Prabodhanm Weekly

Pages

Search

2023 മാർച്ച് 17

3294

1444 ശഅ്ബാൻ 24

മിതോപയോഗം ജലസാക്ഷരതയുടെ പ്രഥമ പാഠം

അബ്ദുല്ലത്വീഫ് കൊടുവള്ളി

അറുപത്തിമൂന്ന്് സ്ഥലങ്ങളില്‍ ഖുര്‍ആനില്‍ പ്രത്യക്ഷമായിത്തന്നെ ജലം വിഷയീഭവിച്ചിരിക്കുന്നു. എല്ലാ ജീവികളുടെയും ജീവിതത്തിന്റെ തുടക്കവും തുടര്‍ച്ചയും ജലത്തെ ആശ്രയിച്ചാണെന്ന് ഖുര്‍ആന്‍ പറയുന്നു. അല്ലാഹുവിന്റെ ഏകത്വവും പരലോകത്തിന്റെ സത്യതയും സ്ഥാപിക്കുന്നതിന് ഖുര്‍ആന്‍ ഉപജീവിച്ച പരിസ്ഥിതിയിലെ പ്രധാന ഘടകമാണ് വെള്ളം. ഉദാ: അല്‍ബഖറ 164, അല്‍അന്‍ആം 99. അയത്‌ന ലഭ്യമായതിനാലും സ്ഥിരോപയോഗത്തിലൂടെ വില കുറഞ്ഞതായി തോന്നുന്നതിനാലും ഗൗരവമില്ലാതെ നാം കൈകാര്യം ചെയ്യുന്ന വെള്ളത്തെ ഇസ്്‌ലാമിക ശരീഅത്ത് ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിച്ചിട്ടുള്ളത്. വെള്ളത്തെ ശുദ്ധം, അശുദ്ധം എന്നിങ്ങനെ തരം തിരിച്ച് ശരീഅത്ത് അതിന് മതപരമായ മാനം നല്‍കുക മാത്രമല്ല, അതിന്റെ വിനിയോഗം, സംരക്ഷണം, പരിപാലനം, നിയന്ത്രണം, ജലസ്രോതസ്സുകളുടെ വികസനം, സ്ഥായിയായ നിലനില്‍പിനുള്ള സംവിധാനം മുതലായവക്ക് നിയമപരമായ പരിരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
മഴ, നദികള്‍, കടല്‍, കിണറുകള്‍, അരുവികള്‍, ഹിമം, ആലിപ്പഴം, ഭൂഗര്‍ഭ ജലം എന്നിങ്ങനെ പ്രകൃതിയിലെ ജലസ്രോതസ്സുകള്‍ പലതാണെങ്കിലും മാലിന്യ സാധ്യത കുറവായതിനാല്‍ ഹിമവും, കട്ടയായതിനാല്‍ ആലിപ്പഴവും ശരീഅത്തില്‍ കൂടുതല്‍ പരിശുദ്ധമായി പരിഗണിക്കപ്പെടുന്നു.
'അല്ലാഹുവേ, എന്റെ പാപങ്ങളെ നീ ജലം കൊണ്ടും ഹിമവും ആലിപ്പഴവും കൊണ്ടും കഴുകി ശുദ്ധിയാക്കേണമേ', 'അല്ലാഹുവേ, നീ പരേതനെ ജലം കൊണ്ടും ഹിമവും ആലിപ്പഴവും കൊണ്ടും ശുദ്ധിയാക്കേണമേ' എന്നീ പ്രാര്‍ഥനകള്‍ ജലത്തിന്റെ ഏറ്റവും ഉയര്‍ന്ന വിശുദ്ധിയെ സൂചിപ്പിക്കുന്നുണ്ട്. വെള്ളത്തിന്റെ സവിശേഷതകള്‍ പരിഗണിച്ചുകൊണ്ട് ഖുര്‍ആന്‍ അതിനെ അത്ത്വഹൂര്‍ (അതിശുദ്ധം), അല്‍ മുബാറക് (അനുഗൃഹീതം), അല്‍ഗദഖ് (സമൃദ്ധ ജലം), അല്‍ഫുറാത്ത് (തെളിനീര്‍), സജ്ജാജ് (കോരിച്ചൊരിയുന്നത്) എന്നീ നാമങ്ങളില്‍ പരിചയപ്പെടുത്തിയിരിക്കുന്നു.
