Prabodhanm Weekly

Pages

Search

2023 ജൂൺ 02

3304

1444 ദുൽഖഅദ് 13

ധാർമികബോധം പകർന്നു നൽകുന്നതിൽ പരാജയപ്പെടുന്നു

എഡിറ്റർ

കൊച്ചി ആഴക്കടലിൽ 25,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചു എന്ന വാർത്ത ഏതൊരാളെയും പിടിച്ചുലക്കാൻ പോന്നതാണ്. അതിന്റെ വില കണക്കാക്കാൻ തന്നെ മണിക്കൂറുകളെടുത്തു. കടത്തിക്കൊണ്ടുവരുന്ന എല്ലാ മയക്കുമരുന്നുകളും പിടിക്കപ്പെടുന്നുണ്ടാവില്ലല്ലോ. പിടിക്കപ്പെടാതെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നവയായിരിക്കും കൂടുതലും. ഇത്ര വലിയ അളവിലുള്ള ഈ മാരക  മയക്കുമരുന്നുകൾ നമ്മുടെ നാട്ടിലും അയൽനാടുകളിലുമായി എളുപ്പത്തിൽ വിറ്റഴിക്കപ്പെടുന്നുണ്ടെന്ന സത്യം ഞെട്ടലോടെ നാം തിരിച്ചറിയുന്നു. യുവതലമുറയെ വളരെ ബോധപൂർവം മയക്കുമരുന്നിന്റെ അടിമകളും കാരിയർമാരുമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അടിമകളായും കാരിയർമാരായും സ്കൂൾ വിദ്യാർഥികൾ വരെ ഉണ്ട് എന്നത് ഇന്നൊരു രഹസ്യമല്ല. സമൂഹത്തെ മുച്ചൂടും നശിപ്പിക്കുന്ന ഈ മാരക വിപത്തിനെതിരെ നിയമങ്ങൾ കർശനമാകും എന്ന് നാം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ആ നിയമങ്ങളിൽ ഊരിച്ചാടാനുള്ള പഴുതുകളാണ് കൂടുതൽ. മയക്കുമരുന്ന് റാക്കറ്റിന്റെ പിന്നിൽ വൻതോക്കുകൾ ഉണ്ടാകുമെന്നതിനാൽ ഊരിച്ചാടൽ കുറെക്കൂടി എളുപ്പമാകും. കൊച്ചിയിൽ ഇരുപത്തി അയ്യായിരം കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞെങ്കിലും നിർണായക വെളിപ്പെടുത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ കേസും തേഞ്ഞുമാഞ്ഞു പോകാൻ തന്നെയാണ് സാധ്യത.
മയക്കുമരുന്ന് ബോധപൂർവം കടത്തിയെന്ന് സംശയരഹിതമായി തെളിഞ്ഞാൽ ലോകത്ത് വധശിക്ഷ നൽകുന്ന മൂന്ന് രാഷ്ട്രങ്ങളുണ്ട്: ചൈന, സുഊദി അറേബ്യ, ഇറാൻ. ഇതിൽ അവസാനം പറഞ്ഞ രണ്ട് രാഷ്ട്രങ്ങളും, തങ്ങൾ വധശിക്ഷ പ്രഖ്യാപിക്കുന്നത് ഇസ്്ലാമിക പ്രമാണത്തിന്റെ കൂടി വെളിച്ചത്തിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മദ്യപാനത്തോടല്ല അതിനെ സമീകരിക്കുന്നത്. മദ്യപിച്ച് അതിക്രമം കാണിച്ചാൽ ഇസ്്ലാമിൽ അതിന് ശിക്ഷയുണ്ടെങ്കിലും അതൊരിക്കലും വധശിക്ഷയല്ല. മയക്കുമരുന്നിനെ സമീകരിക്കുന്നത് / ഖിയാസ് ചെയ്യുന്നത് മദ്യത്തോടല്ല എന്നർഥം. വധശിക്ഷ വരെ നൽകാവുന്ന കൊടിയ അതിക്രമ(ഫസാദ്)ത്തോടാണ് പ്രമുഖ പണ്ഡിതനായ ഇബ്്നു ബാസ് അതിനെ സമീകരിച്ചിരിക്കുന്നത്. ഈ വിധിനിർധാരണത്തെ ഏതെങ്കിലും പണ്ഡിതൻ ഖണ്ഡിച്ചതായും ശ്രദ്ധയിൽ പെട്ടിട്ടില്ല. മയക്കുമരുന്നു കടത്തും ഉപഭോഗവും ഇത്ര വലിയ കുറ്റകൃത്യമാണെന്ന ബോധം കേരളത്തിലെ മുസ്്ലിം സമൂഹത്തിൽ ഇല്ല എന്നതാണ് യാഥാർഥ്യം. നമ്മുടെ പണ്ഡിതന്മാരോ  മത കലാലയങ്ങളോ അത്ര ഗൗരവത്തിൽ അതവരെ പഠിപ്പിക്കുന്നുമില്ല. അതുകൊണ്ടാണ് മയക്കുമരുന്ന് കടത്ത് - ഉപഭോഗ കേസുകളിൽ മുസ്്ലിം നാമധാരികളെ നമുക്ക് ഇടക്കിടക്ക് കാണേണ്ടിവരുന്നത്. അത്തരം കേസുകളിൽ പ്രതികളാകുന്നവർക്കെതിരെ മഹല്ലുകളോ മത സംഘടനകളോ എന്തെങ്കിലും നടപടിയെടുത്തതായും കാണാൻ കഴിയുന്നില്ല.
മദ്റസാ വിദ്യാഭ്യാസം ചർച്ചയാവുന്ന ഈ സമയത്ത്, കുട്ടികൾക്ക് ധാർമിക ബോധം പകർന്നുനൽകുന്നതിൽ എന്തുകൊണ്ട് നമ്മുടെ മദ്റസാ സംവിധാനം പരാജയപ്പെടുന്നു എന്നതും ചർച്ചയാവണം. ഇത്തരം കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്നവരൊന്നും മദ്റസകളിൽ പോകാത്തവരല്ല. മദ്യപാനത്തെക്കാൾ ഗുരുതരമാണ് മയക്കുമരുന്നുപയോഗം എന്ന പാഠം മദ്റസകളിൽനിന്ന് അവർക്ക് കിട്ടിയിരുന്നെങ്കിൽ ഒരു പക്ഷേ, ഇന്നത്തെപ്പോലെ തല താഴ്ത്തി നിൽക്കേണ്ട ഗതി സമുദായത്തിന് വന്നുചേരുമായിരുന്നില്ല. ഈ മർമ പ്രധാന വിഷയം മദ്റസകൾ നടത്തുന്ന എല്ലാ സംഘടനകളും അർഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.  l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 45 അല്‍ ജാഥിയഃ സൂക്തം 01-04
ടി.കെ ഉബൈദ്‌

ഹദീസ്‌

അല്ലാഹുവിനെ ഭയപ്പെട്ട് കരയുന്നവർ
ഡോ. കെ. മുഹമ്മദ്, പാണ്ടിക്കാട്‌