റാശിദുൽ ഗന്നൂശിയെ ജയിലിലടച്ച ഖൈസ് സഈദ് എന്തു നേടി ?
തുനീഷ്യയിൽനിന്ന് ഇപ്പോൾ വരുന്ന ഏതൊരു വാർത്ത വിശകലനം ചെയ്താലും, ആ രാജ്യം തീർത്തും സ്വേഛാ ഭരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉറപ്പായ സൂചനകളാണ് നമുക്ക് ലഭിക്കുക. രാഷ്ട്രഭരണത്തെ നിയന്ത്രിക്കുന്ന പ്രസിഡന്റിന്റെ ഉത്തരവുകൾ വരുന്നത് ആ കസേരയിലിരിക്കുന്ന ഖൈസ് സഈദ് എന്നയാളുടെ വ്യക്തിതാൽപര്യങ്ങളും തന്നിഷ്ടങ്ങളും മാത്രം നോക്കിയാണ്. ഭരണഘടനാപരമോ രാഷ്ട്രീയമോ ധാർമികമോ ആയ യാതൊരു മാനദണ്ഡങ്ങളും പാലിക്കപ്പെടുന്നില്ല. ഈ ഭരണ അട്ടിമറിയെ എതിർക്കുന്ന രാഷ്ടീയക്കാർക്കിടയിൽ ഒരു പറച്ചിലുണ്ട്: 'നമ്മളെല്ലാം തടവറയിലേക്കുള്ള ഉരുപ്പടികൾ മാത്രം!'
അതായത്, ഇന്നൊരാൾ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ, നാളെ അയാൾ അറസ്റ്റ് ചെയ്യപ്പെടില്ല എന്നതിന് യാതൊരു ഗ്യാരന്റിയുമില്ല. ഏറ്റവുമൊടുവിൽ (ഇത് സ്വാഭാവികമായും ഒടുവിലത്തേതായിരിക്കില്ല എന്നോർക്കുക) ഖൈസ് സഈദ്, തുനീഷ്യയിലെ പിരിച്ചു വിടപ്പെട്ട പാർലമെന്റിന്റെ സ്പീക്കറും അന്നഹ്ദ പ്രസ്ഥാനത്തിന്റെ സമുന്നത നേതാവുമായ റാശിദുൽ ഗന്നൂശിയെ വരെ ജയിലിലടക്കാൻ ധൃഷ്ടനായിരിക്കുന്നു. നിയമക്കുരുക്കുകളിൽ ഗന്നൂശിയെ തളച്ചിടാനാണ് ശ്രമം. കേസ് ഫയലുകളുടെ ഒരു മഹാകൂമ്പാരം തന്നെ, രക്ഷപ്പെട്ടുപോരാൻ കഴിയാത്ത വിധം അദ്ദേഹത്തിനെതിരെ ഉണ്ടാക്കി വെച്ചിരിക്കുകയാണ്. അറസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ചെയ്തതാണ് ഇതെല്ലാം. തുടർന്ന് ഖൈസിന്റെ വിധിപ്രസ്താവം വരുന്നു; സകലതും ഒരു രഹസ്യ വിചാരണയുടെ സ്വഭാവത്തിൽ. എന്താണ് കേസെന്ന് ഗന്നൂശിക്കോ അദ്ദേഹത്തിന്റെ അഭിഭാഷകർക്കോ കുടുംബക്കാർക്കോ അറിഞ്ഞുകൂടാ. ഇപ്പോൾ ഗന്നൂശിയെ ഒരു വർഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ആയിരം ദീനാർ പിഴയുമടക്കണം. മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന് മേൽ പ്രത്യേക ഭരണകൂട നിരീക്ഷണവുമുണ്ടാകും. ഖൈസ് തുടങ്ങിവെച്ച പല കേസുകളിൽ ഒന്ന് മാത്രമാണിത്. ലക്ഷണമൊത്ത സമ്പൂർണ സ്വേഛാധിപത്യത്തിലേക്ക് തുനീഷ്യ പോയിക്കൊണ്ടിരിക്കുന്നു എന്നതിന് ഇതിൽപരം ശക്തമായ തെളിവുകൾ ആവശ്യമുണ്ടോ?