എല്ലാ ഭക്ഷ്യപേയങ്ങളെയും നിറത്തിന്റെയും രുചിയുടെയും ഗന്ധത്തിന്റെയും അടിസ്ഥാനത്തിലാണ് നാം പൊതുവെ ഇഷ്ടപ്പെടുന്നത്. എന്നാല്‍, ഇതൊന്നുമില്ലാത്ത വെള്ളത്തെ അനിവാര്യതയുടെ പേരിലാണ് നാം കൂടെ കരുതുന്നത്. കൂടെയുള്ളപ്പോള്‍ വില ഇല്ലാത്തതും കൂടെ ഇല്ലാതിരിക്കുമ്പോള്‍ വില കൂടുന്നതുമായ വസ്തുവാണ് ജലം എന്ന് പറയാറുണ്ട്.
പ്രകൃതിയിലെ എല്ലാ വസ്തുക്കളെയും ആദരവോടെ സമീപിക്കുകയും ഉപയോഗിക്കുകയും വേണം എന്നത് ഇസ്്‌ലാമിന്റെ  മൗലിക നിര്‍ദേശമാണ്. ഇത് സാധ്യമാകണമെങ്കില്‍ വസ്തുക്കളെ അനുഗ്രഹദാതാവായ അല്ലാഹുവിന്റെ ഔദാര്യങ്ങളായി മനസ്സിലാക്കണം. അവയുടെ അഭാവത്തിലും തിരോധാനത്തിലും അല്ലാഹു അല്ലാത്ത ഒരാളില്‍നിന്നും അത് തിരികെ കിട്ടില്ലെന്ന ഉറച്ച ബോധ്യമുണ്ടാവണം.
ജലോപയോഗ വിഷയത്തില്‍ കടുത്ത ജാഗ്രത പുലര്‍ത്താന്‍ നബി(സ) പലതവണ ഉദ്‌ബോധിപ്പിച്ചതായി കാണാം. വുദൂ ചെയ്യേണ്ടതെങ്ങനെ എന്ന് അന്വേഷിച്ചു വന്ന ഗ്രാമീണനായ അറബിയെ വുദൂ ചെയ്യേണ്ട വിധം നബി (സ) പ്രായോഗികമായി പഠിപ്പിക്കുന്നു. കഴുകേണ്ട അവയവങ്ങള്‍ മൂന്നു തവണ വീതം കഴുകിയ ശേഷം 'ഇതാണ് വുദൂ' എന്നു പറഞ്ഞതില്‍നിന്ന് അതിന്റെ രീതിയും രൂപവും കൃത്യവും വ്യക്തവുമാണെന്ന് വന്നു. അതിനുമപ്പുറം മറ്റവയവങ്ങള്‍ കഴുകുന്നതും, വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നതും തെറ്റും പരിധി ലംഘനവുമാണെന്നും അവിടുന്ന് പഠിപ്പിച്ചു.
വസ്്വാസ് കാരണം വുദൂവിന് വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നവരെയും കൂടുതല്‍ തവണ കഴുകുന്നവരെയും കാണാം. 'വലഹാന്‍' എന്ന പിശാചാണ് അത്തരക്കാരില്‍ ദുര്‍മന്ത്രണം നടത്തുന്നതെന്നും 'വസ്്വാസുല്‍ മാഇ'നെ (ജലോപഭോഗത്തിലെ ദുര്‍മന്ത്രണത്തെ) കരുതിയിരിക്കണമെന്നും നബി (സ) താക്കീതു ചെയ്തിട്ടുണ്ട് (അഹ്്മദ്, ഇബ്‌നു മാജ). ' അവധാനതയും മിതത്വവും പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശങ്ങളില്‍ ഒരംശമാണ്' എന്നും (ത്വബ്റാനി) പഠിപ്പിച്ചിട്ടുണ്ട്. 'അല്ലാഹുവിന്റെ പരീക്ഷണത്തിനു വിധേയരായവര്‍ മാത്രമാണ് മൂന്നിലധികം തവണ വെള്ളം ഉപയോഗിക്കുക' (തിര്‍മിദി- നൈലുല്‍ ഔത്വാര്‍) എന്നും കാണാം.
