Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം

ഡോ. മുഹമ്മദ് പാണ്ടിക്കാട്

عَنْ أَبِي هْرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النِّبِيِّ صَلَّى اللهُ عَلَيْهِ وَ سَلَّمَ قَالَ : إنَّ اللهَ عزَّ وَجَلَّ يَقُولُ:  أََنَا مَعَ عَبْدِي إذَا هُوَ ذَكَرَنِي وَتَحَرَّكَتْ بِي شَفَتَاهُ (رَوَاهُ ابْنُ مَاجَه)

 

അബൂ ഹുറയ്റ (റ) നബി (സ) യിൽനിന്ന് നിവേദനം ചെയ്യുന്നു. അല്ലാഹു പറഞ്ഞതായി റസൂൽ(സ) അരുളി: "എന്നെ സ്മരിക്കുകയും എന്നെ ഓർത്ത് ചുണ്ടുകൾ ചലിക്കുകയും ചെയ്യുമ്പോഴെല്ലാം  ഞാനെന്റെ ദാസന്റെ കൂടെയുണ്ടാവും" 
(ഇബ്നു മാജഃ)

ദിക്റിന്റെ മഹത്വത്തെ കുറിച്ചാണ് ഖുദുസിയായ ഈ ഹദീസ്. അല്ലാഹുവിന്റെ നാമങ്ങളും  വിശേഷണങ്ങളും ഉരുവിട്ടുകൊണ്ട് അവനെ സ്മരിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്നതാണ് ദിക്ർ. വിശ്വാസികളുടെ ജീവിതത്തിന് വെളിച്ചവും ആവേശവും പകരുന്നതാണ് ദിക്റുകൾ. അതവരുടെ ശരീരങ്ങൾക്ക് ജീവനും ഇന്ധനവും  നൽകുന്നു. മനസ്സിന് ശാന്തിയും സമാധാനവും നൽകുന്നു. അതിനാൽ, ഇസ്്ലാം ദിക്റിനെ വലിയ പുണ്യമായി കണക്കാക്കുന്നു. മുഴുവൻ ആരാധനകളുടെയും കാമ്പും കാതലും ദിക്റാണ്. അല്ലാഹുവിനെ സ്മരിക്കാത്ത ഒരു അനുഷ്ഠാനവും സ്വീകാര്യമല്ല.
അല്ലാഹുവിനെ സ്മരിക്കുന്നവരുടെ കൂടെ എപ്പോഴും അവന്റെ സാനിധ്യമുണ്ടാവും.  അവന്റെ പ്രത്യേകമായ മേൽനോട്ടവും സംരക്ഷണവും അവർക്കുണ്ടാവും. ഇതാണിവിടെ പ്രവാചകൻ (സ)  ഉറപ്പ് നൽകുന്നത്.
ഇപ്രകാരം ദിക്ർ ചൊല്ലുന്നതിന്റെ ശ്രേഷ്ഠത വിവരിക്കുന്ന ധാരാളം ഹദീസുകൾ കാണാനാവും.
റസൂൽ (സ) പറഞ്ഞു: "കർമങ്ങളിൽ ഏറെ ഉത്തമവും  നിങ്ങളുടെ യജമാനന്റെയടുക്കൽ കൂടുതൽ വിശുദ്ധവും നിങ്ങളുടെ പദവിയെ കൂടുതൽ ഉയർത്തുന്നതും, സ്വർണവും വെള്ളിയും ചെലവഴിക്കുന്നതിനെക്കാൾ ഉത്തമവും, നിങ്ങളുടെ ശത്രുക്കളോട് ഏറ്റുമുട്ടി നിങ്ങൾ അവരുടെയും അവർ നിങ്ങളുടെയും കഴുത്ത് വെട്ടുകയും ചെയ്യുന്നതിനെക്കാൾ ഏറെ ഉത്കൃഷ്ടവും ആയ ഒരു കർമം ഞാൻ നിങ്ങളെ അറിയിച്ചു തരട്ടെയോ?" അവർ പറഞ്ഞു: "അതെ, അല്ലാഹുവിന്റെ റസൂലേ."
"അല്ലാഹുവിനെ സ്മരിച്ചു കൊണ്ടിരിക്കുക" (തിർമിദി).
മറ്റൊരിക്കൽ ഒരാൾ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ഇസ്്ലാമിലെ പുണ്യങ്ങൾ ധാരാളമുണ്ടല്ലോ. എനിക്ക് എപ്പോഴും ചെയ്യാനാവുന്ന ഒരു കാര്യം പറഞ്ഞു തരിക." നബി പറഞ്ഞു: "നിന്റെ നാവിലെപ്പോഴും  അല്ലാഹുവിന്റെ സ്മരണ നിലനിലർത്തുക" (തിർമിദി).
നബി(സ)യിൽനിന്ന് ഉദ്ധരിക്കപ്പെട്ട പ്രധാന ദിക്റുകൾ ഇവയാണ് :
 لا إلهَ إلَّا اللهُ وحدَهُ لَا شرِيكَ لَهُ، لَهُ الملْكُ، ولَهُ الحمْدُ، وهُوَ عَلَى كُلِّ شَيْءٍ قَدِيرٌ