പിരിച്ചു വിടപ്പെട്ട പാർലമെന്റിന്റെ സ്പീക്കറായ, വയസ്സ് എൺപതിൽ എത്തിനിൽക്കുന്ന അന്നഹ്ദ തലവൻ ഗന്നൂശിയുടെ അറസ്റ്റ് ഒട്ടും ആകസ്മികമല്ല. പ്രസിഡന്റിന്റെ ഖർത്വാജ് കൊട്ടാരത്തിൽ കയറിയത് മുതൽ ഗന്നൂശിക്കെതിരെ ഖൈസ് സഈദ് നടത്തിക്കൊണ്ടിരുന്ന ഹിംസാത്മകവും രാഷ്ട്രീയ വിദ്വേഷം നിറഞ്ഞതുമായ സംസാരങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാവും. ഓരോ ആഴ്ചയും ഒളിഞ്ഞും തെളിഞ്ഞും ഗന്നൂശിക്കെതിരെ ഖൈസിന്റെ തീവാണങ്ങൾ വന്നുകൊണ്ടിരിക്കും. അതേസമയം, ഖൈസ് സഈദിനെ വ്യക്തിപരമായി വിമർശിക്കുന്ന ഒരു പരാമർശവും ഇതേ വരെ ഗന്നൂശി നടത്തിയിട്ടില്ല. അട്ടിമറിയെ ഒന്നാം ദിവസം മുതൽ തന്നെ അദ്ദേഹം തള്ളിപ്പറഞ്ഞിട്ടുണ്ടെന്നത് ശരിയാണ്. സൈനിക വാഹനങ്ങൾ പാർലമെന്റ് വളഞ്ഞപ്പോൾ അതിനെ ചെറുത്ത് ഗന്നൂശി നിലയുറപ്പിച്ചിട്ടുണ്ട്. ഇതൊക്കെയാവാം ഖൈസിന്റെ മുഖ്യ ഉന്നങ്ങളിലൊന്നായി ഗന്നൂശി മാറാൻ കാരണം. താൻ സ്ഥാപിച്ച മിസൈലുകൾ ഏത് നിമിഷവും തൊടുത്തുവിടാൻ തയാറാക്കി നിർത്തിയിരിക്കുകയാണ് എന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്ന പ്രസിഡന്റാണിത്.
ഗന്നൂശിയുമായുള്ള ഏറ്റുമുട്ടലിന് ഒരു വർഷത്തെ പ്ലാൻ തയാറാക്കിയപ്പോൾ ഖൈസ് ആദ്യം ചെയ്തത്, തുനീഷ്യയെ തന്റെ സ്വകാര്യ കൃഷിയിടം പോലെയായി ഉപയോഗിക്കാൻ സക്രിയമായ എല്ലാ രാഷ്ട്രീയ- സാമൂഹിക ശക്തികളെയും രംഗത്തുനിന്ന് അദൃശ്യമാക്കുക എന്നതായിരുന്നു. അതിനാൽ, ഗന്നൂശിയുടെ അറസ്റ്റ് പ്രതീക്ഷിച്ചതു തന്നെയായിരുന്നു. അദ്ദേഹമത് മുൻകൂട്ടി കാണുകയും അതിനു വേണ്ടി ഒരുങ്ങുകയും ചെയ്തിരുന്നു. ഖൈസിന്റെ പ്രസ്താവനകളിൽനിന്ന് അയാളുടെ ദുഷ്ടലാക്ക് അദ്ദേഹം തിരിച്ചറിഞ്ഞു. ഒന്നാം നിര രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ പല തരം നീക്കങ്ങൾ ഖൈസ് നടത്തിക്കൊണ്ടുമിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി സെക്രട്ടറി ജനറൽ ഇസ്വാം അശ്ശാബി, ഡമോക്രാറ്റിക് മൂവ്മെന്റിന്റെ മുൻ അധ്യക്ഷൻ ഗാസി അശ്ശവാശി, പൊതു പ്ലാറ്റ്ഫോമായ രാഷ്ട്ര സംരക്ഷണ വേദിയുടെ ജൗഹർ ഇബ്്നു മുബാറക്, ശൈമാഅ് ഈസാ തുടങ്ങിയ നേതാക്കൾ, അന്നഹ്ദ നേതാവും മുൻ പ്രധാനമന്ത്രിയുമായ അലി അൽ അറയദ്ദ്, മുൻ നിയമ മന്ത്രി നൂറുദ്ദീൻ അൽ ബുഹൈരി എന്നിവർക്കെതിരെയുള്ള നീക്കങ്ങൾ ഉദാഹരണം.