വുദൂ ചെയ്യാനായി കൂടുതല്‍ വെള്ളം ഉപയോഗിച്ച സഅ്ദ് (റ), (ആരാധനാര്‍ഥമുള്ള) വുദൂവില്‍ ധൂര്‍ത്ത് പരിഗണനീയമോ എന്നന്വേഷിച്ചപ്പോള്‍, 'വുദൂവിലും ധൂര്‍ത്തുണ്ട്' എന്ന് നബി (സ) പ്രതികരിച്ചതില്‍നിന്ന് വിശദീകരണമില്ലാതെ തന്നെ എല്ലാം വ്യക്തമാണ്. സ്വന്തം ഉടമസ്ഥതയിലുള്ള വെള്ളത്തിന്റെ കാര്യത്തില്‍ തന്നെ കര്‍ശന നിയന്ത്രണം പാലിക്കാന്‍ നാം ബാധ്യസ്ഥരാണെങ്കില്‍ പൊതു ജല വിതരണ കേന്ദ്രങ്ങള്‍, പള്ളികള്‍, പൊതു സ്ഥാപനങ്ങള്‍ മുതലായ ഇടങ്ങളില്‍ നാം എന്തു മാത്രം ജാഗ്രത പുലര്‍ത്തണം എന്നു പറയേണ്ടതില്ല. ജലത്തിന്റെ അമിതോപയോഗം, മറ്റുള്ളവര്‍ക്ക് അവകാശപ്പെട്ട മിച്ച ജലം ദുരുപയോഗിക്കുന്നതിന്റെ പരിധിയില്‍ കൂടി വരുന്ന കുറ്റകൃത്യമാണ്. നബി (സ) പറയുന്നു: 'വെള്ളം തടഞ്ഞവരോട് അന്ത്യനാളില്‍ അല്ലാഹു ഇങ്ങനെ പറയും: നിന്റെ രണ്ട് കൈകള്‍ വര്‍ത്തിച്ചല്ലാതെ നിനക്ക് കൈവന്ന മിച്ചം നീ തടഞ്ഞതുപോലെ, ഇന്ന് ഞാന്‍ എന്റെ ഔദാര്യം നിനക്ക് തടയുന്നതായിരിക്കും' (ബുഖാരി). ഇസ്്‌ലാമിക വിധിപ്രകാരം ജലവും ജലോപഭോഗ രീതികളും എത്രമേല്‍ പ്രധാനവും ഗൗരവതരവുമാണെന്ന്, 'ഒഴുകുന്ന നദിയിലാണെങ്കിലും' എന്ന നബിവചനത്തിന്റെ ശൈലിയില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും.
പരിസ്ഥിതിയെയും അതിലെ വെള്ളം ഉള്‍പ്പെടെയുള്ള ഘടകങ്ങളെയും അമിതമായി മാത്രമല്ല, തികച്ചും നിരുത്തരവാദപരമായും ലാഘവത്വത്തോടെയും സമീപിക്കുന്ന ആധുനിക ലോകത്ത് മുസ്്‌ലിംകള്‍ക്ക് തങ്ങളുടേതായ പാരിസ്ഥിതിക ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയേണ്ടതുണ്ട്. മതപരമായ കാരണങ്ങളാലും ആവശ്യങ്ങളാലും മറ്റുള്ളവരെക്കാള്‍ ജലോപഭോഗം കൂടുതല്‍ നടത്തുന്നവരാണ് മുസ്്‌ലിംകള്‍. അത് അവരുടെ ബാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ആഗോളതാപനവും വരള്‍ച്ചയും വര്‍ധിക്കുന്ന വര്‍ത്തമാന കാലത്ത് ജലസാക്ഷരതയിലെ ഒന്നാം പാഠമാണ് ജലത്തിന്റെ മിതോപയോഗമെന്ന് മുതിര്‍ന്നവര്‍ സ്വയം ബോധവാന്മാരാവുകയും ഭാവി തലമുറകളെ ഉദ്ബുദ്ധരാക്കുകയും ചെയ്യേണ്ടതുണ്ട്. ഈ വേനല്‍ക്കാലം ഈ പഠനത്തിനുള്ള അവസരമായി നാം ഉപയോഗപ്പെടുത്തുക. l

Comments

ഖുര്‍ആന്‍ ബോധനം

സൂറ - 43 അസ്സുഖ്റുഫ് സൂക്തം 87-89
ടി.കെ ഉബൈദ്‌

ഹദീസ്‌

ദിക്റുകളുടെ ചൈതന്യം, പ്രാധാന്യം
ഡോ. മുഹമ്മദ് പാണ്ടിക്കാട്