(അല്ലാഹുവല്ലാതെ ഇലാഹില്ല. അവൻ ഏകനാണ്. അവന് കൂട്ടുകാരനില്ല. അവന്നാണ് സർവാധിപത്യം. അവനാണ് സ്തുതി. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്).
سُبْحَانَ اللهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ
(അല്ലാഹുവിനെ ഞാൻ പ്രകീർത്തിക്കുന്നു. അല്ലാഹുവിന് സ്തുതി. അല്ലാഹുവല്ലാതെ ഇലാഹില്ല. അല്ലാഹുവാണ് ഏറ്റവും മഹാൻ).
 لا حَوْلَ ولَا قُوَّةَ إلَّا باللَّهِ
(അല്ലാഹുവിനല്ലാതെ കഴിവും കരുത്തുമില്ല).
سُبْحانَ اللَّهِ وبِحَمْدِهِ، سُبْحانَ اللَّهِ العَظِيمِ
(അല്ലാഹുവിനെ വാഴ്ത്തുന്നതോടൊപ്പം  ഞാൻ പ്രകീർത്തിക്കുന്നു. മഹാനായ അല്ലാഹുവിനെ ഞാൻ പ്രകീർത്തിക്കുന്നു).
سُبْحَانَ اللهِ وَبِحَمْدِهِ، عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
(അല്ലാഹുവിനെ വാഴ്ത്തുന്നതോടൊപ്പം  ഞാൻ പ്രകീർത്തിക്കുന്നു. അവന്റെ സൃഷ്ടികളുടെ എണ്ണത്തിനും, അവന്റെ സ്വയം തൃപ്തിയുടെ അളവിലും, അവന്റെ സിംഹാസനത്തിന്റെ തൂക്കത്തിനും, അവന്റെ വചനങ്ങൾ എഴുതാൻ  വേണ്ട മഷിയുടെയും അത്ര സ്തുതി).
ഹദീസിലെ 'ചുണ്ടുകൾ ചലിപ്പിക്കുക' എന്നതിൽനിന്ന് ദിക്ർ മനസ്സിൽ സ്മരിക്കുന്നതിൽ മാത്രം പരിമിതമാവരുത് എന്ന സൂചനയുണ്ട്. നാവിലും മനസ്സിലും ഒരുമിച്ചുണ്ടാവുമ്പോഴാണ് ദിക്റുകൾക്ക് ചൈതന്യമുണ്ടാവുക.
ഇമാം നവവി (റ) എഴുതി: ''ദിക്ർ ഹൃദയം കൊണ്ട് ചൊല്ലാം. നാവ് കൊണ്ടും ചൊല്ലാം. നാവും ഹൃദയവും ഒന്നിച്ച് ചൊല്ലുന്ന ദിക്റിനാണ് ഏറെ പുണ്യമുള്ളത്. ഇനി ഏതെങ്കിലുമൊന്നിൽ പരിമിതപ്പെടുത്തുകയാണെങ്കിൽ ഹൃദയം കൊണ്ട് ചൊല്ലലാണുത്തമം" (അൽ അദ്കാർ).
ഇബ്നുൽ ഖയ്യിം (റ) എഴുതി: "ഹൃദയം കൊണ്ട് മാത്രമുള്ള ദിക്ർ നാവ് കൊണ്ട് മാത്രമുള്ള ദിക്റിനെക്കാൾ ഉത്തമമാണ്. കാരണമത് ഭക്തി വർധിപ്പിക്കുന്നു. നിരന്തരം അല്ലാഹുവിനെ മുന്നിൽ കാണാൻ സഹായിക്കുന്നു. ആരാധനാനുഷ്ഠാനങ്ങളിൽ വീഴ്ച വരുത്തുന്നതിനെ തടയുന്നു. പാപങ്ങളും തിന്മകളും വർജിക്കാൻ പ്രേരിപ്പിക്കുന്നു. എന്നാൽ, നാവ് കൊണ്ട് മാത്രമുള്ള ദിക്ർ ഇതിനൊന്നും കാരണമാവുന്നില്ല. അതിന്റെ ഫലം ദുർബലമാണ്"(അഹ്്മദ്).
ഇമാം ഗസാലി (റ) പറയുന്നു: "നാവ് കൊണ്ട് മാത്രമുള്ള ദിക്റും ഇസ്തിഗ്ഫാറും പുണ്യമുള്ളതാണ്. കാരണം, അശ്രദ്ധമായിട്ടാണെങ്കിലും ദിക്റിനാൽ നാവ് ചലിപ്പിക്കുന്നത്, ആളുകളെ പരദൂഷണം പറയുന്നതിനെക്കാളും വെറുതെ അതുമിതും സംസാരിക്കുന്നതിനെക്കാളും നല്ലതാണല്ലോ. എങ്കിലും ഹൃദയം കൊണ്ടുള്ള ദിക്റിന്റെ മഹത്വം അതിനില്ല" (ഇഹ്്യാഉ ഉലൂമിദ്ദീൻ). l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്