ജയിൽ ഗന്നൂശിക്ക് പുത്തരിയല്ല. തന്റെ യൗവനത്തിൽ അദ്ദേഹം ബൂറഖീബയുടെ ജയിലിൽ കിടന്നിട്ടുണ്ട്. മധ്യവയസ്സിൽ ബിൻ അലിയുടെ ജയിലിലായിരുന്നു. ഇപ്പോഴിതാ വാർധക്യത്തിൽ ഖൈസ് സഈദിന്റെ ജയിലിൽ. ഈ ഖൈസ് സഈദ് വിപ്ലവ ശക്തികളുടെ ചുമലിലേറിയാണ് അധികാരത്തിലേറിയത് എന്ന് ഓർക്കണം. അന്നയാൾ ഉയർത്തിയ മുദ്രാവാക്യം, '(ഇസ്രായേലുമായി ) നോർമലൈസേഷൻ വഞ്ചനയാണ്' എന്നായിരുന്നു. ഇപ്പോൾ താൻ നൽകിയ സകല വാഗ്ദാനങ്ങളും തട്ടിത്തെറിപ്പിച്ച് ഒരു ശുദ്ധ ഡിക്ടേറ്ററാകാൻ നോക്കുന്നു. ജനാധിപത്യ വഴിയിലൂടെ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുകയായിരുന്നു ഖൈസ്. ഈജിപ്തിലെയും തുനീഷ്യയിലെയും അട്ടിമറികൾ തമ്മിൽ വ്യത്യാസമുണ്ട്. ഈജിപ്തിൽ രാഷ്ട്രീയ എതിരാളികളെ അതിക്രൂരമായി അടിച്ചമർത്തുകയായിരുന്നു. പതിയെപ്പതിയെ, സമയമെടുത്ത് ഘട്ടം ഘട്ടമായിട്ടായിരുന്നു തുനീഷ്യയിൽ ഭരണഘടനയെയും ജനാധിപത്യ സ്ഥാപനങ്ങളെയും അട്ടിമറിച്ചത്. നീതിന്യായ സ്ഥാപനങ്ങളെ വരുതിയിൽ നിർത്താനായിരുന്നു ആദ്യ ശ്രമം. അതിന്റെ ഭാഗമായി ഉന്നത നീതിന്യായ സമിതി പിരിച്ചുവിട്ടു. പകരം മറ്റൊന്ന് പ്രതിഷ്ഠിച്ചു. കടുത്ത പ്രതിഷേധത്തിനിടെ 57 ജഡ്ജിമാരെ പിരിച്ചുവിട്ടു. ശേഷിക്കുന്നവരെ ഭീഷണികളിലൂടെയും പ്രലോഭനങ്ങളിലൂടെയും വശപ്പെടുത്താൻ ശ്രമിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കാനുള്ള ഉപകരണങ്ങളായി ശേഷിച്ച ജഡ്ജിമാരെ ഉപയോഗിക്കാനുള്ള നീക്കമായി പിന്നീട്. സുരക്ഷ - പോലീസ് വിഭാഗങ്ങളെ കൈപ്പിടിയിലൊതുക്കാനായി അടുത്ത ശ്രമം. തലപ്പത്തുള്ള പല പ്രമുഖരെയും നീക്കി. ആഭ്യന്തര മന്ത്രി തൗഫീഖ് ശറഫുദ്ദീൻ അങ്ങനെ നീക്കം ചെയ്യപ്പെട്ടവരിൽ ഒരാളാണ്.
