമ്പത്തിക മേഖലയിലെ രണ്ടാമത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക്! 2016-ലെ നിരോധം റിസര്‍വ് ബാങ്ക് പോലുമറിയുന്നത് അർധരാത്രിയിലെ ‘രാജവിളംബര’ ത്തിലൂടെയായിരുന്നുവെങ്കില്‍ ഇത്തവണ 2000-ന്റെ നോട്ട് പിന്‍വലിക്കുന്ന പ്രഖ്യാപനം വരുന്നത് റിസര്‍വ് ബാങ്കില്‍നിന്ന് നേരിട്ടാണ്. രണ്ട് ‘ചരിത്ര മുഹൂര്‍ത്ത’ങ്ങള്‍ക്കും അത്ഭുതകരമായ ഒരു സാമ്യമുണ്ട്. 2016-ല്‍ നോട്ട് നിരോധിച്ച ഉടനെ ജപ്പാനിലേക്കാണ് പ്രധാനമന്ത്രി പറന്നത്. അവിടെ  നടന്ന ഒരു സമ്മേളനത്തില്‍, സ്വന്തം കാശ് പിന്‍വലിക്കാന്‍ പൊരി വെയിലില്‍ വരി നില്‍ക്കുന്ന ദരിദ്ര നാരായണന്‍മാരെ പറ്റി, ‘വീട്ടില്‍ കല്യാണം, കൈയില്‍ നയാപൈസയില്ല’ (‘ഘര്‍ മേ ശാദി ഹേ, പൈസാ നഹി ഹേ’) എന്ന് ഇരുണ്ട ഫലിതം പറഞ്ഞു ആര്‍ത്ത് ചിരിക്കുകയായിരുന്നു മോദി. ഇത്തവണ ആ നോട്ട് പിന്‍വലിക്കുമ്പോഴും   മോദി റീസൈക്ക്ള്‍ ചെയ്ത വസ്തുക്കളാല്‍ നിര്‍മിച്ച കോട്ട് ധരിച്ചു ജി 7 രാഷ്ട്ര നേതാക്കളോടൊപ്പം ജപ്പാനിലെ ഹിരോഷിമയില്‍ അര്‍മാദിക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുൻ ഖാര്‍ഗെ പറഞ്ഞതു പോലെ എപ്പോഴൊക്കെ മോദി ജപ്പാനില്‍ പോയിട്ടുണ്ടോ അപ്പോഴൊക്കെ നോട്ട് നിരോധിച്ചിട്ടുണ്ട്.
പുതിയ നോട്ട് നിരോധവും കള്ളപ്പണ വേട്ടയുടെ ഭാഗമാണെന്ന വിശദീകരണവുമായി പഴയ ബിഹാർ ധനമന്ത്രി സുശീൽകുമാർ മോദിയെ പോലുള്ളവര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഈ മന്ത്രം സംഘ് പരിവാര്‍ കേന്ദ്രങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. നോട്ടിലെ ചിപ്പ്, ചാണകത്തിലെ പ്ലൂട്ടോണിയം, ഗോമൂത്രത്തിലെ കൊറോണ മരുന്ന് ആദിയായ സകല ഉഡായിപ്പുകളും വിശ്വസിച്ചവരുടെ നാടാണിത്. അതിനാല്‍ തന്നെ ഇപ്പോഴത്തെ ന്യായീകരണങ്ങളും അവര്‍ വിശ്വസിക്കും.  നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് RBI പറയുന്ന കാരണം പക്ഷേ, കള്ളപ്പണം തടയല്‍ അല്ല, ‘ക്ലീന്‍ നോട്ട് പോളിസി’യുടെ ഭാഗമായാണ് നടപടി എന്നാണ്. വിനിമയത്തിന് മികച്ച ഗുണനിലവാരമുള്ള നോട്ടുകള്‍ ലഭ്യമാക്കുക എന്നതാണ് ക്ലീന്‍ നോട്ട് പോളിസി. നോട്ടുകള്‍ കടലാസുകള്‍ ആയതിനാല്‍  കുറെക്കാലം ഉപയോഗിച്ചാല്‍ മുഷിയും. അപ്പോള്‍ പുതിയ നോട്ടുകള്‍ അടിക്കണം. എന്നാല്‍, മുപ്പത് കൊല്ലം മുമ്പ് പുറത്തിറക്കിയ പത്ത് രൂപ നോട്ട് പോലും ‘ക്ലീന്‍’ ആയി കറങ്ങി നടക്കുമ്പോഴാണ്, വെറും ഏഴു വര്‍ഷം മുമ്പിറക്കിയ  2000-ന്റെ അത്ഭുത നോട്ട് ആര്‍ക്കും എളുപ്പത്തില്‍ അച്ചടിക്കാന്‍ പറ്റിയ നിലവാരം കുറഞ്ഞ കടലാസ് എന്ന് വെളിപ്പെടുന്നത്. സംഭവിച്ചതും അതു തന്നെയാണ്. ഏറ്റവും കൂടുതല്‍ കള്ളനോട്ടുകള്‍ ഇറങ്ങിയത് കള്ളപ്പണം തടയാന്‍ ഇറക്കിയ 2000-ന്റെതാണ് എന്നതാണ് തമാശ.  ഒരു സാദാ വീട്ടമ്മയുടെ ഒരു കമന്റ് സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. 'വിയര്‍പ്പ് തട്ടിയാല്‍ ചായം ഇളകുന്നതുകൊണ്ട് 2000-ന്റെ നോട്ട് പണ്ടേ കൈയില്‍ വെക്കാറില്ല' എന്നാണ് ആ വീട്ടമ്മ പറയുന്നത്.
റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതു പോലെ വെറും ക്ലീന്‍ നോട്ട് പോളിസി തന്നെയാണ് പുതിയ നീക്കത്തിന്റെ യഥാർഥ ഉദ്ദേശ്യമെങ്കില്‍ ചെയ്യേണ്ടിയിരുന്നത് വിപണിയിലുള്ള 2000-ന്റെ നോട്ടുകള്‍ കാലാവധി നിശ്ചയിക്കാതെ സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും പുതിയ നോട്ടുകള്‍ ഇറക്കാതിരിക്കുകയുമാണ്. അതിനു പകരം, സെപ്റ്റംബര്‍ 30-ന് മുമ്പ് 2000 രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍നിന്ന് മാറ്റിവാങ്ങണമെന്നും ഒരു സമയം 20,000 രൂപ വരെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമേ ഇങ്ങനെ എക്സ്ചേഞ്ചു ചെയ്യാന്‍ കഴിയൂ എന്നും നിബന്ധന വെക്കുകയും ചെയ്തതിന്റെ പിന്നിലുള്ള ഗൂഢോദ്ദേശ്യം തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണ്. മുന്‍ കേരള ധനകാര്യ മന്ത്രി തോമസ്‌ ഐസക് അഭിപ്രായപ്പെട്ടതു പോലെ കര്‍ണാടക തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍നിന്നാണ് ഇപ്പോള്‍ ഈ തീരുമാനം ഉണ്ടായിരിക്കുന്നത്. കർണാടകയിലെ കോൺഗ്രസ്സിന്റെ വിജയം ബി.ജെ.പിയുടെ ഉള്ളിൽ  ഭയാശങ്ക ഉണ്ടാക്കിയിട്ടുണ്ട്. അധികം വൈകാതെ നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, തെലുങ്കാന, ഛത്തീസ്ഗഢ്, മിസോറാം തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി ജയിക്കണമെങ്കില്‍ പ്രതിപക്ഷം സാമ്പത്തികമായി നിരായുധീകരിക്കപ്പെടേണ്ടതുണ്ട്. കണക്കില്ലാത്ത കള്ളപ്പണം പതിവുപോലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി ഒഴുക്കി എന്ന് വിളിച്ചുപറഞ്ഞത് പാര്‍ട്ടി വിട്ട ജഗദീഷ് ഷെട്ടാര്‍ ആണ്. 650 കോടി രൂപയുടെ കള്ളപ്പണമാണ് അധികൃതർ പിടിച്ചെടുത്തത്. എന്നിട്ടും ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റു. അടുത്ത വര്‍ഷാദ്യത്തില്‍ നടക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും  തുടര്‍ന്ന് നടക്കാനിരിക്കുന ലോകസഭാ തെരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയക്കളി മാത്രമാണ് ഇപ്പോഴത്തെ നീക്കം എന്ന് തിരിച്ചറിയാന്‍ മിനിമം സാമാന്യ ബുദ്ധി മതി. സമ്പത്തിന്റെ സമ്പൂര്‍ണ ഉടമസ്ഥാവകാശം പരിവാറിനും അതിനെ താങ്ങിനിര്‍ത്തുന്ന കോര്‍പ്പറേറ്റുകള്‍ക്കും മാത്രമായിരിക്കണം എന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത്തരം രാഷ്ട്രീയക്കളികളിലൂടെ ഇന്ത്യൻ രൂപയുടെ വിശ്വാസ്യതയാണ് പക്ഷേ, മോദി സര്‍ക്കാര്‍ തകർക്കുന്നത്. ഏതൊരു സാമ്പത്തിക വ്യവസ്ഥിതിയെ സംബന്ധിച്ചേടത്തോളവും കറന്‍സിയുടെ വിശ്വാസ്യത വളരെ പ്രധാനമാണ്. ഏതു നിമിഷവും കറന്‍സികള്‍ നിരോധിക്കപ്പെടാനോ പിന്‍വലിക്കപ്പെടാനോ   സാധ്യതയുള്ള രാജ്യത്ത് സാമ്പത്തിക അരാജകത്വമാണ്‌ സംജാതമാവുക. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