ഗന്നൂശിയോട് ഖൈസിന് പലതരത്തിൽ പകയും വിദ്വേഷവുമുണ്ട് എന്നത് രഹസ്യമല്ല. തുനീഷ്യൻ രാഷ്ട്രീയത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച സകല നേതാക്കളോടും അയാൾക്ക് ഈ കലിപ്പുണ്ട്. ഖൈസ് തുനീഷ്യൻ രാഷ്ട്രീയത്തിൽ പെട്ടെന്ന് പൊട്ടിമുളച്ച ഒരാളാണ്. ഗന്നൂശിയാകട്ടെ ശക്തമായ ഒരു പാർട്ടിയുടെ പിൻബലമുള്ള ആളും. ഈ പാർട്ടി തന്റെ അധികാര മോഹങ്ങൾക്ക് മുന്നിൽ വലിയ വിലങ്ങുതടിയാവുമെന്ന് ഖൈസിന് അറിയാം. അറബ് ലോകത്തും പൊതുവെ മുസ്്ലിം ലോകത്തും ഗന്നൂശിയുടെ ചിന്തയും രാഷ്ട്രീയവും വലിയ ആദരവ് നേടിയിട്ടുണ്ട്. ഇതിനെ ചെറുക്കാനായി, തന്നെ സ്വയം ഒരു മഹാ ദാർശനികനായി അവതരിപ്പിക്കാനാണ് ഖൈസിന്റെ ശ്രമം. തുനീഷ്യക്ക് മാത്രമല്ല, മുഴുവൻ മനുഷ്യ കുലത്തിനുമുള്ള 'ഇന്ദ്രജാല' പരിഹാരങ്ങൾ തന്റെ കൈവശമുണ്ടെന്നും അയാൾ അവകാശപ്പെടുന്നു. പക്ഷേ, അത്തരം ദാർശനികത്വമൊന്നും ഒരാളും അയാൾക്ക് വകവെച്ച് കൊടുക്കുന്നില്ല. എന്നാൽ, സമകാലിക ഇസ്്ലാമിക നവോത്ഥാന യത്നങ്ങളിൽ ഗന്നൂശിയൻ ചിന്തക്കുള്ള സ്ഥാനം ഒരാൾക്കും നിഷേധിക്കാനാവുകയില്ല. ഖൈസിന്റെ ആകെ സമ്പാദ്യമാകട്ടെ നിയമകാര്യങ്ങൾ ചർച്ച ചെയ്യുന്ന ചില പ്രബന്ധങ്ങൾ മാത്രവും. പരിമിതമായ അക്കാദമിക വൃത്തത്തിൽ പോലും അവയ്ക്ക് ശ്രദ്ധ പിടിച്ചുപറ്റാനായിട്ടില്ല.
ഗന്നൂശിക്കെതിരെ തിരിയാനുള്ള മറ്റൊരു കാരണം, നജീബ് അശ്ശാബി എന്ന ശക്തനായ ജനാധിപത്യ വ്യക്തിത്വത്തെ മുന്നിൽ നിർത്തി ഒരു പ്രതിപക്ഷ നിരയെ അദ്ദേഹം വളർത്തിക്കൊണ്ടുവന്നു എന്നതാണ്. ഗന്നൂശിയും ശാബിയും ഒരുമിക്കുന്നത് ഖൈസിന് പേടിസ്വപ്നം തന്നെയായിരുന്നു. അതിനാൽ, ഖൈസിന്റെ സംസാരത്തിൽ വ്യക്തമായും വ്യംഗ്യമായും ശാബിക്കെതിരെയും ചാട്ടുളികൾ വന്നുകൊണ്ടിരുന്നു.
ഒന്നര മാസത്തിലധികമായി ഗന്നൂശിയെ തടവിലിട്ടിട്ട് ഖൈസ് രാഷ്ട്രീയമായി എന്തു നേട്ടമുണ്ടാക്കി എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഉള്ളിൽ പതയുന്ന പകക്ക് കുറച്ചു ശമനം കിട്ടിക്കാണും എന്ന് പറയുകയേ നിവൃത്തിയുള്ളൂ. ' ചോദ്യം ചെയ്യപ്പെടാത്ത ഭരണാധികാരിയാണ് ഞാൻ ' എന്ന് വരുത്തിത്തീർക്കാൻ, ഗന്നൂശിയെ വരെ അറസ്റ്റ് ചെയ്യാൻ ധീരത കാണിച്ചു എന്ന് പറയിപ്പിക്കാനുമാകാം. ഇതുകൊണ്ടൊന്നും പ്രതിപക്ഷ ഐക്യം സഈദ് ഖൈസിനെ കെട്ടുകെട്ടിക്കാനുള്ള യത്നങ്ങളിൽനിന്ന് പിൻവാങ്ങാൻ പോകുന്നില്ല.
ഖൈസ് തട്ടിക്കൂട്ടിയ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിന്ന് 90 ശതമാനം തുനീഷ്യക്കാരും വിട്ടുനിന്നു എന്നതിൽനിന്ന് തന്നെ അയാളുടെ പദ്ധതികളൊന്നും നടക്കാൻ പോകുന്നില്ലെന്ന് വ്യക്തമാവുന്നുണ്ട്. സ്വന്തമായി എഴുതിയുണ്ടാക്കിയ ഭരണഘടനയുടെ ഹിതപരിശോധനയിലും മിനിമം എണ്ണം ആളുകൾ പോലും പങ്കെടുത്തില്ല. ഇപ്പറഞ്ഞ രണ്ടിനും അയാൾ സ്വപ്നം കണ്ട ജനകീയാംഗീകാരം ലഭിച്ചില്ല. ഗന്നൂശിയെ ജയിലിലടച്ചതുകൊണ്ട് നഷ്ടപ്പെട്ട ജനപിന്തുണ അയാൾക്ക് തിരിച്ചുകിട്ടാനും പോകുന്നില്ല. ചില ഇടതുപക്ഷ ഗ്രൂപ്പുകളും ഫാഷിസ്റ്റ് ചിന്താഗതിക്കാരായ അറബ് ദേശീയ വാദികളും മാത്രമേ ഇപ്പോൾ ഖൈസിനെ പിന്തുണക്കുന്നുള്ളൂ. ഗന്നൂശി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിനെതിരെ പ്രധാന പ്രതിപക്ഷ കക്ഷികളെല്ലാം മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അവരെ വിട്ടയക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു. വളരെ തരംതാഴ്ന്ന രീതിയിൽ എൺപത് കഴിഞ്ഞ ഒരാളെ അറസ്റ്റ് ചെയ്തു കൊണ്ടു പോയതിൽ പൊതുജനങ്ങൾക്കും അരിശമുണ്ട്. സ്വാതന്ത്ര്യത്തിന്റെ ഇടങ്ങൾ തുനീഷ്യയിൽ അനുദിനം ഇടുങ്ങി വരികയാണ്. യൂറോപ്യൻ യൂനിയനും ജർമനിയും ഫ്രാൻസും ബ്രിട്ടനുമൊക്കെ രാഷ്ട്രീയ നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ ഇറ്റലി ഭരിക്കുന്ന നവ ഫാഷിസ്റ്റുകൾ മാത്രമാണ് ഖൈസിനെ പിന്തുണക്കാനുള്ളത്.
തുനീഷ്യൻ ജനാധിപത്യം മാതൃകാപരമായിരുന്നു എന്നൊന്നും പറഞ്ഞുകൂടാ. തുടക്കം മുതലേ കഠിന പാതകളിലൂടെയായിരുന്നു അതിന്റെ സഞ്ചാരം. തുനീഷ്യ ഉൾപ്പെടുന്ന മേഖല തന്നെ സ്ഫോടനാത്മകമായിരുന്നു. ജനമാകട്ടെ സാമ്പത്തിക ഞെരുക്കങ്ങളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. എന്നാൽ, ശൈശവാവസ്ഥയിലായിരുന്ന ആ ജനാധിപത്യത്തിന് സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ മിനിമം രൂപത്തിലെങ്കിലും എല്ലാവരിലുമെത്തിക്കാനായി. സമാധാനപരമായി അധികാരക്കൈമാറ്റവും നടന്നുകൊണ്ടിരുന്നു. എന്നാൽ, ഖൈസിന്റെ ഏകാധിപത്യം അയാൾ വാഗ്ദാനം ചെയ്ത വികസനം കൊണ്ടുവന്നില്ലെന്ന് മാത്രമല്ല, പ്രശ്നങ്ങൾ വഷളായി ഒരു സമ്പൂർണ ദുരന്തമായി കലാശിച്ചിരിക്കുകയാണ്. തുനീഷ്യൻ ജനാധിപത്യം പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് പറയുന്നവർ, തുനീഷ്യൻ ഏകാധിപത്യം ഇരട്ടിക്കിരട്ടി പരാജയമാണെന്നും സമ്മതിക്കേണ്ടിവരും. l
(മുൻ തുനീഷ്യൻ വിദേശകാര്യ മന്ത്രിയാണ് ലേഖകൻ)
Comments